വൈക്കം സത്യാഗ്രഹത്തിന്റെ കാണാപ്പുറങ്ങള്‍

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി സ്മരണവേളയില്‍ സമരത്തിന്റെ അന്തര്‍ധാരകളെ വ്യത്യസ്തമായി സമീപിക്കുന്ന ലേഖനം
വൈക്കം സത്യാഗ്രഹത്തിന്റെ കാണാപ്പുറങ്ങള്‍
വൈക്കം സത്യാഗ്രഹത്തില്‍ ക്രിസ്ത്യാനികളുടെ പങ്കിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഏപ്രില്‍ 13-ലെ സത്യാഗ്രഹാശ്രമബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 17- ലെ സത്യാഗ്രഹ വാര്‍ത്താബുള്ളറ്റിനില്‍ ക്രിസ്ത്യാനികളുടെ വിശുദ്ധദിനമായ ദുഃഖ വെള്ളിയാഴ്ച സത്യാഗ്രഹസംരംഭങ്ങള്‍ ഉണ്ടായിരിക്കില്ലെന്ന് ജനങ്ങളെ അറിയിക്കുന്നുണ്ട്. അത്രമേല്‍ ക്രിസ്ത്യാനികള്‍ വൈക്കം സത്യാഗ്രഹത്തില്‍ സജീവമായിരുന്നു.

വൈക്കത്തെ പ്രസിദ്ധമായ ശിവക്ഷേത്രം 20-ാം നൂറ്റാണ്ട് ആയപ്പോഴേക്കും ജാതിവാദത്തിന്റെയും യാഥാസ്ഥിതികത്വത്തിന്റെയും പ്രധാന സ്ഥലമായി. അന്നത്തെ രീതിയനുസരിച്ച് അവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് ക്ഷേത്രത്തില്‍ മാത്രമല്ല അതിന് ചുറ്റുമുള്ള പൊതു വഴികളില്‍പോലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. അവര്‍ണ്ണരുടെ വഴിനടപ്പ് നിരോധിച്ചുകൊണ്ടുള്ള ഫലകങ്ങള്‍ സ്ഥാപിക്കുകയും അത് ഉറപ്പാക്കാന്‍ പൊലീസുകാരെ നിയമിക്കുകയും ചെയ്തിരുന്നു. അവര്‍ണ്ണര്‍ രണ്ടു മൂന്ന് മൈല്‍ ചുറ്റി മറ്റ് വഴികളിലൂടെ പോകണമായിരുന്നു. എന്നാല്‍ ക്രിസ്ത്യാനിക്കും മുസ്ലീമിനും ഈ വിലക്ക് ബാധകമായിരുന്നില്ല. അയ്യങ്കാളിയെയും ശ്രീനാരായണഗുരുവിനെയും ഈ വഴിയില്‍ തടഞ്ഞ ചരിത്രമുണ്ട്.

1806-ല്‍ ഇരുന്നൂറോളം അവര്‍ണ്ണ യുവാക്കള്‍ വൈക്കം ക്ഷേത്രത്തില്‍ പ്രവേശിക്കുവാന്‍ ഒരു ശ്രമം നടത്തി. അന്നത്തെ ദളവയായിരുന്ന വേലുത്തമ്പി ദളവ സൈന്യത്തെ അയച്ച് യുവാക്കളെ നേരിട്ടു. ഏതാനും പേര്‍ ഓടി രക്ഷപ്പെടുകയും വളരെയധികം പേര്‍ വധിക്കപ്പെടുകയും ചെയ്തു. വധിക്കപ്പെട്ടവരുടെ ശരീരങ്ങള്‍ അടുത്തുണ്ടായ കുളത്തില്‍ ഇട്ടുമൂടി. ആകുളത്തെ ദളവാക്കുളം എന്ന് വിളിച്ചു വന്നിരുന്നു. ആ സ്ഥലത്താണ് ഇന്നത്തെ വൈക്കം പ്രൈവറ്റ് ബസ്സ്റ്റാന്റ് സ്ഥിതിചെയ്യുന്നത്.

