പരിശുദ്ധ അമ്മയും സ്വാതന്ത്ര്യ ദര്‍ശനങ്ങളും

പരിശുദ്ധ അമ്മയും സ്വാതന്ത്ര്യ ദര്‍ശനങ്ങളും
സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെടാന്‍ തക്കവണ്ണം പരിശുദ്ധ മറിയത്തിനുള്ള സവിശേഷത എന്താണ്? യേശുവിന് ഈ ഭൂമിയിലേക്ക് കടന്നുവരാനുള്ള പാതയാകാന്‍ തിരഞ്ഞെടുക്കപ്പെട്ടവളുടെ ജീവിതം ധ്യാനിക്കുമ്പോള്‍, അതിന്റെ മഹത്തായ ഔന്നത്യം നമ്മെ യഥാര്‍ഥ സ്വാതന്ത്ര്യം എന്തെന്ന് മനസ്സിലാക്കി തരാന്‍ സഹായിക്കുന്നുണ്ട്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷവും പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണ തിരുനാളും ആഘോഷിക്കുന്ന ഈ അവസരത്തില്‍ പരിശുദ്ധ അമ്മയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സ്വാതന്ത്ര്യചിന്തകളാണ് ഈ ലേഖനത്തിന്റെ ഇതിവൃത്തം.

കലാപബാധിതമായ മണിപ്പൂരിന്റെ നൊമ്പര കാഴ്ചകളുടെ വേദന ഇനിയും അവസാനിച്ചിട്ടില്ല. വംശീയതയും വര്‍ഗീയതയും ഇന്ത്യയില്‍ പലയിടങ്ങളിലും പടര്‍ന്ന് പന്തലിക്കുകയാണോ എന്ന് ന്യായമായും സംശയിക്കാവുന്ന സാഹചര്യങ്ങളിലാണ് ഇത്തവണത്തെ നമ്മുടെ സ്വാതന്ത്ര്യദിനാഘോഷം. എല്ലാ ഇന്ത്യാക്കാരും സഹോദരരാണ് എന്ന് ആവര്‍ത്തിച്ചു ഉരുവിടുമ്പോഴും ഇന്ത്യയുടെ ആത്മാവില്‍ വിഭജനത്തിന്റെ മതിലുകള്‍ പണിതുയര്‍ത്തപ്പെടുന്നുണ്ട് എന്നുള്ളത് അനിഷേധ്യമായൊരു യാഥാര്‍ഥ്യമായി തുടരുന്നു. ഐക്യത്തിന്റെ പാലം പണിയേണ്ട നേതാക്കന്മാര്‍ക്ക് വംശനാശം സംഭവിച്ചിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ ഒരു വശത്ത്. സ്വാതന്ത്ര്യത്തിന്റെ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് കടുത്ത സ്വാര്‍ത്ഥതയും സുഖലോലുപതയും വളര്‍ത്തിയെടുക്കുന്ന ആഗോള സംസ്‌കാരത്തിന്റെ നീരാളിപ്പിടുത്തം മറുവശത്ത്. ഇവിടെ ഉദരത്തിലുള്ള ജീവനെ കൊല്ലാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് അമ്മമാര്‍ വാദിക്കും. മത്സരാധിഷ്ഠിതമായ ലോകത്ത് സ്വന്തം ജീവിത വിജയത്തിനായി ആരെയും ചൂഷണം ചെയ്യാനോ അടിച്ചമര്‍ത്താനോ ഉള്ള അവകാശത്തെക്കുറിച്ച് വാചാലരാകുന്നവരും ഏറെയുണ്ട്. ആര്‍ക്കും ആരെയും വേണ്ടാപോലും! അപരന്‍ ഒന്നുകില്‍ എനിക്ക് നരകം, അല്ലെങ്കില്‍ ഉപഭോഗവസ്തു. ജനങ്ങള്‍ക്കിടയില്‍ വിഭജനവും ജീവന്റെ മൂല്യനിരാസവും കടുത്ത സ്വാര്‍ത്ഥതയുമൊക്കെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സ്വാതന്ത്ര്യസങ്കല്‍പ്പങ്ങള്‍ ദുരുപയോഗിക്കപ്പെടുന്നുണ്ടോ എന്ന സംശയം തീര്‍ച്ചയായും ന്യായമാണ്.

