ആരാധനക്രമങ്ങളിലെ വൈവിധ്യം: സഭാജീവിതത്തിന്റെ ഭാഗവും സമ്പത്തും

ആരാധനക്രമങ്ങളിലെ വൈവിധ്യം: സഭാജീവിതത്തിന്റെ ഭാഗവും സമ്പത്തും
Published on

ഫാ. ഡോ. വര്‍ഗ്ഗീസ് പൂതവേലിത്തറ & ഫാ. ഡോ. ജോസഫ് ഓടനാട്ട്

സീറോ മലബാര്‍ സഭയുടെ ആരാധനക്രമം വീണ്ടും ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. അരനൂറ്റാണ്ടിലധികമായി സഭയുടെ ആയുസ്സും ആരോഗ്യവും ആള്‍ബലവും ആസ്തിയും കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന അര്‍ബുദമായി ലിറ്റര്‍ജി വിവാദം മാറിക്കഴിഞ്ഞു. വിശ്വാസവും ധാര്‍മികതയുമായി ബന്ധമില്ലാത്ത ഒരു അനുഷ്ഠാനരീതിയെ, ആധിപത്യത്തിന്റെയും, അനുസരണത്തിന്റെയും അച്ചടക്കത്തിന്റെയും വാളോങ്ങി അടിച്ചേല്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടം മുന്നില്‍ കാണേണ്ടതുണ്ട്.

2000 ജൂലൈ മൂന്നാം തീയതി സഭയില്‍ എല്ലായിടത്തും ഏകീകരിച്ച കുര്‍ബാനക്രമം നടപ്പില്‍ വരുത്തണം എന്ന ഉദ്ദേശത്തോടെ എല്ലാ ഒരുക്കങ്ങളും നടത്തിയെങ്കിലും, ദൈവജനത്തിന്റെ മനസ്സറിഞ്ഞ, ക്രാന്തദര്‍ശികളായ ചില പിതാക്കന്മാര്‍ തങ്ങളുടെ രൂപതകളില്‍ ജനാഭിമുഖ കുര്‍ബാന തുടരാന്‍ പ്രത്യേക അനുവാദം കൊടുത്തതിലൂടെ ഒരു വലിയ പ്രതിസന്ധി ഒഴിഞ്ഞു പോവുകയായിരുന്നു. രണ്ട് പതിറ്റാണ്ടിനുശേഷം വീണ്ടും ആ തീരുമാനം നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍, അതുപോലൊരു അസ്വസ്ഥതയും പ്രതിസന്ധിയും സംജാതമായെങ്കില്‍ ഇവിടുത്തെ ദൈവജനത്തിനു സ്വീകാര്യമല്ലാത്ത ഒരു അനുഷ്ഠാനരീതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് വ്യക്തമാണല്ലോ.

അനുരഞ്ജനത്തിന്റെയും കരുതലിന്റെയും ഭാഷ സംസാരിക്കേണ്ടവര്‍ ആധിപത്യത്തിന്റെയും അടിച്ചേല്പിക്കലിന്റെയും ശൈലി സ്വീകരിക്കുമ്പോള്‍ സഭാസമൂഹത്തില്‍ അസ്വസ്ഥതകളും മുറവിളികളും ഉണ്ടാവുക സ്വഭാവികമാണ്. ഭൂരിഭാഗം വരുന്ന വിശ്വാസി സമൂഹം അരനൂറ്റാണ്ടിലേറെ നെഞ്ചിലേറ്റിയ, അവരുടെ ആത്മസത്തയുടെ ഭാഗമായിത്തീര്‍ന്ന, ജനാഭി മുഖകുര്‍ബാനയെ ഒരു കല്പന കൊണ്ട് മാറ്റിമറിക്കാന്‍ ശ്രമിക്കുന്നത് വാസ്തവത്തില്‍ അവിവേകവും, സഭാചരിത്രത്തോടുള്ള അവഹേളനവും, വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും ഏകവിശ്വാസത്തില്‍ കോര്‍ത്തിണക്കി എല്ലാ ജനവിഭാഗങ്ങള്‍ക്കും രക്ഷയുടെ അടയാളമായി മാറുന്ന സഭാശൈലിയുടെ തിരസ്‌ക്കാരവുമാണ്.

യഹൂദ മത പശ്ചാത്തലത്തിലും സംസ്‌കാരത്തിലുമാണ് ഈശോനാഥന്‍ തന്റെ സഭയ്ക്കു രൂപം നല്കിയത്. എന്നാല്‍ യേശുവില്‍നിന്നു സ്വീകരിച്ച വിശ്വാസവും അവിടുത്തെ സുവിശേഷവും അപ്പസ്‌തോലന്മാരിലൂടെ വ്യത്യസ്ത ജനസമൂഹങ്ങളിലേയ്ക്കു പകര്‍ന്നപ്പോള്‍ ഓരോ സമൂഹവും തങ്ങളുടെ സംസ്‌കാരത്തോടും ജീവിതസാഹചര്യങ്ങളോടും ചേര്‍ത്താണ് ആ വിശ്വാസം ജീവിച്ചതും സുവിശേഷം പ്രഘോഷിച്ചതും. അങ്ങനെയാണ് ആഗോള സഭയില്‍ വ്യത്യസ്ത സഭകളും, പാരമ്പര്യങ്ങളും ആ പാരമ്പര്യങ്ങളുടെ കീഴില്‍ നിരവധി റീത്തുകളും സംജാതമായത്. ഈ വൈവിധ്യം വിശ്വാസജീവിതത്തിനോ, സഭാകൂട്ടായ്മയ്‌ക്കോ തടസ്സമാകുകയല്ല, പ്രത്യുത അവയെ പോഷിപ്പിക്കുകയാണ് ചെയ്തത്.

സഭകളും റീത്തുകളും

ഒരേ വിശ്വാസവും, കൂദാശകളും, ഭരണനേതൃത്വവും അംഗീകരിക്കുന്ന, എന്നാല്‍ വ്യത്യസ്തമായ രീതികളില്‍ ഇവ ജീവിക്കുകയും അനുഷ്ഠിക്കുകയും, ആവിഷ്‌ക്കരിക്കുകയും ചെയ്യുന്ന വിവിധ സഭകളുടെ കൂട്ടായ്മയാണ് കത്തോലിക്കാ തിരുസഭ.

തങ്ങളുടെ പാരമ്പര്യത്തിലെ അടിസ്ഥാനഘടകങ്ങളോട് വിശ്വസ്തത പുലര്‍ത്തിക്കൊണ്ടുതന്നെ മിക്കവാറും എല്ലാ റീത്തുകളും മറ്റു റീത്തുകളില്‍ നന്മയായി കണ്ട കാര്യങ്ങള്‍ സ്വീകരിക്കുകയും അതുവഴി വളരുകയും ചെയ്ത ചരിത്രമാണുള്ളത്. അതുകൊണ്ടാണ്, വി. കുര്‍ബാനയര്‍പ്പണത്തിലെയും മറ്റു കൂദാശാനുഷ്ഠാനങ്ങളിലെയും ചില സമാനതകള്‍ എല്ലാ റീത്തുകളിലും നാം കാണുന്നത്.

സ്വയാധികാരസഭകളെന്ന് (sui iuris Churches) വിളിക്കപ്പെടുന്ന ഇരുപത്തിമൂന്ന് സഭകളുടെ കൂട്ടായ്മയായ തിരുസഭയിലെ ആറ് പ്രധാന പാരമ്പര്യങ്ങള്‍, റോമന്‍, അലക്‌സാണ്ട്രിയന്‍, അന്ത്യോക്യന്‍, കാല്‍ഡിയന്‍, കോണ്‍സ്റ്റാന്റിനോപ്പോളിറ്റന്‍, അര്‍മേനിയന്‍ എന്നിവയാണ്. ഈ പ്രധാന പാരമ്പര്യങ്ങള്‍ക്കു കീഴിലായി ഇരുപത്തിയേഴോളം റീത്തുകള്‍ ഇന്നു സഭയിലുണ്ട്. ചരിത്രം പരിശോധിക്കുമ്പോള്‍ സഭയുടെ ജീവാത്മകമായ വളര്‍ച്ചയുടെ അടയാളങ്ങളാണ് റീത്തുകള്‍ എന്നു കാണാന്‍ സാധിക്കും.

