മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍

സത്യദീപത്തിന്റെ സഹസ്ഥാപകന്‍ ധന്യപദവിയിലേക്ക്
മോണ്‍. ജോസഫ് പഞ്ഞിക്കാരന്‍
Published on
  • ഫാ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

അനിതര സാധാരണമായ ക്രിസ്തീയജീവിതം നയിച്ചു ക്രിസ്തുവിനു സാക്ഷ്യം വഹിച്ച ക്രിസ്തുശിഷ്യരെ യാണല്ലോ കത്തോലിക്കാസഭ വിശുദ്ധരെന്നു പരസ്യപ്രഖ്യാപനം നടത്തി വണങ്ങുന്നത്. വിശുദ്ധ പദ പ്രഖ്യാപന ത്തിന്റെ ആദ്യഘട്ടത്തിലാണ് അസാധാരണമായ ക്രിസ്തീയജീവിതം നയിച്ച വ്യക്തികളുടെ ജീവിതത്തെ കൂലങ്കഷമായ അന്വേഷണത്തിനും പഠനത്തിനും വിധേയമാക്കിയശേഷം Venerable (ധന്യന്‍) എന്നു പ്രഖ്യാപിക്കുക. എറണാകുളം-അങ്കമാലി അതിരൂപതാംഗമായി 1888-ല്‍ ജനിച്ചു 1949-ല്‍ മരിച്ചു സ്വര്‍ഗ്ഗപ്രാപ്തനായ മോണ്‍. ജോസഫ് പഞ്ഞിക്കാരനച്ചന്‍ 2025 ഡിസംബര്‍ 18-നു ധന്യന്‍ പദവി യിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നു.

മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനായ ധന്യന്‍ മോണ്‍. പഞ്ഞിക്കാരന്‍ കത്തോലിക്കാസഭയുടെ, പ്രത്യേകിച്ചും കേരളസഭയുടെ വളര്‍ച്ചയ്ക്കു നല്കിയിട്ടുള്ള അമൂല്യമായ സംഭാവനകള്‍ ഏറെയാണ്. യേശുവിനെ അറിഞ്ഞിട്ടില്ലാത്തവരും കേട്ടിട്ടില്ലാത്തവരു മായ അനേകായിരങ്ങളെ, പ്രത്യേകിച്ചും അധഃകൃതരായി സമൂഹം പുറംതള്ളി മാറ്റി നിറുത്തിയിരുന്ന ദരിദ്രരായ ദളിതരെ ക്രിസ്തീയവിശ്വാസത്തിലേക്കു സ്വീകരിച്ചു സമൂഹത്തിന്റെ മുഖ്യധാരയിലേക്കു നയിക്കുന്നതിനുവേണ്ടി അദ്ദേഹം അതിരൂപതയില്‍ ആരംഭിച്ച 'വേദപ്രചാരസംഘം' എന്ന പ്രസ്ഥാനം ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. വേദപ്രചാരത്തെ ഉദ്ദേശിച്ചു നടത്തപ്പെടുന്ന വിപുലമായ രണ്ടു സംഘങ്ങള്‍ ഇക്കാലത്ത് കത്തോലിക്കാസഭയില്‍ ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു 'വേദപ്രചരണസംഘം'. 1822-ല്‍ പാരിസ് പട്ടണത്തില്‍ ആരംഭിച്ച വേദപ്രചരണസംഘത്തിന്റെ രൂപത്തിലാണ് അതിരൂപതയില്‍ 1921-ല്‍ മോണ്‍. പഞ്ഞിക്കാരന്‍ 'വേദപ്രചാരസംഘം' സ്ഥാപിച്ചത്. മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശമനുസരിച്ചു ധന്യന്‍ മോണ്‍. പഞ്ഞിക്കാരന്‍ രൂപകല്പന ചെയ്ത വേദപ്രചാരസംഘമാണ് സാവധാനത്തില്‍ മറ്റു രൂപതകളും മാതൃകയാക്കിയത്. മെത്രാപ്പോലീത്ത രക്ഷാധികാരിയായ ഈ സംഘത്തിന്റെ സ്ഥാപക സെക്രട്ടറിയായിരുന്ന ധന്യന്‍ പഞ്ഞിക്കാരനച്ചനാണ് ഈ പ്രസ്ഥാനത്തെ വളര്‍ത്തി വലുതാക്കിയത്.

