

എം പി പോള്‍ 'ആസ്തിക്യവാദം' (ഈശ്വരന്റെ അസ്തിത്വത്തെ അംഗീകരിക്കുന്ന തത്ത്വചിന്ത) എന്നൊരു മനോഹരമായ പുസ്തകം എഴുതിയിട്ടുണ്ട്. ശാസ്ത്രവസ്തുതകളുടെ പിന്‍ബലത്തില്‍ ദൈവമുണ്ടെന്ന് തെളിയിക്കാന്‍ കഴിയുമെന്ന് സ്ഥാപിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഗ്രന്ഥങ്ങളിലൊന്നാണ് ആസ്തിക്യവാദം. എന്നാല്‍ എം പി പോളിനും മുണ്ടശ്ശേരിക്കും സഭയിലെ സ്ഥാനം എന്തായിരുന്നു?
ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
തോമസ് അക്കെമ്പിസിന്റെ ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് (ക്രിസ്താനുകരണം) പരിഭാഷപ്പെടുത്തിക്കൊണ്ട് സാഹിത്യജീവിതം ആരംഭിച്ച രണ്ട് മലയാളികളാണ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും പ്രൊഫ. എം പി പോളും. ഇതില്‍ എം പി പോള്‍ 'ആസ്തിക്യവാദം' (ഈശ്വരന്റെ അസ്തിത്വത്തെ അംഗീകരിക്കുന്ന തത്ത്വചിന്ത) എന്നൊരു മനോഹരമായ പുസ്തകം എഴുതിയിട്ടുണ്ട്. ശാസ്ത്രവസ്തുതകളുടെ പിന്‍ബലത്തില്‍ ദൈവമുണ്ടെന്ന് തെളിയിക്കാന്‍ കഴിയുമെന്ന് സ്ഥാപിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഗ്രന്ഥങ്ങളിലൊന്നാണ് ആസ്തിക്യവാദം. എന്നാല്‍ എം പി പോളിനും മുണ്ടശ്ശേരിക്കും സഭയിലെ സ്ഥാനം എന്തായിരുന്നു? നിലയ്ക്കാത്ത ചോദ്യങ്ങളുമായി ജീവിച്ച പ്രൊഫ. എം പി പോളിനെ ജീവിതാവസാനം തെമ്മാടിക്കുഴിയില്‍ ആണ് അടക്കിയത് എന്നുള്ളത് ഭീതിദമായ ഒരു ഓര്‍മ്മയാണ്! 'ഏഥന്‍സിന് ജറുസലേമുമായി എന്ത് ബന്ധമാണുള്ളത്?' എന്ന ആദ്യകാല ക്രൈസ്തവചിന്തകനായ തെര്‍ത്തുല്യന്റെ ചോദ്യം പുതിയകാലത്ത് സാഹിത്യകാരനും തത്വചിന്തകനും സഭയില്‍ എന്ത് കാര്യം എന്ന് വിവര്‍ത്തനം ചെയ്യാവുന്നതാണ്. ഒരു സാഹിത്യോത്സവ പങ്കാളിത്തമാണ് മഷിക്കുപ്പികളെ മറന്ന സഭയെ ഓര്‍ക്കാന്‍ ഇടയാക്കിയത്.
ക്രൈസ്തവ സാഹിത്യകാരന്മാര്‍ എവിടെ?
മലയാളത്തിലെ ഒരു പ്രമുഖപത്രം എറണാകുളത്ത് സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ പങ്കെടുത്തപ്പോള്‍ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്: ഇതില്‍ പങ്കെടുത്ത സാഹിത്യകാരന്മാരുടെ കൂട്ടത്തില്‍ ക്രൈസ്തവരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നു മാത്രമല്ല അങ്ങനെ പങ്കെടുക്കുന്ന പല ക്രൈസ്തവ നാമധാരികളും മുഖ്യധാരാസഭയുടെ അതിരുകളില്‍ നില്‍ക്കുന്നവരാണ്; അല്ലെങ്കില്‍ ഔദ്യോഗിക സഭയുടെ അകത്തളങ്ങളില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയ വിലക്ക് നേരിടുന്നവരാണ്. കേരള പൊതുസമൂഹവും അനുവാചകരും അംഗീകരിച്ച പല ചിന്തകരും സാഹിത്യകാരന്മാരും സഭയുടെ മുഖ്യധാരയില്‍ പ്രവേശനം നിഷേധിക്കപ്പെട്ടവരാണ് എന്ന യാഥാര്‍ത്ഥ്യം മനസ്സിനെ തെല്ലൊന്നുമല്ല അസ്വസ്ഥപ്പെടുത്തിയത്.
