രാത്രിയെ പകലാക്കിയ ഗ്രാമസേവനം

രാത്രിയെ പകലാക്കിയ ഗ്രാമസേവനം
Published on
  • സിസ്റ്റര്‍ ദീപ്തി മടപ്പള്ളില്‍ ഡി എസ് ടി

ഉജ്ജൈനിനടുത്തുള്ള ഗ്രാമാന്തരങ്ങളിലെ നാലായിരം കുടുംബങ്ങള്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ടവളാണ് സിസ്റ്റര്‍ ദീപ്തി മടപ്പള്ളില്‍ ഡി എസ് ടി. ഇവര്‍ അംഗങ്ങളായിരിക്കുന്ന നൂറ്റമ്പതോളം സ്വാശ്രയസംഘങ്ങളുടെ പ്രാണനും പ്രചോദനവുമാണ് സിസ്റ്റര്‍. കാല്‍ നൂറ്റാണ്ടായി ഈ പാവപ്പെട്ട മനുഷ്യര്‍ക്കിടയില്‍ സിസ്റ്റര്‍ സേവനം ചെയ്യുന്നു. രാത്രി പകലായതുപോലെ ഇവരുടെയെല്ലാം ജീവിതങ്ങള്‍ പരിവര്‍ത്തനപ്പെടുകയും ചെയ്തു.

കാഞ്ഞിരപ്പള്ളി രൂപതയിലെ എലിക്കുളം സ്വദേശിയായ സിസ്റ്റര്‍ ദീപ്തി, പ്രീഡിഗ്രിക്കുശേഷമാണ് മഠത്തില്‍ ചേര്‍ന്നത്. കുട്ടിക്കാലം മുതലേ പാവപ്പെട്ടവരെ സേവിക്കുന്ന ഒരു കന്യാസ്ത്രീയാകണമെന്നു മോഹിച്ചിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍, മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രീഡിഗ്രി കൂടി പൂര്‍ത്തിയാക്കി. അപ്പോഴും തീരുമാനത്തിനു മാറ്റം വന്നില്ല. മിഷന്‍ പ്രദേശങ്ങളില്‍ ദരിദ്രമായ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹത്തിന്റെ ഫലമായാണ് ഡോട്ടേഴ്‌സ് ഓഫ് സെന്റ് തോമസ് എന്ന സന്യാസിനീസമൂഹത്തെ തിരഞ്ഞെടുത്തത്.

തിരുവനന്തപുരം ലൊയോളാ കോളേജില്‍ നിന്നു സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തരബിരുദം നേടിയശേഷം 2000 ല്‍ സിസ്റ്റര്‍ ഉജ്ജൈനിലെത്തി. അവിടെ പഠനം തുടര്‍ന്ന് ബി എഡും, എം എഡും നേടി. 2007 മുതല്‍ 12 വരെ യൂണിവേഴ്‌സിറ്റിയില്‍ സോഷ്യല്‍ വര്‍ക് പ്രൊഫസറാകുകയും ചെയ്തു. പക്ഷേ, പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ഗ്രാമങ്ങളിലെ സേവനം മുടക്കിയില്ല. കുറെ വര്‍ഷങ്ങളായി പൂര്‍ണ്ണസമയവും ഗ്രാമങ്ങളില്‍ സാമൂഹ്യപ്രവര്‍ത്തനം ചെയ്യുന്നു.

2000-ത്തില്‍ ഉജ്ജൈനിലെത്തുമ്പോള്‍ ദയനീയമായിരുന്നു ഈ ഗ്രാമങ്ങളിലെല്ലാം ജനങ്ങളുടെ സ്ഥിതി എന്നു സിസ്റ്റര്‍ ഓര്‍ക്കുന്നു. പട്ടിണി കൂടെപ്പിറപ്പാണ്. വിദ്യാഭ്യാസമില്ല. ടോയ്‌ലെറ്റുകളില്ല. ആരോഗ്യകരമായ ശീലങ്ങളോ ശുചിത്വമോ ഇല്ല.

