ഉക്രെയിന്‍: രക്തം, കണ്ണീര്‍, പ്രാര്‍ത്ഥനകള്‍...

ഉക്രെയിന്‍: രക്തം, കണ്ണീര്‍, പ്രാര്‍ത്ഥനകള്‍...

യുദ്ധഭൂമിയായ ഉക്രെയിനില്‍ നിന്നു നൂറു കണക്കിനു മലയാളി വിദ്യാര്‍ത്ഥികളെ രക്ഷിച്ചു നാട്ടിലേയ്ക്കയക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചവരാണ് സെ. ജോസഫ്‌സ് ഓഫ് സെ. മാര്‍ക് സന്യാസസമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ ലിജി പയ്യപ്പള്ളി, സിസ്റ്റര്‍ ജയതി, സിസ്റ്റര്‍ അമല എന്നിവര്‍. അങ്കമാലി, അകപറമ്പ് സെ. ഗര്‍വാസീസ് & പ്രോത്താസീസ് ഇടവകാംഗമായ സിസ്റ്റര്‍ ലിജി കഴിഞ്ഞ ഇരുപതു വര്‍ഷത്തിലേറെയായി ഉക്രെയിനിലാണ് സേവനം ചെയ്യുന്നത്. ഉക്രെയിനില്‍ യുദ്ധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ നിന്നു സിസ്റ്റര്‍ ലിജി SJSM സത്യദീപത്തോടു സംസാരിക്കുന്നു:

? ഉക്രെയിനിലെ ക്രൈസ്ത വസമൂഹത്തിന്റെ വിവരങ്ങള്‍ എന്തൊക്കെയാണ്?

ഉക്രെയിന്‍ ഒരു ക്രൈസ്തവരാജ്യമാണ്. രണ്ട് ഓര്‍ത്തഡോക്‌സ് സഭകളുണ്ട്. ഒന്ന്, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമാണ്. മോസ്‌കോയിലാണ് അവരുടെ പാത്രിയര്‍ക്കീസ് ഉള്ളത്. അടുത്തത് ഉക്രെയിന്‍ ഓര്‍ത്തഡോക്‌സ് സഭയാണ്. ഈ സഭയുടെ പാത്രിയര്‍ക്കേറ്റ് ഉക്രെയിനിലെ കീവിലാണ്. പിന്നെയുള്ളത് ഗ്രീക് കത്തോലിക്കാസഭയാണ്. ലോകത്തില്‍ ഏറ്റവുമധികം കത്തോലിക്കരുള്ള പൗരസ്ത്യ കത്തോലിക്കാസഭയാണല്ലോ ഉക്രെനിയന്‍ ഗ്രീക് കത്തോലിക്കാസഭ. ബൈസന്റൈന്‍ റീത്താണ് ഇവര്‍ പിന്തുരുന്നത്. ഗ്രീക് കത്തോലിക്കാസഭയുടെ ആസ്ഥാനവും കീവ് തന്നെയാണ്. റോമന്‍ കത്തോലിക്കാസഭയും ഉണ്ട്. അതായത് ലാറ്റിന്‍ സഭ. ലാറ്റിന്‍ സഭയിലെ പുരോഹിതരിലേറെയും അയല്‍രാജ്യങ്ങളായ പോളണ്ട്, റുമേനിയ, സ്ലോവാക്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. റോമന്‍ കത്തോലിക്കാസഭയുടെ ഉക്രെനിയന്‍ മേധാവിയായ ആര്‍ച്ചുബിഷപ് പോളണ്ടുകാരനാണ്. മുമ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സെക്രട്ടറിയായിരുന്നയാളാണ് അദ്ദേഹം.

? അവിടത്തെ കത്തോലിക്കരുടെ വിശ്വാസജീവിതം എങ്ങനെയുള്ളതാണ്, അതിന്റെ സവിശേഷതകള്‍?

ഇവിടെ ഒരു കുഞ്ഞു ജനിച്ചാല്‍ പരമാവധി പതിനഞ്ചു ദിവസത്തിനുള്ളില്‍ മാമോദീസ കൊടുക്കും. തലതൊട്ടപ്പനും തലതൊട്ടമ്മയ്ക്കും വളരെ പ്രാധാന്യമുണ്ട്. മാതാപിതാക്കള്‍ കഴിഞ്ഞാല്‍ അവരുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വ്യക്തികള്‍ ജ്ഞാനസ്‌നാന മാതാപിതാക്കളാണ്.

