മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദമായിരുന്നു നീ

മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദമായിരുന്നു നീ

ചിലര്‍ അങ്ങനെയാണ് നമ്മളെ എപ്പോഴും വിസ്മയിപ്പിച്ചു കൊണ്ടിരിക്കും. ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അവര്‍ ഒരു പോലെയാണല്ലോ പെരുമാറിയതെന്ന് നമ്മള്‍ അത്ഭുതപ്പെടും. അല്ലെങ്കില്‍ അവര്‍ എപ്പോഴാണ് കൂടെ ഇല്ലാതിരുന്നതെന്ന് നമ്മള്‍ ആശ്ചര്യപ്പെടും.

ചെറിയാച്ചന്‍ അത്തരമൊരു ആള്‍ ആയിരുന്നല്ലോ എന്ന് ഞാന്‍ അമ്പരന്നത് 2021 മെയ് 27 നായിരുന്നു. അന്നാണ് അച്ചന്‍ പുതിയ ഒരു ദൗത്യവുമായി മറ്റൊരു ലോകത്തേക്ക് പോയത്. ഉണ്ടായിരുന്നെങ്കില്‍ ഇത് പൗരോഹിത്യ രജതജൂബിലിയുടെ വര്‍ഷമാകുമായിരുന്നു. (മരിച്ചെന്ന് ആരു പറഞ്ഞു!) ആ ചടങ്ങുകള്‍ എങ്ങനെ ആഘോഷിക്കപ്പെടുമായിരുന്നുവെന്ന് വെറുതെ സങ്കല്‍പ്പിച്ചു, തീര്‍ച്ചയായും അനുമോദന ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്ന പുരോഹിതന്മാരില്‍ ആരെങ്കിലും ഇങ്ങനെ പറഞ്ഞേനെ, ആരും വിളക്കുകൊളുത്തി പാത്രം കൊണ്ടു മൂടുകയോ കട്ടിലിനടിയില്‍ വയ്ക്കുകയോ ചെയ്യുന്നില്ല. മറിച്ച് അകത്ത് പ്രവേശിക്കുന്നവര്‍ക്ക് വെളിച്ചം കാണാന്‍ അത് പീഠത്തില്‍ വയ്ക്കുന്നു.

പീഠത്തില്‍ വെച്ച ഒരു വിളക്കായിരുന്നു ചെറിയാച്ചന്‍. അതില്‍നിന്നും പ്രസരിച്ച വെളിച്ചം എല്ലായിടത്തും പരന്നു. ആ വെളിച്ചത്തില്‍ നീങ്ങിയ ഇരുട്ടില്‍ എല്ലാവരും പരസ്പരം കണ്ടു. ആത്മാവിനെ ആദരവോടെ തൊട്ടു. സ്‌നേഹം അനുഭവിച്ചു. മനുഷ്യനില്‍ ദൈവത്തെ കാണാന്‍ പറ്റുമെന്ന് ചെറിയാനച്ചന്‍ പഠിപ്പിച്ചത് വേദപുസ്തകങ്ങളിലെ വരികള്‍ ഉരുവിട്ടുകൊണ്ട് ആയിരുന്നില്ല. സ്വന്തം ജീവിതത്തിലേക്ക് അത് പകര്‍ത്തി കൊണ്ടായിരുന്നു. അടുത്ത് വന്നവരെല്ലാം ആ ആത്മീയ പ്രഭയില്‍ ആകൃഷ്ടരായി. അവര്‍ എന്നും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കടപ്പെട്ടു കൊണ്ടിരിക്കുന്നു.

പരിചയ കാലയളവിന്റെ ദൈര്‍ഘ്യം, നമ്മുടെ ജീവിതത്തില്‍ അദ്ദേഹവുമായി ബന്ധപ്പെട്ടുണ്ടായ ചില ഓര്‍മ്മകളുടെ പകര്‍ത്തി വെക്കല്‍, ഇതെല്ലാം അനുഭവസ്മരണകളിലെ സ്ഥിരം പംക്തികളാണ്.

അദ്ദേഹത്തെ ഒരിക്കലെങ്കിലും പരിചയപ്പെട്ട എല്ലാവര്‍ക്കും പറയാനുണ്ടാവും അത്തരമൊരു അനുഭവം എന്നതുകൊണ്ട് അത് അപ്രസക്തവുമാണ്. വിശുദ്ധിയുടെ ഓര്‍മ്മ നമ്മള്‍ സംഭവങ്ങളായി പകര്‍ത്തി വെക്കുകയല്ല മറിച്ച് സദാസമയവും ഒരാത്മീയ അനുഭൂതിയായി അനുഭവിക്കുകയാണ് വേണ്ടതെന്നാണ് എന്റെ അഭിപ്രായം. ചെറിയാച്ചന് അത്തരമൊരു അനുഭൂതി പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ആ അനുഭൂതി മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കുക എന്ന ദൗത്യം മാത്രമേ ചെയ്യേണ്ടതുള്ളൂ. അതത്ര എളുപ്പമല്ലെങ്കിലും.

