ഓസ്റ്റിന്‍ സിറ്റി സന്ദര്‍ശനം

പയസ് ആലുംമൂട്ടില്‍
ഓസ്റ്റിന്‍ സിറ്റി സന്ദര്‍ശനം

ഓസ്റ്റിന്‍, ടെക്‌സസ് സ്റ്റേറ്റിന്റെ തലസ്ഥാനമാണ്. അവിടെയുള്ള സെഡര്‍ പാര്‍ക് ടൗണിലേക്കാണ് ഞങ്ങളുടെ യാത്ര. ഞങ്ങള്‍ താമസിക്കുന്ന റിച്ചാര്‍ഡ്‌സണില്‍ നിന്നും 340 കി മീറ്ററാണ് ദൂരം. മൂന്നര മണിക്കൂര്‍ ഡ്രൈവിങ്ങ്.

ഇത്തവണ റോഡ് സൈഡിലെ പല ബോര്‍ഡുകളും കൂടുതല്‍ ശ്രദ്ധിച്ചു. റോഡിലെ ചില ലെയിനുകളില്‍ എച്ച് ഒ വി ലെയിന്‍ (High Occupancy Vehicle Lane) എന്നെഴുതിയിട്ടുണ്ട്. കൂടുതല്‍ തിരക്കുള്ള സമയങ്ങളില്‍, കൂടുതല്‍ യാത്രക്കാരുള്ള വണ്ടികളെ മാത്രമെ അത്തരം വഴികളില്‍ കൂടി കടത്തി വിടുകയുള്ളൂ. വാഹനങ്ങളുടെ തിരക്ക് കുറയ്ക്കുന്നതിനുവേണ്ടിയാണ്.

വഴിയില്‍ കണ്ട വളരെ ശ്രദ്ധേയമായ മറ്റൊരു ബോര്‍ഡില്‍ ഇങ്ങനെ മിന്നിത്തെളിയുന്നുണ്ടായിരുന്നു. You Talk, You Text, You Crash. അടുത്തത് ഇങ്ങനെ ആയിരുന്നു Drive Now, Talk or Text later. നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍. വണ്ടിയുടെ സ്പീഡ് ഓരോ സ്ഥലത്തും എഴുതി വച്ചിരിക്കുന്നതുപോലെ ആയിരിക്കും വണ്ടി ഓടിക്കുന്നത്.

ഫ്യൂണറല്‍ ഹോം, ഫ്യൂണറല്‍ സര്‍വീസ് ഇത്തരം ബോര്‍ഡുകള്‍ പല സ്ഥലത്തും കണ്ടു. ഇവിടെ സാധാരണ ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അവരുടെ മൃതശരീരം വീടുകളില്‍ അല്ല കിടത്തുക. അത് ഫ്യൂണറല്‍ ഹോം എന്ന സ്ഥാപനത്തിന്റെ പാര്‍ലറില്‍ ആയിരിക്കും. അവിടെയാണ് ശവസംസ്‌കാര ചടങ്ങിന് വേണ്ടുന്ന ഒരുക്കങ്ങള്‍ നടത്തുന്നതും, ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതും, അന്തിമോപചാരം അര്‍പ്പിക്കുന്നതും. അവിടെ നിന്നും അതാത് സെമിത്തേരികളിലേക്ക് കൊണ്ടുപോകും. ഇതെല്ലാം ഇവിടെ വളരെ ചിലവേറിയ സംഗതികളാണ്.