ഈ ഗ്രാമങ്ങളോരോന്നും സന്ദര്‍ശിച്ചു സിസ്റ്റര്‍ സ്വയം സഹായ സംഘങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. അതൊന്നും എളുപ്പമായിരുന്നില്ല. എങ്കിലും നിരന്തരം ശ്രമിച്ചു. ക്രമേണ ഫലം കണ്ടു തുടങ്ങി. ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക സാഹചര്യം മനസ്സിലാക്കിയിട്ടാണ് എല്ലാം ചെയ്തത്. ഒരു ജാതിയില്‍ പെട്ടവരായിരിക്കും ഒരു സംഘത്തില്‍. കാരണം, അല്ലാതെ സംഘങ്ങളുണ്ടാക്കുക, ജാതി വ്യത്യാസം കൂടാതെ എല്ലാവരെയും ഒരു സംഘത്തിലെ അംഗങ്ങളാക്കുക എന്നതു പ്രായോഗികമായിരുന്നില്ല.

സിസ്റ്റര്‍ ഈ ഗ്രാമങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുന്ന കാലത്ത് റോഡുകളോ മറ്റു സൗകര്യങ്ങളോ തീരെ ഇല്ലായിരുന്നു. അനവധി കിലോമീറ്ററുകള്‍ നടന്നുപോയിട്ടാണ് അക്കാലത്ത് സിസ്റ്ററും സംഘവും ഓരോ ഗ്രാമങ്ങളിലും എത്തിയിരുന്നത്. പക്ഷേ ഇന്ന് ആ സ്ഥിതി മാറി.

എല്ലാ മാസങ്ങളിലും സംഘങ്ങളുടെ യോഗങ്ങള്‍ ചേരുന്നുണ്ട്. ഗ്രാമങ്ങളില്‍ ഉണ്ടാകുന്ന ഒട്ടെല്ലാ പ്രശ്‌നങ്ങളും ഈ യോഗങ്ങളില്‍ വച്ചാണ് പരിഹരിക്കുന്നത്.

ഗ്രാമമുഖ്യന്മാരെ തിരഞ്ഞെടുക്കുന്നതില്‍ ഈ സംഘങ്ങളും അതിലെ തീരുമാനങ്ങളും നിര്‍ണ്ണായക പങ്കു വഹിക്കുന്നു. തിരഞ്ഞെടുപ്പില്‍ നില്‍ക്കേണ്ടത് ആരാണെന്നും ജയിക്കേണ്ടത് ആരാണെന്നും ഒക്കെ ഈ സ്വയം സഹായ സംഘങ്ങളാണ് തീരുമാനിക്കുന്നത്. എല്ലാ ചര്‍ച്ചകളിലും സിസ്റ്ററുടെ വാക്കുകള്‍ക്ക് അവര്‍ വലിയ വില കല്‍പ്പിക്കുന്നു. എല്ലാ യോഗങ്ങളിലും സിസ്റ്ററുടെ വാക്ക് അവസാന വാക്കാണ്.

ഗ്രാമസഭകളുടെ യോഗങ്ങള്‍ പതിവായി കൂടുകയും ഗ്രാമങ്ങളില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ എന്തൊക്കെയെന്ന് തീരുമാനിക്കുകയും അതിന് ആവശ്യമായ പണത്തിനായി സര്‍ക്കാരിലേക്ക് അപേക്ഷകള്‍ വയ്ക്കുകയും ചെയ്യുന്നു. എല്ലാ യോഗങ്ങളിലും സിസ്റ്റര്‍ പങ്കെടുക്കും. റോഡ്, വെള്ളം, സ്‌കൂളുകള്‍, വീടുകള്‍, ടോയ്‌ലറ്റുകള്‍ തുടങ്ങിയവയെല്ലാം അപ്രകാരം ഈ ഗ്രാമങ്ങളിലേക്ക് വന്നു.