വേദപ്രചാരസംഘം സ്ഥാപിച്ചു ആറു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പേ വേദപ്രചാരത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതിനും മറ്റൊരു പ്രസ്ഥാനത്തിനു തുടക്കം കുറിക്കാന്‍ മോണ്‍. പഞ്ഞിക്കാരന്‍ തീരുമാനിച്ചുറച്ചു. ആ തീരുമാനത്തിന്റെ പ്രതിഫലനമായിരുന്നു 'സത്യദീപം' എന്ന പേരില്‍ പ്രസിദ്ധീകൃതമായ വാരിക. എറണാകുളം മെത്രാപ്പോലീത്തായും അതിരൂപതയും എന്ന പേരില്‍ 1936-ല്‍ പ്രസിദ്ധീകൃതമായ ഫാ. ജോസഫ് മാവുങ്കലിന്റെ ഗ്രന്ഥത്തില്‍ സത്യദീപം പത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: 'ഇക്കാലത്ത് സമുദായ സമുദ്ധാരണത്തിന് ഒരു നല്ല പത്രത്തിനോളം ഉപയുക്തമായ വേറൊരു ഉപകരണമുണ്ടോ എന്നു സംശയമാണ്. നിര്‍മ്മത പ്രസ്ഥാനത്തോടുള്ള പോരാട്ടത്തില്‍ നടുനായകത്വം വഹിച്ചു ഈ അതിരൂപതയില്‍ മാത്രമല്ല, കേരളമൊട്ടുക്കു സത്യവിജയപതാക പാറിക്കുന്ന ഒരു പ്രസിദ്ധീകരണമാണല്ലോ 'സത്യദീപം'. കത്തോലിക്കരുടെ വകയായി കേരളത്തിലുള്ള ഏക മതപ്രധാനപത്രവും ഇതാണ്. 'സത്യദീപം' എന്താണെന്നും അതു കത്തോലിക്കാ മതത്തിനും സമുദായത്തിനും വേണ്ടി മാത്രമല്ല പൊതുവില്‍ ദൈവവിശ്വാസത്തിനും മതത്തിനും രാജ്യത്തിനും വേണ്ടിയും എന്തു ചെയ്തുവെന്നുള്ളത് സര്‍വ്വവിദിതമായ ഒരു കാര്യമാണ്. ഈ പത്രത്തിന്റെ ജനയിതാവു മെത്രാപ്പോലീത്താച്ചനാണെന്നുള്ളതു ഇവിടെ എടുത്തു പറയാതിരിക്കാന്‍ നിവൃത്തിയില്ല. 1927 ജൂലൈ 3-ാം തീയതി പ്രസിദ്ധപ്പെടുത്തി തുടങ്ങിയ ഈ പത്രം ഒരലങ്കാരമല്ല, അത്യാ വശ്യമാണ് (ഫാ. ജോസഫ് മാവുങ്കല്‍, എറണാകുളം മെത്രാപ്പോലീത്തായും അതിരൂപതയും, pp. 151-152). ഈ പത്രത്തിന്റെ 'ജനയിതാവ് മാര്‍ കണ്ടത്തില്‍ മെത്രാപ്പോലീത്തയാണ്' എന്നു ഗ്രന്ഥകര്‍ത്താവ് പറഞ്ഞിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ മെത്രാപ്പോലീത്തായുടെ ആഗ്രഹത്തെ യാഥാര്‍ത്ഥ്യമാക്കിയത് മോണ്‍. പഞ്ഞിക്കാരനും സഹപ്രവര്‍ത്തകരായ മറ്റു വൈദികരുമായിരുന്നു. അക്കാര്യം സത്യദീപത്തിന്റെ പ്രഥമ ലക്കത്തില്‍ തന്നെ കാണാവുന്നതാണ്. 'സത്യദീപം എന്തിന് പ്രസിദ്ധീകരിക്കുന്നു' എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ലേഖനത്തിന്റെ അവസാനഭാഗത്ത് ഇപ്രകാരം എഴുതിയിരിക്കുന്നു.

മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്തായുടെ നിര്‍ദ്ദേശമനുസരിച്ചു ധന്യന്‍ ജോസഫ് പഞ്ഞിക്കാരന്‍ രൂപകല്പന ചെയ്ത വേദപ്രചാരസംഘമാണ് സാവധാനത്തില്‍ മറ്റു രൂപതകളും മാതൃകയാക്കിയത്.

''...സത്യദീപം എന്തിനെന്നുള്ള ചോദ്യത്തിനു മറുപടി പറഞ്ഞു കഴിഞ്ഞു. ഈ വമ്പിച്ച കാര്യപരിപാടി അച്ചടിച്ചു വിടാന്‍ എളുപ്പമാണെന്നു ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഇതിനെ പ്രവൃത്തിരൂപത്തില്‍ വരുത്തുന്ന കാര്യം ദുഷ്‌ക്കരമാണ്. എങ്കിലും ഞങ്ങളെ സര്‍വ്വപ്രകാരേണയും സഹായിക്കാന്‍ പണ്ഡിതന്മാരായ വൈദികരും അല്മായരും കൂടി ഒരുക്കമുള്ളതായി ഞങ്ങളെ അറിയിച്ചിരിക്കുന്നത് ആശ്വാസജനകംതന്നെ. മലങ്കരയുടെ മെത്രാപ്പോലീത്ത കണ്ടത്തില്‍ മാര്‍ ആഗസ്തീനോസ് തിരുമനസ്സുകൊണ്ട് ഞങ്ങളുടെ ഈ ഉദ്യമത്തെ ആശീര്‍വദിക്കുകയും അവിടുന്നുതന്നെ പത്രത്തിന്റെ രക്ഷാധികാരിയായിരുന്നു ഞങ്ങളെ അത്യന്തം പ്രോത്സാഹിപ്പിക്കുകയും പത്രത്തിന്റെ പ്രാരംഭത്തിലേക്കുവേണ്ട സകല സഹായങ്ങളും ഔദാര്യപൂര്‍വം ചെയ്തുതരികയും ചെയ്തിരിക്കുന്നുവെന്നുള്ളത് കൃതജ്ഞതയോടുകൂടി ഞങ്ങള്‍ ഇവിടെ രേഖപ്പെടുത്തികൊള്ളുന്നു. അവിടുത്തെ പൈതൃകമായ പരിലാളനം സത്യദീപത്തിനു സര്‍വ്വമംഗളപ്രദമായി പരിണമിക്കട്ടെ എന്നു ആശംസിക്കുകയും ചെയ്യുന്നു.'' പത്രാധിപരുടെ വാക്കുകളാണിത്. ഇതില്‍നിന്നും മെത്രാ പ്പോലീത്തായുടെ ആഗ്രഹപ്രകാരം സത്യദീപത്തിനു രൂപംകൊടുത്തു, ഊടും പാവും നല്കി ജനിപ്പിച്ചത് ധന്യന്‍ പഞ്ഞിക്കാരനച്ചനും സഹപ്രവര്‍ത്തകരും ആണെന്നു വ്യക്തമാണല്ലോ.

