യുവതികളോട്... യുവാക്കളോട്...

ഫാ. ലൂക്ക് പൂതൃക്കയില്‍
യുവതികളോട്... യുവാക്കളോട്...

രക്ഷ പ്രാപിക്കാന്‍ സ്ത്രീകള്‍ക്ക് നല്‍കിയിരിക്കുന്ന മാതൃത്വം എന്ന (1 തിമോ. 2:15) മഹാദാനത്തെപ്പറ്റി ആധുനികകാലത്തെ യുവതികള്‍ അവബോധമുള്ളവരായിരിക്കുകയും നിശ്ചിതകാലത്തിനുള്ളില്‍ വിവാഹത്തിന് തീരുമാനമെടുക്കുകയും വേണം....

കേരളത്തില്‍ സ്ത്രീപുരുഷ അനുപാതം തുല്യമെങ്കിലും ആയിരക്കണക്കിന് ക്രൈസ്തവ യുവാക്കള്‍ ജീവിതപങ്കാളിയെ ലഭിക്കാതെ വിഷമിക്കുന്ന വിവരവും യുവതികള്‍ അറിഞ്ഞിരിക്കേണ്ടതാണല്ലോ. പ്രസവിക്കാനും അതു വഴി അനേക തലമുറകളുടെ അമ്മയാകാനും ഭാഗ്യം ലഭിച്ചിരിക്കുന്നത് സ്ത്രീകളായ നിങ്ങള്‍ക്കാണ്. സ്ത്രീ സമം മാതൃത്വം എന്ന് വിശേഷിപ്പിക്കാമല്ലോ. നിങ്ങളുടെ പഠനവും ജോലിയും വിദേശ ജീവിതവും ഒക്കെ ഒരു പരിധിവരെ മുഖ്യമാണെങ്കിലും നിങ്ങളുടെ പ്രഥമദൗത്യം വിവാഹപ്രായത്തിലേ വിവാഹം കഴിച്ച് സന്തതികളെ ജനിപ്പിക്കലാണ്. വിവാഹത്തിന് ഒരു വലിയ തുക ചെലവാകും എന്നു വിചാരിച്ച് രണ്ടു മൂന്നു വര്‍ഷം പണം സമ്പാദിക്കാന്‍ വിവാഹം മാറ്റിവയ്ക്കുന്നവര്‍ പ്രകൃതിയോടും ദൈവത്തോടും പുറംതിരിഞ്ഞു നില്‍ക്കുന്നവരാകുകയല്ലേ. ദൈവവും പ്രകൃതിയും ഭാരതത്തിലെ നിയമവും നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന സമയത്തു തന്നെ വിവാഹം കഴിച്ചു കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പിന്നീട് ലഭിക്കണമെന്നില്ല. നന്നേ ചെറുപ്പത്തില്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ സൗന്ദര്യവും ബുദ്ധിയും ആരോഗ്യവും താമസിച്ചുണ്ടാകുന്ന കുട്ടികളെക്കാള്‍ വലുതാണ്. വിവാഹം കഴിഞ്ഞ് മക്കള്‍ ഉണ്ടാകുമ്പോഴും പഠിക്കാനും ജോലിക്ക് പോകാനും നിങ്ങള്‍ക്ക് സാധിക്കും. ഇതിനൊക്കെ എത്ര ഉദാഹരണങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. നിങ്ങള്‍ ആര്‍ജിക്കുന്ന പണവും ചിലപ്പോള്‍ ജോലിയും അപ്രസക്തമാകാം. എന്നാല്‍ നിങ്ങളുടെ മക്കളിലൂടെ നിങ്ങള്‍ ജീവിക്കുന്നതും അവരുടെ സന്തോഷവും ശക്തിയും നേരില്‍ കാണുവാന്‍ സാധിക്കുന്നതും ഒരു വലിയ കാര്യമല്ലേ.

