സത്യത്തിന്റെ ജാഗ്രതയുള്ള കാവല്‍ക്കാരന്‍

സത്യത്തിന്റെ ജാഗ്രതയുള്ള കാവല്‍ക്കാരന്‍
ആത്യന്തികമായി ക്രിസ്തു കേന്ദ്രീ കൃതനായിരുന്നു ബെനഡിക്ട് പാപ്പ. സത്യം അദ്ദേഹത്തിന് ക്രിസ്തുവാ യിരുന്നു. ആ തനിമ നഷ്ടപ്പെടുത്തി കൊണ്ടുള്ള ഒരു സംവാദവും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നില്ല.

കഴിഞ്ഞ നൂറു വര്‍ഷത്തെ സഭയുടെ ചരിത്രത്തില്‍ ഭാവാത്മകമായ ഫലങ്ങളുളവാക്കിയിട്ടുള്ള വ്യക്തികളെ തിരയുമ്പോള്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ ഒഴിവാക്കുക അസാധ്യമാണ്. ഒരു പക്ഷേ ഇനിയൊരു 100 വര്‍ഷം കഴിഞ്ഞാലും അത് അങ്ങനെതന്നെയായിരിക്കും!

സഭയുടെ ഉറവിടങ്ങളിലേക്ക് സഞ്ചരിച്ചും മറ്റു ചിലപ്പോള്‍ പാരമ്പര്യങ്ങളെ തകിടം മറിച്ചും വേറെ ചിലപ്പോള്‍ പുരോഗമന ദൈവശാസ്ത്രത്തിന്റെ തിരുവസ്ത്രങ്ങള്‍ അണിഞ്ഞും നമ്മള്‍ അദ്ദേഹത്തെ കാണുന്നു. വിശ്വാസപരിരക്ഷണ നാള്‍വഴികളില്‍ സെക്കുലര്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ ഗ്രാന്‍ഡ് ഇന്‍ക്വിസിറ്റര്‍ എന്നും പാന്‍സര്‍ കര്‍ദിനാള്‍ എന്നും എന്‍ഫോഴ്‌സര്‍ ഓഫ് ഫെയ്ത്ത് എന്നും റോട്ട് വൈലര്‍ ഓഫ് ഗോഡ് എന്നും ഒക്കെ വിളിപ്പേരിട്ടു. ദൈവം സ്‌നേഹമാണ് (Deus Caritas est) എന്നും സത്യത്തില്‍ ആണ് സ്‌നേഹം (Caritas in Veritate) എന്നും അദ്ദേഹം കുറിച്ചപ്പോള്‍ അതേ മാധ്യമങ്ങള്‍ തന്നെ അമ്പരന്നു. നീതിയും കരുണയും നിറഞ്ഞ ദൈവത്തിന്റെ ഭൂമിയിലെ പ്രതിപുരുഷനെ അയാളില്‍ ഏവരും കണ്ടു.

പോപ്പ് ബെനഡിക്ട് സത്യത്തിന്റെ ജാഗ്രതയുള്ള കാവല്‍ക്കാരന്‍

ലോകമഹായുദ്ധത്തിന്റെ കഠിനതകള്‍, നാസി ഭരണകൂട ഭീകരതയുടെ യാതനകള്‍, മിലിട്ടറി പരിശീലനത്തിന്റെ കാര്‍ക്കശ്യങ്ങള്‍, പിയാനോ ഈണങ്ങളോടുള്ള പ്രണയം, ദൈവശാസ്ത്രത്തെയും സഭാ പിതാക്കന്മാരെയും ബൈബിളിനേയും ഇഴചേര്‍ത്ത് കെട്ടിയ ധിഷണാവൈഭവം, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഡോക്യുമെന്റുകളുടെ ദിശ നിശ്ചയിച്ച ദീര്‍ഘ വീക്ഷണം, 'കൊണ്‍ചിലിയും' 'കമ്മ്യൂണിയോ' ജേണലുകളുടെ താളുകളില്‍ ഇതള്‍ വിരിഞ്ഞ വിശ്വാസസമര്‍ത്ഥനങ്ങള്‍, വിശ്വാസ സംഘത്തിന്റെ തലവനായുള്ള നിതാന്തജാഗ്രത, സഭയെ അടിമുടി ഉലച്ച പ്രത്യയശാസ്ത്രങ്ങളുമായുള്ള നിരന്തര സംവാദം, 65-ഓളം പുസ്തകങ്ങള്‍, 3 ചാക്രിക ലേഖനങ്ങള്‍, എണ്ണമറ്റ പ്രബന്ധങ്ങള്‍, പ്രസംഗങ്ങള്‍ എന്നിവയിലൂടെ വിരിഞ്ഞ സഭാദര്‍ശനം, പത്രോസിന്റെ 265-ാമത്തെ പിന്‍ഗാമി, പിന്നീട് 600 വര്‍ഷത്തെ പാരമ്പര്യം മറി കടന്നുള്ള സ്ഥാനത്യാഗം, എല്ലാത്തിലുമുപരി ഏവരെയും അമ്പരപ്പിച്ച് സമ്പൂര്‍ണ്ണനിശ്ശബ്ദതയില്‍ പിന്നീട് ഒമ്പതു വര്‍ഷം, ഒടുവില്‍ സൗമ്യനായി പിതാവിന്റെ ഭവനത്തിലേക്ക്...

