
അര്‍ദ്ധരാത്രി കഴിഞ്ഞ അസമയം. ഭൂമിയിലെമ്പാടുമുള്ള നിശബ്ദത മുഴുവന്‍ ആ കൊച്ചുവീട്ടിലേക്ക് ഓടിക്കയറിയതുപോലെ. വെള്ള വിരിപ്പിട്ട കട്ടിലിലെ ഉറക്കം ശരിയായില്ല, ഒട്ടേറെ നടത്തം കഴിഞ്ഞ് ക്ഷീണിച്ചിട്ടും. അല്ലെങ്കില്‍ത്തന്നെ എങ്ങനെ ഒന്നു കണ്ണടയ്ക്കാനാണ്? ജയിലിലെ പരുക്കന്‍ പലകപ്പുറത്തും, പൊട്ടിപ്പൊളിഞ്ഞ കരിങ്കല്‍ത്തറയിലും കിടന്നുറങ്ങിയവന് ഒരു വീടിന്റെ അഭയത്തിനുള്ളില്‍ സ്വസ്ഥതപ്പെടാനോ? തീന്‍മേശയില്‍ നിറഞ്ഞ രുചികരമായ ഭക്ഷണത്തില്‍ വിശപ്പടക്കാനും കഴിഞ്ഞില്ല.
മെല്ലെ അയാള്‍ എഴുന്നേറ്റു. അതിലും മെല്ലെ സൂക്ഷിച്ചു പദം വച്ച് തനിക്ക് ആതിഥ്യം അരുളിയ ആ മനുഷ്യന്റെ മുറിയിലേക്കു കയറി. അദ്ദേഹം ചെരിഞ്ഞു കിടന്ന് സുഷുപ്തിയിലാണ്. നേര്‍ത്ത കൂര്‍ക്കം വലി താളാത്മകമാകുന്നു. ആ മനുഷ്യന്റെ വെള്ളിപ്പാത്രങ്ങളാണോ ഈയുള്ളവന്‍ മോഷ്ടിക്കാന്‍ പോകുന്നത്? ശ്ശോ.. കഷ്ടം... എന്തു മഹാപാപത്തിനാണ് തലവച്ചു കൊടുക്കാന്‍ തുനിയുന്നത്?
ദൈവമഹിമ ചാര്‍ത്തിയ ആ മനുഷ്യന്‍ ഉറങ്ങിക്കഴിഞ്ഞു. അദ്ദേഹത്തെ ആകമാനം ഒന്നു വിലയിരുത്തിയപ്പോഴോ... അങ്ങകലെ വിശാലാകാശത്തെ ചന്ദ്രന്‍ ആ മുഖത്ത് പ്രത്യേകമായ പ്രകാശം സമ്മാനിച്ചതുപോലെ. ശരീരമാകമാനം മൂടിപ്പുതച്ച് രാവിലെ തണുപ്പിനെ പ്രതിരോധിച്ചുള്ള ആ കിടപ്പില്‍ എന്തൊരു നിഷ്‌ക്കളങ്കത! 'തൊട്ടപ്പുറത്ത് സന്ധ്യതീര്‍ന്നപ്പോള്‍ വന്നു കയറിയവന്‍ ഒരു കൊടുംകുറ്റവാളിയായിട്ടുപോലും അവനില്‍ ഒരു പേടിയുമില്ലേ ആ വീട്ടുകാരന്? തൊട്ടപ്പുറത്തെ മുറിയിലെ വേലക്കാരി തന്നെക്കുറിച്ചോര്‍ത്ത് പേടിക്കുന്നുണ്ടാവണം.
തലയിണയില്‍ അമര്‍ന്ന തലയും, കിടക്കയുടെ ഒരു വശത്തേക്ക് നീണ്ടു കിടക്കുന്ന ഒരു കൈയും നേര്‍ത്തുപോയ ഒരു കൂര്‍ക്കം വലിയും. കണ്ടിട്ടും കണ്ടിട്ടും മതിവരാത്തതുപോലെ ആ ആഗതന്. സംതൃപ്തി, പ്രത്യാശ, നിര്‍ഭയത ഒക്കെ ആ മുഖത്ത് സമ്മിശ്രത വിരിക്കുന്നു. ദൈവികതയുടെ വല്ലാത്ത പ്രകാശംതന്നെ. ഒന്നുകൂടി നോക്കി നിന്നിട്ട് അയാള്‍ അലമാര തുറന്ന് വെള്ളിപ്പാത്രങ്ങള്‍ എടുത്ത് ശബ്ദമുണ്ടാക്കാതെ തന്റെ മാറാപ്പിലിട്ടു.
