വൈക്കം സത്യഗ്രഹത്തിന്റെ കാണാപ്പുറങ്ങള്‍ : [ഭാഗം-2]

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി സ്മരണവേളയില്‍ സമരത്തിന്റെ അന്തര്‍ധാരകളെ വ്യത്യസ്തമായി സമീപിക്കുന്ന ലേഖനം
വൈക്കം സത്യഗ്രഹത്തിന്റെ കാണാപ്പുറങ്ങള്‍ : [ഭാഗം-2]
കാലങ്ങളായുള്ള ആചാരങ്ങള്‍ക്കെതിരെ കാലങ്ങള്‍ കൊണ്ട് ഒരു സാമൂഹ്യ മനഃസാക്ഷിയെ രൂപപ്പെടുത്തേണ്ടതുണ്ട്. ഇന്ന് വൈക്കം സത്യഗ്രഹത്തിന്റെ പിതൃത്വം ഏറ്റെടുക്കുവാന്‍ മത്സരിക്കുന്ന പലരും ആ സത്യഗ്രഹത്തിന് പശ്ചാത്തലമായി സാമൂഹ്യ മനഃസാക്ഷിയെ ഉണര്‍ത്തിയവരെയും അതില്‍ പങ്കെടുത്തവരെയും മറന്നുപോകുന്നു എന്നത് ആശ്ചര്യം ജനിപ്പിക്കുന്നു.

സാമൂഹ്യാചാരങ്ങളുടെ തിന്മകള്‍ക്കെതിരെയുള്ള ഒരു സമരവും ഒരു ദിവസം പെട്ടെന്ന് ഉണ്ടാകുന്നതല്ല. കാലങ്ങളായുള്ള ആചാരങ്ങള്‍ക്കെതിരെ കാലങ്ങള്‍ കൊണ്ട് ഒരു സാമൂഹ്യ മനഃസാക്ഷിയെ രൂപപ്പെടുത്തേണ്ടതുണ്ട്. ഇന്ന് വൈക്കം സത്യഗ്രഹത്തിന്റെ പിതൃത്വം ഏറ്റെടുക്കുവാന്‍ മത്സരിക്കുന്ന പലരും ആ സത്യഗ്രഹത്തിന് പശ്ചാത്തലമായി സാമൂഹ്യ മനഃസാക്ഷിയെ ഉണര്‍ത്തിയവരെയും അതില്‍ പങ്കെടുത്തവരെയും മറന്നുപോകുന്നു എന്നത് ആശ്ചര്യം ജനിപ്പിക്കുന്നു.

കേരളത്തിന് മഹത്തായ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നൂറ്റാണ്ടുകളായി ജാതിവ്യവസ്ഥയും അടിമക്കച്ചവടവും മേല്‍ജാതിക്കാരുടെ മേല്‍ക്കോയ്മയും അയിത്താചാരവും തീണ്ടലുമെല്ലാം കൊണ്ട് സാമൂഹ്യമായി അധഃപതിച്ച ജീവിത സാഹചര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇവയെല്ലാം സാമൂഹ്യ വ്യവസ്ഥിതികള്‍ ആയിരുന്നതിനാല്‍ ഈ സമൂഹത്തില്‍ ഉള്ളവര്‍ അറിയാതെ തന്നെ ആ വ്യവസ്ഥിതിയുടെ ഭാഗമായി തുടര്‍ന്നു. അതുകൊണ്ടാണ് 1892-ല്‍ കേരളം സന്ദര്‍ശിച്ച സ്വാമി വിവേകാനന്ദന്‍ 1897-ല്‍ അന്നത്തെ മദ്രാസില്‍ വച്ച് കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്.

ഈ സാമൂഹ്യതിന്മകളോട് തദ്ദേശീയര്‍ പ്രതികരിക്കുന്നതിന് വളരെ മുമ്പുതന്നെ വിദേശ മിഷനറിമാര്‍ പ്രതികരിച്ചിട്ടുണ്ട്. 1599 ജൂണ്‍ 20-26 തീയതികളില്‍ അലക്‌സിസ് മെനേസിസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ഉദയംപേരൂരില്‍ കൂടിയ സൂനഹദോസില്‍ നിയമപ്രകാരം ഈ തിന്മകളെ നിരോധിച്ചു. അതുകൊണ്ടാണ് സര്‍ദാര്‍ കെ.എം. പണിക്കര്‍ 'ഇന്ത്യ ചരിത്ര അവലോകനം' എന്ന പുസ്തകത്തില്‍ 'ജാതിഭേദങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും തീണ്ടല്‍, തൊടീല്‍ തുടങ്ങിയ ദുരാചാരങ്ങള്‍ക്കുമെതിരെ ആദ്യം ശബ്ദമുയര്‍ത്തിയ മഹാന്‍' എന്ന് മെനേസിസ് മെത്രാപ്പോലീത്തയെ വിശേഷിപ്പിച്ചത്.

