സത്യക്കോടതി

സത്യക്കോടതി
(കൗതുകവിധികള്‍ തുടര്‍ച്ച)

മൂന്ന്

യൊവാക്കിം എന്നൊരുവന്‍ ബാബിലോണില്‍ ജീവിച്ചിരുന്നു. ഹില്‍ക്കിയായുടെ മകളും അതീവസുന്ദരിയും ദൈവഭക്തയുമായ സൂസന്നയെ അവന്‍ വിവാഹം ചെയ്തു. യൊവാക്കിം വളരെ സമ്പന്നനായിരുന്നു. വീടിനോട് ചേര്‍ന്ന് അവനു വിസ്തൃതമായ ഒരു ഉദ്യാനമുണ്ടായിരുന്നു. അവന്‍ എല്ലാവരെയും കാള്‍ ആദരണീയനായിരുന്നതിനാല്‍ യഹൂദര്‍ അവനെ സന്ദര്‍ശിക്കുക പതിവായിരുന്നു. അക്കൊല്ലം ജനത്തിന്റെ ഇടയില്‍ നിന്നും രണ്ടു ശ്രേഷ്ഠന്മാര്‍ ന്യായാധിപന്മാരായി നിയമിക്കപ്പെട്ടു. ഇവര്‍ കൂടെക്കൂടെ യൊവാക്കിമിന്റെ വീട്ടില്‍ പോയിരുന്നു. വ്യവഹാരങ്ങളുള്ളവര്‍ അവരെ സമീപിക്കുമായിരുന്നു.

ഉച്ചയ്ക്ക് ആളുകള്‍ പിരിഞ്ഞുപോയതിനുശേഷം, സൂസന്ന ഭര്‍ത്താവിന്റെ ഉദ്യാനത്തില്‍ ഉലാത്താന്‍ പോകും. എല്ലാ ദിവസവും അവളെ കാണാറുള്ള ശ്രേഷ്ഠന്മാര്‍ക്കു അവളില്‍ അഭിലാഷം ജനിച്ചു. അവളോടുള്ള അത്യാസക്തി രണ്ടുപേരെയും കീഴടക്കി. പക്ഷേ, അവരുടെ മനോഗതം അവര്‍ പരസ്പരം വെളിപ്പെടുത്തിയില്ല. എന്നാല്‍ ദിനംതോറും അവര്‍ അവളെ ആര്‍ത്തിയോടെ നോക്കിക്കൊണ്ടിരുന്നു. ഭക്ഷണ സമയമായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: ഭക്ഷണസമയമായി നമുക്കു വീട്ടിലേക്കുപോകാം. പുറത്തിറങ്ങിയ അവര്‍ രണ്ടു വഴിക്കുപോയി. ഉടനെ മടങ്ങി വന്നു. അവര്‍ വീണ്ടും കണ്ടുമുട്ടി. മടങ്ങാന്‍ കാരണമെന്തെന്നു പറയാന്‍ നിര്‍ബന്ധിച്ചപ്പോള്‍, അവര്‍ തങ്ങളുടെ അഭിലാഷം അന്യോന്യം വെളിപ്പെടുത്തി. അവളെ തനിച്ചു കണ്ടുമുട്ടാവുന്ന ഒരു സമയം അവര്‍ പറഞ്ഞൊത്തു.

