''ഉബുണ്ടു''

ശ്രേഷ്ഠ ജീവിതത്തിന്, ആഫ്രിക്കന്‍ വഴി
''ഉബുണ്ടു''
വിശുദ്ധ ബൈബിളില്‍ (മത്താ. 7:12) പറയുന്ന 'മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ചെയ്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍' എന്ന സുവര്‍ണ്ണ വചനത്തിന്റെ അപരനാമമാണ് 'ഉബുണ്ടു' എന്നു പറയാം.

ആഗ്ലിക്കന്‍ ബിഷപ്പും, ആഫ്രിക്കയിലെ വര്‍ണ്ണവിവേചനത്തിനെതിരെ മുന്നണിപ്പോരാളിയുമായിരുന്ന ആര്‍ച്ചുബിഷപ്പ് ഡെസ്മന്റ് ടിറ്റു അവതാരിക എഴുതി, ബിഷപ്പിന്റെ കൊച്ചുമകള്‍ മുങ്കിഗോമനെ എഴുതിയ പുസ്തകമാണ് ''ദൈനം-ദിന ഉബുണ്ടു- ശ്രേഷ്ഠജീവിതത്തിന്, ആഫ്രിക്കന്‍ വഴി'' എന്ന വിഖ്യാത പുസ്തകം (Ubundu - Living Better Together, The African Way).

ധീരതയോടെ, സ്‌നേഹത്തോടെ പരസ്പര ബന്ധിതരായി ഒരു സമൂഹമായി മനുഷ്യര്‍ ജീവിക്കേണ്ടതിന്റെ ആവശ്യകഥയെപ്പറ്റി പറയുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആഫ്രിക്കന്‍ സിദ്ധാന്തമാണ് 'ഉബുണ്ടു'. ഇതൊരു ജീവിത ദര്‍ശനമാണ്. ഭാരത ദര്‍ശനത്തില്‍ 'ലോകത്തിനു മുഴുവന്‍ സുഖം വരട്ടെ' (ലോകാ സമസ്താ സുഖിനോ ഭവന്തു) എന്ന ശാന്തിമന്ത്രം പോലെയോ അഥവാ 'ലോകം ഒരു കുടുംബം' (വസുധൈവ കുടുംബകം) എന്ന ഉപനിഷത്ത് വചനം പോലെയോ താരതമ്യം ചെയ്യാവുന്ന ഒന്ന്. ഒരു വ്യക്തി വ്യക്തിയാവുന്നത് മറ്റുള്ളവരിലൂടെയാണ് (A person is a person through other persons) എന്ന ആശയമാണ് 'ഉബുണ്ടു.' വാമൊഴിയായി നൂറ്റാണ്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും 19-ാം നൂറ്റാണ്ടു മുതലാണ് എഴുത്തുഭാഷകളില്‍ ഉബുണ്ടു പ്രകാശിതമായി തുടങ്ങുന്നത്.

നാം ജീവിതത്തില്‍ പഠിക്കുന്നതും, മനസ്സിലാക്കുന്നതും, ചെയ്യുന്നതുമായ ഏതൊരു കാര്യവും അപരനുമായുള്ള ബന്ധത്തിലൂടെ സാധ്യമാകുന്നതാണ്. അങ്ങനെയെങ്കില്‍ മറ്റുള്ളവരോടുള്ള നമ്മുടെ ചിന്തകള്‍, പ്രവൃത്തികള്‍ നാം തന്നെ പരിശോധിക്കേണ്ടിയിരിക്കുന്നു. കാരണം നമ്മുടെ ചിന്തകളും പ്രവൃത്തികളും മറ്റുള്ളവരെ എങ്ങനെ ബാധിക്കും എന്ന് നാം കരുതേണ്ടതുണ്ട്. ഈ പുസ്തകം എഴുതിയതിനു പിന്നില്‍ വിശിഷ്ടമായ ഈ സിദ്ധാന്തം വരും തലമുറകള്‍ക്ക് കൈമാറ്റം ചെയ്യാനുള്ള തന്റെ ആഗ്രഹമാണ് എഴുത്തുകാരി പ്രകടമാക്കുന്നത്.

