ലിംഗമാറ്റ ശസ്ത്രക്രിയ: അജപാലന പരിഗണനകൾ

ലിംഗമാറ്റ ശസ്ത്രക്രിയ: അജപാലന പരിഗണനകൾ
Published on

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത് കത്തോലിക്കാ സഭയുടെ പഠനപ്രകാരം അനുവദനീയമല്ല. എന്നാൽ, ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലെയും സിവിൽ നിയമം ഇത് അനുവദിക്കുന്നതുകൊണ്ട് സഭാംഗങ്ങൾ പോലും ചിലപ്പോൾ ഈ ശസ്ത്രക്രിയ നടത്തി സിവിൽ രേഖകളിൽ മാറ്റം വരുത്തുന്നു. (ഇന്ത്യൻ സിവിൽ നിയമപ്രകാരം ലിംഗമാറ്റ ശസ്ത്രക്രിയയും അതിൻ പ്രകാരം സിവിൽ രേഖകളിൽ മാറ്റം വരുത്തലും അനുവദനീയമാണ്.

Transgender Persons (Protection of Rights) Act, 2019.)

ഇത്തരം സാഹചര്യത്തിൽ അജപാലനപരമായും നിയമപര മായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

റോമിലെ വിശ്വാസകാര്യാലയ ത്തിന്റെ ചില രേഖകളാണ് ഈ വിഷയവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നത് (1. ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെ 2024 ഏപ്രിൽ രണ്ടിന് റോമിലെ വിശ്വാസ തിരു സംഘം പുറപ്പെടുവിച്ച Dignitas infinita. 2. വിശ്വാസ തിരുസംഘം 2002-ൽ ലോകത്തെ ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റുമാർക്ക് അയച്ചുകൊടുത്ത ഒരു രഹസ്യരേഖ (sub secretum). ഇതിന്റെ ഉളളടക്കം ഇന്റർനെറ്റിൽ ഇപ്പോൾ ലഭ്യമാണ്.)

ശസ്ത്രക്രിയ നടത്തി ലിംഗസ്വത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് വരുന്ന ഒരാളോട് ജനന സർട്ടിഫിക്കറ്റിലെ ലിംഗത്വം മാത്രമേ സഭ അംഗീകരിക്കുകയുള്ളൂ എന്ന് പറയുന്നതിനെ ട്രാൻസ്ജെൻഡർ സമൂഹത്തിന് ഉൾക്കൊള്ളാനാകുന്നില്ല. ലിംഗത്വ സംഘർഷത്തിലൂടെ കടന്നുപോകുന്നവർക്ക് സഭയിൽ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നം ഇതാണ്.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന സഭാംഗങ്ങൾക്ക് ഇടവകയിലെ ആത്മസ്ഥിതി/മാമ്മോദീസ രജിസ്റ്റ റിൽ ലിംഗ മാറ്റമോ അതുവഴിയുള്ള പേരുമാറ്റമോ അനുവദിക്കരുത് എന്നാണ് സഭയുടെ നിലപാട്. റിമാർക്സ് കോളത്തിൽ ശസ്ത്രക്രിയ നടത്തി ട്രാൻസ്മാൻ / ട്രാൻസ് വുമൺ ആയ ആളാണ് എന്ന് എഴുതി ചേർക്കുന്ന രീതി ചില രൂപതകളിൽ പിന്തുടർന്നു വരുന്നു.

"ലിംഗമാറ്റ" നടപടിക്രമങ്ങൾ സഭയുടെ ദൃഷ്ടിയിൽ ഒരു വ്യക്തിയുടെ ലിംഗഭേദത്തെ മാറ്റില്ല.

ശസ്ത്രക്രിയ വളരെ ഉപരിപ്ലവവും ബാഹ്യവുമായതിനാൽ അത് വ്യക്തിത്വത്തെ മാറ്റില്ല എന്നതാണ് പ്രധാന കാര്യം. വ്യക്തി പുരുഷനാ ണെങ്കിൽ, അയാൾ പുരുഷനായി തുടരുന്നു. സ്ത്രീയാണെങ്കിൽ, അവൾ സ്ത്രീയായി തുടരുന്നു. ജന്മവേളയിൽ ഉണ്ടായിരുന്ന ലിംഗത്വം തന്നെയാണ് പിന്നീട് എല്ലാ കാലത്തും സഭാ നിയമപ്രകാരമുള്ള ലിംഗത്വം. അതനുസരിച്ച് ജീവിക്കുന്നതിന് ലിംഗ ന്യൂനപക്ഷങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾ സഭ മനസ്സിലാ ക്കുന്നു. ഫ്രാൻസിസ് മാർപാപ്പ വന്നപ്പോൾ ഉണ്ടായ വലിയൊരു മാറ്റം അവരെ വിധിക്കാൻ ഞാനാര് എന്ന ചോദ്യവും അതനുസരിച്ചുള്ള അനുകമ്പയുടെ നിലപാടുകളും ആണ്. വളരെ അനുകമ്പയോടെ, ആദരവോടെ, നമ്മിൽ ഒരാളായി അവരെ അംഗീകരിക്കണം. പക്ഷേ അവകാശങ്ങളുടെ തലത്തിൽ വരുമ്പോൾ സഭയ്ക്ക് ചില പരിമിതികൾ ഉണ്ട്.

