
ഡോ. കുര്യാസ് കുമ്പളക്കുഴി
ചരിത്ര പ്രസിദ്ധമായ ഉദയംപേരൂര്‍ സൂനഹദോസിനു പ്രായം 425. എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ ദേവാലയത്തിലാണ് 1599 ജൂണ്‍ 20 മുതല്‍ 27 വരെ ഏഴു ദിവസം സൂനഹദോസ് നടന്നത്. 133 വൈദികരും 20 ഡീക്കന്മാരും 660 അല്‍മായരും ഉള്‍പ്പെടെ 813 പേരാണ് സൂനഹദോസില്‍ പങ്കെടുത്തത്. സമ്മേളനം അവസാനിക്കുന്നതുവരെ ആരും വിട്ടുപോകാന്‍ പാടില്ലെന്ന് മഹറോന്‍ ശിക്ഷയ്ക്കു കീഴില്‍ വിലക്കുണ്ടായിരുന്നു.
സൂനഹദോസ് വിളിച്ചു ചേര്‍ത്തതും അതില്‍ ആദ്യാവസാനം അധ്യക്ഷതവഹിച്ചതും ഗോവാ മെത്രാപ്പോലീത്ത ഡോം അലെക്‌സിസ് മെനേസിസ് ആയിരുന്നു. സൂനഹദോസ് നിശ്ചയങ്ങള്‍ 173 കാനോനകളിലായി രേഖപ്പെടുത്തിയിരിക്കുന്നു. ഈ കാനോനകള്‍ മെനേസിസ് തന്റെ മാതൃഭാഷയായ പോര്‍ച്ചുഗീസിലാണ് എഴുതിയുണ്ടാക്കിയത്. പിന്നീട് കൊച്ചി രൂപതയിലെ ഏതാനും വൈദികര്‍ അവ മലയാളത്തിലേക്കു മൊഴിമാറ്റി. കാനോനകളുടെ ഈ മലയാള രൂപമാണു സൂനഹദോസില്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചത്.
പോര്‍ട്ടുഗീസുകാര്‍ ഇവിടെയെത്തിയതു സുഗന്ധവിളകള്‍ തേടി മാത്രമായിരുന്നില്ല. ഇവിടെയുണ്ടെന്നു കേട്ടിരുന്ന ക്രൈസ്തവ സമൂഹത്തെ പരിചയപ്പെടാനും കൂടിയായിരുന്നു. കോഴിക്കോട്ടു കപ്പലിറങ്ങിയ വാസ്‌കോ ഡി ഗാമ സാമൂതിരിക്കു കൊടുത്ത സന്ദര്‍ശനോദേശ്യം അറിയിക്കുന്ന കത്തില്‍ ഇക്കാര്യം കൃത്യമായി പറയുന്നുണ്ട്. അവരുടെ സങ്കല്‍പത്തിലുള്ള സുദൃഢമായ ഒരു വിശ്വാസീസമൂഹത്തെയല്ല അവര്‍ ഇവിടെ കണ്ടത്. ക്രൈസ്തവ വ്യക്തിത്വം പ്രഖ്യാപിക്കാന്‍ കഴിയാതെ കാതുകുത്തിയും കടുക്കനിട്ടും കുടുമ്മ വച്ചും ഇവിടത്തെ പ്രാദേശികസമൂഹത്തില്‍ ഇടകലര്‍ന്നു കഴിഞ്ഞിരുന്ന ക്രൈസ്തവര്‍ അവരെ നിരാശപ്പെടുത്തുക തന്നെ ചെയ്തു.
1599 ലെ ഉദയംപേരൂര്‍ സൂനഹദോസില്‍ രൂപപ്പെട്ട 173 കാനോനകളില്‍ 19 കാനോനകള്‍ സാമൂഹിക പരിഷ്‌കരണ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുന്നു. അവയാണ് കേരളചരിത്രത്തില്‍ സൂനഹദോസിന് ഇടം നല്കുന്നത്.
