കേരളത്തിലെയും പുറത്തെയും മലയാളികളെയും മലയാളിവ്യവഹാരങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന കവിയും എഴുത്തുകാരനുമാണു രാംമോഹന്‍ പാലിയത്ത്. വെബിനിവേശം, ടാറ്റൂ ടൈംസ് തുടങ്ങിയ പംക്തികളിലൂടെ തന്റെ മൗലികമായ നിരീക്ഷണങ്ങളും ആഴമേറിയ ചിന്തകളും കൗതുകം നിറഞ്ഞ കണ്ടെത്തലുകളും അദ്ദേഹം പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുന്ന മല്ലുമനസ്സിനു നേരെ രാംമോഹന്‍ കണ്ണാടി പിടിക്കുന്നു. അതിലെ പ്രതിഫലനം കണ്ടു മലയാളി വായനക്കാര്‍ ലജ്ജിക്കുകയും പശ്ചാത്തപിക്കുകയും ചിരിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. മലയാളഭാഷയും അതിന്റെ മാറ്റങ്ങളും വളര്‍ച്ചയും അദ്ദേഹത്തിന്റെ പരിശോധനയുടെയും പരീക്ഷണങ്ങളുടെയും വിഷയമാണ്. ഓണം എന്നത് ''ഓര്‍മ്മകളുണ്ടായിരിക്കണം'' എന്നതിന്റെ ചുരുക്കപ്പേരാണെന്ന് (ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങള്‍) അദ്ദേഹം എഴുതിയിട്ടുണ്ട്.
തിരുവോണത്തിന്റെ പശ്ചാത്തലത്തില്‍ രാംമോഹന്‍ പാലിയത്ത്, സത്യദീപവുമായി സംസാരിക്കുന്നു.
കേരളം കണ്ട ആദ്യത്തെ വിമോചനസമരമായിരന്നു ഓണം എന്ന് രാംമോഹന്‍ പാലിയത്ത് പറയുന്നു. ''ഇവിടെ ഒരു സോഷ്യലിസ്റ്റ് മന്ത്രിസഭ ഉണ്ടായിരുന്നു, മഹാബലി ആയിരുന്നു മുഖ്യമന്ത്രി. വാമനന്‍ ആണ് 376-ാം വകുപ്പ്. നന്മ കൂടിയതാണ് മഹാബലിക്ക് കുഴപ്പമായി മാറിയത്.''
വിമോചന സമരങ്ങള്‍ ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെടുന്നു. കേരളത്തെ അതു പിന്നോട്ടടിച്ചിട്ടുണ്ട്. ''അതില്‍ നായര്‍ സമുദായത്തോടും കത്തോലിക്കാസഭയോടും എനിക്ക് കടുത്ത വിമര്‍ശനം ഉണ്ട്. ഞാനും ഒരു നായര്‍ സമുദായാംഗമാണ്. നെഹ്‌റുവിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു കളങ്കമായി അത് നില്‍ക്കുന്നു. ഒരു സോഷ്യലിസ്റ്റ് എന്നറിയപ്പെട്ടിരുന്ന നെഹ്‌റു ആ മന്ത്രിസഭയെ പിരിച്ചുവിടാന്‍ പാടില്ലായിരുന്നു.''
