ഉദയംപേരൂര്‍ സൂനഹദോസ് നവമാനവികതയുടെ ചരിത്രകാഹളം

ഉദയംപേരൂര്‍ സൂനഹദോസ് നവമാനവികതയുടെ ചരിത്രകാഹളം


ഡോ. പീറ്റര്‍ കണ്ണമ്പുഴ

നവോത്ഥാനത്തിന്‍റെ മുഖകണ്ണാടിയിലൂടെ നവകേരള നിര്‍മ്മിതിക്കുവേണ്ടി പുതുപുത്തന്‍ ജാലകങ്ങള്‍ തേടുമ്പോള്‍ കേരള സാംസ്കാരിക പൈതൃകത്തിനും ക്രൈസ്തവ സഭാചരിത്രത്തിനും മറക്കാനാവാത്ത ചരിത്രസ്പന്ദനമായി ഉദയംപേരൂര്‍ സൂനഹദോസ് നിലകൊള്ളുന്നു. 1599 ജൂണ്‍ 20 മുതല്‍ 26 വരെ തീയതികളില്‍ മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ക്കുവേണ്ടി, ഗോവന്‍ മെത്രാപ്പോലീത്ത അലക്സിസ് ദി മെനേസിസ് ഉദയംപേരൂര്‍ പള്ളിയില്‍ വിളിച്ചുകൂട്ടിയ സൂനഹദോസാണ് പില്‍ക്കാലത്ത് 'ഉദയംപേരൂര്‍ സൂനഹദോസ്' എന്ന പേരില്‍ അറിയപ്പെടുന്നത്.

യൂറോപ്പില്‍ പോര്‍ച്ചുഗലിലെ കുലീനകുടുംബത്തില്‍ പിറന്ന അലക്സിസ് ദി മെനേസിസ് അഗസ്റ്റീനിയന്‍ സഭയില്‍ ചേരുകയും 1595-ല്‍ 35-ാമത്തെ വയസ്സില്‍ ലത്തീന്‍ അതിരൂപതയായ ഗോവയുടെ മെത്രാപ്പോലീത്തയായി സ്ഥാനമേല്‍ക്കുകയും ചെയ്തു. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ മെത്രാപ്പോലീത്തയായിരുന്ന പേര്‍ഷ്യക്കാരനായ മാര്‍ അബ്രാഹം 1597-ല്‍ കാലം ചെയ്തതിനുശേഷം 1599 ഫെബ്രുവരി 1-ന് മെനേസിസ് മലബാറില്‍ വന്നു. അദ്ദേഹം മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട പള്ളികള്‍ സന്ദര്‍ശിക്കുകയും ഈ പ്രദേശത്തെ സഭാപരവും സാമൂഹ്യപരവുമായ ചുറ്റുപാടുകളെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തു. കൊളോണിയല്‍ ആധിപത്യത്തിന്‍റെ ഭാഗമായി 'പദ്രുവാദോ' അധികാരത്തിന്‍റെ പിന്‍ബലത്തില്‍, ഉദയംപേരൂര്‍ സൂനഹദോസ് വിളിച്ചുകൂട്ടി, നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സുറിയാനി ക്രിസ്ത്യാനികളുടെ പേര്‍ഷ്യന്‍- കല്‍ദായ ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ഇവിടത്തെ സഭയുടെ ഭരണകാര്യങ്ങളില്‍ മേല്‍ക്കോയ്മ സ്ഥാപിക്കുകയും ചെയ്തു.

