പരിശുദ്ധ കന്യകാമറിയം ദൈവകൃപ നിറഞ്ഞവള്‍

പരിശുദ്ധ കന്യകാമറിയം ദൈവകൃപ നിറഞ്ഞവള്‍
Published on
  • സി. റോസ് അല്‍ഫോന്‍സ് എസ് എ ബി എസ്

ദൈവകൃപയുടെ സൗന്ദര്യം പരിശുദ്ധ അമ്മയുടെ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ദൈവപുത്രന്റെ അമ്മയാകാന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രക്ഷാകരരഹസ്യത്തില്‍ പങ്കുകാരിയാകാനാണ് നസ്രത്തിലെ മറിയം വിളിക്കപ്പെട്ടത്. ആ രക്ഷാകര രഹസ്യത്തില്‍ പങ്കുചേരുകവഴി മറിയം തന്റെ തന്നെയും മനുഷ്യവംശം മുഴുവന്റെയും രക്ഷണീയകര്‍മ്മത്തില്‍ പങ്കാളിയായി (L.G. 56).

സൂര്യോദയത്തിനു മുമ്പ് പ്രഭാതനക്ഷത്രം ഉദിക്കുന്നതുപോലെ നീതിസൂര്യനായ മിശിഹായുടെ മനുഷ്യാവതാരത്തിനുമുമ്പുതന്നെ പരിശുദ്ധ കന്യകാമറിയം ഒരു ഉദയനക്ഷത്രമായി പ്രത്യക്ഷപ്പെട്ടു.

ഭൗതികജീവിതത്തില്‍ പ്രത്യാശ വച്ചിരുന്ന ആധുനിക മനുഷ്യനുമുമ്പില്‍ ഈലോക ജീവിതത്തിന്റെ നശ്വരതയ്ക്ക് അപ്പുറത്തേക്കുള്ള പ്രത്യാശയിലേക്ക് ലക്ഷ്യമുറപ്പിക്കാന്‍ നക്ഷത്രപ്രഭ തൂകി, വഴികാട്ടിയായി കന്യകാമറിയം നില്‍ക്കുന്നു. 'നിത്യജീവന്‍' എന്ന ലക്ഷ്യംതേടിയുള്ള യാത്രയില്‍ ലോകമാകുന്ന സമുദ്രത്തില്‍ സഭയാകുന്ന കപ്പലില്‍ യാത്ര ചെയ്യുന്ന മനുഷ്യകുലത്തെ കാറ്റിലും കോളിലും പേമാരിയിലും അകപ്പെടാതെ കാവലാളായും വഴികാട്ടിയായും നയിക്കുന്ന 'സമുദ്രതാര'മായ മറിയം നിരാശ നിറഞ്ഞ ലോകത്തില്‍ പ്രത്യാശയുടെ നക്ഷത്രമാണ്.

സൂര്യോദയത്തിനു മുമ്പ് പ്രഭാതനക്ഷത്രം ഉദിക്കുന്നതുപോലെ നീതിസൂര്യനായ മിശിഹായുടെ മനുഷ്യാവതാരത്തിനു മുമ്പുതന്നെ പരിശുദ്ധ കന്യകാമറിയം ഒരു ഉദയനക്ഷത്രമായി പ്രത്യക്ഷപ്പെട്ടു.