അടിമവ്യവസ്ഥിതിക്കെതിരെ മിഷനറിമാര്‍ പലവട്ടം പരാതികള്‍ നല്‍കിയെങ്കിലും ഫലമില്ലാതായപ്പോള്‍ 1848 മാര്‍ച്ച് 19-ന് ഒരു ഭീമഹര്‍ജി നല്‍കി. 1843-ലെ ബ്രട്ടീഷ് ഇന്ത്യയുടെ നിയമത്തിലെ അഞ്ചാം ആക്ട് അനുസരിച്ച് അടിമ വ്യവസ്ഥിതി ഇല്ലാതാക്കിയെന്നും തിരുവിതാംകൂറും അത് നടപ്പിലാക്കണമെന്നുമായിരുന്നു ആവശ്യം. തല്‍ഫലമായി അന്നത്തെ റസിഡന്റ് കല്ലന്‍, ദിവാന്‍ കൃഷ്ണറാവുവിന് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്ന് എഴുതിയെങ്കിലും തീരുമാനം ഉണ്ടായില്ല. മിഷനറിമാര്‍ പിന്നെയും നിരന്തരം പരാതികള്‍ അയയ്ക്കുകയും പല അടിമകളെയും പണംകൊടുത്ത് സ്വതന്ത്രരാക്കുകയും അടിമകളുടെ മക്കളെ ദത്തെടുക്കുകയും മദ്രാസ് ഗവര്‍ണ്ണറെ സ്വാധീനിക്കുകയും ചെയ്തതിനാലാണ് അവസാനം അടിമത്തം അവസാനിപ്പിച്ചുള്ള വിളംബരം രാജാക്കന്മാര്‍ പുറപ്പെടുവിച്ചത്.

മിഷനറിമാര്‍ ഭാഷാസാഹിത്യ സാംസ്‌കാരിക മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അര്‍ണ്ണോസ് പാതിരി (1681- 1732), ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് (1814-1893), റവ. ജോസഫ് പീറ്റ്, ആര്‍ച്ച് ഡീക്കന്‍ കോശി (1825-1899), ജോര്‍ജ് മാത്തന്‍(1819-1870), ഡോ. ആഞ്ചെലോ ഫ്രാന്‍സ്സിസ്, ക്ലെമന്റ് പിയാനോസ്, കരിയാറ്റില്‍ ജോസഫ് മല്‍പാന്‍, പാറേമ്മാക്കല്‍ തോമ്മാ കത്തനാര്‍, റവ. ജോര്‍ജ് മാത്തന്‍, ഫാ. ജെറാള്‍ഡ് എന്നിങ്ങനെ നിരവധി ക്രിസ്ത്യന്‍ മിഷനറിമാരുടെ ഗ്രന്ഥങ്ങളും കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള, കട്ടക്കയം ചെറിയാന്‍ മാപ്പിള, സി അന്തപ്പായി, വി എസ് ആന്‍ഡ്രൂസ്, എ സി ചാക്കോ എന്നിവരുടെ എഴുത്തുകളും മലയാള ഭാഷയ്ക്കും സംസ്‌കാരത്തിനും സാമൂഹ്യ നവോത്ഥാനത്തിനും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ലണ്ടന്‍ മിഷനറി സൊസൈറ്റി, ചര്‍ച്ച് മിഷന്‍ സൊസൈറ്റി, എല്‍ എം സ്, സി എം എസ്, സുറിയാനി പള്ളികള്‍, മിഷനറിമാര്‍ എന്നിവര്‍ ആരംഭിച്ച സ്‌കൂളുകളാണ് കീഴ്ജാതിക്കാര്‍ക്ക് വിദ്യാഭ്യാസത്തിന് അവസരം ഒരുക്കിയത്. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ ഓരോ പള്ളികള്‍ക്കും ഓരോ പള്ളിക്കൂടം എന്ന സമ്പ്രദായം കൊണ്ടുവന്നു. സ്‌കൂളുകളുടെ നടത്തിപ്പിനായി അദ്ദേഹം ആരംഭിച്ച പിടിയരി സമ്പ്രദായമാണ് വൈക്കം സത്യഗ്രഹത്തിന്റെ ചെലവുകള്‍ക്ക് അവലംബിച്ചത്. ശൂദ്രന്‍ അക്ഷരം പഠിക്കുകയോ കേള്‍ക്കുകയോ ചെയ്താല്‍ ചെവിയില്‍ ഈയ്യം ഉരുക്കിയൊഴിക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നിടത്താണ് ക്രൈസ്തവ വിദ്യാഭ്യാസ വിപ്ലവം ഉണ്ടായത്. 1896-ല്‍ ഡോ. പല്‍പ്പുവിന്റെ നേതൃത്വത്തില്‍ മഹാരാജാവിന് ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചപ്പോള്‍ തങ്ങളുടെ സമുദായത്തില്‍ 25000 വിദ്യാസമ്പന്നരായ യുവാക്കള്‍ ഉണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. 1903-ല്‍ മാത്രമാണ് ഈഴവര്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നല്‍കിയത്. അതിന്റെ അര്‍ത്ഥം അക്കാലത്ത് ഈഴവര്‍ക്ക് വിദ്യ നേടാനുള്ള ഏക സാധ്യത ക്രൈസ്തവ സ്‌കൂളുകള്‍ മാത്രമായിരുന്നു.