തോമസ് അക്കെമ്പിസിന്റെ ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് (ക്രിസ്താനുകരണം) പരിഭാഷപ്പെടുത്തിക്കൊണ്ട് സാഹിത്യജീവിതം ആരംഭിച്ച രണ്ട് മലയാളികളാണ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും പ്രൊഫ. എം പി പോളും. നിലയ്ക്കാത്ത ചോദ്യങ്ങളുമായി ജീവിച്ച പ്രൊഫ. എം പി പോളിനെ ജീവിതാവസാനം തെമ്മാടിക്കുഴിയിലാണ് അടക്കിയത് എന്നുള്ളത് ഭീതിദമായ ഒരു ഓര്‍മ്മയാണ്! എന്നാല്‍ മരണശേഷം ഇവരുടെ ലെഗസിയെ സ്ഥാപനപരമായ മുതലെടുപ്പിന് ഉപയോഗിക്കാന്‍ പലര്‍ക്കും മടിയില്ല എന്നത് ചരിത്രത്തിലെ വലിയ ഐറണി ആയി മാറുന്നു.
പോളും മുണ്ടശ്ശേരിയും: രണ്ടു സാമ്പിളുകള്‍!
മലയാളത്തിലെ എണ്ണം പറഞ്ഞ സാഹിത്യകാരന്മാരു ടെയും നിരൂപകരുടെയും കുലഗുരുവായിരുന്നു വരാപ്പുഴ പുത്തന്‍പള്ളിയില്‍ ജനിച്ച പ്രൊഫസര്‍ എം പി പോള്‍ എന്ന മേനാച്ചേരി പൗലോസ് പോള്‍. ലോകസാഹിത്യത്തില്‍ തന്നെ എഴുത്തുകാര്‍ക്കുവേണ്ടിയുള്ള ആദ്യത്തെ കൂട്ടായ്മകളിലൊ ന്നായ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ സ്ഥാപക പ്രസിഡന്റ് എന്ന നിലയില്‍ പ്രസിദ്ധനായ അദ്ദേഹമാണ് ഗാന്ധിജി തൃശ്ശൂര്‍ സന്ദര്‍ശിച്ചപ്പോള്‍ മഹാത്മാഗാന്ധിക്ക് സമര്‍പ്പിച്ച മംഗളപത്രം തയ്യാറാക്കിയത്. മംഗളപത്രം വായിച്ച ഗാന്ധി അതിന്റെ രചയിതാവിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ഗാന്ധിയെ ചെന്നുകണ്ട എം പി പോളിനെ ഗാന്ധിജി അഭിനന്ദിക്കുകയും ചെയ്തത് ചരിത്രമാണ്. വൈക്കം മുഹമ്മദ് ബഷീറിനെയും സി ജെ തോമസിനെയും പോലുള്ളവരെ സാഹിത്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ആദ്യകാലത്ത് അവര്‍ക്കുവേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്ത എം പി പോളിനെ പോലുള്ള മഹാമനസ്‌കനായ ഒരാള്‍ അവസാന കാലത്ത് തെമ്മാടിക്കുഴിയില്‍ ഒതുങ്ങേണ്ടിവന്നു എന്നുള്ളത് സാഹിത്യകാരന്മാരോടും ചിന്തകരോടും ഒരുകാലത്ത് സഭയെടുത്ത സമീപനത്തിന്റെ ദൃഷ്ടാന്തമാണ്.
സാഹിത്യനിരൂപകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ഭരണകര്‍ത്താവ്, മന്ത്രി, പ്രഭാഷകന്‍, വിമര്‍ശകന്‍, യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ എന്നിങ്ങനെ വിവിധ നിലകളില്‍ പ്രശോഭിച്ചിരുന്ന ഒരു വ്യക്തിത്വമാണ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടേത്. 1972-ല്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സ്ഥാപിതമായപ്പോള്‍ വൈസ് ചാന്‍സലറായി നിയമിതനായത് ജോസഫ് മുണ്ടശ്ശേരി മാഷ് ആയിരുന്നു. എന്നാല്‍ അത്തരമൊരു പ്രതിഭാശാലിക്ക് ആദ്യ കാലത്ത് സഭയുടെ കോളേജില്‍ അധികകാലം പഠിപ്പിക്കാനായില്ല. വിമോചന സമരകാലത്ത് കത്തോലിക്കര്‍ അടക്കമുള്ള സമരക്കാര്‍ അദ്ദേഹത്തെ പരിഹസിച്ച് വിളിച്ച മുദ്രാവാക്യം ഇങ്ങനെയായിരുന്നു. 'മുണ്ടശ്ശേരിയുടെ മണ്ടേലെന്താ, ചകിരിച്ചോറോ കളിമണ്ണോ?' എന്നാല്‍ മരണശേഷം ഇവരുടെ ലെഗസിയെ സ്ഥാപനപരമായ മുതലെടുപ്പിന് ഉപയോഗിക്കാന്‍ പലര്‍ക്കും മടിയില്ല എന്നത് ചരിത്രത്തിലെ വലിയ ഐറണി ആയി മാറുന്നു. ഒരുകാലത്ത് വീഴ്ത്തപ്പെട്ടവര്‍ പിന്നീട് വാഴ്ത്തപ്പെട്ടവരാകുന്ന അദ്ഭുതം! ഈ പശ്ചാത്തലത്തിലാണ് പ്രതിഭാശാലികളായ എഴുത്തുകാരും അപ്രിയ സത്യങ്ങളുള്‍ക്കൊള്ളുന്ന ചോദ്യങ്ങളുന്നയിക്കുന്ന ചിന്തകരും സഭയുടെ മുഖ്യധാരയില്‍ നിന്ന് ബോധപൂര്‍വം ഒഴിവാക്കപ്പെടുകയോ സ്വയം ഒഴിവാകുകയോ ചെയ്യുന്നതെന്തുകൊണ്ടെന്നുള്ള ചോദ്യം പ്രസക്തമാകുന്നത്.