15, 16 നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ രൂപംകൊണ്ട 'പുതുപിറവി' (നവോത്ഥാനം) രാഷ്ട്രിയ, സാമൂഹിക, സാമ്പത്തിക മേഖലകളിലും, സാംസ്കാരികവും കലാപരവുമായ രംഗങ്ങളിലും സജീവമായ ഉയര്‍ത്തെഴുന്നേല്പിനു കാരണമായി. തല്‍ഫലമായി സഭയില്‍ നവീകരണപ്രസ്ഥാനവും പ്രൊട്ടസ്റ്റന്‍റു വിപ്ലവവും പ്രതിനവീകരണപ്രസ്ഥാനവും ശക്തിയാര്‍ജിച്ചു. തുടര്‍ന്ന് കത്തോലിക്കാ സഭ ത്രെന്തോസു സൂനഹദോസിലൂടെ (1545-1563) സഭയുടെ വിശ്വാസസത്യങ്ങള്‍ ആധികാരികമായി പഠിപ്പിക്കുകയും സഭാവിശ്വാസികളെല്ലാവരും ഇവ കര്‍ശനമായി പാലിക്കുവാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മലബാറില്‍ വന്നെത്തിയ പാശ്ചാത്യമിഷനറിമാര്‍ യൂറോപ്യന്‍ 'ബൈനോക്കുലറി'ലൂടെ നോക്കിക്കണ്ട മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ജീവിത രീതിയും ആചാരാനുഷ്ഠാനവും വിശ്വാസസംഹിതയും, വിമര്‍ശനത്തിനും തിരുത്തലിനും വിധേയമാക്കി. ഈ ലക്ഷ്യത്തോടെയാണ് ഉദയംപേരൂര്‍ സൂനഹദോസ് സമ്മേളിച്ചതുതന്നെ. സൂനഹദോസിന്‍റെ തീരുമാനങ്ങളിലൂടെ സുറിയാനി ആരാധനാക്രമപാരമ്പര്യവും അപ്പസ്തോലിക തനിമയും സ്വത്വാവബോധവും അന്യവത്കരിക്കപ്പെട്ടു. മാത്രമല്ല ഒരു സ്വയംഭരണാധികാരസഭയായിരുന്ന മാര്‍ത്തോമ്മാക്രിസ്ത്യാനികളെ നിയമാനുസൃതമല്ലാതെ ലത്തീന്‍ സഭാഭരണത്തിന്‍കീഴില്‍ കൊണ്ടുവന്നുവെന്ന ആക്ഷേപവും ഉണ്ടായി. എങ്കിലും സഭയെയും സമൂഹത്തെയും നവീകരിക്കാനുതകുന്ന ചില സംഭാവനകള്‍ ഈ സുനഹദോസിലൂടെ ലഭിച്ചത് ഒരു ചരിത്ര നേട്ടമാണ്. സൂനഹദോസിലൂടെ കൈവന്ന സാമൂഹികവും സാംസ്കാരികവും സഭാപരവുമായ ഏതാനും പ്രധാനപ്പെട്ട നേട്ടങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ജനപ്രതിനിധി സമ്മേളനം
സൂനഹദോസിന്‍റെ നടത്തിപ്പ്, സ്വതന്ത്രമായ ചര്‍ച്ചകളുടെ അഭാവം എന്നിവയെക്കുറിച്ച് നിരവധി വിമര്‍ശനങ്ങളുണ്ട്. വിവിധ നാട്ടുരാജ്യങ്ങളിലായി കഴിഞ്ഞിരുന്ന മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ 153 വൈദികരും 660 ജനപ്രതിനിധികളുമാണ് സൂനഹദോസില്‍ പങ്കെടുത്തത്. അവരെല്ലാവരും ഒരുമിച്ചുകൂടി അന്നത്തെ ചുറ്റുപാടുകളില്‍ ഏഴു ദിവസത്തോളം താമസിച്ച് സഭാപരവും സാമൂഹ്യപരവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു. മലയാളത്തിലുള്ള ഇരുന്നൂറോളം ഡിക്രികള്‍ പാസ്സാക്കി ഒപ്പുവെച്ചു. മുന്‍കൂട്ടി അറിയിച്ചതനുസരിച്ച് പള്ളിയോടു ചേര്‍ന്നുള്ള ഓരോ അങ്ങാടിയില്‍ നിന്നോ, അങ്ങാടിയില്ലായെങ്കില്‍ ഇടവകയോഗത്തില്‍ നിന്നോ നല്ല മനഃസാക്ഷിയുള്ള നാല് പ്രതിനിധികളെ വീതമാണ് സൂനഹദോസില്‍ പങ്കെടുപ്പിച്ചത്. സൂനഹദോസ് ഔദ്യോഗികമായി ആരംഭിക്കുന്നതിനുമുന്‍പ് ആര്‍ച്ചുഡീക്കനായ കുരിശിന്‍റെ ജോര്‍ജിന്‍റെയും സഭയില്‍ ഏറ്റവും ഉന്നതസ്ഥാനീയരായ എട്ട് വൈദികരുടെയും മുമ്പാകെ, മെത്രാപ്പോലീത്ത തയ്യാറാക്കിയിരുന്ന ഡിക്രികള്‍ വായിച്ചു കേള്‍പ്പിച്ചു. അവരുടെ അഭിപ്രായങ്ങള്‍ മാനിച്ച് ചില പരിഷ്കാരങ്ങള്‍ വരുത്തിയതായി അന്‍റോണിയൊ ദിഗുവ്വയ 1606-ല്‍ പ്രസിദ്ധീകരിച്ച 'ജൊര്‍ണാദ'യില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സാമൂഹ്യാചാരങ്ങളുടെ ഡിക്രികളുടെ ചര്‍ച്ചയില്‍ നാല് അല്മായ പ്രമുഖരെ പങ്കെടുപ്പിക്കുകയുണ്ടായി.