അവര്‍ തക്കം നോക്കിയിരിക്കവേ, പതിവുപോലെ സൂസന്ന രണ്ടു തോഴിമാരോടൊപ്പം ഉദ്യാനത്തില്‍ കടന്നു. വലിയ ചൂടായിരുന്നതുകൊണ്ട് അവള്‍ കുളിക്കാനൊരുങ്ങി. ഒളിച്ചുനിന്നു നോക്കിയിരുന്ന ആ രണ്ടു ശ്രേഷ്ഠന്മാരല്ലാതെ മറ്റാരും ഉണ്ടായിരുന്നിലല. അവള്‍ തോഴിമാരോടു പറഞ്ഞു: എനിക്കു കുളിക്കാന്‍ എണ്ണയുംലേപനവും കൊണ്ടുവരുവിന്‍. വാതില്‍ അടച്ചേക്കൂ. അതനുസരിച്ച് അവര്‍ വാതില്‍ അടച്ചിട്ടു, എണ്ണയും മറ്റും കൊണ്ടുവരാന്‍ പിന്‍വാതിലിലൂടെ പോയി. ഒളിച്ചുനിന്ന ശ്രേഷ്ഠന്മാരെ അവര്‍ കണ്ടില്ല. തോഴിമാര്‍ പോയ തക്കത്തില്‍ ശ്രേഷ്ഠന്മാര്‍ രണ്ടുപേരും അവളുടെ അടുത്തെത്തി പറഞ്ഞു: ഇതാ ഉദ്യാനകവാടങ്ങള്‍ അടച്ചിരിക്കുന്നു. ആരും നമ്മെ കാണുന്നില്ല. ഞങ്ങള്‍ നിന്നെ അഗാധമായി സ്‌നേഹിക്കുന്നു. അതുകൊണ്ടു നീ മടി കൂടാതെ ഞങ്ങളൊത്തു ശയിക്കുക. നീ വിസമ്മതിച്ചാല്‍, നിന്റെ കൂടെ ഒരു യുവാവ് ഉണ്ടായിരുന്നതുകൊണ്ടാണ് തോഴിമാരെ നീ പറഞ്ഞുവിട്ടതെന്നു ഞങ്ങള്‍ നിനക്കെതിരെ സാക്ഷ്യപ്പെടുത്തും. സൂസന്ന വിറങ്ങലിച്ചു. ചുറ്റുംനോക്കി നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു: എല്ലാത്തരത്തിലും ഞാന്‍ അകപ്പെട്ടു. ഞാന്‍ സമ്മതിച്ചാല്‍, അതെന്റെ മരണമാണ്. സമ്മതിച്ചില്ലെങ്കില്‍ നിങ്ങളുടെ കയ്യില്‍ നിന്നു ഞാന്‍ രക്ഷപ്പെടുകയില്ല.

സൂസന്ന പെട്ടെന്ന് ഉച്ചത്തില്‍ നിലവിളിച്ചു. ആ ശ്രേഷ്ഠന്മാര്‍ അവള്‍ക്കെതിരെ അട്ടഹസിച്ചു. അവരിലൊരാള്‍ ഓടിച്ചെന്ന് ഉദ്യാനവാതില്‍ തുറന്നു. ഉദ്യാനത്തില്‍ നിന്ന് അട്ടഹാസം കേട്ടപ്പോള്‍ സൂസന്നയ്ക്ക് എന്താണ് സംഭവിച്ചതെന്നറിയാന്‍ വീട്ടിലെ വേലക്കാരെല്ലാവരും ഓടിക്കൂടി. ശ്രേഷ്ഠന്മാര്‍ വിളമ്പിയ കഥ കേട്ടു വേലക്കാര്‍ അത്യന്തം ലജ്ജിച്ചു. ഇങ്ങനെയൊന്നും ഒരിക്കലും സൂസന്നയെക്കുറിച്ച് അവര്‍ കേട്ടിരുന്നില്ല.

അടുത്തദിവസം അവളുടെ ഭര്‍ത്താവായ യോവാക്കിമിന്റെ വീട്ടില്‍ ആളുകള്‍ കൂടിയപ്പോള്‍ സൂസന്നയെ കൊല്ലാനുള്ള ദുരാലോചനയുമായി രണ്ടു ശ്രേഷ്ഠന്മാരും എത്തിച്ചേര്‍ന്നു. അവര്‍ ജനത്തോട് പറഞ്ഞു: സൂസന്നയെ കൊണ്ടുവരുവിന്‍. അവര്‍ അവളെ കൊണ്ടുവന്നു. സൂസന്ന സംസ്‌കൃതചിത്തയും സുന്ദരിയുമായിരുന്നു. അവളുടെ സൗന്ദര്യം ആസ്വദിക്കാനായി മൂടുപടം മാറ്റാന്‍ ആ ദുഷ്ടന്മാര്‍ ആജ്ഞാപിച്ചു. അവളുടെ കുടുംബാംഗങ്ങളും കൂട്ടുകാരും അവളെ കണ്ട എല്ലാവരും കരഞ്ഞു. അപ്പോള്‍ ശ്രേഷ്ഠന്മാര്‍ ജനമദ്ധ്യേ എഴുന്നേറ്റുനിന്ന് അവളുടെ തലയില്‍ കരങ്ങള്‍ വച്ചു. അവള്‍ കരഞ്ഞുകൊണ്ടു സ്വര്‍ഗത്തിലേക്കു ദൃഷ്ടികളുയര്‍ത്തി. അവള്‍ കര്‍ത്താവില്‍ ആശ്രയിച്ചു.