സഭ ഇന്നും ജീവസ്സുറ്റവളും എപ്പോഴും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നവളുമാണ്. കാരണം സഭയെ നയിക്കുന്ന പരിശുദ്ധാത്മാവ് ജീവന്റെയും നവീകരണത്തിന്റെയും ആത്മാവാണ്. സഭയിലെ അംഗങ്ങളായ മനുഷ്യരുടെ സ്വഭാവസവിശേഷതയാണ് നിരന്തരമായ വളര്‍ച്ചയും വികാസവും നവീകരണവും. ബൗദ്ധികവും, സാംസ്‌കാരികവും, ഭൗതികവുമായ വളര്‍ച്ചയ്ക്കു നിരന്തരം വിധേയമാകുന്ന മാനവസമൂഹത്തിന്റെ ആത്മീയമണ്ഡലവും ഈ വളര്‍ച്ചയോടു ചേര്‍ന്നുപോകുകയും നിരന്തരം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു.

സഭയുടെ ഈ നവീകരണത്തിന്റെ ഏറ്റവും വലിയ സാക്ഷ്യമായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യത്തില്‍ ക്രോഡീകരിക്കപ്പെട്ട പൗരസ്ത്യസഭകള്‍ക്കായുള്ള കാനന്‍നിയമസംഹിത (CCEO) സ്വയാധികാരസഭകളെ നിര്‍വ്വചിക്കുന്നത് നിയമാനുസൃതമായ ഹൈരാര്‍ക്കിയാല്‍ കൂട്ടിയോജിപ്പിക്കപ്പെട്ട ക്രൈസ്തവവിശ്വാസികളുടെ കൂട്ടായ്മയെന്നാണ് (കാനന്‍ 27). എന്നാല്‍ റീത്ത് എന്നത്, 'ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണ ക്രമം ഇവയിലൂടെ രൂപീകൃതമായതും, ജനപദങ്ങളുടെ ചരിത്രപരമായ സാഹചര്യങ്ങളാലും സംസ്‌കാരത്താലും വ്യത്യസ്തമാക്കപ്പെട്ടതും, ഓരോ സ്വയാധികാര സഭയും തങ്ങളുടേതായ രീതിയില്‍ വിശ്വാസം ജീവിച്ചുകൊണ്ട് വെളിവാക്കുന്നതുമായ പൈതൃകമാണ്' (കാനന്‍ 28). മുന്‍കാലങ്ങളില്‍ സ്വയാധികാരസഭകള്‍ തമ്മിലുള്ള വ്യത്യാസത്തെ കണ്ടിരുന്നത് പ്രധാനമായും അവയുടെ ആരാധനക്രമത്തെ (റീത്തിനെ) അടിസ്ഥാനപ്പെടുത്തിയായിരുന്നു. എന്നാല്‍, സഭയെയും റീത്തിനെയും കൃത്യമായി നിര്‍വ്വചിക്കുക വഴി ഇവ തമ്മിലുള്ള വ്യത്യാസം ഇന്ന് ദൈവശാസ്ത്രത്തിലും കാനന്‍നിയമത്തിലും പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ഭൂരിഭാഗം വരുന്ന വിശ്വാസി സമൂഹം അര നൂറ്റാണ്ടിലേറെ നെഞ്ചിലേറ്റിയ, അവരുടെ ആത്മസത്തയുടെ ഭാഗമായിത്തീര്‍ന്ന, ജനാഭിമുഖ കുര്‍ബാനയെ ഒരു കല്പന കൊണ്ട് മാറ്റിമറിക്കാന്‍ ശ്രമിക്കുന്നത് വാസ്തവത്തില്‍ അവിവേകവും, സഭാ ചരിത്രത്തോടുള്ള അവഹേളനവും, വൈവിധ്യങ്ങ ളെയും വ്യത്യസ്തതകളെയും ഏകവിശ്വാസത്തില്‍ കോര്‍ത്തിണക്കി എല്ലാ ജനവിഭാഗങ്ങള്‍ക്കും രക്ഷയുടെ അടയാളമായി മാറുന്ന സഭാശൈലിയുടെ തിരസ്‌ക്കാരവുമാണ്.

ആരാധനക്രമത്തെക്കാളുപരി തനതായ ഭരണസംവിധാനം (ഹൈരാര്‍ക്കി) ആണ് സഭകളെ വ്യത്യസ്തമാക്കുന്ന അടിസ്ഥാന ഘടകം. ഭരണസംവിധാനത്താല്‍ വ്യത്യസ്തമായ സ്വയാധികാര സഭകളുടെ പൈതൃകത്തെയാണ് റീത്ത് എന്നു വിളിക്കുന്നത്. ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, സഭാശിക്ഷണ ക്രമം എന്നീ ഘടകങ്ങള്‍ ഒരേ പാരമ്പര്യത്തിലുള്ള സഭകള്‍ക്ക് പൊതുവായിരിക്കും. ഇപ്രകാരം പൊതുപൈതൃകം ഉള്ള റീത്തുകളെ പരസ്പരം വേര്‍തിരിക്കുന്ന പ്രത്യേകമായ ഘടകങ്ങള്‍ സംസ്‌കാരവും ചരിത്ര സാഹചര്യങ്ങളുമാണ്. അതായത്, ഓരോ ക്രൈസ്തവസമൂഹത്തിന്റെയും സംസ് കാരവും ചരിത്ര സാഹചര്യങ്ങളുമാണ്, ആ ക്രൈസ്തവസമൂഹം പൊതു പൈതൃകത്തില്‍നിന്നോ, പ്രധാന പാരമ്പര്യത്തില്‍ നിന്നോ സ്വീകരിച്ചിട്ടുള്ളതും പ്രത്യേകമായിട്ടുള്ളതുമായ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ത്തു തനതായ റീത്തിനു രൂപം കൊടുക്കുന്നത്. കേരളത്തിലെ മാര്‍ത്തോമ്മക്രിസ്ത്യാനികള്‍ തന്നെ ഇതിനു ഉത്തമോദാഹരണമാണ്. ഒരേ പൈതൃകം അവകാശപ്പെടുന്ന സീറോ മലബാര്‍ സഭയും സീറോ മലങ്കരസഭയും ഇന്നു രണ്ടു റീത്തുകള്‍ അനുധാവനം ചെയ്യുന്നത് ചരിത്രപരമായ കാരണങ്ങളാലാണ്. ചുരുക്കത്തില്‍, ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, സഭാശിക്ഷണക്രമം എന്നിവ പൊതുവായി ഉണ്ടായിരിക്കുമ്പോഴും പ്രത്യേകമായ സംസ്‌കാരങ്ങള്‍, ചരിത്രസാഹചര്യങ്ങള്‍ എന്നിവയുടെ സ്വാധീനം വഴിയായി ഒരു സമൂഹത്തിന്റെ ത്രി തൈ്വകദൈവത്തിലുള്ള വിശ്വാസം പ്രായോഗികമായി ജീവിക്കുന്ന രീതി മറ്റു സമൂഹങ്ങളില്‍നിന്നും വ്യത്യസ്തമാകുകയും ഒരു പ്രത്യേക റീത്തായി രൂപപ്പെടുകയും ചെയ്യുന്നു. സ്വയാധികാരസഭയെയും റീത്തിനെയുംകുറിച്ചുള്ള ഈ നിര്‍വചനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സഭയ്ക്കുള്ളില്‍ വ്യത്യസ്തമായ റീത്തുകളും, ഒരേ റീത്തു അനുധാവനം ചെയ്യുന്ന വ്യത്യസ്ത സഭകളും സാധ്യമാണ്. സീറോ മലബാര്‍ സഭയില്‍ നടക്കുന്ന ആരാധനക്രമ വിവാദത്തിനു പരിഹാരം കണ്ടെത്തുവാന്‍ ഈ വസ്തുതകള്‍ നമ്മെ സഹായിക്കേണ്ടതാണ്.

