സീറോ മലബാര്‍ സഭയിലെ രണ്ടു സഭാദര്‍ശനങ്ങള്‍

സീറോ മലബാര്‍ സഭയിലെ രണ്ടു സഭാദര്‍ശനങ്ങള്‍

കഴിഞ്ഞവര്‍ഷം ആഗസ്റ്റ് മാസത്തില്‍ സീറോ മലബാര്‍ സഭയിലെ മെത്രാന്‍ സിനഡ് കുര്‍ബാനയര്‍പ്പണത്തില്‍ ഐകരൂപ്യവും അതുവഴി ഐക്യവും ഉണ്ടാക്കാന്‍ വേണ്ടി, സഭയിലെല്ലായിടത്തും ഒരുപോലെ കാര്‍മ്മികന്‍ ഒരേദിശയില്‍നിന്ന് ബലിയര്‍പ്പിക്കണമെന്നു കല്പിച്ചതു മുതല്‍ മുമ്പത്തേക്കാളേറെ അനൈക്യവും അച്ചടക്കരാഹിത്യവും അസ്വസ്ഥതകളും ഉണ്ടായിക്കൊണ്ടിരിക്കുകയാണല്ലോ. ഇങ്ങനെയൊക്കെ സംഭവിക്കാനിടയുണ്ടെന്ന് അന്നു പലരും എഴുതുകയും പറയുകയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ ഈ ലേഖകനും അങ്ങനെ ആശങ്കപ്പെട്ടിരുന്നു. അതിനു ചില കാരണങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. അമ്പതില്‍പരം വര്‍ഷം ചെയ്തുപോന്നിരുന്ന ജനാഭിമുഖ രീതിയോടുള്ള വൈകാരികമായ ബന്ധം, അതു മാറ്റാനുള്ള വൈമുഖ്യം, ജനാഭിമുഖകുര്‍ബാന അര്‍പ്പിക്കുന്നതുകൊണ്ടുള്ള അനുഭവപരവും അജപാലനപരവുമായ ഗുണങ്ങള്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നവീകരണ വീക്ഷണം നല്‍കുന്ന പ്രചോദനം, തെക്കന്‍ രൂപതകളും വടക്കന്‍ രൂപതകളും തമ്മിലുള്ള മത്സരക്കളിയും ശക്തിപ്രയോഗവും, എന്നിങ്ങനെ പല കാരണങ്ങളും പല മാധ്യമങ്ങളിലും വിശകലന വിധേയമാക്കിയിരുന്നു. എന്നാല്‍, ഇവയ്‌ക്കെല്ലാം അടിസ്ഥാനമെന്നോണം, ഇവയിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും കാണുന്നതും ഇവയുടെ അടിയില്‍ കിടക്കുന്നതുമായ, സീറോ മലബാര്‍ സഭയെക്കുറിച്ചുള്ള രണ്ടു വ്യതിരിക്ത വീക്ഷണങ്ങളെ അല്പം കൂടി വിശദീകരിക്കുന്നത്, ഈയവസരത്തില്‍ നന്നായിരിക്കുമെന്നു കരുതുന്നു. ഈ വീക്ഷണങ്ങള്‍ വ്യതിരിക്തങ്ങളെന്നു മാത്രമല്ല, പരസ്പര വിപരീതങ്ങളും കൂട്ടിമുട്ടാന്‍ മിക്കവാറും സാധ്യതയില്ലാത്തതുമാണെന്നുമാണ് ഈ ലേഖകനു തോന്നിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇവ രണ്ടും രണ്ടു ക്യാമ്പുകളിലായി നിലനില്‍ക്കുന്നിടത്തോളം കാലം ഈ സഭയില്‍ ലിറ്റര്‍ജിയിലെന്നു മാത്രമല്ല, ദൈവശാസ്ത്രം, ആത്മീയത മുതലായ സഭാപരമായ മറ്റു മേഖലകളിലും യോജിപ്പിലെത്തുക എളുപ്പമല്ലയെന്നാണ് ഈ ലേഖകന്‍ കരുതുന്നത്. ഒരു സഭയായി മുന്നോട്ടു പോകണമെങ്കില്‍ വൈവിധ്യത്തെ അംഗീകരിക്കുന്ന സമാശ്ലേഷിത മനോഭാവത്തിലുള്ള തീരുമാനങ്ങള്‍ കൊണ്ടേ അതു സാധ്യമാവൂ എന്നര്‍ത്ഥം.