പൊതുവെ എല്ലാവരും സജീവമായ വിശ്വാസജീവിതം നയിക്കുന്നവരാണ്. പേരിനു മാത്രം ക്രിസ്ത്യാനികളായി കഴിയുന്ന ഏതാനും പേരുണ്ടാകും. എങ്കില്‍ പോലും ക്രിസ്മസും ഈസ്റ്ററും അവര്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. വിശേഷിച്ചും ഈസ്റ്റര്‍. ഈസ്റ്ററിനു പള്ളിയില്‍ പോകാത്തവരായി ആരും തന്നെ ഉണ്ടാകില്ലെന്നു പറയാം. ഈസ്റ്ററിനു പ്രത്യേകമായ ഒരു അപ്പം ഉണ്ടാക്കി, പ്രത്യേകമായ കൊട്ടയിലാക്കി പള്ളിയില്‍ കൊണ്ടു പോയി ആശീര്‍വാദം വാങ്ങുക എന്നത് ഇവരുടെ സുപ്രധാനമായ ഒരു പാരമ്പര്യമാണ്.

കേരളത്തേക്കാളധികമായി മിക്ക സ്ഥലങ്ങളിലും കുരിശുകളും പ. മാതാവിന്റെ പ്രതിമകളും വച്ചിട്ടുണ്ടാകും. എവിടെ നോക്കിയാലും പള്ളികളും കാണാം. വി. യൗസേപ്പിതാവിനോടുള്ള ഭക്തി കുറവാണ്. മരിയഭക്തിയാണു വ്യാപകം. മിക്ക പള്ളികളും മാതാവിന്റേതാണ്. ബൈസന്റൈന്‍ വാസ്തു വിദ്യാമാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ള മനോഹരമായ പള്ളികള്‍. ആര്‍ഭാടവും കാണാം. സ്വര്‍ണം പൂശിയ ഭാഗങ്ങളൊക്കെ പല പള്ളികള്‍ക്കുമുണ്ട്.

? ഉക്രെയിനികളുടെ കുടുംബ ജീവിതവും സംസ്‌കാരവും എപ്രകാരമാണ്? കേരളവുമായി താരതമ്യപ്പെടുത്തിയിട്ടുണ്ടോ?

കേരളവുമായി താരതമ്യപ്പെടുത്താന്‍ സാധിക്കില്ല. രണ്ടും വ്യത്യസ്തമായ സംസ്‌കാരങ്ങളാണ്. ഇവിടെ യൂറോപ്യന്‍ സംസ്‌കാരമാണെന്നു പറയാം. ജീവിതപങ്കാളികളെ കണ്ടെത്തുന്നത് അതതു വ്യക്തികളാണ്. പതിനഞ്ചു വയസ്സൊക്കെയാകുമ്പോഴേയ്ക്കും ബോയ്ഫ്രണ്ടും ഗേള്‍ഫ്രണ്ടും ഉണ്ടാകുക സാധാരണം. 1992-ലാണല്ലോ ഇവര്‍ക്കു സ്വാതന്ത്ര്യം കിട്ടിയത്. അതിനു ശേഷമാണ് മതബോധനവും ഒക്കെയാരംഭിച്ചത്. അതുകൊണ്ട് കൂദാശകളെ കുറിച്ചും സഭാപ്രബോധനങ്ങളെ കുറിച്ചും എല്ലാവര്‍ക്കും പൂര്‍ണമായ അറിവില്ല. പാപബോധവും അതനുസരിച്ചേ ഉണ്ടാകുകയുള്ളൂ. നൂറ്റാണ്ടുകളായി ക്രിസ്ത്യാനികളെന്ന നിലയില്‍ സഭാംഗങ്ങളായി ജീവിച്ചു വരുന്നവരുമായി 1992-ല്‍ മാത്രം സ്വതന്ത്രമായ സഭാജീവിതമാരംഭിച്ചവരെ താരതമ്യപ്പെടുത്താനും കഴിയില്ല.