  • പരിശുദ്ധ അമ്മയുടെ അമലോത്ഭവം

1858-ല്‍ ലൂര്‍ദില്‍ ബര്‍ണര്‍ദീത്തായോട് പരിശുദ്ധ അമ്മ പറഞ്ഞു: 'ഞാന്‍ അമലോത്ഭവ'യാണ്. - എന്താണ് അമലോത്ഭവം? ഞാന്‍ അമലോത്ഭവയായി ജനിച്ചു എന്നല്ല മാതാവ് പറഞ്ഞത്. മറിച്ച് അവളുടെ അസ്തിത്വത്തിന്റെ സത്തതന്നെ അമലോത്ഭവം ആണെന്നാണ്. I am Immaculate Conception. പരിശുദ്ധ കന്യകാമറിയത്തെ അവളുടെ ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതല്‍ തന്നെ ജന്മപാപത്തില്‍ നിന്നും പിതാവായ ദൈവം കാത്തുസംരക്ഷിച്ചു എന്നുള്ളതാണ് അമലോത്ഭവത്തിന്റെ സാരാംശം. വി. മാക്‌സിമില്യന്‍ കോള്‍ബേ പറയുന്നു, പരിശുദ്ധ കന്യകാമറിയത്തിന് നല്‍കപ്പെട്ട എല്ലാ കൃപകളും അവളുടെ ദൈവമാതൃത്വത്തില്‍ നിന്നൊഴുകുന്നു. അതില്‍ പ്രധാനപ്പെട്ടതും അവളുടെ അമലോത്ഭവം ആണ്.

  • അമലോത്ഭവം വിശ്വാസ സത്യപ്രഖ്യാപനം

പരിശുദ്ധ അമ്മ അമലോത്ഭവയാകുന്നത് അവളുടെ എന്തെങ്കിലും പ്രത്യേകതകൊണ്ടല്ല. ഈശോമിശിഹായുടെ യോഗ്യതകളെ മുന്‍നിര്‍ത്തിയും അതോടൊപ്പം സര്‍വശക്തനായ ദൈവം പ്രദാനം ചെയ്ത അനുഗ്രഹം മൂലവുമാണ്. 1854 ഡിസംബര്‍ 8 ന് ഒമ്പതാം പിയൂസ് മാര്‍പാപ്പ ഔദ്യോഗികമായി മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചു. ഇതിന്റെ സ്മാരകമായി ഒരു മരിയന്‍ സ്വരൂപം റോമാനഗരത്തിന്റെ ഹൃദയഭാഗത്ത് 1857 സെപ്തംബര്‍ 8 ന് സ്ഥാപിച്ചു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 1858 മാര്‍ച്ച് 25 ന് ലൂര്‍ദ്ദില്‍ ബര്‍ണ്ണര്‍ദീത്ത എന്ന പെണ്‍കുട്ടിക്ക് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് ഞാന്‍ അമലോത്ഭവയാണെന്ന് വെളിപ്പെടുത്തികൊണ്ട് ഈ വിശ്വാസസത്യത്തെ സ്ഥിരീകരിച്ചു.

എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ധ്യാനിച്ച അമ്മയുടെ ഉദരത്തില്‍ വചനം മാംസമായി. നമ്മിലും നടക്കേണ്ടത് ഇതു തന്നെയാണ്. - വചനം വായിക്കുക; ഉരുവിടുക; ധ്യാനിക്കുക. ധ്യാനത്തിന്റെ ആഴത്തിലേക്ക് കടക്കുമ്പോള്‍ വചനത്തിന്റെ പുറംതോട് പൊട്ടും, വചനം മാംസമാകും.

18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറയുന്നു. 'ദൈവം മറിയത്തെ ദൈവത്തിന്റെ മാതാവാകുവാന്‍ തിരഞ്ഞെടുത്തപ്പോള്‍ അവളെ ഒരിക്കലും പാപത്തിന്റെ അടിമയാകുവാന്‍ അനുവദിച്ചില്ല.

വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പ്രസ്താവിക്കുന്നു, ''രക്ഷകനായ ക്രിസ്തുവിന്റെ കൃപ മറിയത്തില്‍ മുന്‍കൂട്ടി പ്രവര്‍ത്തിച്ചു. ഉത്ഭവപാപത്തില്‍ നിന്നും എല്ലാവിധ പാപങ്ങളില്‍ നിന്നും അത് അവളെ സംരക്ഷിച്ചു. അവള്‍ യേശു വസിക്കുന്ന വിശുദ്ധ സക്രാരിയും യേശുവിന് യോഗ്യമായ വാസസ്ഥാനവുമായി വര്‍ത്തിച്ചു.'' 'വചനം ഉദരത്തില്‍ മാംസം ധരിച്ച നിമിഷം മുതല്‍ പരിശുദ്ധ അമ്മ ചരിത്രത്തിലെ ആദ്യത്തെ സക്രാരിയായി. തന്റെ ജീവിതം നിരന്തരയാഗമായി, അനുദിന ബലിയായി, കാഴ്ചയായി പരമപിതാവിന് സമര്‍പ്പിച്ചുകൊണ്ട് പരിശുദ്ധ അമ്മ വിശുദ്ധ കുര്‍ബാനയുടെ 'സ്ത്രീ' ആയി മാറി.