വ്യത്യസ്ത ദര്‍ശനങ്ങള്‍

മുകളില്‍ പറഞ്ഞ രണ്ടു ദര്‍ശനങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ അവയെ അക്കമിട്ടു താഴെ നിരത്താം. ഒന്നിനെ ഭാരതീയ ദര്‍ശനമെന്നും രണ്ടാമത്തേതിനെ കല്‍ദായ ദര്‍ശനമെന്നും സൗകര്യത്തിനുവേണ്ടി വിളിക്കട്ടെ, നിഷ്‌കൃഷ്ടാര്‍ത്ഥത്തില്‍ അങ്ങനെയല്ലെങ്കിലും.

1. സഭാസ്ഥാപകനില്‍നിന്നു തന്നെ തുടങ്ങട്ടെ. ഇരുകൂട്ടരും ഈ സഭയുടെ സ്ഥാപക പിതാവ് മാര്‍ തോമാശ്ലീഹയാണെന്നു പ്രഖ്യാപിക്കുമെങ്കിലും, അവര്‍ അതിനു നല്‍കുന്ന വ്യാഖ്യാനങ്ങള്‍ വ്യത്യസ്തങ്ങളാണ്. ഭാരതീയ ദര്‍ശനക്കാരുടെ ബോധ്യമനുസരിച്ച്, തോമാശ്ലീഹ ഭാരതത്തില്‍ മാത്രം വരുകയും, ഈ ക്രൈസ്തവസമൂഹം മാത്രം സ്ഥാപിക്കുകയും ഈ സഭയുടെ മാത്രം പിതാവായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു. സഭയുടെ സ്ഥാപന പ്രക്രിയയിലോ സ്ഥാപകന്‍ വഴിയോ ഈ സഭയ്ക്കു കല്‍ദായ സഭയുമായി ഒരു ബന്ധവുമില്ല. മാത്രമല്ല, തോമാശ്ലീഹ സ്ഥാപിച്ച നമ്മുടെ സഭ ആ ശ്ലീഹയുടെ ശിഷ്യന്മാരായി കരുതപ്പെടുന്ന അദ്ദായിയും മാറിയും മറ്റും സ്ഥാപിച്ച കല്‍ദായസഭയെക്കാള്‍ പൗരാണികവുമാണ്; തീര്‍ത്തും അപ്പസ്‌തോലികവും.

എന്നാല്‍, കല്‍ദായദര്‍ശനക്കാരുടെ കാഴ്ചപ്പാടില്‍, ഭാഷ (സുറിയാനി), ശിഷ്യന്മാര്‍ (അദ്ദായി, മാറി), സംസ്‌കാരം (മധ്യപൂര്‍വദേശം മുതല്‍ ഭാരതം വരെ ഒന്നിച്ചു പരന്നുകിടക്കുന്ന പുരാതന പൗരസ്ത്യ സംസ്‌കാരം) മുതലായവ വഴി സ്ഥാപനകാലം മുതലേ നാം പേര്‍ഷ്യയുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്തിന്, ഒരുപക്ഷേ തോമാശ്ലീഹ തന്നെ അവിടം വഴിയായിരിക്കാം ഇവിടേക്കു വന്നതെന്നു വിശ്വസിക്കാനാഗ്രഹിക്കുന്നവര്‍വരെ അക്കൂട്ടരിലുണ്ട്.

