
ആഗസ്ത് 6-ന്റെ പ്രതേ്യകത നമ്മള്‍ ഒരിക്കലും മറന്നുപോകുന്നതല്ല. മനുഷ്യ(ലോക)ചരിത്രത്തിലാദ്യമായി അണുബോംബ് എന്ന സര്‍വ്വനാശകാരിയുടെ പുകപടലങ്ങള്‍ ഹിരോഷിമ എന്ന കൊച്ചുനഗരത്തെ ചുട്ടുവെണ്ണീറാക്കിയ ദിനം തന്നെയാണ് ആഗസ്ത് ആറ്. രണ്ടു ദിനങ്ങള്‍ക്കുശേഷം തൊട്ടപ്പുറത്തുളള 'നാഗസാക്കി'യിലും അമേരിക്കന്‍ പൈശാചികത തങ്ങളുടെ ധാര്‍ഷ്ട്യം കാണിച്ചു. മനുഷ്യരെയും മറ്റുചരാചരങ്ങളേയും ചുട്ടെരിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്ന അധമവര്‍ഗത്തിന്റെ ഈയം വീണ കാതുകളില്‍ എങ്ങനെയാണ് സമാധാനത്തിന്റെ രോദനം മുഴങ്ങുക? ഇന്നും, അന്ന് തൊടുത്തുവിട്ടയുദ്ധക്കൊതി അണമുറിയാതെ ലോകത്തുണ്ട്. ഫലസ്ഥീന്‍, ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, സൊമാലിയ, ഇറാന്‍, ക്യൂബ എന്നിവ ഉദാഹരണങ്ങള്‍ മാത്രം. അന്നു ചാമ്പലാക്കിയ ജപ്പാനില്‍ ഇന്ന് സമാധാനത്തിന്റെ കാഴ്ച്ചകളാണ് എങ്ങും. ഒരു പുല്‍നാമ്പിനുപോലും സാധ്യതയില്ലായെന്നു വിധിയെഴുതിയ ഹിരോഷിമയും നാഗസാക്കിയും ഇന്ന് ആധുനികതയുടെ എല്ലാ സൗകര്യങ്ങളോടുകൂടിയുളള peace city യാണത്രെ; അവിടെയുളള ഓരോ കുഞ്ഞും ഈ ദിനം, തങ്ങളുടെ ഇന്നലെയെക്കുറിച്ചോര്‍ക്കുന്നുണ്ടാകില്ലേ?
തകര്‍ന്ന ഹിരോഷിമ
ജപ്പാനിലെ നഗരങ്ങളിലൊന്നായ ഹിരോഷിമയാണ് ലോകത്തിലാദ്യമായി അണുബോംബുവീണു നശിച്ച നഗരം. 'ചുഗോകു' പ്രദേശത്തെ പ്രധാന ജനവാസകേന്ദ്രവും വ്യവസായകേന്ദ്രവുമത്രെ ഹിരോഷിമ. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തില്‍ ജപ്പാനിലെ ഏഴാമത്തെ വലിയ നഗരമായിരുന്നു ഹിരോഷിമ. അണുബോംബു വര്‍ഷത്തില്‍ ഹിരോഷിമയിലെ 98 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു തരിപ്പണമായിരുന്നു. ഇത് ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നു കൂടിയാണ്. ഇരുമ്പ്, ഉരുക്ക്, യന്ത്രഭാഗങ്ങള്‍, ട്രാക്റ്ററുകള്‍, കപ്പല്‍, പേപ്പര്‍, തുണിത്തരങ്ങള്‍,ഭക്ഷ്യസാധനങ്ങള്‍ എന്നിവയുണ്ടാക്കുന്ന ലോകത്തിലെ പ്രധാന കേന്ദ്രം കൂടിയാണീ നഗരം.
