
ചങ്ങനാശേരി അതിരൂപതാംഗമാണ് ഷംഷാബാദ് രൂപതയുടെ പുതിയ സഹായമെത്രാനായ ബിഷപ് തോമസ് പാടിയത്ത്. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് ബെല്‍ജിയംലുവൈന്‍ കത്തോലിക്കാ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തി. ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി. കണ്ണൂര്‍ കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയില്‍ അദ്ധ്യാപകനായിരുന്നു. ബംഗളുരു ധര്‍മ്മാരാം, ഗോവ മാത്തര്‍ ദേയി, വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠം, നമീബിയ സെന്റ് ചാള്‍സ് തുടങ്ങിയ സെമിനാരികളിലും പഠിപ്പിച്ചു. ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളായി സേവനം ചെയ്തു വരികെയാണ് ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി നിയോഗിക്കപ്പെടുന്നത്. ബിഷപ് പാടിയത്തുമായി നടത്തിയ അഭിമുഖ സംഭാഷണം:
മെത്രാഭിഷേകം : ഒക്‌ടോബര്‍ 9, 2022
മെത്രാനെന്ന നിലയില്‍ എന്ത് ആപ്തവാക്യമാണു തിരഞ്ഞെടുക്കുന്നത്?
''സത്യത്തില്‍ വിശുദ്ധീകരിക്കുക'' എന്നതാണ് ആപ്തവാക്യം. യോഹ 17:19 ല്‍ അധിഷ്ഠിതമാണ് അത്. 1994 ല്‍ പൗരോഹിത്യസ്വീകരണവേളയില്‍ എന്റെ ജീവിതത്തിന്റെ വഴിവിളക്കായി ഞാന്‍ തെരഞ്ഞെടുത്തതാണ് അത്. പുതിയൊരു ദൗത്യത്തിനായി വിളിക്കപ്പെട്ടപ്പോള്‍ ഇതേ വാക്കുകള്‍ തന്നെ എടുക്കാമെന്നു വിചാരിച്ചു. ഈശോയുടെ പൗരോഹിത്യപ്രാര്‍ത്ഥനയുടെ ഭാഗമാണല്ലോ അത്.
ഇതിന് വ്യക്തിനിഷ്ഠമായ ഒരു മാനമുണ്ട്, ഒപ്പം വസ്തുനിഷ്ഠമായതും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഒരുവശത്ത്, എനിക്ക് എന്നെത്തന്നെ വിശുദ്ധീകരിക്കുക എന്ന കടമയും ലക്ഷ്യവുമുണ്ട്. മറുവശത്ത്, മറ്റുള്ളവരെ വിശുദ്ധീകരിക്കാനുള്ള കടമയുമുണ്ട്, വിശേഷിച്ചും വിശ്വാസികളെ.
എന്റെ വചനം സത്യമാണെന്നു യോഹന്നാന്റെ സുവിശേഷത്തില്‍ ഈശോ പറയുന്നുണ്ട്. ഈശോ തന്നെയാണു സത്യം. എന്നു മാത്രമല്ല, എല്ലാ മതപാരമ്പര്യങ്ങളിലും ദൈവം സത്യമായി പരിഗണിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഈ ആപ്തവാക്യത്തിന് ഒരു സാര്‍വത്രികമൂല്യവും ഉണ്ട്. അതുപോലെ സഭാത്മകമാനവും. മറ്റുള്ളവരെ വിശുദ്ധീകരിക്കുക എന്നതാണു സഭയുടെ ദൗത്യം. നിങ്ങളുടെ വിശുദ്ധീകരണം ദൈവഹിതമാണെന്ന വസ്തുതയ്ക്ക് വി.പൗലോസ് അടിവരയിടുകയും ചെയ്യുന്നു.
ഉത്തരേന്ത്യയില്‍ (ആഗ്ര) ആയിരിക്കുമല്ലോ അങ്ങയുടെ അജപാലനപ്രവര്‍ത്തനങ്ങള്‍ നടക്കുക. ഇന്ത്യന്‍ സംസ്‌കാരത്തിലേക്കു കടന്നുചെല്ലേണ്ട ക്രൈസ്തവവിശ്വാസത്തെ എങ്ങനെയാണു മനസ്സിലാക്കുന്നത്?