സുനഹദോസിനുശേഷം അങ്കമാലി രൂപതയുടെ മെത്രാനായി സ്ഥാനമേറ്റ ഫ്രാന്‍സീസ് റോസ് എസ്.ജെയുടെ 'ഇന്ത്യയിലെ മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ നടപടിക്രമം' എന്ന നിയമാവലിയിലൂടെയാണ് ഉദയംപേരൂര്‍ സുനഹദോസിന്‍റെ കാനോനകള്‍ ഫലപ്രദമാംവിധം പ്രാബല്യത്തില്‍ വന്നത്. സൂനഹദോസിലെ തീരുമാനങ്ങള്‍ മാര്‍ത്തോമ്മാക്രിസ്ത്യാനികളെ സംബന്ധിക്കുന്നതാണെങ്കില്‍ പോലും പൊതുസമൂഹത്തിന്‍റെ ചിന്തയിലും ജീവിതമൂല്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിലും മാറ്റത്തിന്‍റെ ശക്തമായ അടയാളങ്ങള്‍ ഉണ്ടായി. ആയോധനപരിശീലനകളരികളും, ഗുരുകുല വിദ്യാഭ്യാസ മാതൃകയില്‍ ആശാന്‍ കളരികളും നടത്തുന്നവരും, ആയുര്‍വ്വേദ ചികിത്സാരംഗത്തെ പ്രഗല്ഭരും, വര്‍ത്തകപ്രമാണികളും, കാര്‍ഷികരംഗത്തും, സുഗന്ധവ്യ ഞ്ജന, നാണ്യവിളകളുടെ വ്യാപാരത്തിലും മുന്‍പന്തിയില്‍ നിന്നിരുന്നവരുമായ മാര്‍ത്തോമ്മാ നസ്രാണികളുടെ ജീവിതത്തില്‍ ഉദയംപേരൂര്‍ സൂനഹദോസിനു ശേഷം സ്വീകരിച്ച നവീനജീവിത രീതികള്‍ കേരള സമൂഹത്തിന്‍റെ കര്‍മ്മമണ്ഡലത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

സാമൂഹ്യസമത്വവും സാഹോദര്യവും
താഴ്ന്ന ജാതിയിലുള്ളവര്‍ക്ക് പൊതുവീഥിയോ, കുളമൊ, കിണറൊ, ആരാധനാലയമൊ ഉപയോഗിക്കുന്നത് നിഷിദ്ധമായിരുന്നു. മേല്‍ജാതിക്കാരുടെ കണ്‍വെട്ടത്തു താഴ്ന്ന ജാതിക്കാരുടെ നിഴല്‍പോലും പതിക്കാന്‍ പാടില്ല. കീഴാള ജനത അടിമകളും നാവടക്കപ്പെട്ടവരും കേവലം പണിയെടുക്കുന്ന ഉപകരണങ്ങളുമായിരുന്നു. കുറഞ്ഞ വേതനവും വിശ്രമമില്ലാത്ത ജോലിയുമാണ് അവര്‍ക്ക് ലഭ്യമായത്. ചോദ്യങ്ങളും ആവശ്യങ്ങളും ഉന്നയിക്കാന്‍ അവകാശമില്ലാത്ത ഫ്യൂഡല്‍ സമ്പ്രദായം. സംഗീതവും കലയും ആഘോഷവും അവര്‍ക്ക് നിഷിദ്ധമായിരുന്നു. ജീവന്‍ നിലനിര്‍ത്താനാവശ്യമായ ആഹാരംപോലും ലഭിക്കാത്ത ശോചനീയ അവസ്ഥ. മണ്ണില്‍ കുഴിച്ച കുഴിയില്‍ (കുമ്പിളില വച്ച്) വിളമ്പിയ ഭക്ഷണം കഴിക്കാനുള്ള അവകാശമേ ഉണ്ടായിരുന്നുള്ളൂ.