നാഗസാക്കി നഗരം
ജപ്പാനിലെ ക്യുഷുദ്വീപുകളുടെ തലസ്ഥാനനഗരമാണ് നാഗസാക്കി. (Nagasaki-shi) അമേരിക്ക ആറ്റം ബോംബിട്ട രണ്ടാമത്തെ നഗരം. രണ്ടു ഉപദ്വീപുകള്‍ കൂടിച്ചേരുന്ന ഭാഗത്താണീ പ്രദേശം. 1571-ല്‍ പോര്‍ച്ചുഗീസുകാരും തുടര്‍ന്ന് ഡച്ചുകാരും വന്നുവെങ്കിലും 17-ാം ശതകത്തില്‍ വിദേശികളെ ജപ്പാന്‍ പുറത്താക്കി. നാഗസാക്കി കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് പോര്‍ച്ചുഗീസുകാര്‍ക്കു തന്നെയാണ്. 'നിഷിസൊനോഗി' ജില്ലയുടെ ഭാഗമായിരുന്നു ആദ്യം ഇത്. 16 മുതല്‍ 19 വരെ നൂറ്റാണ്ടുകളില്‍ യൂറോപ്യന്‍മാരുടെ താവളമായിരുന്നു. ആദ്യത്തെ സിനോ ജപ്പാനീസ്,റഷ്യ-ജപ്പാനീസ് യുദ്ധങ്ങളില്‍, ഇമ്പീരിയല്‍ നേവിയുടെ സൈനികാസ്ഥാനവുമായിരുന്നു ഇത്. യുദ്ധാനന്തരം പുനര്‍നിര്‍മ്മിച്ച നഗരം ഇന്ന് കപ്പല്‍ നിര്‍മ്മാണം,എഞ്ചിനിയറിംഗ് എന്നിവയുടെ മുഖ്യ വ്യവസായ കേന്ദ്രമാണ്.
ചരിത്രം തിരുത്തുന്നു
ജപ്പാനിലെ സമുദ്രത്തോടു ചേര്‍ന്നു കിടക്കുന്ന തുറമുഖനഗരമാണ് ഹിരോഷിമ. 1589-ല്‍ സെറ്റോ ഉള്‍ക്കടലില്‍ 'മോറിസ് ടെറ്റമോട്ടൊ' എന്ന സഞ്ചാരിയാണത്രെ ഹിരോഷിമാദ്വീപ് കണ്ടുപിടിച്ചത്. 1871-ല്‍ ഹിരോഷിമ പ്രവിശ്യയുടെ തലസ്ഥാനമായി ഹിരോഷിമ മാറി. ഹിരോഷിമയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു. അച്ചുതണ്ടുശക്തികളില്‍ ഒരു പ്രധാനരാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയിക്കാന്‍ സഖ്യകക്ഷികളില്‍ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ ഹീനമായ മാര്‍ഗമായിരുന്നു ആണവായുധ പ്രയോഗം. 1945 ആഗസ്ത് 6-ന് അണുബോംബുവര്‍ഷത്തോടെ എണ്‍പതിനായിരത്തോളമാളുകള്‍ തല്‍ക്ഷണം മൃതിയടയാനും തൊണ്ണൂറായിരം മുതല്‍ ഒരുലക്ഷത്തിനാല്‍പതിനായിരം വരെ മനുഷ്യരെ ആണവവികിരണം മൂലം നിത്യ രോഗികളാക്കാനും പില്‍കാലത്ത് മരണം സമ്മാനിക്കാനും അമേരിക്കക്കു കഴിഞ്ഞു.