ദിവസേന 'ഉബുണ്ടു' പരിശീലിക്കുകയും നമ്മുടെ ദൈനം-ദിന ജീവിതത്തില്‍ നാം കണ്ടുമുട്ടുന്നവരോടോ, സന്ദര്‍ഭങ്ങളിലോ ഈ സിദ്ധാന്തപ്രകാരം പെരുമാറാന്‍ കഴിഞ്ഞാല്‍ നമുക്കും മറ്റുള്ളവര്‍ക്കും ജീവിതത്തില്‍ സന്തോഷം നിറയും. പ്രാകൃതമെന്നോ, കറുത്തവരെന്നോ, പുരോഗമനം വന്നെത്തിയിട്ടില്ലാത്തവരെന്നോ നാം കരുതിപ്പോന്ന ആഫ്രിക്കന്‍ ജനത ലോകത്തിന് നല്‍കിയ മഹത്തായ സംഭാവനയാണ് 'ഉബുണ്ടു' എന്ന തത്വചിന്ത.

വിശുദ്ധ ബൈബിളില്‍ (മത്താ. 7:12) പറയുന്ന 'മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ചെയ്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍' എന്ന സുവര്‍ണ്ണ വചനത്തിന്റെ അപരനാമമാണ് 'ഉബുണ്ടു' എന്നു പറയാം.

'ഉബുണ്ടു' പരിശീലിക്കുകവഴി, ഒരു പടി കൂടി കടന്ന്, ദൈനം-ദിന ചിന്തകളിലൂടെയും പ്രവൃത്തികളിലൂടെയും കണ്ടുമുട്ടുന്ന ഓരോരുത്തരെയും അനശ്വര മൂല്യമുള്ളവ രായി കരുതുന്നു, മനുഷ്യര്‍ പരസ്പരവും, മനുഷ്യരും പ്രകൃതിയും തമ്മില്‍ പാലങ്ങള്‍ സൃഷ്ടിക്കുക വഴി കൂടുതല്‍ പ്രചോദനാത്മകവും പ്രസാദവുമുള്ള ജീവിതക്രമം സൃഷ്ടിക്കാന്‍ നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും നമ്മുടെ പ്രവൃത്തികള്‍, വാക്കുകള്‍, മൗനം, നിഷ്‌ക്രിയത എന്നിവ വഴി കണ്ടുമുട്ടുന്നവരില്‍ കരുതലിന്റെ ബന്ധം സ്ഥാപിക്കാന്‍ ഇത് നമ്മെ സഹായിക്കുന്നു.

കണ്ണുകളും, മനസ്സും, ഹൃദയവും പുതിയൊരു ജീവിത സിദ്ധാന്തത്തെ അനുഭവിച്ചറിയുവാന്‍ 'ഉബുണ്ടു' എന്ന പുസ്തകം സഹായിക്കുമെന്നും, ഒരു സിദ്ധാന്തത്തിനുപരി നാം ആയിരിക്കുന്ന അവസ്ഥയായി മാറുന്നു (So, it is not simply a way of behaving, it is indeed a way of being!) എന്നും ആര്‍ച്ച്ബിഷപ്പ് പുസ്തകത്തിന്റെ മുഖവുരയില്‍ പറയുന്നു.

ചുരുക്കത്തില്‍ 14 സിദ്ധാന്തങ്ങളിലൂടെ മഴവില്‍ രാജ്യമായ ആഫ്രിക്ക 'ഉബുണ്ടു' ലോകത്തിന് പ്രചോദനമാകുന്നു.

