
മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളെക്കുറിച്ച് ഒരുപാട് സങ്കല്പങ്ങളുണ്ട്. മോഹനങ്ങളായ സ്വപനങ്ങളുണ്ട്. മക്കള്‍ പഠിച്ചു വളരണം, മിടുക്കരാവണം, ഡിഗ്രിയെടുക്കണം, റാങ്ക് നേടണം, ഉന്നത വിജയം കരസ്ഥമാക്കണം, ഉദ്യോഗം സമ്പാദിക്കണം, ഉയര്‍ന്ന സ്ഥാനം കൈവരിക്കണം - ഇതൊക്കെയാണു മനസ്സില്‍ വിരിയുന്ന സ്വപ്നങ്ങള്‍.
പ്ലസ് ടുവിന് പഠിക്കുന്ന ഒരു പയ്യനോട് ഒരിക്കല്‍ ചോദിച്ചു: ''എന്താ ലക്ഷ്യം?''
''നന്നായി പഠിക്കണം.''
''നന്നായി പഠിച്ചിട്ടോ?''
''ഡിഗ്രിയെടുക്കണം.''
''ഡിഗ്രിയെടുത്തിട്ടോ?''
''ഉദ്യോഗം നേടണം.''
''ഉദ്യോഗം നേടിയിട്ടോ?''
''നല്ല സാലറി വാങ്ങണം.''
''നല്ല സാലറി വാങ്ങിയിട്ടോ?''
''അടിച്ചുപൊളിച്ചു ജീവിക്കണം.'' ഇതായിരുന്നു അവന്റെ മറുപടി. അടിപൊളി ജീവിതമാണ് അവന്റെ ലക്ഷ്യം.
സ്വന്തം സഹോദരിയെ കെട്ടിച്ചയയ്ക്കണമെന്നല്ല അവന്‍ പറഞ്ഞത്. വീട്ടുകാരെ സഹായിക്കണമെന്നോ, വീടുപണി പൂര്‍ത്തിയാക്കണമെന്നോ, ബാങ്കിലെ ലോണ്‍ അടച്ചു തീര്‍ക്കണമെന്നോ അല്ല പറഞ്ഞത്. ഇതൊന്നുമല്ല അവന്റെ ലക്ഷ്യം. അടിച്ചുപൊളിച്ചു ജീവിക്കണം.
ഭൗതികതയുടെ അതിപ്രസരമാണ് വിദ്യാര്‍ത്ഥിയുടെ ഈ മട്ടിലുള്ള ചിന്തയുടെ പ്രധാന കാരണം. ഇന്നത്തെ സമൂഹത്തില്‍ മാതാപിതാക്കള്‍പോലും മക്കളുടെ ഭൗതിക പുരോഗതിയിലും സാ മ്പത്തിക വളര്‍ച്ചയിലുമാണ് സര്‍ വശ്രദ്ധയും കേന്ദ്രീകരിക്കുന്നത്. എങ്ങെനയെങ്കിലും കുറെ ശാസ്ത്രവും സാങ്കേതികവിദ്യയും കുട്ടികളെ പഠിപ്പിക്കാനാണ് എല്ലാവരുടെയും ശ്രദ്ധ. മക്കളെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാക്കാനുള്ള വ്യഗ്രത. ഭൗതിക പു രോഗതി നേടാനുള്ള നെട്ടോട്ട ത്തിന്റെ ഭാഗമാണിത്. പരിണിത ഫലമോ? ഈശ്വര ചിന്ത കൈമോശം വന്ന, വിശ്വാസം ചോര്‍ന്നുപോയ, ആധ്യാത്മികത നഷ്ടപ്പെട്ട, നീതി ധര്‍മ്മങ്ങള്‍ക്കു സ്ഥാനം കൊടുക്കാത്ത, സ്വാര്‍ത്ഥത മുഖമുദ്രയായുള്ള ഒരു തലമുറ രൂപമെടുക്കുന്നു. അടിപൊളി ജീവിതത്തന്റെ തലമുറ.
