സത്യാനേഷണം സുവിശേഷത്തില്‍

സത്യാനേഷണം സുവിശേഷത്തില്‍
പ്രസിദ്ധ ഫ്രഞ്ച് ബൈബിള്‍ പണ്ഡിതനായ ജെസ്യൂട്ട് വൈദികന്‍ ജീന്‍ നോയല്‍ ആലത്തി സത്യാന്വേഷണത്തിലെ (process of veridiction) രണ്ട് ഘടകങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട് - ആയിരിക്കുന്നതും (being), കാണപ്പെടുന്നതും (appearence). വി. ഗ്രന്ഥത്തിലെ കഥകളേയും (ഉപമകളേയും), സംഭവങ്ങളേയും, വ്യക്തികളേയും ഈ രണ്ട് ഘടകങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്താന്‍ സാധിക്കും. ഒരു കാര്യം/വ്യക്തി സത്യം (true) ആകുന്നത്, ആയിരിക്കുന്ന അവസ്ഥയും (being), പുറത്ത് കാണിക്കുന്നതും (appearence) ഒരേ പോലെയാകുമ്പോഴാണ്. തെറ്റായി (false) മാറുന്നത്, ആയിരിക്കുന്ന അവസ്ഥ (being) ഒന്നും, പുറത്ത് കാണിക്കുന്നത് (appearence) മറ്റൊന്നും ആകുമ്പോഴാണ്.

ഓരോ സുവിശേഷവും ക്രിസ്തുവാകുന്ന സത്യത്തെ വെളിപ്പെടുത്തുന്നവയാണ്. ''വഴിയും സത്യവും ജീവനുമായ യേശുവിനെ (യോഹ. 14:6) അനുഗമിക്കാന്‍ അവ നമ്മെ പഠിപ്പിക്കുന്നു. ''നിങ്ങള്‍ സത്യം അറിയുകയും, സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും'' (യോഹ. 8:32).

ഓരോ സുവിശേഷകനും താന്‍ ''അനുഭവിച്ചറിഞ്ഞതും കേട്ടതും സ്വന്തം കണ്ണുകൊണ്ട് കണ്ടതും സൂക്ഷിച്ച് വീക്ഷിച്ചതും കൈകൊണ്ട് സ്പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി (1 യോഹ. 1:1) ആണ് എഴുതിയതും, പ്രഘോഷിച്ചതും. ഈ പ്രക്രിയയില്‍ ഒരു സത്യാന്വേഷണം (process of veridiction) ഓരോ ഗ്രന്ഥകാരനും നടത്തിയിട്ടുണ്ട്.

ഈ സത്യാന്വേഷണവും, സത്യത്തെ തിരിച്ചറിയലും വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നത് വി. ലൂക്കാ സുവിശേഷകനാണ്. ഗ്രന്ഥത്തിന്റെ ആരംഭത്തില്‍ സുവിശേഷകന്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ''... എല്ലാ കാര്യങ്ങളും പ്രാരംഭം മുതല്‍ക്കേ സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷം എല്ലാം ക്രമമായി നിനക്കെഴുതുന്നത് ഉചിതമാണെന്ന് എനിക്കും തോന്നി'' (ലൂക്കാ 1:3). വി. ലൂക്കാ സുവിശേഷകന്‍ തന്റെ ആമുഖത്തില്‍ (ലൂക്കാ 1:1-4), സുവിശേഷ ഗ്രന്ഥരചനയുടെ പശ്ചാത്തലവും, രീതിയും വിവരിക്കുന്നു. ഗ്രന്ഥകര്‍ത്താവ് വിവരിക്കുന്ന വചനവായനയുടെ വ്യാപ്തി ലൂക്കാ സുവിശേഷത്തില്‍ മാത്രം ഒതുങ്ങുന്നതല്ല; മറിച്ച് അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ വരെ എത്തി നില്‍ക്കുന്നതാണ്. കാരണം വി. ലൂക്കാ തന്നെയാണല്ലോ അപ്പസ്‌തോല പ്രവര്‍ത്തനത്തിന്റേയും ഗ്രന്ഥകര്‍ത്താവ്.