ഇവിടെയാണ്, സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥവും അര്‍ത്ഥവത്തായതും ആഴമേറിയതുമായ മാനങ്ങള്‍ മാനവകുലത്തിന് വെളിപ്പെടുത്തുന്നതായിരുന്നു എന്ന് സുവിശേഷം തന്നെ സാക്ഷിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ഇഹലോക ജീവിതത്തെക്കുറിച്ച് ധ്യാനിക്കുന്നതിന്റെ പ്രസക്തി. മാത്രവുമല്ല, സ്വര്‍ഗാരോപണത്തിലൂടെ സ്വാതന്ത്ര്യത്തിന്റെ പൂര്‍ണ്ണതയിലേക്ക് പ്രവേശിക്കപ്പെട്ടവളാണ് പരിശുദ്ധ അമ്മ. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണത്തിലുള്ള വിശ്വാസം നൂറ്റാണ്ടുകളായി ക്രൈസ്തവര്‍ ഏറ്റുപറയുകയും ആഘോഷിക്കുകയും ചെയ്യുന്ന അത്യുദാത്തമായ ഒരു വിശ്വാസ സത്യമാണ്. ഭാഗ്യസ്മരണാര്‍ഹനായ പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ (1950 നവംബര്‍ 1) Muniþ ficentissimus Deus എന്ന ചാക്രിക ലേഖനത്തിലൂടെ 'എപ്പോഴും കന്യകയും അമലോത്ഭവയുമായ ദൈവമാതാവ് ഭൗതിക ജീവിതത്തിന്റെ അന്ത്യത്തില്‍ ആത്മാവോടും ശരീരത്തോടും കൂടി സ്വര്‍ഗത്തിലേക്ക് സംവഹിക്കപ്പെട്ടു' എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ദൈവഹിതാനുസൃത ജീവിതം: സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം

ദൈവഹിതമറിഞ്ഞ് വ്യാപരിക്കുന്നതാണ് സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനമെന്ന് മറിയത്തിന്റെ ജീവിതം വെളിപ്പെടുത്തുന്നുണ്ട്. ഇങ്ങനെ സ്വന്തം ജീവിതത്തെ ക്രമപ്പെടുത്താനുള്ള മറിയത്തിന്റെ തീരുമാനം അവളുടെ സ്വാതന്ത്ര്യത്തിന്റെ പ്രകാശനം കൂടിയാണ്. മറിയത്തിന്റെ ജീവിതത്തിന്റെ ഔന്നത്യം പ്രകാശിക്കുന്നത് അവളുടെ ആത്മീയവും മാനസികവും ശാരീരികവുമായ സ്വാതന്ത്ര്യത്തിലാണ്. വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍ നിന്നുളവാകുന്ന വ്യക്തമായ തീരുമാനത്തോടും അവബോധത്തോടും കൂടെയാണ് ദൈവപുത്രന്റെ മാതാവാകുവാനുള്ള ഗബ്രിയേല്‍ ദൂതന്റെ സന്ദേശം മറിയം സ്വീകരിക്കുന്നത്. 'ഇതാ കര്‍ത്താവിന്റെ ദാസി നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ' എന്ന അവളുടെ ബോധപൂര്‍വകമായ സമ്മതം മറിയത്തിന് സ്വാതന്ത്ര്യത്തിന്റെ നിറവും, ലോകത്തിന് പാപത്തിന്റെ അടിമത്തത്തില്‍ നിന്നുള്ള സ്വാതന്ത്ര്യവും ആകുന്നത് അത്ഭുതത്തോടു കൂടിയേ കാണാനാകൂ.

