ജോണ്‍ കെന്നഡിയെ ഓര്‍ത്തുകൊണ്ട് ഒരു മെട്രോയാത്ര

പയസ് ആലുംമൂട്ടില്‍
ജോണ്‍ കെന്നഡിയെ ഓര്‍ത്തുകൊണ്ട് ഒരു മെട്രോയാത്ര

യാത്രകളില്‍, കയറിയ വാഹനങ്ങളും നമ്മുടെ ഓര്‍മ്മകളില്‍ പലപ്പോഴും മായാതെ നില്‍ക്കാറുണ്ട്. വളരെ ചെറുതായിരുന്നപ്പോള്‍ അമ്മ-അമ്മായി വീടുകളില്‍ പോകാന്‍ വൈക്കത്തു നിന്നും ചേര്‍ത്തലയ്ക്കും, എറണാകുളത്തു നിന്നും കുമ്പളത്തേക്കുമുള്ള ദീര്‍ഘമായ ബോട്ടുയാത്രകള്‍ ഇന്നും ഓര്‍ക്കുന്നു. ആദ്യത്തെ വിമാനയാത്ര (കൊച്ചി-ബാംഗ്ലൂര്‍), ആദ്യത്തെ വിദേശ വിമാന യാത്ര (കൊച്ചി-ദുബായ്), ദുബായ് ഡെസേര്‍ട്ട് ഡ്രൈവ്, ബാഗ്ലൂര്‍, ഇറ്റലി, ന്യൂയോര്‍ക്ക് മെട്രോ ട്രാം യാത്രകള്‍, വെനീസ് തടാകത്തിലൂടെയും, ആന്‍ഡമാനിലെ നദിയിലൂടെയുമുള്ള ബോട്ടുയാത്രകള്‍, തമിഴ്‌നാട്ടിലെ ഹൊഗെനക്കലിലെ കൊട്ട വഞ്ചിയാത്ര, കംബോഡിയയിലെ ടുക്ടുക് യാത്ര, ബാംഗ്ലൂരില്‍ നിന്നും പൂനയിലേക്ക് ഒരു കുഞ്ഞു പ്ലെയിനിലെ യാത്ര എന്നിവ ഇപ്പോഴും ഓര്‍ത്തിരിക്കുന്ന ചില അനുഭവങ്ങളാണ്.

അമേരിക്കയിലെ അടുത്ത യാത്ര വീണ്ടും ഡാലസ്സിലേക്കായിരുന്നു. ആ ഭാഗത്താണല്ലോ കാഴ്ചകള്‍ അധികവും. യാത്രയുടെ ഉദ്ദേശം ഡാളസ് വേള്‍ഡ് അക്വേറിയം (DWA), ജോണ്‍ എഫ്. കെന്നഡി സ്മാരകം, നാഷര്‍ സ്‌കള്‍പ്ചര്‍ സെന്റര്‍, ക്ലൈഡ് വാറന്‍ പാര്‍ക്ക്, ഗ്വദലൂപ് മാതാവിന്റെ കത്തീഡ്രല്‍ എന്നിവ കാണുന്നതിനായിരുന്നു. യാത്രയ്ക്ക് തെരെഞ്ഞെടുത്തത് മെട്രോട്രാം ആയിരുന്നു. അപ്പോഴാണ് മുകളില്‍ പറഞ്ഞ പഴയ ചില യാത്രാകാര്യങ്ങള്‍ ഓര്‍മ്മയില്‍ വന്നത്.