ജാതിവ്യവസ്ഥയുടെ ആനുകൂല്യം പറ്റിയ ക്രൈസ്തവരും മേല്‍ക്കോയ്മാഭാവത്തില്‍ കഴിഞ്ഞിരുന്നു എന്നുവേണം കരുതാന്‍. എന്നാല്‍ അനുകൂലമായ സാഹചര്യത്തില്‍ കേരള ക്രൈസ്തവസമൂഹത്തിന്‍റെ വൈദിക, അല്മായ നേതാക്കള്‍ സമ്മേളിച്ച ഉദയംപേരൂര്‍ സൂനഹദോസില്‍ വെച്ച്, സഭാ സമൂഹത്തിലെങ്കിലും ജാതിവ്യവസ്ഥയും അയിത്തവും അടിമസമ്പ്രദായവും അവര്‍ണ്ണനെ തൊട്ടാല്‍ കുളിച്ചു ശുദ്ധിവരുത്തണമെന്ന ദുരാചാരവും സാമൂഹ്യ തിന്മയാണെന്ന് അംഗീകരിക്കുകയും നിയമംമൂലം നിരോധിക്കുകയും ചെയ്തു. ഇന്ത്യയില്‍ തന്നെ ജാതി വ്യവസ്ഥയും അയിത്തവും നിരോധിച്ച് കല്പനയാക്കിയ ആദ്യത്തെ ലിഖിതരേഖയാണിത്. സാമൂഹികമായി അസമത്വം അനുഭവിക്കുന്ന അവര്‍ണ്ണരും മനുഷ്യരാണെന്നും, എല്ലാവരും ദൈവമക്കളും ദൈവ തിരുമുമ്പില്‍ തുല്യരും ആണെന്നും സൂനഹദോസ് പഠിപ്പിച്ചു. സമത്വാധിഷ്ഠിതമായ സാമൂഹിക സാഹചര്യം നിലനിര്‍ത്തുവാന്‍ ക്രൈസ്തവര്‍ തയ്യാറാകണമെന്നും ആരാധനയ്ക്കായി ഒത്തു കൂടുന്നവരുടെ ഇടയില്‍ വേര്‍തിരിവിനും വിഭാഗീയതയ്ക്കും സ്ഥാനമില്ലെന്നും സൂനഹദോസ് ഉദ്ബോധിപ്പിച്ചു. ഇതിന്‍റെ വെളിച്ചത്തില്‍ വെള്ളാട്ടികളെയും കിടാങ്ങളെയും മാമ്മോദീസാ മുക്കണമെന്നും കുമ്പസാരിപ്പിക്കണമെന്നും കല്പിച്ചു. താഴ്ന്ന ജാതിക്കാരുമായി വൈദികര്‍ അടുത്ത് ഇടപഴകുകയും സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്യണമെന്ന് സൂനഹദോസ് ആഹ്വാനം ചെയ്തു. ഈ വിപ്ലവകരമായ പ്രഖ്യാപനങ്ങളും കല്പനകളും സമൂഹമനഃസാക്ഷിയില്‍ ഏല്പിച്ച ആഘാതത്തിന്‍റെ അനുരണനങ്ങളാണ് പില്‍ക്കാലത്തെ നവോത്ഥാന ആശയങ്ങളിലും പ്രവര്‍ത്തനങ്ങളിലും ദര്‍ശിക്കാന്‍ കഴിയുന്നത്.

കുടുംബഭദ്രതയും സ്ത്രീശാക്തീകരണവും
സ്ത്രീ ശാക്തീകരണത്തിന്‍റേയും സ്ത്രീ-പുരുഷ സമത്വത്തിന്‍റേയും മുന്നണിപോരാളികളെ വാര്‍ത്തെടുക്കുന്നതില്‍ ക്രൈസ്തവസമൂഹത്തെ എക്കാലവും സ്വാധീനിക്കുന്ന സഭാനിയമങ്ങളാണ് സൂനഹദോസു ലഭ്യമാക്കിയത്. പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യ അവകാശവും, വിവാഹിതരാകുന്ന പെണ്‍മക്കള്‍ക്ക് അവരുടെ ജീവിതചെലവിനായി കുടുംബസ്വത്തില്‍നിന്നും അര്‍ഹമായ വിഹിതവും നല്കണമെന്ന് സൂനഹദോസ് നിഷ്കര്‍ഷിച്ചു.

മലബാറിലെ കടുത്ത സാമൂഹ്യതിന്മയായിരുന്നു 'സ്ത്രീധന സമ്പ്രദായം.' പറഞ്ഞുറപ്പിച്ചതനുസരിച്ച് സമയത്തുതന്നെ സ്ത്രീധനതുക നല്കുവാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കാതെ വരുന്ന ചുറ്റുപാടില്‍ ഭാര്യമാരെ സ്വന്തം വീട്ടിലേക്ക് തിരിച്ചയയ്ക്കുകയും ദമ്പതിമാര്‍ വെവ്വേറെ ജീവിക്കുകയും ചെയ്യുന്നത് തെറ്റാണെന്നും ശിക്ഷിക്കപ്പെടേണ്ടതാണെന്നും സുനഹദോസിനുശേഷം മെനേസിസ് കൂട്ടിചേര്‍ത്തതായി പറയപ്പെടുന്ന കാനോനകളില്‍ കാണുന്നു.