പണം സമ്പാദിച്ചിട്ട് ആഡംബരപൂര്‍വ്വവും ആഘോഷപൂര്‍വ്വവും ആയി വിവാഹം നടത്തിയാല്‍ എന്താണ് ലഭിക്കുക? അത് പൊങ്ങച്ചത്തിന്റെയും ജാഡയുടെയും ഗണത്തില്‍ എഴുതി തള്ളപ്പെടും. വളരെ ലളിതമായി ഒട്ടും തന്നെ ചെലവില്ലാതെ നടത്തുന്ന എത്ര വിവാഹങ്ങള്‍ അനുഗ്രഹപ്രദമായി മുന്നോട്ടു പോകുന്നതിനും എത്ര തെളിവുകള്‍ നമ്മുടെ മുമ്പിലുണ്ട്. പ്രായം കഴിഞ്ഞ് വിവാഹം കഴിച്ചാല്‍ മക്കള്‍ ജനിക്കാനും അവരെ വളര്‍ത്താനും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത് ഒരു സത്യമല്ലേ. നിങ്ങള്‍ക്ക് ദൈവം നല്‍കിയ സൗന്ദര്യവും ബുദ്ധിയും കഴിവും അടുത്ത തലമുറയില്‍ കൂടുതല്‍ പേര്‍ക്ക് നല്‍കാന്‍ സാധിക്കുന്നത് മാനവരാശിയുടെ അമ്മയാകാന്‍ ഭാഗ്യം ലഭിക്കുന്നതല്ലേ. അനുഷ്ഠാനങ്ങളിലും ധ്യാനങ്ങളിലും സംബന്ധിച്ചും ഭക്തകൃത്യങ്ങള്‍ ഒത്തിരി ചെയ്തും ജീവിക്കുന്ന നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രവൃത്തി ഇവയൊന്നുമല്ല. മറിച്ച് മാനവകുലത്തിന് വേണ്ടി ദൈവത്തിനു വേണ്ടി ദൈവകുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നതാണ് വലിയ കാര്യം. നിങ്ങളോടു കൂടി നിങ്ങളുടെ തലമുറ തീര്‍ന്നു പോയാല്‍ അതിലൂടെ ഉണ്ടാകുന്ന നഷ്ടത്തിന് പകരംവയ്ക്കാന്‍ മറ്റൊന്നുമില്ല. നാം ഉണ്ടാക്കിയ പണവും ജോലിയും ഒക്കെ ഒന്നിനും പകരമാവുന്നില്ല. വിവാഹം വേണ്ടെന്നു വയ്ക്കുന്നതോ മക്കള്‍ വേണ്ടെന്നു വയ്ക്കുന്നതോ മക്കള്‍ ഒന്നു മതിയെന്ന് വയ്ക്കുന്നതോ നിങ്ങളുടെ മനസ്സിലെ പെരുന്തച്ചനെയാണ് കാണിക്കുക. എനിക്ക് ഞാന്‍ മതി എന്ന അന്തക ചിന്തയാണ് അതിന് കാരണം. നിങ്ങളിലൂടെ ജനിക്കാന്‍ പോകുന്ന മഹാത്മാഗാന്ധിയേയും ഐന്‍സ്റ്റീനെയും അബ്രഹാം ലിങ്കനെയും നിങ്ങള്‍ ജനിപ്പിക്കാതിരുന്നാല്‍ അത് ഒരു നഷ്ടമാകില്ലേ.