വിലക്കപ്പെടുന്ന വിയോജിപ്പിന്റെ വ്യാകരണങ്ങള്‍!
ജ്ഞാനോദയത്തിന്റെ (Enlightenment) പ്രഖ്യാപിത മുദ്രാവാക്യം തന്നെ 'sapere aude' (dare to think) 'ചിന്തിക്കാന്‍ ധൈര്യപ്പെടുക' എന്നതായിരുന്നു. ചിന്തയുടെ ബലമാണ് അറിയപ്പെടാത്ത ആകാശങ്ങളെ തേടാന്‍ മനുഷ്യനു തുണയായത്. മധ്യകാലത്തെ ലോകഗുരുവായി ഗണിക്കപ്പെടുന്ന അരിസ്‌റ്റോട്ടിലും ഗ്രേക്കോ-റോമന്‍ വാനനിരീക്ഷകനായിരുന്ന ക്ലോഡിയസ് ടോളമിയും പിന്തുണച്ചിരുന്ന ഭൗമകേന്ദ്ര വാദത്തെ (Geocetnric Theory) പിന്നീട് കോപ്പര്‍നിക്കസും ഗലീലിയോയും കെപ്ലറുമൊക്കെ തിരുത്തുന്നത് വിയോജിച്ചുകൊണ്ടുതന്നെ ചിന്തയുടെ പുതിയ ആകാശങ്ങളെ തേടാനുള്ള വഴികളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ്. ജിജ്ഞാസയാണല്ലോ പ്രതിഭയുടെ ആത്മാവ്! എന്നാല്‍ ചിന്തിക്കാന്‍ ധൈര്യപ്പെട്ടവരെ വിലക്കിന്റെ മണിച്ചിത്രത്താഴിട്ട് പൂട്ടിയ ചില മതമേലധ്യക്ഷര്‍ ചെയ്യാന്‍ ശ്രമിച്ചത് ചിന്തയുടെ ആകാശങ്ങളെ പോപ്പിക്കുട കൊണ്ട് മറയ്ക്കാനാണ്. മലവെള്ളത്തെ പഴമുറം കൊണ്ട് തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചവര്‍ ഒലിച്ചുപോയെന്നത് ചരിത്രം! കന്നഡ നവോത്ഥാന നായകനായ ബസവേശ്വരന്‍ ഇങ്ങനെ എഴുതി: 'ബലം പിടിച്ചവര്‍ ഒലിച്ചു പോയി; ചലിച്ചു നിന്നവര്‍ പിടിച്ചു നിന്നു.' വിയോജിപ്പിന്റെ വ്യാകരണങ്ങളെഴുതുന്നവരെക്കൂടി ഉള്‍കൊള്ളുന്നതല്ലേ ക്രിസ്തുവിന്റെ മനസ്സ്!
'ഏഥന്‍സിന് ജറുസലേമുമായി എന്ത് ബന്ധമാണുള്ളത്?' എന്ന ആദ്യകാല ക്രൈസ്തവചിന്തകനായ തെര്‍ത്തുല്യന്റെ ചോദ്യം പുതിയകാലത്ത് സാഹിത്യകാരനും തത്വചിന്തകനും സഭയില്‍ എന്ത് കാര്യം എന്ന് വിവര്‍ത്തനം ചെയ്യാവുന്നതാണ്. മഷിക്കുപ്പികളെ മറന്ന സഭയാണോ നമ്മുടേത്?
