ദൈവത്തിന്റെ സ്വരം

ദൈവത്തിന്റെ സ്വരം

തൃശ്ശൂരിനടുത്തുള്ള പുതുക്കാടാണ് പണ്ട് ഞങ്ങള്‍ താമസിച്ചിരുന്നത്. അപ്പന് അവിടെയായിരുന്നു ജോലി. ഞാന്‍ നാലുവരെ പഠിച്ചത് അവിടത്തെ സര്‍ക്കാര്‍ വക എല്‍ പി സ്‌കൂളില്‍. അന്ന് ഇന്നത്തെപ്പോലെ പ്ലേ സ്‌കൂളുകളും നഴ്‌സറി ക്ലാസുകളും ഇല്ല. എല്‍ കെ ജി, യു കെ ജി എന്ന് പറഞ്ഞു പാല്‍മണം മാറാത്ത പീക്കിരി കുഞ്ഞുങ്ങളെ അറിവ് അടിച്ചേല്‍പ്പിച്ച് അവശരാക്കുന്ന പരിപാടിയുമില്ല. അഞ്ച്-ആറ് വയസ്സുവരെ എല്ലാ കുട്ടികളും പൊട്ടിച്ചിരിച്ചും തുള്ളികളിച്ചും നടക്കുന്ന, തുമ്പിയെ പിടിച്ചും തുമ്പപ്പൂപറിച്ചും നടക്കുന്ന കാലം. വട്ടുരുട്ടിയും പന്തുതട്ടിയും കളിക്കുന്ന കാലം. കൊച്ചുകൊച്ച് കുസൃതികളും വികൃതികളും കാട്ടി രസിച്ചിരുന്ന കാലമായിരുന്നു അത്.

അനേക വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ഓര്‍മ്മ പങ്കുവയ്ക്കുകയാണ് ഞാന്‍. അന്ന് മൂന്നാം ക്ലാസില്‍ പഠിക്കുന്നു. സമ്പത്തില്‍ ദരിദ്രന്‍ ആണെങ്കിലും സല്‍ഗുണങ്ങളിലും ദൈവഭയത്തിലും സമ്പന്നനായിരുന്നു എന്റെ പിതാവ്. മക്കള്‍ക്ക് തിരിച്ചറിവു വരുമ്പോള്‍ അവര്‍ക്കു പറഞ്ഞുകൊടുക്കാന്‍ വേണ്ടി അപ്പന്‍ ബൈബിളിലെ കഥകളും വിശുദ്ധരുടെ ചരിത്രങ്ങളും മഹാന്മാരുടെ ജീവിതാനുഭവങ്ങളും വായിച്ച് മനസ്സില്‍ സംഭരിച്ചിരുന്നു. ഒഴിവു കിട്ടുമ്പോഴെല്ലാം അവയില്‍ നിന്ന് ഓരോന്നെടുത്തു ഞങ്ങള്‍ക്ക് പറഞ്ഞുതരും. അപ്പന് ഒഴിവു കിട്ടുന്നത് ഞായറാഴ്ചകളില്‍ മാത്രം. ഒരു പലചരക്കു കടയില്‍ തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുകയാണ്. അന്നൊക്കെ കട പൂട്ടി വരുമ്പോള്‍ രാത്രി ഏതാണ്ട് പത്തു മണിയാവും. അപ്പോഴേക്കും മക്കളായ ഞങ്ങളെല്ലാം ഉറങ്ങിക്കാണും. അന്നത്തെ പീടികത്തൊഴിലാളികളുടെ ഗതികേട്!