അതെ, ഉത്തരേന്ത്യന്‍ മിഷനിലാണു ഞാന്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്. കുടിയേറ്റക്കാരുടെ അജപാലനത്തില്‍ മാത്രമല്ല, ജനതകളോടുള്ള സുവിശേഷപ്രഘോഷണത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ക്രൈസ്തവിശ്വാസം അവശ്യമായും വിമോചനാത്മകമാണ്. ക്രൈസ്തവവിശ്വാസമാകട്ടെ, ഇന്ത്യന്‍ സംസ്‌കാരത്തിനു പുതിയൊരു കാര്യമല്ല താനും. ഇന്ത്യന്‍ സംസ്‌കാരത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ളതാണത്. ഒരുപാടു പേര്‍ മാമോദീസാ മുങ്ങിയിട്ടുണ്ടെന്നല്ല അതിനര്‍ത്ഥം, മറിച്ച്, സാമൂഹ്യമേഖലയിലുള്ള നമ്മുടെ ശു ശ്രൂഷകളിലൂടെ സുവിശേഷമൂല്യങ്ങള്‍ ഇവിടെ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. വിശേഷിച്ചും വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങളിലൂടെ. അവയിലൂടെ, യേശുക്രിസ്തുവിന്റെ വിമോചനാത്മകപ്രവര്‍ത്തനങ്ങളാണു നാം തുടരുന്നത്.
ഇന്ത്യന്‍ സംസ്‌കാരം സമ്പന്നവും വൈവിധ്യപൂര്‍ണവുമാണ്. മതം സംസ്‌കാരത്തിന്റെ ഭാഗമാണ്, അതേസമയം സംസ്‌കാരാതീതവുമാണ്. അതുപോലെ തന്നെയാണ് ക്രൈസ്തവവിശ്വാസവും ക്രൈസ്തവസംസ്‌കാരവും. വിശ്വാസം വെളിപാടില്‍ അധിഷ്ഠിതമാണ്, അതൊരു ജീവിക്കുന്ന യാഥാര്‍ത്ഥ്യവുമാണ്. ഹിന്ദു മതം, സംസ്‌കാരം എന്നിവയും വെളിപാടിനോടു തുറവിയുള്ളതും ആഴത്തില്‍ ആത്മീയവുമാണ്; ഇരുമതങ്ങളും ആത്മീയതയെ മനസ്സിലാക്കുന്നതും ആത്മീയതയെ ആവിഷ്‌കരിക്കുന്നതും വ്യത്യസ്തമായിട്ടാണെങ്കിലും. അവയുടെ ആത്മീയതയുടെ സ്രോതസ്സുകളും വ്യത്യസ്തങ്ങളാണ്. സംസ്‌കാരം മതത്തെ നയിക്കുകയല്ല വേണ്ടത്. സംസ്‌കാരം മതത്താല്‍ പരിവര്‍ത്തനപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയുമാണ്. സാംസ്‌കാരികാനുരൂപണം നല്ലതാണ്, പക്ഷേ സ്വന്തം തനിമ നഷ്ടപ്പെടുത്താതെയാകണം അതു ചെയ്യേണ്ടത്. ഉത്തരേന്ത്യയിലേക്കു അജപാലനപ്രവര്‍ത്തനങ്ങള്‍ക്കായി പോകാന്‍ തയ്യാറെടുക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ ഈ വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളുമെല്ലാം ഞാന്‍ മനസ്സില്‍ വയ്‌ക്കേണ്ടതുണ്ട്.
ഹിന്ദുത്വരാഷ്ട്രീയം ശ ക്തി പ്രാപിച്ചതോടെ പരമ്പരാഗതശൈലിയിലുള്ള മിഷന്‍ പ്രവര്‍ത്തനം ദുഷ്‌കരമായതായി തോന്നുന്നുണ്ടോ? യേശുക്രിസ്തുവിന്റെ സന്ദേശം എപ്രകാരം പ്രചരിപ്പിക്കാനാണ് അങ്ങു വിഭാവനം ചെയ്യുന്നത്?