റോഡിന്റെ വശങ്ങളില്‍ ഉടനീളം ധാരാളം പള്ളികള്‍ കണ്ടു. വളരെ വിശാലമായ സ്ഥലങ്ങളിലാണ് പള്ളികള്‍. അവിടെയെല്ലാം ധാരാളം കാറുകളും കിടന്നിരുന്നു. അമേരിക്കയില്‍ വിശ്വാസികള്‍ വളരെ കൂടുതല്‍ ആണെന്നാണ് പല പള്ളികളിലും പോയപ്പോള്‍ എനിക്ക് കാണുവാന്‍ കഴിഞ്ഞത്. ഇവിടെ കണ്ട പള്ളികളില്‍ അധികവും ബാപ്റ്റിസ്റ്റ്, പ്രിസ്ബിറ്റേറിയന്‍, മെതോഡിസ്റ്റ് പള്ളികള്‍ ആയിരുന്നു. കാത്തലിക്ക് പള്ളികളും ഉണ്ടായിരുന്നു. പള്ളികള്‍ ആയാലും, സ്ഥാപനങ്ങള്‍ ആയാലും, വീടുകള്‍ ആയാലും, ഒന്നിന്റെയും മുന്‍ഭാഗം മതില്‍ കെട്ടി അടക്കാറില്ല. അതിനാല്‍ ഗെയിറ്റും വേണ്ട. അതുമൂലം ഭാരിച്ച ചിലവുകള്‍ ഒഴിവായിക്കിട്ടി. ഇവിടെ അലഞ്ഞു നടക്കുന്ന മൃഗങ്ങള്‍ ഇല്ല, പിരിവുകാര്‍ ഇല്ല, യാചകരുമില്ല. ഇവിടത്തെ പ്രാദേശിക ഭരണകൂടവും, പൊലീസും പലപ്പോഴും ഇത് അനുവദിക്കുകയുമില്ല.

ഞങ്ങള്‍ രാത്രി 11 മണിക്ക് ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നു. തലശ്ശേരിക്കാര്‍ ആയിരുന്നു ആതിഥേയര്‍. ഒരു വലിയ, പുതിയ അമേരിക്കന്‍ ഇന്ത്യന്‍ സ്‌റ്റൈല്‍ വീടാണ്. നേരത്തെ പറഞ്ഞതു പോലെ മുന്‍വശം മതില്‍ ഒന്നുമില്ല. പക്ഷെ റോഡ് മുതല്‍ വീട് വരെ വളരെ നീളത്തില്‍ പുല്ലും മരങ്ങളും നട്ടിരിക്കുന്നു. അത് കൃത്യമായി വെട്ടിയിരിക്കണം, മരങ്ങള്‍ വെട്ടി നീക്കാനോ, നടാനോ അനുവാദം ആവശ്യമാണ്. പരിസരത്ത് താമസിക്കുന്നവരെപ്പറ്റി ഒരു വിവരവും ഉണ്ടാകില്ല. കാണുമ്പോള്‍ ഹായ് പറയും എന്ന് മാത്രം. അവിടെയുണ്ടായിരുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ ദീര്‍ഘമായി നടക്കാന്‍ പോയിരുന്നു. നല്ല രസമായിരുന്നു. ചെറിയ കാട്ടില്‍ കൂടി നടക്കുമ്പോള്‍ മാനുകളെ കാണാമായിരുന്നു. ധാരാളം ഇന്ത്യന്‍ സമൂഹം അവിടെയുണ്ട്. അവരില്‍ അധികവും തമിഴ്, കന്നഡ, തെലുങ്കരായിരുന്നു.

ഒരു ദിവസം ഞങ്ങള്‍ എല്ലാവരും കൂടി ആദ്യം ഇന്നര്‍ സ്‌പേസ് കവേണ്‍ എന്ന ഗുഹ കാണുവാന്‍ പോയി. ഇത് ഏതാണ്ട് 10,000 കൊല്ലത്തോളം മറഞ്ഞു കിടന്നതാണ്. ടെക്‌സസില്‍ ഏറെ ശ്രദ്ധയോടെ പരിരക്ഷിക്കപ്പെടുന്ന ഒരു ഗുഹയാണിത്. ടെക്‌സസ് ഹൈവേ ഡിപ്പാര്‍ട്ട്‌മെന്റുകാര്‍ ഏതോ ആവശ്യത്തിനുവേണ്ടി കുഴിച്ചപ്പോള്‍ 1963 ലാണ് ഇത് കണ്ടെത്തിയത്. 1966 ല്‍ ജനങ്ങള്‍ക്ക് കാണാന്‍ അനുവാദം കൊടുത്തു. വളരെ മനോഹരമായ ഒരു ഗുഹ.