1. മറ്റുള്ളവരില്‍ നിന്നെ കാണുക

നമ്മുടെ ചുറ്റുപാടുകളില്‍ ഉള്ളവരുമായി നമുക്കുള്ള ബന്ധത്തെ തിരിച്ചറിയുക. മറ്റുള്ളവരില്‍ നന്മ കണ്ടാല്‍, ജീവിതം കൂടുതല്‍ വിലയേറിയതും, മൂല്യമുള്ളതും, ദയയുള്ളതും, പരസ്പരബന്ധിതവുമായിരിക്കും. 'ഉബുണ്ടു' മനുഷ്യരാശിക്ക് ആകെ ഒരേ മൂല്യം കല്പിക്കുന്നു. പരസ്പരം തുലനം ചെയ്യാതെ ഓരോരുത്തരുടേയും സംഭാവനയെ മാനിച്ച് ജീവിക്കുക.

2. ഒരുമയില്‍ ആണ് ശക്തി

നമ്മുടെ ജീവിതലക്ഷ്യം നേടിയെടുക്കുവാന്‍ ചുറ്റുമുള്ള സമാനശക്തികളോട് നാം ചേര്‍ന്നു നില്ക്കണം. അന്വേഷിച്ചാല്‍ ചുറ്റിലും നമ്മെ സഹായിക്കാന്‍ തയ്യാറുള്ളവരുണ്ട്. ഒറ്റയ്ക്ക് നീങ്ങുന്നത് പ്രകൃതി വിരുദ്ധമാണ്.

3. മറ്റുള്ളവരുടെ സ്ഥാനത്ത് നമ്മെ കണ്ടു നോക്കുക.

നിങ്ങളോട് വിയോജിപ്പുള്ളവരോടുപോലും സംസാരിക്കുക. എന്തുകൊണ്ടാണ് വിരുദ്ധ ചിന്താഗതി എന്ന് ചിന്തിച്ചുനോക്കുക. മറ്റുള്ളവരുടെ ചിന്തകളോട് പൂര്‍ണ്ണമായും യോജിക്കാന്‍ ആവില്ലെങ്കിലും, പുതിയ അനുഭവം പങ്കിട്ട് രണ്ടു കൂട്ടര്‍ക്കും നേട്ടം കണ്ടെത്താം.

4. വിശാല കാഴ്ചപ്പാട് ഉണ്ടായിരിക്കുക

നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളെ വിശാല ലോകക്രമവുമായി നോക്കി വലിയ കാഴ്ചപ്പാട് നിലനിര്‍ത്തുക. ചുരുങ്ങിയ ചിന്താഗതി നമ്മെ ശുഷ്‌കരാക്കും. ജീവിതത്തിലെ ഒരു സംഭവവും പൂര്‍ണ്ണമായും തെറ്റോ ശരിയോ അല്ല. ശരിക്കും തെറ്റിനുമിടയില്‍ നിങ്ങളുടെ കണ്ണ് പായിക്കുക.

5. നിങ്ങളും മറ്റുള്ളവരും അന്തസ്സും ബഹുമാനവുമുള്ളവരായിരിക്കുക

നിങ്ങളെ തന്നെ സ്‌നേഹിക്കുകവഴി ആന്തരീക സൗഖ്യം അനുഭവിക്കുക. ദിനംതോറും ഒന്നോ രണ്ടോ ചെറിയ കാര്യങ്ങള്‍ മനസ്സിന് സുഖം തരുന്നത് ചെയ്യുക. നല്ല ഭക്ഷണമോ, കായിക പരിശീലനമോ, ധ്യാനമോ, നല്ല സുഹൃത്തോ എന്തുമാവാം. മനസ്സിനും ശരീരത്തിനും ഒരുപോലെ പ്രാധാന്യം കൊടുക്കുക. സ്വയം ബഹുമാനിക്കുന്നതുപോലെ, മറ്റുള്ളവര്‍ക്കും ബഹുമാനം കൊടുക്കുക.