ഒരു കാര്യം കൂടി: വിവാഹം എന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധമാണെങ്കിലും നിങ്ങള്‍ ജനിച്ചു വളര്‍ന്ന മതവും വിശ്വാസവും സംസ്‌കാരവും ചേര്‍ന്ന് പോകുന്നവരാണെങ്കില്‍ ജീവിതം എളുപ്പമാകും എന്നുകൂടി അറിയണം. നിങ്ങള്‍ വിവാഹ പ്രായമാകുമ്പോള്‍ വളര്‍ന്ന സാഹചര്യങ്ങളെയും മാതാപിതാക്കളെയും വിശ്വാസത്തെയും സംസ്‌കാരത്തെയും വിട്ടുപോകുമ്പോള്‍ അവരുടെ സങ്കടങ്ങളെയും തിരിച്ചറിയണം. നിങ്ങളില്‍ നിക്ഷിപ്തമായ നന്മയെ നിങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി ബലി കൊടുക്കരുത്. നിങ്ങള്‍ മാനവരാശിയുടെ സമ്പത്താണ്. നിങ്ങളിലേക്ക് ഉറ്റുനോക്കുന്ന ഏറെ ചെറുപ്പക്കാര്‍ നിങ്ങളുടെ വഴിതെറ്റിയ മാര്‍ഗത്തെ നോക്കി വേദനിക്കും. നിങ്ങള്‍ എളിമപ്പെട്ടാല്‍, ചെറുപ്പത്തിലേ വിവാഹം കഴിച്ചാല്‍ നിങ്ങളുടെ കൂടെ നില്‍ക്കുന്നവര്‍ക്ക് സന്തോഷം ലഭിക്കും. പഠിക്കാനും ജോലി ചെയ്യാനും വിദേശത്ത് പോകാനും വിവാഹം കഴിഞ്ഞും സാധിക്കും. ഇവയെല്ലാം നേടിയ ശേഷം വിവാഹം കഴിക്കാന്‍ നോക്കിയാല്‍ വിവാഹം നടക്കാന്‍ പ്രയാസമാണ്. നിങ്ങള്‍ വെറും വിശ്വാസികളായാല്‍ പോരാ ദൈവത്തിന്റെ അനന്തപരിപാലനയില്‍ വിശ്വസിക്കുന്നവരും ആശ്രയിക്കുന്നവരുമാകണം.

പണം ഉണ്ടാക്കിയശേഷം വിവാഹത്തിന് തയ്യാറാകാന്‍ നോക്കിയാല്‍ അത് അത്ര എളുപ്പമല്ല. കാലം പെട്ടെന്ന് കട ന്നു പോകും. വിവാഹവും ജോലിയും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയണം. കുടുംബത്തെയും സമൂഹത്തെയും സൃഷ്ടിക്കാന്‍ യുവാക്കള്‍ ചെറുപ്പത്തി ലെ തയ്യാറാകണം.

യുവാക്കളോട്...

സമൂഹത്തിന്റെയും സഭയുടെയും രാഷ്ട്രത്തിന്റെയും ഒക്കെ നേതൃത്വത്തിലേക്ക് കടന്നുവരേണ്ടവരാണ് നിങ്ങള്‍. നേതൃത്വ ഗുണവും കഴിവും പ്രാപ്തിയും ഇച്ഛാ ശക്തിയും ചടുലതയും ആണ് യുവാക്കള്‍ നേടിയെടുക്കേണ്ടത്. യുവാക്കളിലാണ് കുടുംബവും മാതാപിതാക്കളും സഭയും രാഷ്ട്രവും വലിയ കാര്യങ്ങള്‍ പ്രതീക്ഷിച്ചിരിക്കുക. യാതൊന്നിന്റെയും മുമ്പിലേക്ക് നടക്കാനും ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കാനും ധൈര്യവും തന്റേടവും കാണിക്കുന്നവരിലാണ് പ്രതീക്ഷ. യുവാക്കള്‍ക്ക് ജന്മനാ ലഭിച്ച വരദാനമാണ് നേതൃത്വ വാസന. യുവാക്കളുടെ ശരീരം കരുത്തിന്റെ ശരീരമാകണം.