'ദിവ്യകാരുണ്യത്തിന്റെ സ്ത്രീ' ആയ പരിശുദ്ധ അമ്മയുടെ ജീവിതത്തിലേക്ക് നമുക്ക് ഒന്നു കടന്നു ചെല്ലാം. ഗബ്രിയേല്‍ ദൈവദൂതന്‍ പരിശുദ്ധ അമ്മയെ അഭിസംബോധന ചെയ്യുന്നത് 'ദൈവകൃപ നിറഞ്ഞവളെ സ്വസ്തി' എന്നാണ് (ലൂക്കാ 1:28). 'ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്കുപോലെ എന്നില്‍ ഭവിക്കട്ടെ' (ലൂക്കാ 1:38) എന്നു പറഞ്ഞുകൊണ്ട് തന്റെ ഉദരം ദൈവപുത്രന് ജന്മമേകുവാന്‍ മറിയം വിട്ടുകൊടുത്തു. എലിസബത്തിന്റെ അടുത്തേക്ക് കടന്നുചെന്ന പരിശുദ്ധ അമ്മയെ എലിസബത്ത് അഭിസംബോധന ചെയ്യുന്നത് 'നീ സ്ത്രീകളില്‍ അനുഗ്രഹീതയാകുന്നു' എന്നാണ് (ലൂക്കാ 1:42). ഈ വചനങ്ങള്‍ അമ്മയുടെ അമലോത്ഭവത്തെ ദ്യോതിപ്പിക്കുന്നു. പരിശുദ്ധ അമ്മയില്‍ നിറഞ്ഞിരുന്ന 'കുര്‍ബാന അനുഭവം' എലിസബത്ത് തിരിച്ചറിയുന്നു. അവള്‍ ഉദ്‌ഘോഷിച്ചു; 'കര്‍ത്താവ് അരുള്‍ ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി' (ലൂക്കാ 1:45).

ഉല്‍പത്തി 3:15 ല്‍ 'നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്പിക്കുകയും ചെയ്യും.' ഇവിടെ സ്ത്രീ - മറിയം, സന്തതി - ഈശോ, എന്തുകൊണ്ടാണ് മറിയത്തിനും സാത്താനും തമ്മില്‍ ശത്രുത വന്നത് എന്നു ചിന്തിച്ചിട്ടുണ്ടോ? (14:1-15). മറിയം അമലോത്ഭവയായതു കൊണ്ടാണ് സാത്താന്റെ മേല്‍ വിജയം നേടാന്‍ സാധിച്ചത്. അമലോത്ഭവയായ മറിയം ഒരു സേനാനായികയാണ് - സര്‍പ്പത്തിനും അവന്റെ സൈന്യത്തിനും എതിരായ പോരാട്ടത്തിലെ നായിക.

കര്‍ത്താവിന്റെ കുരിശിനോട് അമ്മയെക്കാള്‍ അടുത്തുനിന്നവര്‍ ആരുമില്ല. വിശ്വസികളുടെ പിതാവായ അബ്രാഹത്തിന് തന്റെ മകനെ ബലിയര്‍പ്പിക്കേണ്ടി വന്നില്ല. എന്നാല്‍ വിശ്വാസികളുടെ മാതാവിന് അത് ചെയ്യേണ്ടിവന്നു.