കേരളത്തിലെ നവോത്ഥാന ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് വൈക്കം സത്യാഗ്രഹം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് രണ്ട് മുഖ്യധാരകളുണ്ട്. വിദേശാധിപത്യത്തില്‍ നിന്നുള്ള മോചനവും സാമൂഹ്യവ്യവസ്ഥിതികളില്‍ നിന്നുള്ള മോചനവും. സാമൂഹ്യ വ്യവസ്ഥിതികളില്‍നിന്നുള്ള മോചനത്തിന് ജനകീയാവബോധം നല്‍കാന്‍ സാധിച്ചതാണ് വൈക്കം സത്യാഗ്രഹത്തിന്റെ പ്രാധാന്യം. യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ മറികടന്ന് അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ കേരളത്തില്‍ നടന്ന ആദ്യത്തെ ആസൂത്രിത പ്രക്ഷോഭമായിരുന്നു വൈക്കം സത്യാഗ്രഹം. പിന്നാക്ക ജാതിക്കാരുടെ പൗരാവകാശങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പ്രധാന പ്രശ്‌നമാണെന്ന് ബോധ്യപ്പെടുത്താന്‍ വൈക്കം സത്യാഗ്രഹത്തിനു സാധിച്ചു.

1916-ല്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷയായിരുന്ന ഡോ. ആനി ബസന്റ് താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കണമെന്ന പ്രമേയം അവതരിപ്പിച്ച് പാസാക്കി. പിറ്റേവര്‍ഷം കോഴിക്കോട്ടു നടന്ന മലബാര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആനിബസന്റ് തന്നെയാണ് സഞ്ചാരസ്വാതന്ത്ര്യ പ്രമേയം അവതരിപ്പിച്ചത്. 1924 ഫെബ്രുവരി 29-ന് കോണ്‍ഗ്രസിന്റെ അയിത്തോച്ചാടന കമ്മിറ്റി വൈക്കത്ത് വന്നു. അന്ന് വൈക്കത്ത് മൂവ്വായിരത്തിലധികം വരുന്ന പുലയര്‍ നിരോധിത നിരത്തിലൂടെ ബലമായി നടക്കുവാന്‍ തീരുമാനിച്ചിരുന്നു. അയിത്തോച്ചാടന കമ്മിറ്റി അവരെ പിന്തിരിപ്പിച്ചു. അതിനാല്‍ പുലയര്‍ പൊതുവെ വൈക്കം സത്യാഗ്രഹത്തില്‍ നിന്നും അകലം പാലിച്ചു.

1924 മാര്‍ച്ച് 30-ന് ഐതിഹാസികമായ വൈക്കം സത്യാഗ്രഹം ആരംഭിച്ചു. വൈക്കം ക്ഷേത്രത്തില്‍ നിന്നും ഒരു ഫര്‍ലോങ്ങ് ദൂരെയായിരുന്നു കോണ്‍ഗ്രസ്സുകാര്‍ സത്യാഗ്രഹാശ്രമം സ്ഥാപിച്ചത്. ദിവസവും വളണ്ടിയര്‍മാര്‍ ഒരുമിച്ചുനടന്ന് നിരോധന ഫലകത്തിന്റെ അമ്പതടി അകലെ വരെ ചെല്ലും അവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ട മൂന്നുപേര്‍ മുന്നോട്ടു ചെല്ലും. പൊലീസ് തടഞ്ഞുനിറുത്തും. ബലമായി നടക്കുമ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യും. വൈകീട്ട് അറസ്റ്റില്‍ പ്രതിഷേധിച്ച് യോഗം ഉണ്ടാകും. ഇതായിരുന്നു ആദ്യ ദിവസങ്ങളിലെ രീതി.