നെഹ്‌റുവിന് ഇന്ത്യന്‍ ജനതയുടെ സങ്കീര്‍ണ്ണസ്വഭാവം വേണ്ടത്ര മനസ്സിലായിരുന്നില്ല എന്നു പില്‍ക്കാലത്ത് പലരും ഉന്നയിച്ചിട്ടുള്ള നിരീക്ഷണം ശരിയായിരുന്നുവെന്ന് രാംമോഹന്‍ വിലയിരുത്തുന്നു. ഗാന്ധിജിക്ക് ആ സങ്കീര്‍ണ്ണത മനസ്സിലായിരുന്നു. ''അതുകൊണ്ടാണ് രാമരാജ്യം, ഹരിജന്‍ തുടങ്ങിയ പദങ്ങളും മറ്റുമായി അദ്ദേഹം പ്രത്യേക ശൈലി സ്വീകരിച്ചത്. അത് ശരിയോ തെറ്റോ എന്നുള്ളതല്ല. ഇന്ത്യന്‍ ജനസമൂഹത്തിന്റെ സങ്കീര്‍ണ്ണ സ്വഭാവം അദ്ദേഹം മനസ്സിലാക്കി എന്നതാണ് അതില്‍ നിന്ന് നാം ഉള്‍ക്കൊള്ളേണ്ടത്. ഇന്ത്യയിലെ ബ്രാഹ്മണ, ക്ഷത്രിയ ജാതികളെ തകര്‍ത്തു കളഞ്ഞത് ഗാന്ധിജിയാണ്. കായികാധ്വാനത്തെ ഗാന്ധിജി മഹത്വവല്‍ക്കരിച്ചു. കക്കൂസ് കഴുകുന്നത് ഉള്‍പ്പെടെയുള്ള ജോലികള്‍ സ്വയം ചെയ്തു. ഇത് ബ്രാഹ്മണര്‍ക്കെതിരായ ശക്തമായ ഒരു സന്ദേശമായിരുന്നു. ബ്രാഹ്മണര്‍ കൈകൊണ്ട് ഒരു ജോലിയും എടുക്കുന്നവരല്ല. കൈകൊണ്ട് ചെയ്യുന്ന ജോലികള്‍ക്ക് ഗാന്ധിജി വലിയ മഹത്വം സൃഷ്ടിച്ചു. ഇത് ബ്രാഹ്മണര്‍ക്കാണ് തിരിച്ചടിയായത്. അഹിംസ ആദര്‍ശമാക്കിയത് ക്ഷത്രിയര്‍ക്കും തിരിച്ചടിയായി. അങ്ങനെ രണ്ട് വലിയ ജാതികളുടെ ശക്തി അദ്ദേഹം കുറച്ചു. ഇന്ത്യയ്ക്ക് ഗാന്ധിയുടെ ഇത്തരം ശൈലികള്‍ ആവശ്യമാണ്. നെഹ്‌റു ചെറിയ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പറ്റിയ ഒരു പ്രധാനമന്ത്രിയായിരുന്നു എന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്.
അടിസ്ഥാനപരമായി ഓണം കൊയ്ത്തുത്സവമാണ്. ''വിളവെടുപ്പ് ഉത്സവമാണത്. ഇപ്പോള്‍ അത് വിപണിയുടെ ഉത്സവവേളയാണ്. ഉത്തരേന്ത്യയില്‍ ദീപാവലിക്കാണ് കച്ചവടം പൊടിപൊടിക്കുക. കേരളത്തില്‍ അത് ഓണത്തിനും. കേരളത്തിലെ വില്‍പ്പനയുടെ 30-40% നടക്കുന്നത് ഓണക്കാലത്താണ്.
മതവിശ്വാസത്തെ കൂടി പരിഗണിക്കുന്ന മതേതരത്വമാണ് ഇന്ത്യയില്‍ ആവശ്യം, മതത്തെ പൂര്‍ണ്ണമായി നിരാകരിക്കുന്ന യൂറോപ്യന്‍ മതേതരത്വമല്ല.''
''തിരുവോണം വാമനജയന്തി ആണെന്ന വര്‍ഗീയവാദികളുടെ വാദം വാസ്തവത്തില്‍ ശരിയാണ്. വാമനന്റെ നക്ഷത്രമാണ് തിരുവോണം. 10 അവതാരങ്ങള്‍ക്കും നക്ഷത്രങ്ങള്‍ ഉണ്ടല്ലോ. ശ്രീകൃഷ്ണന്റേത് രോഹിണിയാണ്, ശ്രീരാമന്റേത് പുണര്‍തം, വാമനന്റേത് തിരുവോണവും. ഓണം ശരിക്കും വളരെ ക്രൂരമായ ഒരു സംഗതിയാണ്. ഐതിഹ്യമാണെങ്കിലും സങ്കടകരമായ ഒരു ഐതിഹ്യം. വര്‍ഷത്തിലൊരിക്കല്‍ തന്റെ ജനങ്ങളെ കാണാന്‍ വരാന്‍ മഹാബലിക്ക് അവസരമുണ്ട്. വര്‍ഷത്തിലൊരിക്കല്‍ വരുമ്പോള്‍ മഹാബലി കാണുന്നതാകട്ടെ ജനങ്ങള്‍ വാമനമൂര്‍ത്തിയുടെ വിഗ്രഹം വച്ച് പൂജിക്കുന്നതാണ്. പൂക്കളങ്ങളിലെ തൃക്കാക്കരയപ്പന്‍ വാമനനാണ്. പൂജിക്കുന്നത്, മാവേലിയെ അല്ല. തന്നെ കൊന്നു കളഞ്ഞ, അതായത് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ ആളുടെ വിഗ്രഹം വച്ച് ആളുകള്‍ ആഘോഷിക്കുന്നു. ഇതുകണ്ട് ചങ്കുപൊട്ടി മഹാബലി വേഗം തന്നെ തിരിച്ചുപോകും എന്നാണ് ഞാന്‍ വിചാരിക്കുന്നത്. വൈകിട്ട് വരെ അദ്ദേഹം നിന്നിട്ടുണ്ടാവില്ല.''