ഞങ്ങള്‍ താമസിക്കുന്ന റിച്ചാര്‍ഡ്‌സണില്‍നിന്നും അല്പം ദൂരെയാണ് റെയില്‍മെട്രോ ട്രാം സ്റ്റേഷന്‍. ടിക്കറ്റ് ഓണ്‍ലൈനില്‍ എടുത്തിരുന്നു. പ്ലാറ്റ് ഫോമുകളിലെല്ലാം ടിക്കറ്റ് വെന്‍ഡിങ് മെഷീനുണ്ട്. അവിടെ മൂന്ന് തരം പാസ്സുണ്ട്. AM പാസ് ഉച്ചവരെ, PM പാസ് ഉച്ച മുതല്‍ സര്‍വീസ് അവസാനിക്കുന്നതുവരെ, ഫുള്‍ ഡേ പാസ് ദിവസം മുഴുവന്‍ യാത്ര ചെയ്യാം. 65 വയസ്സ് ആയവര്‍ക്ക് കണ്‍സെഷന്‍ ഉണ്ട്. ഓറഞ്ച് ലൈന്‍, റെഡ് ലൈന്‍ എന്ന പേരു കളിലാണ് ഇത് അറിയപ്പെടുന്നത്. ഇത് പൂര്‍ണ്ണമായും മെട്രോ അല്ല, ലൈറ്റ് റെയില്‍ ആണ്. പ്ലാറ്റ് ഫോം ഉണ്ടെങ്കിലും. ട്രെയിനിന്റെ വാതില്‍ വരുന്ന സ്ഥലം മാത്രമേ മേഞ്ഞിട്ടുള്ളൂ. അത്തരം രണ്ടു സ്ഥലങ്ങളുടെ ഇടയില്‍ മരങ്ങള്‍ വച്ചിട്ടുണ്ട്. ആ മരങ്ങളെ വളരെ മനോഹരമായി ഒരു മണവാട്ടിയുടെ മുടി ഒരുക്കുന്ന രീതിയിലാണ് വെട്ടി നിര്‍ത്തിയിരിക്കുന്നത്. മരത്തിന്റെ ചുവടുകളില്‍ കുഴിയുണ്ടാക്കിയിട്ട് അതിന്റെ മീതെ സ്റ്റീല്‍ പ്ലേറ്റ് വച്ചിരിക്കുകയാണ്. അപ്പോള്‍ സ്ഥല നഷ്ടവും ഉണ്ടാകില്ല, മരത്തിനു വെള്ളവും വളവും കൊടുക്കാനും കഴിയും. ശനിയാഴ്ച മുടക്കമായതിനാല്‍, വണ്ടിയില്‍ അധികം തിരക്ക് ഉണ്ടായിരുന്നില്ല. വണ്ടിയില്‍ ആവശ്യമുള്ളവര്‍ക്കു എടുക്കാന്‍ സൗജന്യ മാസ്‌ക് ഉണ്ടായിരുന്നു. ആരും തന്നെ മാസ്‌ക് വയ്ക്കുന്നില്ല. ഞങ്ങള്‍ മാസ്‌ക് എടുത്തിരുന്നു. ഞാന്‍ വിന്‍ഡോ സീറ്റിലിരുന്ന് ഓരോ കാഴ്ചകളും ശ്രദ്ധിക്കുക യായിരുന്നു. പൂര്‍ണ്ണമായും മെട്രോ അല്ലാത്തതുകൊണ്ട് സ്റ്റേഷനുകളെല്ലാം തുറന്നതാണ്. അവിടങ്ങളിലെ വെയ്റ്റിംഗ് ഏരിയകളില്‍ മാനസിക വൈകല്യമുള്ളവരെയും, പതുങ്ങിയിരിക്കുന്ന ചില സ്ത്രീകളെയും, ഭിക്ഷ യാചിക്കുന്നവരെയും കണ്ടു. 15 ഓളം സ്റ്റേഷനുകള്‍ പിന്നിട്ടാണ് ഞങ്ങള്‍ക്ക് ഡാളസ്സില്‍ എത്തേണ്ടത്. വണ്ടി ചില സ്ഥലങ്ങളില്‍ സാ ധാരണ ട്രാക്കിലൂടെയും, പിന്നെ വലിയ ടണലിലൂടെയും, പിന്നെ സാധാരണ റോഡിലെ ട്രാക്കില്‍, ട്രാം പോലെയും ആണ് പോകുന്നത്. അതിനിടയില്‍ ലൈന്‍ ക്രോസ്സ് ചെയ്ത് ആളുകളും, വണ്ടിയും പോകുന്നതും കാണാം. അവിടങ്ങളില്‍ ട്രെയിന്‍ നിര്‍ത്തിക്കൊടുക്കുന്നുമുണ്ടായിരുന്നു. തിരിച്ചു പോരുമ്പോള്‍ ഒരു സ്റ്റേഷനില്‍ ഒരു പാവം മനുഷ്യന്‍ ഒരു പ്ലാസ്റ്റിക് കവറില്‍ കൂളിംഗ് ഗ്ലാസ് വില്‍ക്കാന്‍ വേണ്ടി ഒരു ചേച്ചിയുമായി വില പേശുന്നതും കണ്ടു. ഇവിടെയും അതെല്ലാം നടക്കുന്നുണ്ട്. അടുത്ത സ്റ്റേഷനില്‍ ചില ചട്ടമ്പികള്‍ മീശയൊക്കെ പിരിച്ചു എന്തെല്ലാമോ ആക്രോശിക്കുന്നുണ്ടായിരുന്നു. എന്തായാലും ഇറങ്ങുമ്പോഴും, കേറുമ്പോഴും ഒന്നും ആരും ടിക്കറ്റ് പരിശോധിച്ചു കണ്ടില്ല.