ഏപ്രില്‍ 10-ന് ബാരിസ്റ്റര്‍ (വക്കീല്‍) ജോര്‍ജ് ജോസഫ് വൈക്കം ബോട്ടുജെട്ടിയില്‍ ഉജ്ജ്വല പ്രസംഗം നടത്തി. മോത്തിലാല്‍ നെഹ്രുവിന്റെ 'ദി ഇന്‍ഡിപെന്‍ഡന്റ്' എന്ന പത്രത്തിന്റെയും മഹാത്മാഗാന്ധിയുടെ 'യങ് ഇന്ത്യ' എന്ന പത്രത്തിന്റെയും പത്രാധിപരും ആനിബസന്റ് ബ്രിട്ടണിലേക്ക് അയച്ച മൂന്നംഗ പ്രതിനിധി സംഘത്തിലെ അംഗവുമായിരുന്നു ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്. അദ്ദേഹം വന്നതില്‍ പിന്നെ സത്യാഗ്രഹത്തിന്റെ രീതികള്‍ മാറി. പൊലീസിന്റെ നിയലംഘനത്തെ അദ്ദേഹം ചോദ്യം ചെയ്തതിനാല്‍ അന്ന് അറസ്റ്റ് ഉണ്ടായില്ല. അദ്ദേഹം നേതൃത്വം ഏറ്റെടുത്തതില്‍ പിന്നെ സത്യാഗ്രഹികള്‍ നിരാഹാരം അനുഷ്ഠിക്കാന്‍ തുടങ്ങി. അദ്ദേഹം മഹാത്മാഗാന്ധിക്ക് കമ്പി സന്ദേശം അയയ്ക്കുകയും ജില്ലാ ജഡ്ജിക്ക് കത്തയയ്ക്കുകയും ചെയ്തു. സത്യാഗ്രഹികളുടെ എണ്ണം അദ്ദേഹം വര്‍ധിപ്പിച്ചു. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന പി ഡബ്ലിയു സെബാസ്റ്റ്യന്‍, കുരുവിള മാത്യു, 'ഭജേഭാരതം' എന്ന പത്രത്തിന്റെ പത്രാധിപരായിരുന്ന എം മാത്തുണ്ണി മുതലായ ക്രിസ്ത്യന്‍ നേതാക്കള്‍ സത്യാഗ്രഹത്തില്‍ സജ്ജീവമായി. അതോടെ കൂടുതല്‍ ക്രിസ്ത്യാനികള്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തു. ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫിന്റെ ഭാര്യ സൂസനും സത്യാഗ്രഹത്തില്‍ പങ്കെടുത്തിരുന്നു. വൈക്കം സത്യാഗ്രഹത്തിലെ ആദ്യ സ്ത്രീ സാന്നിധ്യം അവരുടേതായിരുന്നു. അവര്‍ വഴി സ്ത്രീകളും സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി. ഏപ്രില്‍ 11-ന് ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ്, പി ഡബ്ലിയു സെബാസ്റ്റ്യന്‍ എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് സത്യാഗ്രഹത്തിന്റെ ഭാഗമായപ്പോള്‍ വടക്കേ ഇന്ത്യയില്‍ വൈക്കം സത്യാഗ്രഹത്തിന് വലിയ പ്രചാരം ലഭിച്ചു. ജോര്‍ജ് ജോസഫിന്റെ നിര്‍ദേശപ്രകാരം ഏപ്രില്‍ 13-ന് സത്യാഗ്രഹികള്‍ നാലുവശത്തുള്ള വഴികളില്‍ സത്യാഗ്രഹം നടത്തി.

തിരുവിതാംകൂര്‍ ലജിസ്‌ളേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്ന ജോസഫ് പഞ്ഞിക്കാരന്‍ ഏപ്രില്‍ 17-ന് സത്യാഗ്രഹത്തില്‍ പങ്കുചേര്‍ന്നു.

വൈക്കം സത്യാഗ്രഹത്തില്‍ ക്രിസ്ത്യാനികളുടെ പങ്കിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഏപ്രില്‍ 13-ലെ സത്യാഗ്രഹാശ്രമ ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 17ലെ സത്യാഗ്രഹ വാര്‍ത്താബുള്ളറ്റിനില്‍ ക്രിസ്ത്യാനികളുടെ വിശുദ്ധദിനമായ ദുഃഖവെള്ളിയാഴ്ച സത്യാഗ്രഹസംരംഭങ്ങള്‍ ഉണ്ടായിരിക്കില്ലെന്ന് ജനങ്ങളെ അറിയിക്കുന്നുണ്ട്. അത്രമേല്‍ ക്രിസ്ത്യാനികള്‍ വൈക്കം സത്യാഗ്രഹത്തില്‍ സജീവമായിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ കൊച്ചി രാജ്യത്തിന്റെ പരിധിയിലായിരുന്ന ഡീക്കന്‍ എം പി പീറ്റര്‍ (പിന്നീട് മെത്രാനായ പത്രോസ് മാര്‍ ഒസ്താതിയോസ്) വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്തിരുന്നു.