ഈ ദുരവസ്ഥയില്‍ നിന്നു ക്രൈസ്തവ സമൂഹത്തെ വീണ്ടെടുക്കാനുള്ള ശ്രമമാണു മെനേസിസിലൂടെ പോര്‍ട്ടുഗീസുകാര്‍ നടത്തിയത്. സൂനഹദോസിനു മുമ്പ് കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് ക്രൈസ്തവരുടെ ജീവിതം വിശദമായി പഠിക്കാന്‍ മെനേസിസ് ശ്രമിക്കുന്നുണ്ട്. അങ്ങനെ അദ്ദഹം നേരിട്ടു മനസിലാക്കിയ വസ്തുതകളുടെ വെളിച്ചത്തിലാണു കാനോനകള്‍ എഴുതിയുണ്ടാക്കിയത്. അദ്ദേഹത്തിന്റെ കണ്ടെത്തലുകളോട് ഏറെ വിയോജിക്കാന്‍ നമുക്കു കഴിയാതെ വരുന്നതിന്റെ പശ്ചാത്തലവും ഇതുതന്നെയാണ്.
സൂനഹദോസ് ചര്‍ച്ചകള്‍ പ്രധാനമായും രണ്ടു തലങ്ങളിലായിരുന്നു. ഒന്ന്, സഭാത്മകം, രണ്ട്, സാമൂഹികം. കേരള സഭാ ചരിത്രത്തില്‍ ഉദയംപേരൂര്‍ സൂനഹദോസ് പ്രസക്തമാകുന്നത് സഭാത്മക വിഷയങ്ങളിലുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്. 1563-ല്‍ പര്യവസാനിച്ച ട്രന്റ് കൗണ്‍സിലിന്റെ സഭാപരിഷ്‌കരണ നിര്‍ദേശങ്ങളുടെ കാതല്‍ ഉള്‍ക്കൊണ്ടാണ് ഉദയംപേരൂര്‍ സൂനഹദോസും കേരള സഭാ പരിഷ്‌കരണ നിശ്ചയങ്ങള്‍ ചെയ്തിരിക്കുന്നത്. 173-ല്‍ 154 കാനോനകളും ഈ ചര്‍ച്ച കളുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളാണ്. ബാക്കി 19 കാനോനകള്‍ സാമൂഹിക പരിഷ്‌ക്കരണ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുന്നു. ഈ 19 കാനോനകളാണു കേരള ചരിത്രത്തില്‍ ഉദയംപേരൂര്‍ സൂനഹദോസിന് ഇടം നേടിക്കൊടുത്തിരിക്കുന്നത്.
മാനവസമത്വത്തിന്റെ കാഹളം കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ ആദ്യം മുഴങ്ങിയത് ഉദയംപേരൂര്‍ സൂനഹദോസിലാണ്. അതെങ്ങനെ? ''തമ്പുരാന്റെ തിരുമുമ്പില്‍ നല്ലകുലം എന്നും തണ്യകുലം എന്നും അച്ചനും ചെറുക്കനും എന്നും എളിയവനും പെരിയവനും എന്നും ഇല്ല.'' ഇക്കാരണം കൊണ്ടു തന്നെ അയിത്തം, അസ്പൃശ്യത, തീണ്ടിക്കുളി, എണ്ണതൊട്ടു കൊടുക്കല്‍ എന്നിവയൊന്നും ക്രൈസ്തവര്‍ ആചരിക്കരുതെന്നും സൂനഹദോസു വിലക്കി.
സഭാത്മക തലത്തിലുള്ള ചര്‍ച്ചകളും നിശ്ചയങ്ങളുമാണ് സൂനഹദോസിനെ വിവാദ വിഷയമാക്കുന്നത്. കേരളത്തിലെ സുറിയാനി ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് പൊതുവെ സൂനഹദോസി നോടു വിപ്രതിപത്തിയുണ്ടാക്കി യതും ഈ ചര്‍ച്ചകളാണെന്നു പറയാം. എന്നാല്‍ അവര്‍ക്കിട യിലെയും ചിന്താശീലരും സത്യാന്വേഷികളുമായ അല്‍മായര്‍ക്ക് ഈ വിപ്രതി പത്തിയോടു യോജിക്കാന്‍ കഴിയുന്നില്ല.