ആരോഗ്യവും, ധൈര്യവും ഉള്ളവരും ശ്വാസപ്രശ്‌നങ്ങള്‍ ഇല്ലാത്തവരുമായ ആളുകളെയാണ് ഇതില്‍ പ്രവേശിപ്പിക്കുന്നത്. ഭൂനിരപ്പില്‍ നിന്നും 80 അടിയോളം താഴെയാണ് ഈ ഗുഹ. ഏതാണ്ട് 2 മണിക്കൂര്‍ വേണ്ടിവരും ഇത് കണ്ടു തീരാന്‍. വേഗം തീര്‍ന്നാല്‍ മതിയെന്നായിരുന്നു. 80 അടി മുകളില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങി തൂങ്ങിക്കിടന്ന് പല രൂപങ്ങളും ഉണ്ടായിട്ടുണ്ട്. ഇതൊന്നും വിശദീകരിച്ചാല്‍ മനസ്സിലാകില്ല (www. innerspacecavern കാണുക). അകത്തു നിന്ന് ഞങ്ങളുടെ ഒരു ഫോട്ടോ എടുത്തു തന്നു. അതിനൊക്കെ വലിയ ചാര്‍ജാണ്. കൊച്ചുകുഞ്ഞുങ്ങള്‍ ഇടയ്ക്ക് കരയുന്നതും വിഷമിപ്പിച്ചു. ഇടയ്ക്ക് ഇറങ്ങി പോരാന്‍ കഴിയില്ലല്ലോ. ഗുഹയുടെ മുകള്‍ ഭാഗം താഴേക്ക് വീഴുമോ എന്ന പേടിയും. പുറത്തിറങ്ങിയപ്പോഴാണ് ശ്വാസം നേരെ വീണത്. അതിമനോഹരവും അസുലഭവുമായ കാഴ്ചകള്‍ കണ്ട സന്തോഷവും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ഇതുപോലൊരു ഗുഹയില്‍ കയറിയത് ഓര്‍ത്തു പോയി.

അടുത്തത് മയിലുകളുടെ ഉദ്യാനം. ചെറുതും, വലുതും, റിട്ടയര്‍ ചെയ്തതുമായ ധാരാളം മയിലുകളുടെ സൈ്വരവിഹാര കേന്ദ്രം. ആരെയും പേടിക്കാതെ അവ നടക്കുകയും, പറക്കുകയും ചെയ്തു. കുട്ടികള്‍ അതിന്റെ പുറകെ ഒരു മയില്‍പ്പീലി കിട്ടാന്‍ നടക്കുന്നുണ്ടായിരുന്നു. അമേരിക്കയിലെ നിയമം അറിയാവുന്ന മയിലുകള്‍ക്ക് ആരെയും പേടിക്കണ്ടല്ലോ.

പിറ്റേന്നു വൈകുന്നേരം അവിടെ നിന്നും തിരിച്ചു. അമേരിക്കയിലെ യുഎസ് 75 റോഡില്‍ സാധാരണ യാത്രാ വാഹനങ്ങള്‍ മാത്രമേ കാണുകയുള്ളു. സിഗ്‌നല്‍ സ്റ്റോപ്പുകളും കാണില്ല. ഞങ്ങള്‍ മറ്റു റോഡുകളില്‍ കൂടെ യാത്ര ചെയ്തപ്പോള്‍ കാറുകള്‍ കയറ്റിപ്പോകുന്ന ധാരാളം ട്രക്കുകളും കാണുന്നുണ്ടായിരുന്നു. അതുപോലെ ചെറുതും വലുതുമായ മൊബൈല്‍ വീടുകള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത് വളരെ നന്നായി തോന്നി. അത്യാവശ്യം കുറേക്കാലം താമസിക്കാന്‍ അത് മതിയാകും. നമ്മുടെ നാട്ടില്‍ കാണുന്നതുപോലെ സിമന്റില്‍ വാര്‍ത്ത് വച്ചിരിക്കുന്ന പല രൂപങ്ങളും വില്‍ക്കാന്‍ വച്ചിരിക്കുന്നതും കണ്ടു. ഈ റോഡില്‍ കൂടി കടന്നുപോകുമ്പോള്‍ നമുക്ക് ഇടയ്ക്കു വഴിയില്‍ നിര്‍ത്താന്‍ കഴിയില്ല. അതിനു പകരം റസ്റ്റ് ഏരിയകള്‍ ഉണ്ടാകും. വണ്ടി നമുക്ക് അവിടെ കൊണ്ടുപോയി പാര്‍ക്ക് ചെയ്യാം, പ്രാഥമികാവശ്യങ്ങള്‍ നടത്താം, ഭക്ഷണം, ഷോപ്പിംഗ് എല്ലാം നടത്താം. അതൊക്കെ എല്ലായിടത്തും ചെയ്യാവുന്ന കാര്യങ്ങള്‍ ആണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org