ഇവിടെ നിന്നുള്ള ഞങ്ങളുടെ സിസ്റ്റര്‍മാരില്‍ ചിലരുടെയൊക്കെ മാതാപിതാക്കള്‍ വിവാഹകൂദാശ പള്ളിയില്‍ വന്നു സ്വീകരിച്ചതൊക്കെ വളരെ വൈകിയാണ്. അതേകുറിച്ചുള്ള അറിവില്ലായ്മയായിരുന്നു ഇതിനു പ്രധാന കാരണം. അവരുടെ തെറ്റാണ് അത് എന്നു പറയാന്‍ കഴിയില്ല. അറുപതും എഴുപതും വയസ്സിനു ശേഷം വിവാഹകൂദാശ സ്വീകരിച്ചവരുണ്ട്. പക്ഷേ ഇപ്പോള്‍ കത്തോലിക്കരും ഓര്‍ത്തഡോക്‌സുകാരുമായ എല്ലാവരും തന്നെ പള്ളിയില്‍ വച്ചു കല്യാണം കഴിക്കുന്നുണ്ട്. ഒന്നിച്ചുള്ള ജീവിതമാരംഭിക്കുന്നത് അതിനു ശേഷമാണ്.

? സര്‍ക്കാരും സഭയും തമ്മിലുള്ള ബന്ധം എപ്രകാരമാണ്? സഭയ്ക്ക് സമ്പൂര്‍ണ മായ പ്രവര്‍ത്തനസ്വാതന്ത്ര്യം ഉണ്ടോ?

സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസ്സങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നില്ല. നല്ല ബന്ധമാണ് സഭയും സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും എതിര്‍പ്പുണ്ടായതിന്റെ യാതൊരു അനുഭവങ്ങളും ഞങ്ങള്‍ക്കു പറയാനില്ല.

ഓര്‍ത്തഡോക്‌സ് രാജ്യമാണെന്നു പറഞ്ഞല്ലോ. ഓര്‍ത്തഡോക്‌സുകാരും ഗ്രീക് കത്തോലിക്കാസഭയും ക്രിസ്മസ് ആഘോഷിക്കുന്നത് ജനുവരി ഏഴിനാണ്. എല്ലാ തിരുനാളുകള്‍ക്കും ഈ വ്യത്യാസങ്ങളുണ്ട്. ഈസ്റ്റര്‍, മംഗളവാര്‍ത്ത, പത്രോസ്-പൗലോസ് ശ്ലീഹാമാരുടെ തിരുനാള്‍ തുടങ്ങിയവയിലൊക്കെ ഈ വ്യത്യാസങ്ങള്‍ കാണാം. ഇവയുടെ തീയതികള്‍ തമ്മില്‍ ഒരാഴ്ചയുടെ വ്യത്യാസം ഉണ്ടാകുമെന്നു പറയാം. മുന്‍കാലത്ത് ഓര്‍ത്തഡോക്‌സ് തിരുനാളുകളുടെ തീയതിയനുസരിച്ചായിരുന്നു സര്‍ക്കാരിന്റെ അവധിയും. പക്ഷേ ഈയിടെയായി റോമന്‍ കത്തോലിക്കര്‍ക്ക് അവരുടെ തീയതിയനുസരിച്ച് ക്രിസ്മസ് തുടങ്ങിയവയ്ക്കുള്ള അവധികള്‍ നല്‍കുന്നുണ്ട്.

? ഗ്രീക് കത്തോലിക്കാസഭ യും ഭൂരിപക്ഷം വരുന്ന ഓര്‍ത്ത ഡോക്‌സ് സഭയും തമ്മിലുള്ള ബന്ധം എങ്ങനെ? നിങ്ങള്‍ ഉക്രേനിയന്‍ ഗ്രീക് കത്തോലി ക്കാസഭയുടെ ഭാഗമായാണോ പ്രവര്‍ത്തിക്കുന്നത്?

ഓര്‍ത്തഡോക്‌സ് സഭയും ഗ്രീക് കത്തോലിക്കാസഭയും ആരാധനാക്രമത്തില്‍ സമാനത പുലര്‍ത്തുന്നവരാണെങ്കിലും പരസ്പരബന്ധം അത്ര ഊഷ്മളമാണെന്നു പറഞ്ഞുകൂടാ. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭയും ലാറ്റിന്‍ കത്തോലിക്കാസഭയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഗ്രീക് കത്തോലിക്കാസഭയും ലാറ്റിന്‍ കത്തോലിക്കാസഭയും തമ്മില്‍ നല്ല ബന്ധത്തിലാണു കഴിഞ്ഞു പോരുന്നത്. പരസ്പരസ്‌നേഹവും ബഹുമാനവുമുണ്ട്. ഗ്രീക് കത്തോലിക്കാസഭയിലെ പുരോഹിതര്‍ വിവാഹിതരാണ്.