കര്‍ത്താവിന്റെ കുരിശിനോട് അമ്മയെക്കാള്‍ അടുത്തുനിന്നവര്‍ ആരുമില്ല. വിശ്വസികളുടെ പിതാവായ അബ്രാഹത്തിന് തന്റെ മകനെ ബലിയര്‍പ്പിക്കേണ്ടി വന്നില്ല. എന്നാല്‍ വിശ്വാസികളുടെ മാതാവിന് അത് ചെയ്യേണ്ടിവന്നു. ബലിവസ്തു എരിഞ്ഞു തീരാനുള്ള അഗ്നിയായി മറിയത്തിന്റെ സ്‌നേഹം കുരിശിന്‍ ചുവട്ടില്‍ ഉണ്ടായിരുന്നു. കന്യകയായ തന്റെ ജീവിതത്തിലുണ്ടാകാവുന്ന സഹനങ്ങളെ ഹൃദയമാകുന്ന ബലിപീഠത്തില്‍ അവള്‍ അര്‍പ്പിച്ചു, വചനത്തിന്റെ മുമ്പില്‍, ദൈവപിതാവിന്റെ തിരുമനസ്സിന് മുമ്പില്‍ ബലിയായി, കാഴ്ചയായി സ്വയം സമര്‍പ്പിച്ചു.

ദൈവത്തിന്റെ മഹോന്നത ദാനമാണ് മാതാവിന്റെ അമലോത്ഭവം. ഫ്രാന്‍സിസ് പാപ്പ പറയുന്നു, 'പരിശുദ്ധ അമ്മ ക്രിസ്തുവിലൂടെ അതുല്യയായി രക്ഷിക്കപ്പെട്ടവളാണ്. ഗര്‍ഭധാരണ നിമിഷം മുതല്‍ പാപത്തില്‍ നിന്നും സംരക്ഷിക്കപ്പെട്ടവള്‍.' അമലോത്ഭവയായ അമ്മ - പാപത്തിന്റെ സ്പര്‍ശനമേല്‍ക്കാത്ത അമ്മ, പാപത്തില്‍ വീഴുന്നവരെ കാത്തുസൂക്ഷിക്കുന്ന അഭയസങ്കേതമാണ്. - പോപ്പ് ലെയോ പതിനാലാമന്‍ പറയുന്നു - 'അമലോത്ഭവം, പരിശുദ്ധ അമ്മയില്‍ ദൈവകൃപയുടെ അത്ഭുതമാണ്.'

യേശുവിന്റെ രക്ഷാകരസംഭവം അനുഭവ തലത്തില്‍ കൊണ്ടുവന്ന പരിശുദ്ധ അമ്മ തന്റെ സ്‌തോത്രഗീതത്തിലൂടെ രക്ഷാകര അനുഭവത്തിന്റെ പ്രത്യേകത നമുക്ക് കാണിച്ചുതരുന്നു. ഈ രക്ഷ എങ്ങനെ സാധിതമാകുന്നു എന്ന് ലൂക്കാ 1:51-53 വ്യക്തമാക്കുന്നു.

1) ഹൃദയത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിക്കുന്നു. ഹൃദയത്തിലെ ഈ വിപ്ലവം ഒരു സന്മാര്‍ഗിക വിപ്ലവം ആണ്. ദൈവത്തിന്റെ മുമ്പില്‍ ആയിക്കുന്നതുപോലെ സ്വയം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന മനോഭാവം സ്വന്തമാക്കുകയാണ് ഇവിടെ നടക്കേണ്ടത്. സദാ ദൈവത്തില്‍ വ്യാപരിക്കുന്ന ഒരു അവസ്ഥയിലേക്ക് ഇത് നമ്മെ രൂപാന്തരപ്പെടുത്തുന്നു.

'ശക്തരെ സിംഹാസനങ്ങളില്‍ നിന്ന് താഴെയറിക്കി വിനീതരെ ഉയര്‍ത്തി' - ഇത് ഒരു സാമൂഹ്യവിപ്ലവമാണ്. ശക്തിയല്ല, സ്‌നേഹമാണ് സാമൂഹ്യബന്ധങ്ങളെ നിയന്ത്രിക്കേണ്ടത്.