''പരശുരാമന്‍ സൃഷ്ടിച്ചതാണ് കേരളമെന്നാണല്ലൊ ഐതിഹ്യം. സ്വന്തം അമ്മയെ നിഗ്രഹിച്ച ആളാണ് പരശുരാമന്‍ എന്നോര്‍ക്കണം. ക്ഷത്രിയരെ മുഴുവന്‍ പരശുരാമന്‍ കൊന്നു, അതിന്റെ പാപപരിഹാരാര്‍ത്ഥം ഗ്രാമങ്ങള്‍ ഉണ്ടാക്കി. ആ ഗ്രാമങ്ങള്‍ ബ്രാഹ്മണരെ ഏല്‍പ്പിച്ചു. കേരളത്തിന്റെ ആര്യനൈസേഷന്റെ ഒരു പ്രതീകമാണ് അത്. അതുകൊണ്ട് ബ്രാഹ്മണര്‍ കൊണ്ടുവന്ന ഒരു കഥയായിരിക്കണം പരശുരാമന്‍ കഥ.
കേരളത്തില്‍ എല്ലായിടത്തും ഒരേപോലെയല്ല ഓണം ആഘോഷിക്കുന്നത്. ''വടക്കോട്ട് ഓണാഘോഷത്തിന് മാംസാഹാരം കഴിക്കും. കേരളത്തില്‍ 56% ആളുകള്‍ ബീഫ് കഴിക്കുന്നവരാണ്. ക്രിസ്ത്യാനികളും മുസ്ലീങ്ങളുമായ ചിലരുടെ ധാരണ ഹിന്ദുക്കള്‍ ആരും ബീഫ് കഴിക്കില്ല എന്നാണ്. അതു തെറ്റിദ്ധാരണയാണ്. ഓണത്തിന് കാളന്‍ ആകാമെങ്കില്‍ കാളയിറച്ചിയും ആകാമെന്ന് കെ ഇ എന്‍ പറഞ്ഞു. അവര്‍ ഗ്രാംഷിയെ ഒക്കെ വായിക്കുന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഇക്കാര്യത്തില്‍ ഞാന്‍ വായിച്ചത് കാവ്യാ മാധവനെ ആണ്. ഓണത്തിന് തങ്ങളുടെ വീടുകളില്‍ മാംസവിഭങ്ങള്‍ നിര്‍ബന്ധമാണെന്ന് കാസര്‍ഗോട്ടുകാരിയായ അവര്‍ ഒരഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ മറ്റു ഭാഗങ്ങളില്‍ ഉള്ള പലര്‍ക്കും അത്ഭുതം ആയിരുന്നു. കിഴക്കന്‍ കേരളത്തിലെ ഈഴവര്‍ക്ക് വിഷുവിന് പന്നിയിറച്ചി ഇല്ലാതെ പറ്റില്ല എന്ന കാര്യം മറ്റുള്ളയിടങ്ങളില്‍ പലര്‍ക്കുമറിയില്ല.''
യേശുക്രിസ്തുവിന്റെ കേരളത്തിലെ പ്രധാന പ്രതിനിധിയായി ഞാന്‍ കാണുന്നത് ചാവറയച്ചനെയാണ്. കേരള നവോത്ഥാനത്തിന്റെ ഒരു പിതാവാണ് ചാവറയച്ചന്‍. ഒരു തര്‍ക്കവുമില്ലാത്ത കാര്യമാണത്. ശ്രീനാരായണ ഗുരുവിനേക്കാള്‍ എത്രയോ മുമ്പാണ് അദ്ദേഹം ജനിച്ചത്.
