സംവരണ നിയമങ്ങളും 'സവര്‍ണ്ണരുടെ' ഗദ്ഗദങ്ങളും

സംവരണ നിയമങ്ങളും 'സവര്‍ണ്ണരുടെ' ഗദ്ഗദങ്ങളും

ഭാരതം സ്വാതന്ത്ര്യം പ്രാപിച്ച അവസരം മുതല്‍ ഭരണഘടനാ ശില്പികള്‍ വിഭാവനം ചെയ്ത സംവരണനിയമങ്ങള്‍ പാവപ്പെട്ടവരും, അധഃസ്ഥിതരും, പാര്‍ശ്വവത്കരിക്കപ്പെട്ടവരും കീഴ്ജാതിക്കാരുമൊക്കെ മുഖ്യധാരയില്‍ എത്തുന്നതിനു വേണ്ടിയായിരുന്നു. 10 വര്‍ഷത്തേയ്ക്കായിരുന്നു ലക്ഷ്യം വച്ചിരുന്നതെങ്കിലും സ്വാതന്ത്ര്യാനന്തര 75 വര്‍ഷം കഴിഞ്ഞിട്ടും അതേപടി ഈ നിയമം തുടരുക മാത്രമല്ല ആനുകൂല്യങ്ങളും അവകാശങ്ങളും വര്‍ദ്ധിപ്പിക്കുക കൂടി ചെയ്തിട്ടുണ്ട്. സംവരണ നിയമങ്ങള്‍ താഴേക്കിടയില്‍ കിടക്കുന്നവര്‍ക്കു എത്രമാത്രം ഉപകരിച്ചുവെന്നതും വിലയിരുത്തേണ്ടതാണ്.

സംവരണനിയമങ്ങള്‍ ഏകീകൃത സിവില്‍ കോഡുമായി പൊരുത്തപ്പെടാന്‍ വൈഷമ്യമുണ്ട്. 75 വര്‍ഷം കഴിഞ്ഞിട്ടും 75 വര്‍ഷത്തിനുമുമ്പുള്ള അവസ്ഥ തന്നെയാണ് ഭാരതത്തിലുള്ളത്. സംവരണ നിയമങ്ങളിലൂടെ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിച്ചിട്ടും ഉയരത്തിലെത്താത്ത ഒരു സമൂഹമായി പിന്നാക്കക്കാര്‍ നിലനിന്നാല്‍ അതിനര്‍ത്ഥം ഇപ്രകാരമുള്ള സംവരണനിയമത്തില്‍ അപാകതയുണ്ടെന്നറിയണമല്ലോ. ഭാരതം ഭരണഘടനയനുസരിച്ച് പരമാധികാര സ്ഥിതി സമ ത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്ക് രാജ്യമാണ്. സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ പരിഹരിക്കപ്പെടാന്‍ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുണ്ട്. ശരിയായ സോഷ്യലിസം നടപ്പാക്കിയാല്‍ സംവരണ നിയമങ്ങള്‍ കുറച്ചുകൊണ്ടുവരാനാവും. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയുള്ളതും, അഭിപ്രായ സ്വാതന്ത്ര്യത്തിനും മതനിഷ്ഠയും, വിശ്വാസത്തിനും, ആശയപ്രകടനത്തിനും അവസരമുള്ളതും, പദവികളും, അവസരങ്ങളും എല്ലാവര്‍ക്കും ലഭിക്കുന്നതുമായ അവസ്ഥ ഇന്ത്യയില്‍ എല്ലാവര്‍ക്കുമുണ്ടാകണം, ഒപ്പം വ്യക്തിസ്വാതന്ത്ര്യവും, രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഭാരതപൗരന്മാര്‍ക്ക് ഒരുപോലെ വീതിക്കപ്പെടേണ്ടിയിരിക്കുന്നു.