36 വയസ്സില്‍ തന്നെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഡോക്യുമെന്റുകളുടെ രൂപവല്‍ക്കരണത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കത്തോലിക്കാ ലോകത്തില്‍ ഉളവാക്കിയ ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് പിന്നീടുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍ രൂപപ്പെട്ടത്. വത്തിക്കാന്‍ കൗണ്‍സിലിലും അതിനുമുന്‍പും പുരോഗമന ചിന്താസരണിയില്‍ ആയിരുന്നു അദ്ദേഹം. കൗണ്‍സില്‍ നവീകരണങ്ങളുടെ പ്രയോഗത്തില്‍ വന്നു ഭവിച്ച വീഴ്ചകളുടെ പശ്ചാത്തലത്തില്‍ യാഥാസ്ഥിക ശൈലിയില്‍ ഇദ്ദേഹം വിമര്‍ശന പാതയില്‍ എത്തി. പ്രധാനമായും കൗണ്‍സില്‍ ഡോക്യുമെന്റുകളുടെ വ്യാഖ്യാനങ്ങളായിട്ടാണ് അദ്ദേഹത്തിന്റെ ചിന്തകള്‍ പിന്നീട് പുറത്തുവന്നത്.

കൗണ്‍സില്‍ അദ്ദേഹത്തിനെയാണോ അദ്ദേഹം കൗണ്‍സിലിനെയാണോ സ്വാധീനിച്ചത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ അത്രമേല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലുമായി ബന്ധപ്പെട്ടു കിടക്കുന്നു അദ്ദേഹത്തിന്റെ പഠനങ്ങള്‍.

നവീകരണം അതില്‍ വളരെ പ്രധാനപ്പെട്ട വിഷയം ആണ്.

സഭയുടെ ഉറവിടങ്ങളുമായി ബന്ധമില്ലാത്ത നവീകരണങ്ങളെ ഒഴിവാക്കാനാണ് അദ്ദേഹം പ്രധാനമായും ആഗ്രഹിച്ചത്. Hermeneutics of continutiy, and Hermeneutics of rupture എന്നിവ ഇതേ തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ സംഭാവനകളാണ്.

ക്രിസ്തു വിജ്ഞാനിയം, സഭാ വിജ്ഞാനീയം, നരവംശ ശാസ്ത്രം, ബൈബിള്‍, തത്വചിന്ത, യൂറോപ്യന്‍ ചരിത്രവും സംസ്‌കാരവും രാഷ്ട്രീയവും ഒക്കെ അദ്ദേഹത്തിന്റെ പഠന വിഷയങ്ങളായി.

ആരാധനക്രമ നവീകരണം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സം ഭാവനയില്‍പ്പെടുന്ന ഒന്നാണ്. ഉറവിടങ്ങളിലേക്ക് സഞ്ചരിച്ചിരുന്ന ചിന്താസരണി ആയിരുന്നു അദ്ദേഹത്തിന്റേത്.

ആരാധനക്രമം മനുഷ്യ കേന്ദ്രീകൃതമാകാതെ ക്രിസ്തുകേന്ദ്രീകൃതം ആകണം എന്ന് ആഗ്രഹിച്ചിരുന്ന ഒരാള്‍.

ക്രിസ്തുകേന്ദ്രീകൃത ചൈതന്യത്തില്‍ വിശ്വാസം പുതുക്കിപ്പണിയാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ആരാധനാക്രമം അതില്‍ വലിയ പങ്കുവഹിക്കുന്നു എന്നും അദ്ദേഹം വിശ്വസിച്ചു.

