എഴുതി മുഴുമിപ്പിക്കാത്ത വിലാപകാവ്യം

എഴുതി മുഴുമിപ്പിക്കാത്ത വിലാപകാവ്യം

വിയോ വര്‍ഗീസ്, വെണ്ണൂര്‍

അലഞ്ഞു തീരാത്ത വഴികളായ്, ഒഴിഞ്ഞുപോകാത്ത മൊഴികളായ്, എഴുതി മുഴുമിപ്പിക്കാത്ത വിലാപകാവ്യമായ് ഇപ്പഴും നമുക്കിടയിലെവിടെയോ അയ്യപ്പനുണ്ട്, ഒരിലയനക്കം പോലെ മൃദുപദനിസ്വനം പോലെ. മലയാളം ഉള്ളിടത്തോളം കാലം അതിങ്ങനെത്തന്നെയുണ്ടാകും.

കവിത എഴുതാന്‍ മാത്രം നരജന്മം പൂണ്ടവന്‍, 'പെങ്ങളില' കൊണ്ട് മര്‍ത്യമനസ്സുകളില്‍ വിങ്ങലിന്റെ മധുരം വിളമ്പിയോന്‍. 'വെയില്‍ തിന്നുന്ന പക്ഷി'യുടെ പക്ഷമാകാന്‍ 'മരണാര്‍വര്‍ണ്ണക്കര'യില്‍ നിന്നും തെരുവോരത്തിണ്ണകളില്‍ അഭയം കണ്ടെത്തിയോന്‍, 'ഭാഷ വറ്റിയ കടലില്‍'നിന്നും ക്രാന്തദൃഷ്ടിയാല്‍ വജ്രമുനയുള്ള വാക്കുകളെ കടഞ്ഞെടുത്ത് ക്ലാവേശാത്ത ധിഷണയാല്‍ കല്ലില്‍നിന്നും മുള്ളില്‍നിന്നും എന്ന് വേണ്ട, സര്‍വചരാചരങ്ങളില്‍ നിന്നും കാവ്യ കുസുമങ്ങള്‍ നുള്ളിയെടുത്തോന്‍... ഇങ്ങനെ പല പല വിശേഷണങ്ങളും അയ്യപ്പന് ചാര്‍ത്തി കൊടുക്കാം

ആരായിരുന്നു അയ്യപ്പന്‍ എന്ന ചോദ്യത്തിന് ആരല്ലായിരുന്നു അയ്യപ്പന്‍ എന്ന മറുചോദ്യം കൊണ്ട് തടയിടുമ്പോള്‍ ഉടനെയെത്തും പുച്ഛച്ചുവയില്‍ മറ്റൊന്ന്-'മദ്യമില്ലേല്‍ അയ്യപ്പനുണ്ടോ?' കവിതയില്ലെങ്കില്‍ അയ്യപ്പനില്ല എന്നാണതിനുത്തരം.

''ഭൂമിയുടെ കാവല്‍ക്കാരന്റെ'' അവതാരികയില്‍ കെ ഇ എന്‍ പറയുന്നു - 'കള്ള് അയ്യപ്പനെ കുടിച്ച് കഴിഞ്ഞെങ്കിലും അയ്യപ്പന്റെ കവിതയെ കള്ള് തൊട്ടിട്ടില്ല. ആടി നടക്കുന്ന അയ്യപ്പനില്‍ നിന്നും വ്യത്യസ്തമായി അതിന്നും നിവര്‍ന്നു നില്‍ക്കുന്നു.' എത്ര അര്‍ത്ഥവത്തായ പരമാര്‍ത്ഥമായ പ്രസ്താവന!

അയ്യപ്പനെ എനിക്ക് നേരിട്ടു പരിചയമില്ല. പുസ്തകങ്ങളിലൂടെയുള്ള പരിചയം മാത്രം. പിന്നെ കൗമാരം തൊട്ട്, അയ്യപ്പന്റെ നിഴലായി പറ്റിച്ചേര്‍ന്ന് ഒടുവില്‍ പുതുകവിതയുടെ വേറിട്ട ശബ്ദമായി മാറിയ കവി സെബാസ്റ്റ്യനില്‍ നിന്നും. അദ്ദേഹത്തിന്റെ 'ഹൃദയ നിവാസികള്‍' എന്ന പുസ്തകത്തില്‍ 'വിയോഗ വ്യഥയുടെ കാവ്യരേഖ' എന്നതില്‍ അയ്യപ്പനെക്കുറിച്ച് ഗൃഹാതുരമായ കുറച്ചോര്‍മ്മച്ചിത്രങ്ങളുണ്ട്.