യുവാക്കള്‍ തല ഉയര്‍ത്തി നട്ടെല്ലു നിവര്‍ത്തി തന്റേടത്തോടെ ജീവിക്കേണ്ടവരാണ്. അവര്‍ സ്വതന്ത്രരാകണം. മന്ദബുദ്ധിയായി കാണപ്പെടരുത്. നാണം കുണുങ്ങികളും ചടുലത ഇല്ലാത്തവരും ആയവരോട് യുവതികള്‍ക്ക് താത്പര്യം ഉണ്ടാകില്ല. നന്നേ ചെറുപ്പത്തിലെ വിദ്യാഭ്യാസം നേടുകയും കായിക കലാമേഖലകളില്‍ പ്രാവീണ്യം നേടുകയോ ചെയ്യുന്നത് ചെറുപ്പക്കാര്‍ക്ക് നല്ലതാണ്. വെറും പഠനവും ഒതുങ്ങിയ ജീവിതവും (ഫോണില്‍ അല്ലാതെ) ചാറ്റിങ് നടത്താത്തതും യുവാക്കള്‍ക്ക് ചേര്‍ന്നതല്ല. പെണ്‍കുട്ടികള്‍ക്ക് ആകര്‍ഷണവും താത്പര്യവും തോന്നുന്ന മാന്യമായ പെരുമാറ്റങ്ങള്‍ യുവാക്കള്‍ കാഴ്ചവയ്ക്കണം. ഞങ്ങളെ സംരക്ഷിക്കാനും വളര്‍ത്താനുമുള്ള സാമ്പത്തിക ഭദ്രത ഉള്ളവര്‍ ആയിരിക്കണം യുവാക്കള്‍ എന്ന് യുവതികള്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. പ്ലസ്ടു കഴിഞ്ഞ് ഒരു ഹോട്ടല്‍ മാനേജ്‌മെന്റോ ഒരു ഡിപ്ലോമയോ മാത്രം നോക്കാതെ ജോലി സാധ്യതയുള്ള കോഴ്‌സുകള്‍ പഠിച്ച് തൊഴില്‍ സമ്പാദിക്കാന്‍ യുവാക്കള്‍ക്ക് ഇച്ഛാശക്തി ഉണ്ടാകണം. പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്ന ചടുലതയും മാന്യതയും വിദ്യാഭ്യാസ യോഗ്യതയും സാമാന്യം സാമ്പത്തിക ഭദ്രതയും യുവാക്കള്‍ കരുതിവയ്ക്കണം. ഇന്ത്യന്‍ നിയമമനുസരിച്ച് യുവാക്കള്‍ക്ക് 21 വയസ്സാണ് വിവാഹപ്രായം. വിവാഹ പ്രായത്തില്‍നിന്ന് അധികം മുന്നോട്ട് പോകാതെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ യുവാക്കള്‍ തയ്യാറാകണം. പണം ഉണ്ടാക്കിയ ശേഷം വിവാഹത്തിന് തയ്യാറാകാന്‍ നോക്കിയാല്‍ അത് അത്ര എളുപ്പമല്ല. കാലം പെട്ടെന്ന് കടന്നു പോകും. വിവാഹവും ജോലിയും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയണം. കുടുംബത്തെയും സമൂഹത്തെയും സൃഷ്ടിക്കാന്‍ യുവാക്കള്‍ ചെറുപ്പത്തിലെ തയ്യാറാകണം. ഏത് ജോലി ചെയ്യാനും അവര്‍ തയ്യാറാകേണ്ടിയിരിക്കുന്നു. പ്രകൃതിയുടെ നിയമം ലംഘിക്കാനാവില്ല. ജീവിതത്തില്‍ ഒരു പങ്കാളിയെ കൂട്ടാനുള്ള കഴിവും പ്രാപ്തിയും ചെറുപ്പത്തിലെ നേടിയെടുക്കണം, അപ്പന്റെയും അമ്മയുടെയും മുതല്‍ നോക്കി ഇത്തിക്കണ്ണികളായി കഴിയുന്നവരാകരുത്. ലൈഫ് എന്‍ ജോയ് ചെയ്യണം സ്വതന്ത്രരായി ജീവിക്കണം എന്നുള്ള പ്രിന്‍സിപ്പിളൊക്കെ ജീവിതത്തെ ക്രമേണ മുരടിപ്പിക്കുകയാണ്. എല്ലാ സ്വാതന്ത്ര്യവും സന്തോഷവും ജീവിതപങ്കാളി ഉള്ളപ്പോള്‍ തന്നെ അനുഭവിക്കുവാന്‍ സാധിക്കുമല്ലോ. യുവത്വത്തില്‍ ഉണ്ടാകുന്ന മക്കള്‍ വില്ലാളിവീരന്മാരാണ് എന്നാണ് ബൈബിള്‍ വാക്യം. യുവാക്കള്‍ ചെറുപ്പത്തിലെ വിവാഹം കഴിക്കാന്‍ തയ്യാറാകണം. നിങ്ങളെ കാത്ത് ഒരു പെണ്‍കുട്ടി ഇരിപ്പുണ്ട് എന്നറിഞ്ഞാല്‍ നിങ്ങള്‍ യഥാര്‍ത്ഥ പുരുഷന്മാരാകും. നൂറ് നൂറ് തലമുറകളുടെ പിതാക്കന്മാര്‍ ആകാന്‍ നിങ്ങള്‍ നേരത്തെ തയ്യാറാകണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org