ക്രിസ്തീയതയുടെ അന്തഃസത്ത രണ്ട് പ്രമാണങ്ങളാണ്.
ദൈവത്തിന് ഹൃദയത്തില്‍, ജീവിതത്തില്‍ പ്രഥമസ്ഥാനം നല്കുക.
സഹോദരനെ നിന്നെപ്പോലെ തന്നെ സ്‌നേഹിക്കുക.
ആരാണ് സ്‌നേഹിതന്‍ എന്ന് നല്ല സമരിയാക്കാരന്റെ ഉപമയിലൂടെ യേശു വ്യക്തമാക്കുന്നു - ജന്മശത്രുവായാലും ആവശ്യത്തിലിരിക്കുന്നവനാരോ അവനാണ് സ്‌നേ ഹിതന്‍, അയല്‍ക്കാരന്‍. യേശുവിന്റെ ഈ പ്രബോധനം ഹൃദയത്തില്‍ ഏറ്റുവാങ്ങി അന്നത്തെ സാഹചര്യത്തില്‍ ആരും തുണയില്ലാതിരുന്ന വൃദ്ധജനങ്ങള്‍ക്ക് നല്ല സമരായക്കാരനായി ഭവിച്ച ധീരാത്മാവാണ് അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹ സ്ഥാപകനായ ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി അച്ചന്‍. അദ്ദേഹത്തിന്റെ ധന്യമായ ജീവിതത്തിലേക്ക് നമുക്കൊന്നു കടന്നുചെല്ലാം.
എറണാകുളം അതിരൂപതയിലെ കോന്തുരുത്തി ഇടവകയില്‍ പയ്യപ്പിള്ളി കുടുംബത്തില്‍ ലോനന്‍, കുഞ്ഞുമറിയം ദമ്പതിമാരുടെ നാലാമത്തെ പുത്രനായി 1876 ഓഗസ്റ്റ് 8-ാം തീയതി വര്‍ഗീസച്ചന്‍ ഭൂജാതനായി. വര്‍ഗീസച്ചന്റെ പിതൃസഹോദരനും പിതൃസഹോദരപുത്രനും വൈദികരായിരുന്നു. വര്‍ഗീസച്ചന്റെ പ്രാഥമിക വിദ്യാഭ്യാസം പെരുമാനൂര്‍ പള്ളി സ്‌കൂളിലും (കെ പി എല്‍ പി സ്‌കൂള്‍) ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം എറണാകുളം ഗവ. ബോ യ്‌സ് ഹൈസ്‌കൂളിലും ആയിരുന്നു എന്നാണ് മനസ്സിലാകുന്നത്. വീട്ടിലെ വിശ്വാസാന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന കൊച്ചുവാറുവിന് ഇളംപ്രായത്തില്‍ത്തന്നെ പൗരോഹിത്യത്തിലേക്കുള്ള ദിവ്യാഹ്വാനം അന്തരാത്മാവില്‍ ശ്രവിക്കുന്ന തിന് സാധിച്ചു. ഒമ്പതാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ത്ത ന്നെ വടക്കന്‍ പറവൂരിനടുത്ത് ആലങ്ങാടിനടുത്തുള്ള പുത്തന്‍ പള്ളി സെമിനാരിയില്‍ വൈദിക പഠനം ആരംഭിച്ചു. ഉപരിപഠനത്തിനായി അദ്ദേഹം ശ്രീലങ്കയിലെ (അന്ന് സിലോണ്‍) കാന്റി പേപ്പല്‍ സെമിനാരിയിലേക്ക് 1897 മേയ് 30-ന് അയയ്ക്കപ്പെട്ടു.