''എന്റെ കുട്ടികള്‍ക്ക് ഉടുപ്പും ഭാര്യയ്ക്ക് സാരിയുമായി വരുന്ന അയ്യപ്പന്‍, വീട്ടിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് നല്ല ശബ്ദത്തില്‍ 'വാവാ യേശുനാഥാ' ചൊല്ലുന്ന അയ്യപ്പന്‍. പഴയ സിനിമാഗാനങ്ങള്‍ മനോഹരമായ ശബ്ദത്തില്‍ പാടുന്ന അയ്യപ്പന്‍, ആശാന്റെ സീത മുഴുവന്‍ കാണാതെ ചൊല്ലുന്ന അയ്യപ്പന്‍, ചിലപ്പോഴൊക്കെ മാസങ്ങള്‍ കഴിഞ്ഞിട്ടും വരാതിരുന്ന അയ്യപ്പനെ കാത്തിരിക്കുന്ന എന്റെ മക്കള്‍, ഭാര്യ.''

എന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ പുതിയ അറിവുകളായിരുന്നു. കാരണം മദ്യാമഗ്നനായ അയ്യപ്പചരിതങ്ങളല്ലേ പലപ്പോഴും കേട്ടിട്ടുള്ളത്. അയ്യപ്പനെക്കുറിച്ചുള്ള എന്റെ ആരാധനയ്ക്ക് കൂടുതല്‍ കനം വച്ചു.

''ഒരോ ശിശുരോദനത്തിലും കേള്‍പ്പു നാം ഒരു കോടി ഈശ്വരവിലാപം'' എന്നു മധുസൂദനന്‍ നായര്‍ നമ്മെ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ഇവിടെ അയ്യപ്പന്റെ ഓരോ കവിതയും ഓരോ വിലാപമായി വന്ന് നമ്മെ പൊതിയുന്നു. ആ നിലവിളിയില്‍ വീടും നാടും ഇല്ലാത്തവന്റെ പ്രണയനഷ്ടങ്ങളുടെ, ബന്ധങ്ങള്‍ അറ്റുപോയതിന്റെ, സര്‍വരാലും വെറുക്കപ്പെട്ടവനായതിന്റെയൊക്കെ സങ്കടം കേള്‍ക്കാം. അതുമല്ലെങ്കില്‍ ''അച്ഛന്റെ ബലിഷ്ഠതയും അമ്മയുടെ ആശ്ശിസുകളും എപ്പോഴും കരയുന്ന പെങ്ങളുമായ മണ്ണ്'' അറിയാതറിയാതെ കാല്‍ച്ചുവട്ടില്‍നിന്നും ഒലിച്ചുപോയതിലുള്ള തീവ്രവ്യഥയും വിഹ്വലതകളും കേള്‍ക്കാം. പക്ഷേ, അയ്യപ്പനതില്‍ പരിഭവമില്ല; പരാതിയുമില്ല ആരോടും. തന്റെ ധര്‍മ്മം കവിതയെഴുത്ത് മാത്രം എന്ന ഉത്തമബോധ്യത്തോടെ സ്വാപീഢാക്രീഢകളില്‍ മുഴുകി മൂര്‍ച്ഛയുള്ള വാക്കുകളെ ചോരക്കട്ടകളാക്കി പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് എറിഞ്ഞു കൊണ്ടേയിരുന്നു...

മടി തെല്ലുമില്ലാതെ, മടിയില്‍ കനമൊന്നുമില്ലാതെ നിത്യതയുടെ തീരത്തെത്തുക ദുഷ്‌കരം. അപൂര്‍വങ്ങളില്‍ അപൂര്‍വം പേര്‍ക്ക് മാത്രം ലഭിക്കുന്ന സൗഭാഗ്യം. അയ്യപ്പനതു സാധിച്ചു എന്ന് സമാധാനിച്ച്, പ്രണാമമര്‍പ്പിച്ച് നിറുത്തട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org