വിശുദ്ധ അഗസ്തീനോസ് രണ്ടുതരത്തിലുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് (freedom of choice) ഒന്നാമതായുള്ളത്. വേണമോ വേണ്ടയോ എന്ന് നിശ്ചയിക്കാനും, വേണമെങ്കില്‍ എന്തു വേണമെന്ന് നിര്‍ണ്ണയിക്കാനുമുള്ള പ്രക്രിയയാണ് ഇവിടുത്തെ കാതല്‍. കേവലം ലൗകികമായ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള ഇതിനെയാണ് സാധാരണയായി നാം സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കുന്നത്. താഴെ തട്ടിലുള്ള സ്വാതന്ത്ര്യമെന്നാണ് വിശുദ്ധ അഗസ്തിനോസ് ഇതിനെ വിശേഷിപ്പിക്കുന്നത്. നേര്‍വിപരീതമായി എന്താണ് ഉന്നതമായ സ്വാതന്ത്ര്യം എന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്. freely doing will ആണത്. അതാണ് പരിശുദ്ധ മറിയത്തില്‍ നാം കാണുന്നത്. മാലാഖ വന്ന് മംഗളവാര്‍ത്ത സന്ദേശം അറിയിക്കുമ്പോള്‍ ദൈവം പറഞ്ഞതിനൊപ്പം പരിപൂര്‍ണ്ണ മനസ്സോടെ യാത്ര ചെയ്യുകയാണ് മറിയം. ദൈവത്തോട് പൂര്‍ണ്ണമായി ആമ്മേന്‍ പറയുമ്പോള്‍ എനിക്ക് പുറത്തുള്ള ഒന്നിനോടല്ല, എന്റെ തന്നെ ആത്മസാക്ഷാത്കാരത്തിന്റെ പൂര്‍ണ്ണതയോടാണ് ഞാന്‍ സംവദിക്കുന്നത്. ദൈവത്തില്‍ വിലയം പ്രാപിക്കുവോളം അസ്വ സ്ഥത അനുഭവിക്കുന്ന മനുഷ്യനിവിടെ സ്വാതന്ത്ര്യം അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവിച്ചു തുടങ്ങുകയാണ്.

സാഹോദര്യം: സ്വാതന്ത്ര്യത്തിന്റെ ആത്മാവ്

"The man fully alive is the glory of God.' മറിയത്തില്‍ ദൈവമഹത്വം കുടികൊണ്ടു. കാരണം അവളുടെ ജീവിതം പൂര്‍ണ്ണമായിരുന്നു. പൂര്‍ണ്ണജീവിതം പൂര്‍ണ്ണ സാഹോദര്യത്തിലേക്ക് നയിച്ചു. മറിയത്തിന്റെ സാഹോദര്യം മാനവകുലത്തിനുവേണ്ടിയുള്ളതായിരുന്നു. അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ വന്ന ദൈവപുത്രന്റെ അമ്മയായിരുന്നു അവള്‍. ദൈവത്തെ പിതാവായും മനുഷ്യവംശത്തെ മുഴുവനും സഹോദരങ്ങളായും കണ്ടു സ്‌നേഹിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന അനുഭവമാണല്ലോ ദൈവരാജ്യം. അവള്‍ അഹത്തിന്റെ അടിമയായിരുന്നില്ല. സമ്പത്തിന്റെയും അടിമയായിരുന്നില്ല. പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ പരിപൂര്‍ണ്ണ സമര്‍പ്പണം ചെയ്തവളാണ്. അതിലൂടെയാണ് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മറിയത്തിന്റെ സാഹോദര്യവും പൂര്‍ണ്ണമായ സമര്‍പ്പണത്തിന്റെ അനുഗൃഹീത ഫലമായി മാറുന്നത്. ആ സാഹോദര്യവും സമര്‍പ്പണവും അനുഗ്രഹമായതെങ്ങനെയെന്ന് നസ്രത്തിലെ തിരുക്കുടുംബവും കാനായും കാല്‍വരിയും സെഹിയോന്‍ ശാലയും നമുക്ക് പറഞ്ഞുതരുന്നുണ്ടല്ലോ.