1897-1907 കാലയളവില്‍ വര്‍ഗീസ് ശമ്മാശന്‍ തീവ്രതയേറിയ വൈദികപഠനത്തിലൂടെയും പരിശീലനത്തിലൂടെയും കടന്നുപോയി. ബെല്‍ജിയന്‍ ഈശോ സഭാ വൈദികരാണ് സെമിനാരിയുടെ മേല്‍നോട്ടം വഹിച്ചിരുന്നത്. വിശുദ്ധരും പണ്ഡിതരുമായിരുന്ന ആ വൈദികര്‍ പ്രത്യേകിച്ചും 1899-1907 വര്‍ഷങ്ങളില്‍ റെക്ടറായിരുന്ന ഫാ. അദെസ്സി എസ് ജെ അദ്ദേഹത്തിന്റെ സ്വഭാവരൂപീകരണത്തിലും ആധ്യാത്മിക വളര്‍ച്ചയിലും വഹിച്ച പങ്ക് വലുതായിരുന്നു. ആത്മാര്‍ത്ഥത, തുറവി, വിശ്വസ്തത, സ്വയം മറന്നുള്ള ആത്മദാനം, പ്രതിഫലേച്ഛയില്ലാ ത്ത സേവനങ്ങള്‍ ഇവയെല്ലാം വൈദിക വിദ്യാര്‍ത്ഥികള്‍ സ്വാംശീകരിക്കുന്നതില്‍ അദ്ദേഹം അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചു. തിരുസഭയോടും തിരുസഭാധികാരികളോടുമുള്ള ആത്മാര്‍ത്ഥമായ സ്‌നേ ഹവും വിധേയത്വവും പരിശീലനകാലത്ത് അദ്ദേഹം നേടിെയടുത്തു. ഈശോസഭക്കാരുടെ ആധ്യാത്മികാഭ്യാസങ്ങളുടെ പരശീലനവും കഠിനാധ്വാനശീലവും അവിടെനിന്നും ലഭിച്ചു.
കരുണാര്‍ദ്രഹൃദയരായ അജപാലകന്‍
1907 ല്‍ നാട്ടില്‍ തിരിച്ചെത്തിയിട്ട് ഒരു വര്‍ഷത്തെ സുറിയാനി ഭാഷ പരിശീലനത്തിനു ശേഷം ആദ്യമായി വികാരിയായി നിയമിതനായത് കടമക്കുടി സെന്റ് അഗസ്റ്റിന്‍ പള്ളിയിലായിരുന്നു. ജാതി മതഭേദമെന്യേ എല്ലാ വീടുകളും സന്ദര്‍ശിക്കുകയും ആത്മീയഭൗതിക കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. ദാരിദ്ര്യവും ക്ലേശവുമനുഭവിക്കുന്നവര്‍ക്ക് സ്വ ന്തം പണം മുടക്കിയും പ്രത്യേക പരിഗണന നല്കാന്‍ അദ്ദേഹം മുന്നോട്ടു വന്നു.
ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ രണ്ടു പ്രാവശ്യം അദ്ദേ ഹം വികാരിയായിരുന്നു (1910-1913, 1916-1920) ആദ്യത്തെ ഘട്ടത്തില്‍ വെള്ളപ്പൊക്കം മൂലം കൃഷിനാശം സംഭവിച്ച പാട്ടക്കാര്‍ക്ക് പാട്ടം ഇളവു ചെയ്ത് കൊടുക്കണമെന്ന് പള്ളിയോഗത്തില്‍ തീരുമാനിച്ച് അഭിവന്ദ്യ ലൂയിസ് പഴേപറമ്പില്‍ തിരുമേനിയില്‍നിന്ന് അനുവാദം വാങ്ങിയതായും വീട് ജപ്തി ചെയ്യുമെന്ന ഭീഷണി നേരിടുന്ന ഒരു വിധവയ്ക്കുവേണ്ടി പിതാവിനെ സമീപിച്ച് അവരുടെ സ്ഥ ലം തീറുവാങ്ങി വിധവയെ വലിയ സങ്കടത്തില്‍നിന്ന് രക്ഷിച്ചതായും കാണുന്നു.