ജോണ്‍ എഫ്. കെന്നഡി സ്മാരകം

അമേരിക്കയുടെ ഏറ്റവും ചെറുപ്പക്കാരനായ, പ്രസിഡന്റായ ജോണ്‍ എഫ് കെന്നഡിയെ നവംബര്‍ 22, 1963-ല്‍ 12.30 PM നു 46-ാം വയസ്സില്‍ ഡാളസിലെ ഒരു മോട്ടോര്‍ വാഹന ഘോഷ യാത്രയ്ക്കിടെ ലീ ഹാര്‍വേ ഓസ്വാള്‍ഡ് എന്നയാള്‍ വെടിവെച്ച് കൊലപ്പെടുത്തി. അദ്ദേഹത്തെ ജെ എഫ് കെ എന്നും ജാക്ക് എന്നും വിളിച്ചിരുന്നു. കെന്നഡി എന്ന വാക്ക് നമ്മുടെയെല്ലാം മനസ്സിലുണ്ട്. അദ്ദേഹത്തിന്റെ സ്മാരകം കാണുവാന്‍ കഴിയുന്നത് വലിയ ഭാഗ്യമായി കരുതി. ഈ സ്മാരകം നാടിനു സമര്‍പ്പിച്ചത് ജൂണ്‍ 24, 1970-ല്‍ ആണ്. അനവസരത്തില്‍ ഒരു കാപാലികനാല്‍ കൊല ചെയ്യപ്പെട്ട ജോണ്‍ എഫ് കെന്നഡിക്ക് സ്‌നേഹം നിറഞ്ഞ ആദരാഞ്ജലി അര്‍പ്പിച്ചു.

ജോണ്‍ എഫ് കെന്നഡി സ്മാരകത്തില്‍ നിന്നും ഡാലസ് വേള്‍ഡ് അക്വേറിയത്തിലേക്ക് നടക്കാനുള്ള ദൂരം മാത്രം. ഏറ്റവും ചുരുങ്ങിയത് രണ്ടു മണിക്കൂര്‍ വേണം മുഴുവന്‍ കണ്ടുതീരാന്‍. ഏഴ് നിലയുള്ള കെട്ടിടം. മഴക്കാടുകളില്‍ ജീവിക്കുന്ന പക്ഷികള്‍ ഇവിടെ സ്വതന്ത്രമായി പറന്നു നടക്കുന്നത് കാണാം. തേവാങ്ക്, മുതലായ ജീവികളെയും മത്സ്യങ്ങളെയും കാണാം, 80000 ഗാലന്‍ ഉപ്പു വെള്ളത്തില്‍ വലിയ ഷാര്‍ക്കുകളും, തിരണ്ടികളും, പവിഴപ്പുറ്റില്‍ ജീവിക്കുന്ന മത്സ്യങ്ങളും. ഇതിനെ ഒരു അക്വേറിയം എന്നതുപോലെ തന്നെ ഒരു ഫോറസ്റ്റ് ആയിട്ടും കാണുവാന്‍ കഴിയും. ലോകമെമ്പാടുമുള്ള ജലജീവികള്‍, പറവകള്‍, മത്സ്യങ്ങള്‍, ചെടികള്‍, ചീങ്കണ്ണികള്‍ എന്നിങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര കാഴ്ചകളുണ്ട്. അക്വേറിയത്തിന്റെ എല്ലാ വശങ്ങളിലൂടെയും വലിയ മത്സ്യങ്ങള്‍ നമ്മളെ തൊട്ടുപോകുന്നത് നല്ല രസമായിരുന്നു. വെസ്റ്റ് ഇന്ത്യന്‍ ജീവിയായ കടല്‍ പശുവിനെയും കണ്ടു.