കുട്ടികള്‍ 12 വയസ്സോടുകൂടി തന്നെ ജോലിക്കു പോകുന്ന പതിവാണ് ഈ ഗ്രാമങ്ങളിലെല്ലാം ഉണ്ടായിരുന്നത്. തീര്‍ഥാടന കേന്ദ്രമായ ഉജ്ജൈന്‍ നഗരത്തില്‍ ധാരാളം ഹോട്ടലുകള്‍ ഉണ്ട്. അവിടുത്തെ ഹോട്ടലുകളിലെ ജോലിക്കാരെല്ലാം ഈ ഗ്രാമാന്തരങ്ങളില്‍ നിന്നുള്ള ചെറിയ കുട്ടികളാണ്. സ്വയം സഹായ സംഘങ്ങള്‍ ആരംഭിച്ചതിനുശേഷം അതിന് വലിയ മാറ്റം വന്നു. ഇപ്പോള്‍ തീരെ ചെറിയ കുട്ടികളെ ഹോട്ടലുകളില്‍ കാണാനാവില്ല. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികളെയും മാതാപിതാക്കളെയും ബോധ്യപ്പെടുത്തി. കുട്ടികളെ തൊഴിലിനയക്കാന്‍ സ്വയം സഹായ സംഘങ്ങളിലെ മാതാപിതാക്കള്‍ തയ്യാറാകുന്നില്ല. കുട്ടികള്‍ പഠനത്തിനു താല്‍പര്യം കാണിക്കുന്നു.

സിസ്റ്റര്‍ ഈ ഗ്രാമങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുന്ന കാലത്ത് റോഡുകളോ മറ്റു സൗകര്യങ്ങളോ തീരെ ഇല്ലായിരുന്നു. അനവധി കിലോമീറ്ററുകള്‍ നടന്നുപോയിട്ടാണ് അക്കാലത്ത് സിസ്റ്ററും സംഘവും ഓരോ ഗ്രാമങ്ങളിലും എത്തിയിരുന്നത്. പക്ഷേ ഇന്ന് ആ സ്ഥിതി മാറി. ധാരാളം പുതിയ വഴികള്‍ വന്നു. അടിസ്ഥാനസൗകര്യവും വികസന പ്രവര്‍ത്തനങ്ങളും ഉണ്ടായി. അതുകൊണ്ട് വാഹനയാത്ര സാധ്യമായി. സ്വയം സഹായ സംഘങ്ങളും അതിലൂടെ ഉയര്‍ന്നുവന്ന ഗ്രാമീണ നേതൃത്വവും ഈ വികസനത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ജാതീയതയെ തുടച്ചുനീക്കാനൊന്നും കഴിയുകയില്ലെങ്കിലും ജാതികള്‍ തമ്മിലുള്ള സഹവര്‍ത്തിത്വം വര്‍ധിപ്പിക്കാന്‍ സ്വയം സഹായ സംഘങ്ങള്‍ക്കു സാധിച്ചുവെന്നു സിസ്റ്റര്‍ ദീപ്തി പറഞ്ഞു. വിവിധ സംഘങ്ങളുടെ പൊതുവായ യോഗങ്ങളില്‍ എല്ലാ ജാതിക്കാരും ഒന്നിച്ചു വരും. അതുതന്നെ ഇവിടെ വിപ്ലവകരമായ ഒരു മാറ്റമാണ്. സംഘങ്ങള്‍ പരസ്പരം ഇടപഴകുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നു. പണ്ട് അത്തരം ഇടപഴകല്‍ അചിന്തനീയമായിരുന്നു. സംഘങ്ങള്‍ പ്രവര്‍ത്തിക്കാത്ത ഗ്രാമങ്ങളില്‍ ഇന്നും കര്‍ക്കശമായ പഴയ ജാതീയതകള്‍ നിലനില്‍ക്കുന്നു എന്നതു തന്നെയാണ് ഈ പ്രവര്‍ത്തനമുണ്ടാക്കിയ മാറ്റങ്ങളുടെ തെളിവ്. മിഷണറിമാര്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമങ്ങളും അല്ലാത്ത ഗ്രാമങ്ങളും തമ്മില്‍ ഇക്കാര്യത്തിലുള്ള വ്യത്യാസം വളരെ പ്രകടമാണ്.

