കാരുണ്യത്തിന്റെ ചില കാണാക്കാഴ്ചകള്‍

കാരുണ്യത്തിന്റെ ചില കാണാക്കാഴ്ചകള്‍
പ്രഖ്യാപിത നിയമങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമെതിരായി മനുഷ്യനോടുള്ള സ്‌നേഹവും ആര്‍ദ്രതയും അനുകമ്പയും ആണ് ഏറ്റവും മഹത്തരം എന്ന് ആവര്‍ത്തിച്ച് നമ്മെ പഠിപ്പിച്ച യേശുക്രിസ്തു. ഇന്ന് ഈ ക്രിസ്തുദേവന്റെ അനുയായികളായ നമ്മള്‍ ഓരോരുത്തരും ഈ സത്യങ്ങളിലൂന്നിയാണോ മുന്നോട്ടു പോകുന്നത് എന്ന് ഒന്നു ചിന്തിക്കുന്നത് വളരെ നന്നായിരിക്കും.

"A little bit of mercy makes the world less cold and just." - Pope Francis

യേശുവിന്റെ ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ നമ്മെ ഏറ്റവും അധികം സ്പര്‍ശിക്കുന്നത് അവിടുത്തേയ്ക്ക് മനുഷ്യരായ നമ്മളോടുള്ള അനന്തമായ സ്‌നേഹവും കാരുണ്യവും അനുകമ്പയുമൊക്കെയാണെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. യേശുവിനെക്കുറിച്ച് പറയുകയാണെങ്കില്‍ ചരിത്രം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ വിപ്ലവകാരിയാണ് അദ്ദേഹം. ലോക ചരിത്രത്തെപ്പോലും BCയും DCയുമായി വിഭജിച്ച ഒരു വ്യക്തിത്വം. ഈ കാലഘട്ടത്തിന്റെ വിപ്ലവ നായകമാരില്‍ നിന്നും തികച്ചും വ്യത്യസ്തനായ ഒരാള്‍. Karl Marx, Che Guevara, Engels എന്നിവരെ പോലുള്ള വിപ്ലവ നായകന്മാര്‍ വിഭാവനം ചെയ്ത് പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിച്ച വിപ്ലവങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി സ്‌നേഹത്തിന്റെ പ്രത്യാശയുടെ, കരുണയുടെ, അനുകമ്പയുടെയൊക്കെ വിപ്ലവം നയിച്ച വിപ്ലവകാരി. തന്റെ പരസ്യ ജീവിതകാലഘട്ടത്തില്‍ കേവലം മൂന്നു വര്‍ഷം കൊണ്ട് രണ്ടായിരത്തി ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം നിലനില്‍ക്കുന്ന വിപ്ലവ സിദ്ധാന്തങ്ങള്‍ നമ്മള്‍ക്ക് പകര്‍ന്ന ആദര്‍ശധീരനായ വിപ്ലവകാരി. അതുകൊണ്ടുതന്നെ ആ വിപ്ലവം കാലഹരണപ്പെട്ട് പോകാതെ നില്‍ക്കുന്നത് അതിന്റെ അടിസ്ഥാനവും അടിത്തറയും, സ്‌നേഹവും അനുകമ്പയും കാരുണ്യവും സഹാനുഭൂതിയും ഒക്കെയായതു കൊണ്ടു മാത്രമാണ്. മനുഷ്യന്‍ വിഭാവനം ചെയ്ത പല വിപ്ലവങ്ങളും കാലഹരണപ്പെട്ടു പോയത് അവയൊക്കെ വിഭാവനം ചെയ്ത് നടപ്പാക്കാന്‍ ഒരുങ്ങിയവര്‍ നാളേയ്ക്കുള്ള വിപ്ലവത്തിന്റെ പദ്ധതിയില്‍ സ്‌നേഹത്തിന്റെയും കരുണയുടെയും അനുകമ്പയുടെയുമൊക്കെ പാഠങ്ങള്‍ എഴുതി ചേര്‍ക്കാത്തതുകൊണ്ടായിരുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പറഞ്ഞിരുന്ന കാള്‍ മാര്‍ക്‌സിന്റെ വിപ്ലവ സിദ്ധാന്തങ്ങള്‍ അനുകരിച്ച പല രാജ്യങ്ങളും പില്‍ക്കാലത്ത് അത് തെറ്റായിരുന്നുവെന്ന് തിരിച്ചറിഞ്ഞതും അത് തിരുത്തിയതുമൊക്കെ നമ്മള്‍ നേരില്‍ കണ്ടിട്ടുള്ളതാണ്.