കൂദാശകളുടെ പരികര്‍മ്മത്തില്‍ കേരള ക്രൈസ്തവ സമൂഹത്തിലു ണ്ടായിരുന്ന ഉദാസീനതയെ ശാസനാപൂര്‍വം നിരാകരിച്ചു കൊണ്ട് അവയ്‌ക്കോരോന്നിനും വ്യവസ്ഥാപിതമായ അനുഷ്ഠാനവിധികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനെ ആര്‍ക്കെങ്കിലും വിമര്‍ശിക്കാന്‍ കഴിയുമോ? ജ്ഞാനസ്‌നാനം എന്നെങ്കിലും സ്വീകരിച്ചാല്‍ മതിയെന്നായിരുന്നത്രെ അന്നത്തെ ധാരണ. അതു ഗുരുതരമായ വീഴ്ചയാണെന്നു ചൂണ്ടിക്കാണിക്കുന്ന സൂനഹദോസ്, ഒരു കുഞ്ഞു ജനിച്ചാല്‍ എട്ടു ദിവസത്തിനകം ജ്ഞാനസ്‌നാനം നല്കിയിരിക്ക ണമെന്നു കര്‍ശനമായി നിര്‍ദേശിക്കുന്നു. ജ്ഞാന സ്‌നാന വേളയില്‍ തലതൊട്ടപ്പ നും തലതൊട്ടമ്മയും ഉണ്ടായിരിക്കണമെന്നും ശിശുവിന്റെ ആത്മീയ വളര്‍ച്ചയില്‍ അവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും സൂനഹദോസ് വ്യവസ്ഥ ചെയ്യുന്നു. മാത്രവുമല്ല, ഈ വിവരങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുന്ന ജ്ഞാനസ്‌നാന രജിസ്റ്റര്‍ ഓരോ ദേവാലയത്തിലും ഉണ്ടായിരി ക്കണമെന്നും സൂനഹദോസ് നിര്‍ദേശിക്കുന്നുണ്ട്.
വിവാഹത്തിന്റെ പവിത്രതയും ദൃഢതയും സൂനഹദോസ് ഉറപ്പിച്ചു പ്രഖ്യാപിക്കുന്നതും ശ്രദ്ധേയ മാണ്. തോന്നിയതുപോലെ താലി കെട്ടിയും കെട്ടാതെയും സ്ത്രീപുരുഷന്മാര്‍ ഒരുമിച്ചു കഴിഞ്ഞിരുന്ന അരാജകാവ സ്ഥയ്ക്കു സൂനഹദോസ് വിരാമമിട്ടു. വിവാഹം ദേവാലയത്തില്‍ വച്ചു വൈദികന്റെ സാന്നിധ്യത്തില്‍ മാത്രമേ പാടുള്ളൂ. ശൈശവ വിവാഹങ്ങള്‍ വിലക്കിക്കൊണ്ടു വധുവിനു 12 ഉം വരനു 14 ഉം വയസ്സു തികഞ്ഞേ വിവാഹം നടത്താവൂ എന്ന കുറഞ്ഞ വിവാഹപ്രായവും സൂനഹ ദോസ് നിശ്ചയിച്ചു. വിവാഹിത രാവാന്‍ ആഗ്രഹിക്കുന്നവരുടെ മനസ്സമ്മതം ദേവാലയത്തില്‍ വച്ചു വൈദികന്റെ സാന്നിധ്യ ത്തില്‍ നടത്തണമെന്നും ആ വിവരം പ്രതിശ്രുത വധൂ വരന്മാരുടെ ഇടവകകളില്‍ മൂന്നു ഞായറാഴ്ച കുര്‍ബാന മധ്യത്തില്‍ വിളിച്ചു ചൊല്ലണ മെന്നും സൂനഹദോസ് വ്യവസ്ഥ ചെയ്തു. വൈദികനും സാക്ഷികളും വധൂവരന്മാരും ഒപ്പുവച്ച വിവാഹ രജിസ്റ്റര്‍ പള്ളികളില്‍ കൃത്യമായി സൂക്ഷിക്കണ മെന്നും സൂനഹദോസ് കല്‍പിച്ചു. ഇന്നും കേരള സഭ പിന്തുടര്‍ന്നു പോരുന്ന ഈ വിവാഹ നടപടിക്രമങ്ങള്‍ വ്യവസ്ഥ ചെയ്തത് ഉദയംപേരൂര്‍ സൂനഹദോസാണെന്നതു നമ്മള്‍ കൃതജ്ഞതാപൂര്‍വം ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു.
