വെളിച്ചം [കോഴിക്കോട് സങ്കീര്‍ത്തന]

വെളിച്ചം [കോഴിക്കോട് സങ്കീര്‍ത്തന]
Published on

'വെളിച്ചം' ഇരുട്ടത്ത് കണ്ട ജീവിതാഖ്യായികയായിരുന്നു. കോഴിക്കോട് സങ്കീര്‍ത്തനയുടെ ഹെമന്ത് കുമാര്‍ രചിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്ത 'വെളിച്ചം' എന്ന നാടകം ഒരു സിനിമപോലെ ഓടിക്കൊണ്ടിരുന്നു. തൊണ്ണൂറുകളിലെ സങ്കേതങ്ങള്‍ ഉപയോഗിച്ച് 2024 ലെ കഥ പറയാന്‍ ശ്രമിക്കുമ്പോഴുള്ള പരിമിതികള്‍ നാടകത്തിന് സംഭവിച്ചിട്ടുണ്ട്.

മനുഷ്യര്‍ അതി സങ്കീര്‍ണ്ണമായ ജീവിതമാണ് ജീവിച്ചു തീര്‍ക്കുന്നത്. അതിലെ ഉള്ളൊഴുക്കുകളും അടരുകളും പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാന്‍ ചേരുവകളുടെ അസാമാന്യമായ സങ്കലനം കൂടിയേ തീരു. ഒരു കുടുംബത്തിനകത്തു നടക്കുന്ന പ്രണയവും പ്രതികാരവും സ്ത്രീശക്തിയെന്ന നൂലില്‍കോര്‍ത്തു സംവിധായകന്‍ 'വെളിച്ചം' എന്ന നാടകം രൂപകല്‍പ്പന ചെയ്തു.

മയക്കുമരുന്നിന്റെ ഭീകരതാണ്ഡവങ്ങളും ഏത് കാറ്റത്തും എങ്ങോട്ടും ഇളകിയാടുന്ന സോഷ്യല്‍ മീഡിയയുടെ പുതുതലമുറ ജീവിതങ്ങളില്‍ അറ്റുപോകുന്ന ബന്ധങ്ങളുടെ വേദനകളും വെളിച്ചമെന്ന നാടകത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്. സ്ത്രീയുടെ കാമ്പും കനിവും കണ്ണീരിലും പുഞ്ചിരിയിലും പാകപ്പെടുത്തിയിട്ടുള്ള ഈ നാടകം രംഗപടങ്ങള്‍കൊണ്ടും ശബ്ദ വെളിച്ച വിന്യാസം കൊണ്ടും മികവ് പുലര്‍ത്തുക തന്നെ ചെയ്യുന്നുണ്ട്.

ഒരു പോരായ്മയായി തോന്നിയത് നാടകത്തിലെ കന്നഡ ഭാഷയുടെ അതിപ്രസരവും എപ്പോഴും മാറി മാറിവരുന്ന രംഗങ്ങളുമാണ്. നാടകത്തിന്റെ ആസ്വാദനത്തെ അവ അലോസരപ്പെടുത്തി. ഇതെല്ലാം ഒഴിച്ചു നിര്‍ത്തിയാല്‍ 'വെളിച്ച'മെന്ന നാടകത്തിന് നല്ല തെളിച്ചമുണ്ടായിരുന്നു.

നാടക സമാപ്തിയില്‍ അവതരിപ്പിച്ച തെയ്യവും അതുപോലെതന്നെ കേന്ദ്ര കഥാപാത്രമായ പെണ്‍കുട്ടി അവളുടെ മാറ്റത്തിന്റെ സൂചനയായി അവളുടെ സൗന്ദര്യത്തിന്റെ അടയാളമായി അവള്‍ കരുതിയിരുന്ന തന്റെ മുടി മുറിച്ചുകളയുന്നതും, തന്റെ പ്രണയത്തിനുവേണ്ടി അവള്‍ ഉപേക്ഷിച്ച സര്‍ഗവാസനകള്‍ വീണ്ടെടുക്കുന്നതുമെല്ലാം സ്ത്രീസമൂഹത്തിന്റെ തന്നെ ഉയര്‍ത്തെഴുനേല്‍പിന്റെ സൂചനകള്‍ ആയിരുന്നു.

ഇന്നും സമകാലികമായ ഈ വിഷയത്തെ അതിന്റെ പ്രാധാന്യം ഒട്ടും ചോര്‍ന്നുപോകാതെ തന്നെ അവതരിപ്പിക്കുവാന്‍, സ്ത്രീകളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുവാന്‍ 'വെളിച്ചം' എന്ന നാടകത്തിന് സാധിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org