വിശ്വാസം ജീവിക്കാനും പ്രഘോഷിക്കാനും പ്രയാസം വരുന്ന സാഹചര്യം ഉണ്ടായാല്‍ ഒരു വിശ്വാസിയുടെ രാഷ്ട്ര-പൊതു നന്മയിലേക്കുള്ള സംഭാവനയെപ്പോലും അത് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞുവച്ചു.

നിയോതോമിസ്റ്റിക് രീതിശാസ്ത്രങ്ങള്‍ കളം നിറഞ്ഞ് ഊഷരമായിരുന്ന ദൈവശാസ്ത്ര പഠനങ്ങളുടെ ഭൂമികയെ സഭാപിതാക്കന്മാരുടെ പഠനങ്ങളുടെയും ബൈബിളിന്റെയും പശ്ചാത്തലത്തില്‍ പുനര്‍നിര്‍മ്മിച്ചതില്‍ റാറ്റ്‌സിംഗര്‍ എന്ന കുറിയ മനുഷ്യന് വലിയ പങ്കുണ്ടായിരുന്നു.

പ്രൊട്ടസ്റ്റന്റ് വെല്ലുവിളികള്‍ നേരിടാന്‍ അത് നല്‍കിയ ആത്മീയ ഉണര്‍വ് ചെറുതായിരുന്നില്ല .

വിശുദ്ധ അഗസ്റ്റിനെയും വിശുദ്ധ ബൊനവെഞ്ചറിനെയും ആഴത്തില്‍ പഠിച്ച അദ്ദേഹത്തിന് അവരെ അനുഗമിക്കാതിരിക്കാന്‍ ആവില്ലായിരുന്നൂ. ഒരിജന്‍, അഗസ്റ്റിനും ക്രിസോസ്‌തോമും അംബ്രോസും ജെറോമും ഒക്കെ അദ്ദേഹത്തിന്റെ ദൈവശാസ്ത്രങ്ങളില്‍ നിറഞ്ഞു.

നിരവധി പ്രത്യയശാസ്ത്രങ്ങളോടും ആധുനിക സമൂഹത്തില്‍ രൂപപ്പെടുന്ന ധാര്‍മ്മിക സാംസ്‌കാരിക പ്രശ്‌നങ്ങളോടും നിരന്തരം സംവദിക്കേണ്ടി വന്നു അദ്ദേഹത്തിന്.

അദ്ദേഹത്തിന്റെ പഠനങ്ങളുടെ തനിമ നിശ്ചയിച്ചത് ഇത്തരം സമസ്യകള്‍ ആയിരുന്നു എന്ന് പറയാം. അവയോട് സംസാരിക്കാന്‍ വിശ്വാസവും യുക്തിയും ഒത്തു ചേരുന്ന ദൈവശാസ്ത്ര ഭാഷ രൂപപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു വിജയം.

അതിന്റെ പൂര്‍ത്തീകരണമാണ് ജര്‍മ്മനിയിലെ റേഗന്‍സ്ബുര്‍ഗില്‍ (2006 സെപ്തം. 12) അദ്ദേഹം ചെയ്ത പ്രസംഗം. 2004-ല്‍ നിരീശ്വരവാദിയും പ്രസിദ്ധ തത്വചിന്തകനുമായ യൂര്‍ഗന്‍ ഹാബര്‍മാസുമായി അദ്ദേഹം നടത്തിയ സംവാദവും ആധുനിക സാംസ്‌കാരിക ലോകവുമായി സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യത്തെ സൂചിപ്പിക്കുന്നു.

ഗ്രീക്ക് തത്വചിന്തയില്‍ നിന്നുള്ള ലോഗോസിനെ യേശുവിലേക്ക് അദ്ദേഹം പരിഭാഷപ്പെടുത്തി. യേശു അദ്ദേഹത്തിന് സര്‍വതിനും അടിസ്ഥാനമായ ശക്തിയും സ്രോതസ്സുമായി.

