''സുനാമിയില്‍ വിരിഞ്ഞ പൂവ്''

''സുനാമിയില്‍ വിരിഞ്ഞ പൂവ്''

2004 ചരിത്രത്തില്‍ അടയാളപ്പെടുത്തുക സുനാമിയുടെ പേരില്‍ ആയിരിക്കും. ഇന്ത്യനേഷ്യയിലും മാലി ദ്വീപുകളിലും തമിഴ്‌നാട്, കേരള തീരങ്ങളിലും സംഹാരനൃത്തമാടിയ, സുനാമിയുടെ പേരില്‍. തെല്ലുനേരം കൊണ്ട് സുനാമിയുടെ രാക്ഷസതിരകള്‍ കവര്‍ന്നെടുത്തത് ജീവിതങ്ങള്‍ എത്ര! പിച്ചിച്ചീന്തിയ കുടുംബങ്ങള്‍, തകര്‍ത്തെറിഞ്ഞ ജീവിതമാര്‍ഗ്ഗങ്ങള്‍! കറുപ്പ് കൊണ്ട് ഒരു ദിവസത്തെ രേഖപ്പെടുത്തണമെങ്കില്‍ അതാവും 2004, ഡിസംബര്‍ 26.

ഞാനന്ന് മാലിയിലായിരുന്നു. കടലുകളാല്‍ ചുറ്റപ്പെട്ട മാലിദ്വീപില്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ അത്യാഹിതവിഭാഗത്തില്‍ ഒരു നേഴ്‌സായി എത്തിയിട്ട് 4 വര്‍ഷം. നൂറു ശതമാനം മുസ്ലീം രാജ്യമായ മാലിയില്‍ ക്രിസ്തുമസ്സ് ആഘോഷമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഞങ്ങള്‍ കൂട്ടുകാര്‍ ക്രിസ്തുമസ്സ് രാത്രി ഒരുമിച്ചു കൂടി മനസ്സില്‍ നക്ഷത്രവിളക്കുകള്‍ തൂക്കി, ഹൃദയത്തില്‍ പുല്‍ക്കൂട് കെട്ടി, സിഡിയില്‍ ജോണ്‍ പൈനുങ്കലച്ചന്റെ കുര്‍ബാനയില്‍ പങ്കെടുത്ത്, കേക്ക് മുറിച്ച്, പാട്ടുപാടി അത്താഴവും കഴിഞ്ഞ് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.

26-ന് പതിവുപോലെ ഉണര്‍ന്ന് പ്രഭാതകര്‍മ്മങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ ഹോസ്റ്റലിനു പുറത്ത് പതിവില്ലാത്ത ചില ഒച്ചകളും ബഹളങ്ങളും. ഞാന്‍ റൂം തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി. മറ്റു കൂട്ടുകാര്‍ പരിഭ്രാന്തരായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. ഒരാളെ പിടിച്ചു നിറുത്തി, ഞാന്‍ വിവരം ആരാഞ്ഞു. ''ഇന്ത്യോനേഷ്യയില്‍ സുനാമി.'' ഒറ്റശ്വാസത്തില്‍ പറഞ്ഞ് അവള്‍ തിടുക്കത്തില്‍ നടന്നകന്നു... 'ഇന്ത്യോനേഷ്യയിലെ സുനാമിക്ക് ഇവളെന്തിനാ ഇവിടെ കിടന്ന് ഓടുന്നത്,' ഞാന്‍ ചിന്തിച്ചു നില്‍ക്കു മ്പോള്‍ അടുത്ത കുട്ടി വന്നു... ''സുനാമി ഇവിടേയ്ക്കും വരുമെന്ന് റേഡിയോയില്‍ വാര്‍ത്തയുണ്ട്.'' അവളും ഓടി. ''സുനാമി'' മനസ്സിനൊരു നടുക്കമായി. ചെറിയ ക്ലാസ്സില്‍ പേരുമാത്രം കേട്ടിട്ടുള്ള എന്തോ ഭീകര കടലാക്രമണം. 'ഏയ്, അതിവിടേയ്ക്ക് എങ്ങും വരില്ല' എന്ന് മനസ്സിനെ വിശ്വസിപ്പിച്ച്. 'ഇവളുമാര്‍ക്കൊക്കെ വട്ടാ' എന്ന് പിറുപിറുത്ത് ഞാന്‍ പ്രഭാത ഭക്ഷണമുണ്ടാക്കാന്‍ മുറിയില്‍ കയറി വാതിലടച്ചു. പുറത്തെ ബഹളം കൂടിക്കൂടിവന്നു. ''ഒന്നും വരുത്തല്ലേ ദൈവമേ'' എന്ന് ഉള്ളില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ പാചകത്തിേലര്‍പ്പെട്ടു.