അതുകൊണ്ട് ഞായറാഴ്ചയ്ക്കായി ഞങ്ങള്‍ കാത്തിരിക്കും. കഥകള്‍ ഭംഗിയായി പറഞ്ഞുതരാന്‍ അപ്പന് നല്ല കഴിവാണ്. ഞായറാഴ്ച സന്ധ്യാജപങ്ങളും കുടുംബപ്രാര്‍ത്ഥനകളും കഴിയുമ്പോള്‍ അമ്മയും മക്കളായ ഞങ്ങളും അപ്പന് ചുറ്റുമിരിക്കും. എല്ലാ ഞായറാഴ്ച യും കഥ പറയുന്ന അപ്പന്‍ പതിവിനു വിപരീതമായി അന്നു പറഞ്ഞതു സ്വന്തം ഒരനുഭവമായിരുന്നു. മൂത്തമകനായ എനിക്ക് വേണ്ടത്ര തിരിച്ചറിവായി എന്നു തോന്നിയതുകൊണ്ടോ എന്തോ, സ്വന്തം അനുഭവമാണ് പങ്കുവച്ചത്. ഇതാണ് ആ അനുഭവം.

പുതുക്കാട്ടുള്ള അന്തോണി മുതലാളിയുടെ കീഴില്‍ മുമ്പു പറഞ്ഞതുപോലെ വളരെ ചെറിയ ശമ്പളത്തിനാണ് അപ്പന്‍ ജോലി ചെയ്തിരുന്നത്. ഉയര്‍ന്ന ശമ്പളം ലഭിക്കാന്‍ തക്ക കഴിവും പഠിപ്പും ഇല്ല. പ്രൈമറി വിദ്യാഭ്യാസം മാത്രമുള്ള അപ്പന് ഇതിലും വലിയ ഉദ്യോഗം എങ്ങനെ കിട്ടാന്‍? ആരു കൊടുക്കാന്‍?

അന്ന് അപ്പന് ലഭിച്ചിരുന്ന മാസശമ്പളത്തിന്റെ സംഖ്യ ഇന്ന് കേള്‍ക്കുന്നവര്‍ ഒരുപക്ഷേ ഊറിച്ചിരിക്കും അല്ലെങ്കില്‍ മൂക്കത്ത് വിരല്‍ വയ്ക്കും. ഒരു മാസക്കാലം കഷ്ടപ്പെട്ട് ജോലി ചെയ്താല്‍ അപ്പന് കിട്ടുന്ന ശമ്പളം വെറും 10 രൂപ. അതില്‍നിന്ന് ഒരു രൂപ ഞങ്ങള്‍ താമസിക്കുന്ന കൊച്ചുപുരയ്ക്ക് വാടക കൊടുക്കണം. ബാക്കിയുള്ള 9 രൂപ കൊണ്ട് വേണം അപ്പനും അമ്മയും മൂന്നു മക്കളുമുള്ള കുടുംബം ഒരു മാസക്കാലം കഴിയാന്‍.

ഭക്തനും സത്യസന്ധനുമായ അപ്പനെ മുതലാളിക്ക് വലിയ കാര്യമാണ്. ആയിടയ്ക്ക് മുതലാളി ഏതോ ഒരു പൊലീസ് കേസില്‍ ചെന്നുപെട്ടു. കോടതി ശിക്ഷിക്കാതിരിക്കണമെങ്കില്‍ മുതലാളിക്കു വേണ്ടി വിശ്വസ്തനായ ഒരാള്‍ സാക്ഷി പറയണം. അതിന് അനുയോജ്യനായി മുതലാളി കണ്ടെത്തിയത് അപ്പനെയാണ്.

ഒരു ദിവസം രാത്രി ഷോപ്പ് പൂട്ടിപ്പോരാന്‍ നേരത്ത് അദ്ദേഹം അപ്പനെ വിളിച്ചിട്ട് പറഞ്ഞു:

''ലോനപ്പാ എനിക്കൊരു കാര്യം പറയാനുണ്ട്.''

''എന്താണാവോ?''

''എനിക്കെതിരെ ഒരു പൊലീസ് കേസുണ്ടെന്നറിയാമല്ലോ.''

''അറിയാം.''

''നല്ലൊരാള്‍ സാക്ഷി പറഞ്ഞാലേ ആ കേസില്‍ നിന്ന് എനിക്ക് തലയൂരിപ്പോരാന്‍ പറ്റൂ. അതുകൊണ്ട് ലോനപ്പന്‍ എനിക്കുവേണ്ടി ഒരു സാക്ഷി പറയണം.''