നമ്മുടെ സമൂഹത്തില്‍ നിന്ന് അനുകമ്പയും സ്‌നേഹവും കരുണയും ഒക്കെ മാഞ്ഞുപോകുന്നുണ്ടോ? എന്നത് ചിന്തനീയമായ ഒരു ചോദ്യമാണ്. നമ്മുടെ സമൂഹത്തിലെ അരികുവല്‍കരിക്കപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുമൊക്കെവേണ്ടി മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ആതുരാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഒക്കെ കെട്ടിയുയര്‍ത്തുമ്പോള്‍, നമ്മളുടെ പ്രവര്‍ത്തനങ്ങള്‍ അവരിലേയ്ക്ക് എത്തിപ്പെടാന്‍ പ്രാപ്തമാകുന്നുണ്ടോ എന്നുകൂടെ അന്വേഷിക്കുന്നത് നന്നായിരിക്കും.

ഈയവസരത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് Indian Express ല്‍ സുപ്രീം കോടതി അഭി ഭാഷകനായ ശ്രീ കാളീശ്വരം രാജ് എഴുതിയ ഒരു ലേഖനം (court cases and compassion) വളരെ പ്രസക്തമാണ് അതില്‍ അദ്ദേഹം വിവരിച്ച ഒരു സംഭവം ഇവിടെ കുറിക്കട്ടെ. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബാരക് ഒബാമ, അമേരിക്കയിലെ സുപ്രീം കോടതിയില്‍ ജഡ്ജിയെ നിയമിക്കാന്‍ തീരുമാനിച്ചപ്പോള്‍ പറഞ്ഞ ഒരു കാര്യം വളരെ ശ്രദ്ധേയമാണ്. 'ഞാന്‍ അന്വേഷിക്കുന്ന വ്യക്തി നിയമത്തിന്റെ നൂലാമാലകള്‍ കീറിമുറിച്ച് അതിന്റെ പശ്ചാത്തലത്തില്‍ വിധി പറയുന്ന ഒരാളായിരിക്കരുത്. പ്രത്യുത മനുഷ്യജീവിതങ്ങളില്‍ പ്രകടമാകുന്ന യഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന നിയമ വ്യാഖ്യാനം നടത്തുന്ന ആളായിരിക്കണം. എല്ലാറ്റിനുമുപരിയായി ആര്‍ദ്രത എന്ന സവിശേഷ ഗുണമുള്ള വ്യക്തിത്വമാകണം ഒരു ജഡ്ജി, എന്നാണ് ബാരക് ഒബാമ പറഞ്ഞത്.

സുവിശേഷത്തിലൂടെ കണ്ണോടിക്കുമ്പോള്‍ ഇതുപോലെയുള്ള കാരുണ്യത്തിന്റെയും ആര്‍ദ്രതയുടെയും സ്‌നേഹത്തിന്റെയും നിരവധി ഉദാഹരണങ്ങള്‍ നമ്മള്‍ക്ക് കാണാന്‍ സാധിക്കും. അതില്‍ തന്നെ പുതിയനിയമ ഭാഗത്തില്‍ വളരെയേറെ സ്പര്‍ശിച്ച ഒരു സുവിശേഷഭാഗം ഇവിടെ പങ്കുവെയ്ക്കട്ടെ.

വി. ലൂക്കായുടെ സുവിശേഷത്തില്‍ (7:11-14) നായീമിലെ വിധവയുടെ മകനെ ഉയിര്‍പ്പിക്കുന്ന സംഭവകഥ സുവിശേഷകന്‍ പ്രതിപാദിക്കുന്നുണ്ട്. യേശുവിന് അശരണരോട് ഉള്ള അനുകമ്പയും സ്‌നേഹവും സുവിശേഷകന്‍ വളരെ ഹൃദയസ്പര്‍ശിയായി വരച്ചു കാണിക്കുന്നുണ്ട്. 'മരണമടഞ്ഞത് വിധവയുടെ ഏകപുത്രനായിരുന്നു' (7:12). അവന്റെ മരണം മൂലം അവള്‍ തീര്‍ത്തും നിരാലംബയായി. അഗതിയും അനാഥയുമായ ആ അമ്മയോട് യേശുവിന് അനുകമ്പ തോന്നി. അവളുടെ വേദനയില്‍ മനസ്സലിഞ്ഞ് ആ അമ്മയ്ക്ക് വേണ്ടി യേശു അത്ഭുതം പ്രവര്‍ത്തിക്കുന്നു. ഇവിടെ യേശു ആദ്യം ശ്രദ്ധിക്കുന്നത് മരിച്ച വ്യക്തിയെ അല്ല മറിച്ച് അവന്റെ നിരാലംബയായ അമ്മയെയാണ് (ലൂക്കാ 7:14). 'കരയാതെ' എന്ന് പറഞ്ഞ് അവളെ ആശ്വസിപ്പിക്കുന്നു. 'കരയാതെ' എന്ന ആശ്വാസവാക്ക് പുനര്‍ജ്ജീവനത്തിലേയ്ക്കുള്ള ഒരുക്കമാണ്. യേശു ശവമഞ്ചം തൊട്ടുകൊണ്ട് യുവാവിനെ ഉയിര്‍പ്പിക്കുമ്പോള്‍, ശവമഞ്ചം തൊട്ടുകൊണ്ട് മരിച്ചവന്‍ അശുദ്ധനല്ല എന്ന ആചാരശുദ്ധിയുടെ നിയമങ്ങള്‍ തിരുത്തുക കൂടെയാണ് യേശു ചെയ്യുന്നത്. മുറുകെ പിടിച്ച ആചാരങ്ങള്‍ക്കും നിയമങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും ഒക്കെ മേലെയാണ് അനുകമ്പയും സ്‌നേഹവും കരുണയും നിലകൊള്ളേണ്ടത് എന്ന് യേശു ഈ സുവിശേഷ ഭാഗത്തിലൂടെ നമ്മള്‍ക്ക് വ്യക്തമാക്കി തരികയാണ്.

