'ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു'

'ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു'

ഇക്കാലഘട്ടത്തില്‍ പോലും ലോകത്തിലെ മനുഷ്യരിലേറെയും ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. ദൈവവിശ്വാസികള്‍ ആയിരിക്കുമ്പോഴും ക്രിസ്തുവിന്റെ ഉയിര്‍പ്പില്‍ വിശ്വസിക്കാന്‍ ക്രൈസ്തവരില്‍ ചിലരെങ്കിലും വൈമുഖ്യം കാട്ടാറുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. ഒന്നാമതായി, ക്രൈസ്തവ പ്രബോധനമനുസരിച്ച് വിശ്വാസം എന്നത് അന്ധമല്ല. ചരിത്രത്തിലെ അനുഭവങ്ങള്‍, ദൈവദത്തമായി ലഭിച്ച നമ്മുടെ യുക്തി എന്നിവയിന്മേല്‍ ഊന്നി നിന്നുകൊണ്ടാണ് പ്രത്യാശയിലേക്ക് നാം വിശ്വാസത്തിന്റെ എടുത്തുചാട്ടം നടത്തേണ്ടത്. ക്രൈസ്തവവിശ്വാസത്തിന്റെ മൂലക്കല്ലാണ് ക്രിസ്തുവിന്റെ ഉയിര്‍പ്പ്. 'ഈശോമിശിഹാ' എന്നോ 'യേശുക്രിസ്തു' എന്നോ നാം പറയുമ്പോള്‍ അതില്‍ 'യേശു' ചരിത്രമാണ്; 'ക്രിസ്തു' വിശ്വാസവും. യേശുവില്‍നിന്ന് 'ക്രിസ്തു'വിലേക്ക് നമ്മെ എത്തിക്കുന്നത് എന്താണ്? യേശുവിന്റെ ജീവിതസാക്ഷ്യവും പ്രബോധനങ്ങളും പ്രവചനങ്ങളും വാഗ്ദാനങ്ങളും, ഉത്ഥാനവും ശിഷ്ടചരിത്രവുമാണത്.

എന്തായിരുന്നു അവന്റെ ജീവിതസാക്ഷ്യം? താന്‍ പിതാവില്‍ നിന്നു വന്നു. പിതാവില്‍ കണ്ടതും പിതാവില്‍ നിന്ന് കേട്ടതുമേ പുത്രന്‍ ആവിഷ്‌ക്കരിക്കൂ. സത്യത്തിന്, നീതിക്ക്, ധര്‍മ്മത്തിന്, സമൂഹത്തിലെ ഏറ്റവും അവസാനത്തെ ആളിലൂടെ ലോകമാകേക്കും അവന്‍ സ്‌നേഹശുശ്രൂഷ ചെയ്തു. അതിനുവേണ്ടി സ്വയം ഇല്ലാതാകുവാനും അവന്‍ മടിച്ചില്ല.

എന്തായിരുന്നു അവന്റെ പ്രബോധനം? ദുഷ്ടരും ശിഷ്ടരുമായ എല്ലാവരെയും പിതാവ് സ്‌നേഹിക്കുന്നു; കാക്കുന്നു; പരിപാലിക്കുന്നു; അപരാധങ്ങള്‍ പൊറുക്കുന്നു; തന്റെ ചങ്കുപോലും അവന്‍ പറിച്ചു നല്കുന്നു. നിങ്ങളും നിങ്ങളുടെ പിതാവിനെ പോലെതന്നെ ആകണം. ഉള്ളതായാലും ഉള്ളമായാലും പിടിച്ചുവയ്ക്കുന്ന, കൂട്ടിവയ്ക്കുന്ന, പൂട്ടിവയ്ക്കുന്ന ആള്‍ ദൈവത്തില്‍ നിന്ന് സ്വയം ബഹിഷ്‌ക്കരിക്കുകയാണ്. തിന്മയുടെ നാളുകള്‍ ഇതാ കഴിയുകയാണ്. ഇതാ ദൈവഭരണം തന്നിലൂടെ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങളും അതിനായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. ഭയപ്പെടരുത്. ശരീരത്തിന്റെ മരണം സ്ഥായിയല്ല. ദൈവത്തെപ്രതി, സ്‌നേഹത്തെപ്രതിയുള്ള ശരീരത്തിന്റെ മരണമാണ് സത്യത്തില്‍ ജീവന്റെ ആധാരവും അച്ചാരവും പൂര്‍ണ്ണതയും.