അപ്പോള്‍ സമയം രാവിലെ 9.20. എന്തായെന്ന് അറിയാന്‍ ഞാന്‍ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി. അന്തരീക്ഷമാകെ കനത്തിരിക്കുന്നു. എല്ലാവരും ടെറസ്സിലാണ്. അവിടെ നിന്നാല്‍ കടല്‍ തൊട്ടടുത്തായി കാണാം. ഞാന്‍ മുകളിലേക്ക് ചെന്നു കുട്ടികള്‍ അലമുറയിട്ട് കരഞ്ഞുകൊണ്ട് നോക്കുന്ന ഭാഗത്തേക്ക് ഞാനും നോക്കി. ഇന്നും ഓര്‍ക്കുമ്പോള്‍ ആ രംഗം ശരീരത്തിലൊരു വിറയലായി അനുഭവപ്പെടുന്നു. കലികയറിയ കടല്‍ സംഹാരതാണ്ഡവമാടുന്നു. നാലു നിലയുള്ള ഞങ്ങളുടെ ഹോസ്പിറ്റലിന്റെ അത്രയും പൊക്കത്തില്‍ ഉയര്‍ന്ന്, കരയിലേക്ക് ആഞ്ഞടിക്കുന്ന തിരമാലകള്‍! തീരത്തുള്ള വൃക്ഷങ്ങള്‍ കടപൊഴുകുന്നു; കെട്ടിടങ്ങള്‍ ഇടിഞ്ഞ് തകരുന്നു. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ പായല്‍പോലെ ഒഴുകി നടക്കുന്നു. തിരമാലകള്‍ക്കിയില്‍ നിന്ന് ഉയരുന്ന കൈകളും, ജീവനുവേണ്ടിയുള്ള നിലവിളികളും... എങ്ങും മരണത്തിന്റെ ഭീകരമുഖം! ഞങ്ങളും വെള്ളത്തിനടിയിലാകാന്‍ ഇനിയും ഏതാനും മിനുറ്റുകള്‍ മാത്രം.

പേടിച്ചരണ്ട് ഞാന്‍ താഴേക്ക് ഓടി, മുറിയില്‍ കടന്ന് വാതിലടച്ചു. ഇതിനകം വിവരമറിഞ്ഞ് നാട്ടില്‍നിന്നൊരു ഫോണ്‍ കോള്‍. ഫോണ്‍ എടുത്ത് വിറയ്ക്കുന്ന ശബ്ദത്തില്‍

ആശ്വസിപ്പിക്കാനായി ഞാന്‍ പറഞ്ഞു: ''ഒരു കുഴപ്പവുമില്ല. ഞങ്ങള്‍ സുരക്ഷിതരാണ്.'' ഫോണ്‍ ഡിസ്‌കണറ്റഡ്. കാറ്റ് കുറെക്കൂടി ശക്തമായി. ഇതിനിടയില്‍ എന്റെ ഹൃദയത്തിന്റെ താളമിടിപ്പ് ഞാന്‍ വ്യക്തമായി കേട്ടു. പിന്നെ ആകെയൊരു മരവിപ്പായിരുന്നു. പ്രാര്‍ത്ഥിക്കാന്‍ നാവുേപാലും ഉയരാത്ത അവസ്ഥ... ജപമാല എന്റെ കൈയ്യില്‍ ഇരുന്ന് ഞെരുങ്ങി.. പെട്ടെന്നാണ് നാട്ടിലുള്ള 2 വയസ്സു പ്രായമുള്ള എന്റെ മകളെ ഓര്‍ത്തത് - ഒരു ഭ്രാന്തിയെപ്പോലെ പെട്ടിയില്‍നിന്ന് ആല്‍ബം വലിച്ച് പുറത്തെടുത്ത് അവളുടെ ഫോട്ടോയില്‍ മുഖമര്‍ത്തി ഞാന്‍ വാവിട്ടു കരഞ്ഞു... ഇനി നിനക്ക് അമ്മയില്ല മോളെ, നിന്റെ കൊഞ്ചലുകള്‍ കേള്‍ക്കാന്‍ പപ്പ മാത്രം.. മാതാവിനെ വിളിച്ചു ഞാന്‍ കരഞ്ഞു... അമ്മേ, മാതാവേ, എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ... എന്റെ തെറ്റുകളെല്ലാം പൊറുക്കണമേ.. എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നല്ല മരണത്തിനായി ഞാന്‍ ഒരുങ്ങി...

ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞ് കാണും ഞാന്‍ പുറത്തിറങ്ങി ടെറസ്സിലേക്ക് ഓടി, ആശ്വാസം നല്കുന്ന ഒരു കാഴ്ചയായിരുന്നു അപ്പോള്‍ കാറ്റിന്റെ ശക്തി കുറയുന്നു 'തിരമാലകളുടെ ഇരമ്പലുകളും കടലിന്റ അട്ടഹാസവും തെല്ലൊന്ന് ശമിച്ചിരിക്കുന്നു. ഒരു മണിക്കൂറോളം കഴിഞ്ഞപ്പോള്‍ കടല്‍ ഏറെക്കുറെ ശാന്തമായി. വെള്ളത്തിന്റെ കുത്തൊഴുക്ക് നിലച്ച് തുടങ്ങി. ആളുകള്‍ കട്ടംകൂട്ടമായി, മരിച്ചവരേയും പരിക്കേറ്റവരേയും വഹിച്ചു കൊണ്ട് ഹോസ്പിറ്റലിലേക്ക് വരാന്‍ തുടങ്ങി. ഞെട്ടലില്‍ നിന്നുണര്‍ന്ന് ഞങ്ങളും കര്‍മ്മനിരതരായി. മരിച്ചവരേയും പരിക്കേറ്റവരേയും, കാണാതായവരേയും കുറിച്ചുള്ള വാര്‍ത്തകള്‍ പ്രവഹിക്കാന്‍ തുടങ്ങി. അത്ര അകലെയല്ലാതെയുള്ള ഞാന്‍ നേരത്തെ ജോലി ചെയ്തിരുന്ന ഹോസ്പിറ്റല്‍ തകര്‍ന്ന് തരിപ്പണമായത്, അവിടെ ഓപ്പറേഷന്‍ തീയറ്ററില്‍ കിടന്ന രോഗി ഒഴുകിപ്പോയത്! ആരേയും കുറ്റം പറയാത്ത, ഏതൊരവസ്ഥയിലും എല്ലാവരേയും സഹായിക്കാന്‍ ഓടി നടന്ന തോമസ് മാഷിന്റെ രണ്ട് കാലുകളും സ്‌കൂള്‍ മതില്‍ വീണ് ചതഞ്ഞരഞ്ഞത്! ഹോസ്പിറ്റല്‍ തൂപ്പുകാരി റഷീദയുടെ രണ്ട് മക്കളും നഷ്ടപ്പെട്ടത്... എണ്ണിയാല്‍ തീരാത്ത ദുരന്തങ്ങളും കടലോളം കണ്ണീരും കരയ്ക്ക് സമ്മാനിച്ച കടല്‍ ഇപ്പോള്‍ കിടക്കുന്നു... ഒന്നുമറിയാതെ.

ഓര്‍ക്കുമ്പോഴൊക്കെ ഒരു ചോദ്യം മാത്രം മനസ്സില്‍ ബാക്കി. എന്തെ നീയെന്നെ ഇനിയും അവശേഷിപ്പിച്ചത്? എനിക്ക് അഞ്ജാതമായ അവന്റെ ജീവന്റെ പുസ്തകത്തില്‍ ഏതോ ഒരു താളില്‍ അതിന്റെ ഉത്തരമുണ്ടാകും; ഇനിയും മറിക്കാത്ത ഏതോ ഒരു താളില്‍!

ഉയരുന്ന ജലത്തിനു മുകളില്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരാമ്പല്‍ പൂപോലെ സുനാമിക്ക് മീതെ ഇനിയും വിടര്‍ന്നു നില്‍ക്കാന്‍ എന്നെ അനുവദിച്ച എന്റെ നല്ല ദൈവമേ, അവിടുത്തേക്ക് ഒരായിരം നന്ദി... സുനാമി പോലുള്ള ദുരന്തങ്ങളില്‍പെട്ടു വലയുന്ന എല്ലാ ജീവിതങ്ങള്‍ക്കും ഈ ഈസ്റ്റര്‍ സുനാമിയില്‍ വിരിഞ്ഞ ഒരു പൂപോലെ, പ്രത്യാശയുടെ പുത്തന്‍ ചക്രവാളങ്ങള്‍ തീര്‍ക്കട്ടെയെന്ന ആശംസയോടെ...

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org