കേരളത്തിലെ അയഞ്ഞ ലൈംഗിക വ്യവസ്ഥിതിക്കെതിരായും സൂനഹദോസ് നിലപാടെടുത്തു. ഏകഭാര്യാത്വം, ദാമ്പത്യവിശ്വസ്തത എന്നീ മൂല്യങ്ങളെ ആധാരമാക്കികൊണ്ട് ഒരു പുരുഷന് ഒരു സ്ത്രീയും, ഒരു സ്ത്രീക്ക് ഒരു പുരുഷനും എന്ന കുടുംബവ്യവസ്ഥ നിലവില്‍കൊണ്ടുവന്നു. മാതൃത്വത്തിന്‍റെ സാംസ്കാരികമൂല്യങ്ങളെ സഭ പ്രത്യേകം കരുതലോടെ നടപ്പിലാക്കി. നോമ്പു വ്യവസ്ഥകളില്‍ നിന്നു ഗര്‍ഭിണികളേയും മുലയൂട്ടുന്നവരെയും ഒഴിവാക്കി. പ്രസവശേഷം 'വരത്ത ഇരിക്കണം' എന്ന കര്‍ശനമായ സാമൂഹ്യകീഴ്വഴക്കത്തിനു സമൂലമാറ്റം വരുത്തി. പ്രസവിക്കുന്നത് ആണ്‍കുട്ടിയാണെങ്കില്‍ നാല്പതു ദിവസവും പെണ്‍കുട്ടിയാണെങ്കില്‍ എണ്‍പതു ദിവസവും കഴിഞ്ഞേ പള്ളിയില്‍ പ്രവേശിക്കാവൂ എന്ന കീഴ്വഴക്കവും ആണ്‍-പെണ്‍ തരംതിരിവും ഒഴിവാക്കികൊണ്ട് 30 ദിവസത്തിനുള്ളില്‍. അമ്മയെയും കുഞ്ഞിനെയും പള്ളിയില്‍ കൊണ്ടുവരണമെന്നും സൂനഹദോസ് നിഷ്കര്‍ഷിച്ചു.

വിവാഹകാര്യത്തില്‍ വധൂവരന്‍മാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വില കല്പിക്കണമെന്നും നിര്‍ബന്ധ വിവാഹങ്ങള്‍ പാടില്ലായെന്നും, അടുത്ത രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം നിഷിദ്ധമാണെന്നും നിയമമാക്കി. വികാരിയുടെയും രണ്ട് സാക്ഷികളുടെയും സാന്നിധ്യത്തില്‍ പള്ളിയില്‍ വച്ചുവേണം വിവാഹം എന്ന കൂദാശ നടത്തപ്പെടേണ്ടത്. വിവാഹം രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ സൂക്ഷിക്കണം.

ശൈശവവിവാഹങ്ങളും അനാഥബാല്യങ്ങളും
കേരളത്തില്‍ നിലനിന്നിരുന്ന മറ്റൊരു സാമൂഹ്യതിന്മയാണ് ശൈശവവിവാഹങ്ങള്‍. ഉദയം പേരൂര്‍ സൂനഹദോസ് കര്‍ശനമായ നിയമംമൂലം ശൈശവവിവാഹങ്ങളെ നിരോധിച്ചു. 14 വയസ്സു തികയാത്ത പുരുഷനും 12 വയസ്സ് തികയാത്ത സ്ത്രീയും തമ്മിലുള്ള വിവാഹം വിലക്കി. നിജപ്പെടുത്തിയ പ്രായത്തില്‍ കുറഞ്ഞവരായ സ്ത്രീ-പുരുഷന്‍മാര്‍ വിവാഹബന്ധത്തിലേര്‍പ്പെട്ടാല്‍ അവരെയും അതു നടത്തിക്കൊടുക്കുന്ന വൈദികരെയും സഭയില്‍ നിന്നുപോലും പുറത്താക്കുന്ന മഹറോന്‍ ശിക്ഷയ്ക്ക് വിധേയമാക്കി. കൂടാതെ മനുഷ്യാവകാശത്തിനും യുക്തിക്കും നിരക്കാത്ത അധഃപതിച്ച സാമൂഹ്യതിന്മയാണ് ശിശുക്കളെ വാങ്ങുന്നതും വില്‍ക്കുന്നതും എന്നു സൂനഹദോസ് കല്പിച്ചു. അപ്രകാരം ചെയ്യുന്ന ക്രൈസ്തവര്‍ക്ക് മഹറോന്‍ ശിക്ഷ ഏര്‍പ്പെടുത്തി.