''പരമ്പരാഗത മിഷന്‍ പ്രവര്‍ത്തനം'' എന്ന വിഷയം കൂടുതല്‍ വിശദീകരിക്കപ്പെടേണ്ടതുണ്ട്. വിദേശമിഷണറിമാരുടെയാണെങ്കിലും തദ്ദേശീയമിഷണറിമാരുടെയാണെങ്കിലും മിഷന്‍ പ്രവര്‍ത്തനത്തിന്റെ പ്രാഥമികലക്ഷ്യം ഒരിക്കലും ക്രിസ്തുമതത്തിലേക്കുള്ള മതപരിവര്‍ത്തനമായിരുന്നില്ല, മറിച്ച് ഹൃദയത്തിന്റെ പരിവര്‍ത്തനമായിരുന്നു. ആരെങ്കിലും പൂര്‍ണമായ അറിവോടെയും സ്വാതന്ത്ര്യത്തോടെയും ക്രിസ്തുമതത്തെ സ്വന്തം മതമായി സ്വീകരിക്കാന്‍ സന്നദ്ധരാകുന്നെങ്കില്‍ അവര്‍ക്കു ആത്മാര്‍ത്ഥമായ സ്വാഗതമരുളുകയും ചെയ്യുന്നു. സുവിശേഷത്തിനും യേശുക്രിസ്തുവിന്റെ ജീവിതത്തിനും ആധികാരികമായ സാക്ഷ്യം നല്‍കുകയാണു നാം ചെയ്യേണ്ടത്. മനുഷ്യരുടെ പരിവര്‍ത്തനം ആത്മാവിന്റെ ജോലിയാണ്, നാം കര്‍ത്താവിന്റെ കരങ്ങളിലെ ഉപകരണങ്ങള്‍ മാത്രവും. ഒരു മതേതരരാജ്യമെന്ന നിലയില്‍ ഇന്ത്യ എല്ലാ മതവിശ്വാസങ്ങളെയും സ്വീകരിക്കുന്നു. മതപ്രഘോഷണം ഭരണഘടനാപരമായ ഒരവകാശവുമാണ്, എല്ലാവര്‍ക്കും തനിക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതു പ്രഘോഷിക്കാനും അതനുസരിച്ചു ജീവിക്കാനും അവകാശമുണ്ട്.
മതങ്ങളിലും സമൂഹത്തിലും ഉള്ള മൗലികവാദപ്രവണതകളില്‍ ഒരു വര്‍ദ്ധനവ് എല്ലായിടത്തും കാണുന്നുണ്ട്. ക്രിസ്ത്യാനിയെന്ന നിലയില്‍ ഇതിനിടയില്‍ എങ്ങനെ ജീവിക്കണം? നമുക്കിടയിലെ മറ്റു മതങ്ങളോട് എപ്രകാരമാണ് ഇടപെടേണ്ടത്?
അതെ, ആഗോളമായി തന്നെ മൗലികവാദപ്രവണതകള്‍ വര്‍ദ്ധിക്കുന്നുവെന്നത് ശരിയാണ്. ഇന്ത്യയും അതിനൊരപവാദമല്ല. മതമൗലികവാദമുള്‍പ്പെടെ വ്യത്യസ്തതരം മൗലികവാദങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. എന്തുകൊണ്ടാണത്? മതത്തിന്റെ പങ്കും ദൗത്യവും സംബന്ധിച്ച് തെറ്റായ ഒരു ധാരണയും സങ്കല്‍പവും ഉണ്ടെന്നു ഞാന്‍ വിചാരിക്കുന്നു. സാര്‍വത്രിക സാഹോദര്യം പ്രഘോഷിക്കുകയും പ്രയോഗിക്കുകയും ചെയ്തുകൊണ്ട് ജനങ്ങളെ ദൈവത്തിലേക്കു നയിക്കുന്നതിനു വേണ്ടിയുള്ളതാണ്, ആദര്‍ശനിഷ്ഠമായി പറഞ്ഞാല്‍ എല്ലാ മതങ്ങളും. ഇന്നു സംഭവിക്കുന്നതെന്താണെന്നു വച്ചാല്‍, ഒരു വശത്ത് മതങ്ങളും രാഷ്ട്രീയവും കൂടിക്കലരുന്നു. മറുവശത്ത്, അനേകര്‍ സ്വന്തം സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് മതത്തെ ഒരു മാര്‍ഗമായി ഉപയോഗിക്കാന്‍ പ്രലോഭിതരാകുന്നു. അതുകൊണ്ട് അനേകര്‍ മറ്റു മതങ്ങളെയും അതിലെ വിശ്വാസികളെയും നിഷേധിക്കുന്നു. കൂടുതല്‍ കടുപ്പിച്ചു പറഞ്ഞാല്‍, അപരന്‍ എന്റെ ശത്രുവായി മാറുന്നു. സാര്‍വത്രിക സാഹോദര്യം പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ഒരു മതമെന്ന നിലയില്‍ ക്രിസ്തുമതത്തിന് ഒരിക്കലും മൗലികവാദപരമായിരിക്കാന്‍ സാധിക്കില്ല. മതമായാലും, മനുഷ്യരായാലും മറ്റുള്ള എല്ലാത്തിനോടും തുറവിയുള്ളതായിരിക്കണം എല്ലാ മതങ്ങളും. അതാണു മതങ്ങളില്‍ നിന്നു പ്രതീക്ഷിക്കപ്പെടുന്നത്. ഇതര മതങ്ങളെയും ഓരോ വ്യക്തിയുടെയും അന്തസ്സിനെയും നാം ആദരിക്കേണ്ടതുണ്ട്, എങ്കില്‍ മാത്രമേ നമ്മളും ആദരിക്കപ്പെടുകയുള്ളൂ. ഒരു ഏകപക്ഷീയ സമീപനം ഇക്കാലത്തു പ്രതീക്ഷ പകരുന്നതല്ല.