2. മുകളില്‍ സൂചിപ്പിച്ച വ്യാഖ്യാനത്തിന്റെ വ്യാത്യാസം മൂലം, ഭാരതീയ ദര്‍ശനക്കാര്‍ സീറോ മലബാര്‍ സഭയെ തീര്‍ത്തും സ്വതന്ത്രവും അപ്പസ്‌തോലികവും ആയ ഭാരതസഭയായി പരിഗണിക്കുന്നു. കല്‍ദായ ദര്‍ശനക്കാരാകട്ടെ ഈ സഭ എങ്ങനെയോ വളഞ്ഞുതിരിഞ്ഞ് കല്‍ദായ പാരമ്പര്യത്തിലെ ഒരു സഭയായി ജനിച്ചുവെന്നു വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് അതിനുള്ള ന്യായങ്ങള്‍ തുലോം ദുര്‍ബലങ്ങളും ചരിത്രപരമായ അടിസ്ഥാനം തീരെയില്ലാത്തതുമാണെങ്കിലും അവയൊന്നും അവരെ അതില്‍ നിന്നു പിന്തിരിപ്പിക്കുന്നില്ല. ഇന്നത്തെ ചില ഹിന്ദുത്വ ചരിത്രകാരന്മാര്‍ യുക്തിപരമായി ചിന്തിക്കുന്നവര്‍ക്കു ഊഹിക്കാന്‍ പറ്റാത്തവിധം ഭാരത ചരിത്രം ഉണ്ടാക്കിയെടുക്കുന്നതിനോടു ഇതിനെ ഉപമിക്കാം എന്നു തോന്നുന്നു.

ഭാരതസഭയോ കല്‍ദായസഭയോ?

3. തീര്‍ത്തും ഭാരതീയമായ ആരംഭമുള്ളതുകൊണ്ട്, സീറോ മലബാര്‍ സഭയുടെ തനിമ അതു ഭാരതസഭയാണ് എന്നതാണെന്ന് ആദ്യത്തെ ഗ്രൂപ്പുകാര്‍ കരുതുന്നു. ഭാരതീയ പൈതൃകം ഉള്ളതുകൊണ്ട് അത് ഇനി വളരേണ്ടതു ഭാരതീയസംസ്‌കാരത്തില്‍ ഉറച്ചുനിന്നു കൊണ്ടായിരിക്കണമെന്നും അവര്‍ വിശ്വസിക്കുന്നു. എന്നാല്‍ കല്‍ദായ വീക്ഷണക്കാര്‍ക്കാകട്ടെ ആരംഭം മുതല്‍ കല്‍ദായ ബന്ധം ഉള്ളതുകൊണ്ട് ഈ സഭ കല്‍ദായ പാരമ്പര്യത്തില്‍ വളര്‍ന്ന്, ആ കുടുംബത്തിലെ ഒരംഗമായി തുടരണമെന്നാണ് ആഗ്രഹം. മുമ്പൊരിക്കല്‍ ഇവരില്‍ ചിലരൊക്ക നമ്മുടെ സഭയെ കാല്‍ഡിയോ- ഇന്ത്യന്‍ സഭ എന്നു വിളിക്കാന്‍ തുടങ്ങിയതു ഓര്‍ക്കുന്നു.

4. നാലാം നൂറ്റാണ്ടുമുതല്‍ അഥവാ ക്‌നായിത്തൊമ്മന്റെ കാലംമുതല്‍ പേര്‍ഷ്യന്‍ സമൂഹവുമായും, ഏഴാം നൂറ്റാണ്ടുമുതലുള്ള ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നതുപോലെ ആ സമയത്ത് എപ്പോഴോ കല്‍ദായ സഭാ നേതൃത്വവുമായും, നമ്മുടെ സഭയ്ക്ക് വാണിജ്യപരമായും കുടിയേറ്റ ഫലമായും ബന്ധം ഉണ്ടായിയെന്നും അവരുടെ ആരാധന ക്രമം നാം സ്വീകരിക്കാന്‍ ഇടയായിയെന്നും (അത് അവര്‍ കെട്ടിയേല്പിച്ചതോ, നിവൃത്തിയില്ലാതെ നാം സ്വീകരിച്ചതോ ആകാം), അക്കാരണത്താല്‍ നമ്മുടെ സഭയിലെ കല്‍ദായ സഭാനുഷ്ഠാനങ്ങള്‍ നമുക്കു സംഭവിച്ച ചരിത്രപരമായ ഒരു ആനുഷംഗികസംഭവത്തിന്റെ ഫലം മാത്രമാണെന്നും ഭാരതീയ ദര്‍ശനക്കാര്‍ കരുതുന്നു.