എന്തായിരുന്നു അവന്റെ പ്രവചനങ്ങള്‍? ഉത്ഥാനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സത്യത്തില്‍ അവന്റെ പ്രവചനങ്ങളാണ് എന്നെ മഥിക്കുന്നത്. തന്നെക്കുറിച്ചു തന്നെയായിരുന്നു അവന്റെ പ്രവചനങ്ങള്‍ ഏറെയും. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ 8:33, 9:32, 10:33 ഒക്കെ തുടര്‍ച്ചയായ പ്രവചനങ്ങളാണ് കാണാനാവുക. ഓരോ തവണയും കൂടുതല്‍ കൂടുതല്‍ വ്യക്തതയോടെ! എന്താണവന്‍ പറയുന്നത്? താന്‍ തിരസ്‌കൃതനാകും, കൊല്ലപ്പെടും. പക്ഷേ മൂന്നാം ദിവസം താന്‍ ഉയിര്‍ക്കും.

തന്റെ മണിക്കൂര്‍ അടുത്തെത്തി എന്ന് തിരിച്ചറിയുമ്പോള്‍ അവന്‍ പറയുന്നത് എന്താണെന്നു നോക്കൂ: ഗോതമ്പുമണിക്ക് രണ്ട് സാധ്യതകള്‍ ഉണ്ട്. ഭൂമിയില്‍ വീണ് തന്നില്‍ത്തന്നെ മരിക്കാം. അല്ലെങ്കില്‍ തനിയേ ഇരിക്കാം. ഇതില്‍ തനിയേ ഇരിക്കുന്നതാണ് നഷ്ടജന്മം. തന്നെ നോക്കൂ. താന്‍ തന്നെത്തന്നെ വയലിലെറിയും; മൂന്നാം നാള്‍ മുളച്ചുപൊന്തും. അങ്ങനെ വലിയ ഫലം പുറപ്പെടുവിക്കും. അവന്‍ വീണ്ടും സൂചിപ്പിക്കുന്നത് തന്റെ ഉത്ഥാനത്തെക്കുറിച്ചാണ്.

ദേവാലയത്തിലെ ക്രയവിക്രയങ്ങള്‍ അവന്‍ അലങ്കോലപ്പെടുത്തുന്നുണ്ട്. അപ്പോള്‍ യഹൂദ നേതൃത്വം അവനോട് ചോദിക്കും: 'ഇതു ചെയ്യാന്‍ അധികാരം ഉണ്ടെന്നതിന് എന്തടയാളമാണ് നീ കാട്ടുക?' അപ്പോള്‍ അവന്‍ പറയും. 'നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക. മൂന്നു ദിവസം കൊണ്ട് ഞാനത് പുനരുദ്ധരിക്കും.' അപ്പോഴും അവന് പറയാനുള്ള അടയാളം തന്റെ പുനരുത്ഥാനമാണ്.

'നീ ദൈവത്തില്‍ നിന്നാണ് എന്നതിന് എന്തടയാളമാണ് നീ ഞങ്ങളെ കാട്ടുക?' എന്നു ചോദിക്കുമ്പോഴും അവന്‍ പറയും: 'യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്കപ്പെടുകയില്ല.' മരണത്തിലേക്ക് എടുത്തെറിയപ്പെട്ട യോനായെ മത്സ്യം വിഴുങ്ങി. എന്നാല്‍, മൂന്നാം നാള്‍ ജീവന്റെ തീരത്തേക്ക് മത്സ്യം അവനെ ഛര്‍ദിച്ചു. അപ്പോഴും തന്റെ മരണത്തെയും ഉത്ഥാനത്തെയും കുറിച്ചുതന്നെ.

ഇങ്ങനെ തുടര്‍ച്ചയായി യേശു പറയുന്ന പ്രവചനവും നല്കുന്ന അടയാളവും പുനരുത്ഥാനത്തെക്കുറിച്ചാണ്. അതായത്, പുനരുത്ഥാനം ഇല്ലെങ്കില്‍, കുറേ നന്മ ചെയ്ത്, കുറേ സ്‌നേഹത്തിന്റെ പ്രബോധനങ്ങള്‍ നല്കി, കുറേ മനുഷ്യര്‍ക്ക് വലിയ പ്രതീക്ഷകള്‍ സമ്മാനിച്ച് കടന്നുപോയ വിടുവായനായ യേശുവേ ഉള്ളൂ. ക്രിസ്തു ഇല്ല.