അപ്പോഴും ആ വ്യക്തി കിടക്കയില്‍ സുഖസുഷുപ്തിയിലായിരുന്നു. യാതൊരു മനഃസാക്ഷിവ്യഥയും ഇല്ലാതെ അയാള്‍ തുറന്നു കിടക്കുന്ന വാതിലിലൂടെ പുറത്തേക്കു നടന്നു.
നേരം വെളുത്തപ്പോള്‍ എഴുന്നേറ്റ് പ്രാര്‍ത്ഥന കഴിഞ്ഞ് കുടുംബനാഥന്‍ നോക്കിയപ്പോള്‍ അതിഥി പൊയിക്കഴിഞ്ഞു. വേലക്കാരി സങ്കടവും വെപ്രാളവും നിറച്ചുവച്ച്, ബിഷപ്പിനോട് ആവലാതിയായി. അയാള്‍ പാത്രങ്ങള്‍ കവര്‍ന്നത്രേ.
ആ മനുഷ്യന്‍ അതുകേട്ട് വല്ലാതായെങ്കിലും സംയമനചിത്തനായി. പാവം മോഷ്ടാവ്. ഒരു ചെറിയ, വെറും ചെറിയ റൊട്ടി മോഷ്ടിച്ചതിന്, ഇടയ്ക്ക് തടവുചാടിയതിന് യൗവ്വനത്തിന്റെ നല്ല പങ്കും ജയിലില്‍ പീഡനങ്ങളേറ്റ ആ അതിഥിയോട് അങ്ങേര്‍ക്ക് എന്തെന്നില്ലാത്ത സഹതാപം തോന്നി. ആ മനുഷ്യസ്‌നേഹി ആ കുറ്റവാളിയെ ഓര്‍ത്ത് വിഷമിച്ചുകൊണ്ട് - 'ദയാമയനായ കര്‍ത്താവേ, ആ മനുഷ്യനോട് ക്ഷമിക്കണമേ, അയാള്‍ എന്താണ് ചെയ്തതെന്ന് അയാള്‍ക്കറിഞ്ഞു കൂടാ' എന്ന് പ്രാര്‍ത്ഥിച്ചു.
ആരാണ് ആ ആതിഥേയന്‍? വിക്ടര്‍ യൂഗോ എന്ന ഫ്രഞ്ച് നോവലിസ്റ്റ് കണ്ടെടുത്ത ബിഷപ് മോന്‍സിയോര്‍ ബയോന്‍വേന്‍. അതിഥിയോ ജീന്‍വാല്‍ ജീന്‍ എന്ന തടവുകാരനും. ആ മഹാനോവലോ - ലെസ്മിസ്‌റബിള്‍ അഥവാ പാവങ്ങള്‍ എന്നതും. ബിഷപ് ആ കള്ളനു ഭക്ഷണം ഒരുക്കിക്കൊടുക്കുമ്പോഴും, കിടക്കവിരിച്ചു കൊടുക്കുമ്പോഴും നിന്നെപ്പോലെ നിന്റെ അയല്‍ക്കാരേനയും സ്‌നേഹിക്കുക എന്ന ക്രിസ്തുവചനവും കര്‍മ്മവും ആ വീട്ടില്‍ അഭേദപ്പെടുകയായിരുന്നുവല്ലോ.
ആ ബിഷപ്പിനെ ഒന്നു കാര്യമായി വിശദീകരിച്ചാലോ? അദൃശ്യനും അരൂപിയുമായ ദൈവത്തിന്റെ ദൃശ്യതയാര്‍ന്ന രൂപം. പാവങ്ങള്‍ക്കുവേണ്ടി ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച കാരുണ്യവാരിധിയും സര്‍വ്വസംഗപരിത്യാഗിയും, കര്‍മ്മയോഗിയുമായ ആ വ്യക്തി തനിക്കു താമസിക്കാന്‍ അനുവദിച്ചുകിട്ടിയ ഏറെ മുറികളുള്ള ഒരു വമ്പന്‍ ബംഗ്ലാവ് പാവപ്പെട്ടവര്‍ക്കു നല്കിക്കൊണ്ട് ഒരു ചെറിയ വീട്ടിലേക്ക് താമസം മാറി. മെത്രാന്‍ എന്ന നിലയില്‍ ഇടവകയില്‍ നിന്നും കിട്ടിയിരുന്ന പതിനയ്യായിരം ഫ്രാങ്കില്‍നിന്ന് തന്റെ അത്യാവശ്യത്തിനു മാത്രം വേണ്ടത് എടുത്തിട്ട് ബാക്കി സാധുക്കള്‍ക്കായി കൊടുത്തിരുന്നു. ഒരിക്കല്‍ വഴി നടക്കുന്നതിനിടയില്‍ ഒരെറുമ്പിനെ ചവിട്ടാതിരിക്കാന്‍ ഒന്നു ചാടിയപ്പോള്‍... വീണു കാലിന് പരിക്കു പറ്റുകയും ചെയ്തു. കാല്‍നടയല്ലാത്തപ്പോള്‍ യാത്രയോ കഴുതപ്പുറത്തും.