ശൂന്യവല്‍ക്കരണം: സ്വാതന്ത്ര്യത്തിന്റെ മനോഭാവം

'ഓരോരുത്തരും താന്താങ്ങളുടെ വിളിക്ക് യോഗ്യമായ ജീവിതം നയിക്കട്ടെ' (1 കോറി. 7:17). മറിയം തന്റെ ദൈവവിളി ജീവിച്ചത് സ്വയം ശൂന്യവല്‍ക്കരിച്ചുകൊണ്ടായിരുന്നു. ദൈവമായിരുന്നിട്ടും ദൈവവുമായുള്ള സമാനത പരിഗണിക്കാതെ തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ച പുത്രന്റെ പാതയുടെ ചൈതന്യം തന്നെയായിരുന്നു പരിശുദ്ധ അമ്മയുടേതും. ക്രിസ്തീയ ശൂന്യവല്‍ക്കരണം ജീവിത തിരസ്‌കരണം (life negating) അല്ല. മറിച്ച്, നിലത്തുവീണ് അഴിഞ്ഞ് പുതുനാമ്പ് പുറപ്പെടുവിക്കുന്നതാണ്. അഴിച്ചില്‍ പുതുജന്മം എടുക്കലിലെ ഒരു പ്രക്രിയ മാത്രം. അതുകൊണ്ടാണ് ശൂന്യവല്‍ക്കരണത്തിലും എന്റെ ചിത്തം രക്ഷകനായ ദൈവത്തിലാനന്ദിക്കുന്നു എന്ന് പാടാന്‍ മറിയത്തിനു കഴിഞ്ഞത്. ഇത് ആരും ഒരുവനില്‍ നിന്ന് പിടിച്ചെടുക്കുന്നതല്ല. മറിച്ച് പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെയുള്ള സ്വയം കൊടുക്കലാണ്; ക്രിസ്തു സ്വന്തം ജീവന്‍ ബലിയായി നല്‍കിയതുപോലെതന്നെ. ലോകത്ത് തങ്ങളുടെ ഭാഗം നിര്‍ണ്ണയിക്കാന്‍, അസ്തിത്വം തെളിയിക്കാന്‍ മത്സരകളത്തിലെന്നപോലെ നിരന്തരം ശ്രമിക്കേണ്ടി വരുന്ന സംസ്‌കാരം നരുക്ക് ചുറ്റും രൂപപ്പെട്ടിരിക്കുന്നു. അവിടെ ധ്യാനത്തിന്റെയും ദര്‍ശനങ്ങളുടേയും നിശബ്ദതയുടെ ആന്തരിക വാചാലത അനുഭവിക്കണമെങ്കില്‍ ആന്തരിക സ്വാതന്ത്ര്യമുണ്ടാകണമെന്ന് സാരം.

പ്രത്യാശ: സ്വാതന്ത്ര്യത്തിന്റെ സ്വപ്‌നം

സ്വാതന്ത്ര്യമെന്നത് നിരന്തരമായ പ്രത്യാശയിലുള്ള ജീവിതത്തിന്റെ കവാടമാണ്. പ്രതീക്ഷകളറ്റ് നിരാശരായിത്തീരുന്നവര്‍ അടിമത്തത്തിലാണ് എന്ന് സാരം. ആത്മഹത്യകളിലും ഒന്നാം സ്ഥാനത്ത് എത്തുവാന്‍ കേരളവും മത്സരിക്കുകയാണ് എന്ന് വാര്‍ത്തകള്‍ ധ്വനിപ്പിക്കുന്നു. സ്വാതന്ത്ര്യമുള്ള മനസ്സില്‍ പ്രതീക്ഷയുടെ കെടാവിളക്ക് ജ്വലിച്ചുകൊണ്ടേയിരിക്കും എന്നത് തീര്‍ച്ചയാണ്. അതിനൊരു ദേവാലയത്തിന്റെ വിശുദ്ധിയും തീര്‍ത്ഥാടനത്തിന്റെ പുണ്യവുമുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നു: ഈ ഭൂമിയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കിയ പരിശുദ്ധ മറിയം ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. നാമും ഈ ഭൂമിയില്‍ ദൈവത്തെ ലക്ഷ്യമാക്കി തീര്‍ത്ഥാടനം ചെയ്യുന്നവരാണ്. അതിനാല്‍ തികഞ്ഞ പ്രതീക്ഷയോടും വിശ്വാസത്തോടും കൂടി ഒരു തീര്‍ത്ഥാടനം കണക്കെ ജീവിതം പുണ്യപ്പെടുത്താന്‍ പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണം നമ്മളെ പ്രേരിപ്പിക്കുന്നു. ഓരോ വിശ്വാസിക്കും ദൈവം കരുതിവച്ചിരിക്കുന്നത് ഈ സ്വര്‍ഗഭാഗ്യമാണ്. പ്രതീക്ഷയിലേക്കാണ് സ്വര്‍ഗാരോപണം നമ്മളെ കൊണ്ടെത്തിക്കുന്നത്. സ്വര്‍ഗത്തിലേക്ക് ദൃഷ്ടികള്‍ ഊന്നി ജീവിക്കാന്‍ സ്വര്‍ഗാരോപണം നമ്മളെ പഠിപ്പിക്കുന്നു. ദൈവത്തോട് ചേര്‍ന്നിരിക്കുമ്പോള്‍ ഒന്നും നഷ്ടമാകുന്നില്ല എന്നാണ് ഈ തിരുനാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ആത്മശരീരങ്ങളോടെ അവള്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ന്നു; മരണം നേട്ടമാണ് എന്ന് വിശുദ്ധ പൗലോസ് പറയും പോലെ.