ഞങ്ങളുടെ സന്യാസസമൂഹം 1845-ല്‍ ഫ്രാന്‍സില്‍ സ്ഥാപിതമായതാണല്ലോ. ഞങ്ങള്‍ ഇവിടെ ലാറ്റിന്‍ കാത്തലിക് രൂപതയുടെ ഭാഗമാണ്. പക്ഷേ ഗ്രീക് കത്തോലിക്കാസഭയില്‍ നിന്നുള്ള ധാരാളം പേര്‍ ഞങ്ങളുടെ സന്യാസസമൂഹത്തില്‍ ചേര്‍ന്നിട്ടുണ്ട്. ഏതാണ്ട് പകുതിയോളം സിസ്റ്റര്‍മാര്‍ ഗ്രീക് കത്തോലിക്കരാണ്. അവര്‍ക്ക് ഗ്രീക് കത്തോലിക്കാ പള്ളികളില്‍ പോകാനും അവരുടെ റീത്ത് അനുസരിച്ചുള്ള വി. കുര്‍ബാനയില്‍ പങ്കെടുക്കാനുമൊക്കെ സ്വാതന്ത്ര്യവും ഉണ്ട്. ഏതാണ്ട് എല്ലാ ഗ്രാമങ്ങളിലും ഓരോ ഓര്‍ത്തഡോക്‌സ് പള്ളിയും ഗ്രീക് കാത്തലിക് പള്ളിയും ലാറ്റിന്‍ കാത്തലിക് പള്ളിയും ഉണ്ടാകും.

? ഉക്രെയിനില്‍ മലയാളി മിഷണറിമാര്‍ എത്ര പേരുണ്ടാകും? അവര്‍ എന്തൊക്കെയാണു ചെയ്യുന്നത്?

സിഎം എന്ന സന്യാസസമൂഹത്തിലെ ഒരു മലയാളി മിഷണറി വൈദികന്‍ ഹര്‍കിവില്‍ സേവനം ചെയ്യുന്നുണ്ട്. പ്രധാനമായും ഇന്ത്യന്‍ വിദ്യാര്‍ത്ഥിസമൂഹത്തിനു വേണ്ടിയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. മറ്റൊരിടത്തു കനോസ്യന്‍ സമൂഹാംഗളായ രണ്ടു മലയാളി സിസ്റ്റര്‍മാരുണ്ട്. കനോസ്യന്‍ സിസ്റ്റര്‍മാര്‍ വിദ്യാര്‍ത്ഥിനികള്‍ക്കു വേണ്ടിയുള്ള ഹോസ്റ്റല്‍ നടത്തുകയാണ്. ഡൊറോതിയന്‍ സമൂഹാംഗമായ ഒരു സിസ്റ്റര്‍ ലിവിവിലുണ്ട്. ഡോറൊതിയന്‍ സിസ്റ്റേഴ്‌സ് ഇടവക പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. മദര്‍ തെരേസായുടെ സമൂഹം ഉക്രെയിനില്‍ സേവനം ചെയ്യുന്നുണ്ട്. അവിടേയ്ക്ക് ഇന്ത്യന്‍ സിസ്റ്റര്‍മാര്‍ മാറി മാറി വരാറുണ്ട്. മലയാളികളും വന്നിട്ടുണ്ട്. ഇപ്പോള്‍ മലയാളികള്‍ അവിടെയില്ല.

ഞങ്ങളുടെ സമൂഹത്തില്‍ മൂന്നു മലയാളികളാണുള്ളത്.

? നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

ഞങ്ങളുടെ കാരിസം ആരാധനയും വി. കുര്‍ബാനയിലധിഷ്ഠിതമായ ജീവിതവും പാവങ്ങളെ സഹായിക്കലുമാണ്. ഞങ്ങള്‍ക്കിവിടെ എല്ലാ ദിവസവും നിത്യാരാധനയുണ്ട്. വൃദ്ധമന്ദിരത്തില്‍ സേവനം ചെയ്യുന്നുണ്ട്. കാരിസം ജീവിക്കുന്നു എന്നു പറയാനാണു ഞങ്ങള്‍ താത്പര്യപ്പെടുന്നത്. വി.കുര്‍ബാനയില്‍ ഞാന്‍ കണ്ടെത്തുന്ന ജീവിക്കുന്ന ദൈവത്തിലേയ്ക്കു മറ്റുള്ളവരെയും കൂട്ടിക്കൊണ്ടു വരിക, വി. കുര്‍ബാനയിലെ ദൈവത്തിന്റെ സാന്നിദ്ധ്യത്തെ ആളുകള്‍ക്കു ബോദ്ധ്യപ്പെടുത്തി കൊടുക്കുക എന്നതു ലക്ഷ്യം വച്ചുള്ള സുവിശേഷവത്കരണ ജോലികളാണു ഞങ്ങള്‍ ചെയ്യുന്നത്. ഞാന്‍ ഇവിടെ ധ്യാനപ്രസംഗങ്ങള്‍ക്കു പോകുന്നുണ്ട്. രോഗാവസ്ഥയിലൂടെ കടന്നുപോയപ്പോള്‍ കിട്ടിയ ഉള്‍ക്കാഴ്ചയും ഉള്‍വിളിയും അനുസരിച്ചാണു ഞാന്‍ സു വിശേഷപ്രസംഗത്തിലേയ്ക്കു തിരിഞ്ഞത്. എല്ലാ ആഴ്ചയവസാനങ്ങളിലും ഞങ്ങള്‍ ഇടവകകളില്‍ ധ്യാനം നടത്തുന്നു. സംഗീതശുശ്രൂഷ ചെയ്യുന്ന സിസ്റ്റര്‍മാരുടെ സംഘവും ഞങ്ങള്‍ക്കൊപ്പമുണ്ട്. അവര്‍ പാടുകയും ആരാധന നയിക്കുകയും ചെയ്യും. ഞാന്‍ പ്രസംഗിക്കും. അങ്ങനെയാണു പതിവ്.

താമസിക്കുന്ന സ്ഥലത്ത് എല്ലാ തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആളുകള്‍ പ്രാര്‍ത്ഥനയ്ക്കായി വരുന്നു. രോഗികളെ മനസ്സിലാക്കുകയും ആശ്വസിപ്പിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. മനുഷ്യര്‍ക്കു വേണ്ടി ദൈവത്തിനടുത്ത് ഞങ്ങള്‍ മാദ്ധ്യസ്ഥം വഹിക്കുന്നു. നാനൂറോളം ആളുകള്‍ ഇപ്രകാരം ഇവിടെ ഒരു ദിവസം വരാറുണ്ട്. ആയിരവും ആയിരത്തഞ്ഞൂറും കിലോമീറ്ററുകള്‍പ്പുറത്തു നിന്നു യാത്ര ചെയ്തു വരുന്നവരുണ്ട്. ഒരാള്‍ക്ക് ഒരു മിനിറ്റാണു പ്രാര്‍ത്ഥിക്കുക. ഇതിനായി ഇത്രയും ദൂരെ നിന്ന് അവര്‍ വരും. അവരുടെ വിശ്വാസത്തിന്റെ ആഴമാണ് ഞങ്ങളതില്‍ നിന്നു മനസ്സിലാക്കുന്നത്. ആ വിശ്വാസം കൊണ്ടു തന്നെ ഇവിടെ അത്ഭുതരോഗശാന്തികളും നടക്കുന്നുണ്ട്. അഞ്ഞൂറിലേറെ ദമ്പതികള്‍ക്ക് ഈ പ്രാര്‍ത്ഥനകള്‍ വഴിയായി കുഞ്ഞുങ്ങളെ ലഭിച്ചിട്ടുണ്ട്. ഈ മനുഷ്യരുടെ ശക്തമായ വിശ്വാസം കൊണ്ടാണിതെല്ലാം സംഭവിക്കുന്നതെന്നാണു ഞാന്‍ വിശ്വസിക്കുന്നത്.

? യുദ്ധം വരികയാണെന്നറിഞ്ഞപ്പോള്‍ എന്തു തോന്നി? എന്തെങ്കിലും ഒരുക്കങ്ങള്‍ നടത്തിയോ?