എന്നാല്‍, കല്‍ദായ ദര്‍ശനക്കാര്‍ക്ക് ഇതു നമ്മുടെ സഭയുടെ സ്വാഭാവികമായ വളര്‍ച്ചയാണത്രെ. അതുകൊണ്ട്, പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ വന്ന് അതില്‍ ഇടപെടുന്നതുവരെയുള്ള കാലത്തെ സഭാരീതികള്‍ അത്യുദാത്തമായിരുന്നെന്നും അവയെല്ലാം നഷ്ടപ്പെട്ടിട്ടുണ്ടങ്കില്‍ പുനരുദ്ധരിക്കണമെന്നും നില നിര്‍ത്തണമെന്നും അവര്‍ ആഗ്രഹിക്കുന്നു.

ലത്തീന്‍സഭയോടുള്ള മനോഭാവം

5. മുകളില്‍ സൂചിപ്പിച്ചതു പോലെ, കല്‍ദായരീതികള്‍ മനോഹരമായിരുന്നതു കൊണ്ട്, അതില്‍ ഇടപെട്ട് ഭേദഗതികള്‍ വരുത്തിയ പോര്‍ച്ചുഗീസുകാരും ലത്തീന്‍കാരുമായ സഭാധികാരികളെയും ലത്തീന്‍സഭയെത്തന്നെയും കല്‍ദായവാദികള്‍ വെറുക്കുന്നു, നമ്മുടെ പാരമ്പര്യത്തെ വികൃതമാക്കിയ അധിനിവേശക്കാരായി അവരെ പരിഗണിക്കുന്നു. ലത്തീന്‍സഭയില്‍ നിന്നു സ്വീകരിച്ചതെല്ലാം നമ്മുടെ സഭയുടെമേല്‍ കളങ്കങ്ങളായി കിടക്കുന്നതായി അവര്‍ വിശ്വസിക്കുന്നു. നാലു നൂറ്റാണ്ടോളം നിലനിന്ന ലത്തീന്‍ ഭരണത്തിന്റെ എല്ലാ സ്വാധീനങ്ങളും നമ്മുടെ സഭയില്‍നിന്നു തുടച്ചുമാറ്റാനും, ആദിമകല്‍ദായ പരിശുദ്ധി പുനഃസ്ഥാപിക്കാനും അവര്‍ കിണഞ്ഞു പരിശ്രമിക്കുന്നു.

അതേസമയം, ഭാരതീയ ദര്‍ശനക്കാരുടെ കാഴ്ചപ്പാടനുസരിച്ച്, രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ തലങ്ങളില്‍ ഉണ്ടായതുപോലെ, സഭാതലത്തിലും കൊളോണിയലിസം ഒരു അധിനിവേശം തന്നെയായിരുന്നെന്നും, മറ്റു തലങ്ങളില്‍ സംഭവിച്ചതുപോലെ, സഭാതലത്തിലും കൊളോണിയലിസത്തില്‍നിന്ന് നന്മയും തിന്മയും ഉണ്ടായിട്ടുണ്ടെന്നും അവര്‍ കരുതുന്നു. കല്‍ദായ സഭാസംസ്‌കാരവും ലത്തീന്‍ സഭാസംസ്‌കാരവും ഒരുപോലെ വൈദേശികമാണെന്നും, രണ്ടില്‍നിന്നും കൊള്ളാവുന്നതു കൊള്ളുകയും, ഉപകാരപ്രദമല്ലാത്തതും കാലഹരണപ്പെട്ടതും തള്ളുകയും ചെയ്യാമെന്നു അവര്‍ പഠിപ്പിക്കുന്നു.