റീത്തുകളുടെ ജീവാത്മക വളര്‍ച്ച

വത്തിക്കാന്‍ കൗണ്‍സിലിന്റെ പൗരസ്ത്യസഭകള്‍ക്കായുള്ള പ്രമാണരേഖയുടെ ആറാം ഖണ്ഡികയും (OE 6) പൗരസ്ത്യ കാനന്‍ നിയമസംഹിതയും (CCEO c. 40 §1) റീത്തുകളുടെ ജീവാത്മകമായ വളര്‍ച്ചയെക്കുറിച്ചു (organic growth) പ്രതിപാദിക്കുന്നു. അതിനര്‍ത്ഥം, പാരമ്പര്യത്തിന്റെ അനുഷ്ഠാനങ്ങളില്‍ മുരടിച്ചുനില്ക്കുന്ന, ജീവനില്ലാത്ത അവസ്ഥയല്ല, മറിച്ചു ഒരു കുഞ്ഞ് വളര്‍ന്നുവരുന്നതുപോലെ സ്വഭാവികമായും നിരന്തരമായും വളരേണ്ട ജീവാത്മകവും ചലനാത്മാകവുമായ യാഥാര്‍ത്ഥ്യമാണ് റീത്തുകള്‍ എന്നു സഭ ഔദ്യോഗികമായിത്തന്നെ പഠിപ്പിക്കുന്നു. ഒരു റീത്തിലെ നാല് ഘടകങ്ങളും – ആരാധനക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, സഭാശിക്ഷണക്രമം – കാലാനുസൃതമായി മാറ്റത്തിനും വളര്‍ച്ചയ്ക്കും വിധേയമാകണം. ജനാഭിമുഖ കുര്‍ബാനയര്‍പ്പണരീതി, സീറോ മലബാര്‍ സഭയുടെ റീത്തിന്റെ സ്വഭാവികവളര്‍ച്ചയുടെ മനോഹരമായ കാഴ്ചയാണ്, ഈ യാഥാര്‍ത്ഥ്യത്തെ നമുക്കു എങ്ങനെയാണ് തള്ളികളയാനാവുക? ഈ അനുഷ്ഠാനരീതി എങ്ങനെയാണ് സഭയുടെ പഠനങ്ങള്‍ക്കു എതിരാവുക?

പൗരസ്ത്യസഭകള്‍ക്കായുള്ള കാനന്‍നിയമസംഹിത തന്നെ പറയുന്നുണ്ട് മുപ്പതുവര്‍ഷം തുടര്‍ച്ചയായി ഒരു ക്രൈസ്തവസമൂഹത്തില്‍ അനുഷ്ഠിച്ചുപോരുന്ന ആചാരത്തിനു നിയമപ്രാബല്യം (force of law) ഉണ്ടാകാമെന്ന് (CCEO cc. 1506, 1507). ഒരു സമൂഹത്തിന്റെ പൊതുവായതും സ്ഥിരമായതുമായ പ്രവര്‍ത്തനരീതിയെയാണ് ആചാരം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നതെങ്കില്‍, ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുന്ന രൂപതകളിലെല്ലാം അതിനു നിയമപ്രാബല്യം ലഭിച്ചുകഴിഞ്ഞിരിക്കുന്നു എന്നു പറയേണ്ടി വരും. കാരണം, ഈ കുര്‍ബാനയര്‍പ്പണരീതി ദൈവികനിയമങ്ങള്‍ക്കെതിരോ, യുക്തിസഹമല്ലാത്തതോ, വിശ്വാസത്തിനോ ദൈവശാസ്ത്രപഠനങ്ങള്‍ക്കോ വിരുദ്ധമോ അല്ല, മറിച്ചു സാര്‍വ്വത്രികസഭയില്‍ പൊതുവായി സ്വീകരിക്കപ്പെട്ടിട്ടുള്ളതും, അതാതു രൂപതാധ്യക്ഷന്മാര്‍ സമ്മതം നല്കിയിട്ടുള്ളതുമാണ്. എന്നാല്‍ 50:50 രീതി ഒരു പാരമ്പര്യത്തിന്റെയും ഭാഗമല്ല എന്ന് നമുക്കറിയാം. എങ്കിലും കഴിഞ്ഞ ഇരുപതോളം വര്‍ഷങ്ങളായി നമ്മുടെ ഏതാനും രൂപതകളില്‍ ആ രീതിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ അവ തുടരുന്നതിനു താല്പര്യം ഉള്ളവര്‍ക്കു അതിനുള്ള അവകാശവും സമ്മതിക്കേണ്ടതാണ്.

കുര്‍ബാനയപ്പത്തിന്റെ ഒരുക്കല്‍, വി. കുര്‍ബാനയ്ക്കുമുമ്പ് വൈദികന്‍ ചൊല്ലുന്ന പ്രാര്‍ത്ഥനകള്‍, കുര്‍ബാനയ്ക്കു ഒരുക്കമായുള്ള ഉപവാസാനുഷ്ഠാനം, ആരാധനക്രമ തിരുവസ്ത്രങ്ങള്‍, കുര്‍ബാനയര്‍പ്പണത്തിന്റെ സമയവും, സ്ഥലവും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു പ്രത്യേകനിയമങ്ങള്‍ അതാത് സ്വയാധികാര സഭകള്‍ നിര്‍മ്മിക്കണം എന്നാവശ്യപ്പെടുന്ന പൗരസ്ത്യകാനന്‍നിയമ സംഹിത (CCEO c. 707 §1), വി. കുര്‍ബാനയില്‍ കാര്‍മ്മികന്‍ എങ്ങോട്ടു തിരിഞ്ഞുനില്ക്കണം എന്നതിനെക്കുറിച്ചു പരാമര്‍ശിക്കുകയോ, അതിനായി പ്രത്യേകനിയമം നിര്‍മ്മിക്കണം എന്നാവശ്യപ്പെടുകയോ ചെയ്യുന്നില്ല. മറിച്ചു, വി. കുര്‍ബാനയില്‍ വിശ്വാസിസമൂഹത്തിന്റെ സജീവമായ പങ്കാളിത്തം ഉണ്ടാകേണ്ടതിനാവശ്യമായ പ്രത്യേകനിയമങ്ങള്‍ അതാത് സ്വയാധികാരസഭകള്‍ നിര്‍മ്മിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ടുതാനും (CCEO cc. 699 §3, 673). ഈ കാനന്‍നിയമസംഹിത പ്രാബല്യത്തില്‍വന്ന 1990 നു മുമ്പുതന്നെ ജനാഭിമുഖകുര്‍ബാന സീറോ മലബാര്‍ സഭയില്‍ നടപ്പിലായികഴിഞ്ഞിരുന്നുവെന്നത് പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്.

പാരമ്പര്യങ്ങളുടെ പുനരുദ്ധാരണം

കുര്‍ബാനയ്ക്കിടെ കുറച്ചു സമയം പിന്തിരിഞ്ഞു നില്‍ക്കുന്നതു കൊണ്ടുമാത്രം തീരുന്നതല്ല സീറോ മലബാര്‍ സഭയിലെ ആരാധനക്രമ പ്രശ്‌നം. തീവ്ര പൗരസ്ത്യ പാരമ്പര്യങ്ങളിലേക്ക് തിരിച്ചു പോകാനുള്ള ഒരു വിഭാഗത്തിന്റെ പരി ശ്രമം പുറംതിരിയല്‍ കുര്‍ബാനക്കുമപ്പുറത്ത്, കാലങ്ങളായി ഇവിടുത്തെ വിശ്വാസിസമൂഹം അനുഷ്ഠിച്ചുപോരുന്ന മറ്റു പല ആത്മീയ ജീവിതശൈലികളുടെയും, ഭക്താഭ്യാസങ്ങളുടെയും, ആചാരങ്ങളുടെയും മാറ്റങ്ങള്‍ക്കുവേണ്ടിയുള്ള തുടക്കം മാത്രമാണ്. വിശുദ്ധ കുര്‍ബാന മധ്യേയുള്ള വിരിയിടല്‍, ക്രൂശിത രൂപ നിര്‍മാര്‍ജനം, മാര്‍ത്തോമാ കുരിശിന്റെ ഉപയോഗം, വിശുദ്ധ കുര്‍ബാന സൂക്ഷിക്കുന്നത് ഒഴിവാക്കല്‍, ദിവ്യകാരുണ്യ ആരാധനയുടെ പ്രാധാന്യം എടുത്തുകളയല്‍ തുടങ്ങി ഒട്ടനവധി മാറ്റങ്ങളായിരിക്കും ഇതിനെ തുടര്‍ന്ന് നടപ്പിലാക്കാന്‍ ശ്രമിക്കുക. ദശാബ്ദങ്ങളായി ഇവിടുത്തെ ദൈവജനം നെഞ്ചിലേറ്റിയ ജപമാല, നൊവേനകള്‍, വണക്കമാസാനുഷ്ഠാനം, കുരിശിന്റെ വഴി, തുടങ്ങിയ ഒട്ടനവധി ഭക്താഭ്യാസങ്ങള്‍ പാശ്ചാത്യപാരമ്പര്യത്തിന്റെ ഭാഗങ്ങളാണെന്നു പറഞ്ഞ് നിര്‍ത്തലാക്കാനുള്ള ശ്രമവും നടക്കുകയാണ്.

ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, സഭാശിക്ഷണക്രമം എന്നിവ പൊതുവായി ഉണ്ടായിരി ക്കുമ്പോഴും പ്രത്യേകമായ സംസ്‌കാരങ്ങള്‍, ചരിത്രസാ ഹചര്യങ്ങള്‍ എന്നിവയുടെ സ്വാധീനം വഴിയായി ഒരു സമൂഹത്തിന്റെ ത്രിതൈ്വകദൈവത്തിലുള്ള വിശ്വാസം പ്രായോഗികമായി ജീവിക്കുന്ന രീതി മറ്റു സമൂഹങ്ങളില്‍ നിന്നും വ്യത്യസ്തമാകുകയും ഒരു പ്രത്യേക റീത്തായി രൂപപ്പെടുകയും ചെയ്യുന്നു. സ്വയാധികാരസഭയെയും റീത്തിനെയുംകുറിച്ചുള്ള ഈ നിര്‍വചനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സഭയ്ക്കുള്ളില്‍ വ്യത്യസ്തമായ റീത്തുകളും, ഒരേ റീത്തു അനുധാവനം ചെയ്യുന്ന വ്യത്യസ്ത സഭകളും സാധ്യമാണ്.

പാശ്ചാത്യപാരമ്പര്യത്തില്‍ നിന്നും വ്യത്യസ്തരാണ് തങ്ങള്‍ എന്ന് സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടി, അതിലെ എല്ലാ നന്മകളെയും തിരസ്‌കരിക്കുകയും, തമസ്‌കരിക്കുകയും ചെയ്തുകൊണ്ട് വ്യത്യസ്തതയ്ക്കുവേണ്ടി മാത്രം പുതിയ രീതികളും, പുതിയ ശൈലികളും, ആശയങ്ങളും ഉണ്ടാക്കിയെടുക്കുന്നതിനുള്ള പരിശ്രമങ്ങളും ചിലയിടങ്ങളില്‍ കാര്യമായി അരങ്ങേറുന്നു. സുറിയാനി ഭാഷയ്ക്കുള്ള അമിതപ്രാധാന്യം, വേഷഭൂഷാദികളിലെ മാറ്റങ്ങള്‍, തിരുനാളുകളും പ്രത്യേക ദിവസങ്ങളും വ്യത്യസ്തമായി ആചരിക്കല്‍, നൂറ്റാണ്ടുകളായി തുടരുന്ന ജീവിതശൈലികളെ തള്ളിപ്പറയല്‍, എന്നിവയെല്ലാം നമ്മുടെ സഭയില്‍ ഇപ്പോള്‍ തന്നെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഇങ്ങനെ, തീവ്രപൗരസ്ത്യ തലത്തിലേയ്ക്കു ഈ സഭയെ നയിക്കുക വഴി, നമ്മുടെ ആത്മീയജീവിതാഭിമുഖ്യങ്ങളോടും, ദൈവശാസ്ത്രവീക്ഷണങ്ങളോടും, സാംസ്‌കാരികശൈലികളോടും യോജിച്ചുപോകാത്ത കാര്യങ്ങളെ സ്വീകരിക്കുവാന്‍ നാം നിര്‍ബന്ധിക്കപ്പെടുകയാണ്.

രൂപതാധ്യക്ഷന്‍ പൈതൃകസംരക്ഷകന്‍

ഓരോ രൂപതയെയും ഒരു പ്രാദേശിക സഭയായിട്ടാണ് (local church) കൗണ്‍സില്‍ കണക്കാക്കുന്നത്. പൗരസ്ത്യ കാനന്‍ നിയമസംഹിത രൂപതയെ നിര്‍വചിക്കുന്നത് വൈദികസമൂഹത്തിന്റെ സഹകരണത്തോടെ അജപാലനധര്‍മ്മം നടത്തേണ്ടതിനായി മെത്രാനെ ഭരമേല്പിച്ചിരിക്കുന്ന ദൈവജനത്തിന്റെ ഭാഗമെന്നാണ് (CCEO c. 177 §1). അതായത് രൂപതയെന്നത് അടിസ്ഥാനപരമായി ദൈവജനത്തിന്റെ കൂട്ടായ്മയാണ്. ഈ ദൈവജനത്തിന്റെ ഇടയനാണ് മെത്രാന്‍. ഈ ഇടയധര്‍മ്മം അദ്ദേഹം നിര്‍വ്വഹിക്കേണ്ടത് വൈദികസമൂഹത്തിന്റെ സഹകരണത്തോടെയാണ്. ദൈവജനത്തെയും മെത്രാനെയും വൈദിക സമൂഹത്തെയും ഒന്നിച്ചുചേര്‍ക്കുന്നത് 'സുവിശേഷവും വി. കുര്‍ബാനയും, പരിശുദ്ധാത്മാവും' ആണ് (CCEO c. 177 §1). സ്വയാധികാരസഭയെക്കുറിച്ചു നിര്‍വചിക്കുമ്പോള്‍ അതില്‍ ആരാധക്രമം ഒരു ഘടകമല്ലെങ്കില്‍, രൂപതയെക്കുറിച്ചുള്ള നിര്‍വചനത്തില്‍ വി. കുര്‍ബാന അതിന്റെ അടിസ്ഥാനശിലകളില്‍ ഒന്നായി മാറുന്നു. ഈ വ്യത്യാസം വളരെ പ്രസക്തവും പ്രാധാന്യമുള്ളതുമാണ്. വിശുദ്ധ കുര്‍ബാനയും അതിന്റെ അര്‍പ്പണ രീതിയുമെല്ലാം ഒരു സ്വയാധികാര സഭയുടെ ഉത്തരവാദിത്വം എന്നതിനേക്കാള്‍ ഒരു രൂപതയുടെ ഉത്തരവാദിത്വം ആയിമാറുന്നു. അതുകൊണ്ടു തന്നെ 'തനിക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന രൂപതയിലെ ആരാധനാ ജീവിതം മുഴുവന്റെയും നിയന്താവും (moderator), പ്രോത്സാഹകനും (promoter), സംരക്ഷകനും (guardian) അതാത് രൂപതാ മെത്രാനാണ് (CCEO c. 199 §1). കാനന്‍നിയമത്തില്‍ ഒരിടത്തും ഈ ഉത്തരവാദിത്വം മേജര്‍ ആര്‍ച്ച്ബിഷപ്പിനോ, സിനഡിനോ ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ല. മറിച്ചു, ആരാധനക്രമത്തെ സംബന്ധിച്ചു തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, സിനഡും മേജര്‍ ആര്‍ച്ചു ബിഷപ്പും രൂപതാമെത്രാന്റെ ഈ അധികാരത്തിനു അര്‍ഹമായ പരിഗണന കൊടുക്കണമെന്നാണ് പൗരസ്ത്യ കാനന്‍ നിയമ സംഹിത ആവശ്യപ്പെടുന്നത് (CCEO c. 668 §2).

2021 ജൂലൈ 16-ാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പ പരമ്പരാഗത ലത്തീന്‍ കുര്‍ബാനയര്‍പ്പണത്തെക്കുറിച്ചു പുറപ്പെടുവിച്ച നിയമാനുശാസനത്തില്‍ (Traditionis Custodes) രൂപതാമെത്രാന്മാരുടെ ഈ അധികാരത്തെയും ഉത്തരവാദിത്വത്തെയും ഊന്നിപ്പറയുന്നുണ്ട്. മേല്പറഞ്ഞ ഉത്തരവാദിത്വങ്ങള്‍, രൂപതാമെത്രാന്‍, താന്‍ ആയിരിക്കുന്ന സ്വയാധികാരസഭയുടെ അനുശാസനങ്ങളുടെയും നിയമാനുസൃതമായ ആചാരങ്ങളുടെയും (legitimate customs) അടിസ്ഥാനത്തില്‍വേണം നിര്‍വ്വഹിക്കേണ്ടത് എന്നും നിയമം ഉദ്‌ബോധിപ്പിക്കുന്നു (CCEO c. 199 §1). ചുരുക്കത്തില്‍, തനിക്കു ഏല്പിക്കപ്പെട്ടിരിക്കുന്ന അജഗണത്തിന്റെ നന്മയും കൂട്ടായ്മയും ആത്മീയാഭിവൃദ്ധിയും കണക്കിലെടുത്ത്, സത്താപരമായ കാര്യങ്ങളില്‍ മാറ്റംവരാതെ, എന്നാല്‍ ദൈവാരാധന പരിപൂര്‍ണ്ണതയോടും, ദൈവജനത്തിന്റെ സജീവപങ്കാളിത്തം കൂടുതല്‍ ഉറപ്പുവരുത്തുന്നതുമായ രീതിയില്‍ (CCEO c. 673) അനു്ഠിക്കപ്പെടുന്നതിനു ആവശ്യമായ കാര്യങ്ങള്‍ നടപ്പില്‍വരുത്തുന്നതിനുള്ള അധികാരം ആരാധനാജീവിതത്തിന്റെ നിയന്താവും, പ്രോത്സാഹകനും, സംരക്ഷകനും എന്ന നിലയില്‍ രൂപതാമെത്രാനില്‍ നിക്ഷിപ്തമാണ്.