ആരക്കുഴയിലും പാട്ടഭൂമി ഏറ്റവും ആദ്യം ഒഴിഞ്ഞുകൊടുത്ത ആള്‍ക്ക് ഒരു സംഖ്യ പള്ളിയില്‍ നിന്ന് കൊടുക്കാന്‍ പിതാവിന്റെ അനുവാദത്തിനായി അപേക്ഷിച്ചതായും കാണുന്നു.
സമൂഹത്തില്‍ ആരും ശ്രദ്ധിക്കാതിരുന്ന അഗതികളായ വൃദ്ധജനങ്ങളെ സംരക്ഷിച്ച് ശുശ്രൂഷിച്ച് നിത്യതയുടെ തീരത്തണയാന്‍, സമാധാനപൂര്‍വം ഇഹലോകവാസം വെടിയാന്‍ സഹായിക്കുക അതായിരുന്നു അതുവരെ ചിന്തിക്കാതിരുന്ന, ശ്രദ്ധിക്കാതിരുന്ന ഒരാവശ്യം - അതാണ് വര്‍ഗീസച്ചന്‍ കാലത്തിന്റെ ആവശ്യമായി കണ്ടറിഞ്ഞ് നിരവധി വെല്ലുവിളികള്‍ തരണം ചെയ്ത് പ്രാവര്‍ത്തികമാക്കിയത്. അദ്ദേഹത്തിന്റെ പദ്ധതികളില്‍ ജാതി, മത, സമുദായ വ്യത്യാസങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ലായിരുന്നു
എല്ലാവര്‍ക്കും സമാദരണീയനായിരുന്ന ദൈവത്തിന്റെ പുരോഹിതന്‍
ഒരു രാജാവിനൊപ്പവും ഒരു ഭിക്ഷക്കാരനൊപ്പവും ഒരേ പോ ലെ നടക്കുവാന്‍ സാധിച്ചിരുന്ന വ്യക്തി, ജീവിതകാലം മുഴുവനും എല്ലാവരാലും ആദരിക്കപ്പെട്ട ക്രിസ്തുവിന്റെ പുരോഹിതന്‍ - ശിഷ്യനായിരുന്ന ഫാ. ജോസഫ് വിതയത്തിലിന് അദ്ദേഹത്തെക്കുറിച്ചുള്ള വീക്ഷണമാണിത്.
സഭാതലത്തിലും ഗവണ്‍മെന്റ് തലത്തിലും വിദ്യാഭ്യാസ അധികാരികളുടെ ഇടയിലും അദ്ദേഹം ആദരണീയനായിരുന്നു. ആലുവയിലെ എല്ലാ പ്രധാന വ്യക്തികളും മുനിസിപ്പല്‍ അധികാരികളും അദ്ദേഹത്തിന് സുഹൃത്തുക്കളായിരുന്നു എന്നതിന് തെളിവാണ് 1924 ലെ മഹാവെള്ളപൊക്കത്തില്‍ അന്നത്തെ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രീ. ഖാദര്‍പിള്ളയുമൊത്ത് ചെറുവഞ്ചിയില്‍ ഭക്ഷണ സാധനങ്ങളുമായി ഒറ്റപ്പെട്ടുപോയവരുടെ പക്കലേക്ക് കടന്നുചെന്നു എന്നത്. 1925-ല്‍ ശ്രീ. ഖാദര്‍ പിള്ളയുടെ ഭരണകാലം അവസാനിച്ചപ്പോള്‍ അടുത്ത ആളിനുവേണ്ടി വടംവലി നടന്നു. അതു വളരെ വാശിയേറിയതായിരുന്നു അവസാനം രണ്ട് കൂട്ടരും കൂടി വര്‍ഗീസച്ചന്റെ അടുത്തുവന്ന് ആ സ്ഥാനം സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. പക്ഷേ, അദ്ദേഹം സ്‌നേഹപൂര്‍വം തന്നെ അവരുടെ അപേക്ഷ നിരസിച്ചു.
