

മനുഷ്യൻ ഒരു സാമൂഹ്യജീവിയായതിനാൽ സമൂഹം എങ്ങനെ അവന്റെ സ്വത്വബോധത്തെ നിർണ്ണയിക്കുന്നു എന്നുള്ളതിന് വലിയ പ്രാധാന്യമുണ്ട്.
ട്രാൻസ്ജെൻഡറിന്റെ സ്വത്വ നിർണ്ണയത്തിൽ ജന്മനാ ലഭിച്ച ജീവശാസ്ത്രപരമായ ലിംഗത്വത്തോട് സാധർമ്മ്യപ്പെടുക എന്നതാണ് സഭയുടെ നിലപാട്. എന്നാൽ സാമൂഹിക ശാസ്ത്രകാഴ്ചപ്പാടിൽ ഒരു സമൂഹം ഉണ്ടാക്കുന്ന സംസ്കാരത്തിന്റെ വെളിച്ചത്തിലും കൂടി വേണം അവരുടെ സ്വത്വം നിർണ്ണയിക്കാൻ. ഒരു കുട്ടി വളർന്നുവരുമ്പോൾ അവനിലേക്ക് സമൂഹം പടിപടിയായി സംക്രമിപ്പിക്കുന്ന കാര്യങ്ങൾ അവന്റെ സ്വത്വബോധത്തിന്റെ നിർമ്മിതിയിൽ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. ശാസ്ത്രീയമായ പഠനങ്ങളിലും സമീപനങ്ങളിലും വളരെയധികം വികാസം വന്നിട്ടുള്ള ഇക്കാലത്ത് സമൂഹം ട്രാൻസ്ജെൻഡറിന്റെ സ്വത്വത്തെ ജന്മനായുള്ള ശാരീരികമായ ലൈംഗികസ്വത്വത്തിലേക്ക് ചുരുക്കുന്നില്ല; പിന്നെയോ സംസ്കാരത്തിന്റെ കൂടി ഉല്പന്നമായാണ് കാണുന്നത്.
സാമൂഹ്യ മാനുഷിക മീമാംസകൾ ട്രാൻജെൻഡേഴ്സിന്റെ സ്വാതന്ത്ര്യത്തിനാണ് കൂടുതൽ പ്രാധാന്യം നല്കുന്നത്. അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്മേൽ മതത്തിന് മേലാധികാരം നല്കാൻ ഇന്നത്തെ സമൂഹം തയ്യാറല്ല. ഉദാഹരണത്തിന്, ഒരു വ്യക്തി ആകാരത്തിൽ സ്ത്രീയാണെങ്കിലും അയാളുടെ ഐഡന്റിറ്റി നിർണ്ണയിക്കുന്നതിൽ അയാൾ ആന്തരികമായി അനുഭവിക്കുന്നതിനാണ് പ്രാധാന്യം. പ്രസ്തുത അനുഭവത്തെ വെറുമൊരു മാനസികാവസ്ഥയായി മാത്രം ഇന്ന് കാണുന്നില്ല; മറിച്ച് അതൊരസ്തിത്വപരമായ അവസ്ഥയായാണ് കാണുന്നത്. വേറെ വാക്കിൽ പറഞ്ഞാൽ ആൺ-പെൺ ലിംഗങ്ങളെ പോലെയുള്ള മൂന്നാം ലിംഗം ആയിട്ടാണ് സാമൂഹ്യശാസ്ത്രങ്ങൾ ട്രാൻജെൻഡറിനെ കാണുന്നത്.
സാമൂഹ്യശാസ്ത്രവും ഇതര ശാസ്ത്രങ്ങളും ഉപയോഗിച്ചു പഠിക്കുമ്പോൾ ട്രാൻസ്ജെൻഡേർസിന്റെ പ്രശ്നത്തെ ഒരു മനഃശാസ്ത്ര വൈകല്യം മാത്രമായി കാണുന്നതും അവർ ജന്മനാ ശാരീരികമായി എന്തായിരിക്കുന്നുവോ അതിനെ അതുപോലെ സ്വീകരിക്കാൻ തയ്യാറാകണമെന്ന് വാദിക്കുന്നതും ശരിയല്ലെന്ന് ചിന്തിക്കുന്നവർ സഭയിൽ വർദ്ധിച്ചുവരുന്നു. അവരെ സഭ, യേശു ശിഷ്യരുടെ സമൂഹമെന്ന നിലയിൽ, യേശുവിന്റെ കണ്ണുകളിലൂടെ കാണണമെന്നാണ് ഇവരുടെ നിലപാട്.