രൂപതകളും സിനഡും

ഇത്തരുണത്തില്‍, രൂപതകളും സിനഡും തമ്മില്‍ പുലരേണ്ട പാരസ്പര്യങ്ങളെക്കുറിച്ചും ചിന്തിക്കുന്നത് നല്ലതാണ്. എല്ലാ പൗരസ്ത്യ സഭകള്‍ക്കുമായി പൊതുവായ കാനോന്‍നിയമം (CCEO) ഉള്ളതുകൂടാതെ, അതിലെ ഓരോ വ്യക്തിസഭകള്‍ക്കും പ്രത്യേക നിയമങ്ങള്‍ (Particular Law) ഉണ്ട്. അതോടൊപ്പം തന്നെ ഓരോ രൂപതയ്ക്കും കൂടുതല്‍ പ്രത്യേകമായ നിയമങ്ങള്‍ (More Particular Law) ആവിഷ്‌കരിക്കുന്നതിന് രൂപതാധ്യക്ഷന് കാനോന്‍ നിയമം അനുവാദം കൊടുക്കുന്നുണ്ട് (CCEO cc. 1502 §2, 191). അതാത് സ്ഥലത്തെ പ്രത്യേകതകളും അജപാലനാവശ്യങ്ങളും പരിഗണിച്ച് ഓരോ രൂപതയ്ക്കും പ്രത്യേകമായ നിയമങ്ങള്‍ ഉണ്ടാക്കാമെങ്കില്‍, മേല്‍ പ്രസ്താവിച്ചതുപോലെ സഭയുടെ ആരാധനാരീതിയിലും തന്റെ ദൈവജനത്തിന്റെ ആവശ്യം പരിഗണിച്ച് സത്താപരമല്ലാത്ത കാര്യങ്ങളില്‍ തീരുമാനമെടുക്കുകയെന്നത് രൂപതാധ്യക്ഷന്റെ അജപാലനാധികാരത്തിന്റെ ഭാഗമായി കണക്കാക്കേണ്ടതാണ്. ആ അവകാശം രൂപതാധ്യക്ഷന്മാര്‍ക്കു നിഷേധിക്കുന്നത് എന്തുകാരണത്തിന്റെ പേരിലായാലും സഭാനിയമങ്ങള്‍ വിഭാവനം ചെയ്യുന്ന അധികാര വികേന്ദ്രീകരണം (principle of subsidiartiy) എന്ന തത്വത്തിനു വിപരീതമാണ്.

ഒരു രൂപത അതില്‍തന്നെ സാര്‍വത്രികസഭയുടെ ചെറുപതിപ്പാണ്. മാതൃസഭയുടെ ഭാഗമായിരിക്കുമ്പോള്‍തന്നെ ഒരു പ്രദേശത്തിന്റെ പ്രത്യേകമായ ആത്മീയ ആഭിമുഖ്യങ്ങളും, സാംസ്‌കാരിക മുന്നേറ്റങ്ങളും, ജീവിതവീക്ഷണങ്ങളും ചരിത്ര പശ്ചാത്തലങ്ങളും ഉള്‍ച്ചേര്‍ന്ന വിശ്വാസസമൂഹമായി, രൂപതാധ്യക്ഷന്റെ നേതൃത്വത്തിലും പാലനയിലും വളരുന്ന പ്രാദേശികസഭയാണ് രൂപത. ഓരോ രൂപതയും മറ്റ് രൂപതകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഒരു രൂപതയിലെ വിശ്വാസിസമൂഹത്തിന്റെ ആത്മരക്ഷ ആ രൂപതയുടെ അധ്യക്ഷനായ മെത്രാന്റെ കടമയാണ്, ഉത്തരവാദിത്വമാണ്. ശ്ലൈഹീക പിന്തുടര്‍ച്ചയുള്ള രൂപതാമെത്രാന്‍ തന്റെ ത്രിവിധ ദൗത്യങ്ങളായ പഠിപ്പിക്കുക, വിശുദ്ധീകരിക്കുക, ഭരിക്കുക എന്നീ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അദ്ദേഹത്തിന് നിയമനിര്‍മ്മാണ (legislative), ഭരണനിര്‍വഹണ (executive), ന്യായവിധി നിര്‍ണയ (judicial) അധികാരങ്ങള്‍ ദൈവിക നിയമത്തിലൂടെയും കൗദാശിക ക്രമത്തിലൂടെയും തന്റെ രൂപതയിലെ വിശ്വാസികളുടേമേല്‍ ഉണ്ട് (CCEO c. 191 §1).

ഈ വസ്തുതകളുടെ അടി സ്ഥാനത്തില്‍, താഴെപ്പറയുന്ന നിഗമനങ്ങളിലും നിലപാടുകളിലും നമുക്ക് എത്തിച്ചേരാവുന്നതാണ്.

1) ജനാഭിമുഖ കുര്‍ബാന വിശ്വാസാവബോധത്തിന്റെ പ്രകാശനം: ജനങ്ങള്‍ക്ക് അഭി മുഖമായി കുര്‍ബാനയര്‍പ്പിക്കുകയെന്നത് വിശ്വാസപരമായോ, ആരാധനക്രമപരമായോ തെറ്റായ കാര്യമല്ല. കൃത്യമായ ദൈവശാസ്ത്രാടിസ്ഥാനമുള്ളതും വിശ്വാസസമൂഹങ്ങള്‍ക്കിടയില്‍ കൂടുതലായി സ്വീകരിക്കപ്പെട്ടതുമായ ആരാധനക്രമ നവീകരണമാണത്. സഭയിലെ ഒരധികാരിയും അടിച്ചേല്പിച്ചതല്ല, മറിച്ച്, ദൈവശാസ്ത്രപഠനങ്ങളുടെ വളര്‍ച്ചയുടെയും, കൂടുതല്‍ സജീവമായി വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുന്നതിനുള്ള ദൈവജനത്തിന്റെ ആഗ്രഹത്തിന്റെയും സമഞ്ജസമായ സമ്മേളനഫലമായി സഭയില്‍ സ്വാഭാവികമായി രൂപംകൊണ്ടതാണത്. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന സഭയില്‍, ദൈവ ജനത്തിന്റെ പൊതുവായ വിശ്വാ സാവബോധത്തിന്റെ പ്രകാശനമായി നമുക്ക് അതിനെ കാണാവുന്നതാണ്.

പാശ്ചാത്യസഭയിലാണ് ഈ ആരാധനക്രമ നവീകരണം ആരംഭിച്ചതെങ്കിലും, വത്തിക്കാന്‍ കൗണ്‍സിലിന്റെ നവീകരണ ചൈതന്യത്തില്‍ പൗരസ്ത്യ സഭകളായ സീറോ മലബാര്‍ സഭയും, മാറോണൈറ്റ് സഭയും, ഇപ്പോള്‍ കല്‍ദായസഭയും ഈ നവീകരണശൈലി സ്വീകരിക്കുകയും ജനാഭിമുഖമായി കുര്‍ബാനയര്‍പ്പിക്കുന്ന രീതി തങ്ങളുടെ ആരാധനക്രമത്തിന്റെ ഭാഗമാക്കുകയും ചെയ്തു. ഏകദേശം അറുപത് വര്‍ഷക്കാലമായി സീറോ മലബാര്‍ സഭയിലെ ഭൂരിഭാഗം രൂപതകളിലും തുടര്‍ന്നു പോരുന്ന ഈ അനുഷ്ഠാനരീതി ഈ സഭയുടെ ചരിത്രത്തിലും, ഈ രൂപതകളുടെ സംസ്‌കാരത്തിലും വേര്‍പിരിക്കാനാവാത്തവിധം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി, ഈ അനുഷ്ഠാനക്രമം തുടരാന്‍ അനുവദിക്കുകയെന്നത് ദൈവജനത്തിന്റെ നന്മയും ആത്മീയാഭിവൃദ്ധിയും കാംക്ഷിക്കുന്ന ഏതൊരു ഇടയന്റെയും കടമയാണ്.