വൈക്കം സത്യാഗ്രഹത്തില്‍ ക്രിസ്ത്യാനികള്‍ കൂടുതല്‍ പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്ത പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി 1924 മേയ് 1-ന് തന്റെ പത്രമായ 'യങ് ഇന്ത്യ'യില്‍ എഴുതി, 'വൈക്കത്തെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ ചെയ്യേണ്ടത് ഹിന്ദുക്കളെ അവരുടെ ജോലി ചെയ്യാന്‍ വിടുക എന്നതാണ്. എന്തെന്നാല്‍ അവര്‍ സ്വയം ശുദ്ധീകരിക്കപ്പെടുകയാണ് വേണ്ടത്.'

1924 മെയ് 9-ന് സത്യാഗ്രഹ വളണ്ടിയര്‍മാരെ ക്രൂരമായി മര്‍ദിച്ചു. അമേരിക്കന്‍ പാസ്റ്ററും പത്രപ്രവര്‍ത്തകനുമായിരുന്ന റവ. ചാള്‍സ് ബി ഹില്‍ അതിന്റെ ഫോട്ടോകള്‍ എടുക്കുകയും വാര്‍ത്ത വിദേശമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തത് സത്യാഗ്രഹത്തിന് ആഗോള പ്രസിദ്ധി ലഭിക്കുന്നതിന് സഹായിച്ചു.

മെയ് 10-ന് കുരുവിള മാത്യുവിനെ അറസ്റ്റ് ചെയ്തു. ഏപ്രില്‍ 10ന് കുരുവിള മാത്യുവിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും അദ്ദേഹം സത്യാഗ്രഹത്തിന്റെ പ്രചാരങ്ങള്‍ക്കും ആളെ സംഘടിപ്പിക്കുന്നതിനും യാത്രയില്‍ ആയിരുന്നു. അദ്ദേഹം മെയ് 9-ന് സത്യാഗ്രഹ സ്ഥലത്ത് തിരികെ എത്തുകയും പിറ്റേന്ന് അറസ്റ്റിലാവുകയും ചെയ്തു. അദ്ദേഹം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ താന്‍ പൗരബോധമുള്ള ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയായതിനാലാണ് സമരത്തില്‍ പങ്കെടുത്തതെന്ന് വ്യക്തമാക്കുന്നുണ്ട്. സത്യാഗ്രഹത്തില്‍ പങ്കെടുത്തതും മറ്റുള്ളവരെ സത്യാഗ്രഹത്തിലേക്ക് ആകര്‍ഷിച്ചതും മതസംബന്ധമായും രാഷ്ട്രീയമായും തന്റെ കടമയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മെയ് 14ലെ സത്യാഗ്രഹാശ്രമ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിദേശിയും കത്തോലിക്കനും നിയമനിര്‍മ്മാണസഭാ മെമ്പറുമായ ഹുഗ്വാര്‍ഫ് സത്യാഗ്രഹത്തെ സംബന്ധിച്ച് നിയമസഭാംഗങ്ങളോട് ഒരു അഭ്യര്‍ത്ഥന പുറപ്പെടുവിച്ചത് ജൂണ്‍ 5-ലെ സത്യാഗ്രഹാ ശ്രമം ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ അവര്‍ണ്ണര്‍ക്ക് യാത്രാനിരോധനം ലജ്ജാകരമാണെന്നും എല്ലാ വഴികളും പൊതുജനത്തിന് തുറന്നുകൊടുക്കുവാന്‍ പ്രമേയം പാസാക്കണമെന്നും പറഞ്ഞിട്ടുണ്ട്.