പിന്നീടൊരിക്കല്‍ തന്റെ വികാരി ജനറാളായിരുന്ന മോണ്‍. ഗീവര്‍ഗീസ് ബര്‍ണാഡ് മാടംബാകത്തിന്റെ പെട്ടെന്നുണ്ടായ മരണം മൂലം ആ സ്ഥാനം ഏറ്റെടുക്കാന്‍ അഭിവന്ദ്യ പിതാവ് വര്‍ഗീസച്ചനോടാവശ്യപ്പെട്ടു. എന്നാല്‍ അതിനദ്ദേഹം സമ്മതം നല്കിയില്ല. കാരണം തന്റെ പിതൃസഹോദരപുത്രന്‍ ഫാ. മാത്യു പയ്യപ്പിള്ളി അഭിവന്ദ്യ പിതാവിന്റെ സെക്രട്ടറിയായിരുന്നു. ഒരേ കുടുംബത്തില്‍ നിന്ന് കൂടുതല്‍ പേര്‍ പ്രധാന സ്ഥാനങ്ങളിലാകേണ്ട എന്നായിരുന്നു അദ്ദേഹം ചിന്തിച്ചത്.
സഹപ്രവര്‍ത്തകനായിരുന്ന ശ്രീ. എ പി മത്തായി ഇങ്ങനെ അ ഭിപ്രായപ്പെട്ടു കാണുന്നു: വര്‍ഗീസച്ചനില്‍ നിറഞ്ഞിരുന്ന കരുണാര്‍ദ്ര സ്‌നേഹമാണ് ഇളംതലമുറയ്ക്ക് അദ്ദേഹത്തെ ബഹുമാന്യനാക്കിത്തീര്‍ത്തത്. അഗതിക ളും പാവപ്പെട്ടവരുമായ മക്കളുടെ കണ്ണുകളില്‍നിന്ന് കണ്ണീര്‍ തുടയ്ക്കുന്നതിന് തന്റെ കൈകള്‍ ഉയര്‍ത്തുവാന്‍ അദ്ദേഹം മടിച്ചില്ല. ഞങ്ങള്‍ കുട്ടികള്‍ എല്ലാ ജാതി ജനങ്ങളില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ച ബഹുമതി കണ്ട് അത്ഭുത പ്പെട്ടിട്ടുണ്ട്. ആധ്യാത്മികമായും ഭൗതികമായും ചഞ്ചലചിത്തരായവര്‍ക്ക് അദ്ദേഹം ഒരഭയമായിരുന്നു.
പയ്യപ്പിള്ളിയച്ചന്റെ നാമകരണ നടപടികളുടെ ചരിത്ര കമ്മീഷന്‍ അംഗമായിരുന്ന ഫാ. അഗസ്റ്റിന്‍ കല്ലേലി പയ്യപ്പിള്ളി അച്ചന് കിട്ടിയ പ്രശസ്തിയെക്കുറിച്ച് പറയുന്നു. മറ്റു മതസ്ഥരുടെ ഇടയില്‍പോലും ഇത്ര അംഗീകാരം ലഭിക്കാന്‍ ഇടയാക്കിയത് അദ്ദേഹത്തിന്റെ സത്യത്തോടുള്ള തുറവിയും നീതിബോധവുമാണ്. സെന്റ് മേരീസിലെ വിദ്യാര്‍ത്ഥിയായിരുന്ന വര്‍ഗീസ് മൂത്തേടത്ത് പറയന്നതിങ്ങനെ: അദ്ദേഹത്തെ വഴിയിലോ കടയിലോ റോഡിലോ കാണുകയാണെങ്കില്‍ മമ്മൂ, ആനന്ദന്‍പിള്ള, കൊച്ചു എന്നിവര്‍ എഴുന്നേറ്റു നിന്ന് ആദരം കാണിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ പ്യൂണ്‍ ആയിരുന്ന പൊറിഞ്ചു പാലമറ്റത്തില്‍ നിന്ന് കേട്ടതാണ്.
