
നവംബര്‍ 25 ന് വത്തിക്കാനില്‍ വച്ച് അതിരൂപതാ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ പിതാവ് മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് ഈ പ്രത്യേക അനുമതി അതിരൂപതയ്ക്കായി മാര്‍പാപ്പ നല്കിയത്. ഇതുമായി ബന്ധപ്പെട്ട് അഭിവന്ദ്യ ആന്റണി കരിയില്‍ പിതാവിന്റെ സര്‍ക്കുലര്‍ താഴെ കൊടുക്കുന്നു.
എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരേ, സന്ന്യസ്തരേ, സഹോദരീ സഹോദരന്മാരേ,
റോമില്‍നിന്ന് എന്റെ സ്‌നേഹാശംസകള്‍!
വിശുദ്ധ കുര്‍ബാനയര്‍പ്പണം ഏകീകൃത രീതിയിലാക്കാന്‍ 2021 ആഗസ്റ്റ് മാസത്തില്‍ സമ്മേളിച്ച സിനഡ് തീരുമാനിച്ചതുമായി ബന്ധപ്പെട്ട് ഉടലെടുത്ത അജപാലനപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആഗ്രഹത്തോടുകൂടി ഞാന്‍ റോമിലെത്തിയ കാര്യം നിങ്ങള്‍ക്കറിവുള്ളതാണല്ലൊ. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയെയും പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ലെയൊനാര്‍ദോ സാന്ദ്രിയെയും 2021 നവംബര്‍ 25, 26 തീയതികളില്‍ ഞാന്‍ സന്ദര്‍ശിക്കുകയും സിനഡിന്റെ മേല്പറഞ്ഞ തീരുമാനം മൂലം സംജാതമായിരിക്കുന്ന സ്ഥിതിഗതികള്‍ കൃത്യമായി ധരിപ്പിക്കുകയും ചെയ്തു. പരിശുദ്ധ പിതാവും കര്‍ദിനാള്‍ സാന്ദിയും എന്നെ സശ്രദ്ധം ശ്രവിക്കുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
ഓരോ രൂപതയിലെയും വിശ്വാസികളുടെ ആത്മീയനന്മ മുന്‍നിര്‍ത്തി, അജപാലനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രഥമസ്ഥാനം അതതു രൂപതയുടെ മെത്രാനാണെന്ന വസ്തുത അവര്‍ പ്രസ്താവിച്ചു. അതനുസരിച്ചു ഇപ്രകാരമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പൗരസ്ത്യ കാനന്‍ നിയമത്തിലെ 1538-ാം കാനന്‍പ്രകാരം രൂപതാ മെത്രാന്മാര്‍ക്ക് നല്കപ്പെട്ടിട്ടുള്ള അധികാരം പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള കാര്യാലയം ഒരിക്കലും പിന്‍വലിച്ചിട്ടില്ലെന്ന് ഇന്ന് എനിക്ക് നല്കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, 2020 നവംബര്‍ 9-ാം തീയതി Prot No. 248/2004 പ്രകാരം കര്‍ദ്ദിനാള്‍ സാന്ദ്രി മേജര്‍ ആര്‍ച്ച്ബിഷപ്പിന് അയച്ച കത്തില്‍ കാനന്‍ 1538 നല്‍കുന്ന അധികാരം പ്രയോഗത്തില്‍ വരുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു സൂചിപ്പിക്കുകയല്ലാതെ, ആ അധികാരത്തെ ഒരു വിധത്തിലും പരിമിതപ്പെടുത്തിയിട്ടില്ല എന്നും എനിക്കുള്ള കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
വിശ്വാസികളുടെ ആത്മീയനന്മ മുന്‍നിര്‍ത്തിയും അതിരൂപതയിലെ ഗൗരവതരമായ അജപാലനപ്രശ്‌നങ്ങള്‍ പരിഗണിച്ചും മേജര്‍ ആര്‍ച്ബിഷപ്പിന്റെ വികാരി എന്ന നിലയില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലായിടങ്ങളിലും സിനഡ് തീരുമാനമനുസരിച്ചുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതിയില്‍ നിന്ന് (50:50) കാനന്‍ 1538 പ്രകാരം ഞാന്‍ ഒഴിവു നല്‍കുന്നു. 2021 നവംബര്‍ 28-ാം തീയതി തന്നെ ഈ ഒഴിവു പ്രാബല്യത്തില്‍ വരുത്താന്‍ പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള കാര്യാലയം എന്നെ അധികാരപ്പെടുത്തിയിട്ടുണ്ടെന്നു ഞാന്‍ അറിയിക്കുന്നു.
സിനഡിന്റെ നിര്‍ദ്ദേശപ്രകാരം ഏകീകൃതരീതി ആരംഭിക്കേണ്ട 2021 നവംബര്‍ 28-ാം തീയതിയും തുടര്‍ന്നും എറണാകുളം അങ്കമാലി അതിരൂപതയില്‍ നിലവിലിരിക്കുന്ന ജനാഭിമുഖകുര്‍ബാനയര്‍പ്പണരീതി തുടരേണ്ടതാണ് (status quo). എറണാകുളം അങ്കമാലി അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയം, വൈദിക സന്യാസ പരിശീലനഭവനങ്ങള്‍, സന്യാസഭവനങ്ങള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, ഇടവകകള്‍ എന്നിവിടങ്ങളില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഞാന്‍ നല്കുന്ന മേല്പറഞ്ഞ ഒഴിവ് ബാധകമാണ്.
നവീകരിച്ച കുര്‍ബാന തക്‌സ് 2021 നവംബര്‍ 28-ാം തീയതി മുതല്‍ അതിരൂപതയിലെ എല്ലായിടങ്ങളിലും ഉപയോഗിച്ചു തുടങ്ങണമെന്ന് ഓര്‍മ്മിപ്പിക്കുന്നു. അതിന് ആവശ്യകമായ പരിശീലനം ഇതിനകം നല്കിയിട്ടില്ലെങ്കില്‍ എത്രയും വേഗം അതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
അതിരൂപതയുടെ നിര്‍ണ്ണായകമായ ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രശ്‌നപരിഹാരത്തിനായി ഇടപ്പെട്ട പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയെയും പൗരസ്ത്യസഭകള്‍ക്കു വേണ്ടിയുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ലെയോനാര്‍ദോ സാന്ദ്രി പിതാവിനെയും നമുക്ക് നന്ദിയോടെ സ്മരിക്കാം.
പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ എനിക്കും അതിരൂപതയിലെ വൈദികര്‍ക്കും സന്യസ്തര്‍ക്കും ദൈവജനത്തിനും തന്റെ അപ്പസ്‌തോലിക ആശീര്‍വാദം നല്‍കിയിട്ടുണ്ടെന്ന വിവരവും സന്തോഷപൂര്‍വം ഞാന്‍ അറിയിക്കുന്നു.
സര്‍വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഈ മംഗളവാര്‍ത്തക്കാലത്തില്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.
റോമില്‍നിന്ന് പ്രാര്‍ത്ഥനാശംസകളോടെ,
മാര്‍ ആന്റണി കരിയില്‍
മെത്രാപ്പോലീത്തന്‍ വികാരി
എറണാകുളം അങ്കമാലി അതിരൂപത