ഇവിടെ പ്രസക്തമായ ചോദ്യമിതാണ്: ഒരു വ്യക്തിയുടെ സ്വാതന്ത്ര്യബോധമനുസരിച്ച്, തന്റെ ഉള്ളിൽ തോന്നുന്ന അസ്തിത്വപരമായ ഐഡന്റിറ്റിക്ക് അനുസരിച്ച് ജീവിക്കാൻ ഒരാൾ ആഗ്രഹിക്കുകയും അതിനെ മാനിക്കാൻ ഇവിടത്തെ പ്രബുദ്ധ സമൂഹങ്ങൾ സമ്മതിക്കുകയും ചെയ്യുമ്പോൾ സഭയ്ക്ക് ഇതിനെ അവഗണിക്കാനാവുമോ?
രണ്ടാമതായി, ഓർക്കേണ്ടത് ഒരാൾ ട്രാൻസ്ജെൻഡർ ആയി ജനിച്ചെങ്കിൽ അതിന് അയാൾ യാതൊരു തരത്തിലും കുറ്റക്കാരനല്ല എന്ന യാഥാർഥ്യമാണ്. ക്രോമോസോമുകളുടെയും ഹോർമോണുകളുടെയും പ്രത്യേക സങ്കലനം വഴി ഇങ്ങനെ സംഭവിക്കുമ്പോൾ നമുക്കതിനെ എങ്ങനെ വ്യക്തിയുടെ മനഃശാസ്ത്ര വൈകല്യം മാത്രമായി വ്യാഖ്യാനിക്കാൻ കഴിയും?
മൂന്നാമതായി, നമ്മൾ ഗൗരവമായി കാണേണ്ടത് ഇവർ അനുഭവിക്കുന്ന സാമൂഹ്യ തിരസ്കാരമാണ്. സാമൂഹ്യ തിരസ്കാരം അനുഭവിക്കുന്ന മനുഷ്യർക്ക് നീതി കിട്ടേണ്ടത് അത്യാവശ്യമാണ്. കുടുംബങ്ങൾ പലപ്പോഴും ഇവരെ ശാപമായും നാണക്കേടായും കാണുകയും പുറത്താക്കാൻ തുനിയുകയും ചെയ്യുന്നു. പൈതൃക സ്വത്തുപോലും നിഷേധിക്കപ്പെടുന്നു. പലയിടത്തും ഇവർ വീടുകളിൽ നിന്ന് ഓടി പോകേണ്ടി വരുന്നു. സമൂഹം വലിയ അകൽച്ചയോടെയാണ് ഇവരെ കാണുന്നത്.
ഈ വിഭാഗത്തിലുള്ള ഒരാളെ കാണുമ്പോൾ അറിയാതെ നമ്മുടെ ശരീരഭാഷ മാറുന്നു, നോട്ടം മാറുന്നു, നമ്മളിൽ നിന്ന് പുറത്തേക്ക് വരുന്ന ഊർജ്ജം മാറുന്നു, അത്തരക്കാരെ ഒഴിവാക്കുന്നു, ചിലരെ വിരട്ടുന്നു, ചിലപ്പോൾ ആക്രമിക്കുന്നു. ഇങ്ങനെയുള്ള ആളുകൾക്ക് മാന്യമായ ജോലി കൊടുക്കാൻ തയ്യാറാകുന്നില്ല. തൊഴിൽ സ്ഥലങ്ങളിൽ ബഹിഷ്കരിക്കപ്പെടുന്നു.
