
നാടകസമിതി : അമ്പലപ്പുഴ അക്ഷരജ്വാല
രചന : മുഹാദ് വെമ്പായം
സംവിധാനം : സുരേഷ് ദിവാകരന്‍
ഇനി ഒരു മൂന്നാം ലോകമഹാ യുദ്ധം ഉണ്ടാകുന്നുവെങ്കില്‍ അത് വാര്‍ത്തകളെ അനുബന്ധിച്ചാവും. സത്യത്തെ തിരിച്ചറിയാന്‍ പ്രയാസ പ്പെടുന്ന സത്യാനന്തര കാലത്ത് വാര്‍ത്തകളാല്‍ ആക്രമിക്കപ്പെടുകയും പരിക്കേല്‍ക്കപ്പെടുകയും ചെയ്യുന്ന വരുടെ കഥയാണ് അമ്പലപ്പുഴ അക്ഷയ ജ്വാലയുടെ വാര്‍ത്ത.
വര്‍ഷങ്ങളായി ഗള്‍ഫില്‍ അധ്വാനിക്കുന്ന ജോയിയുടെ വീടിന്റെ പാലുകാച്ചല്‍ ദിനമാണ്. കമ്പനി ജോയിക്ക് നാട്ടില്‍ പോകാന്‍ ലീവ് അനുവദിച്ചില്ല. എന്നാല്‍ അവസാന നിമിഷം ഒത്ത് കിട്ടിയ ലീവും കൊണ്ട് അദ്ദേഹത്തിന് വന്നിറങ്ങാന്‍ പറ്റിയത് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍. നാടകം ആരംഭിക്കുമ്പോള്‍ ധൃതിപിടിച്ച് അവിടെനിന്ന് ട്രെയിനില്‍ കേരളത്തിലെ വീട്ടിലേക്കുള്ള യാത്രയിലാണ്. വീട്ടുകാര്‍ക്ക് അറിയില്ല ജോയിയുടെ അപ്രതീക്ഷിത സന്ദര്‍ശനം.
ഇടയ്ക്ക് ട്രെയിന്‍ യാത്ര അപ്രതീക്ഷിത കാരണങ്ങളാല്‍ തടസ്സപ്പെടുന്നു. തടസ്സം ഇനിയും മണിക്കൂറുകള്‍ നീളും എന്നറിയുന്ന ജോയി ട്രെയിനില്‍ നിന്ന് ഇറങ്ങി ടാക്‌സി വിളിച്ച് വീട്ടിലേക്ക് പോകുന്നു. വീടിന്റെ വെഞ്ചിരിപ്പ് കഴിഞ്ഞു വെങ്കിലും അയല്‍ക്കാരും വീട്ടുകാരും ഒക്കെ ജോയിയുടെ വരവില്‍ സന്തോഷിക്കുന്നു. ആ അവസരത്തില്‍ തന്നെ തുകവെട്ടിപ്പിനെ തുടര്‍ന്ന് വീടിന്റെ കോണ്‍ട്രാക്ടര്‍ സ്ഥാനത്തു നിന്ന് ഒഴിവാക്കപ്പെട്ട ബന്ധുവായ വ്യക്തിയോട് വന്ന ദിനം തന്നെ ജോയി ഒന്നുടക്കുന്നു.
ആ രാത്രി തന്നെ ജോയിയെ അന്വേഷിച്ച് പൊലീസുകാര്‍ എത്തുന്നു. ബാംഗ്ലൂരില്‍ നിന്നുള്ള ട്രെയിനിന് ജോയ് ബോംബുവച്ചു എന്നുള്ളതാണ് അറസ്റ്റിനു കാരണം. അതിനു തെളിവുകളും സാക്ഷികളും ഉണ്ടത്രേ. തുടര്‍ന്ന് അങ്ങോട്ട് നിരപരാധിത്വം തെളിയിക്കാനായി ജോയിയും ഭാര്യയും നടത്തുന്ന ശ്രമങ്ങളാണ് നാടകം.
രാഷ്ട്രീയപകപോക്കലുകളും സാമൂഹ്യ മാധ്യമങ്ങളിലെ ബുള്ളിയിങ്ങുകളും, രാഷ്ട്രീയ മാധ്യമ ബാന്ധവവും ഒക്കെ തുറന്നു കാട്ടുന്ന നാടകം ഉദ്വേഗജനകമാണ്. പക്ഷേ നാം കണ്ടു മറന്ന സിനിമകളിലെ കഥാപരിസരങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന തായി തോന്നാം. സത്യം അറിയാതെ നാം ഷെയര്‍ ചെയ്യുന്ന ഓരോ വാര്‍ത്തയും അനേകം ജീവിതങ്ങളെ ഇരുട്ടിലാക്കുന്നു എന്ന സന്ദേശം നല്‍കിയാണ് നാടകം അവസാനിക്കുന്നത്.
ഫോണ്‍ : 94964 33422