കുറച്ചു സാധനങ്ങള്‍ ഞങ്ങള്‍ കൂടുതലായി വാങ്ങി വച്ചിരുന്നു. ഇന്ത്യാക്കാരായ വിദ്യാര്‍ത്ഥികളും മറ്റു മനുഷ്യരും വന്നേക്കുമെന്നും അവരെ സഹായിക്കേണ്ടി വരുമെന്നും ഞങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്നു. അതിനുവേണ്ടിയാണു സാധനങ്ങള്‍ വാങ്ങിയത്. യുദ്ധത്തിനു തൊട്ടുമുമ്പ് ഒന്നര മാസത്തോളം ഉക്രെനിയന്‍കാരായ അഞ്ചു സിസ്റ്റര്‍മാരും ഞാനും കേരളത്തിലായിരുന്നു. യുദ്ധഭീതി ഉയര്‍ന്നപ്പോള്‍ തിരികെ ഉക്രെയിനിലേയ്ക്കു വരാന്‍ പറ്റുമോ എന്ന ആശങ്ക ഞങ്ങള്‍ക്കുണ്ടായി. ഫെബ്രുവരി 19-ന് തിരിച്ചെത്താന്‍ പറ്റി. എത്താന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്കു വളരെ സന്തോഷമായിരുന്നു.

യുദ്ധത്തിന്റെ സമയത്ത് ധാരാളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സാധിച്ചു. ഇത്രയും കാലത്തെ പരിചയമുള്ളതുകൊണ്ട് ഇവിടത്തെ സ്ഥലങ്ങളെല്ലാമറിയാം. അതുകൊണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിളിച്ച്, തങ്ങള്‍ എവിടെയാണുള്ളതെന്നു പറഞ്ഞ്, എവിടേയ്ക്കാണു പോകേണ്ടതെന്നു ചോദിക്കുമ്പോള്‍ കൃത്യമായ മാര്‍ഗദര്‍ശനം കൊടുക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു. അയല്‍രാജ്യങ്ങളിലേയ്ക്കു കടക്കാനായി ഇവിടെ വരുന്നവര്‍ക്കെല്ലാം കുളിച്ചു ഭക്ഷണം കഴിച്ച്, ഉറങ്ങി, ക്ഷീണം മാറ്റി പോകാനുള്ള അവസരം ഞങ്ങള്‍ കൊടുത്തിരുന്നു. അതു വേണ്ടെന്നുള്ളവരെ നേരിട്ടും അതിര്‍ത്തികളിലേയ്ക്ക് ഞങ്ങള്‍ എത്തിച്ചുകൊണ്ടിരുന്നു. ആയിരത്തിലധികം പേര്‍ക്ക് അതിര്‍ത്തികളിലേയ്ക്ക് എത്തുവാന്‍ ഞങ്ങള്‍ സൗകര്യമൊരുക്കിയിരുന്നു.

ഇപ്പോള്‍ ഉക്രെനിയക്കാരായ എഴുപത്തഞ്ചോളം സ്ത്രീകളും കുട്ടികളും ഞങ്ങളുടെ കൂടെ താമസിക്കുന്നുണ്ട്. അവരുടെ കുടുംബങ്ങളിലെ പുരുഷന്മാര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണ്. ഞങ്ങളുടെ പ്രദേശത്തു നിന്നു ധാരാളം പേര്‍ യുദ്ധത്തിനായി പോയി. പലരും മരിച്ചു. ഒരുപാടു പേര്‍ അവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തു തയ്യാറായി കാത്തിരിക്കുന്നുണ്ട്. രാജ്യത്തിനു വേണ്ടി പോരാടുക എന്നതാണ് അവരുടെ ലക്ഷ്യം.

ഞങ്ങളിവിടെ 18 പേരാണുള്ളത്. മൂന്നു മലയാളികളും ഒരു സ്ലോവാക്യന്‍ സിസ്റ്ററും. ബാക്കിയെല്ലാവരും ഉക്രെനിയന്‍കാരാണ്. ഗ്രീക് കത്തോലിക്കാസഭയില്‍ നിന്നു ധാരാളം ദൈവവിളികളുണ്ട്. ഓര്‍ത്തഡോക്‌സ് സഭയിലും സന്യാസസമൂഹങ്ങളിലേയ്ക്ക് ധാരാളം ദൈവവിളികളുണ്ട്. ലാറ്റിന്‍ സഭയില്‍ പൊതുവെ കുറവാണെന്നു പറയാം. ദൈവവിളി പ്രോത്സാഹനത്തിനു പ്രത്യേകമായി ഞങ്ങളൊന്നും ചെയ്യാറില്ല. എങ്കിലും എല്ലാ വര്‍ഷവും മൂന്നോ നാലോ പേര്‍ വീതം ചേരാറുണ്ട്. നിങ്ങളാദ്യം ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുക, അതോടൊപ്പം മറ്റുള്ളതെല്ലാം നിങ്ങള്‍ക്കു ലഭിക്കും എന്ന ദൈവവചനം മുറുകെ പിടിച്ചാണു ഞങ്ങളുടെ ജീവിതം. ശമ്പളം കിട്ടുന്ന ജോലികള്‍ ഞങ്ങളാരും ചെയ്യുന്നില്ല. ആളുകള്‍ നല്‍കുന്ന സഹായങ്ങള്‍ മാത്രമാണു ഞങ്ങളുടെ ജീവിതത്തിനാശ്രയം.