മധ്യകാല ദൈവശാസ്ത്രജ്ഞനും തത്വചിന്തകനുമായിരുന്ന സെന്റ് തോമസ് അക്വിനാസ് ഇപ്രകാരം എഴുതി: 'Reason is the Candle of the Lord.' 'മനുഷ്യാത്മാവിന് ദൈവം കത്തിച്ചു നല്‍കിയ മെഴുകുതിരിയാണ് യുക്തിയെന്നും' അതിന്റെ വെളിച്ചത്തില്‍ കാണാവുന്നത് മനുഷ്യന്‍ കാണണമെന്നും എഴുതിയ വി. തോമസ് അക്വിനാസിന്റെ ദൈവശാസ്ത്ര പൈതൃകത്തെ ചിലര്‍ ബോധപൂര്‍വം വിസ്മൃതിയിലേക്ക് തള്ളിവിട്ടപ്പോള്‍ വിസ്മരിക്കപ്പെട്ടത് യുക്തിയും വിശ്വാസവും മനുഷ്യാത്മാവിന് ദൈവം തന്ന രണ്ട് ചിറകുകളാണെന്ന കത്തോലിക്കാ വിശ്വാസ പാരമ്പര്യമാണ്.
മനുഷ്യനെയും അവന്റെ അനന്ത സാധ്യതകളെയും കുറിച്ച് എഴുതാനുള്ളതെല്ലാം എഴുതപ്പെട്ടിരിക്കുന്നു എന്നും, അതിനാല്‍ ഇനി പറയുന്നവരെല്ലാം മേല്‍പറഞ്ഞ കാര്യങ്ങള്‍ക്കനുസരിച്ച് സംസാരിച്ചാല്‍ മതി എന്നുമുള്ള ഇടുങ്ങിയ ചിന്താഗതി ചില ക്രൈസ്തവകേന്ദ്രങ്ങളില്‍ മുഴങ്ങിക്കേട്ടപ്പോള്‍ അവിടെ ചിന്തയുടെ ആത്മഹത്യയും സര്‍ഗാത്മകതയുടെ ശവമടക്കും കഴിഞ്ഞു. ഭൂതകാലക്കുളിരില്‍ അഭിരമിക്കുന്ന ഇവര്‍ വര്‍ത്തമാനത്തില്‍ ജീവിക്കുന്നത് തന്നെ ഭൂതകാലത്തിന്റെ പലിശകൊണ്ടാണ്. ഭാവി എന്നത് ഇവര്‍ ബോധപൂര്‍വ്വം അടച്ചുകളഞ്ഞ വാതിലാണ്. അല്ലെങ്കില്‍ തുറക്കാനിഷ്ടപ്പെടാത്ത ചിന്തയുടെ ആകാശവാതിലാണ്. വി. തോമസ് അക്വിനാസ് വീണ്ടും എഴുതി: 'To act according to Reason is the Nature of God.' യുക്ത്യാനുസൃതം പ്രവര്‍ത്തിക്കുന്നത് ദൈവസ്വഭാവത്തില്‍ പങ്കുചേരലാണെന്ന് വാദിച്ച വി. തോമസ് അക്വിനാസിന്റെ ദൈവശാസ്ത്ര പൈതൃകത്തെ ഇന്നും ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വമായ മറവിയുടെ മാറാലയില്‍ ഒളിപ്പിക്കുന്നുണ്ട്. അവര്‍ക്കിഷ്ടം ഫീദേയിസത്തിന്റെ (Fideism) ഇടുങ്ങിയ പ്രാവിന്‍കൂടുകളാണ്.
വിചിത്രമായ രക്ഷാകര്‍തൃഭാവങ്ങള്‍!
വിശ്വാസികളെ വിചിത്രമായ ഒരു രക്ഷാകര്‍തൃഭാവത്തോടെ വിരല്‍ത്തുമ്പില്‍ തൂക്കിയിട്ട് നടന്ന മധ്യകാലസഭ ബൗദ്ധിക മേഖലയിലെ വ്യവഹാരങ്ങളെ പലപ്പോഴും സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചിരുന്നത്. വിലക്കപ്പെട്ട പുസ്തകങ്ങള്‍ ഇന്‍ഡക്‌സി (Index)ലാക്കിയ അലക്‌സാണ്ടര്‍ ആറാമന്റെ നടപടിയെക്കുറിച്ച് ഇംഗ്ലീഷ് നാടകകൃത്തും നോവലിസ്റ്റുമായ ജെ. ബി. പ്രീസ്റ്റ്‌ലി (J. B. Priestley) പില്‍ക്കാലത്ത് ഇങ്ങനെ എഴുതി: 'അധികാരം അതിന്റെ മൂന്നാം കണ്ണുകൊണ്ട് ശത്രുവിനെ തിരിച്ചറിഞ്ഞു.' ബൈബിള്‍ വിവര്‍ത്തനം ചെയ്ത കുറ്റത്തിന് അല്ലേ ഒരുകാലത്ത് ടിന്‍ഡെയ്ല്‍ ചുട്ടുകൊല്ലപ്പെട്ടത്? അക്ഷരം അഗ്‌നിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ജര്‍മ്മന്‍ കവിയും നാടകകൃത്തുമായ ബ്രെഹ്‌തോള്‍ഡ് ബ്രെഹ്റ്റ് എഴുതി: 'വിശക്കുന്ന മനുഷ്യാ, നീ പുസ്തകം കയ്യിലെടുക്കൂ! പുത്തനൊരായുധമാണ് നിനക്കത്.' എന്നാല്‍ ആദിയില്‍ വചനമുണ്ടായെന്നും വചനം മാംസമായെന്നും പഠിപ്പിച്ച സഭയുടെ ചില പ്രതിപുരുഷന്‍മാര്‍ അക്ഷരത്തിന്റെ അക്ഷയത്വത്തെയും അനശ്വരതയെയും അത് തുറക്കുന്ന വിശാലമായ നഭസുകളെയും മറന്നപ്പോള്‍ ക്രൈസ്തവലോകത്ത് മഷിക്കുപ്പികള്‍ വീണുടഞ്ഞു.