വാടകയ്ക്ക് താമസിക്കാൻ വീടുപോലും കിട്ടാത്ത സാഹചര്യങ്ങൾ ഉണ്ട്. പൊതുസ്ഥലങ്ങളിലേക്ക് കടന്നു വരാൻ അവർ ബുദ്ധിമുട്ടുന്നു. പഴയകാലത്തെ അയിത്തത്തിന്റെ ഭീകരമായ ഒരു രൂപം ഇവരുടെ കാര്യത്തിൽ പലയിടങ്ങളിലും നിലനിൽക്കുന്നു. വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. അതുകൊണ്ട് പലരും തെരുവുകളിലേക്ക് ഇറങ്ങേണ്ടിവരുന്നു, യാചകരെ പോലെ ജീവിക്കേണ്ടിവരുന്നു, വിഷാദത്തിൽ കഴിയേണ്ടി വരുന്നു, ചിലപ്പോഴൊക്കെ ആത്മഹത്യ ചെയ്യുന്നു. സാമൂഹ്യ തിരസ്കാരം എന്ന ഈ വലിയ അനീതി ഇവരോട് ചെയ്യുമ്പോൾ മതപരമായ വിശദീകരണങ്ങൾ കൊണ്ട് അതിനെ തിരസ്കരിക്കാനാകുമോ?
സഭയ്ക്ക് സാമൂഹ്യശാസ്ത്രങ്ങൾ നല്കുന്ന ഉൾക്കാഴ്ചകളെ ആദരിക്കാനുള്ള കടമയുണ്ട്. കാരണം, സഭ ദൈവിക സമൂഹമായിരിക്കുന്നതുപോലെ മാനുഷിക സമൂഹവും കൂടിയാണ്. സഭയെ സാമൂഹിക സ്ഥാപനമായി കാണുമ്പോൾ സഭയുടെ അകത്ത് രണ്ട് ചിന്താധാരകളുണ്ട്. ഒന്ന്, സുവിശേഷാത്മക പക്ഷത്തുനിന്നുള്ള ചിന്ത. ഇവിടെ യേശു എന്തു പറയുന്നു എന്നതിനാണ് പ്രസക്തി. അടുത്തത് വ്യവസ്ഥാപിതമായ സഭയാണ്. ചട്ടക്കൂടുകളും നിയമങ്ങളും പൊതുവായ സമ്പ്രദായങ്ങളും ഒള്ള ഒരു സ്ഥാപനാകാര സഭ. സഭയിൽ ഇങ്ങനെ രണ്ട് വ്യത്യസ്തമായ ചിന്താധാരകൾ ഉള്ളതിനാൽ ട്രാൻസ്ജെഡേഴ്സിന്റെ സ്വത്വബോധത്തെക്കുറിച്ചും അവരോടു സ്വീകരിക്കേണ്ട മനോഭാവത്തെപ്പറ്റിയും വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. ചിലർ സ്വവർഗ ലൈംഗിക ആഭിമുഖ്യമുള്ളവരെ നിശിതമായി ശപിക്കുന്ന ഭാഗങ്ങൾ പഴയ നിയമത്തിൽ നിന്ന് ഉദ്ധരിക്കാറുണ്ട്. 3000 വർഷങ്ങൾക്കു മുമ്പ് രൂപപ്പെട്ട ഈ പഴയ നിയമ കാഴ്ചപ്പാട് ഇന്ന് ക്രിസ്തീയ നിലപാടായി പ്രയോഗിക്കാനാകുമോ എന്ന് ബൈബിൾ പണ്ഡിതർ പറയേണ്ടതാണ്.
സാമൂഹ്യശാസ്ത്രവും ഇതര ശാസ്ത്രങ്ങളും ഉപയോഗിച്ചു പഠിക്കുമ്പോൾ ട്രാൻസ്ജെൻഡേർസിന്റെ പ്രശ്നത്തെ ഒരു മനഃശാസ്ത്ര വൈകല്യം മാത്രമായി കാണുന്നതും അവർ ജന്മനാ ശാരീരികമായി എന്തായിരിക്കുന്നുവോ അതിനെ അതുപോലെ സ്വീകരിക്കാൻ തയ്യാറാകണമെന്ന് വാദിക്കുന്നതും ശരിയല്ലെന്ന് ചിന്തിക്കുന്നവർ സഭയിൽ വർദ്ധിച്ചുവരുന്നു. അവരെ സഭ, യേശു ശിഷ്യരുടെ സമൂഹമെന്ന നിലയിൽ, യേശുവിന്റെ കണ്ണുകളിലൂടെ കാണണമെന്നാണ് ഇവരുടെ നിലപാട്.