ഒരേ സഭയില്‍ നിലനിന്ന വ്യത്യസ്ത രീതിയിലുള്ള അനുഷ്ഠാനക്രമം വിശ്വാസി സമൂഹത്തിന്റെ സമൂഹ്യജീവിതത്തിലും ബന്ധങ്ങളിലും ഒരു തരത്തിലുള്ള അനൈക്യവും ഇതേവരെ സൃഷ്ടിച്ചിട്ടില്ല. തീവ്രമായ പൗരസ്ത്യ നിലപാടുള്ള ചില വ്യക്തികള്‍ ജനാഭിമുഖമായി വിശുദ്ധ അര്‍പ്പിക്കുന്ന വൈദികരെയും രൂപതകളെയും സോഷ്യല്‍ മീഡിയായിലും മറ്റും നടത്തുന്ന ചില അധിക്ഷേപങ്ങളൊഴിച്ചാല്‍ വിവാഹം പോലുള്ള സാമൂഹ്യബന്ധങ്ങളിലെ സഭാത്മകകാര്യങ്ങളിലോ സംഘടനാ പ്രവര്‍ത്തനങ്ങളിലോ യാതൊരുവിധത്തിലുള്ള അകല്ച്ചയും ഇവിടെ രൂപപ്പെട്ടിട്ടില്ല. ഇപ്പോള്‍ മുഴുവനും അള്‍ത്താരാഭിമുഖം ചൊല്ലുന്നവരെയും 50:50 രീതിയില്‍ ചൊല്ലുന്നവരെയും മുഴുവന്‍ ജനാഭിമുഖ കുര്‍ബാന ചൊല്ലാന്‍ ആരും നിര്‍ബന്ധിക്കാത്തതുപോലെ മറിച്ചും ചെയ്യാതിരിക്കുന്നതാകും ആരോഗ്യകരമായ സഹവര്‍ത്തിത്വത്തിന് നല്ലത്. കാരണം, മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ ചരിത്രം ഒട്ടേറെ മാറ്റങ്ങള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും നവീകരണങ്ങള്‍ക്കും വിധേയമായതാണ്.

സീറോ മലബാര്‍ സഭയുടെ പ്രത്യേക ചരിത്രപശ്ചാത്തലവും സാംസ്‌കാരിക വൈവിധ്യങ്ങളും ഉള്‍ക്കൊണ്ടു ഇപ്പോള്‍ നിലവിലിരിക്കുന്ന മൂന്നു രീതികളും ഈ സഭയുടെ ആരാധനക്രമത്തിന്റെ ഔദ്യോഗികരീതികളായി അംഗീകരിക്കുകയെന്നതായിരിക്കും ഇവിടുത്തെ ദൈവജനത്തിനുവേണ്ടി സിനഡിനു എടുക്കാവുന്ന ഏറ്റവും ഉചിതമായ തീരുമാനം. അത് ഈ സഭയുടെ പുരോഗതിക്കും സ്വച്ഛമായ ഭാവിക്കും ദൈവജനത്തിന്റെ സുഗമമായ സഹവര്‍ത്തിത്വത്തിനും കാരണമാകും.

2) വൈവിധ്യങ്ങളിലെ സൗന്ദര്യവും ഐക്യവും: ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്, മാര്‍ത്തോമാക്കുരിശ്, അള്‍ത്താരവിരി, വലത്തുനിന്നും ഇടത്തോട്ടുള്ള കുരിശുവരയ്ക്കല്‍, എന്നീ വിഷയങ്ങളില്‍ മുന്‍കാലങ്ങളിലെ സിനഡ് എടുത്തിരിക്കുന്ന തീരുമാനങ്ങള്‍. ഒരു കാലത്ത് ശക്തമായ വാദപ്രതിവാദങ്ങള്‍ക്കു കാരണമായിരുന്ന ഈ വിഷയങ്ങളില്‍ സിനഡ് ഒരു പക്ഷവും പിടിക്കാതെ, ക്രൂശിതരൂപവും അതോടൊപ്പം മാര്‍ത്തോമാക്കുരിശും, അള്‍ത്താരവിരിയും, രണ്ടു രീതികളില്‍ കുരിശുവരയ്ക്കുന്നതും, എല്ലാം പൊതുവായി അംഗീകരിക്കുകയും ഓരോ രൂപതാധ്യക്ഷന്റെയും അധികാരത്തിനു കീഴില്‍ തീരുമാനമെടുക്കാവുന്ന ഐശ്ചികമായ കാര്യങ്ങളായി നിലനിര്‍ത്തുകയുമാണ് ചെയ്തത്. ഒന്നിനെയും തള്ളിപ്പറയാതെ, എല്ലാറ്റിനെയും ഉള്‍ക്കൊണ്ട ആ തീരുമാനം സിനഡ് നടപ്പില്‍വരുത്തിയതിനുശേഷം, ഈ വിഷയങ്ങളില്‍ ഈ സഭയ്ക്കുള്ളില്‍ കാര്യമായ അസ്വസ്ഥതകള്‍ ഉണ്ടായിട്ടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതുപോലെയൊരു നിലപാടാണ് വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ കാര്‍മ്മികന്റെ നില്പിനെക്കുറിച്ചും സിനഡ് എടുക്കേണ്ടത് എന്നാണ് ഇവിടുത്തെ ദൈവജനം ആഗ്രഹിക്കുന്നത്.

എന്നാല്‍ ദൈവജനത്തിന്റെ ഈ ആവശ്യം പരിഗണിക്കാതെ, ഏകപക്ഷീയമായ തീരുമാനത്തിലൂടെ ഈ അനുഷ്ഠാനക്രമം മെത്രാന്‍സംഘം നിരോധിച്ചാല്‍, ദൈവികനിയമങ്ങള്‍ക്ക് എതിരല്ലാത്തതിനാല്‍, മുപ്പതുവര്‍ഷക്കാലത്തിലധികമായി, രൂപതാധികാരികളുടെ അറിവോടും സമ്മതത്തോടുംകൂടെ തങ്ങള്‍ തുടര്‍ന്നു കൊണ്ടുപോരുന്ന ഈ ആരാധനക്രമത്തിന്റെയും ദൈവശാസ്ത്ര വീക്ഷണങ്ങളുടെയും, ആത്മീയ ജീവിതാഭിമുഖ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശുദ്ധ പിതാവിന്റെ അംഗീകാരത്തോടെ സീറോ മലബാര്‍ സഭയ്ക്കുള്ളില്‍ത്തന്നെ ഒരു പ്രത്യേക റീത്തായി രൂപപ്പെടുകയെന്ന സാധ്യത നമ്മുടെ മുമ്പിലുണ്ട്.

സീറോ മലബാര്‍ സഭ എന്ന സ്വയാധികാരസഭയുടെ ഉള്ളില്‍ നിന്നുകൊണ്ട്, തങ്ങളുടെ പ്രത്യേകമായ സാമൂഹ്യ, സാംസ്‌കാരിക, ചരിത്ര പശ്ചാത്തലത്തിലും, ആരാധനക്രമത്തിലും, ആത്മീയജീവിതാഭിമുഖ്യങ്ങളിലും, ദൈവശാസ്ത്രവീക്ഷണങ്ങളിലും, തീവ്ര പൗരസ്ത്യ പാരമ്പര്യങ്ങളില്‍നിന്നും വ്യതിരിക്തമായ ഒരു പ്രാദേശിക റീത്തിനു രൂപംകൊടുക്കുന്നത് ഈ സഭയുടെ തന്നെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് അനുപേക്ഷണീയമായിരിക്കും.