ഒരു സുപ്രഭാതത്തില്‍ ആരെങ്കിലും പറഞ്ഞുണ്ടാക്കിയതോ എഴുതിയുണ്ടാക്കിയതോ അല്ല 'ക്രിസ്തു' എന്നത്. യഹൂദ ജനതയുടെ പുരാതനമായ വിശ്വാസവും പ്രതീക്ഷയുമായിരുന്നു 'ക്രിസ്തു.' ദൈവത്തിന്റെ പരിശുദ്ധന്‍; ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവന്‍; ദൈവത്തിന്റെ അഭിഷിക്തന്‍; ഇസ്രായേലിന്റെ മിശിഹാ എന്നെല്ലാമാണ് അവനെക്കുറിച്ച് പറയപ്പെട്ടിരുന്നത്. തങ്ങള്‍ പ്രതീക്ഷിച്ചിരുന്നവന്‍ ആണോ ഇവന്‍, എന്ന് ജീവിച്ചിരിക്കേത്തന്നെ അനേകര്‍ യേശുവിനെക്കുറിച്ച് സംശയിക്കുന്നുണ്ട്. അവനാണ് ഇവന്‍ എന്ന് ചിലരെങ്കിലും വിശ്വസിക്കുന്നുമുണ്ട്.

യേശുവിന്റെ മുഖ്യ വാഗ്ദാനം പരിശുദ്ധാത്മാവ് ആയിരുന്നു. ഉത്ഥാനത്തിന്റെ അച്ചാരമാണ് ക്രിസ്തുവിന്റെ ആത്മാവ്. ആത്മാവാണ് സാക്ഷ്യം നല്കുന്നവന്‍. പന്തക്കുസ്ത നാളില്‍ പരിശുദ്ധാത്മാവ് അവരില്‍ പറന്നിറങ്ങുക തന്നെ ചെയ്തു.

ഇനി, എന്താണ് ശിഷ്ട ചരിത്രം? ജീവിതം പൂര്‍ണ്ണമായും തകര്‍ന്നുപോയ പതിനൊന്നു പേരും കുറേ സ്ത്രീകളും! മൂന്നാം നാള്‍ അവരുടെ ജീവിതത്തിലേക്ക് വെളിച്ചം കടന്നുവരുന്നുണ്ട്. അവര്‍ അവനെ കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്, സ്പര്‍ശിക്കുന്നുണ്ട്, അനുഭവിക്കുന്നുണ്ട്. പക്ഷേ, അതൊന്നും അവരെ ഗ്രസിക്കുന്നില്ല. അവര്‍ നടക്കുന്നുണ്ട്, സംസാരിക്കുന്നുണ്ട്, ചര്‍ച്ച ചെയ്യുന്നുണ്ട്, ഭക്ഷിക്കുന്നുണ്ട്, തോണിയിറക്കുന്നുണ്ട്. പക്ഷേ, ഏതോ മായക്കാഴ്ചകളിലെന്നപോലെയാണ് അവരുടെ ബോധമണ്ഡലം. ദൈവാത്മാവിന്റെ വരവോടെയാണ് അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. പിന്നീടവര്‍ തീ പോലെ ജ്വലിക്കുകയാണ്, കൊടുങ്കാറ്റ് പോലെ പായുകയാണ്. പന്തക്കുസ്താ ദിനത്തിലെ പത്രോസിന്റെ കന്നി പ്രസംഗം മുതല്‍ ഒറ്റക്കാര്യമാണ് അവര്‍ക്ക് പിന്നെ പറയാനുള്ളത്. 'നിങ്ങള്‍ അവനെ കൊന്നു. ദൈവം അവനെ ഉയിര്‍പ്പിച്ചു. ഞങ്ങളതിന് സാക്ഷികളാണ്. കൊല്ലപ്പെട്ടവന്‍ ഉയിര്‍പ്പിക്കപ്പെട്ട് മരണമില്ലാത്തവനായി ജീവിക്കുന്നതിനാല്‍ അവന്‍ ക്രിസ്തുവാണ് എന്ന് ഞങ്ങള്‍ പ്രഘോഷിക്കുന്നു.' തന്റെ കന്നി പ്രസംഗത്തില്‍ മൂന്നുതവണയാണ് 'ദൈവം അവനെ ഉയിര്‍പ്പിച്ചു' എന്ന് പത്രോസ് ആവര്‍ത്തിക്കുന്നത്. പതിനൊന്നുപേരും സ്‌തേഫാനോസും പിന്നെ ഏതോ വഴിക്ക് പോയ സാവൂളും മര്‍ക്കോസും ബര്‍ണബാസും എപ്പഫ്രാസും സീലാസും ലൂക്കായും തിമോത്തിയോസും, പിന്നാലെ ശതങ്ങളും സഹസ്രങ്ങളും ജീവന്‍ ബലികൊടുത്തത് യേശു എന്ന ഒരു നല്ല മനുഷ്യനെ പ്രതിയായിരുന്നില്ല; കൊല്ലപ്പെട്ട യേശു ഉയിര്‍പ്പിക്കപ്പെട്ടു. അങ്ങനെ അവന്‍ ക്രിസ്തുവായിരുന്നു എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു, എന്ന് പ്രസംഗിച്ച്, അതനുസരിച്ച് ജീവിച്ചതുകൊണ്ടായിരുന്നു. സ്വര്‍ഗവുമായി ബന്ധം വരുമ്പോഴാണല്ലോ അതൊരു പുതിയ ആത്മീയ ധാരയാകുന്നത്!