സാഹിതീയ താല്പര്യങ്ങളുള്ള ക്രൈസ്തവര്‍ ക്രമേണ മതസാഹിത്യത്തിലേക്ക് തിരിഞ്ഞു. ഭക്തിഗീതങ്ങള്‍, പുണ്യാത്മാക്കളുടെ ജീവചരിത്രങ്ങള്‍, ഉപദേശക ഗ്രന്ഥങ്ങള്‍ എന്നിവ ആത്മീയ സാഹിത്യത്തില്‍ പെരുകി. ദൃഷ്ടാന്തങ്ങളും പുതുമകളും പ്രഥമശ്രവണത്തില്‍ തന്നെ വ്യാജമെന്ന് മനസ്സിലാകുന്ന ചില മധ്യകാല കഥകളും മതസാഹിത്യത്തില്‍ നിന്ന് ചിലപ്പോള്‍ യുക്തിയെ പടികടത്തി. അങ്ങനെ കലയും സാഹിത്യവും ചിലയിടങ്ങളിലെയെങ്കിലും ക്രൈസ്തവലോകത്തിന് അപരിചിതമായി. കേരള ക്രൈസ്തവരുടെ ഇടയിലും ഇതിന്റെ പ്രതിധ്വനികളുണ്ടായി. മിഷണറിമാരുടെ വിദ്യാഭ്യാസപരവും ഭാഷാപരവുമായ അക്ഷര സേവനത്തിന്റെ ഉള്ളടക്കം ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാത്തവര്‍ ഇവിടെ നോട്ടീസുകളും രസീതുകളും അച്ചടിക്കുന്ന പ്രസുകള്‍ സ്ഥാപിച്ചു. വൈജ്ഞാനിക സൂക്ഷ്മതയോടെ ക്രിസ്തുസന്ദേശം ആധുനിക സാഹചര്യങ്ങള്‍ക്ക് അനുസൃതമാക്കി വ്യാഖ്യാനിക്കാനോ പുനരാവിഷ്‌കരിക്കാനോ ഉള്ള ശ്രമങ്ങള്‍ ഇവിടെ ഇല്ലാതായി. അച്ചടി മാധ്യമത്തിന്റെ അതിരുകള്‍ വിട്ട് കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷം പുതുക്കി നിര്‍വചിക്കപ്പെട്ടപ്പോള്‍ അതിനനുസരിച്ച് വളരാനോ ഉയരാനോ ഭൂരിഭാഗം ക്രൈസ്തവ വിഭാഗങ്ങള്‍ക്കും സാധിച്ചില്ല. കെട്ടിടങ്ങള്‍ ഉയരുന്നത് മാത്രം സഭയുടെ വളര്‍ച്ചയുടെ ലക്ഷണമായിക്കണ്ടവര്‍ സ്വപ്നം കണ്ട സിമന്റ് മണക്കുന്ന സ്ഥാപനവല്‍ക്കരണം ഇവിടത്തെ ചിന്താ മണ്ഡലത്തെ കുറേയൊക്കെ നിര്‍ജീവമാക്കിക്കളഞ്ഞു. മെത്രാന്റെയോ ഏതാനും അല്മായ പ്രമാണിമാരുടെ ചിത്രങ്ങളും കാലഹരണപ്പെട്ട ഏതാനും ആഹ്വാനങ്ങളും അച്ചടിച്ചാല്‍ ഏത് പ്രസിദ്ധീകരണവും ക്രൈസ്തവ പ്രസിദ്ധീകരണമായി മാറുന്ന അവസ്ഥയാണ് ഇന്ന്. 'എന്റെ തല, എന്റെ ഫുള്‍ ഫിഗര്‍ മാത്രം പോസ്റ്ററില്‍ മതി' എന്ന് വാശിപിടിക്കുന്ന സൂപ്പര്‍സ്റ്റാറുകളെപ്പോലെയായി ചിലര്‍.