ഫാറ്റ്മാന്‍
നാഗസാക്കിയില്‍ അമേരിക്ക ആഗസ്ത് 9-ന് വര്‍ഷിച്ച സര്‍വ്വവിനാശകാരിയായ അണുബോംബിന്റെ പേരാണ് ഫാറ്റ്മാന്‍ (fatman) ആഗോള യുദ്ധചരിത്രത്തില്‍ ഉപയോഗിക്കപ്പെട്ട രണ്ടാമത്തെയും ഒടുവിലത്തെയുമായ ആറ്റംബോംബ്. മനുഷ്യ നിര്‍മ്മിതമായ മൂന്നാമത്തെ അണുവിസ്‌ഫോടനവുമത്രെ ഫാറ്റ്മാന്‍ 'സമ്മാനിച്ചത്'. അമേരിക്കയുടെ ആദ്യകാല അണുവായുധ നിര്‍മ്മിതികളെയും 'ഫാറ്റ്മാന്‍' എന്നു വിളിച്ചിരുന്നു. പ്ലൂട്ടോണിയം കൊണ്ടുണ്ടാക്കിയിരുന്ന ഇതിന് 21 കിലോടണ്‍ ടി.എന്‍.ടി പ്രഹരശേഷിയുണ്ടായിരുന്നു. 4,630 കിലോഗ്രാം ഭാരവും 3.25 സെന്റീമീറ്റര്‍ നീളവും 1.52 അടി വ്യാസവുമുളള ഈ 'തടിയന്‍' നിമിഷങ്ങള്‍കൊണ്ടാണ് നാഗസാക്കിയെ ചാരമാക്കിയത്.
ലിറ്റില്‍ ബോയ്
ലോകത്ത് ആദ്യമായി വീണ അണുബോംബിനെ അമേരിക്ക വിളിച്ച നിക്‌നെയിമായിരുന്നു 'ലിറ്റില്‍ബോയ്' (little boy) യുറേനിയം 235-ന്റെ ന്യൂക്ലിയര്‍ ഫിഷന്‍ വഴിയാണ് ഈ ബോംബില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കപ്പെട്ടത്. പത്തുകിലോ ടണ്‍ സ്‌ഫോടകശക്തിയായിരുന്ന കുട്ടിക്ക് നിമിഷാര്‍ദ്ധത്തിനുളളില്‍ പതിനായിരങ്ങളെ ചുട്ടുചാമ്പലാക്കാനുളള ശക്തിയും വീറും പിതാക്കന്മാര്‍ നല്‍കിയിരുന്നു. കുട്ടികളെ സ്‌നേഹിക്കുന്ന സകലരെയും ഭീതിയുടെയും വെറുപ്പിന്റെയും ആശങ്കകള്‍ സമ്മാനിക്കാനേ ഈ പയ്യനു കഴിയുമായിരുന്നുളളൂ.
ന്യൂക്ലിയര്‍ ഫിഷന്‍
ആറ്റത്തിന്റെ കേന്ദ്രം വിഘടിച്ച് രണ്ടോ, അതില്‍ കൂടുതലോ അണുകേന്ദ്രങ്ങളായി മാറ്റുന്ന പ്രക്രിയയത്രെ അണുവിഘടനം എന്ന (nuclear fission) യുറേനിയം, പ്ലൂട്ടോണിയം പോലുളള അണുഭാരമേറിയ ആറ്റങ്ങളുടെ ചില ഐസോടോപ്പുകളിലാണ് ഫിഷന്‍ നടക്കുന്നത്. യുറേനിയം ഐസോടോപ്പായ യു-235-ല്‍ ഓരോ ആറ്റത്തിലെയും അണുകേന്ദ്രത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണം 235 ആണ്. ഇത്തരത്തിലുളള ഒരണുകേന്ദ്രത്തില്‍ ഒരു ന്യൂട്രോണ്‍ വീണാല്‍ അത് ആ ന്യൂട്രോണിനെ ആഗിരണം ചെയ്യുന്നു. എങ്കില്‍കൂടി അതോടൊപ്പം ആ അണുകേന്ദ്രം വളരെ സ്ഥിരമാകുകയും ഉടന്‍തന്നെ അത് രണ്ടണുകേന്ദ്രങ്ങളായി പിളരുകയും ചെയ്യുന്നു. ഇതോടൊപ്പം ന്യൂട്രോണുകളും താപത്തിന്റെ രൂപത്തില്‍ ഊര്‍ജ്ജവും സ്വതന്ത്രമാക്കപ്പെടുന്നു. പുതിയാതായുണ്ടാകുന്ന രണ്ട് അണുകേന്ദ്രങ്ങളുടെ ആകെ പിണ്ഡം നേരത്തെയുണ്ടായിരുന്ന അണുകേന്ദ്രത്തിന്റെ പിണ്ഡത്തെക്കാള്‍ കുറവുമായിരിക്കും. ഇങ്ങനെ നഷ്ടപ്പെട്ട പിണ്ഡമാണ് ഐന്‍സ്റ്റീന്റെ സമവാക്യപ്രകാരം ഊര്‍ജമായി മാറുന്നത്. ആണവനിലയങ്ങളിലും അണുബോംബുകളിലുമെല്ലാം ഫിഷനാണു നടക്കുന്നത്.