ഗ്രന്ഥരചനയുടെ ലക്ഷ്യം സുവിശേഷകന്‍ വിവരിക്കുന്നു. ''... നിന്നെ പഠിപ്പിച്ചിട്ടുള്ള വചനങ്ങളുടെ വിശ്വസ്തതയെക്കുറിച്ച് നിനക്ക് ബോധ്യം വരാനാണ്'' (ലൂക്കാ 1:4). വിശ്വാസജീവിതത്തിന്റെ അടിസ്ഥാനം തിരിച്ചറിവാണ് (എപ്പിഗ്‌നോസ്). വചനവായനയും നമ്മെ നയിക്കേണ്ടത് 'തിരിച്ചറിവിലേക്കാണ്.' യേശുവിനെ തിരിച്ചറിയുക - സത്യാന്വേഷണം നടത്തുക - സത്യത്തിന് സാക്ഷ്യം നല്കുക.

എ.ഡി. 70-നു ശേഷം ഗ്രീസില്‍ വച്ച് ഈ സുവിശേഷം വിരചിതമായെന്ന് വിശ്വസിക്കപ്പെടുന്നു. തന്റെ സത്യാന്വേഷണത്തിലൂടെ പാരമ്പര്യങ്ങളെ വിശ്വസ്തതാപൂര്‍വ്വം പുനരവതരിപ്പിക്കുക മാത്രമല്ല അവയെ ക്രമപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഗ്രന്ഥകാരന്‍. അതുപോലെതന്നെ തന്റെ അനുഭവത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ക്രിസ്തുദര്‍ശനത്തെ അവതരിപ്പിക്കുന്നതിനോടൊപ്പം വിജാതീയ ക്രിസ്ത്യാനികളായ തന്റെ വായനക്കാര്‍ക്ക് താല്പര്യം തോന്നാന്‍ ഇടയില്ലാത്ത കാര്യങ്ങള്‍ ഉപേക്ഷിച്ച് കളയുകയും ചെയ്യുന്നുണ്ട്. തന്റെ വിവരണത്തിലൂടെ ക്രിസ്ത്യാനിയുടെ അടിസ്ഥാന പ്രഘോഷണം (Kerygma) - യേശു മരിക്കുകയും, മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു എന്നതാണെന്ന് സുവിശേഷകന്‍ ഉച്ചൈസ്തരം പ്രഘോഷിക്കുന്നു.

അപ്പസ്‌തോല പ്രവര്‍ത്തനം 1:21-22-ല്‍ വി. ലൂക്കാ സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് ഒരുപാട് പേര്‍ യേശുവിന്റെ രക്ഷാകര രഹസ്യങ്ങള്‍ക്ക് ദൃക്‌സാക്ഷികളായിരുന്നു (Eye witnesses). എന്നാല്‍ അതില്‍ ചുരുക്കംപേര്‍ മാത്രമേ ക്രിസ്തുവിനെ പ്രഘോഷിക്കുന്നവരും, അവന് സാക്ഷ്യം വഹിക്കുന്നവരുമായി മാറിയുള്ളൂ. സാക്ഷ്യം എന്നത് ദൈവത്തിന്റെ വിളിയാണെങ്കിലും അത് ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

സുവിശേഷങ്ങളില്‍ യേശുവിനെക്കുറിച്ചുള്ള അന്വേഷണം ഉണ്ട്. അതിലുപരി രക്ഷകനും, നാഥനുമായി യേശുവിനെ തിരിച്ചറിയുന്നുമുണ്ട്. ലൂക്കായുടെ സുവിശേഷത്തെയും ''അന്വേഷണത്തിന്റെ കഥ'' എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കും. യേശുവിനെ അന്വേഷിക്കുന്ന രണ്ട് എപ്പിസോഡുകള്‍ ലൂക്കാ സുവിശേഷത്തിന്റെ ആരംഭത്തിലും (ലൂക്കാ 2:41-52), അവസാനത്തിലും (ലൂക്കാ 24:1-12) ഉണ്ട്. ബാല്യകാല സുവിശേഷത്തിന്റെ ക്ലൈമാക്‌സില്‍ ആണ് മാതാപിതാക്കള്‍ യേശുവിനെ കാണാതെ അന്വേഷിക്കുകയും, പിന്നീട് ദേവാലയത്തില്‍ കണ്ടെത്തുകയും ചെയ്യുന്നത്. അവസാനത്തെ അദ്ധ്യായത്തിന്റെ ആരംഭത്തില്‍ സ്ത്രീകള്‍ യേശുവിന്റെ കല്ലറ സന്ദര്‍ശിക്കുകയും, അവിടെ കാണായ്കയാല്‍ അന്വേഷിക്കുകയും ചെയ്യുന്നു.