ചുരുക്കത്തില്‍ പരിശുദ്ധ അമ്മയുടെ ജീവിതത്തിലുടനീളം നാം കാണുന്നത് ഇതാണ്: സ്വാതന്ത്ര്യം നല്കുന്ന യാഥാര്‍ത്ഥമായ സ ന്തോഷവും, അതിന്റെ വ്യാപനവും. ആത്മദാനത്തിലും സ്‌നേഹത്തിലും സഹനത്തിലും സേവനത്തിലും സന്മനസ്സിലും സ്വയം ദാനത്തിലും പൂര്‍ത്തീകരിക്കപ്പെട്ടുകൊണ്ടാണ് മറിയം സ്വാതന്ത്ര്യം ജീവിക്കുന്നവളായിത്തീര്‍ന്നത്. അതുകൊണ്ടു തന്നെ മറിയത്തിന്റെ ജീവിതം സ്വാര്‍ത്ഥതയും സുഖേച്ഛയും നിറഞ്ഞ ഇന്നിന്റെ സ്വാതന്ത്രസങ്കല്‍പ്പങ്ങള്‍ക്ക് വെല്ലുവിളിയാണ്. അസ്വസ്ഥതകളുടെ പിരിമുറുക്കങ്ങളിലും, ഭിന്നതയുടെയും ഭയപ്പാടിന്റെയും വേര്‍പ്പിരിയലുകള്‍ക്കിടയിലും ഇന്നും കാനായും സെഹിയോന്‍ ഊട്ടുശാലയും ആവര്‍ത്തിക്കപ്പെടണമെങ്കില്‍ മറിയത്തെ പോലെ യഥാര്‍ത്ഥ സ്വാതന്ത്ര്യം നാമും ജീവിക്കേണ്ടിയിരി ക്കുന്നു. അപരനിലേക്ക് ഇറങ്ങി ചെല്ലുവാനുള്ള മനസ്സ് ദൈവഹിതത്തിന് ആവേശത്തോടെ ആമ്മേന്‍ പറയുന്ന സ്വാതന്ത്ര്യത്തിന്റെ വിശാലമാനമാണ്. ഇന്നും മലമുകളിലുള്ള ചാര്‍ച്ചക്കാരിക്ക് സഹായഹസ്തം നീട്ടപ്പെടണം. കാല്‍വരികളില്‍ കുരിശില്‍ പിടയുന്നവന്റെ ചാരെ മാതൃഹൃദയത്തിന്റെ തുടിപ്പുകളുയരണം. അതിന് അഹത്തെയും സ്വര്‍ത്ഥതയെയും അതിജീവിച്ച് ദൈവത്തോട് സദാ ആമ്മേന്‍ പറഞ്ഞതിലൂടെ, പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തിലേക്ക് വളര്‍ന്ന മറിയമായി നാമും രൂപാന്തരപ്പെടേണ്ടതുണ്ട്. നമ്മുടെ എല്ലാ സ്വാതന്ത്ര്യവും തിരഞ്ഞെടുപ്പുകളില്‍ പ്രകടമാകുന്നതാണ്. പരിധി ഇല്ലാതെ, പരിമിതി ഇല്ലാതെ ആവോളം നന്മ ചെയ്യാന്‍ സാധിക്കുന്നതല്ലേ യഥാര്‍ത്ഥ സ്വാതന്ത്ര്യം? സഭയിലും രാജ്യത്തിലും ലോകത്തും വിഭാഗീയതയ്ക്കപ്പുറം ഐക്യവും സാഹോദര്യവും മൂല്യാധിഷ്ടിത ജീവിതവും പരിപോഷിക്കപ്പെടുമ്പോളല്ലെ നാം യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരായി മാറുന്നത്?

(പ്രവാചക ഗ്രന്ഥങ്ങളെ കുറിച്ചുള്ള പഠനത്തിന്, ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റ് ബിരുദധാരിണിയാണ് ലേഖിക. സി എം സി വിമല പ്രൊവിന്‍സിന്റെ സന്യാസപരിശീലന വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org