ജോസഫ് വിതയത്തിലച്ചന്‍ രേഖപ്പെടുത്തിയിരിക്കുന്നു: ആവശ്യമറിഞ്ഞ് വേണ്ടത്ര ചെയ്തുകൊടുക്കുവാന്‍ തക്ക മഹാമനസ്‌കതയും ആര്‍ദ്രതയും ഇത്രയുമധികം വേറെയാരിലും കണ്ടിട്ടില്ല. ഒരിക്കല്‍പോലും ഒരു പാവപ്പെട്ട കുട്ടിയെ വെറുംകൈയ്യോടെ പറഞ്ഞുവിട്ടിട്ടില്ല. ബഹു. പയ്യപ്പിള്ളി അച്ചന്‍ രണ്ടാം പ്രാവശ്യവും മാ നേജരായിരുന്നപ്പോഴാണ് (1922-1929) കാരുണ്യപ്രവൃത്തികളില്‍ അദ്ദേഹം നന്നായി വിടര്‍ന്ന് പു ഷ്പിച്ചു നില്‍ക്കുന്നതായ് കാണുന്നത്.
അവഗണിക്കപ്പെട്ട വയോധികര്‍ക്കായുള്ള വ്യവസ്ഥാപിത സ്ഥാപനം രൂപംകൊള്ളുന്നു
ഇടവകകളിലും അജപാലനദൗത്യനിര്‍വഹണത്തില്‍ അദ്ദേഹം കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ വായിച്ചെടുത്തു. സമൂഹത്തില്‍ വൃദ്ധര്‍ അനാഥരാക്കപ്പെടുന്നതും ആലംബഹീനരായി വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്നതുമെല്ലാം ആ മൃദുലഹൃദയത്തെ വേദനിപ്പിച്ചു. ഈ ജനങ്ങളെ സ്വീകരിച്ച് ശുശ്രൂഷിച്ച് സമാധാനത്തില്‍ അന്ത്യയാത്രയ്‌ക്കൊരുക്കുവാന്‍ വേണ്ടി ഒരു ഭവനം പണിയണം. ഇതുപോലൊരാശയം കാന്റിയി ലെ പരിശീലനകാലത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു. അവിടെ ലി റ്റില്‍ സിസ്‌റ്റേഴ്‌സ് ഓഫ് ദ പുവര്‍ നടത്തിയിരുന്ന ഒരു വൃദ്ധമന്ദിരം കണ്ടതുമുതല്‍ ഈ ആഗ്രഹം ഉള്ളില്‍ സൂക്ഷിച്ചു.
ഒന്നാം ലോകയുദ്ധത്തിന്റെ കെടുതികളില്‍നിന്ന് കരകയറിയിട്ടില്ലായിരുന്ന കേരളത്തെ 1924 ലെ വെള്ളപൊക്കദുരിതങ്ങളും കഷ്ടപാടുകളും സാമ്പത്തിക ഞെരുക്കങ്ങളും പിടിച്ചുലയ്ക്കുകതന്നെ ചെയ്തു. വെള്ളപൊക്കത്തിനു ശേഷം വൃദ്ധരും അഗതികളുമായ വരിലേക്ക് കൂടുതല്‍ ശ്രദ്ധയൂന്നി. ''എന്റെ ഏറ്റവും എളിയ ഈ സഹോദരരില്‍ ഒരുവന് ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തുതന്നത്'' (മത്താ. 