ഇതുകേട്ടപ്പോള്‍ അപ്പന്റെ മനസ്സിനകത്ത് ഒരു ഇടിമുഴക്കമുണ്ടായി. എന്ത് പറയണം, എങ്ങനെ പറയണം? സംഭവം അപ്പന്‍ കണ്ടിട്ടില്ല. സത്യാവസ്ഥ അറിയില്ല. മറുപടി പറയാനാവാതെ മിഴിച്ചുനിന്നു. യാന്ത്രികമായി ഒന്നു മൂളിക്കൊണ്ട് അവിടെ നിന്നും ഇറങ്ങിപ്പോന്നു.

വേവലാതി പൂണ്ട അപ്പന്‍ വീട്ടില്‍ വന്നിട്ട് അമ്മയോട് ആലോചിച്ചു. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അമ്മ എന്ത് പറയാന്‍, എന്ത് ഉപദേശിക്കാന്‍? വ്യസനവും നിസ്സഹായതയും അവിടെ തളം കെട്ടി നിന്നു.

അന്ന് രാത്രി അപ്പന്‍ നന്നായി ഉറങ്ങിയില്ല. അസ്വസ്ഥമായ മനസ്സ്, പുകയുന്ന ചിന്തകള്‍, തിരിഞ്ഞും മറിഞ്ഞു കിടന്നു നേരം വെളുപ്പിച്ചു. അതിരാവിലെ പതിവുപോലെ അപ്പന്‍ ദിവ്യബലിയില്‍ സംബന്ധിക്കാന്‍ പള്ളിയിലേക്കു പോയി. പള്ളിയില്‍നിന്ന് പ്രാര്‍ത്ഥനയും ദിവ്യബലിയും കഴിഞ്ഞു മടങ്ങിയത് വീട്ടിലേക്കല്ല; നേരെ പോയതു മുതലാളിയുടെ വീട്ടിലേക്ക്.

അപ്പനെ കണ്ടു സന്തുഷ്ടനായ മുതലാളി ചോദിച്ചു:

''എന്താ ലോനപ്പാ രാവിലെതന്നെ വിശേഷം എന്തെങ്കിലും?''

''ഇല്ല... ഞാന്‍ വന്നത്... അന്തോണി ചേട്ടന്‍ ഇന്നലെ ഒരു കാര്യം പറഞ്ഞല്ലോ.''

''ഉവ്.''

''അത്... അത് ശരിയാവില്ല...''

''എന്തേ...?'' ഉത്ക്കണ്ഠയോടെയുള്ള ചോദ്യം.

''എന്റെ മനസ്സാക്ഷി സമ്മതിക്കിണില്ല. ഞാനത് കണ്ടിട്ടില്ലല്ലോ.'' ഉള്‍ഭയത്തോടെയാണ് ഇത്രയും പറഞ്ഞത്.

''ഓഹോ...! നീ അങ്ങനെയാണോ പറയുന്നത്?'' മുതലാളിയുടെ നീരസം ആ മുഖത്ത് പ്രകടമായിരുന്നു.

''എങ്കില്‍ ഇന്നുമുതല്‍ നീ ജോലിക്കു വരേണ്ട'' എന്ന വിധി വാചകം കേള്‍ക്കാനായി അപ്പന്‍ കാതുകൂര്‍പ്പിച്ചു നിന്നു. നിമിഷങ്ങള്‍ നീങ്ങി... അപ്പന്റെ നെഞ്ചിടിപ്പ് വര്‍ധിച്ചു.

ദൈവാലയത്തില്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചതിന്റെ പുണ്യം കൊണ്ടോ, സത്യസന്ധനായ ഒരു ശമ്പളക്കാരനെ ഇതിന്റെ പേരില്‍ പറഞ്ഞു വിടേണ്ട എന്ന് തോന്നിയിട്ടോ എന്തോ, മുതലാളി അപ്പനെ പിരിച്ചുവിട്ടില്ല. ആശ്വാസത്തിന്റെ നെടുവീര്‍പ്പുമായി അപ്പന്‍ മടങ്ങി.