മോണ്‍. പഞ്ഞിക്കാരനേയും മോണ്‍. ജേക്കബ് നടുവത്തുശ്ശേരിയെയും ഫാ. തോമസ് വട്ടോലിയെയുമാണ് ആരംഭത്തില്‍ പത്രാധിപന്മാരായി മെത്രാപ്പോലീത്ത നിയമിച്ചിരുന്നത്. രക്ഷാധികാരിയായ മെത്രാപ്പോലീത്തായുടെ അനുഗ്രഹാശിസ്സുകളോടെ മോണ്‍. പഞ്ഞിക്കാരനും മോണ്‍. നടുവത്തുശ്ശേരിയും ചേര്‍ന്നാണ് ഈ പ്രസ്ഥാനത്തെ വളര്‍ത്തിയത്. ആരംഭകാലഘട്ടത്തില്‍ അവരോടൊപ്പമുണ്ടായിരുന്ന ബഹു. വട്ടോലിയച്ചന്‍ രണ്ടു വര്‍ഷത്തെ സേവനത്തിനുശേഷം പത്രാധിപസ്ഥാനത്തുനിന്നും പിന്‍വാങ്ങിയിരുന്നു. സത്യദീപം വാരികയുടെ സ്ഥാപനലക്ഷ്യവും സവിശേഷതകളും എന്താണെന്നു സത്യദീപം ആരംഭിച്ചിരിക്കുന്ന വിവരം പരസ്യപ്പെടുത്തിക്കൊണ്ട് അതിരൂപതയുടെ ഔദ്യോഗിക മുഖപത്രമായ (ബുള്ളറ്റിന്‍) എറണാകുളം മിസ്സത്തില്‍ (Vol. IV, No. 6, pp. 118-119) എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്: 'കേരളത്തിലെ അക്രൈസ്തവരുടെയും അകത്തോലിക്കരുടെയും ഇടയില്‍ കുറെ നാളായിട്ടു സത്യമതത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ലക്ഷണങ്ങള്‍ അഭൂതപൂര്‍വം കണ്ടുതുടങ്ങുകയും തല്‍ഫലമായി അവരില്‍ ചിലര്‍ മാനസാന്തരപ്പെട്ടു കത്തോലിക്കാമതം സ്വീകരിക്കുകയും ചെയ്തുവരുന്നുണ്ടല്ലോ. സത്യമതാന്വേഷകന്മാര്‍ക്കു കത്തോലിക്കാസഭയുടെ വിശ്വാസാചാരങ്ങളെക്കുറിച്ചു ശരിയായ ജ്ഞാനം നല്കിയും തല്‍സംബന്ധമായി അവര്‍ക്കുള്ള സംശയങ്ങളെ തീര്‍ത്തുകൊടുത്തും അവരുടെ അന്വേഷണം ഫലപ്രദമാക്കി തീര്‍ക്കേണ്ടതിനു കാലോചിതവും ഉത്തമവുമായ മാര്‍ഗ്ഗം കത്തോലിക്ക മതപ്രബോധകമായ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും അതു അന്യമതസ്ഥരുടെ ഇടയില്‍ പ്രചുരമായി പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഏതാദൃശമായ പത്രങ്ങളുടെ ആവശ്യകതയെക്കുറിച്ചു ആര്‍ക്കും ഭിന്നാഭിപ്രായമില്ലെങ്കിലും അവയെ പ്രസിദ്ധീകരിക്കുന്നതിനു ഇക്കാലംവരെ സാധിച്ചിട്ടില്ല. കേരളത്തില്‍ കത്തോലിക്കരുടെ വകയായി ഇപ്പോള്‍ നടത്തിവരുന്ന പത്രങ്ങളൊന്നും തന്നെ മതപ്രബോധനത്തെമാത്രം ലക്ഷീകരിച്ചിട്ടുള്ളവയല്ലല്ലോ. രാഷ്ട്രീയം, സാമുദായികം, മുതലായ ഇതര വിഷയങ്ങളുടെ കൂട്ടത്തില്‍ മതവിഷയത്തെക്കുറിച്ചും അവസരോചിതം പ്രതിപാദിക്കാനേ അവയെക്കൊണ്ടു സാധിക്കുന്നുള്ളൂ. അതുകൊണ്ടുമാത്രം തൃപ്തിപ്പെട്ടിരിക്കേണ്ടകാലം