വിവിധ സംഘങ്ങളുടെ പൊതുവായ യോഗങ്ങളില്‍ എല്ലാ ജാതിക്കാരും ഒന്നിച്ചു വരും. അതുതന്നെ ഇവിടെ വിപ്ലവകരമായ ഒരു മാറ്റമാണ്. സംഘങ്ങള്‍ പരസ്പരം ഇടപഴകുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നു. പണ്ട് അത്തരം ഇടപഴകല്‍ അചിന്തനീയമായിരുന്നു.

സിസ്റ്ററുടെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു മാറ്റം വന്ന മറ്റൊരു തലം അന്ധവിശ്വാസങ്ങളുടേതാണ്. ഗുരുതരമായ അന്ധവിശ്വാസങ്ങള്‍ക്ക് അടിമകളായിരുന്നു ഈ ഗ്രാമങ്ങളെല്ലാം. ഉദാഹരണത്തിന് പാമ്പ് കടിച്ചാല്‍, മന്ത്രവാദികളുടെ അടുത്താണു പോകുക, ആശുപത്രിയിലല്ല. പക്ഷേ സിസ്റ്റര്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമങ്ങളില്‍ ഈ സ്ഥിതി മാറ്റി. പാമ്പുകടിയേറ്റാല്‍ ആശുപത്രിയിലാണു പോകേണ്ടതെന്ന് അവര്‍ക്കറിയാം. അതുകൊണ്ടുതന്നെ അനേകരുടെ ജീവന്‍ രക്ഷപ്പെട്ടു. ഇക്കാര്യത്തിലും വ്യത്യാസം അറിയണമെങ്കില്‍ സിസ്റ്റര്‍മാര്‍ ഇല്ലാത്ത ഗ്രാമങ്ങളില്‍ ചെന്നു നോക്കണം. അവിടെ ഇപ്പോഴും പാമ്പുകടിച്ചാല്‍ മന്ത്രവാദികളെ തന്നെയാണ് ആശ്രയിക്കുക.

സിസ്റ്റര്‍ ചെല്ലുന്ന സമയത്ത് എട്ടു മക്കളുള്ള ഒരു കുടുംബം ഉണ്ടായിരുന്നു. ഭര്‍ത്താവ് മുഴുക്കുടിയന്‍. ആ ഭാര്യയെ സ്വയം സഹായ സംഘത്തില്‍ ചേര്‍ക്കാന്‍ സിസ്റ്റര്‍ കിണഞ്ഞു ശ്രമിച്ചു. മാസം അടയ്‌ക്കേണ്ട 20 രൂപ കണ്ടെത്താന്‍ ഇല്ലാത്തതിനാല്‍ അവര്‍ ചേരാന്‍ വിസമ്മതിച്ചു. നിരന്തരമായ നിര്‍ബന്ധത്തിനൊടുവില്‍ അവര്‍ സംഘത്തില്‍ ചേര്‍ന്നു. അത് അവരുടെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റം അവര്‍ക്കു സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന തലത്തിലുള്ളതാണ്. ഏഴുപേരും പെണ്‍മക്കളായിരുന്നു. ഇപ്പോള്‍, അവരുടെ എല്ലാം വിവാഹങ്ങള്‍ കഴിഞ്ഞു. മകന്‍ ഇലക്ട്രിക് റിക്ഷ തൊഴിലാളിയായി. സമാധാനമായി ജീവിക്കുന്നു. സ്വയം സഹായ സംഘത്തില്‍ ചേര്‍ന്നിരുന്നില്ലായിരുന്നെങ്കില്‍ ഇതൊരിക്കലും സാധിക്കില്ലായിരുന്നു എന്ന് ആ സ്ത്രീ സിസ്റ്ററോട് എപ്പോഴും പറയാറുണ്ട്. മുന്നോട്ടു ജീവിക്കാന്‍ വഴി കാണാതെ, ആത്മഹത്യയെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു കൊണ്ടിരിക്കെയാണ് അവര്‍ സ്വയം സഹായ സംഘത്തില്‍ ചേര്‍ന്നതും ജീവിതത്തിന്റെ ഗതി മാറിമറിഞ്ഞതും.