ഇതുപോലെ പുതിയ നിയമത്തില്‍ പലയിടത്തും യേശുവിന് തന്റെ ജനത്തിനോട് തോന്നിയ അനുകമ്പയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഉദാഹരണത്തിന് (മത്തായി 14:14) തന്നെ അനുഗമിച്ച ജനക്കൂട്ടത്തെ കണ്ടപ്പോള്‍ യേശുവിന് അവരോട് അനുകമ്പ തോന്നി അവര്‍ക്കിടയിലെ രോഗികളെ സുഖപ്പെടുത്തി. പ്രശസ്ത ബൈബിള്‍ പണ്ഡിതന്‍ വില്യം ബാര്‍ക്ലേയുടെ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കട്ടെ "When he saw the crowds he was moved with compassion to the depths of his being'. യേശുവിന്റെ അനുകമ്പയുടെയും സ്‌നേഹത്തിന്റെയും എത്ര മനോഹരമായ നേര്‍ക്കാഴ്ചയാണത്. അതെ എല്ലാറ്റിനുമുപരിയായി തന്റെ മുമ്പില്‍ വന്നവരോട് അവിടുത്തേയ്ക്ക് കരുണ കാണിക്കാതിരിക്കാനായില്ല.

ഇതുപോലെ എത്രയെത്ര സംഭവങ്ങള്‍ സുവിശേഷത്തില്‍ ഉട നീളം നമ്മള്‍ക്ക് കാണാന്‍ സാധിക്കും. പ്രഖ്യാപിത നിയമങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമെതിരായി മനുഷ്യനോടുള്ള സ്‌നേഹവും ആര്‍ദ്രതയും അനുകമ്പയും ആണ് ഏറ്റവും മഹത്തരം എന്ന് ആവര്‍ത്തിച്ച് നമ്മെ പഠിപ്പിച്ച യേശു ക്രിസ്തു. ഇന്ന് ഈ ക്രിസ്തുദേവന്റെ അനുയായികളായ നമ്മള്‍ ഓരോരുത്തരും ഈ സത്യങ്ങളിലൂന്നിയാണോ മുന്നോട്ട് പോകുന്നത് എന്ന് ഒന്നു ചിന്തിക്കുന്നത് വളരെ നന്നായിരിക്കും. 'ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്' (മത്തായി 9:13) എന്ന യേശുവിന്റെ തിരുവചനങ്ങള്‍ നമ്മള്‍ക്ക് സ്മരിക്കാം. യേശു നമ്മളോട് പറയുന്നതും അതു തന്നെയാണ് 'നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍ (ലൂക്കാ 6:36). ഇന്ന് നമ്മള്‍ക്ക് ചുറ്റിലും നടക്കുന്ന പല സംഭവങ്ങളും കാണുമ്പോള്‍ നമ്മള്‍ ക്രിസ്തു അനുയായികളില്‍ നിന്നും വെറും ക്രിസ്ത്യാനികള്‍ ആയി മാറിപ്പോയോ എന്ന് തോന്നിപ്പോകുന്നു. നമ്മുടെ മുന്നോട്ടുള്ള ജീവിതയാത്രയില്‍ കരുണയുടെ മേലങ്കി അണിയാന്‍ ഉത്സുകരാകാം. നമ്മുടെ വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ അതിലും മികച്ച ഒരു കൈമുതലുണ്ടാവില്ല എന്നത് തീര്‍ച്ച. കുരിശിന്‍ ചുവടോളം കാരുണ്യം കാണിച്ച മനുഷ്യപുത്രന്റെ അനുയായികളാണ് നമ്മള്‍ എന്നത് ഒരിക്കലും മറക്കാതിരിക്കാം.

ദലൈ ലാമയുടെ വരികള്‍ ഇവിടെ ചേര്‍ത്തുകൊണ്ട് ഉപസംഹരിക്കട്ടെ "Compassion and tolerance are not signs of weakness, but a sign of strength'.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org