രജിസ്റ്ററിൽ ലിംഗമാറ്റം/പേരുമാറ്റം അനുവദിച്ചാൽ സ്വാഭാവിക മായും ഉണ്ടാകാവുന്ന നിയമ പ്രശ്നങ്ങൾ കണക്കിലെടുക്കേണ്ട തുണ്ട്. ഉദാഹരണത്തിന്, ട്രാൻസ്മാൻ ആയ ഒരാളുടെ മാമ്മോദീസ രജിസ്റ്ററിൽ തിരുത്തൽ വരുത്തിയാൽ, അടുത്ത ഘട്ടത്തിൽ അയാൾ പള്ളിയിൽ വന്ന് ഒരു സ്ത്രീയെ വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ടാൽ നിഷേധിക്കാനാകുമോ?

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം ഒരാൾ സഭയിൽ വന്നു ജ്ഞാനസ്നാനം ആവശ്യപ്പെട്ടാൽ കൊടുക്കാമോ എന്ന ചോദ്യ ത്തിന്, കൊടുക്കാം എന്നാണ് സഭയുടെ ഉത്തരം. എന്നാൽ, ജനന സർട്ടിഫിക്കറ്റിലെ ലിംഗത്വമായിരിക്കണം മാമ്മോദീസ സർട്ടിഫിക്കറ്റിലും രേഖപ്പെടുത്തേണ്ടത്.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഒരാൾക്ക്, മറ്റൊരാളുടെ മാമ്മോദീസയ്ക്ക് തലതൊട്ടപ്പനും തലതൊട്ടമ്മയും ആകാമോ എന്ന ചോദ്യത്തിന്, ആകാം എന്നാണ് സഭയുടെ ഉത്തരം. ശ്രദ്ധാപൂർവകമായിരിക്കണം ഇതു സംബന്ധിച്ച തീരുമാനങ്ങൾ എന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഒരാൾക്ക് കുമ്പസാരിക്കുന്ന തിനോ കുർബാന സ്വീകരിക്കുന്നതിനോ വിവാഹത്തിന് സാക്ഷി യായി നിൽക്കുന്നതിനോ തടസ്സമില്ലെന്നാണ് സഭയുടെ നിലപാട്.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവരെ പൗരോഹിത്യത്തി ലേക്കോ സന്യാസത്തിലേക്കോ സ്വീകരിക്കാൻ പാടില്ല.

പക്ഷേ, ഇക്കാര്യങ്ങളെ സഭ കാണുന്ന വിധത്തിൽ അല്ല ട്രാൻസ്ജെൻഡർ വിശ്വാസി സമൂഹം കാണുന്നത്. അവർ ഇതിനെ വലിയൊരു വിവേചനം ആയിട്ട് തന്നെയാണ് കാണുന്നത്. ശസ്ത്രക്രിയ നടത്തി ലിംഗസ്വത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് വരുന്ന ഒരാളോട് ജനന സർട്ടിഫിക്കറ്റിലെ ലിംഗത്വം മാത്രമേ സഭ അംഗീകരിക്കുകയുള്ളൂ എന്ന് പറയുന്ന തിനെ ട്രാൻസ്ജെൻഡർ സമൂഹത്തിന് ഉൾക്കൊള്ളാനാകുന്നില്ല. ലിംഗത്വ സംഘർഷത്തിലൂടെ കടന്നുപോകുന്നവർക്ക് സഭയിൽ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നം ഇതാണ്.

ഒരു വശത്ത്, സഭയുടെ ഭാഗത്തുനിന്ന് വലിയ അനുഭാവ ത്തോടുകൂടി ഈ വിഷയത്തെ സമീപിക്കുന്നതും നന്മയുടേതായ കുറെ മാറ്റങ്ങൾ വരുന്നതും നമുക്ക് കാണാൻ സാധിക്കും. മറുവശത്ത് അനുവദിക്കാൻ പറ്റാത്ത ചില നിയമപ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുവെന്നുള്ളത് വാസ്തവമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org