ഉദാഹരണമായി, യൂറോപ്പിലെ ഏറ്റവും വലിയ രൂപതയായ മിലാന്‍ അതിരൂപത ലത്തീന്‍ സഭയിലെ ഒരു രൂപതയാണ്. എന്നാല്‍ ഈ അതിരൂപത, മറ്റു ലത്തീന്‍ രൂപതകളില്‍നിന്നും വിത്യസ്തമായി, തങ്ങളുടേതായ ഒരു റീത്ത് – അംബ്രോസിയന്‍ റീത്ത് – ആണ് പിന്തുടരുന്നത്. ഈ അതിരൂപതയുടെ തന്നെ രണ്ടു റീജിയനുകളിലെ പള്ളികളില്‍ ഈ അംബ്രോസിയന്‍ റീത്തിലല്ല കുര്‍ബാനയര്‍പ്പണം എന്നതും ശ്രദ്ധേയമാണ്. പകരം ലത്തീന്‍ റീത്തിലെ പൊതു കുര്‍ബാനക്രമമാണ് അവിടെ പിന്തുടരുന്നത്. അതുപോലെതന്നെ, ലത്തീന്‍സഭയില്‍ തന്നെയുള്ള മറ്റൊരു റീത്താണ്, 1998-ല്‍ വത്തിക്കാനില്‍ നിന്നും അംഗീകാരം കിട്ടിയ, കോംഗോയിലെ സൈറിയന്‍ റീത്ത്. 2019 ഡിസംബര്‍ 1-ാം തീയതി വത്തിക്കാനില്‍ വി. പത്രോസിന്റെ ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഈ റീത്തിലാണ് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചത്. കൂടാതെ, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെപോലുള്ള മാര്‍പാപ്പമാരും, നിരവധി മെത്രാന്മാരും പ്രോത്സാഹിപ്പിക്കുകയും, റോം അതിരൂപതയിലും, ലോകത്തിലെ മറ്റനേകം രൂപതകളിലും വളരെ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിയോകാറ്റക്ക്യുമ്‌നേറ്റ് (Neocatechumenal Way) എന്ന കത്തോലിക്കാ പ്രസ്ഥാനത്തില്‍ വി. കുര്‍ബാനയര്‍പ്പിക്കുന്ന രീതിയും പൊതുകുര്‍ബാനക്രമത്തോടു സത്താപരമായ കാര്യങ്ങളില്‍ വിശ്വസ്തത പുലര്‍ത്തുമ്പോള്‍ത്തന്നെ അനുഷ്ഠാന രീതിയില്‍ പല കാര്യങ്ങളിലും വ്യത്യസ്തമാണ്. ഇവയെല്ലാം സഭയുടെ വളര്‍ച്ചയുടെ ലക്ഷണങ്ങളും, സഭാംഗങ്ങളുടെ ആത്മീയ ഉണര്‍വിനു സഹായകങ്ങളുമാണ്. ഈ മാതൃകയില്‍, സീറോ മലബാര്‍ സഭയിലും വി. കുര്‍ബാനയര്‍പ്പണത്തില്‍ വ്യത്യസ്ത രീതികളും, അല്ലെങ്കില്‍ വ്യത്യസ്ത റീത്തുകള്‍തന്നെയും ആകാവുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കും മിഷന്‍പ്രദേശങ്ങളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന ഈ സഭയ്ക്കു ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ കണക്കിലെടുത്തുകൊണ്ടു അത്തരത്തിലുള്ള പുതിയ ആരാധനാക്രമങ്ങളോ, റീത്തുതന്നെയോ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്, അനിവാര്യമാണ്. വിശ്വാസം, കൂദാശകള്‍, സന്മാര്‍ഗം, ഭരണക്രമം എന്നീ തലങ്ങളില്‍ ഗാഢമായ ഐക്യവും, കൂദാശകളുടെ അനുഷ്ഠാനരീതികള്‍, ആദ്ധ്യാത്മികത, ദൈവശാസ്ത്രവീക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ സാധ്യമായ വൈവിധ്യവും ഉള്‍ക്കൊളളുന്ന സഭാ ശൈലിയാണ് ഇന്ന് സീറോ മലബാര്‍ സഭയ്ക്കു വേണ്ടത്.

അനന്തമായി നീളുന്ന, ആരാധനക്രമ തര്‍ക്ക ങ്ങള്‍ സീറോ മലബാര്‍ സഭയെ ശോഷിപ്പിക്കുകയേ ഉള്ളൂ. വ്യത്യസ്ത ധ്രുവങ്ങളിലേക്ക് അനേകകാതം നീങ്ങിപ്പോയ രണ്ട് സാംസ്‌കാരിക പൈതൃകങ്ങളെ കൂട്ടിയോജിപ്പിക്കാന്‍ ശ്രമിക്കുന്നത് വെറും ഏച്ചു കെട്ടലായി പരിണമിക്കും. വിവിധ സാംസ്‌കാരിക പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന രണ്ട് വ്യക്തി സഭ കളെപ്പോലെ തനതായ ദൈവശാസ്ത്രവും, സഭാവി ജ്ഞാനീയവും, ആരാധനാരീതികളും, വിശ്വാസ പാരമ്പര്യങ്ങളുമായി ഇരുവിഭാഗത്തെയും സ്വതന്ത്ര മായി വളരാന്‍ അനുവദിക്കുന്നതായിരിക്കും ഈ സാഹചര്യത്തില്‍ കരണീയം.

കാരണം അനന്തമായി നീളുന്ന, ആരാധനക്രമ തര്‍ക്കങ്ങള്‍ സീറോ മലബാര്‍ സഭയെ ശോഷിപ്പിക്കുകയേ ഉള്ളൂ. വ്യത്യസ്ത ധ്രുവങ്ങളിലേക്ക് അനേകകാതം നീങ്ങിപ്പോയ രണ്ട് സാംസ്‌കാരിക പൈതൃകങ്ങളെ കൂട്ടിയോജിപ്പിക്കാന്‍ ശ്രമിക്കുന്നത് വെറും ഏച്ചുകെട്ടലായി പരിണമിക്കും. വിവിധ സാംസ്‌കാരിക പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന രണ്ട് വ്യക്തി സഭകളെപ്പോലെ തനതായ ദൈവ ശാസ്ത്രവും, സഭാവിജ്ഞാനീയവും, ആരാധനാരീതികളും, വിശ്വാസപാരമ്പര്യങ്ങളുമായി ഇരുവിഭാഗത്തെയും സ്വതന്ത്രമായി വളരാന്‍ അനുവദിക്കുന്നതായിരിക്കും ഈ സാഹചര്യത്തില്‍ കരണീയം. ഒപ്പം പരസ്പരം തോല്‍പിക്കാനും അപരന്റെമേല്‍ ആധിപത്യം നേടാനും ശ്രമിക്കുന്ന അസഹിഷ്ണുതയുടെയും കുടിപ്പകയുടെയും സഭാതര്‍ക്കങ്ങളിലേക്ക് വഴുതിപ്പോകാതെ സൂക്ഷിക്കാനുള്ള വിവേകവും പക്വതയും സഭാനേതൃത്വത്തില്‍നിന്ന് അടിയന്തിരമായി ഉണ്ടാകേണ്ട സമയവുമാണിത്.

3) അനുഷ്ഠാനങ്ങളേക്കാള്‍ ആത്മാക്കളുടെ രക്ഷ പ്രധാനം: വിശുദ്ധ കുര്‍ബാന എങ്ങോട്ടു തിരിഞ്ഞുനിന്നു അര്‍പ്പിക്കണമെന്നത് കുര്‍ബാനയുടെ സത്താപരമായ കാര്യമോ, സാധുതയെ (validity) ബാധിക്കുന്നതോ അല്ല. വിശ്വാസപരമോ സന്മാര്‍ഗ്ഗപരമോ ആയ പ്രശ്‌നമല്ലത്. എന്നാല്‍, ദൈവജനത്തിന്റെ താല്പര്യങ്ങള്‍ക്കു വിരുദ്ധമായത് അടിച്ചേല്പിക്കുമ്പോള്‍ അത് അജപാലനപരമായ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു. തദവസരത്തില്‍ ഓരോ അജപാലകനും പാലിക്കേണ്ടത്, 'ആത്മാക്കളുടെ രക്ഷയെന്ന പരമോന്നത നിയമം' (CIC c. 1752) ആണ്. എല്ലാ സഭാനിയമങ്ങളും ഈ പരമോന്നത നിയമത്തിനു കീഴിലാണ് വരുന്നത്, വരേണ്ടത്.