എം എസ് ടി അച്ചന്‍മാര്‍ ഉജ്ജൈനില്‍ വലിയ സേവനങ്ങള്‍ ചെയ്യുന്നുണ്ടെന്നു സിസ്റ്റര്‍ ദീപ്തി പറഞ്ഞു. അവരുടെ സഹകരണം സിസ്റ്ററുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിക്കുന്നു.

സിസ്റ്റര്‍ പോകുന്ന ഗ്രാമങ്ങളില്‍ ചിലതെല്ലാം ഹിന്ദുത്വ വര്‍ഗീയവാദികളുടെ ശക്തി കേന്ദ്രങ്ങളാണ്. പക്ഷേ അവരും സിസ്റ്ററോട് സഹകരിക്കുകയാണ് ചെയ്യുന്നത്. തങ്ങളുടെ വീഴ്ചയില്‍ താങ്ങിയത് സിസ്റ്റര്‍ ആണെന്നുള്ള കൃതജ്ഞതാബോധം അവരെല്ലാം ഉള്ളില്‍ സൂക്ഷിക്കുന്നു. എന്തു പ്രശ്‌നമുണ്ടെങ്കിലും അവരെ വിളിക്കാമെന്നാണ് നേതാക്കള്‍ പറഞ്ഞിട്ടുള്ളത്. സിസ്റ്ററെ കാണുമ്പോള്‍ 'ജയ് യേശു' എന്നു പറഞ്ഞ് അഭിസംബോധന ചെയ്യാനും അവര്‍ക്ക് മടിയില്ല.

രാവിലെ എട്ടുമണിക്ക് ഗ്രാമങ്ങളില്‍ പോയാല്‍ 11 മണിക്കു തിരിച്ചുവരും. വീണ്ടും രണ്ടരയ്ക്ക് പോയാല്‍ രാത്രി ഏഴും എട്ടും ആകുമ്പോഴാണ് മടങ്ങി വരിക. യാതൊരു പ്രശ്‌നവും ഉണ്ടാകാറില്ല. സമയം വൈകുകയാണെങ്കില്‍ മഠത്തില്‍ കൊണ്ടുപോയി ആക്കാനും ഗ്രാമീണര്‍ തയ്യാറാണ്.

ഒരിക്കല്‍ ഒരു ഗ്രാമത്തില്‍ വിജയ് സിംഗ് എന്ന ഒരു ചെറുപ്പക്കാരന്‍ സിസ്റ്ററോടു പറഞ്ഞു, ''നിങ്ങള്‍ ഇവിടെ മതപരിവര്‍ത്തനം നടത്താന്‍ വരുന്നവരല്ലേ, എനിക്ക് നിങ്ങളോട് സഹകരിക്കാന്‍ ആവില്ല.''

സിസ്റ്റര്‍ അവനെ നോട്ടമിട്ടു വച്ചു. അടുത്ത തവണ ഗ്രാമത്തില്‍ പോയപ്പോള്‍ അവന്റെ വീട്ടില്‍ പോകണമെന്ന് ഉറപ്പിച്ചിരുന്നു. അങ്ങനെ തന്നെ ചെയ്തു. വീട്ടില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ചകള്‍ ദയനീയമായിരുന്നു. അവന്റെ അമ്മ മാനസിക രോഗിയായി ചികിത്സയ്ക്ക് വിധേയയായി കഴിയുന്നു. അച്ഛനും ജോലിക്കു പോകാന്‍ കഴിയാത്ത ആള്‍. ഈ ചെറുപ്പക്കാരനാണ് ജോലി ചെയ്തു കുടുംബം പോറ്റികൊണ്ടിരുന്നത്. മാതാപിതാക്കളുടെ രോഗാവസ്ഥകള്‍ മൂലം അവന്‍ വിവാഹവും കഴിച്ചിരുന്നില്ല. സിസ്റ്റര്‍ അവനുമായി വീട്ടിലിരുന്ന് സംസാരിച്ചു. അവന്റെ തെറ്റിദ്ധാരണകള്‍ മാറി. ഇപ്പോള്‍ സിസ്റ്ററെ എവിടെവച്ച് കണ്ടാലും വന്ന് കാലില്‍ തൊട്ടു വന്ദിച്ചിട്ടേ അവന്‍ വര്‍ത്തമാനം ആരംഭിക്കു.