ഈ രണ്ട് അന്വേഷണങ്ങളിലും ഒളിഞ്ഞിരിക്കുന്ന ദൈവികപദ്ധതി അവിടങ്ങളില്‍ വെളിപ്പെടുകയും ചെയ്യുന്നുണ്ട് (ലൂക്കാ 2:49; 24:7). രണ്ടിടങ്ങളിലും, യേശുവിനെ അന്വേഷിച്ച് കണ്ടെത്തുകയും, അവന്‍ ആരെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ വിവരണത്തില്‍ (ലൂക്കാ 24:13-35) ഈ തിരിച്ചറിയലും, വെളിപ്പെടുത്തലും വളരെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു.

അരിസ്റ്റോട്ടിലിന്റെ 'Poetica' എന്ന കൃതിയില്‍ ഒരു കഥാവിവരണത്തിന്റെ ഗതിയിലെ രണ്ട് തലങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട് (Poetica 18, 14556 24). പെരിപെത്തെയ്‌യ (reversal) ഉം, അനഗ്‌നോരിസിസ് (recognition) ഉം. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ സംഭവത്തില്‍ ഈ രണ്ട് ഘടകങ്ങളും നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. യേശുവിനെക്കുറിച്ചുള്ള തിരിച്ചറിവ് ക്രിസ്തു വിജ്ഞാനീയത്തിലേക്കാണ് (Christology) നമ്മെ നയിക്കുന്നത്.

സത്യാന്വേഷണവും, ക്രിസ്തുവിജ്ഞാനീയവും

ലൂക്കായുടെ സുവിശേഷത്തില്‍ ക്രിസ്തുവിജ്ഞാനീയത്തിന്റെ തിരിച്ചറിവ് വിവിധ ഘട്ടങ്ങളിലൂടെ പുരോഗമിക്കുന്നുണ്ട്. സുവിശേഷത്തിന്റെ ആരംഭം മുതല്‍ അവസാനം വരെയുള്ള ചില ഉദാഹരണങ്ങള്‍ താഴെ ചേര്‍ക്കുന്നു. ലൂക്കാ 1:32, 1:35, 2:11, 2:26, 2:40, 3:21-22, 3:38, 4:3-9, 7:11-17, 9:20, 17:18, 19:10, 19:22, 23:27, 24:44. ഈ വചനഭാഗങ്ങളിലെല്ലാം ക്രിസ്തുവിജ്ഞാനീയത്തിന്റെ പുതുദര്‍ശനങ്ങള്‍ വായനക്കാരന് ലഭിക്കുന്നു.

പ്രസിദ്ധ ഫ്രഞ്ച് ബൈബിള്‍ പണ്ഡിതനായ ജെസ്യൂട്ട് വൈദികന്‍ ജീന്‍ നോയല്‍ ആലത്തി സത്യാന്വേഷണത്തിലെ (process of veridiction) രണ്ട് ഘടകങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട് - ആയിരിക്കുന്നതും (being), കാണപ്പെടുന്നതും (appearence). വി. ഗ്രന്ഥത്തിലെ കഥകളേയും (ഉപമകളേയും), സംഭവങ്ങളേയും, വ്യക്തികളേയും ഈ രണ്ട് ഘടകങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്താന്‍ സാധിക്കും. ഒരു കാര്യം/വ്യക്തി സത്യം (true) ആകുന്നത്, ആയിരിക്കുന്ന അവസ്ഥയും (being), പുറത്ത് കാണിക്കുന്നതും (appearence) ഒരേ പോലെയാകുമ്പോഴാണ്. തെറ്റായി (false) മാറുന്നത്, ആയിരിക്കുന്ന അവസ്ഥ (being) ഒന്നും, പുറത്ത് കാണിക്കുന്നത് (appearence) മറ്റൊന്നും ആകുമ്പോഴാണ്.