കുറഞ്ഞ വിവാഹപ്രായം നിശ്ചയിച്ചതുപോലെ വൈദികര്‍ക്കു കുര്‍ബാന പട്ടം സ്വീകരിക്കാനുള്ള കുറഞ്ഞ പ്രായം 25 ആയിരിക്കണമെന്നും സൂനഹദോസ് നിശ്ചയിച്ചു. ഇതൊന്നും മെനേസിസ് സ്വന്തമായി നിശ്ചയിച്ചതല്ല. പന്ത്രണ്ടാം ശതകം മുതലേ റോമാ സഭയില്‍ നിലവിലുണ്ടായിരുന്ന വ്യവസ്ഥകള്‍ ഇവിടെയും ബാധകമാക്കുക മാത്രമാണദ്ദേഹം ചെയ്തത്. കൂദാശകളുടെ സ്വീകരണം ഉദാസീനമായിരുന്ന സാഹചര്യത്തിനു മാറ്റം വരുത്തി വിശ്വാസികള്‍ അവയെല്ലാം നിര്‍ബന്ധിതമായി സ്വീകരിക്കണമെന്നു വ്യവസ്ഥ ചെയ്തതും ഉദയംപേരൂര്‍ സൂനഹദോസുതന്നെ.
അക്കാലത്തു ക്രൈസ്തവ ദേവാലയങ്ങളുടെയും ഹൈന്ദവക്ഷേത്രങ്ങളുടെയും നിര്‍മ്മാണ രീതി ഏതാണ്ടു സമാനമായിരുന്നു. ദേവാലയത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന കുരിശു മാത്രമാണു ക്ഷേത്രങ്ങളില്‍ നിന്നവയെ വേര്‍തിരിച്ചിരുന്നത്. ദേവാലയങ്ങള്‍ക്കു വാതിലുകളും ജനാലകളും ഉണ്ടായിരിക്കണമെന്നും അവയ്‌ക്കൊക്കെ കര്‍ട്ടന്‍ ഇടണമെന്നും സൂനഹദോസ് നിര്‍ദ്ദേശിച്ചു. ദേവാലയത്തിനുള്ളില്‍ ക്രൂശിതരൂപവും വിശുദ്ധരുടെ പ്രതിമകളും സ്ഥാപിക്കണമെന്നും കല്‍പിച്ചു. പള്ളിയുടെ ഉള്ളിലും മുകളിലും മണികള്‍ ഉണ്ടായിരിക്കണമെന്നും തീരുമാനിച്ചു. പള്ളികള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും പള്ളിക്കുള്ളില്‍ ഹാനാന്‍ വെള്ളം ഉണ്ടായിരിക്കണമെന്നും ചിട്ട ചെയ്തതും ഈ സൂനഹദോസു തന്നെ.
സാമൂഹിക പരിഷ്‌കാരം
അന്നത്തെ ക്രൈസ്തവജനത പൊതുസമൂഹത്തില്‍ പ്രാബല്യത്തിലിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഏറെക്കുറെ അങ്ങനെ തന്നെ പിന്‍പറ്റുന്നതായിരുന്നു. ഇത്തരത്തിലുള്ള കാടും പടലുമെല്ലാം നീക്കിക്കളഞ്ഞ് ക്രൈസ്തവരെ ഒരു പരിഷ്‌കൃത സമൂഹമാക്കി മാറ്റാന്‍ സൂനഹദോസ് വിപ്ലവകരമായ നിരവധി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുണ്ട്. വ്യാപകമായ അര്‍ഥത്തില്‍ ഈ മാറ്റങ്ങളൊക്കെ
പൊതുസമൂഹത്തിലും തുടരേണ്ടതായിരുന്നു. അതങ്ങനെ തന്നെ പില്‍ക്കാലത്തു സംഭവിച്ചു. ഈ വസ്തുതയാണ് ഉദയംപേരൂര്‍ സൂനഹ ദോസിനു കേരളത്തിന്റെ പൊതുചരിത്രത്തില്‍ ഇടം നേടിക്കൊടുത്തത്.