ആരേയും പേടിച്ച് മാറി നില്‍ക്കരുത് എന്നതാണ് ഇതെല്ലാം തനിക്കു നല്‍കിയ പാഠമെന്നു സിസ്റ്റര്‍ ദീപ്തി പറയുന്നു. ''കര്‍മ്മരംഗത്തേക്കു ധൈര്യമായി മുന്നിട്ടിറങ്ങുക, നമ്മള്‍ നന്മ ചെയ്യാന്‍ ആണ് വന്നതെങ്കില്‍ ആരെയും ഭയക്കേണ്ടതില്ല.'' ഇതാണ് ഇക്കാര്യത്തില്‍ സിസ്റ്റര്‍ എടുത്തിരിക്കുന്ന സമീപനം. ഇന്നല്ലെങ്കില്‍ നാളെ ഈ നന്മ ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ സിസ്റ്റര്‍ പറയുന്നു.

ക്രിസ്തുവിനെക്കുറിച്ചോ ക്രിസ്ത്യാനികളെക്കുറിച്ചോ നേരത്തെ കേട്ടുകേള്‍വി പോലുമില്ലാത്ത ഗ്രാമീണര്‍ ഇപ്പോള്‍ സിസ്റ്ററെ അഭിവാദ്യം ചെയ്യുന്നത് ജയ് യേശു എന്നു പറഞ്ഞാണ്. ഈസായികള്‍ (ക്രിസ്ത്യാനി) ആരാണെന്നും അവര്‍ക്കറിയാം, ക്രിസ്ത്യാനികളെ അവര്‍ ബഹുമാനപൂര്‍വം കാണുന്നു.

ഉജ്ജൈനില്‍, സിസ്റ്ററുടെ മഠത്തിനടുത്തായി ഒരു മെഡിക്കല്‍ കോളേജ് ഉണ്ട്. അവിടെ വിദ്യാര്‍ഥികളും ജോലിക്കാരും ആയി ധാരാളം മലയാളികള്‍ താമസിക്കുന്നു. അവരുടെ കൂടെ ജപമാല ചൊല്ലാന്‍ സിസ്റ്റര്‍ പോകുക പതിവായിരുന്നു. ഒരു ദിവസം അവിടുത്തെ സൂപ്രണ്ട് സിസ്റ്ററോട് ഇനി ഒരിക്കലും ഹോസ്പിറ്റല്‍ കോമ്പൗണ്ടിനകത്ത് കാലുകുത്തി പോകരുത് എന്ന് കല്‍പ്പിച്ചു. സിസ്റ്റര്‍ യാതൊന്നും മറുപടി പറയാതെ മടങ്ങിപ്പോന്നു, അയാളുടെ കല്‍പന പാലിക്കുകയും ചെയ്തു. പക്ഷേ ഏതാനും മാസങ്ങള്‍ക്കുശേഷം അതേ സൂപ്രണ്ട് സിസ്റ്ററെ ഫോണില്‍ വിളിച്ചു. സിസ്റ്റര്‍ക്ക് ഏതു സമയത്തു വേണമെങ്കിലും, ഈ ഹോസ്പിറ്റലില്‍ ഏത് കെട്ടിടത്തില്‍ വേണമെങ്കിലും കയറി വരാവുന്നതാണ് എന്ന് പറയാനായിരുന്നു അയാളുടെ വിളി. സിസ്റ്ററിന് യാതൊരു ദുരുദ്ദേശങ്ങളും ഇല്ല എന്ന് അയാള്‍ തിരിച്ചറിഞ്ഞതിന്റെ ഫലമായിരുന്നു ആ മാറ്റം.