അഭിനയിക്കുക അല്ലെങ്കില്‍ നടിക്കുക (appearence) എന്നാല്‍ യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കുകയെന്നാണ് അര്‍ത്ഥം. അതുപോലെ തന്നെ ആയിരിക്കുക (being) എന്നാല്‍ അഭിനയിക്കാതിരിക്കുക അല്ലെങ്കില്‍ നടിക്കാതിരിക്കുക എന്നും. യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കുന്നവന്‍ കാപട്യം കാണിക്കുന്നു. ''കപടനാട്യക്കാരെപ്പോലെ ആകരുത്'' (മത്താ. 6:5) എന്നാണല്ലോ യേശുതന്നെ മലയിലെ പ്രസംഗത്തില്‍ പഠിപ്പിക്കുന്നത്.

ദൈവം ഹൃദയവിചാരങ്ങള്‍ അറിയുന്നവനാണ് (അപ്പ. 1:24). ഹൃദയങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നു. മനുഷ്യന് പ്രകടനപരതയെ കൂടുതല്‍ ഇഷ്ടപ്പെടുന്ന പ്രകൃതമാണുള്ളത്. പ്രകടനപരത മിക്കപ്പോഴും ഉപരിപ്ലവമായി മാറുകയും ചെയ്യുന്നു. ദൈവം കപടതയെ തിരിച്ചറിയുകയും, ആധികാരികത നിറഞ്ഞ സത്യത്തെ ആശ്ലേഷിക്കുകയും ചെയ്യുന്നു.

ഫരിസേയനും ചുങ്കക്കാരനും 'ആയിരിക്കുന്ന'തിന്റെ (being) സത്യം

ലൂക്കായുടെ സുവിശേഷത്തില്‍ മതാന്ധത (religious arrogance) ദൈവികസത്യത്തെ വെല്ലുവിളിക്കുന്നതാണ് ഫരിസേയന്റെയും, ചുങ്കക്കാരന്റെയും ഉപമയില്‍ (ലൂക്കാ 18:9-14) കാണുന്നത്. ലൂക്കാ സുവിശേഷത്തില്‍ മാത്രം കാണുന്ന ഉപമയാണിത് (Sondergut).

ഉപമയിലെ സത്യാന്വേഷണത്തിലൂടെ (veridiction) ഫരിസേയന്‍ തെറ്റും (false), ചുങ്കക്കാരന്‍ ശരിയും (true) ആയി തിരിച്ചറിയപ്പെടുന്നു. കാരണം ഫരിസേയന്‍ ആയിരിക്കുന്നത് (being) ഒന്നും, പുറത്ത് കാണിക്കുന്നത് (appearence) മറ്റൊന്നുമായിരുന്നു. എന്നാല്‍ ചുങ്കക്കാരനാകട്ടെ, അകവും, പുറവും ഒരേപോലെ തന്നെയാണ് - നേര്‍രേഖയിലായിരുന്നു. ഫരിസേയന്‍ അന്നത്തെ എല്ലാ നിയമങ്ങളും കണിശമായി പാലിക്കുന്നുണ്ടെങ്കിലും ദൈവകൃപയുടെ തണലില്‍ ജീവിക്കാന്‍ മറന്നു പോകുന്നു. ചുങ്കക്കാരന്‍ ദേവാലയത്തിന്റെ ഒരു മൂലയില്‍ (corner) നിന്ന് മാറത്തടിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍, ''പ്രവൃത്തികള്‍ കൂടാതെ തന്നെ പാപിയെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെടുന്നു'' (റോമാ 4:5).

ഉപമയിലെ ഫരിസേയന്റെ പ്രാര്‍ത്ഥന, ആത്മീയതയുടെ മേല്‍ കാപട്യത്തിന്റെ കറ പുരണ്ടാല്‍ ഉണ്ടാകുന്ന വിപത്തുകളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ചുങ്കക്കാരന്റെ പ്രാര്‍ത്ഥന പഴയനിയമത്തിലെ സങ്കീര്‍ത്തനങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു (സങ്കീ. 3:1-2; 33:12, 62:5, 94:12, 144:15). ഫരിസേയന്റെയും, ചുങ്കക്കാരന്റെയും പ്രാര്‍ത്ഥനകള്‍ ദൈവ-മനുഷ്യബന്ധത്തെപ്പറ്റിയും പഠിപ്പിക്കുന്നു.