പിതാവുമായി സത്തയില്‍ ഏകനായ പുത്രസ്ഥാനത്തുള്ള ദൈവം തന്നെയാണ് ക്രിസ്തു. സൃഷ്ടി മുഴുവനും അവനിലൂടെയാണ് നിര്‍വഹിക്കപ്പെട്ടതെന്നും സൃഷ്ടപ്രപഞ്ചം ഒന്നാകെ അവനില്‍ സമന്വയിക്കപ്പെട്ടിരിക്കുന്നു എന്നുമാണ് ക്രിസ്തുവിനെക്കുറിച്ചുള്ള ക്രൈസ്തവ ബോധ്യം. ആ ക്രിസ്തുബോധ്യത്തിലേക്ക് നമ്മെ എത്തിക്കുന്നത് തന്റെ ജീവിതകാലത്ത് യേശു പേര്‍ത്തും പേര്‍ത്തും മുന്നറിയിച്ചുകൊണ്ടിരുന്ന, കൊല്ലപ്പെട്ടതിനു ശേഷമുള്ള തന്റെ പുനരുത്ഥാനമാണ്.

ദൈവത്തിന്റെ ഏകജാതനാണ് ക്രിസ്തു. അവന്‍ സൃഷ്ടിയുടെ ശിരസ്സാണ്. പാപത്താല്‍ ദൈവബന്ധത്തില്‍ നിന്ന് വിഛേദിക്കപ്പെട്ട സൃഷ്ടിയിലേക്ക് മാംസമായി സന്നിവേശിച്ച് സൃഷ്ടിയുമായി ഒരു ശരീരമായിത്തീരുകയാണ് അവന്‍ ചെയ്തത്. അങ്ങനെ, പ്രപഞ്ചം ഒരു ശിശുവിനെയെന്നപോലെ ദൈവത്തിലേക്ക് സൃഷ്ടിയെ പ്രസവിക്കുകയാണ്. ക്രിസ്തുവിന്റെ ഉത്ഥാനത്തോടെ സൃഷ്ടിയുടെ ശിരസ്സ് മാത്രമേ മരണത്തിന്റെ ഗുഹാകവാടം കടന്ന് നിത്യമായ ജീവനിലേക്ക് പ്രവേശിച്ചിട്ടുള്ളൂ. ശിരസ്സ് അവിടേക്ക് കടന്ന സ്ഥിതിക്ക് ഉടലും പിന്നാലെതന്നെയെത്തും. വെറുതെയല്ല പൗലോസ് എഴുതുന്നത്: 'ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗവും നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥമാണ് ' എന്ന്!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org