25:40) എന്ന തിരുവചനം ഈ ഘട്ടത്തില്‍ അദ്ദേഹത്തില്‍ ആളികത്തി. തന്റെ ആഗ്ര ഹം അദ്ദേഹം മെത്രാപ്പോലീത്ത യെ അറിയിച്ചു. കുറച്ചുനാള്‍ കാത്തിരിക്കാന്‍ അഭിവന്ദ്യ പിതാവ് വര്‍ഗീസച്ചനോടാവശ്യപ്പെട്ടു. വര്‍ഗീസച്ചന്‍ അത് ദൈവഹിതമായി കണ്ട് പ്രാര്‍ത്ഥനാപൂര്‍വം കാത്തിരുന്നു. അഗതികളോടും വേദനിക്കുന്നവരോടും സ്‌നേഹവും അനുകമ്പയുമുണ്ടായിരുന്ന പിതാവ് വര്‍ഗീസച്ചന് അധികം താമസിയാതെ അനുമതി നല്കുകയും ചെയ്തു. 1926 ഫെബ്രുവരി 2-ന് പുതിയ സന്യാസ സമൂഹം സ്ഥാപിച്ചു കിട്ടുന്നതിന് അഭിവന്ദ്യ പിതാവില്‍ നിന്ന് അനുവാദം കിട്ടിയിരുന്ന സഹോദരിമാരെ ചേര്‍ത്ത് 'പാവപ്പെട്ടവരുടെ കൊച്ചുസഹോദരികള്‍' എന്ന സന്ന്യാസസഭ യ്ക്ക് അനൗപചാരികമായി രൂപം കൊടുക്കുവാന്‍ കഴിഞ്ഞത് ദൈവനിയോഗമായി അദ്ദേഹം കണ്ടു. 1926 സെപ്തംബര്‍ 8-ന് അഗതി മന്ദിരത്തിന്റെ ഉദ്ഘാടനവും നിര്‍ വഹിക്കപ്പെട്ടു. അഭിവന്ദ്യ കണ്ടത്തില്‍ അഗസ്തീനോസ് മെത്രാപ്പോലീത്ത വെഞ്ചെരിപ്പ് കര്‍മ്മം നടത്തി. അതോടനുബന്ധിച്ച് നട ന്ന മീറ്റിംഗില്‍ ആധ്യക്ഷ്യം വഹിച്ചത് ആലുവയിലെ മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്ന ശ്രീ. ഖാദര്‍ പിള്ളയാണെന്ന് അഭിവന്ദ്യ പിതാവിന്റെ ഡയറിയില്‍ കുറിച്ചിട്ടുണ്ട്.
വര്‍ഗീസച്ചന്റെ സവിശേഷമായ ഒരു ഗുണമായിരുന്നു സ്ഥലകാല ആവശ്യങ്ങളനുസരിച്ച് തന്നെത്തന്നെ സംലഭ്യമാക്കുക എന്നത്. സമൂഹത്തില്‍ ആരും ശ്രദ്ധിക്കാതിരുന്ന അഗതികളായ വൃദ്ധജനങ്ങളെ സംരക്ഷിച്ച് ശുശ്രൂഷിച്ച് നിത്യതയുടെ തീരത്തണയാന്‍, സമാധാനപൂര്‍വം ഇഹലോകവാസം വെടിയാന്‍ സഹായിക്കുക അതായിരുന്നു അതുവരെ ചിന്തിക്കാതിരുന്ന, ശ്രദ്ധിക്കാതിരുന്ന ഒരാവശ്യം - അതാണ് വര്‍ഗീസച്ചന്‍ കാലത്തിന്റെ ആവശ്യമായി കണ്ടറിഞ്ഞ് നിരവധി വെല്ലുവിളികള്‍ തരണം ചെയ്ത് പ്രാവര്‍ത്തികമാക്കിയത്. അദ്ദേഹത്തി ന്റെ പദ്ധതികളില്‍ ജാതി, മത, സമുദായ വ്യത്യാസങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ലായിരുന്നു എന്നു മാത്രമല്ല വൃദ്ധമന്ദിരത്തിന്റെ വളര്‍ ച്ചയുടെ ഓരോ കാല്‍വയ്പും ജനപങ്കാളിത്തത്തോടെയാണദ്ദേഹം നിര്‍വഹിച്ചത്.