തിരുവിതാംകൂര്‍ ലജിസ്‌ളേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്ന ജോസഫ് പഞ്ഞിക്കാരന്‍ ജൂണ്‍ 12ന് നിയമസഭയില്‍ അവര്‍ണ്ണര്‍ ക്ക് സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞു കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെ ചോദ്യം ചെയ്തു. പ്രശ്‌നത്തില്‍ ഇടപെട്ട് ജോണ്‍ നിധീരി വക്കീല്‍ സഞ്ചാര സ്വാതന്ത്ര്യ നിഷേധം പൗരാവകാശലംഘനമാണെന്ന് വാദിച്ചു. ചോദ്യോത്തരവേളയില്‍ അന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ മൂന്ന് ക്രിസ്ത്യാനികള്‍ ഉണ്ടെന്ന് വിശദീകരിച്ചിട്ടുണ്ട്.

1925 മാര്‍ച്ച് 17-ന് മഹാത്മാഗാന്ധി വൈക്കം സത്യാഗ്രഹാശ്രമത്തില്‍ ഉണ്ടായി രുന്നപ്പോള്‍ ഫാ. കുര്യാക്കോസ് വെട്ടിക്കാപ്പള്ളിയും വൈക്കം പ്രദേശത്തെ പള്ളി കളില്‍ നിന്നുള്ള ഏതാനും വികാരിമാരും മഹാത്മാഗാന്ധിയെ സന്ദര്‍ശിച്ച് തങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്തു.

ജൂണ്‍ 22-ന് വൈക്കത്തെ റോഡുകളില്‍ എല്ലാവര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് 15 നിയമസഭാംഗങ്ങള്‍ ദിവാന് കത്ത് നല്‍കി.

കത്തോലിക്കരായ ജോണ്‍ നിധീരി, തരീത് കുഞ്ഞിത്തൊമ്മന്‍, എ. ഹുഗ്വാര്‍ഫ് എന്നിവരാണ് ആ പരാതിക്ക് നേതൃത്വം നല്‍കിയത്.

പത്രപ്രവര്‍ത്തകനായിരുന്ന സി എഫ് ആന്‍ഡ്രൂസ് ഇംഗ്ലണ്ടിലെ പ്രശസ്ത പത്രമായിരുന്ന 'മാഞ്ചസ്റ്റര്‍ ഗാര്‍ഡിയ'യില്‍ സത്യാഗ്രഹത്തെ അനുകൂലിച്ച് സുദീര്‍ഘമായ ലേഖനം എഴുതിയ കാര്യം ജൂലൈ 2-ലെ സത്യാഗ്രഹാശ്രമ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സത്യാഗ്രഹത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ സര്‍ക്കാരും സവര്‍ണ്ണരും പ്രചരിപ്പിച്ചതിനാല്‍ ശരിയായ കാര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതിന് ജൂലൈ 14-ന് സി എം ചെറിയാന്‍ ഉള്‍പ്പെട്ട ഒരു കമ്മിറ്റിയെ നിയോഗിച്ചു.

1925 ഫെബ്രുവരി 5-ന് എന്‍ കുമാരന്‍ സഞ്ചാരസ്വാതന്ത്ര്യ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു. ഭരണപക്ഷത്തുള്ളവര്‍ എതിര്‍ത്ത് സംസാരിച്ചപ്പോള്‍ ആദ്യമായി അനുകൂലിച്ച് സംസാരിച്ചത് ഫാ. കുര്യാക്കോസ് വെട്ടിക്കാപ്പള്ളിയാണ്. അനുകൂലിച്ച് സംസാരിച്ച അംഗങ്ങളില്‍ ക്രിസ്ത്യാനികളുടെ വാക്കുകള്‍ ശക്തമായിരുന്നു. പോള്‍ വി ഡാനിയേല്‍, തരീത് കുഞ്ഞിത്തൊമ്മന്‍, കെ സി മാമ്മന്‍ മാപ്പിള, ജോണ്‍ നിധീരി, എ ഹുഗ്വാര്‍ഫ്, ജോസഫ് പഞ്ഞിക്കാരന്‍ എന്നിവര്‍ ശക്തമായ ഭാഷയിലാണ് സംസാരിച്ചത്.