നാഷര്‍ ശില്പകേന്ദ്രവും കത്തീഡ്രലും

ഇത് 2003-ല്‍ തുടങ്ങിയതാണ്. നല്ല മനോഹരവും ശാന്തവുമായ രൂപകല്പന ചെയ്ത കെട്ടിടം. വളരെ പ്രശസ്തരുടെ കലാസൃഷ്ടികള്‍ പലതും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പലതും എനിക്ക് മനസ്സിലാക്കി ആസ്വദിക്കാന്‍ പറ്റുന്നില്ല. ഇതിന്റെ പിറകില്‍ മനോഹരമായ പുല്‍ത്തകിടിയും, വലിയ മരങ്ങളും, ശിലാപ്രതിമകളും, വിശ്രമ കേന്ദ്രങ്ങളും, മീറ്റിംഗ് സ്ഥലങ്ങളും, കൊച്ചുതടാകവും, ജലധാരകളും ഒക്കെ ചേര്‍ന്ന ഒരു സുന്ദര സ്ഥലം.

ആര്‍ട്ട് സെന്ററിന്റെ അടുത്ത് തന്നെയാണ് ഗ്വദലൂപ് കത്തീഡ്രല്‍. റോഡിന്റെ മൂലയിലായി പ്രധാനപ്പെട്ട രണ്ട് റോഡുകളുടെ അരികിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. റോഡില്‍ നിന്നും നേരിട്ട് പള്ളിയിലേക്ക് പ്രവേശിക്കാം. ഞങ്ങള്‍ വാതില്‍ തുറന്നു പള്ളിയിലേക്ക് നോക്കിയപ്പോള്‍ അവിടെ പാട്ടു പാടുന്നത് കണ്ടതിനാല്‍ പുറത്തേക്ക് പോന്നു. അടുത്ത വാതില്‍ അടഞ്ഞു കിടന്നതിനാല്‍ വീണ്ടും ആ വാതിലില്‍ കൂടി അകത്തേക്ക് കയറി. അവിടെ ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. എല്ലാവരും തിരിഞ്ഞു നോക്കി. അതൊരു കല്യാണമായിരുന്നു. എല്ലാവരും ഒഫിഷ്യല്‍ ഡ്രെസ്സിലായിരുന്നു. ഇതിന്റെ ഒറിജിനല്‍ പള്ളി 1872-ല്‍ സേക്രഡ് ഹാര്‍ട്ടിന്റെ പേരിലാണ് സ്ഥാപിതമായത്. 1890-ല്‍ ഈ പള്ളിയെ കത്തീഡ്രലാക്കി. 1902-ലാണ് ഇപ്പോഴത്തെ പള്ളിയുടെ പണി പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത്. 1977 ല്‍ ഗ്വദലൂപ് മാതാവിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്തു. കാരണം അവിടെ ധാരാളം മെക്‌സിക്കോക്കാര്‍ ഉണ്ട്. മെക്‌സിക്കോയിലാണല്ലോ സുപ്രസിദ്ധമായ ഗ്വദലൂപ് മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രം. കന്യകാമാതാവ് 1531-ല്‍ ജുവാന്‍ ഡീഗോവിനു പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മയായിട്ടാണ് ഈ പള്ളി സ്ഥാപിച്ചിരിക്കുന്നത്. മെക്‌സിക്കോക്കാരുടെ വിശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിന്നു ഗ്വദാലൂപ്. ലക്ഷകണക്കിനാളുകളാണ് ഓരോ മാസവും ഈ തീര്‍ത്ഥാടനകേന്ദ്രത്തിലെത്തുന്നത്. ലാറ്റിനമേരിക്കക്കാര്‍ക്കു പൊതുവെ ഈ മാതാവിനോടുള്ള ഭക്തി ശ്രദ്ധേയമാണ്. അതുകൊണ്ട് ലാറ്റിനമേരിക്കന്‍ ജനതയുള്ള സ്ഥലങ്ങളിലും മാതാവിന്റെ പേരിലുള്ള പള്ളികള്‍ വരുന്നു.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org