ബെല്‍ജിയം, ലുവൈനില്‍ തത്വശാസ്ത്രം പഠിച്ചയാളാണല്ലോ അങ്ങ്. വിശേഷിച്ചും എഎന്‍ വൈറ്റ്‌ഹെഡിനെ കുറിച്ചു പഠിച്ചു. അങ്ങയുടെ വിശ്വാസത്തെയും പ്രതിബദ്ധതയെയും ലോകത്തിലുള്ള പ്രവര്‍ത്തനങ്ങളെയും ആ പഠനം എങ്ങനെയാണു സമ്പുഷ്ടമാക്കിയത്?
1425-ല്‍ സ്ഥാപിതമായ വിഖ്യാതമായ ഒരു സര്‍വകലാശാലയാണല്ലോ ലുവൈന്‍ കാത്തലിക് യൂണിവേഴ്‌സിറ്റി. ആ യൂണിവേഴ്‌സിറ്റിയിലെ പഠനം എന്നെ പല തരത്തിലും പരിപോഷിപ്പിച്ചിട്ടുണ്ട്. അക്കാദമികമായും അജപാലനപരമായും അതെന്നെ ഗുണപ്പെടുത്തി. ക്യാംപസിലെ അക്കാദമിക അന്തരീക്ഷവും പ്രൊഫസര്‍മാരുമായി അക്കാദമിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ബൗദ്ധിക തീക്ഷ്ണതയുമാണ് അവിടെ ഞാനേറ്റവും വിലമതിക്കുന്നത്. അക്കാദമിക മികവിനെക്കുറിച്ചു നാം പറയാറുണ്ട്. എന്താണ് ശരിക്കും അതുകൊണ്ടുദ്ദേശിക്കുന്നത് എന്നെനിക്കു മനസ്സിലായത് ലുവൈനില്‍ വച്ചാണ്. ആ യൂണിവേഴ്‌സിറ്റി ഉയര്‍ത്തിപ്പിടിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കു കൈമാറുകയും ചെയ്യുന്ന മൂല്യബോധം, വിശേഷിച്ചും മാനവീകമൂല്യങ്ങളോടും മനുഷ്യാവകാശങ്ങളോടുമുള്ള ആദരവ് പ്രശംസാര്‍ഹമാണ്.
എന്റെ ദൈവശാസ്ത്രത്തിനും വിശ്വാസജീവിതത്തിനും ശക്തമായ അടിത്തറ നല്‍കാന്‍ തത്വശാസ്ത്രപഠനം എന്നെ സഹായിച്ചു. തത്വശാസ്ത്രമാണ് ദൈവശാസ്ത്രത്തിന്റെ അടിത്തറ എന്നല്ല, മറിച്ച്, ദൈവശാസ്ത്ര വീക്ഷണങ്ങള്‍ക്ക് അതു യുക്തിയുടെ അടിത്തറ നല്‍കുന്നു. വിശ്വാസം യുക്തിപരമല്ല, തീര്‍ച്ചയായും. വിശ്വാസത്തിന്റെ യുക്തി യുക്തിവാദത്തിന്റെ യുക്തിയല്ല. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മനുഷ്യമനസ്സിനെ ദൈവത്തിലേക്ക് അഥവാ, അതിഭൗതികതയിലേക്ക്, ആത്മജ്ഞാനത്തിലേക്ക് ഉയര്‍ത്തുന്ന രണ്ടു ചിറകുകളാണ് വിശ്വാസവും യുക്തിയുമെന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നമ്മെ ഓര്‍മ്മിപ്പിച്ചതു പോലെ.