1929-ല്‍ തോണ്ടന്‍കുളങ്ങര കൃഷ്ണവാര്യര്‍ അഗതിമന്ദിരം സന്ദര്‍ശിച്ചതിനുശേഷം സത്യദീപത്തിലെഴുതിയ ലേഖനത്തിലെ ഏതാനും വരികളിങ്ങനെയാണ്: ''അഗതിയായി ആശ്രമത്തിലെത്തുന്ന വൃദ്ധരും വൃദ്ധകളും അതേ സമയത്തില്‍ സനാതന്മാരായി ആനന്ദാനുഭൂതിയടയുന്നുണ്ടെന്നുള്ള വസ്തുത നേരിട്ട് കണ്ടറിവാനിടയായ എന്റെ കണ്ണുകള്‍ സഫലങ്ങള്‍ തന്നെ അത് നേരില്‍ കാണാന്‍ എന്റെ കണ്ണുകള്‍ക്ക് ഭാഗ്യം ലഭിച്ചു.''
ബഹു. പയ്യപ്പിള്ളിയച്ചന്‍ ഗവണ്‍മെന്റ് തലങ്ങളിലും സാധു മന്ദിരത്തിന്റെ നടത്തിപ്പിനായി മടികൂടാതെ കടന്നുചെന്നു. 1929 അന്നത്തെ തിരുവിതാംകൂര്‍ ദിവാനോട് കെട്ടിടം പണിക്കുള്ള തുകയ്ക്കായി അപേക്ഷിച്ചു. ആ കത്ത് ഉപസംഹരിക്കുന്ന ഖണ്ഡിക ഇപ്രകാരമാണ്: ഈ അഗതിസേവനം ഒരു പ്രത്യേക ഗ്രൂപ്പിനുവേണ്ടിയുള്ളതല്ല. ജാതിമതഭേദമില്ലാതെ അര്‍ഹിക്കുന്ന എല്ലാവരെയും സ്വീ കരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യും എന്നുള്ള ഏകലക്ഷ്യത്തോടെ സ്ഥാപിച്ചിട്ടുള്ളതിനാലാണ് ഞാനങ്ങയെ സമീപിക്കുന്നതും. അതുകൊണ്ട് കരുണാപൂര്‍വം 'മുടിക്കല്‍ ഡിപ്പോ'യില്‍ നിന്ന് എനിക്ക് 50 കണ്ടി തടി ദാനമായി നല്കി ഞങ്ങളുടെ എളിയ സേവനങ്ങള്‍ കൂടുതല്‍ അവശതയനുഭവിക്കുന്ന, തിരസ്‌ക്കരിക്കപ്പെട്ട അഗതികളിലേക്ക് എത്തിക്കുവാന്‍ ഞങ്ങളെ സഹായിക്കണമെന്നപേക്ഷിക്കുന്നു. ആര്‍ഷഭാരതത്തില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന ആത്മീയതയും മതമൈത്രിയും പരസ്പര ബഹുമാനവുമെല്ലാം വറ്റിവരണ്ടുപോകാതിരിക്കന്‍ ഓരോ ശ്വാസത്തിലും നമുക്ക് പ്രതിജ്ഞാബദ്ധരാകാം.
എറണാകുളം-അങ്കമാലി അ തിരൂപതയില്‍ ധന്യപദവി വരെ എത്തിയിട്ടുള്ള ഏകവൈദികനാണ് ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളിയച്ചന്‍ എന്ന് നന്ദിയോടെ ഓര്‍ ക്കാം. നമ്മുടെ വിവിധങ്ങളായ ആവശ്യങ്ങളില്‍ അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം തേടാം. അങ്ങനെ അള്‍ത്താര വണക്കത്തിന് അദ്ദേഹം അര്‍ഹനാകുന്ന നല്ല ദിനത്തിനായി പ്രാര്‍ത്ഥനാപൂര്‍വം നമുക്ക് കാത്തിരിക്കാം.