? സഹായമെത്തിച്ച മലയാളികളുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു? മറക്കാനാകാത്ത അനുഭവങ്ങള്‍?

ഞങ്ങളുടെ അടുത്തു വന്നു ചോറുണ്ടു കഴിഞ്ഞപ്പോഴാണ് തങ്ങള്‍ക്കു ജീവിതം തിരിച്ചു കിട്ടിയെന്നു വിശ്വാസമായതെന്നു പറഞ്ഞ നിരവധി കുട്ടികളുണ്ട്. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട നിരവധി പേരുണ്ടായിരുന്നു. മിക്കവരും തന്നെ പ്രാര്‍ത്ഥനാസഹായം ചോദിക്കാറുണ്ട്. അവരോടു ഞങ്ങള്‍ പറയും, ''ഇനി നിങ്ങളാണു പ്രാര്‍ത്ഥിക്കേണ്ടത്. കാരണം, നിങ്ങള്‍ക്കു രക്ഷപ്പെടാന്‍ സാധിച്ചു. പക്ഷേ എങ്ങോട്ടും രക്ഷപ്പെട്ടു പോകാന്‍ കഴിയാത്ത ഉക്രെനിയന്‍ ജനത ഇവിടെയുണ്ട്. അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക. നാം രക്ഷപ്പെട്ടു നമ്മുടെ വീടുകളിലേയ്ക്കാണു പോകുന്നത്. എന്നാല്‍ ഉക്രെനിയന്‍ ജനങ്ങളോ? അവര്‍ സ്വന്തം വീടുകള്‍ ഉപേക്ഷിച്ചു പോകാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ഇവര്‍ റഷ്യയിലേയ്ക്കു പോയി യുദ്ധം ചെയ്തതല്ല. റഷ്യ ഈ മണ്ണിലേയ്ക്കു വരികയായിരുന്നു. അതുകൊണ്ട് ഈ ജനതയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്. ജീവിക്കാന്‍ വേണ്ടി നിങ്ങള്‍ കൊതിച്ചു, മറ്റുള്ളവരുടെ സഹായത്താല്‍ ജീവിതം തിരികെ കിട്ടി. നിങ്ങള്‍ കൂടുതലും മെഡിക്കല്‍ രംഗത്താണ്. അതുകൊണ്ട്, ഇനി ഭാവിയില്‍ മറ്റുള്ളവരെ സഹായിക്കാന്‍ നിങ്ങള്‍ക്കു സാധിക്കട്ടെ.''

ഹൈന്ദവരും മുസ്ലീങ്ങളുമായ ഒരുപാടു രക്ഷിതാക്കള്‍ ഞങ്ങളെ വിളിച്ചു നന്ദി പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അവരെയെല്ലാം സഹായിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങളും കൃതാര്‍ത്ഥരാണ്.

? യുദ്ധദുരിതങ്ങളെ ഉക്രെനിയന്‍ ജനത എങ്ങനെയാണു സമീപിക്കുന്നത്?