അപ്പന്റെ അപ്പോഴത്തെ പ്രതിസന്ധി എന്തായിരുന്നു? ഇക്കാര്യം പറയുമ്പോള്‍ ഉദ്യോഗത്തില്‍ നിന്നു പിരിച്ചുവിടും, കുടുംബം പട്ടിണിയിലാവും, പുരയ്ക്കു വാടക കൊടുക്കാന്‍ പറ്റില്ല ഈ വക വെല്ലുവിളികള്‍ ഉണ്ടായിട്ടും മനസ്സാക്ഷിയെ വഞ്ചിക്കാന്‍ കൂട്ടാക്കാത്ത അപ്പന്‍. ഇതുകേട്ടു കൊണ്ടിരുന്ന മൂന്നാം ക്ലാസുകാരനായ എന്റെ പിഞ്ചുഹൃദയത്തില്‍ എന്റെ പിതാവ് ഒരു വീരപുരുഷനായി മാറി. അപ്പന്റെ ധീരമായ ആ നിലപാട് എന്റെ ജീവിതത്തിന്റെ അടിത്തറയായി ഞാന്‍ സ്വീകരിച്ചു. മക്കളുടെ മനസ്സില്‍ മനസ്സാക്ഷിയുടെ മുത്തുമണികള്‍ നിക്ഷേപിച്ച ദരിദ്രനായ പിതാവ്. പൈതൃകമായി ലഭിച്ച ഈ ആദര്‍ശം പിന്നീട് എന്റെ പല നാടകങ്ങളിലും ഏകാംഗങ്ങളിലും റേഡിയോ നാടകങ്ങളിലും മികച്ച കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ സഹായിച്ചു.

മനസ്സാക്ഷിയുടെ സ്വരം ദൈവത്തിന്റെ സ്വരമാണ്. ദൈവസ്വരം ശ്രവിച്ചു മുമ്പോട്ടു പോയാല്‍ മനസ്സമാധാനത്തോടെ ജീവിക്കാം. എന്റെ അനുഭവം അതാണ് എന്നെ പഠിപ്പിച്ചത്. താല്‍ക്കാലിക ലാഭത്തിനും സ്വന്തം സൗകര്യത്തിനും വേണ്ടി മനസ്സാക്ഷിയെ ചാച്ചും ചരിച്ചും വച്ചു മുന്നോട്ടു പോകുന്നവരുണ്ട്. അങ്ങനെ നീങ്ങിയാല്‍ ഒരുപക്ഷേ താല്‍ക്കാലികമായി ചില നേട്ടങ്ങളും വിജയങ്ങളും ഉണ്ടായി എന്ന് വരാം. പക്ഷേ ഭാവിയില്‍ ആ ജീവിതം ശാശ്വതമായ പരാജയമായിരിക്കും. കുറ്റബോധം കൂടെക്കൂടെ മനസ്സിനെ വേട്ടയാടും, അപരാധ ചിന്തകള്‍ ഹൃദയത്തില്‍ തീപ്പൊരികള്‍ വിതറും.

അത്യാര്‍ത്തിയും ആര്‍ഭാടങ്ങളും സുഖലോലുപതയുമായി കഴിയുന്ന ആധുനിക മനുഷ്യന് മനസ്സാക്ഷി എന്നു കേട്ടാല്‍ പൊതുവേ പുച്ഛമാണ്. മനസ്സാക്ഷി എന്ന സ്വരത്തേക്കാള്‍ അവന്റെ കാതുകളില്‍ ഇന്നു കൂടുതല്‍ മുഴങ്ങി കേള്‍ക്കുന്നത് രക്തസാക്ഷി, മാപ്പുസാക്ഷി, കള്ളസാക്ഷി, ദൃക്‌സാക്ഷി എന്നിങ്ങനെ കുറെ സാക്ഷികള്‍. മനസ്സാക്ഷി മാത്രമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org