ഡോക്ടറും എഞ്ചിനീയറും മാത്രമല്ലല്ലൊ, വേറെ എത്രയോ മാന്യമായ തൊഴിലുകളുണ്ട്. പ്രൊഫസര്‍, വക്കീല്‍, ബാങ്കുദ്യോഗസ്ഥന്‍, അധ്യാപകന്‍, സര്‍ക്കാര്‍ ജോലിക്കാരന്‍, കമ്പ്യൂട്ടര്‍ വിദഗ്ധന്‍, ബിസിനസ്സുകാരന്‍ തുടങ്ങിയവ. അതൊന്നും പോരാ, മക്കളെല്ലാം ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാവണം! ഇതു മക്കളുടെ ആവശ്യത്തേക്കാള്‍ ഉപരിയായി പലപ്പോഴും മാതാപിതാക്കളുടെ ഗമയ്ക്കും പ്രൗഡിക്കും പ്രസ്റ്റീജിനും വേണ്ടിയാണ്. അങ്ങനെ വെട്ടിത്തുറന്നു പറയില്ലെങ്കിലും ലക്ഷ്യം മക്കളുടെ വിവാഹവും അതിന്റെ പിന്നില്‍ മറിയുന്ന അതിഭീമമായ സംഖ്യകളുമാണ്. വിവാഹക്കമ്പോളത്തില്‍ കോടികള്‍ കൊയ്യാന്‍ വേണ്ടി മക്കളെ വില്പനച്ചരക്കുകളാക്കുന്നു. അതിനുവേണ്ടി മക്കളുടെ ഇംഗീതം നോക്കാതെ അവരെ ഭീഷണിപ്പെടുത്തി പഠിപ്പിക്കുന്നു, തല്ലിപ്പഴുപ്പിക്കുന്നു, കഷ്ടപ്പെടുത്തുന്നു.
ഓരോ വീട്ടിലെ മക്കള്‍ക്കും വ്യത്യസ്ത കഴിവുകളാണുള്ളത്. മറ്റാര്‍ക്കുമില്ലാത്ത ഓരോ സവിശേഷതകള്‍ മക്കള്‍ക്കുണ്ടാവും. അവരുടെ കഴിവുകളും കഴിവുകേടുകളും മനസ്സിലാക്കണം. അഭിരുചികളും വാസനകളും എന്താണെന്നറിയണം. അവ മനസ്സിലാക്കി പറ്റിയ മേഖലകളിലേക്കു മക്കളെ തിരിച്ചുവിടണം. അതിനു വിരുദ്ധമായി വരുന്ന നിര്‍ബന്ധങ്ങള്‍ മക്കള്‍ക്കു ഭാരമാകും. വീര്‍പ്പുമുട്ടുണ്ടാക്കും. മനസ്സില്‍ സംഘര്‍ഷവും ടെന്‍ഷ നും വര്‍ദ്ധിപ്പിക്കും. മാതാപിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാതെ വരുമ്പോള്‍ കുട്ടി വല്ലാത്ത ആശയക്കുഴപ്പത്തിലും പിരിമുറുക്കത്തിലുമാവും. ഇങ്ങനെ വരുന്ന അസ്വസ്ഥമായ അവസ്ഥകളിലാണ് കുട്ടികള്‍ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും മറ്റു ദുശ്ശീലങ്ങളിലേക്കും ആത്മഹത്യാപ്രവണതകളിലേക്കും വഴുതി വീഴുന്നത്.
മാതാപിതാക്കള്‍ പ്രഥമമായും പ്രധാനമായും ചെയ്യേണ്ടത് മക്കളെ നല്ലവരായി വളര്‍ത്തുക എന്നതാണ്. കുടുംബത്തിനും സമൂഹത്തിനും അഭിമാനമുണ്ടാക്കുന്നവരായി മക്കള്‍ വളരണം, വളര്‍ത്തണം. അതിനുതക്ക അന്തരീക്ഷം സ്വന്തം കുടുംബങ്ങളില്‍ മെനഞ്ഞെടുക്കണം. മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകകളാവണം. അവര്‍ ഒരുപക്ഷെ ചിന്തിക്കുന്നുണ്ടാവും, പഠിക്കാനായിട്ടു കുട്ടികളെ സ്‌കൂളിലേക്ക് പറഞ്ഞയച്ചാല്‍ മ തി പിന്നെയെല്ലാം അധ്യാപകര്‍ നോക്കിക്കൊള്ളും. എല്ലാം അവര്‍ പഠിപ്പിച്ചു വിടും. ഇതൊരു മിഥ്യാധാരണയാണ്.