മാനവസമത്വത്തിന്റെ കാഹളം കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ ആദ്യം മുഴങ്ങിയത് ഉദയംപേരൂര്‍ സൂനഹദോസിലാണ്. അതിങ്ങനെ? ''തമ്പുരാന്റെ തിരുമുമ്പില്‍ നല്ലകുലം എന്നും തണ്യകുലം എന്നും അച്ചനും ചെറുക്കനും എന്നും എളിയവനും പെരിയവനും എന്നും ഇല്ല.'' ഇക്കാരണം കൊണ്ടു തന്നെ അയിത്തം, അസ്പൃശ്യത, തീണ്ടിക്കുളി, എണ്ണതൊട്ടു കൊടുക്കല്‍ എന്നിവയൊന്നും ക്രൈസ്തവര്‍ ആചരിക്കരുതെന്നും സൂനഹദോസു വിലക്കി. പുരുഷന്മാര്‍ കാതുകുത്തുന്നതും കടുക്കനിടുന്നതും കുടുമ വയ്ക്കുന്നതും ക്രൈസ്തവര്‍ക്കു പാടില്ലെന്നു കല്‍പിച്ചു.
കുറ്റം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ കൈമുക്കുന്നതും ചുട്ടുപഴുത്ത ഇരുമ്പു കൈയില്‍ പിടിപ്പിക്കുന്നതും പാമ്പുകളും മുതലകളും ചീങ്കണ്ണികളുമുള്ള വെള്ളത്തില്‍ നീന്തിക്കുന്നതും ഉപേക്ഷിക്കപ്പെടേണ്ട പ്രാകൃത സത്യപരീക്ഷകളാണെന്നും സൂനഹദോസ് അനുശാസിച്ചു. അരിപ്പൊടി കലക്കി ഉമ്മറത്തു കോലമെഴുതുക, സ്ത്രീകള്‍ വായ്ക്കുരവയിടുക, ചീത്തനാളുകളില്‍ ജനിക്കുന്ന കുഞ്ഞുങ്ങളെ ഉപേക്ഷിക്കുക തുടങ്ങിയവയും സൂനഹദോസ് നിരോധിച്ചു. അന്യമതക്കാരായ മാതാപിതാക്കള്‍ ഇങ്ങനെ ഉപേക്ഷിച്ചു തള്ളുന്ന കുഞ്ഞുങ്ങളെ എടുത്തു സംരക്ഷിക്കണമെന്ന ഉത്തരവാദിത്വവും സൂനഹദോസ് ക്രൈസ്തവരില്‍ നിക്ഷിപ്തമാക്കി. മറ്റേതെങ്കിലും തരത്തില്‍ അനാഥരായിപ്പോയ കുട്ടികളെ കണ്ടുകിട്ടിയാല്‍ അവരെയും സംരക്ഷിക്കാന്‍ ക്രൈസ്തവര്‍ തയ്യാറാകണം എന്നും ഓര്‍മ്മിപ്പിച്ചു.