അണുവായുധങ്ങള്‍
അമേരിക്ക നാഗസാക്കിയില്‍ വര്‍ഷിച്ച അണുബോംബില്‍ നിന്നുണ്ടായ പുകപടലങ്ങള്‍ സ്‌ഫോടനകേന്ദ്രത്തിന് 18 കിലോമീറ്റര്‍ വരെ ഉയര്‍ന്നുവെന്നാണു ചരിത്രം പറയുന്നത്. അണുവിഘടന(ന്യൂക്ലിയര്‍ ഫിഷന്‍)മോ, അണുസംയോജനമോ(ന്യൂക്ലിയര്‍ ഫ്യൂഷന്‍) മൂലം സര്‍വ്വനശീകരണ ശക്തി ലഭിക്കുന്ന ആയുധങ്ങളെയാണ് ആണവായുധം അഥവാ, ആറ്റം ബോംബുകള്‍ എന്നു പറയുന്നത്.
എങ്ങനെ പ്രവര്‍ത്തിക്കുന്നു?
ആണവ പ്രവര്‍ത്തനങ്ങളില്‍ വളരെ ഉയര്‍ന്ന അളവില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനാല്‍, ഇവ അതീവനാശശക്തിയുളള ആയുധങ്ങളാണ്. അണുവിഘടനം മൂലം പ്രവര്‍ത്തിക്കുന്ന ആയുധങ്ങളില്‍ ആണവനിലയങ്ങളില്‍ നിന്നും വ്യത്യസ്തമായി കൊച്ചുപ്രതികരണങ്ങള്‍ അനിയന്ത്രിതമായ രീതിയിലാണുനടക്കുന്നത്. എങ്ങനെയെന്നാല്‍, സെക്കന്റിന്റെ ഒരു ചെറിയ അംശം കൊണ്ട് വളരെയധികം അണുകേന്ദ്രങ്ങള്‍ വിഘടിക്കപ്പെടുന്നു. അങ്ങനെ ഒരു വലിയ പൊട്ടിത്തെറിയോടെ ഭീമമായ അളവില്‍ താപം ഉല്പാദിപ്പിക്കപ്പെടുന്നു. ഇവയെക്കാളും നശീകരണശേഷിയുളളവയത്രെ 'അണുസംയോജനം' അടിസ്ഥാനമാക്കിയുളള ആയുധങ്ങള്‍. അണുവിഘടനപ്രവര്‍ത്തനത്തിലൂടെയാണ് ഇത്തരം ആയുധങ്ങളില്‍ ഉയര്‍ന്ന താപമുണ്ടാകുന്നത്. ഇത്തരം ആയുധങ്ങളെ പൊതുവെ വിളിക്കുന്നത് 'ഹൈഡ്രജന്‍ ബോംബ്' (Termo newclear weapons) എന്നാണ്. റഷ്യ ,അമേരിക്ക, ഫ്രാന്‍സ്, യുണൈറ്റഡ് കിങ്ഡം (യു.കെ), ചൈന, ഇസ്രായേല്‍, ഇന്ത്യ, പാക്കിസ്താന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ ആണവായുധം സൂക്ഷിക്കുന്നു.