സ്‌കൂള്‍ തുറക്കുന്ന സമയത്ത് മാതാപിതാക്കള്‍ മക്കള്‍ക്കു പുതിയ ഡ്രസ്സുകള്‍, പുതിയ കുട, പുതിയ ബാഗ്, പുതിയ ചെരിപ്പ്, പുതിയ പാഠപുസ്തകങ്ങള്‍ എന്നിവ വാങ്ങിക്കൊടുക്കുന്നു. മാതാപിതാക്കളേ! നിങ്ങളാണ് അവരുടെ പാഠപുസ്തകങ്ങള്‍. കുട്ടികളുടെ ആദ്യത്തെ വിദ്യാലയം കുടുംബമാണ്. അവരുടെ ആദ്യത്തെ അധ്യാപകര്‍ മാതാപിതാക്കളും. Parents are the first and best teachers എന്നു പറയുന്നതു വെറുതെയല്ല. നിങ്ങളെ നോക്കിയാണ് കുഞ്ഞുങ്ങള്‍ പഠിക്കുക. നിങ്ങളുടെ സംസാരം, പെരുമാറ്റം, സ്വഭാവം, പ്രകൃതം, പ്രവൃത്തി, മനോഭാവം - ഇതെല്ലാം അവരെ സ്വാധീനിക്കും. നിങ്ങളുടെ നോട്ടം പോലും ആ പിഞ്ചുമനസ്സുകള്‍ വായിച്ചെടുക്കും. നല്ല മാതൃക നല്ല ഫലങ്ങളുളവാക്കുന്നതുപോലെ ദുഷിച്ച മാതൃക ദുഷിച്ച ഫലങ്ങളുണ്ടാക്കുമെന്നത് തീര്‍ച്ച.
സര്‍ക്കാരുദ്യോഗസ്ഥനായ ഒരു മനുഷ്യന്‍ ഇംഗ്ലീഷ് മീഡിയം മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന അയാളുടെ മകന്‍ മറ്റൊരു കുട്ടിയുടെ പെന്‍സില്‍ മോഷ്ടിച്ചു. ഇതറിഞ് ക്ലാസ് ടീച്ചര്‍ രക്ഷകര്‍ത്താവിനെ വിളിപ്പിച്ച് വിവരം പറഞ്ഞു. വീട്ടിലെത്തിയ മകനോടു അച്ഛന്‍ തട്ടിക്കയറി.
''എന്തിനാടാ കഴുതേ, നീ പെന്‍സില്‍ മോഷ്ടിച്ചത്. നിനക്കതിന്റെ വല്ല കാര്യവുമുണ്ടോ? നിനക്കാവശ്യമുള്ള പെന്‍സിലുകള്‍ ഞാനെന്റെ ഓഫീസില്‍ നിന്നു കൊണ്ടുവന്നു തരാറില്ലേ?''
കുട്ടിയായ കുട്ടിക്കള്ളന് തന്തക്കള്ളന്റെ ഉപദേശം! എന്തൊരു 'മനോഹരമായ' മാതൃക!! ഇത്തരം മക്കള്‍ മുതിര്‍ന്ന ഉദ്യോഗത്തില്‍ കയറുമ്പോഴാണ് അടിപൊളി ജീവിതം തുടങ്ങുക.
മറ്റൊരനുഭവം ഒരു കുട്ടിയുടെ പിതാവ് ഏതോ യാത്ര കഴിഞ്ഞു തിരിച്ചെത്തിയിട്ടില്ല. അമ്മയ്ക്ക് അസ്വസ്ഥതയായി. ''ഈ മനു ഷ്യന്‍ എവിടെ പോയിരിക്കുന്നു. രാത്രി പത്തു കഴിഞ്ഞല്ലൊ...'' അപ്പോഴേക്കും അതാ പിതാവ് കയറിവന്നു.
''നിങ്ങളെവിടെയായിരുന്നു മനുഷ്യാ ഇതുവരെ? ബാക്കിയുള്ളോര് ആധിയെടുത്തു കാത്തിരിക്കും.''
''പുറപ്പെടാന്‍ കുറെ വൈകി. ഇന്നുണ്ടായതു കേള്‍ക്കണോ? ബസ്സുകൂലി ഇരുപതു രൂപയാണ്. ഇവിടെ വന്നിറങ്ങുന്നതുവരെ കണ്ടക്ടര്‍ എന്നോട് ബസ്സുകൂലി ചോദിച്ചില്ല.''