നിഷ്‌കളങ്കരായ മനുഷ്യരാണ് പൊതുവേ ഈ പ്രദേശത്തെ എല്ലാവരുമെന്നു സിസ്റ്റര്‍ പറയുന്നു. പുറമെ നിന്ന് വരുന്ന ആരുടെയെങ്കിലും ദുസ്വാധീനത്തില്‍ ചിലരെല്ലാം വീണു പോയിട്ടുണ്ടാകാം എന്ന് മാത്രമേയുള്ളൂ. മിഷനറിമാര്‍ ഉദ്ദേശശുദ്ധിയുള്ളവരാണെന്നും മനുഷ്യര്‍ക്കുവേണ്ടി ജോലി ചെയ്യാന്‍ വന്നവരാണെന്നും ഉള്ളിന്റെയുള്ളില്‍ മനസ്സിലാക്കുന്നവരാണ് അവരെല്ലാം. ധൈര്യപൂര്‍വം അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാനും അവരോട് ഇടപഴകാനും തയ്യാറായാല്‍ കുഴപ്പങ്ങളൊക്കെ പരിഹരിക്കപ്പെടും എന്നാണ് ഇതുവരെയുള്ള മിഷന്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ സിസ്റ്റര്‍ പറയുന്നത്.

കാല്‍ നൂറ്റാണ്ടു കാലത്തെ സേവനത്തിനിടയില്‍ ജീവിതത്തെ അര്‍ഥപൂര്‍ണ്ണമാക്കിയ അനേകം അനുഭവങ്ങള്‍ സിസ്റ്റര്‍ ദീപ്തിക്കു സ്വന്തമായിട്ടുണ്ട്. ഒരു ടോയ്‌ലറ്റ് പോലും സ്വന്തമായി ഇല്ലാതിരുന്ന മഠത്തിന്റെ തൊട്ടടുത്തുള്ള ഗ്രാമത്തിന്റെ കഥ ഒരുദാഹരണമാണ്. എല്ലാ കുടുംബങ്ങളും പൊതുസ്ഥലങ്ങളെയാണ് ആശ്രയിച്ചിരുന്നത്. സിസ്റ്ററുടെ ശ്രമഫലമായി എല്ലാവര്‍ക്കും ടോയ്‌ലറ്റുകള്‍ പണിതു കൊടുത്തു. ഇപ്പോള്‍ ആറേഴു വര്‍ഷം കഴിഞ്ഞു. അതുണ്ടാക്കിയ മാറ്റം വളരെ വലുതാണ്. ആ ഗ്രാമീണര്‍ ഇന്നും അത് പറയുന്നു.

മിഷന്‍ പ്രവര്‍ത്തകര്‍ ചെല്ലാത്ത ഗ്രാമങ്ങളില്‍ ഇന്നും പഴയ സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നു സിസ്റ്റര്‍ പറഞ്ഞു. ഹോസ്റ്റലില്‍ നില്‍ക്കുന്ന കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ ഇതര ഗ്രാമങ്ങളിലേക്കു ചെല്ലുമ്പോഴാണ് ഇവരുടെ ഗ്രാമങ്ങളും ആ ഗ്രാമങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാകുന്നത്. ശുചിത്വ ശീലങ്ങള്‍ തീരെയില്ലാത്ത ആളുകള്‍. ഉടുക്കുന്ന സാരിയുടെ തുമ്പിലാണ് ചായ അരിക്കുക. ആ സാരി തന്നെയാണ് പാത്രം തുടയ്ക്കാനും ഉപയോഗിക്കുക. പക്ഷേ സിസ്റ്റര്‍മാരുടെ സ്വയം സഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമങ്ങളിലൊക്കെ ഇതിന് മാറ്റം വന്നു. നിരന്തരം പറഞ്ഞു പറഞ്ഞാണ് ഈ മാറ്റങ്ങള്‍ സാധ്യമായത്.