ആരായിരുന്നു ചെറിയാച്ചന്‍ എന്നതിനുപകരം ആരായിരുന്നില്ല ചെറിയാച്ചന്‍ എന്ന് ചിന്തിക്കുന്നതാവും നല്ലത്. ക്രിസ്ത്യന്‍ സഭാ വിശ്വാസം മുന്നോട്ടുവയ്ക്കാന്‍ ആഗ്രഹിക്കുന്ന ഉല്‍കൃഷ്ട സ്‌നേഹത്തിന്റെ സമഗ്രമായ മാതൃകയാണ് ചെറിയാച്ചന്‍. നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക, അപ്പോള്‍ നിനക്ക് സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം ഉണ്ടാകും എന്ന യേശുവചനം സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു ചെറിയാച്ചന്‍.

ദൈവരാജ്യത്തിനുവേണ്ടി വീടിനെയും മാതാപിതാക്കളെയും സഹോദരന്മാരെയും ഉപേക്ഷിച്ചവനായിരുന്നു ചെറിയാനച്ചന്‍. അതുകൊണ്ടുതന്നെ ജീവിച്ചിരുന്ന കാലത്ത് അതെല്ലാം അനേകമടങ്ങ് അവന് ലഭിച്ചു. നിത്യ ജീവനാല്‍ അനുഗ്രഹീതനായി. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുത്ത നീതിമാനായിരുന്നു അദ്ദേഹം.

ഏറ്റവും വലിയവനായിരുന്നെങ്കിലും ഏറ്റവും ചെറിയവനെ പോലെ അച്ചന്‍ പെരുമാറി. 'ചെറിയവനില്‍ ചെറിയവന്‍ ചെറിയാച്ചന്‍' എന്നു സ്വയം വിശേഷിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഏറ്റവും ചെറിയവനെ പോലെ പെരുമാറി ശുശ്രൂഷകനെ പോലെ ജീവിച്ചു ദൈവത്തിന്റെ എല്ലാ പരീക്ഷകളിലും നിരന്തരം അവന്‍ പങ്കെടുത്തു. അങ്ങനെ ദൈവത്തിന്റെ പ്രിയപുത്രന്‍ ആയി.

എന്തുകൊണ്ട് ഇത്രയും കാലം ചെറിയാച്ചനെപ്പറ്റി എഴുതാന്‍ തോന്നിയില്ല എന്ന ചോദ്യത്തിന് ചെറിയാച്ചന്‍ ഇല്ല എന്ന തോന്നല്‍ എനിക്ക് ഉണ്ടായിരുന്നില്ല എന്നാണ് ഉത്തരം. ജീവിച്ചിരിക്കുന്നവരെ ഞാനെന്തിനു മരിച്ചവര്‍ക്കിടയില്‍ അന്വേഷിക്കണം?

ചെറിയാച്ചാ, ദൈവം അയച്ച ഒരു മനുഷ്യനായിരുന്നു അങ്ങ്. സാക്ഷ്യത്തിനായി വന്നു. വെളിച്ചത്തിനു സാക്ഷ്യം നല്‍കാന്‍. എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം തന്നെയായിരുന്നു നീ... നീ ആരായിരുന്നു എന്ന ചോദ്യത്തിന് മറുപടി ഇതാണ്.

കര്‍ത്താവിന്റെ വഴികള്‍ നേരെയാക്കുവിന്‍ എന്ന് ഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദമായിരുന്നു നീ. ഞങ്ങളുടെകൂടെ ഉണ്ടായിരുന്നപ്പോഴൊന്നും ഞങ്ങള്‍ ഒരിക്കലും അങ്ങയെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അറിഞ്ഞിരുന്നില്ല ഇപ്പോള്‍, നിന്റെ ആത്മാവ് പ്രാവിനെപ്പോലെ സ്വര്‍ഗ്ഗത്തിലേക്ക് പോയപ്പോള്‍ ഞങ്ങള്‍ സ്വയം പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. നീ വിശുദ്ധനും സത്യത്തിന്റെ വഴിയുമായിരുന്നു. അതുകൊണ്ട് തന്നെ പുനരുത്ഥാനത്തിന്റെ നാളില്‍ നിന്റെ മുഖം പൂര്‍ണചന്ദ്രനെപ്പോലെ വിളങ്ങും.

(ചെറിയാനച്ചന്റെ സഹപാഠിയും ജീസസ് യൂത്ത് V-ാം ബാച്ച് ഫുള്‍ടൈമറുമാണ് ലേഖിക)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org