സംവരണ നിയമങ്ങളില്‍ മുഖ്യമായും, SC, ST, OBC വിഭാഗങ്ങളാണുള്ളത്. SC ലിസ്റ്റില്‍ 69 വിഭാഗ ജാതിക്കാരുണ്ട്. ഇവരുടെ ഉന്നമനത്തിനായി 15% സംവരണമുണ്ട്. 44 വിഭാഗത്തില്‍പ്പെട്ടവരാണ് ST യിലുള്ളത്. ഇവര്‍ക്കായി 7.5% റിസര്‍വ് ചെയ്തിരിക്കുകയാണ്. OBC വിഭാഗത്തില്‍ ഈഴവര്‍, നീക്വര്‍, വിശ്വകര്‍മ്മ, ധീവരര്‍, ഹിന്ദു നാടാര്‍, ലത്തീന്‍ ക്രിസ്ത്യാനികള്‍, മുസ്ലീം വിഭാഗം മുഴുവനും തുടങ്ങി 83 വിഭാഗങ്ങളുണ്ട്. ഇവര്‍ക്കായി സംവരണം 27% ഉണ്ട്. ഇതു കൂടാതെ കാലാകാലങ്ങളില്‍ പുതിയ പുതിയ നിയമങ്ങളിലൂടെയും കോടതി വിധികളിലൂടെയും സംവരണാനുകൂല്യങ്ങള്‍ അംഗഹീനര്‍ക്കും, ട്രാന്‍സ്‌ജെന്റര്‍ക്കും സംവരണ നിയമങ്ങള്‍ വേറെയുമുണ്ട്, ജോലി നിയമനങ്ങളിലും സ്ഥാനക്കയറ്റത്തിലും മറ്റുമായി.

ഭാരതത്തിന്റെ വൈവിധ്യങ്ങളും, സാമ്പത്തിക ഉച്ചനീചത്വങ്ങളും എല്ലാം കണക്കിലെടുക്കുമ്പോള്‍ സംവരണ നിയമങ്ങളെ വെറുതെ എഴുതിത്തള്ളാനാവില്ല. എന്നാല്‍ ജാതിയുടെയോ മതത്തിന്റയോ പേരില്‍ സവര്‍ണ്ണരായവര്‍ക്ക് അവസരനിഷേധം ധാരാളമുണ്ട്. അവരുടെ വിദ്യാഭ്യാസത്തിനും ഡിഗ്രിക്കും കരിയറിസത്തിനും സംവരണനിയമങ്ങള്‍ മൂലം വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്. പഠിച്ചിട്ടെന്തു കാര്യം, ജോലിക്കുള്ള സാദ്ധ്യത കുറയുന്നു, മതവും ജാതിയും മൂലം അവഗണിക്കപ്പെടുന്നു എന്ന ചിന്ത മുന്നാക്കക്കാര്‍ക്കുണ്ട്. മുന്നോക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്കു ഇനിയും സംവരണമോ ആനുകൂല്യമോ ലഭിച്ചിട്ടില്ല. ജനസംഖ്യാനുപാതമനുസരിച്ചു ന്യൂനപക്ഷാവകാശങ്ങള്‍ കൊടുക്കണമെന്ന ഹൈക്കോടതി വിധി ഉണ്ടായിട്ടും അതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോകുന്നതും നാം കാണുന്നു. ജോലി സാദ്ധ്യത കുറയുന്ന കേരളത്തില്‍, സംവരണനിയമങ്ങള്‍ അനുകൂലമല്ലാത്ത സാഹചര്യത്തില്‍ പഠിപ്പിനും ബിരുദത്തിനും ഗുണമില്ലെന്നു കാണുമ്പോള്‍ തൊഴിലന്വേഷകരുടെ മനസ്സു തളര്‍ന്നുപോകും. ഇനിയെങ്കിലും ഒരു നിശ്ചിതകാലം വച്ചു സംവരണനിയമങ്ങള്‍ നിര്‍ത്തലാക്കുകയോ, സംവരണ നിയമങ്ങളുടെ ശതമാനം കുറച്ചോ, മുന്നാക്കക്കാര്‍ക്കു സാദ്ധ്യത നല്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. സാമ്പത്തിക ഉച്ച നീചത്വം കുറച്ചുകൊണ്ടു വന്നാല്‍ സംവരണ നിയമം കുറയ്ക്കാനാവും. ഒരു കൂട്ടര്‍ക്കു നീതി ലഭിക്കാനും അവരെ ഉയര്‍ത്തിക്കൊണ്ടുവരാനും ശ്രമിക്കുമ്പോള്‍ മറ്റേക്കൂട്ടര്‍ക്കും തുല്യാവകാശവും നിലനില്പും ഉണ്ടാകേണ്ടത് ആവശ്യംതന്നെ.

Related Stories

No stories found.