മധ്യപ്രദേശിലെ ഗ്രാമീണമേഖലയില്‍ ഇനിയും ധാരാളം സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട് എന്നാണ് ഇതിനര്‍ഥമെന്നു സിസ്റ്റര്‍ ചൂണ്ടിക്കാട്ടി. സ്വന്തം ഗ്രാമങ്ങളിലേക്ക് സിസ്റ്റര്‍മാര്‍ സേവനത്തിനു വരണമെന്നാഗ്രഹിക്കുന്ന അനേകരുണ്ട്. സിസ്റ്റര്‍മാരെ അവര്‍ ക്ഷണിക്കുകയും ചെയ്യുന്നു. സിസ്റ്റര്‍മാരുടെ പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങളനുഭവിക്കുന്ന ഗ്രാമങ്ങളിലുള്ള മനുഷ്യരുടെ ബന്ധുക്കളാണ് മറ്റു ഗ്രാമങ്ങളിലേക്ക് സിസ്റ്റര്‍മാരെ ക്ഷണിക്കുന്നത്. പക്ഷേ വേണ്ടത്ര ആളുകള്‍ ഇല്ലാത്തതു കൊണ്ട് വിളിക്കുന്നിടത്തേക്ക് എല്ലാം സിസ്‌റ്റേഴ്‌സിനു പോകാന്‍ സാധിക്കുന്നില്ല.

നമ്മള്‍ അവരോടൊപ്പ മാണെന്നും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവരെ സഹായി ക്കാനും ചെന്നവരാണെന്നും മനസ്സിലാക്കി കഴിഞ്ഞാല്‍ അവര്‍ നമ്മെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യും എന്നുള്ളതാണ് സിസ്റ്ററുടെ അനുഭവം.

ഇവിടെ സുവിശേഷപ്രഘോഷ ണവും പ്രേഷിതപ്രവര്‍ത്തനവും ഇവര്‍ക്കിടയില്‍ ക്രിസ്ത്യാനിയായി ജീവിക്കുക എന്നത് തന്നെയാ ണെന്നു സിസ്റ്റര്‍ പറഞ്ഞു. മതം മാറ്റുക, അതിന്റെ എണ്ണത്തെ ചൊല്ലി വീമ്പിളക്കുക എന്നതല്ല ഇവിടെ പ്രേഷിതപ്രവര്‍ത്തനം. ക്രിസ്തുവിനെക്കുറിച്ചോ ക്രിസ്ത്യാനികളെക്കുറിച്ചോ നേരത്തെ കേട്ടുകേള്‍വി പോലു മില്ലാത്ത ഗ്രാമീണര്‍ ഇപ്പോള്‍ സിസ്റ്ററെ അഭിവാദ്യം ചെയ്യുന്നത് ജയ് യേശു എന്നു പറഞ്ഞാണ്. ഈസായികള്‍ (ക്രിസ്ത്യാനി) ആരാണെന്നും അവര്‍ക്കറിയാം, ക്രിസ്ത്യാനികളെ അവര്‍ ബഹുമാനപൂര്‍വം കാണുന്നു. സിസ്റ്റര്‍ ബന്ധപ്പെടുന്ന 4000 കുടുംബങ്ങളും ക്രിസ്തുവിനെയും ക്രിസ്ത്യാനികളെയും ആദരപൂര്‍വം പരിഗണിക്കുന്നവരാണ്. സംഘ ങ്ങളുടെ യോഗങ്ങളില്‍ പലപ്പോഴായി സിസ്റ്റര്‍ പറഞ്ഞിട്ടുള്ള ബൈബിള്‍ വചനങ്ങളും കഥകളും അവര്‍ക്കറിയാം. അതുതന്നെയാണ് അവിടുത്തെ സുവിശേഷ പ്രഘോഷണം എന്നു സിസ്റ്റര്‍ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org