ആദ്യത്തെ കൂട്ടര്‍ നമ്മുടെ സഭയെ കല്‍ദായ നിറത്തില്‍ മുക്കിയെടുത്ത ഒരു നൂലായി സങ്കല്പിക്കുകയും അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ലത്തീന്‍കറകള്‍ കഴുകിക്കളയണമെന്ന് ആഗ്രഹി ക്കുകയും ചെയ്യുമ്പോള്‍, മറു ഭാഗത്തുള്ളവര്‍ അതിനെ ഭാരതീയത, കല്‍ദായപാരമ്പര്യം, ലത്തീന്‍ സംഭാവനകള്‍, ആധുനിക സമൂഹത്തിന്റെ അജപാലകതാത്പര്യങ്ങള്‍ എന്നിങ്ങനെ ബഹുവര്‍ണ ങ്ങളുള്ള പല ചരടുകള്‍ പിരിച്ചുണ്ടാക്കിയതു പോലെ സങ്കല്പിക്കുന്നുവെന്നു പറയാം.

എങ്ങനെ മുന്നോട്ട്

6. ഇന്നു സഭയ്ക്ക് ദേശീയമായ സ്വന്തം നേതൃത്വം ലഭിച്ചിരിക്കുന്നതുകൊണ്ട്, ലത്തീന്‍ സ്വാധീനങ്ങള്‍ തുടച്ചുനീക്കി, കല്‍ദായ ആരാധനാരീതികളും കല്‍ദായ ദൈവശാസ്ത്രവും ആദ്ധ്യാത്മികതയും മറ്റും പുനഃസ്ഥാപിക്കണമെന്ന് കല്‍ദായ ദര്‍ശനക്കാര്‍ ആഗ്രഹിക്കുമ്പോള്‍, മറു കൂട്ടരുടെ കാഴ്ചപ്പാടില്‍ ദേശീയ നേതൃത്വത്തിന്റെ പ്രധാന കര്‍ത്തവ്യം കല്‍ദായ-ലത്തീന്‍ പാരമ്പര്യങ്ങളില്‍ നിന്ന് ഗുണകരമായവ സ്വീകരിക്കുകയും മറ്റുള്ളവ അവഗണിക്കുകയും ചെയ്തുകൊണ്ടും, ഇവയെല്ലാംകൂടി സമന്വയിപ്പിച്ചതും ഇന്നത്തെ ഭാരത കത്തോലിക്കര്‍ക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ജീവിക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കും ഉതകുന്ന സഭാ രീതികള്‍ വളര്‍ത്തിയെടുക്കുന്നതും ആയ പൗരസ്ത്യവും ഭാരതീയവും ആധുനികവുമായ ഒരു സഭയായി മുന്നോട്ടു നയിക്കുകയെന്നതാണ്. ആദ്യത്തെ കൂട്ടര്‍ നമ്മുടെ സഭയെ കല്‍ദായ നിറത്തില്‍ മുക്കിയെടുത്ത ഒരു നൂലായി സങ്കല്പിക്കുകയും അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ലത്തീന്‍ കറകള്‍ കഴുകിക്കളയണമെന്ന് ആഗ്രഹിക്കുകയും ചെയ്യുമ്പോള്‍, മറുഭാഗത്തുള്ളവര്‍ അതിനെ ഭാരതീയത, കല്‍ദായ പാരമ്പര്യം, ലത്തീന്‍ സംഭാവനകള്‍, ആധുനിക സമൂഹത്തിന്റെ അജപാലക താത്പര്യങ്ങള്‍ എന്നിങ്ങനെ ബഹുവര്‍ണങ്ങളുള്ള പല ചരടുകള്‍ പിരിച്ചുണ്ടാക്കിയതു പോലെ സങ്കല്പിക്കുന്നുവെന്നു പറയാം.

7. ഭാരതീയ ദര്‍ശനമുള്ളവര്‍ വത്തിക്കാന്‍ കൗണ്‍സിലിനെയും കൗണ്‍സില്‍ പഠിപ്പിച്ച നവീകരണം, അനുരൂപണം എന്നീ ആശയങ്ങളെയും താത്പര്യത്തോടെ സ്വീകരിക്കുന്നു. കൗണ്‍സിലിന്റെ ഉദ്‌ബോധനമനുസരിച്ച് നവീകരണവും അനുരൂപണ ശ്രമങ്ങളും നടത്തിയ ലത്തീന്‍ സഭയെ മാതൃകയായി പരിഗണിക്കുന്നു. എന്നാല്‍, കല്‍ദായ ദര്‍ശനക്കാരാകട്ടെ, കൗണ്‍സിലിന്റെ ലിറ്റര്‍ജി സം ബന്ധമായ ഉദ്‌ബോധനങ്ങളെ ഗൗരവമായി എടുക്കുന്നില്ലെന്നു മാത്രമല്ല, ചിലരെങ്കിലും അതിലെ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ലത്തീന്‍ സഭയെ മാത്രം ബാധിക്കുന്നതാണെന്നു പോലും വാദിക്കുന്നു. പൗരസ്ത്യസഭകളില്‍ പലതിലും കൗണ്‍സില്‍ നിര്‍ദ്ദേശിച്ച നവീകരണങ്ങള്‍ കാര്യമായി നടന്നിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