സത്യം തെളിയിക്കുന്നതിനു വേണ്ടി, ചീങ്കണ്ണിയും പാമ്പുമുള്ള ആറ്റില്‍ ചാടുക, ചുട്ടുപഴുത്ത ഇരുമ്പ് കൈയ്യില്‍ എടുക്കുക, തിളച്ച എണ്ണയില്‍ കൈമുക്കുക എന്നീ പരീക്ഷകള്‍ ക്രൈസ്തവര്‍ ചെയ്യുന്നതിനെ വിലക്കിക്കൊണ്ട് മനുഷ്യമാഹാത്മ്യത്തെ സൂനഹദോസ് ഉയര്‍ത്തിപ്പിടിച്ചു.

ആതുരശുശ്രൂഷയും മദ്യനിരോധനവും
കാരുണ്യത്തിന്‍റെ ആര്‍ദ്രഭാവം രോഗീപരിചരണത്തിലും അത്യാവശ്യമാണെന്നാണ് സൂനഹദോസിന്‍റെ വാദം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ക്രിസ്തീയ ആത്മീയതയുടെ അടിത്തറയാണ്. വൈദികധര്‍മ്മം രോഗീലേപനത്തിനു മുന്‍കരുതല്‍ കൊടുക്കണം. വസൂരി രോഗബാധിതരെപോലും സ്വജീവന്‍ പണയപ്പെടുത്തിക്കൊണ്ടു പരിചരിക്കാന്‍ തയ്യാറാകണം എന്ന സൂനഹദോസിന്‍റെ തീരുമാനം ഇന്നത്തെ ആധുനിക കാഴ്ചപ്പാടുകളെപ്പോലും വിസ്മയിപ്പിക്കുന്നതാണ്. ആതുരശുശ്രൂഷയുടെ ഈ ചരിത്രപാതയില്‍ ചരിച്ചുകൊണ്ടാണ് പാവപ്പെട്ടവര്‍ക്കുപോലും കയറി ചെല്ലാന്‍ പറ്റുന്ന നിരവധി ആതുരാലയങ്ങള്‍ ക്രൈസ്തവ സമൂഹം നടത്തുന്നത്.

ക്രിസ്ത്യാനികള്‍ മദ്യം ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും സൂനഹദോസ് നിയമംമൂലം വിലക്കി. ഇന്നു സഭ മദ്യനിരോധനത്തിനും മദ്യവര്‍ജനത്തിനും സമൂഹത്തിന്‍റെ മുന്‍പന്തിയില്‍ വീറോടെ നില്‍ക്കുന്നതിന് കാരണം നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പൈതൃകമായി ലഭിച്ചിട്ടുള്ള ഈ പ്രബോധനത്തിന്‍റെ ഉള്‍ക്കാഴ്ചയാണ് എന്ന സത്യം വിസ്മരിക്കാന്‍ പാടില്ല.

കള്ളത്രാസും കൊള്ളപ്പലിശയും നിഷിദ്ധം
16-ാം നൂറ്റാണ്ടില്‍ ക്രിസ്ത്യാനികളുടെ ഇടയിലും മറ്റു സമൂഹങ്ങളിലും സാമ്പത്തികമായ വെട്ടിപ്പും തട്ടിപ്പും കൊള്ളപ്പലിശയും സര്‍വ്വ വ്യാപകമായി നിലനിന്നിരുന്നു. ഉദയംപേരൂര്‍ സൂനഹദോസ് ഇക്കാര്യത്തില്‍ ശക്തമായ നിലപാടാണ് എടുത്തത്. പൊതുവേ അംഗീകൃതമായ പത്തുശതമാനം പലിശനിരക്കിനേക്കാള്‍ കൂടുതല്‍ വാങ്ങുന്നവര്‍ക്ക് മഹറോന്‍ ശിക്ഷയാണ് കല്പിച്ചിട്ടുള്ളത്. ഈടായിവെച്ചിട്ടുള്ള വസ്തുക്കളുടെയും സ്വത്തുക്കളുടെയുംമേല്‍ ചുമത്തിയിരുന്ന ഒരു ശതമാനം പലിശയും അതിന് വീഴ്ച വരുത്തിയാല്‍ രണ്ടു ശതമാനം എന്ന തോതിലുള്ള അന്യായ പലിശയും നിയമംമൂലം നിരോധിച്ചു.