ചിന്തിക്കാന്‍ ധൈര്യപ്പെട്ടവരെ വിലക്കിന്റെ മണിച്ചിത്രത്താഴിട്ട് പൂട്ടിയ ചില മതമേലധ്യക്ഷര്‍ ചെയ്യാന്‍ ശ്രമിച്ചത് ചിന്തയുടെ ആകാശങ്ങളെ പോപ്പിക്കുട കൊണ്ട് മറയ്ക്കാനാണ്. മലവെള്ളത്തെ പഴമുറം കൊണ്ട് തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചവര്‍ ഒലിച്ചുപോയെന്നത് ചരിത്രം! കന്നഡ നവോത്ഥാന നായകനായ ബസവേശ്വരന്‍ ഇങ്ങനെ എഴുതി: 'ബലം പിടിച്ചവര്‍ ഒലിച്ചു പോയി; ചലിച്ചു നിന്നവര്‍ പിടിച്ചു നിന്നു.' വിയോജിപ്പിന്റെ വ്യാകരണങ്ങളെഴുതുന്നവരെക്കൂടി ഉള്‍കൊള്ളുന്നതല്ലേ ക്രിസ്തുവിന്റെ മനസ്സ്!
മെത്രാന്‍ എഴുതുന്നുണ്ടോ, അച്ചന്‍ എഴുതുന്നുണ്ടോ എന്ന് നോക്കിയല്ല ഒരാള്‍ ഒരു പത്രമോ വാരികയോ തെരഞ്ഞെടുക്കുന്നത്. മറിച്ച്, നിലപാടുകളുടെ സത്യസന്ധതയും ആര്‍ജ്ജവത്വവും നോക്കിക്കൂടിയാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? കാലഹരണപ്പെട്ട വരട്ടുവാദത്തിന്റെ വക്താക്കളായി കേരളീയ സമൂഹത്തില്‍ ചില ക്രൈസ്തവ പ്രസിദ്ധീകരണങ്ങളെങ്കിലും ബ്രാന്‍ഡ് ചെയ്യപ്പെടാനുള്ള കാരണവും ഇത് തന്നെ.
പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍!
ക്രൈസ്തവ സാഹിത്യകാരന്മാരുടെ രചനകളെ പരിഹസിച്ചു കൊണ്ട് കേരളവര്‍മ വലിയകോയി തമ്പുരാന്‍ എഴുതിയ ഒരു ശ്ലോകം ഇങ്ങനെയാണ്.
'പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍
തട്ടിന്‍ പുറത്താഖു മൃഗാധി രാജന്‍
കാട്ടാളരില്‍ കാപ്പിരി കാമദേവന്‍
കട്ടക്കയം ക്രൈസ്തവ കാളിദാസന്‍'
പൊട്ടക്കുളത്തില്‍ നീര്‍ക്കോലി രാജാവാകുന്നത് പോലെയാണ് സെലിബ്രേറ്റ് ചെയ്യപ്പെടുന്ന പല ക്രൈസ്തവ സാഹിത്യകാരന്മാരുമെന്നാണ് ഇവിടെ പരിഹാസം!
മധ്യകാല ദൈവശാസ്ത്രജ്ഞനും തത്വ ചിന്തകനുമായിരുന്ന സെന്റ് തോമസ് അക്വിനാസ് ഇപ്രകാരം എഴുതി: 'Reason is the Candle of the Lord.' 'മനുഷ്യാത്മാവിന് ദൈവം കത്തിച്ചു നല്‍കിയ മെഴുകുതിരിയാണ് യുക്തിയെന്നും' അതിന്റെ വെളിച്ചത്തില്‍ കാണാവുന്നത് മനുഷ്യന്‍ കാണണമെന്നും എഴുതിയ വി. തോമസ് അക്വിനാസിന്റെ ദൈവശാസ്ത്ര പൈതൃകത്തെ ചിലര്‍ ബോധപൂര്‍വം വിസ്മൃതിയിലേക്ക് തള്ളിവിട്ടപ്പോള്‍ വിസ്മരിക്കപ്പെട്ടത് യുക്തിയും വിശ്വാസവും മനുഷ്യാത്മാവിന് ദൈവം തന്ന രണ്ട് ചിറകുകളാണെന്ന കത്തോലിക്കാ വിശ്വാസ പാരമ്പര്യമാണ്.