8. വത്തിക്കാന്‍ കൗണ്‍സില്‍ കഴിഞ്ഞ് അധികം താമസിയാതെ അഭിവന്ദ്യ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവിന്റെ നേതൃത്വത്തില്‍ നടന്ന നവീകരണ, അനുരൂപണ ശ്രമങ്ങളെ ഭാരതീയ ദര്‍ശനക്കാര്‍ സീറോ മലബാര്‍ സഭയുടെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് ആവശ്യകമായ പ്രവാചക തുല്യമായ കാല്‍വയ്പുകളായി പരിഗണിക്കുകയും പാറേക്കാട്ടില്‍ പിതാവിനെ ആധുനിക സീറോ മലബാര്‍ സഭയുടെയും ഭാരത സഭയുടെ തന്നെയും പിതാവായി പരിഗണിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുകയും പിന്നീട് മുടക്കുകയും ചെയ്തവരെ ഇവര്‍ക്ക് പാരമ്പര്യവാദികളും പിന്തിരിപ്പന്മാരുമായേ കാണാന്‍ സാധിക്കുന്നുള്ളൂ.

എന്നാല്‍, കല്‍ദായ ദര്‍ശനക്കാരാകട്ടെ, പാറേക്കാട്ടില്‍ പിതാവിന്റെ നേതൃത്വത്തില്‍ നടന്നതെല്ലാം നമ്മുടെ ശരിയായ പാരമ്പര്യത്തില്‍നിന്നുള്ള അപഭ്രംശമായി പരിഗണിക്കുകയും അദ്ദേഹത്തെ അപ്പാടെ തമസ്‌കരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സഭയെ നേരായ പാരമ്പര്യത്തിലേക്കു തിരിച്ചുകൊണ്ടുവരാന്‍ തങ്ങള്‍ക്കു നേതൃത്വം നല്‍കിയ, അഥവാ നല്‍കിക്കൊണ്ടിരിക്കുന്ന അഭിവന്ദ്യ ജോസഫ് പവ്വത്തില്‍ പിതാവിനെ നേതാവായി കാണുകയും ചെയ്യുന്നു.

9. ഭാരതീയ ദര്‍ശനക്കാര്‍ കൂടുതലും എറണാകുളം, ഇരിങ്ങാലക്കുട, തൃശൂര്‍ മുതലായ രൂപതകള്‍ ഉള്‍ക്കൊള്ളുന്ന പുരാതന കൊച്ചിരാജ്യ ഭാഗത്തും ഈ ഭാഗത്തിന്റെ സ്വാധീനമുള്ള മലബാര്‍ പ്രദേശത്തും ആണ്. മാത്രമല്ല, ഈ ഭാഗങ്ങളില്‍ വാണിജ്യം, കുടിയേറ്റം, തൊഴില്‍ മുതലായ കാരണങ്ങളാല്‍ മറ്റു മതക്കാരും, ഇതര ക്രൈസ്തവ വിഭാഗങ്ങളുമായി ഇടകലര്‍ന്നു കഴിയുന്നതിനാല്‍ അവരില്‍ പ്രത്യേകിച്ച് ലത്തീന്‍ കത്തോലിക്കരുടെയിടയില്‍ നടപ്പാക്കിയിരിക്കുന്ന നവീകരണശ്രമങ്ങള്‍ ഇവരെ സ്വാധീനിക്കുന്നു.