ഭാഷാപരമായ നേട്ടം (ഉദയംപേരൂര്‍ സൂനഹദോസും മലയാളഭാഷയും)
പോര്‍ച്ചുഗീസ് ഭാഷയിലായിരുന്നു മെനേസിസ് മെത്രാപ്പോലീത്ത ഡിക്രികള്‍ തയ്യാറാക്കിയതെങ്കിലും അവയെല്ലാം മലയാളത്തിലുംകൂടി വിവര്‍ത്തനം ചെയ്തു. ഇതിനു മേല്‍നോട്ടം വഹിച്ച ഫാദര്‍ ഫ്രാന്‍സീസ് റോസു എസ്.ജെയുടെ മാതൃഭാഷയായ 'കത്തലാനി'ന്‍റെ സ്വാധീനവും സുറിയാനിയില്‍ നിന്നും കടമെടുത്ത നിരവധി പദങ്ങളും മലയാളഭാഷയ്ക്ക് മുതല്‍കൂട്ടായി എന്നതിനു സംശയമില്ല. സൂനഹദോസില്‍ പങ്കെടുത്ത പ്രതിനിധികളെല്ലാവരും ഒപ്പുവെച്ച മലയാളഭാഷയിലുള്ള കാനോനകള്‍ ഗദ്യഭാഷാചരിത്രത്തില്‍ ഒരു പുതിയ സരണി വെട്ടിതുറന്നതായി കാണാം. അക്കാലത്തെ നമ്പ്യാതമിഴിന്‍റെ കൃത്രിമശൈലിയില്‍ നിന്നും മോചനംനേടിയ ഗദ്യം പ്രയോഗഭാഷയുടെ ജൈവികസാന്നിധ്യമായി. ബൗദ്ധികതയ്ക്കും യുക്തിക്കും, വ്യക്തികേന്ദ്രീകരണത്തിനും ലോകാവബോധത്തിനും മാനവികതയ്ക്കും പ്രാധാന്യം നല്‍കാനും നവീകരണാശയങ്ങള്‍ സാധാരണക്കാരിലേക്കു എളുപ്പം എത്തിക്കാനും നിയമങ്ങള്‍ കൃത്യമായി പാലിക്കാനും തദ്ദേശീയ ഭാഷയിലൂടെ അതിവേഗം സാധിക്കും എന്ന സുനഹദോസിന്‍റെ കാഴ്ചപ്പാടിനെ മലയാള സാംസ്കാരികലോകത്തിനു വിസ്മരിക്കാനാകില്ല.

അജപാലന നേട്ടങ്ങള്‍
മുകളില്‍ സൂചിപ്പിച്ചതുപോലെ മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ നൂറ്റാണ്ടുകളായി അനുഷ്ഠിച്ചുപോന്ന ആരാധനാക്രമം, സഭാനിയമം, ദൈവശാസ്ത്രം എന്നീ തലങ്ങളില്‍ സുനഹദോസ് അപ്രിയങ്ങളായ നിരവധി മാറ്റങ്ങള്‍ വരുത്തി. എന്നിരുന്നാലും സഭാപരവും ഭരണപരവുമായ കാര്യങ്ങളില്‍ സുനഹദോസ് ഈടുറ്റ സംഭാവന നല്‍കി എന്നതിന് തര്‍ക്കമില്ല. 'പഗോഡ' ശൈലിയില്‍നിന്ന് പാശ്ചാത്യ വാസ്തുകലയില്‍ പള്ളികളുടെ മുഖവാരവും ഗോപുരവും പുനര്‍ നിര്‍മ്മിക്കാന്‍ പാശ്ചാത്യമിഷനറിമാര്‍ ഇവിടുത്തെ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. ക്രിസ്തീയ ദേവാലയം മറ്റു മതസ്ഥരില്‍ നിന്ന് വ്യതിരിക്തവും വേറിട്ടു നില്‍ക്കുന്നതുമായിരിക്കണം എന്ന കാഴ്ചപ്പാടാണ് ഇതിലൂടെ സ്ഥാപിച്ചെടുത്തത്. ദേവാലയത്തിന്‍റെ അകത്തായിരുന്നു പള്ളിമണികള്‍ തൂക്കിയിട്ടിരുന്നത്. എന്നാല്‍ പള്ളിക്കുപുറത്ത് എല്ലാവര്‍ക്കും കാണുവാനും കേള്‍ക്കുവാനും സാധിക്കുന്ന വിധത്തില്‍ ഗോപുരങ്ങള്‍ നിര്‍മ്മിച്ച് അവയില്‍ മണികള്‍ തൂക്കണമെന്ന് സുനഹദോസ് കല്പിച്ചു.