പക്ഷേ അടിസ്ഥാനപരമായി ഓണം കൊയ്ത്തുത്സവമാണ്. ''വിളവെടുപ്പ് ഉത്സവമാണത്. ഇപ്പോള്‍ അത് വിപണിയുടെ ഉത്സവവേളയാണ്. ഉത്തരേന്ത്യയില്‍ ദീപാവലിക്കാണ് കച്ചവടം പൊടിപൊടിക്കുക. കേരളത്തില്‍ അത് ഓണത്തിനും. കേരളത്തിലെ വില്‍പ്പനയുടെ 30-40% നടക്കുന്നത് ഓണക്കാലത്താണ്. 12 മാസം നടക്കുന്ന കച്ചവടത്തിന്റെ 30-40%. ടിവി, ഫ്രിഡ്ജ് മറ്റു ഗൃഹോപകരണങ്ങള്‍, തുണിത്തരങ്ങള്‍, സ്വര്‍ണ്ണം എന്നിങ്ങനെ എല്ലാത്തിനും ബാധകമാണ് ഇത്. ബോണസ് കൊടുക്കുന്നത് ഉത്തരേന്ത്യയില്‍ ദീപാവലിക്കും അമേരിക്കയില്‍ ക്രിസ്മസിനും ആണെങ്കില്‍ കേരളത്തില്‍ ഓണത്തിന് ആണല്ലോ.''
കേരളത്തില്‍ പൊതുവെ ഓണാഘോഷത്തിനു മതഭേദം ഉണ്ടായിരുന്നില്ല, ''എന്റെ വീടിനടുത്ത് മൊയ്തു മാപ്പിള എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ഒരു മുസ്ലിം കാരണവര്‍ ഉണ്ടായിരുന്നു. ചായക്കട നടത്തുകയായിരുന്നു തൊഴില്‍. ഓണത്തിനും വിഷുവിനും ഞങ്ങളുടെ വീട്ടില്‍ ഊണു കഴിക്കുക പുള്ളിയുടെ ഒരു അവകാശം ആയിരുന്നു. ഞങ്ങള്‍ക്കെല്ലാം ഒപ്പമിരുന്ന് ഭക്ഷണം കഴിക്കും. ഒരു വിവേചനവും ഉണ്ടായിരുന്നില്ല. പഴയ കേരളത്തില്‍ ഒട്ടാകെയും അങ്ങനെയൊക്കെ തന്നെയായിരുന്നിരിക്കണം കാര്യങ്ങള്‍. എന്നാല്‍ വര്‍ഗീയശക്തികളുടെ വളര്‍ച്ച അതിനു മാറ്റം ഉണ്ടാക്കിയിട്ടുണ്ട്.''
ഇന്ത്യയില്‍ ഹിന്ദു ഭൂരിപക്ഷവര്‍ഗീയതയുടെ വളര്‍ച്ചയെ മുന്‍കൂട്ടി കാണാനുള്ള ബുദ്ധി നെഹ്‌റുവിന് ഉണ്ടായില്ലെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വീഴ്ചയെന്നും ഗാന്ധിജിക്ക് അതുണ്ടായിരുന്നുവെന്നും കരുതേണ്ടി വരും. ''എല്ലാ വിഭാഗത്തിലെയും തീവ്രവാദികള്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാരണം ഒരു തീവ്രവാദം ശക്തമായാല്‍ മാത്രമേ മറുവശത്തെ തീവ്രവാദികള്‍ക്കും ശക്തി പ്രാപിക്കാന്‍ കഴിയൂ.
പറയുന്നത് തെറ്റിദ്ധരിക്കരുത്. ജാതീയത ഒരുതരത്തില്‍ ഇന്ത്യയ്ക്ക് അനുഗ്രഹം ആയിട്ടുണ്ടെന്നു ചിലപ്പോള്‍ തോന്നും. ''ഹിന്ദുക്കളെല്ലാം ഒറ്റ ജാതി ആയിരുന്നെങ്കില്‍ ഹിന്ദു വര്‍ഗീയ വാദികളുടെ ശക്തി എന്തുമാത്രമായേനേ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒറ്റയ്‌ക്കൊരു വോട്ട് ബാങ്ക് ആയി ശക്തി പ്രകടിപ്പിക്കാന്‍ അവര്‍ക്ക് കഴിയാത്തത് ജനാധിപത്യത്തിന് ഗുണമാണ്. ജാതി ഉള്ളതുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പറ്റുന്നത്. നിരീശ്വരവാദികള്‍ക്കിടയിലും ജാതി ചിന്ത അതിശക്തമാണ്. ഞങ്ങളുടെ ജാതിയില്‍പ്പെട്ട നിരീശ്വരവാദി, നിങ്ങളുടെ ജാതിയില്‍ പെട്ട നിരീശ്വരവാദി എന്നൊക്കെ ചിന്തിക്കുന്നവര്‍ ആ കൂട്ടത്തിലുണ്ട്, ജാതിവാലുകള്‍ ഉപയോഗിക്കുന്നവരും.''