കേരളം എന്ന ഈ കൊച്ചു സംസ്ഥാനത്തിനകത്തും മൂന്നരക്കോടി ജനസംഖ്യയിലും ഒതുങ്ങിക്കഴിയു ന്നവരാണെങ്കിലും രാഷ്ട്രീയത്തിലും സാമ്പത്തിക വീക്ഷണത്തിലും, സാമൂഹിക സമീപനത്തിലും മറ്റനേകം തലങ്ങളിലും വൈവിധ്യമാര്‍ന്നതും പലപ്പോഴും പരസ്പര വിരുദ്ധവുമായ നിലപാടുകളുള്ള മലയാളിക്ക് ഒരേ മതത്തിലും ഒരേ സഭയിലും തന്നെ വ്യത്യസ്ത കാഴ്ചപ്പാടുകളും തത്ഫലമായ പ്രവര്‍ത്തന രീതികളും ഉണ്ടാവാം, അഥവാ ഉണ്ടാകുന്നുവെന്നത് യാഥാര്‍ത്ഥ്യബോധ ത്തോടെ അംഗീകരിച്ച്, മതാത്മകമായ പെരുമാറ്റ ങ്ങളിലും അനുഷ്ഠാനങ്ങളിലും വ്യത്യസ്തത സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ട് അവയെക്കാള്‍ ഏറെ പ്രധാനപ്പെട്ട ഹൃദയത്തിന്റെ ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതാവും ഇന്നത്തെ കാലത്ത് ഉചിതവും വിവേകപൂര്‍ണവും.

എന്നാല്‍ കല്‍ദായ ദര്‍ശനക്കാര്‍ കൂടുതലും ചങ്ങനാശേരി, പാല, കാഞ്ഞിരപ്പിള്ളി മുതലായ തെക്കന്‍ പ്രദേശങ്ങളിലായതി നാലും ഇക്കൂട്ടര്‍ മലങ്കര കത്തോലിക്കര്‍, യാക്കോബായക്കാര്‍, ഓര്‍ത്തഡോക്‌സുകാര്‍ മുതലായവരുമായി ഇടകലര്‍ന്നു താമസിക്കുന്നതുകൊണ്ട് അവരുടെ പാരമ്പര്യ മനോഭാവം ഇവരെയും സ്വാധീനിക്കുന്നു. ഇപ്പറഞ്ഞ ക്രൈസ്തവ വിഭാഗങ്ങളാകട്ടെ യാതൊരു നവീകരണവും അനുരൂപണവും ആരാധനക്രമത്തിലോ ദൈവശാസ്ത്ര വീക്ഷണങ്ങളിലോ വരുത്തിയിട്ടില്ലെന്നു മാത്രമല്ല, തങ്ങളുടെ പഴമയില്‍ ആഢ്യത്വം കാണുകയും ഊറ്റംകൊള്ളുകയും ചെയ്യുന്നവരാണ്. സ്വാഭാവികമായും അവരെപ്പോലെയോ അവരേക്കാള്‍ കൂടുതലായോ പൗരാണികത്വം പ്രകടിപ്പിക്കാന്‍ ഇവര്‍ പ്രേരിപ്പിക്കപ്പെടുന്നു. പാറേക്കാട്ടില്‍ പിതാവും സമാന ചിന്താഗതിക്കാരും മുന്നോട്ടു നോക്കുന്നതില്‍ താത്പര്യം കാണിക്കുകയും അഭിമാനിക്കുകയും ചെയ്യുമ്പോള്‍, പവ്വത്തില്‍ പിതാവും സമാന ചിന്താഗതിക്കാരും പുറകോട്ടു നോക്കുന്നതിലും പഴമ നിലനിറുത്തുന്നതിലും അഭിമാനിക്കുന്നു.

10. ഭാരതീയ ദര്‍ശനക്കാര്‍ ലിറ്റര്‍ജിയില്‍ മാത്രമല്ല, ദൈവശാസ്ത്രത്തിലും, ആദ്ധ്യാത്മികതയെപ്പറ്റിയുള്ള വീക്ഷണത്തിലും, ഭരണസംവിധാന സങ്കല്പത്തിലുമെല്ലാം വിവിധ ധാരകളില്‍നിന്ന് കൊള്ളാവുന്നവ ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്. അതുകൊണ്ട്, പാശ്ചാത്യവും ഭാരതീയവും ആയ ദൈവശാസ്ത്രവും, ഭരണരീതിയും, ആദ്ധ്യാത്മിക പാരമ്പര്യങ്ങളും സമന്വയിപ്പിക്കുന്ന ക്രമങ്ങള്‍ അവര്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു, നടപ്പിലാക്കുന്നു.