മന്‍ഹട്ടന്‍ പദ്ധതി
രണ്ടാം ലോകമഹായുദ്ധകാലത്ത് ആറ്റംബോംബു നിര്‍മ്മാണ പദ്ധതിക്ക് അമേരിക്ക നല്‍കിയ നാമമാണ് മന്‍ഹട്ടന്‍ പദ്ധതി (manhattan project) ഇതില്‍ യു.കെ(യുണൈറ്റഡ് കിംഗ്ഡം)യിലെയും കാനഡയിലെയും ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ടിരുന്നു. 1938-ലാണ് ജര്‍മ്മനിയിലെ ശാസ്ത്രജ്ഞര്‍ 'ന്യൂക്ലിയര്‍ ഫിഷന്‍' കണ്ടുപിടിച്ചത്. അതിനെതുടര്‍ന്ന് ഹിറ്റ്‌ലര്‍ അണുവായുധം നിര്‍മ്മിക്കുമെന്ന ആശങ്ക അമേരിക്കയ്ക്കുണ്ടായി. അങ്ങനെയാണ് 'ഐന്‍സ്റ്റീന്റെ' സ്വാധീനത്തില്‍ പ്രസിഡന്റായ റൂസ്‌വെല്‍റ്റിനോട് ന്യൂക്ലിയര്‍ രംഗത്ത് പരീക്ഷണങ്ങള്‍ തുടരാന്‍ അനുമതി ബന്ധപ്പെട്ടവര്‍ ആരാഞ്ഞത്. അങ്ങനെയാണ് മന്‍ഹട്ടന്‍ പദ്ധതി നിലവില്‍ വരുന്നത്.
ലക്ഷ്യങ്ങള്‍
1939 മുതല്‍ ഗവേഷണ വിഷയങ്ങള്‍ പ്രധാനമായും അണുവിഷയത്തിലായിരുന്നു. ഓരോ ഫിഷനിലും എത്രന്യൂട്രോണ്‍ പുറന്തളളപ്പെടുന്നുണ്ട്, ഏതെല്ലാം മൂലകങ്ങള്‍ ഈ ന്യൂട്രോണുകളെ ആഗിരണം ചെയ്യാതെ പ്രവേഗത്തെ മാത്രം നിയന്ത്രിക്കുന്നുവെന്നും ഭാരം കുറഞ്ഞ യുറേനിയം 235-നെ കൂടാതെ യുറേനിയം 238 ഉം ഫിഷനുവേണ്ടി ഉപയോഗിക്കാമോ എന്നീ ചോദ്യങ്ങളെയാണ് അവര്‍ മുഖ്യവിഷയമായെടുത്തിരുന്നത്. ഓരോ ഫിഷനിലും ന്യൂട്രോണുകളെ പുറന്തളളുന്നുവെന്നും ചെറിയ പ്രതികരണം മാത്രമാണ് എന്നും കണ്ടെത്തുകയുണ്ടായി. മന്‍ഹട്ടന്റെ പ്രധാനലക്ഷ്യവും ഈ പ്രതികരണം ഫലത്തില്‍ കൊണ്ടുവരുകയെന്നും ഈ പ്രവര്‍ത്തനതത്വം അടിസ്ഥാനമാക്കി ആയുധം നിര്‍മ്മിക്കുക എന്നുമായിരുന്നു.