ജാതീയത ഇന്ത്യയ്ക്ക് അനുഗ്രഹമായെന്നു തമാശയായിട്ടാണ് താന്‍ പറയുന്നതെങ്കിലും ഇത് പൂര്‍ണ്ണമായും തമാശയാണോ എന്ന് തനിക്കുറപ്പില്ലെന്നും രാംമോഹന്‍ കൂട്ടിച്ചേര്‍ത്തു.
ആറു മണിക്ക് വീട്ടില്‍ കയറണം എന്നതാണു ക്രിസ്ത്യന്‍ സുഹൃത്തുക്കളില്‍ നിന്നു താന്‍ പഠിച്ച ഒരു പ്രധാനപാഠം എന്നു രാംമോഹന്‍ തന്റെ കുട്ടിക്കാലത്തെ അനുസ്മരിച്ചു പറഞ്ഞു. ''ക്രിസ്ത്യന്‍ വീടുകളിലെ നിയമം അതായിരുന്നു. സന്ധ്യയ്ക്ക് വീട്ടിലെത്തുക കുടുംബപ്രാര്‍ത്ഥന നടത്തുക, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക. ഇത് എല്ലാ ക്രിസ്ത്യന്‍ വീടുകളിലും ഉണ്ടായിരുന്നു. ക്രിസ്ത്യന്‍ വീടുകളില്‍ പൊതുവെ അത്താഴം നേരത്തെ കഴിക്കുമായിരുന്നു. ഇത് ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണെന്ന് ആധുനിക ശാസ്ത്രവും വൈദ്യവും പറയുന്നു. ഇന്ന് അതിനൊക്കെ മാറ്റം വന്നിട്ടുണ്ട്. ആ രീതികള്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം.''
സന്ധ്യയ്ക്ക് വീട്ടിലെത്തുക കുടുംബപ്രാര്‍ത്ഥന നടത്തുക, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക. ഇത് എല്ലാ ക്രിസ്ത്യന്‍ വീടുകളിലും ഉണ്ടായിരുന്നു.
കേരളത്തില്‍ വന്നിട്ടില്ലാത്ത രണ്ടു ജൂതരാണ് ആധുനികകേരളത്തെ പ്രധാനമായും രൂപപ്പെടുത്തിയതെന്ന നിരീക്ഷണം രാംമോഹന്‍ പങ്കുവച്ചു. ''യേശുക്രിസ്തുവും കാറല്‍ മാര്‍ക്‌സുമാണവര്‍. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളം വ്യത്യസ്തമായി നില്‍ക്കുന്നത് ഈ രണ്ടു മനുഷ്യര്‍ മൂലമാണ്. യേശുക്രിസ്തുവിന്റെ കേരളത്തിലെ പ്രധാന പ്രതിനിധിയായി ഞാന്‍ കാണുന്നത് ചാവറയച്ചനെയാണ്. കേരളനവോത്ഥാനത്തിന്റെ ഒരു പിതാവാണ് ചാവറയച്ചന്‍. ഒരു തര്‍ക്കവുമില്ലാത്ത കാര്യമാണത്. ശ്രീനാരായണഗുരുവിനേക്കാള്‍ എത്രയോ മുമ്പാണ് അദ്ദേഹം ജനിച്ചത്. കേരളത്തില്‍ കമ്മ്യൂണിസം വന്നതും ഇവിടെ മിഷണറിമാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം കൊണ്ടുവന്നതുകൊണ്ടാണ്. യേശുക്രിസ്തുവും കാറല്‍ മാര്‍ക്‌സും ശ്രീനാരായണഗുരുവും ഗള്‍ഫ് മലയാളികളുമാണ് ആധുനികകേരളത്തിന്റെ ശില്‍പികള്‍.''