ഞങ്ങളുടെ കൂടെ കൈക്കുഞ്ഞുമായി ഒരു അമ്മയുണ്ട്. പ്രസവിച്ച് അഞ്ചാം ദിവസം യാത്ര തുടങ്ങിയതാണ് അവര്‍. അഞ്ചു ദിവസത്തെ യാത്രയ്ക്കു ശേഷമാണ് ഞങ്ങളുടെ അടുത്തെത്തിയത്. അതിനു ശേഷം ഞങ്ങളാണ് അവരെ ഒരു ഡോക്ടറെ കാണിച്ച് മരുന്നുകള്‍ നല്‍കിയത്. എന്തായിരിക്കും ആ അമ്മയുടെയും കുഞ്ഞിന്റെയും ഭാവി? അറിയില്ല. ഇത്തരം പല അനുഭവങ്ങളുണ്ട്. പതിനൊന്നു വയസ്സുള്ള ഒരു കുട്ടിയെ അവന്റെ അമ്മ സ്ലോവാക്യയിലേയ്ക്ക് ഒറ്റയ്ക്ക് അയച്ചു. കൈയില്‍ ഫോണ്‍ നമ്പറെഴുതി വച്ചു, കുടിക്കാന്‍ കുറച്ചു വെള്ളവും ബ്രഡും കൊടുത്തു ട്രെയിനില്‍ കയറ്റി വിടുകയായിരുന്നു. പല അമ്മമാരും അങ്ങനെ ചെയ്യുന്നുണ്ട്. അയല്‍രാജ്യങ്ങളിലെത്തിക്കഴിയുമ്പോള്‍ ഈ നമ്പറില്‍ വിളിച്ച് വിവരമറിയിക്കും എന്ന പ്രതീക്ഷയിലാണ് കയറ്റി വിടുന്നത്. നമുക്കു സങ്കല്‍പിക്കാന്‍ സാധിക്കാത്ത രീതിയിലാണ് ഇവിടെ യുദ്ധക്കെടുതികളുള്ളത്. പക്ഷേ, റഷ്യയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ ഉക്രെനിയന്‍ ജനത സന്നദ്ധമാണ്. കാരണം 1991 വരെ റഷ്യയ്ക്കു കീഴിലായിരുന്നതിനാല്‍ അതിന്റെ ദുരിതങ്ങള്‍ അവര്‍ക്കറിയാം. വീണ്ടും റഷ്യയുടെ കീഴിലുള്ള ഒരു ജീവിതത്തിലേയ്ക്കു പോകാന്‍ അവരാഗ്രഹിക്കുന്നില്ല.

? എന്തായിരിക്കും ഉക്രെയിന്‍ ജനതയുടെ ഭാവി എന്നാണു കരുതുന്നത്? അവരുടെ ആശങ്കകളും പ്രതീക്ഷകളും എന്തൊക്കെയാണ്?

ഭാവിയുണ്ട് എന്നു തന്നെയാണു ഞാന്‍ വിശ്വസിക്കുക. കാരണം താഴ്‌വരയ്ക്കു ശേഷം മലകളും ഇരുട്ടിനു ശേഷം വെളിച്ചവും ഉണ്ട്. ലോകം മുഴുവന്‍ ഈ ജനതയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഈ ജനതയുടെ ഓരോ ശ്വാസവും പ്രാര്‍ത്ഥനയാണ്. നിഷ്‌കളങ്കരായ നിരവധി കുഞ്ഞുങ്ങള്‍ മരിച്ചു, നിരപരാധികളായ മനുഷ്യരും. അവരുടെ രക്തം ദൈവത്തിന്റെ മുമ്പിലുണ്ട്. കരയുന്നവരുടെ കണ്ണീരിനു വിലയുണ്ട്. അതുകൊണ്ട് ഈ ജനതയ്ക്ക് ഒരു ഭാവിയുണ്ടാകും.

? യുദ്ധം രൂക്ഷമായാല്‍, ഉക്രെയിനില്‍ നിന്നു മടങ്ങിപ്പോരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

യുദ്ധത്തെ പേടിച്ച് ഇവിടെ നിന്നു പോകുന്നതിനെ പറ്റി ഞങ്ങള്‍ ചിന്തിക്കുന്നേയില്ല. പോകാന്‍ താത്പര്യമുണ്ടോ എന്നു മലയാളി സിസ്റ്റര്‍മാരോടു ചോദിച്ചിരുന്നു. ആര്‍ക്കും താത്പര്യമില്ല. ഞങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്ന ഇരുപതോളം വൃദ്ധരായ സ്ത്രീകള്‍ ഇവിടെയുണ്ട്. ഞങ്ങള്‍ക്കു വേണമെങ്കില്‍ പോകാന്‍ അവസരമുണ്ട്. പക്ഷേ ഇവരെ ഉപേക്ഷിച്ചു പോകാന്‍ താത്പര്യമില്ല. യുദ്ധം തുടര്‍ന്നാലും ഞങ്ങള്‍ എങ്ങോട്ടും പോകുന്നില്ല. ഈ ജനങ്ങള്‍ക്കു കൂട്ടായും താങ്ങായും ഞങ്ങള്‍ ഇവിടെ തന്നെയുണ്ടായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org