അദ്ദേഹം തോട്ടത്തിലേക്ക് നടന്നു. പുറത്തു നേര്‍ത്ത മഞ്ഞ് വീഴുന്നുണ്ട്. മുന്‍വശത്തെ വഴി വിജനതയിലും വിശാലതയിലും. പൊടുന്നനെ ഒരു കാഴ്ച മുന്നില്‍. അവിശ്വസനീയതയില്‍ അവിശ്വസനീയത, അതാ, തലേ രാത്രിയിലെ അതിഥി രണ്ടു പോലീസുകാരാല്‍ ബന്ധനസ്ഥനായി മുന്നില്‍ വന്നു നില്‍ക്കുന്നു.
കുറ്റബോധത്താല്‍ തലകുനിച്ച്, തടി തളര്‍ന്നു ജീന്‍ വാല്‍ ജീന്‍ അങ്ങനെ നില്‍ക്കുകയാണ്. ഇനിയും ഇയാള്‍ തടവറയിലേക്കു പോയാലോ? പാവം...
ബിഷപ് ആ മനുഷ്യന്റെ നേര്‍ക്കു തിരിഞ്ഞു. ഏറെ അടുപ്പത്തോടെ വിളിച്ചു. സഹോദരാ... ആ വെള്ളി മെഴുകു തിരിക്കാലുകളും ഫോര്‍ക്കുകളും കൂടി തന്നതല്ലേ? എന്തേ അത് എടു ക്കാന്‍ മറന്നുപോയോ?
ഇളിഭ്യത ബാധിച്ചവരെപ്പോലെ പോലീസുകാര്‍, അവരുടെ പിടിയിലായ കുറ്റവാളിയെ മോചിപ്പിച്ചുകൊണ്ട് പിന്‍വാങ്ങി.
ബിഷപ് ഉടന്‍ അകത്തുപോയി മെഴുകുതിരിക്കാലുകളും ഫോര്‍ക്കുകളും എടുത്തുകൊണ്ടു വന്നു അതിഥിക്കു നീട്ടി.
വിറയാര്‍ന്ന കൈകളോടെ ജീന്‍ വാല്‍ ജീന്‍ അവ വാങ്ങി. ആ കണ്ണുകള്‍ നനയാന്‍ തുടങ്ങിയപ്പോള്‍ ബിഷപ് തുടര്‍ന്നു. ഈ വെള്ളിപ്പാത്രങ്ങളും, മെഴുകുതിരിക്കാലുകളും മറ്റും സഹോദരനു നല്കിയപ്പോള്‍, പകരം ആ മനസ്സിലെ ചെകുത്താനെ എടുത്തു മാറ്റി ഒരു നല്ല മനുഷ്യനെ പ്രതിഷ്ഠിക്കുകയായിരുന്നു. അതൊക്കെ കേട്ടുനില്‍ക്കാനുള്ള ശേഷിയില്ലാതെ ആ കുറ്റവാളി ബിഷപ്പിന്റെ കാല്‍ക്കല്‍ വീണു തേങ്ങിക്കരയാന്‍ തുടങ്ങി. കണ്ണീര്‍ധാരയേറ്റ് മെത്രാന്റെ പാദം നനയുകയായിരുന്നു. ബിഷപ് അയാളെ പിടിച്ചെഴുന്നേല്പിച്ചിട്ട് പറഞ്ഞു - പോയി വരൂ സഹോദരാ... മുന്നില്‍ നീണ്ടുനിവര്‍ന്നു കിടക്കുകയാണല്ലോ ഒരു ജീവിതം. നല്ലൊരു മനുഷ്യനായി കഴിഞ്ഞു കൂടുക...