ഈ പരിഹാസം പൂര്‍ണ്ണമായും ശരിയല്ലെങ്കിലും ഇതില്‍ ചില സത്യങ്ങളുണ്ട്. മലയാള സാഹിത്യത്തില്‍ സവര്‍ണ്ണമേധാവിത്വത്തിന്റെ ആധിപത്യം ഉണ്ടായിരുന്നു എന്നത് ഒരു വസ്തുതയാണെങ്കിലും എഴുത്തച്ഛന്റെയോ കുമാരനാശന്റെയോ നിലവാരമുള്ള ഒരു കവി ക്രൈസ്തവ സമൂഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? ഗൗരവമാര്‍ന്ന പ്രമേയങ്ങളിലേക്ക് കടക്കാതെ ജീവിതത്തെ സ്പര്‍ശിക്കാത്ത ഉപരിപ്ലവമായ നിരുപദ്രവ രചനകളിലേക്ക് നല്ലൊരു വിഭാഗം ക്രൈസ്തവ എഴുത്തുകാര്‍ വീണു എന്നത് യാഥാര്‍ത്ഥ്യമാണ്. കേരളത്തിലെ ഏറ്റവും ജനപ്രീതി നേടിയ സാഹിത്യകാരന്മാര്‍ ക്രൈസ്തവരായിരുന്നില്ലേ? (പിന്നീട് പൈങ്കിളി എന്ന് ബ്രാന്റ് ചെയ്യപ്പെട്ടെങ്കിലും.) മുട്ടത്തുവര്‍ക്കി, കാനം, ജോയ്‌സി, മാത്യുമറ്റം തുടങ്ങിയവരെല്ലാം മലയാളസാഹിത്യത്തിന്റെ മുഖ്യധാരയ്ക്ക് പുറത്താകുന്നത് ഉത്തമ സാഹിത്യ സൃഷ്ടികളില്‍ ഉള്ള തീപ്പൊരിയുടെ അഭാവം കൊണ്ടാണ് എന്ന് വാദിക്കുന്നവരുണ്ട്. നോബല്‍ സമ്മാന ജേതാവായ മെക്‌സിക്കന്‍ സാഹിത്യകാരനായ ഒക്റ്റാവിയോ പാസ് (Octavio Paz) പറയുന്നത് എത്രയോ സത്യം: 'ഭാഷയെ തകര്‍ക്കാനും പുതിയ ഭാഷ സൃഷ്ടിക്കാനുള്ള വിളി ഉള്‍ക്കളത്തില്‍ അറിയാത്തവന്‍ സാഹിത്യകാരനാകില്ല.'
കൂണ് പോലെ മുളച്ചുപൊങ്ങുന്ന ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍
മഴക്കാലത്ത് കൂണു മുളക്കുന്ന പോലെ മുളച്ചുപൊങ്ങുന്ന ക്രൈസ്തവ പ്രസിദ്ധീകരണങ്ങളുടെ വര്‍ദ്ധന ഗുണനിലവാരത്തെ ഗൗരവമായി ബാധിച്ചിട്ടുണ്ട്. നിലവാരമുള്ള വിഭവങ്ങള്‍ വിളമ്പുന്ന വിരലിലെണ്ണാവുന്ന പ്രസിദ്ധീകരണങ്ങളേ നമുക്കുള്ളൂ എന്നത് യഥാര്‍ഥ്യമാണ്. സമുദായത്തിന്റെയോ സന്യാസ സഭകളുടെയോ വിഭവശേഷി അനിയന്ത്രിതമായി ചിലരില്‍ കുന്നുകൂടുമ്പോള്‍ ഉണ്ടാകുന്ന രോഗാതുരതയുടെ പ്രകടമായ ലക്ഷണമാണ് അകക്കമ്പില്ലാത്ത ചില ക്രൈസ്തവ പ്രസിദ്ധീകരണങ്ങള്‍ എന്ന് നിഷ്പക്ഷ നിരീക്ഷകര്‍ പറയുമ്പോള്‍ എന്റെ പിഴ ചൊല്ലേണ്ടത് ആരാണ്? ഭാഷയിലും സാഹിത്യത്തിലും മതബോധത്തിലും വിശേഷിച്ചൊരു പരിജ്ഞാനവും ഇല്ലാത്തവരല്ലേ ചില പ്രസിദ്ധീകരണങ്ങളുടെയെങ്കിലും തലപ്പത്തിരിക്കുന്നത്? ക്രൈസ്തവ സഭയുടെ സംഘടിതമായ വിപണന സംവിധാനം ഉപയോഗിച്ച് അച്ചടിയും വില്പനയും നടക്കുന്നുണ്ടെങ്കിലും ഗൗരവമായുള്ള ഒരു വായനാവിഭവമായത് മാറുന്നുണ്ടോ എന്നത് സംശയമാണ്. യൂറോപ്പില്‍ നിന്ന് ഭാരതത്തിലെത്തി ഇവിടത്തെ പ്രാദേശിക ഭാഷകള്‍ പഠിച്ച് അവയില്‍ കാലം നമിക്കുന്ന കൃതികള്‍ എഴുതിയ മിഷനറിമാരുടെ സമര്‍പ്പണം എത്ര പത്രാധിപന്മാര്‍ക്കുണ്ട്? വല്ലവിധേനയും പേജ് നിറയ്ക്കല്‍ മാത്രമല്ലല്ലോ എഡിറ്ററുടെ പണി.