കഴിഞ്ഞുമിരിക്കുന്നു. ഇക്കാരണങ്ങളാല്‍ കത്തോലിക്കാസഭയുടെ വിശ്വാസാചാരങ്ങളെക്കുറിച്ചു അന്യമതസ്ഥര്‍ക്കു ശരിയായ ജ്ഞാനം നല്‍കുന്നതിനും തല്‍സംബന്ധമായി അവര്‍ക്കുള്ള സംശയങ്ങളെ ദുരീകരിക്കുന്നതിനും ഉപകരിക്കത്തക്കതും, മതവിഷയങ്ങളെ മാത്രം പ്രതിപാദിക്കുന്നതുമായ ഒരു പത്രം പ്രസിദ്ധീകരിക്കേണ്ടതാണെന്നു വൈദികരും അല്‍മേനികളുമായ പല മാന്യന്മാര്‍ക്കും പ്രബലമായ അഭി പ്രായമുണ്ട്. അതനുസരിച്ചു പഞ്ഞിക്കാരന്‍ ബി. സി. യൗസേപ്പച്ചന്‍, നടുവത്തുശ്ശേരി കെ. ബി. യാക്കോബച്ചന്‍, വട്ടോലി ബ. തോമാച്ചന്‍ എന്നിവരുടെ പത്രാധിപത്യത്തില്‍, 'സത്യദീപം' എന്ന നാമത്തില്‍, എറണാകുളം അതിരൂപതവക മാര്‍ ലൂയിസ് മെമ്മോറിയല്‍ പ്രസ്സില്‍നിന്നും കത്തോലിക്ക മതപ്രബോധകമായ ഒരു പ്രതിവാരപത്രം പ്രസിദ്ധീകരിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. അതില്‍ തത്വശാസ്ത്രം, വേദശാസ്ത്രം, തിരുസഭാചരിത്രം, മാനസാന്തര ചരിത്രം മുതലായ വിഷയങ്ങളെ പ്രതിപാദിക്കുന്നതിനും പുറമെ എതിര്‍വാദങ്ങള്‍ക്കും സത്യാന്വേഷികളുടെ ചോദ്യങ്ങള്‍ക്കും സമാധാനം നല്‍കുന്നതുമായിരിക്കും. അതിന്റെ ആദ്യ ലക്കം അടുത്ത ജൂലായി 3-നു മാര്‍ തോമ്മാശ്ലീഹായുടെ ദിവസം പുറപ്പെടുന്നതാണ്. കേരളത്തിലെ പ്രസിദ്ധപ്പെട്ട എഴുത്തുകാരായ ബ. വൈദികരും മാന്യ അല്‍മേനികളും വിലയേറിയ ലേഖനങ്ങളാല്‍ സഹായിക്കാമെന്നു സദയം വാഗ്ദാനം ചെയ്തിട്ടുണ്ട്.''

'സത്യദീപം' പ്രസിദ്ധീകരണമാരംഭിച്ചതിന്റെ ശതാബ്ദിയാഘോഷത്തിനു തുടക്കംകുറിക്കാന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ അതിന്റെ സ്ഥാപകരില്‍ ഒരാളായ, പ്രഥമ പത്രാധിപരില്‍ ഒരുവനായ, മോണ്‍. പഞ്ഞിക്കാരന്‍ 'ധന്യന്‍' എന്ന ശ്രേഷ്ഠമായ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്നത് ഏറെ സന്തോഷകരമായ വസ്തുതയാണ്. അദ്ദേഹം തെളിച്ച 'സത്യത്തിന്റെ ദീപം' ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ അതിന്റെ പ്രസക്തിയും പ്രാധാന്യവും എക്കാലത്തേക്കാളും ഇന്ന് വര്‍ദ്ധമാനമായിരിക്കുന്നു എന്നതാണ് വസ്തുത. ധന്യന്‍ മോണ്‍. പഞ്ഞിക്കാരന്റെ പ്രത്യേക പ്രാര്‍ത്ഥനാസഹായം വഴി ഈ പ്രസ്ഥാനം കൂടുതല്‍ വളരാനും സമൂഹത്തിനു നന്മകള്‍ ചെയ്യാനും ഇടയാകട്ടെ എന്ന് ആശംസിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org