അക്രമം നല്‍കുന്ന അവസരം

അക്രമം നല്‍കുന്ന അവസരം
Published on
ഛത്തീസ്ഗഡില്‍ മലയാളികളായ സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും അന്യായമായി ജയിലില്‍ അടക്കപ്പെട്ടത് കേരളത്തെ ഞെട്ടിച്ചു. സഭയിലും രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും അതിന്റെ അനുരണനങ്ങളുണ്ടായി. എങ്കിലും, ഇത് ആദ്യത്തെ സംഭവമല്ല എന്ന യാഥാര്‍ഥ്യം അവശേഷിക്കുന്നു. ഇത് അവസാനത്തെ അക്രമമായിരിക്കില്ല എന്നും സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. മതവര്‍ഗീയതയും ഫാസിസവും പിടമുറുക്കിയിരിക്കുന്ന ഇന്ത്യയിലായിരിക്കും ഇനി സഭയുടെ ഭാവി എന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നു. എന്തായിരിക്കണം സഭയ്ക്ക് ഈ സാഹചര്യത്തോടുള്ള സമീപനം? ഇതു സംബന്ധിച്ചു നടത്തിയ ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെട്ട ചില ആശയങ്ങളാണ് ഇവ:
  • സിസ്റ്റര്‍ ടെസി ജേക്കബ് SSpS

മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു ക്രിസ്തുവിനോളം പഴക്കമുണ്ട്. എത്ര ചെയ്താലും തീരുന്നതും അല്ല. ഒരുകാലത്ത് ഇന്ത്യയില്‍ യൂറോപ്യന്‍ അമേരിക്കന്‍ മിഷണറിമാര്‍ ചെയ്തിരുന്ന ദൗത്യം പിന്നീട് തദ്ദേശീയര്‍ ഏറ്റെടുത്തു. അവരില്‍ കൂടുതലും കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആയിരുന്നു.

എന്നാല്‍ ഒരുകാലത്തെ മിഷന്‍ മേഖലകള്‍ ഇപ്പോള്‍ മിഷണറിമാരെ സഭയ്ക്ക് നല്‍കുകയാണ്. പ്രത്യേകിച്ച് ഒറീസ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍.

എന്തു വന്നാലും മിഷന്‍ പ്രവര്‍ത്തനത്തില്‍ നിന്നു സഭ പിന്നോട്ടില്ല എന്ന സന്ദേശം സധൈര്യം പ്രഖ്യാപിക്കാനുള്ള ഒരു അവസരം.

ദൈവവിളിയുടെ വിളനിലം ആയിക്കൊണ്ടിരിക്കുന്ന ഈ നാടുകളില്‍ അധികം കാലം, മലയാളികളുടെ അഥവാ ദക്ഷിണേന്ത്യന്‍ മിഷണറിമാരുടെ സേവനം ആവശ്യമായി വരികയില്ല. പണ്ട് യൂറോപ്യന്‍ മിഷണറിമാര്‍ ഇവിടെ വന്നിരുന്നുവെങ്കില്‍, ഇപ്പോള്‍ നാം മിഷണറിമാരെ അയക്കുന്ന നാടായി മാറിയല്ലോ. അതേ സ്ഥിതി പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വന്നു കഴിഞ്ഞിട്ടുണ്ട്.

ഈ നാടുകളില്‍ വളര്‍ന്നുവരുന്ന സഭ തങ്ങളുടെ ഇടയിലെ നിരാലംബരെ സംരക്ഷിക്കാന്‍ മുന്നോട്ട് ഇറങ്ങും എന്ന് പ്രതീക്ഷിക്കാം. ഉത്തരേന്ത്യയിലെ എസ് സി, എസ് ടി സമുദായങ്ങളില്‍ നിന്നുള്ള വൈദികരും കന്യാസ്ത്രീകളും മതപരിവര്‍ത്തനം എന്ന ആക്ഷേപത്തിനു നേരിട്ടു മറുപടി കൊടുക്കുന്ന കാലമാണു വരാനിരിക്കുന്നത്.

മറ്റൊന്ന്, ഈ കോലാഹലങ്ങള്‍ സഭയ്ക്കും മിഷണറിമാര്‍ക്കും ഒരു അവസരമായി മാറിയേക്കും എന്നുള്ളതാണ്. എന്തു വന്നാലും മിഷന്‍ പ്രവര്‍ത്തനത്തില്‍ നിന്നു സഭ പിന്നോട്ടില്ല എന്ന സന്ദേശം സധൈര്യം പ്രഖ്യാപിക്കാനുള്ള ഒരു അവസരം. ഒപ്പം, സഭയുടെ സേവനങ്ങളുടെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കുന്ന പൊതുസമൂഹവും ഗുണഭോക്താക്കളും അക്കാര്യങ്ങള്‍

ഉറക്കെ വിളിച്ചു പറയുകയും അപ്രകാരം അതു കൂടുതല്‍ പേരിലേക്കെത്തുകയും ചെയ്യുന്നു. ഇങ്ങനെയൊരു പ്രയോജനവും ഇപ്പോഴത്തെ കോലാഹലങ്ങള്‍ മൂലം ഉണ്ടായിട്ടുണ്ട് എന്നതു പറയാതിരിക്കാന്‍ വയ്യ. ഈ അവസരം ഉപയോഗപ്പെടുത്തി സഭ മുന്നോട്ടു പോകുക തന്നെ വേണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org