സൃഷ്ടിക്കപ്പെട്ടതെല്ലാം യുക്തിയില്‍ നിന്നും എന്ന് അദ്ദേഹം പറഞ്ഞുവച്ചു, ഒപ്പം യുക്തിഭദ്രമായതെല്ലാം യേശുവിനോട് ചേര്‍ന്നുനില്‍ക്കുന്നുവെന്നും. ആധുനിക ശാസ്ത്രമോ വൈദ്യമോ, മനഃശാസ്ത്രമോ, തത്വശാസ്ത്രമൊ, കലകളോ സംസ്‌കാരങ്ങളോ എന്തുമാകട്ടെ, യുക്തിഭദ്രം ആണെങ്കില്‍ അത് യേശുവിനോട് ചേരുന്നു (logos). എല്ലാവരും ഈ യുക്തിയില്‍നിന്ന് ഉളവായതിനാല്‍, യുക്തിക്ക് എല്ലവരെയും ക്രിയാത്മകമായി ഒന്നിപ്പിക്കാന്‍ സാധിക്കും എന്നും അദ്ദേഹം വിശ്വസിച്ചു. 'യുക്തിക്ക് അനുസൃതമായി പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ ദൈവത്തിന്റെ പ്രകൃതിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ്'എന്ന് വരെ അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. (Regensburg - 2006 സെപ്തം. 12).

അദ്ദേഹം ഏറ്റവും കൂടുതല്‍ ജാഗ്രതയോടെ അകലം പാലിച്ചത് ആപേക്ഷികതയുടെ സര്‍വാധിപത്യത്തോടാണ് (dictatorship of relativism). എല്ലാത്തിനെയും ആപേക്ഷികമായി കണ്ട്, വ്യക്തിയധിഷ്ഠിത ഇഷ്ടങ്ങള്‍ പരമമായ മാനദണ്ഡമായി കാണുന്ന ആപേക്ഷിക സംസ്‌കാര ശൈലിയോടാണ് (relativism).

ആത്യന്തിക സത്യങ്ങളെ പൂര്‍ണ്ണമായും തമസ്‌കരിക്കുന്ന ഇത്തരം ശൈലി യഥാര്‍ത്ഥത്തില്‍ പ്രചരിപ്പിക്കുന്നത് മനുഷ്യന്റെ ഇച്ഛാ കേന്ദ്രീകൃത സമീപനമാണ് (will centered approch). എന്റെ ഇച്ഛയ്ക്ക് അപ്പുറം ഒരു സത്യം ഇല്ല എന്ന ഹുങ്ക്. ഈ സ്വേച്ഛ ശൈലി (Voluntarism) രാഷ്ട്രീയത്തിലേക്കും സംസ്‌കാരത്തിലേക്കും കടന്നുവരുമ്പോള്‍ അതിന്റെ യാത്ര ഹിംസയിലേക്കും ഭീകരതയിലേക്കും ആണ്. ജീവനോ സംസ്‌കാരത്തിനോ നിലനില്‍പ്പില്ലാത്ത ഇടം ആകും അത് എന്ന് അദ്ദേഹം ഭയപ്പെട്ടു. അതുകൊണ്ട് എല്ലാ സം സ്‌കാരങ്ങളോടും മതങ്ങളോടുംയുക്തി കേന്ദ്രീകൃത സമീപനങ്ങള്‍ സ്വീകരിക്കാനാണ് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നത്.

ക്രിസ്തീയതയെ യുക്തി കേന്ദ്രീകൃത മതമായിട്ടാണ് അദ്ദേഹം കാണുന്നത് (logos centerd religion). ആത്യന്തികമായി ക്രിസ്തു കേന്ദ്രീകൃതനായിരുന്നു ബെനഡിക്ട് പാപ്പ. സത്യം അദ്ദേഹത്തിന് ക്രിസ്തുവായിരുന്നു. ആ തനിമ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഒരു സംവാദവും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നില്ല.

'ക്രിസ്ത്യാനി ആയിരിക്കുക എന്നാല്‍ ഒരു ധാര്‍മ്മിക തിരഞ്ഞെടുപ്പു നടത്തുക എന്നതോ ഒരു ആശയ സംഹിത ഏറ്റെടുക്കുക എന്നതോ ആയിരുന്നില്ല അദ്ദേഹത്തിന്. പകരം ജീവിതത്തിന് ദിശാബോധവും പുതിയ ചക്രവാളവും നല്‍കുന്ന യേശു എന്ന വ്യക്തിയുമായുള്ള കൂടിക്കാഴ്ചയുടെ മഹാ സംഭവമായിരുന്നു.

ക്രിസ്തുവിനെ കണ്ടുമുട്ടിയതിന്റെ വെട്ടം ഇവിടെ ബാക്കി നിര്‍ത്തി അദ്ദേഹം യാത്ര പോവുകയാണ്. ഇനിയും ഒരുപാട് ഒരുപാട് പേര്‍ ഈ വെട്ടത്തില്‍ സഞ്ചരിക്കും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org