മഹാറാണി നേരത്തെ കൊടുത്ത ഉറപ്പനുസരിച്ച് സഞ്ചാരസ്വാതന്ത്ര്യ പ്രമേയം നിയമസഭയില്‍ പാസായാല്‍ അനുവദിക്കാമെന്നായിരുന്നു. പക്ഷേ അപ്രതീക്ഷിതമായി രണ്ടു പേര്‍ മാറി. ശ്രീനാരായണ ധര്‍മ്മപരിപാലന സംഘം സ്ഥാപിക്കുന്നതിന് ചുക്കാന്‍ പിടിച്ച ഡോ. പല്‍പ്പുവിന്റെ സഹോദരനും ഈഴവ പ്രതിനിധിയുമായ തച്ചക്കുടി പരമേശ്വരനും മുസ്ലീമായിരുന്ന കാദരുപിള്ളയുമായിരുന്നു ആ രണ്ടുപേര്‍. അവരില്‍ ഒരാളുടെ വോട്ട് കിട്ടിയിരുന്നെങ്കില്‍ പ്രമേയം പാസാകുമായിരുന്നു. പ്രമേയം വോട്ടിനിട്ടപ്പോള്‍ അനുകൂലിച്ച് 21 പേരും പ്രതികൂലിച്ച് 22 പേരുമാണ് വോട്ട് ചെയ്തത്.

സഞ്ചാരസ്വാതന്ത്ര്യ പ്രമേയം പരാജയപ്പെട്ടപ്പോള്‍ സത്യാഗ്രഹം പരാജയപ്പെട്ടു എന്ന ധാരണ പരന്നു. അതിനാല്‍ കൊല്ലത്തെ യങ്മാന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ സത്യാഗ്രഹത്തെ അനുകൂലിച്ച് പ്രമേയം പാസാക്കുകയും സത്യാഗ്രഹത്തിന് വേണ്ട സഹായങ്ങള്‍ നല്‍കുന്നതിന് കെ കെ കുരുവിളയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും അവര്‍ ഫെബ്രുവരി 27-ന് സത്യാഗ്രഹാശ്രമത്തില്‍ എത്തുകയും ചെയ്തു.

1925 മാര്‍ച്ച് 17-ന് മഹാത്മാ ഗാന്ധി വൈക്കം സത്യാഗ്രഹാശ്രമത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ഫാ. കുര്യാക്കോസ് വെട്ടിക്കാപ്പള്ളിയും വൈക്കം പ്രദേശത്തെ പള്ളികളില്‍ നിന്നുള്ള ഏതാനും വികാരിമാരും മഹാത്മാഗാന്ധിയെ സന്ദര്‍ശിച്ച് തങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്തു. ഇക്കാര്യം അന്നത്തെ സത്യഗ്രഹാശ്രമ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1925 ഏപ്രില്‍ 1-ന് ചില ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ അവര്‍ണ്ണര്‍ക്കുള്ള നിരോധനം പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ചീഫ് സെക്രട്ടറി പരസ്യപ്പെടുത്തി. ഒക്‌ടോബര്‍ 8-ന് സത്യാഗ്രഹം അവസാനിപ്പിക്കുവാന്‍ മഹാത്മാഗാന്ധി നിര്‍ദേശം നല്‍കി. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ സമയമെടുത്തതിനാല്‍ സത്യാഗ്രഹം നീണ്ടു. 603 ദിവസം നീണ്ടുനിന്ന സത്യാഗ്രഹം നവംബര്‍ 23-ന് അവസാനിച്ചു.

സത്യാഗ്രഹത്തിനുശേഷം ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ കൊണ്ടു വന്നപ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് ആദ്യമുണ്ടായിരുന്ന സഞ്ചാരസ്വാതന്ത്ര്യം ഭാഗീകമായി തടയപ്പെട്ടു. സവര്‍ണ്ണര്‍ ക്രിസ്ത്യാനികള്‍ക്ക് എതിരായി. വൈക്കം ടൗണില്‍ പള്ളി പണിയുന്നതിന് സവര്‍ണ്ണരില്‍ നിന്നും ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായി.

വൈക്കം സത്യാഗ്രഹത്തിന്റെ കാലത്താണ് പ്രസിദ്ധമായ 99-ലെ വെള്ളപ്പൊക്കം. അതായത് പ്രകൃതിയിലും സമൂഹത്തിലും ഒരുപോലെ മാറ്റത്തിന്റെയും ശുദ്ധീകരണത്തിന്റെയും പ്രളയകാലം.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org