അനുദിന കുര്‍ബാനയര്‍പ്പിക്കുന്നതും രോഗികളായി കഴിയുന്നവര്‍ക്ക് തിരുപാഥേയം നല്കുന്നതും, മാതാവിനോടുള്ള ഭക്താഭ്യാസങ്ങളും പ്രത്യേകിച്ച് ജപമാല ചൊല്ലുന്നതും പ്രോത്സാഹിപ്പിച്ചു. കുമ്പസാരം എന്ന കൂദാശയ്ക്ക് വളരെയധികം പ്രാധാന്യം നല്‍കി. ആരാധനാക്രമാനുഷ്ഠാനങ്ങള്‍ ചിട്ടയായും ലളിതമായും ആഘോഷമായും മനോഹരമായും ക്രമീകരിക്കാന്‍ നടപടികളെടുത്തു. വൈദികരുടെ ജീവിതച്ചെലവിന് ന്യായമായ 'വികാരിഭോഗം' ലഭ്യമാക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സൂനഹദോസ് പ്രത്യേകം ശ്രദ്ധചെലുത്തി.

അജപാലനത്തിനും ഭരണ സൗകര്യത്തിനുമായി മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ രൂപതയെ ഇടവകകളായി തിരിക്കുവാന്‍ തീരുമാനമെടുത്തു. ജനനമരണ കണക്കുകള്‍ സൂക്ഷിക്കുന്ന രജിസ്റ്ററും, വിവാഹ രജിസ്റ്ററും ഇടവകയില്‍ സൂക്ഷിക്കണമെന്നും കാനോനകളിലൂടെ നിര്‍ബന്ധമാക്കി. അപ്രകാരം ഓരോ ഇടവകയുടെയും രേഖാപരമായ നിലനില്പിന്‍റെ ചരിത്രം നിലവില്‍ വരാന്‍ ഇടയായി.

പള്ളികളോടു ചേര്‍ന്നു സെമിത്തേരികള്‍ പണിയണമെന്നും, മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് കാര്‍മ്മികന്‍ സൂര്‍പ്പളസും, ഊറാറയും ധരിച്ച് മൃതദേഹത്തെ അനുഗമിക്കണമെന്നും, വിലാപയാത്രയായിവേണം മരിച്ചവരെ അടക്കം ചെയ്യുവാന്‍ കൊണ്ടുവരേണ്ടതെന്നും സൂനഹദോസ് കല്പിച്ചു.

ഉദയംപേരൂര്‍ സുനഹദോസില്‍, മെനേസിസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍, മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ പ്രതിനിധികള്‍ ഒരുമിച്ചുകൂടി എടുത്ത തീരുമാനങ്ങള്‍ ഉദ്ദേശിച്ചപോലെ പ്രാബല്യത്തില്‍ എത്തിയില്ലെങ്കിലും അതു അവരിലും പൊതു സമൂഹത്തിലും വ്യക്തമായ സ്വാധീനം ചെലുത്തുവാന്‍ കാരണമായിട്ടുണ്ട്.

ഒരു സമൂഹത്തിന്‍റെ സര്‍വതോന്മുഖമായ പരിവര്‍ത്തനത്തിനും നവീകരണത്തിനും വിപ്ലവാത്മകമായ നടപടികളും യുദ്ധങ്ങളും സമരപരിപാടികളും കോലാഹലങ്ങളുമല്ല കരണീയമായിട്ടുള്ളത്. സമചിത്തതയോടെയും കൂടിയാലോചനകളിലൂടെയും സംവാദത്തിലൂടെയും സമൂഹത്തിന്‍റെ ഉപരി നന്മയ്ക്ക്, ഉചിതമായ തീരുമാനമെടുക്കാന്‍ പൊതുസമൂഹത്തിന് സാധിക്കുമെന്നുള്ള പാഠമാണ് ഉദയംപേരൂര്‍ സൂനഹദോസ് നല്കുന്നത്.

ഈ സൂനഹദോസിലൂടെ നല്കപ്പെട്ട മാനവികതയുടെ പുത്തന്‍പാഠങ്ങളാണ് കാലക്രമത്തില്‍ ക്രൈസ്തവ സമൂഹത്തില്‍ പ്രതിഫലിച്ചതും, കേരള നവോത്ഥാനത്തിന് ഈടുറ്റ സംഭാവനകള്‍ നല്കിയതും. കേരളസമൂഹത്തിന്‍റെ നവനിര്‍മിതിക്ക് ഉദാത്തമായ സംഭാവനകള്‍ നല്കിയ ക്രൈസ്തവ സമൂഹം ഇന്നും എന്നും കരുത്തുറ്റ സുവിശേഷമൂല്യങ്ങളാല്‍ പ്രോജ്വലിച്ചുകൊണ്ടിരിക്കും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org