ആദ്യസംരംഭം
ലോകത്തുണ്ടായ ആദ്യ അണുബോംബ് 'ലിറ്റില്‍ ബോയ്' ആയിരുന്നുവെന്നാണ് ചരിത്രമെങ്കിലും അമേരിക്ക അതിനുമുമ്പ് മറ്റൊരു 'കുട്ടി'യെ കൂടി പരീക്ഷിച്ചിരുന്നു! അതാണ് ഓപ്പറേഷന്‍ ട്രിനിറ്റി (Operation Triniity) ന്യൂമെക്‌സിക്കോയിലെ 'അലമോ ഗോഡോ' മരുഭൂമിയില്‍ വെച്ച് അമേരിക്ക അത് പരീക്ഷിച്ചു. അണുബോംബിന്റെ പിതാവ് എന്ന കുപ്രസിദ്ധി 'റോബര്‍ട്ട് ഓപ്പന്‍ ഹൈമറി'നാണ് മന്‍ഹട്ടന്‍ പദ്ധതിയുടെ തലവനായിരുന്നു ഹൈമര്‍.
ഹൈഡ്രജന്‍ ബോംബ്
മനുഷ്യന്‍ കണ്ടെത്തിയതില്‍ വെച്ചേറ്റവും ശക്തവും സ്‌ഫോടനമുള്‍ക്കൊളളുന്നതുമായ ആയുധം ഹൈഡ്രജന്‍ ബോംബ് ആണത്രെ. അതിന്റെ ക്രെഡിറ്റും അമേരിക്കക്കുതന്നെയാണ്! 'എഡ്വേര്‍ഡ് ടെലറെറാണ്' ഹൈഡ്രജന്‍ ആയുധത്തിന്റെ പിതാവ്. ഊര്‍ജതന്ത്രജ്ഞനായ ടെലററും ഗണിതശാസ്ത്രജ്ഞനായ 'സ്റ്റാന്‍സ് ലാവ് ഉലാമും' കൂടിയാണ് ''ടൈലര്‍ ഉലാം'' എന്ന ഓമനപ്പേരില്‍ 'ഡിസൈന്‍' എന്ന ഹൈഡ്രജന്‍ ബോംബിന്റെ രൂപരേഖ 1951-ല്‍ വികസിപ്പിച്ചത്. 'ഐവി മൈക്ക്' എന്ന കോഡുനാമത്തില്‍ 1951 നവംബര്‍ 1-ന് പെസഫിക് ദ്വീപ്‌സമൂഹത്തിലെ 'എലുഗലാബി'ല്‍ അത് പരീക്ഷിക്കുകയും ചെയ്തിരുന്നു.
സ്‌നേഹത്തിന്റെ ലോകം
അന്ന് അമേരിക്കയായിരുന്നു യുദ്ധസന്നാഹത്തിനുളള ആറ്റം, ഹൈഡ്രജന്‍ബോംബുകള്‍ വികസിപ്പിച്ചതെങ്കില്‍ ഇന്ന് ഇത്തരം ആയുധങ്ങള്‍ മിക്കരാജ്യങ്ങള്‍ക്കും സ്വന്തമായുണ്ട്. ഒരുചെറിയ തീപ്പൊരി മതി അത് ആളിപടര്‍ന്ന് ലോകമാകെ വ്യാപിക്കുമെന്നുറപ്പ്. ഹിരോഷിമയിലും നാഗസാക്കിയിലും മാത്രമായിരിക്കില്ല അതിന്റെ ഫലങ്ങള്‍ ഇന്ന് കാണുക-ലോകമൊട്ടാകെയായിരിക്കും! സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ഈ ദിനങ്ങളില്‍ നമ്മള്‍ നല്‍കേണ്ടത്. 'ഹിബാകുഷകള്‍' എന്ന ജീവച്ഛവങ്ങള്‍ ഇനിയും എവിടെയുമുണ്ടാകാതിരിക്കട്ടെ...സ്‌നേഹം ലോകം മുഴുക്കെ നിറഞ്ഞുതുളുമ്പട്ടെ... നമുക്കു കൂട്ടായി പ്രാര്‍ത്ഥിക്കാം,പ്രവര്‍ത്തിക്കാം!