ദൈവ-മനുഷ്യബന്ധം ഒരിക്കലും "do ut des' (I give that you may give) ബന്ധമല്ല, മറിച്ച് ദൈവകൃപയുടെ ജീവിതമാണ്. "do ut des' പ്രയോഗം ഒരു കച്ചവട മനഃസ്ഥിതിയെയാണ് പ്രകടമാക്കുന്നത്. എന്നാല്‍ ദൈവകൃപയുടെ ജീവിതത്തിലായാലും, പ്രാര്‍ത്ഥനയിലായാലും ദൈവം എപ്പോഴും ആദ്യം കരുണ വര്‍ഷിക്കുന്നവനാണ്. മനുഷ്യന്‍ തന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് അതിനോട് അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കുകയും ചെയ്യുന്നു. ഉപമയിലെ ഫരിസേയന്റെ പ്രാര്‍ത്ഥനയിലെ മനോഭാവം ഒരു കച്ചവട മനോഭാവം പ്രകടമാക്കുന്നതാണ്. എന്നാല്‍ ചുങ്കക്കാരനാകട്ടെ, തന്റെ "comfort zone' ഉപേക്ഷിച്ച്, സമൂഹത്തില്‍ പാപിയായും, കള്ളനായും മുദ്രകുത്തി വിളിക്കപ്പെടുന്നവന്‍, ദൈവകരുണയില്‍ ആശ്രയിക്കുന്നു. സാധാരണ ദേവാലയത്തില്‍ വരാത്തവന്‍, ദേവാലയത്തില്‍ വന്ന് പ്രാര്‍ത്ഥിക്കുന്നു. സത്യാന്വേഷണം (veridiction) ഫരിസേയന്റെ കപടതയും, ചുങ്കക്കാരന്റെ ആത്മാര്‍ത്ഥതയും വെളിവാക്കുന്നു. ചുങ്കക്കാരന്റെ പ്രാര്‍ത്ഥന സത്യത്തിലും, സ്‌നേഹത്തിലും, വിശ്വാസത്തിലും അടിയുറച്ചതായിരുന്നു.

2023-ല്‍ നടക്കുന്ന ആഗോള മെത്രാന്‍ സിനഡിന് ഒരുക്കമായി സിനഡാത്മക സഭയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എല്ലായിടത്തും നടക്കുന്ന സമയമാണല്ലോ. സഭയിലെ കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യം എന്നിവയാണല്ലോ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. ഈ സിനഡാത്മക സഭയെക്കുറിച്ചുള്ള ചര്‍ച്ചയും ഒരു സത്യാന്വേഷണമാണ്. സത്യത്തിന്റെ പാതയില്‍നിന്നും നാം വ്യതിചലിച്ചിട്ടുണ്ടെങ്കില്‍ 'തിരിച്ച് നടക്കാനും', 'ഒപ്പം നടക്കാനും', ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

സത്യാനന്തര യുഗത്തിലാണല്ലോ നാം ജീവിക്കുന്നത്. വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളേക്കാള്‍ വൈകാരികവും, വൈയക്തികവുമായ കാര്യങ്ങള്‍ ആണ് സമൂഹത്തെ ഇന്ന് സ്വാധീനിക്കുന്നത്. നമ്മുടെ അന്വേഷണങ്ങളെല്ലാം സത്യാന്വേഷണങ്ങളാകട്ടെ. അത് ആത്മപരിശോധനയ്ക്കും, എല്ലാ മേഖലയിലുമുള്ള നവീകരണത്തിനും വഴി തെളിക്കട്ടെ.

(എറണാകുളം-അങ്കമാലി അതിരൂപതാ വൈദികനായ ലേഖകന്‍ ജെറുസലേമിലെ Studium Biblicum Franciscanum ല്‍ നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷേറ്റും നേടി, റോമിലെ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ ബിബ്ലിക്കല്‍ തിയോളജിയില്‍ ഉപരിപഠനം നടത്തിയിട്ടുണ്ട്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org