തത്വശാസ്ത്രം വളരെ തുറവിയുള്ളതും പ്രസാദാത്മകവുമാണ്. വ്യക്തികളോടും യാഥാര്‍ത്ഥ്യങ്ങളോടും അതു തുറവി പുലര്‍ത്തുന്നു. തുറവിയും ശുഭാപ്തിവിശ്വാസവും ഉള്ളയാളാകാന്‍ തത്വചിന്താപഠനം എന്നെ സഹായിച്ചിട്ടുണ്ട്. കൂടാതെ, തത്വശാസ്ത്രം ഒരു വ്യാഖ്യാനശാസ്ത്രമാണ്, വ്യാഖ്യാനമാണ്. തത്വശാസ്ത്രത്തിന്റെ അടിസ്ഥാനയിനങ്ങള്‍ ദൈവവും ലോകവും മനുഷ്യനുമാണ്. ഈയര്‍ത്ഥത്തില്‍, മനുഷ്യജീവിതത്തിന്റെയും അനുഭവത്തിന്റെയും ഈ മൂന്ന് അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ക്കുള്ള വ്യാഖ്യാനമാണ് തത്വശാസ്ത്രം. ദൈവത്തിനും ലോകത്തിനും മനുഷ്യനും മനുഷ്യാനുഭവത്തിനും ആഴമേറിയ ഒരു വ്യാഖ്യാനം നല്‍കാന്‍ തത്വശാസ്ത്രപഠനം എന്നെ സഹായിച്ചു. മറ്റുള്ളവര്‍ കാണാത്തത് ഒരു തത്വചിന്തകന്‍ കാണുന്നു, മറ്റുള്ളവര്‍ കാണുന്നതിനപ്പുറത്തേക്കു കാണാന്‍ അയാള്‍ പ്രാപ്തനാണ്, കാണുന്നതിനു വ്യത്യസ്തമായ രീതികളുണ്ടെന്ന് അയാള്‍ തിരിച്ചറിയുകയും ചെയ്യുന്നു. അതുകൊണ്ട്, വെറുതെ തിരസ്‌കരിക്കുന്നവനാകാന്‍ ഒരാള്‍ക്കു കഴിയില്ല, ഉള്‍ക്കൊള്ളുന്നവനാകാനേ കഴിയൂ.
''സ്വന്തം ആന്തരീകതയോട് നിങ്ങളെന്തു ചെയ്യുന്നു എന്നതാണു നിങ്ങളുടെ മതം'' എന്നു വൈറ്റ് ഹെഡ് പറഞ്ഞു. ശരിയാണോ ഇത്, ഏതു വിധത്തില്‍?
ഉവ്വ്, മതത്തെ സംബന്ധിച്ചു വൈറ്റ്‌ഹെഡിന്റെ പ്രസിദ്ധമായ ഉദ്ധരണിയാണിത്. വൈറ്റ്‌ഹെഡ് പറഞ്ഞത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ശരിയാണ്. അതിന്റെ സത്ത പിടികിട്ടണമെങ്കില്‍ കൂടുതല്‍ വിശദീകരണമാവശ്യമാണ്. മതം ഒരാളുടെ ജീവിതത്തില്‍ എന്തു ചെയ്യുന്നു എന്നതിലേക്കു വളരെ വെളിച്ചം വീശുന്ന ഒരു പ്രസ്താവമാണത്. മതവും വിശ്വാസവും നമ്മെ പരിവര്‍ത്തനപ്പെടുത്തുന്നതാണ്. ഈ പരിവര്‍ത്തനം പ്രാഥമികമായും ജീവിതത്തിന്റെ പരിവര്‍ത്തനമാണ്. ഈ പ്രസ്താവത്തിന്റെ സമ്പുഷ്ടമായ അര്‍ത്ഥം മനസ്സിലാകണമെങ്കില്‍ ഒരാള്‍ മതവും ആത്മീയതയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടതുണ്ട്. മതവും മതത്തിന്റെ ശക്തിയും ആവിഷ്‌കരിക്കപ്പെടുന്നത് അതിന്റ സംവിധാനങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയും അനുയായികളുടെ എണ്ണത്തിലൂടെയും ഒക്കെയാണ്. എന്നിരുന്നാലും, ഒരാളുടെ ജീ വിതത്തെ പരിവര്‍ത്തനപ്പെടുത്തുന്ന ആത്മീയതയാണ് മതത്തിന്റെ ഉള്‍ക്കാമ്പ്. അതു ബാഹ്യമായി വെളിപ്പെടുത്താനാകില്ല, മതവിശ്വാസികളുടെ വിശുദ്ധവും ഉദാത്തവുമായ ജീവിതത്തിലൂടെ പ്രകാശിപ്പിക്കാനേ കഴിയൂ. ആഴമേറിയ ആത്മീയതയില്ലാത്ത ഏതു മതവും വളരെ നാശോന്മുഖമായിരിക്കും, മറ്റേതൊരു സംഘടനയേയോ സ്ഥാപനത്തേയോ പോലെ ഒരു സാമൂഹ്യസ്ഥാപനം മാത്രമായി അപചയിക്കുകയും ചെയ്യും.