ശ്രേഷ്ഠന്മാര്‍ പറഞ്ഞു: ഞങ്ങള്‍ തനിച്ച് ഉദ്യാനത്തില്‍ നടക്കുമ്പോള്‍, ഇവള്‍ രണ്ടു തോഴിമാരോടൊപ്പം വരുകയും ഉദ്യാനവാതിലടച്ചതിനുശേഷം തോഴിമാരെ പറഞ്ഞുവിടുകയും ചെയ്തു. അപ്പോള്‍ അവിടെ ഒളിച്ചിരുന്ന ഒരുയുവാവ് വന്ന് ഇവളോടു കൂടി ശയിച്ചു. ഞങ്ങള്‍ ഉദ്യാനത്തില്‍ ഒരു കോണിലായിരുന്നു. ഈ ദുഷ്ടത കണ്ട് ഞങ്ങള്‍ ഓടിച്ചെന്നു. ഇവള്‍ ആലിംഗനം ചെയ്യുന്നത് ഞങ്ങള്‍ കണ്ടു. അവന്‍ ഞങ്ങളേക്കാള്‍ ശക്തനായിരുന്നതിനാല്‍, അവനെ പിടിക്കാന്‍ കഴിഞ്ഞില്ല. അവന്‍ പൊടുന്നനെ വാതില്‍ തുറന്ന് ഓടിമറഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ ഇവളെ പിടിച്ച്, അവന്‍ ആരാണെന്നു ചോദിച്ചു. ഇവള്‍ പറഞ്ഞില്ല. ഇത് ഞങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടിയിരുന്നവര്‍ അവരെ വിശ്വസിച്ചു. കാരണം, അവര്‍ ജനത്തിന്റെ ശ്രേഷ്ഠന്മാരും ന്യായാധിപന്മാരുമായിരുന്നു. അവര്‍ അവളെ മരണത്തിനു വിധിച്ചു.

അപ്പോള്‍ സൂസന്ന അത്യുച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: നിത്യനായ ദൈവമേ, രഹസ്യങ്ങളെ വിവേചിക്കുന്നവനേ, ഇവര്‍ എനിക്കെതിരേ കള്ളസാക്ഷ്യം പറഞ്ഞെന്ന് അങ്ങ് അറിയുന്നുവല്ലൊ. ഞാനിതാ മരിക്കാന്‍ പോകന്നു. ഇവര്‍ ആരോപിച്ച കാര്യങ്ങളൊന്നും ഞാന്‍ ചെയ്തിട്ടില്ല. കര്‍ത്താവ് അവളുടെ നിലവിളി കേട്ടു. കരളുരുക്കം മനസ്സിലാക്കി.

അവള്‍ കൊലക്കളത്തിലേക്ക് നയിക്കപ്പെട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന ദാനിയേല്‍ എന്നു പേരുള്ള ഒരു ബാലന്‍ ദൈവശക്തിയാല്‍ പ്രേരിതനായി മുന്നോട്ടുവന്നു. അവന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ഇവളുടെ രക്തത്തില്‍ എനിക്കു പങ്കില്ല. ജനം അവന്റെ നേരെ തിരിഞ്ഞു. അവരുടെ മധ്യേ നിന്നുകൊണ്ട് അവന്‍ പറഞ്ഞു: ഇസ്രായേല്‍ മക്കളേ, നിങ്ങള്‍ ഇത്ര ഭോഷന്മാരാണോ? വിചാരണ നടത്താതെയും വസ്തുതകള്‍ ഗ്രഹിക്കാതെയും ഒരു ഇസ്രായേല്‍ പുത്രിയെ നിങ്ങള്‍ ശിക്ഷയ്ക്കു വിധിക്കുന്നുവോ? എല്ലാവരും വിചാരണ സ്ഥലത്തേക്കു മടങ്ങുവിന്‍. കാരണം ഈ മനുഷ്യര്‍ ഇവള്‍ക്കെതിരേ കള്ളസാക്ഷ്യം പറഞ്ഞിരിക്കുന്നു.