മഹാത്മാഗാന്ധി കീഴ്ജാതിക്കാരെ ഹരിജനങ്ങള്‍ എന്ന് വിശേഷിപ്പിച്ചതിന് എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് മിഷനറിമാര്‍ അവരെ ദൈവമക്കള്‍ എന്ന് വിളിച്ചു. ജോലി ജാതിതിരിച്ച് നിര്‍ണ്ണയിച്ച സാമൂഹ്യ വ്യവസ്ഥിതി മാറ്റുവാന്‍ മിഷനറിമാര്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കൊണ്ടുവന്നു. സ്ത്രീവിദ്യാഭ്യാസത്തിന് അവര്‍ പ്രാധാന്യം നല്‍കി. 19-ാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ മാറു മറയ്ക്കുന്നതിന് സവര്‍ണ്ണ സ്ത്രീകള്‍ക്കു മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. 1820-ല്‍ ഈശോസഭാ വൈദികര്‍, മാറുമറയ്ക്കാതെ നടന്ന തിരുവനന്തപുരം പ്രദേശങ്ങളിലെ ഈഴവജാതിയിലെ നാടാര്‍ സ്ത്രീകളെ മേല്‍വസ്ത്രമണിയുവാന്‍ പ്രേരിപ്പിച്ചു. എളുപ്പത്തില്‍ മാറുമറയ്ക്കുവാന്‍ ക്രൈസ്തവ മിഷനറിമാര്‍ രൂപപ്പെടുത്തിയതാണ് ചട്ട എന്ന് കരുതപ്പെടുന്നു. ആദ്യകാലങ്ങളില്‍ ചട്ടയോട് സാമ്യമുള്ള വസ്ത്രങ്ങളായിരുന്നുവല്ലോ അവര്‍ണ്ണ സ്ത്രീകള്‍ ഉപയോഗിച്ചിരുന്നത്. സവര്‍ണ്ണര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല. പിന്നീട് അത് ചാന്നാര്‍ ലഹളയായി പരിണമിച്ചു. ആ അവകാശം നേടി എടുക്കാന്‍ നാല് പതിറ്റാണ്ടുകള്‍ വേണ്ടിവന്നു.

ഒരേ തെറ്റ് പല ജാതിയിലുള്ളവര്‍ ചെയ്താല്‍ പലവിധത്തിലുള്ള ശിക്ഷനല്‍കുന്ന സമ്പ്രദായമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. മിഷനറിമാരുടെ നിരന്തര പരാതികളെ തുടര്‍ന്നാണ് 1861-ല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡ് തിരുവിതാംകൂറിലും കൊച്ചിയിലും നടപ്പിലാക്കിയത്. സര്‍ക്കാര്‍ ജോലികള്‍ സവര്‍ണ്ണര്‍ കയ്യടക്കിയിരുന്നതിനെതിരെ 1891 ജനുവരി മാസം ക്രിസ്ത്യന്‍, മുസ്ലീം, നായര്‍, ഈഴവ വിഭാഗങ്ങളിലെ വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ നല്‍കിയ പരാതിയാണ് മലയാളി മെമ്മോറാണ്ടം. അതിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്നത് ക്രൈസ്തവരായിരുന്നു. 1915-ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ കല്ലുമാല സമരം നടന്നപ്പോള്‍ അതിനുവേണ്ടി കോടതിയില്‍ വാദിച്ചത് അഡ്വക്കേറ്റ് ടി എം വര്‍ഗീസായിരുന്നു. 1918-ല്‍ പൗരാവകാശ പ്രക്ഷോഭം സംഘടിപ്പിക്കപ്പെട്ടു. വൈക്കം സത്യഗ്രഹത്തിനു മുമ്പേ സംഭവിച്ച ഈ മുന്നേറ്റങ്ങളെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ ക്രിസ്ത്യാനികളുടെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ വൈവിധ്യമാര്‍ന്ന ഇടപെടലുകള്‍ നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായവയാണ്. ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസവും കേരളത്തിലെ ജനതകള്‍ക്കിടയില്‍ മൗലിക പരിവര്‍ത്തനമുണ്ടാക്കി എന്ന് പ്രശസ്ത ചരിത്രകാരനായ എ. ശ്രീധരമേനോന്‍ തന്റെ കേരളചരിത്രം എന്ന പുസ്തകത്തിന്റെ 318-ാം പേജില്‍ കുറിച്ചിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org