മന്ത്രവാദവും ആഭിചാരക്രിയകളും ക്രൈസ്തവര്‍ നടത്തരുത് എന്നു സൂനഹദോസ് കര്‍ശനമായി അനുശാസിച്ചു. മന്ത്രം എഴുതിക്കെട്ടുന്ന ദുരാചാരം മനുഷ്യര്‍ക്കെന്നല്ല മൃഗങ്ങള്‍ക്കുപോലും പാടില്ലെന്നും സൂനഹദോസ് വിലക്കുന്നുണ്ട്. രോഗവും മറ്റു കഷ്ടപ്പാടുകളും ഉണ്ടാകുമ്പോള്‍ അന്യമതസ്ഥര്‍ ചെയ്യുന്നതുപോലെ തുള്ളിക്കലും പാടിക്കലും നടത്തരുത്. അന്യായപ്പലിശ വാങ്ങരുത്, വാങ്ങാനും വില്‍ക്കാനും ഖര തൂക്കവും അളവും ആയിരിക്കണം, കൈക്കൂലി കൊടുക്കരുത്, എന്തെങ്കിലും അനിഷ്ടമോ ആപത്തോ സംഭവിക്കുമ്പോള്‍ അതു തലേലെഴുത്താണ് എന്നു പറയരുത്, നല്ല നേരവും ചീത്ത നേരവും കണക്കാക്കരുത്, ശകുനം നോക്കരുത്, മരണം കഴിഞ്ഞാല്‍ പുലകുളി നടത്തരുത്, പുടവ മുറിക്കുമ്പോള്‍ ഒരു നൂല്‍ വിലങ്ങനെ വരുന്നതു നന്നെന്ന വിശ്വാസം അരുത്, നെല്ല് അളന്നു കൊടുക്കുമ്പോള്‍ രണ്ടു മണി നെല്ലെങ്കിലും തിരികെയിടുന്നത് നല്ലതെന്നു കരുതരുത്, പുളികുടി കല്യാണവും തീണ്ടാര്‍ന്ന കുളിയും ഒഴിവാക്കണം, കോഴി അറുത്തു ബലി കൊടുക്കലും പാടില്ല, പെണ്‍കുട്ടികള്‍ക്കു പിതാവിന്റെ സ്വത്തില്‍ തുല്യ ഓഹരി നിഷേധിക്കരുത് എന്നിങ്ങനെ അന്നു സമൂഹത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന അശാസ്ത്രീയവും യുക്തിരഹിതവും അബദ്ധ ജടിലവുമായ എല്ലാ അനാചാരങ്ങളെയും നീക്കിക്കളഞ്ഞ് കേരള ക്രൈസ്തവരെ പരിഷ്‌കൃതവും സംസ്‌കാര സമ്പന്നവുമായ ജനതയായി പരിവര്‍ത്തിപ്പിച്ച് അവരുടെ ക്രൈസ്തവ വ്യക്തിത്വം വീണ്ടെടുക്കാനും പ്രഖ്യാപിക്കാനുമാണ് ഉദയംപേരൂര്‍ സൂനഹദോസ് ശ്രമിച്ചത്.
എന്തൊക്കെ പാടില്ലെന്നു സൂനഹദോസ് വിലക്കിയോ അവയെല്ലാം ജാതിമതഭേദമില്ലാതെ പൊതുസമൂഹത്തില്‍ നിന്നു നീക്കിക്കളഞ്ഞപ്പോളാണ് കേരള നവോത്ഥാനം എന്ന സാംസ്‌കാരിക ഉണര്‍വു കേരളത്തില്‍ യാഥാര്‍ഥ്യമായത്. അതു പക്ഷേ, സൂനഹദോസിന്റെ അനന്തര ഫലമാണെന്നു വിധിക്കാനാവില്ല. ഓരോ സമുദായത്തിലും അവതരിച്ച നവോത്ഥാന നായകര്‍ അത്തരത്തിലുള്ള അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും നീക്കിക്കളഞ്ഞു പ്രബുദ്ധരാവാന്‍ സ്വന്തം സമുദായാംഗങ്ങളെ ഉല്‍ബോധിപ്പിക്കുകയായിരുന്നു. ഉദയംപേരൂര്‍ സൂനഹദോസിന്റെ പ്രബോധനങ്ങള്‍ ആ സമുദായ പരിഷ്‌കര്‍ത്താക്കള്‍ക്കു മുമ്പേ എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലും പൊതുസമൂഹത്തിലും എത്തിച്ച് കേരള നവോത്ഥാനത്തിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള സുവര്‍ണ്ണാവസരം കേരള സഭാനേതൃത്വത്തിന്റെ സങ്കുചിത ചിന്തകളും വിഭാഗീയ പ്രവണതകളും മൂലം നഷ്ടപ്പെട്ടു പോയി എന്നതാണു കേരള ക്രൈസ്തവര്‍ക്കു സംഭവിച്ച സാംസ്‌കാരിക ദുരന്തം. ഇന്ന് നവോത്ഥാന ഓഹരിക്കുവേണ്ടി അന്യസമുദായ നേതത്വങ്ങള്‍ക്കു മുമ്പില്‍ കൈനീട്ടി നില്‍ക്കുകയാണു നമ്മള്‍! ഇരട്ടദുരന്തം എന്നല്ലാതെ മറ്റെങ്ങനെയാണു നമ്മളിതിനെ നെഞ്ചുരുകി വിളിക്കുക?