അവര്‍ മടങ്ങി. ശ്രേഷ്ഠന്മാര്‍ രൂക്ഷമായി നോക്കിക്കൊണ്ടു പറഞ്ഞു: ഞങ്ങളുടെ ഇടയിലിരുന്നു നിന്റെ വാദം ഉന്നയിക്കുക. ദൈവം നിനക്കു ശ്രേഷ്ഠസ്ഥാനം നല്കിയിട്ടുണ്ടല്ലൊ. ദാനിയേല്‍ പറഞ്ഞു: അവരെ രണ്ടു പേരെയും പരസ്പരം ദൂരെ മാറ്റി നിര്‍ത്തുക. ഞാന്‍ അവരെ വിസ്തരിക്കാം. അവരെ തമ്മില്‍ അകറ്റിനിര്‍ത്തിയശേഷം അവരില്‍ ഒരുവനെ വിളിച്ചിട്ടു പറഞ്ഞു: നിരപരാധിയും നീതിമാനുമായ ഒരുവനെ കൊല്ലരുതെന്നു കര്‍ത്താവ് കല്പിച്ചിട്ടുണ്ടെങ്കിലും നീ നിരപരാധിനിയെ ശിക്ഷയ്ക്കു വിധിച്ചു. തെറ്റു ചെയ്തവനെ വെറുതെ വിട്ടു. അങ്ങനെ അന്യായമായ വിധി നീ പ്രസ്താവിച്ചു. എന്നാല്‍ നീ അവളെ കണ്ടു എന്നതു സത്യമാണെങ്കില്‍, ഞാന്‍ ചോദിക്കുന്നു, ഏതു വൃക്ഷത്തിന്റെ ചുവട്ടിലാണ് ആലിംഗനബദ്ധരായി നീ അവരെ കണ്ടത്? ''ഒരു കരയാമ്പൂ മരത്തിന്റെ ചുവട്ടില്‍.'' അവന്‍ മറുപടി പറഞ്ഞു.

അവനെ മാറ്റിനിര്‍ത്തിയിട്ടു അപരനെ കൊണ്ടുവരാന്‍ ദാനിയേല്‍ ആജ്ഞാപിച്ചു. അവനോടു ചോദിച്ചു: ഏതു വൃക്ഷത്തിന്റെ ചുവട്ടില്‍വച്ചാണ് ആലിംഗനബദ്ധരായി അവരെ നീ കണ്ടത്? സത്യം പറയണം. ''തഴച്ചു വളരുന്ന ഒരു കരുവേലകത്തിന്റെ ചുവട്ടില്‍.'' അവന്‍ മറുപടി നല്കി.

അങ്ങനെ കള്ളം പൊളിഞ്ഞു. അപ്പോള്‍ അവിടെ കൂടിയിരുന്നവര്‍ മുഴുവന്‍ അത്യുച്ചത്തില്‍ അട്ടഹസിക്കുകയും തന്നില്‍ പ്രത്യാശ വയ്ക്കുന്നവരെ രക്ഷിക്കുന്ന ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അവര്‍ ആ രണ്ടു ശ്രേഷ്ഠന്മാര്‍ക്കെതിരെ തിരിഞ്ഞു. എന്തെന്നാല്‍, അവര്‍ കള്ളസാക്ഷ്യം പറഞ്ഞെന്ന് അവരുടെ വാക്കുകള്‍ കൊണ്ടുതന്നെ ദാനിയേല്‍ തെളിയിച്ചു. തങ്ങളുടെ അയല്‍ക്കാരിയും സുശീലയുമായ സൂസന്നയ്ക്കു നല്കാന്‍ ശ്രേഷ്ഠന്മാര്‍ ദുഷ്ടതയോടെ തീരുമാനിച്ച ക്രൂരമായ ശിക്ഷ അവര്‍ക്കുതന്നെ നല്കി. മോശയുടെ നിയമമനുസരിച്ചു ജനം അവരെ ഇരുവരെയും വധിച്ചു.

നമുക്ക് ഇതിനെ ''സത്യക്കോടതി'' എന്നു വിളിക്കാം.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org