''എന്നിട്ട്?''
''എന്റെ സ്റ്റോപ്പെത്തിയപ്പോള്‍ ഞാന്‍ കണ്ടക്ടറോടു ചോദിച്ചു. എന്താ എന്റെ ബസ്സുകൂലി വേണ്ടേ? ഇതുവരെ എന്നോട് ചോദിച്ചില്ലല്ലോ.''
''ഭാര്യയുടെ ചോദ്യം: ''എന്നിട്ടെന്തുണ്ടായി?''
''ഞാന്‍ രൂപയെടുത്തു കൊടുത്തു. അതു വാങ്ങി അയാള്‍ സസന്തോഷം നന്ദി പറഞ്ഞു.''
ഭാര്യ: ''നന്നായി കേട്ടപ്പോള്‍ എനിക്കും സന്തോഷമായി.''
''ഞാന്‍ രൂപ കൊടുത്തപ്പോള്‍ അയാള്‍ക്കുണ്ടായതിനേക്കാള്‍ സന്തോഷം എനിക്കായിരുന്നു.''
ഈ സംസാരം മുഴുവന്‍ അടു ത്ത മുറിയില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിയായ മകന്‍ കേള്‍ക്കുകയായിരുന്നു. അച്ഛന്റെ സത്യസന്ധത അവന് വിലപ്പെട്ട ഒരു മാതൃകയായി. അവന്റെ മുഖത്തും സന്തോഷത്തിന്റെ പൂമൊട്ടു വിരിഞ്ഞു.
മാതാപിതാക്കള്‍ ഒന്നുകൂടി മനസ്സിലാക്കുക. കുട്ടികളുടെ മനസ്സ് വെള്ളക്കടലാസുപോലെയാണ്. ആദ്യമാദ്യം എഴുതുന്നതു നന്നായി പതിയും. അവരുടെ റോള്‍ മോഡല്‍സ് നിങ്ങളാണെന്നു മറക്കാതിരിക്കുക. നല്ല മൂല്യങ്ങള്‍ നന്നേ ചെറുപ്പത്തില്‍ മക്കള്‍ക്ക് പകര്‍ന്നു കൊടുക്കണം. സത്യസന്ധത, ഈശ്വരഭക്തി, നീതിബോധം, എളിമ, വിനയം, ക്ഷമ, വിട്ടുവീഴ്ച, പരസ്‌നേഹം, മനുഷ്യത്വം, മര്യാദ, ദയ, കരുണ മുതലായ മൂല്യങ്ങള്‍ പറഞ്ഞുകൊടുക്കുക. മാത്രമല്ല, സ്വയം ജീവിച്ചു കാണിച്ചു കൊടുക്കണം. നിങ്ങളുടെ ഒരുപാടു ഉപദേശങ്ങളല്ല, ഒരു പിടി മാതൃകകളാണ് മക്കള്‍ക്കു വേണ്ടത്. കുട്ടികള്‍ക്കു സ്‌നേഹവും വാത്സല്യവും നന്നേ ചെറുപ്പം മുതലേ കൊടുക്കുക. തുറന്ന ഹൃദയത്തോടെ അകമഴിഞ്ഞു സ്‌നേഹിക്കുക, ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് അപ്പോള്‍ അംഗീകാരവും അഭിനന്ദനവും കൊടുക്കുക. അങ്ങനെ വളര്‍ത്തിയാല്‍ ഭാവിയില്‍ അവര്‍ വഴിതെറ്റി പോവില്ല.
അതുകൊണ്ടു പ്രിയ മാതാപിതാക്കളേ, മക്കള്‍ക്ക് നിങ്ങളുടെ ഉപദേശങ്ങളും പ്രസംഗങ്ങളുമല്ല ആവശ്യം. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഒരിക്കല്‍ പറയുകയുണ്ടായി. ''നിങ്ങള്‍ വിടര്‍ന്നു നില്‍ക്കുന്ന റോസാപുഷ്പത്തെ നോക്കുവിന്‍. പ്രസംഗിക്കാതെ അതു പരിമളം പരത്തുന്നു. പരിമളമാണ് അതിന്റെ പ്രസംഗം. ഇതുപോലെ നിങ്ങളും നിങ്ങളുടെ ജീവിതമാതൃകകൊണ്ട് മറ്റുള്ളവരെ ആകര്‍ഷിക്കണം.''