എന്നാല്‍, കല്‍ദായ ദര്‍ശനക്കാര്‍ ഒരുവശത്ത് കല്‍ദായ ദൈവശാസ്ത്രവും ആത്മീയതയും ഭരണക്രമവും മറ്റും വേണമെന്നു പറയുകയും, മറുവശത്ത് കുറ്റം പറഞ്ഞുകൊണ്ടാണെങ്കിലും പാശ്ചാത്യ ദൈവശാസ്ത്രവും ഭരണക്രമവും നടപ്പില്‍ വരുത്തുകയും ചെയ്യുന്നു. പൗരസ്ത്യ വീക്ഷണത്തില്‍ മെത്രാന്മാര്‍ ആത്മീയാചാര്യന്മാരും ജീവിതരീതിയില്‍ സന്യാസികളും ആണെങ്കിലും, സീറോ മലബാര്‍ മെത്രാന്മാര്‍ ഭൗതിക കാര്യങ്ങളില്‍ ആവശ്യത്തില്‍ കൂടുതല്‍ ഇടപെടുന്ന ഒന്നാന്തരം ഭരണകര്‍ത്താക്കളാണ്. അവര്‍ തീര്‍ത്തും ലത്തീന്‍ രീതിയിലുള്ള ഭരണക്രമം നടത്തുകയും ചെയ്യുന്നു. പോര്‍ച്ചുഗീസുകാരുടെ വരവിനു മുമ്പുള്ള മലബാര്‍ മോഡലോ, കല്‍ദായ മോഡലോ അക്കാര്യത്തില്‍ അവര്‍ സ്വീകരിച്ചിട്ടില്ല. ഇങ്ങനെയൊക്കെയുള്ള ആന്തരിക വൈരുധ്യങ്ങളോടുകൂടിയാണ് ഈ ദര്‍ശനം ഇപ്പോഴും മുന്നോട്ടു നീങ്ങുന്നത്.

ചുരുക്കത്തില്‍, അത്ര എളുപ്പത്തില്‍ സമന്വയിപ്പിക്കാവുന്നതല്ല മുകളില്‍ സൂചിപ്പിച്ച രണ്ടു ദര്‍ശനങ്ങള്‍. അതുകൊണ്ട്, കേരളം എന്ന ഈ കൊച്ചു സംസ്ഥാനത്തിനകത്തും മൂന്നരക്കോടി ജന സംഖ്യയിലും ഒതുങ്ങിക്കഴിയുന്നവരാണെങ്കിലും രാഷ്ട്രീയത്തിലും സാമ്പത്തിക വീക്ഷണത്തിലും, സാമൂഹിക സമീപനത്തിലും മറ്റനേകം തലങ്ങളിലും വൈവിധ്യമാര്‍ന്നതും പലപ്പോഴും പരസ്പര വിരുദ്ധവുമായ നിലപാടുകളുള്ള മലയാളിക്ക് ഒരേ മതത്തിലും ഒരേ സഭയിലും തന്നെ വ്യത്യസ്ത കാഴ്ചപ്പാടുകളും തത്ഫലമായ പ്രവര്‍ത്തന രീതികളും ഉണ്ടാവാം, അഥവാ ഉണ്ടാകുന്നുവെന്നത് യാഥാര്‍ത്ഥ്യബോധത്തോടെ അംഗീകരിച്ച്, മതാത്മകമായ പെരുമാറ്റങ്ങളിലും അനുഷ്ഠാനങ്ങളിലും വ്യത്യസ്തത സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ട് അവയെക്കാള്‍ ഏറെ പ്രധാനപ്പെട്ട ഹൃദയത്തിന്റെ ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതാവും ഇന്നത്തെ കാലത്ത് ഉചിതവും വിവേകപൂര്‍ണവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org