ആദിയില്‍ വചനമുണ്ടായെന്നും വചനം മാംസമായെന്നും പഠിപ്പിച്ച സഭയുടെ ചില പ്രതിപുരുഷന്‍മാര്‍ അക്ഷരത്തിന്റെ അക്ഷയത്വത്തെയും അനശ്വരതയെയും അത് തുറക്കുന്ന വിശാലമായ നഭസുകളെയും മറന്നപ്പോള്‍ ക്രൈസ്തവലോകത്ത് മഷിക്കുപ്പികള്‍ വീണുടഞ്ഞു.
ക്രൈസ്തവമാധ്യമങ്ങളുടെ പെരുപ്പം കൊണ്ട് സംഭവിച്ചത് പൊതുവായ മാധ്യമങ്ങള്‍ കേരളസഭയ്ക്ക് ഇല്ലാതായി എന്ന ദുരന്തമാണ്. ഒരേ തരത്തിലുള്ള മാസികള്‍ ഇറക്കിക്കൊണ്ട് രൂപതകളും സന്യാസ സഭകളും ഭക്തസംഘടനകളും മത്സരിക്കുകയാണ്. പാരിഷ് ബുള്ളറ്റിന്‍ പരുവത്തില്‍ ഇറങ്ങുന്ന ഇത്തരം മാസികകള്‍ വായനക്കാരുടെ ബൗദ്ധിക ദാരിദ്ര്യത്തിലേക്ക് മുതല്‍ക്കൂട്ടുകയല്ലാതെ മറ്റെന്താണ് ചെയ്യുന്നത്? വായനാശീലം എന്ന സുകൃതം പുതുതലമുറയില്‍ നിന്ന് അപ്രത്യക്ഷമായതും ക്രൈസ്തവ മാസികകളുടെ പതനത്തിന് ആക്കംകൂട്ടി. സാംസ്‌കാരികമായ അസഹിഷ്ണുതയും ഭൗതികമായ അലംഭാവവും ചിന്താപരമായ ഉപപരിപ്ലവതയും ഇവിടെ 'പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍മാരെ' സൃഷ്ടിച്ചു. ഒരുകാലത്ത് ആത്മീയസാഹിത്യത്തിലേക്ക് നുഴഞ്ഞുകയറിയ ഒരു ചതഞ്ഞ കാല്‍പനികത അനുകരണങ്ങളുടെ കോളറയാണ് സൃഷ്ടിച്ചത്. ചിന്തയുടെ മലബന്ധവും വാക്കുകളുടെ വയറിളക്കവും ആണ് ഈ ധാരയില്‍പ്പെടുന്ന ചില ഭാവനാ ശൂന്യരുടെ രചനകളിലുള്ളത്.
ഉപസംഹാരം
ക്രൈസ്തവ സാഹിത്യകാരന്മാരെക്കുറിച്ചും മാധ്യമങ്ങളെക്കുറിച്ചുമുള്ള ഒരു പോസ്റ്റുമോര്‍ട്ടം ആയിരുന്നു ഈ ലേഖനം. മൃതശരീരത്തില്‍ നടത്തുന്ന കീറിമുറിക്കലുകള്‍ വേദനാജനകമാണെങ്കിലും അസ്വാഭാവിക മരണകാരണങ്ങളത് വെളിവാക്കും. 'ചത്ത കുഞ്ഞിന്റെ ജാതകം നോക്കണോ' എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. വേണ്ടെങ്കില്‍ ഇനിയും ഇവിടെ കുഞ്ഞുങ്ങള്‍ ചത്തു കൊണ്ടേയിരിക്കും. ഞാന്‍ കൂടി ഉള്‍പ്പെട്ട ക്രൈസ്തവസമൂഹത്തിന്റെ സാഹിത്യ-മാധ്യമ നയത്തിന്റെ കുറവുകളെക്കുറിച്ചുള്ള ആത്മവിമര്‍ശനപരമായ ഈ വിലയിരുത്തല്‍ അറിവിന്റെ തുറസുകളിലേക്കും സത്യത്തിന്റെ തെളിച്ചത്തിലേക്കും തലയുയര്‍ത്തി നില്‍ക്കുന്ന എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരെയും ഇവിടെ സൃഷ്ടിക്കട്ടെ!