4) മാറിവരുന്ന പാരമ്പര്യങ്ങള്‍: സീറോ മലബാര്‍ സഭയില്‍ കാര്‍മ്മികന്‍ കിഴക്കോട്ടുതിരിഞ്ഞു നിന്നു ബലിയര്‍പ്പിക്കണം എന്നു ശഠിക്കുന്നതു പാരമ്പര്യം, പ്രത്യേകിച്ചു പൗരസ്ത്യപാരമ്പര്യം നില നിര്‍ത്തുക എന്ന തത്വത്തിന്റെ പേരിലാണ്. എന്നാല്‍, പൗരസ്ത്യ പാരമ്പര്യത്തിന്റെ സുപ്രധാനഘടകങ്ങളായ മറ്റു പല കാര്യങ്ങള്‍ക്കും ചരിത്രപരമായ കാരണങ്ങളാല്‍ ഈ സഭയില്‍ മാറ്റം വന്നിട്ടുള്ളതു കാണാന്‍ സാധിക്കും. ഉദാഹരണമായി, വൈദികരുടെ ബ്രഹ്മചര്യം. പൗരസ്ത്യ കാനന്‍ നിയമ സംഹിത പ്രാബല്യത്തില്‍ വന്നപ്പോള്‍ വൈദികബ്രഹ്മചര്യത്തെക്കുറിച്ചു തീരുമാനമെടുക്കാനുള്ള അധികാരം ഓരോ സ്വയാധികാര സഭയ്ക്കുമാണ് നല്കിയത് (CCEO c. 758 §3). തുടര്‍ന്ന്, സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമങ്ങള്‍ രൂപപ്പെടുത്തിയപ്പോള്‍ ഈ പൗരസ്ത്യപാരമ്പര്യം നടപ്പില്‍വരുത്താനല്ല, മറിച്ചു നിലവിലുള്ള രീതി, അതു ലത്തീന്‍ സഭാധികാരികള്‍ ഉദയംപേരൂര്‍ സൂനഹദോസിലൂടെ നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കിയതായിട്ടും, തുടരാനാണ് തീരുമാനമെടുത്തത് (ആര്‍ട്ടിക്കിള്‍ 46). ഇപ്രകാരം, മറ്റൊരു സഭ നിര്‍ബന്ധിച്ചു നടപ്പിലാക്കിയ, യഥാര്‍ത്ഥ പൗരസ്ത്യ പാരമ്പര്യത്തിനു വിരുദ്ധമായ ഒരു ശിക്ഷണ ക്രമം സൗകര്യപൂര്‍വ്വം തുടരുകയും, ഈ സഭാംഗങ്ങള്‍ തന്നെ താല്പര്യപൂര്‍വ്വം സ്വീകരിച്ച ഒരു അനുഷ്ഠാനരീതി പാരമ്പര്യത്തിന്റെ പേരില്‍ അധികാരത്തിന്റെ ഇരുമ്പുദണ്ഡുകൊണ്ടു അടിച്ചമര്‍ത്തുകയും ചെയ്യുന്നത് സാമാന്യബുദ്ധിക്കു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനോടു ചേര്‍ത്തുവായിക്കേണ്ട കാര്യമാണ് മാര്‍ത്തോമാ ക്രിസ്ത്യാനികളുടെയിടയില്‍ നിലനിന്നിരുന്ന പള്ളി യോഗ പാരമ്പര്യം സീറോ മലബാര്‍ സഭയില്‍ ഇന്നു നടപ്പിലാക്കിയിരിക്കുന്ന രീതി.

5) രൂപതയുടെ മേലുള്ള സിനഡിന്റെ നിയന്ത്രണങ്ങള്‍: ഒരു രൂപതയുടെ മേല്‍, മെത്രാന്‍ സംഘത്തിന്റെയോ, സിനഡിന്റെയോ അധികാര അവകാശങ്ങളുടെ ലക്ഷ്മണരേഖ കൃത്യമായി പാലിക്കേണ്ടതും, മാനിക്കേണ്ടതുമാണ്. അല്ലാത്തപക്ഷം സിനഡിലെ മൃഗീയഭൂരിപക്ഷമുള്ള ഒരു വിഭാഗത്തിന് മറുപക്ഷത്തുള്ള രൂപതകളുടേമേല്‍ കടന്നുകയറാനും, ആധിപത്യം സ്ഥാപിക്കാനും സാധ്യമാക്കുന്ന ഒട്ടും സഭാത്മക മല്ലാത്ത അവസ്ഥയാണ് സംജാതമാകുക.

ഒരു പ്രാദേശികസഭയെന്ന നിലയില്‍ രൂപതകളുടെ പ്രാധാന്യവും സവിശേഷമായ സ്വയാധികാരസ്വഭാവവും പൗരസ്ത്യസഭകളിലും പാശ്ചാത്യസഭയിലും അവി തര്‍ക്കിതമായ കാര്യമാണ്. അതുകൊണ്ട്, ഓരോ രൂപതയിലെയും ആരാധനക്രമകാര്യങ്ങളുടെ നിയന്താവ് (moderator) ആകാനുള്ള രൂപതാമെത്രാന്റെ അധികാരത്തെ സിനഡ് മാനിക്കുകയും, രൂപതാ മെത്രാന്മാര്‍ തങ്ങളുടെ രൂപതയിലെ വൈദികരുടെയും, വിശ്വാസികളുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് എങ്ങനെ കുര്‍ബാന ചൊല്ലണമെന്ന് തീരുമാനിക്കുകയും ചെയ്യുന്നത് അജപാലനപരമായ വിവേകവും സഭാത്മക കൂട്ടായ്മയുടെ വലിയ സാക്ഷ്യവും ആയിരിക്കും.

6) ജനാഭിമുഖത്തിലെ പാരമ്പര്യ സംരക്ഷണം: സീറോ മലബാര്‍ സഭയിലെ ഒരു വിഭാഗം വിവിധരീതികളിലായി നിരവധി വര്‍ഷങ്ങളായി പരിശ്രമിച്ചിട്ടും ജനാഭിമുഖ ബലിയര്‍പ്പണത്തോടുള്ള താല്പര്യം ഈ സഭയിലെ വലിയൊരു വിഭാഗം വൈദികരിലും വിശ്വാസികളിലും കുറയുകയല്ല, കൂടുകയാണ് ചെയ്തിട്ടുള്ളത്. സീറോ മലബാര്‍ സഭാംഗങ്ങളിലെ വലിയൊരു വിഭാഗത്തിനു ഒട്ടും സ്വീകാര്യമായ കാര്യമല്ല തങ്ങള്‍ ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്ന് മേജര്‍ ആര്‍ച്ചുബിഷപ്പിനും, മെത്രാന്മാര്‍ക്കും, വത്തിക്കാനും അറിയാം. മാര്‍പാപ്പയുടെ പേരില്‍ നല്കിയ എഴുത്തും, ചില മെത്രാന്മാരുടെയും, മേജര്‍ ആര്‍ച്ചു ബിഷപ്പിന്റെയും സന്ദേശങ്ങളുമെല്ലാം ഈ സത്യം വെളിപ്പെടുത്തുന്നുണ്ട്. അപ്പോള്‍ ആര്‍ക്കുവേണ്ടിയാണ്, എന്തിനു വേണ്ടിയാണ് ഇതു നടപ്പിലാക്കുന്നത് എന്നത് പ്രസക്തമായ ചോദ്യം ആണ്. ഈ സാഹചര്യത്തില്‍, ദൈവജനത്തിന്റെ താല്പര്യങ്ങള്‍ക്കു വിരുദ്ധമായി നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്പിക്കുന്നതിനെ, പ്രത്യേകിച്ചു വിശ്വാസപരമോ, സാന്മാര്‍ഗികപരമോ അല്ലാത്ത ഒരു കാര്യത്തെ, അനുസരിക്കണമോ എന്നുള്ള ചോദ്യത്തിനു സീറോ മലബാര്‍ സഭയുടെ ചരിത്രം തന്നെ നമുക്കു കൃത്യമായ ഉത്തരങ്ങള്‍ തരുന്നുണ്ട്.

ആയതിനാല്‍, ന്യായമായ സ്വാതന്ത്ര്യങ്ങള്‍ രൂപതകള്‍ക്ക് നിഷേധിക്കുകയും, സിനഡ് ഏകപക്ഷീയമായി തീരുമാനം രൂപതകളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍, ജനാഭി മുഖമായുള്ള കുര്‍ബാന തുടരാന്‍ ആഗ്രഹിക്കുന്ന രൂപതകള്‍, സഭയുടെ കാനോന്‍ നിയമപ്രകാരം തങ്ങളുടെ ആരാധനക്രമവും, ദൈവശാസ്ത്രവീക്ഷ്ണങ്ങളും, ആത്മീയജീവിതാഭിമുഖ്യങ്ങളും സം രക്ഷിച്ചുകൊണ്ട്, ഒരു പ്രത്യേക റീത്തായി സീറോ മലബാര്‍ സഭയ്ക്കുള്ളില്‍ തുടരുന്നതിന് റോമില്‍നിന്ന് അംഗീകാരം നേടുകയാകും കരണീയം. കാരണം, വിശുദ്ധ കുര്‍ബാനയില്‍ എങ്ങോട്ട് തിരിയണം എന്നുള്ളത് മാറ്റപ്പെടാനാവാത്ത ദൈവികനിയമമൊന്നും അല്ല, മറിച്ച്, തിരുസഭാകൂട്ടായ്മയിലെ പല സഭകളിലും മാറ്റത്തിനു വിധേയമായിരിക്കുന്ന ഒരു അനുഷ്ഠാനക്രമം മാത്രം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org