6. എല്ലാവരിലുമുള്ള നന്മയില്‍ വിശ്വസിക്കുക

നമ്മള്‍ തിരഞ്ഞാല്‍ മറ്റുള്ളവരില്‍ തീര്‍ച്ചയായും നന്മ കണ്ടെത്താം. മറ്റുള്ളവരിലെ നന്മ കണ്ടെത്തി അവര്‍ക്ക് ആത്മവിശ്വാസം പകരുക. മനുഷ്യര്‍ പൊതുവേ സങ്കീര്‍ണ്ണരാണെങ്കിലും ഭൂരിഭാഗം ആള്‍ക്കാരും നന്മ സൂക്ഷിക്കുന്നവരാണ്.

7. ശുപാപ്തി വിശ്വാസത്തിനുപരി പ്രതീക്ഷ പുലര്‍ത്തുക

പ്രതീക്ഷ നമ്മുടെ തന്നെത്തന്നെയും മറ്റുള്ളവരുടെയും അതിശയകരമായ വളര്‍ച്ചയ്ക്കുള്ള സമ്മാനമാണ്. ഏതു ജീവിത സാഹചര്യത്തിലും പ്രതീക്ഷയ്ക്ക് മുന്‍തൂക്കം കൊടുക്കുക പ്രത്യേകിച്ച് നിരാശ നിറഞ്ഞ സന്ദര്‍ഭങ്ങളില്‍ പ്രതീക്ഷ കൈവിടാതിരിക്കുക.

8. മറ്റുള്ളവരുമായി ബന്ധപ്പെട്ടിരിക്കാന്‍ ശ്രദ്ധിക്കുക

അന്തര്‍മുഖനോ ബഹിര്‍മുഖനോ ആരാണെങ്കിലും മനുഷ്യര്‍ ഒരുമിച്ച് ജീവിക്കാനാണ് സൃഷ്ടിക്കപ്പെട്ടത്. നല്ല ബന്ധങ്ങള്‍ ധനത്തെക്കാളും വസ്തുക്കളെക്കാളും സന്തോഷം പകരും. ഏകാന്തതയിലും അസ്വസ്ഥമായ അവസ്ഥയിലും മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലാവാന്‍ ശ്രമിക്കുന്നത് മനസ്സുഖം പ്രധാനം ചെയ്യും.

9. ക്ഷമയുടെ ശക്തി

നമ്മള്‍ ജീവിതത്തില്‍ ആരോടെങ്കിലും വിദ്വേഷമുള്ളവരായിരിക്കുന്നത് സ്വാഭാവികമാണ്. ക്ഷമിക്കുക വഴി നമ്മുടെയും മറ്റുള്ളവരുടെയും ഭാരങ്ങള്‍ ഇല്ലാതാകുന്നു. കുടുംബങ്ങളിലും, വ്യക്തികള്‍ തമ്മിലും ക്ഷമ പഴയകാല വ്യഥകള്‍ അലിയിച്ച് ഇല്ലാതാക്കി പുതുജീവന്‍ പ്രധാനം ചെയ്യുന്നു.

10. വൈരുധ്യത്തെ പുണരുക

മനുഷ്യകുലം തന്നെ വളരെ വ്യത്യസ്തതകള്‍ ഉള്ളവരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. എത്രമാത്രം സംസ്‌കാരങ്ങള്‍, പ്രതിഭകള്‍, അഭിപ്രായങ്ങള്‍, കാഴ്ചപ്പാടുകള്‍ നമുക്ക് ചുറ്റിലുമുണ്ട്? ഇവയെല്ലാംകൂടിച്ചേരുമ്പോഴാണ് ലോകക്രമം ഉണ്ടാകുന്നത്. ഇതില്‍നിന്നെല്ലാം ശക്തി സ്വാംശീകരിച്ചുവേണം പുരോഗമിക്കുവാന്‍.

11. യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക

നമ്മള്‍ ആയിരിക്കുന്ന അവസ്ഥയെ അംഗീകരിക്കുക. തദ്വാര നാം ആയിരിക്കേണ്ട സ്ഥാനം മനസ്സിലാക്കുക. യാഥാര്‍ത്ഥ്യത്തെ മറച്ചുവച്ചാല്‍ നമ്മള്‍ ആയിരിക്കേണ്ട അവസ്ഥ നേടിയെടുക്കാനാവില്ല. മറ്റുള്ളവരുമായി യാഥാര്‍ത്ഥ്യം പങ്കുവച്ച്, അവരുടെ സഹായത്തോടെ ശക്തി സ്വീകരിച്ച് വളര്‍ച്ച നേടണം.

12. മനുഷ്യകുലത്തിലെ നര്‍മ്മം കണ്ടുപിടിക്കുക

ഓരോ അവസ്ഥയിലും നര്‍മ്മം കണ്ടുപിടിക്കുക എന്നത് ഒരു വിലയേറിയ അനുഭവവും, അനുഗ്രഹവുമാണ്. ചിരിക്കുക, ചിരിക്കാന്‍ പ്രേരിപ്പിക്കുക അത് നിങ്ങളുടെയും മറ്റുള്ളവരുടെയും ആന്തരീക ശക്തി വര്‍ധിപ്പിക്കും. ചിരിക്കുവാനുള്ള കഴിവ് മനുഷ്യകുലത്തിനുമാത്രമുള്ള കഴിവാണ്.

13. ചെറിയ കാര്യങ്ങള്‍ വലിയ വ്യത്യാസം വരുത്തുന്നത് എന്തുകൊണ്ട്?

പലപ്പോഴും നാം ചെയ്യുന്ന ചെറിയകാര്യങ്ങള്‍ അധിക പ്രസക്തമല്ലെങ്കിലും, നമ്മുടെ ശീലങ്ങള്‍, സ്വഭാവവൈശിഷ്ട്യങ്ങള്‍, നമ്മുടെ പരിസരശുദ്ധി, പെരുമാറ്റം, നിലപാടുകള്‍ എന്നിവ മറ്റുള്ളവര്‍ നമ്മളില്‍ ആകൃഷ്ടരാകാന്‍ കാരണമാകും. അതുവഴി മറ്റുള്ളവരുടെ ജീവിതത്തിന് നാം പ്രചോദനം നല്കുന്നു.

14. ശ്രദ്ധിക്കുക അപ്പോള്‍ നമ്മള്‍ക്ക് കേള്‍ക്കാം

'ഉബുണ്ടു'വിന്റെ പ്രധാന അടിത്തറ ആശയവിനിമയമാണ്. നാം കണ്ടുമുട്ടുന്നവര്‍ കേള്‍ക്കുവാനാഗ്രഹിക്കുന്നവരാണ്. മറ്റുള്ളവരെ വളരെ ശ്രദ്ധയോടെ കേള്‍ക്കുക. കൂടുതല്‍ മനസ്സിലാക്കാനും, ആത്മബന്ധമുണ്ടാകുവാനും, മുന്‍വിധി ഇല്ലാതെ പ്രവര്‍ത്തിക്കുവാനും അതുവഴി ശ്രേഷ്ഠമായ മനുഷ്യത്വം ഉണ്ടാകുവാനും ശ്രദ്ധയോടെയുള്ള കേള്‍വി ആവശ്യമാണ്. മനസ്സും, ഹൃദയവും, കാതുകളും തുറക്കുന്നതിലൂടെ മറ്റുള്ളവരില്‍ നമ്മെ കാണാന്‍ സാധിക്കുന്നു.

വായനക്കാര്‍ക്കും, പരിശീലകര്‍ക്കും ഈ പുസ്തകം ഒരു അമൂല്യനിധിയായിരിക്കുമെന്നത് നിസ്സംശയം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org