2) 'ശക്തരെ സിംഹാസനങ്ങളില്‍ നിന്ന് താഴെയറിക്കി വിനീതരെ ഉയര്‍ത്തി' - ഇത് ഒരു സാമൂഹ്യവിപ്ലവമാണ്. ശക്തിയല്ല, സ്‌നേഹമാണ് സാമൂഹ്യബന്ധങ്ങളെ നിയന്ത്രിക്കേണ്ടത്. വിനീത ഹൃദയത്തോടെയുള്ള സ്‌നേഹം. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വിശാലമായ സ്‌നേഹബന്ധങ്ങള്‍. ആരേയും സ്വന്തമാക്കാതെ, ആരുടേയും സ്വന്തമാകാതെ ദൈവസ്‌നേഹത്തില്‍ എല്ലാവരേയും സ്വന്തമാക്കുന്നതാണ് ഇത്.

3) 'വിശക്കുന്നവരെ വിശിഷ്ട വിഭവങ്ങള്‍ കൊണ്ടു തൃപ്തരാക്കി - സമ്പന്നരെ വെറും കൈയോടെ പറഞ്ഞയച്ചു.' ഇത് ഒരു സാമ്പത്തിക വിപ്ലവം ആണ്. ഇല്ലാത്തവരുമായി ഉള്ളവര്‍ പങ്കുവയ്ക്കുന്ന ഒരു മനോഭാവത്തിലേക്ക് ഇത് വിരല്‍ചൂണ്ടുന്നു. എനിക്കുള്ളതെല്ലാം ദൈവത്തില്‍ നിന്നാണ്. ഉള്ളത് ഇല്ലാത്തവരുമായി പങ്കുവയ്ക്കുക.

ശൂന്യവല്‍ക്കരണത്തിന്റേയും സ്വയം ദാനത്തിന്റേയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റേയും ചൈതന്യം പ്രസരിപ്പിക്കുന്ന ഒരു ജീവിതശൈലി അനുധാവനം ചെയ്യാന്‍ പരിശുദ്ധ അമ്മ നമുക്ക് പ്രചോദനമേകട്ടെ.

മാംസം ധരിച്ച വചനമായ ഈശോയെ സ്വീകരിച്ച അമ്മ എന്നും വചനത്തിന്റെ ഉപാസകയായിരുന്നു. വചനത്തിന് പൂര്‍ണ്ണഹൃദയത്തോടെ പ്രത്യുത്തരം നല്‍കിയ അമ്മ വചനത്തിലൂടെ ദൈവേഷ്ടം തിരിച്ചറിഞ്ഞ് അതനുസരിച്ച് ജീവിച്ചു. ''അവന്‍ പറയുന്നത് നിങ്ങള്‍ ചെയ്യുക.'' ഇത് നമ്മുടെ ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും നമുക്ക് നിറവേറ്റാം. അപ്പോള്‍ കാനായിലെ പോലെ നമ്മിലും അത്ഭുതങ്ങള്‍ നടക്കും. 'ശക്തനായവന്‍ എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു' എന്നു പറയുവാന്‍ പരി. അമ്മയ്ക്ക് ധൈര്യം വന്നത്, 'കര്‍ത്താവ് നിന്നോടുകൂടെ' എന്ന മാലാഖയുടെ വാക്കുകളില്‍ അവള്‍ വിശ്വസിച്ചതുകൊണ്ടാണ്. തന്റെ മനസ്സും ഹൃദയവും പരിശുദ്ധ ത്രിത്വത്തിന്റെ തിരുമനസ്സിനോട് പൂര്‍ണ്ണമായും ഒന്നായി നിലനിര്‍ത്തിക്കൊണ്ട് അവള്‍ ലോകം മുഴുവന്റേയും അമ്മയായി.

എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ധ്യാനിച്ച അമ്മയുടെ ഉദരത്തില്‍ വചനം മാംസമായി. നമ്മിലും നടക്കേണ്ടത് ഇതു തന്നേയാണ്. - വചനം വായിക്കുക; ഉരുവിടുക; ധ്യാനിക്കുക; ധ്യാനത്തിന്റെ ആഴത്തിലേക്ക് കടക്കുമ്പോള്‍ വചനത്തിന്റെ പുറംതോട് പൊട്ടും, വചനം മാംസമാകും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org