ഒരു വ്യക്തിക്ക് ഏതെങ്കിലുമൊരു മതത്തിന്റെ അവിഭാജ്യഭാഗമാകുകയും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമാകുകയും ചെയ്യാം. പക്ഷേ, അയാള്‍ അതിന്റെ ആത്മീയതയ്ക്കനുസരിച്ചു ജീവിക്കുന്നു എന്ന് അതിനര്‍ത്ഥമില്ല. തന്റെ മതത്തിന്റെ ആത്മീയത ഒരാളെ സ്വാധീനിക്കുകയോ ബാധിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ അയാളുടെ മതം പരിവര്‍ത്തനശേഷിയില്ലാത്തതാണ്. അതുകൊണ്ടാണ് മതത്തിന്റെ ശക്തിയെന്നത് പ്രേരണാശേഷിയാണെന്നു വൈറ്റ്‌ഹെഡ് പറഞ്ഞത്. മേല്‍ പ്രസ്താവവുമായി ചേര്‍ന്നു പോകുന്ന വൈറ്റ്‌ഹെഡിന്റെ മറ്റൊരു പ്രസ്താവമിതാണ്: ''ഒരു വ്യക്തി തന്റെ ആന്തരീകത കൊണ്ട് എന്തു ചെയ്യുന്നുവെന്നതാണ് മതം. നിങ്ങളൊരിക്കലും ഏകാകിയല്ലെങ്കില്‍ ഒരിക്കലും മതാത്മകതയുള്ളയാളുമല്ല.'' വൈറ്റ്‌ഹെഡിനെ സംബന്ധിച്ച് ദൈവം ഒരു ഉപാധിയും ആദര്‍ശവും വിമര്‍ശനവുമാണ്. കൂടാതെ, ദൈവം കൂടെ നടക്കുന്നവനും കൂടെ സഹിക്കുന്നവനുമാണെന്നുകൂടി അദ്ദേഹം പറയുന്നു. ഇന്ന് ഒരാളുടെ വ്യക്തിജീവിതത്തെ ബാധിക്കാത്തതോ ആന്തരീക പരിവര്‍ത്തനം ആവശ്യപ്പെടാത്തതോ ആയ ബാഹ്യകാര്യങ്ങള്‍ക്കാണ് നിരവധി മനുഷ്യരും മതങ്ങളുടെ വക്താക്കളും മുന്‍ഗണന നല്‍കുന്നത്. ജനങ്ങളുടെ അഥവാ വിശ്വാസികളുടെ ആന്തരീകതയെ ബാധിക്കുന്നിടത്തോളം മാത്രമേ ഏതു മതവും പ്രസക്തമാകുന്നുള്ളൂ.
അങ്ങ് ഇന്ത്യയില്‍ സീറോ മലബാര്‍ സഭയുടെ മെത്രാനാകുകയാണ്. ഹൈന്ദവഭൂരിപക്ഷത്തിന്റെ തത്വചിന്തയുടെ സമ്പന്നമായ ഒരു സംസ്‌കാരവും ഹിന്ദുത്വ രാഷ്ട്രീയവും ഉള്ള ഇന്ത്യയില്‍ ഒരു ന്യൂനപക്ഷ പൗരസ്ത്യ കത്തോലിക്കാ സഭയ്ക്ക് എത്രത്തോളം ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയും?
വെല്ലുവിളികളും ബുദ്ധിമുട്ടുകളും നിരവധിയുണ്ട്. ക്രൈസ്തവര്‍ ഇവിടെ ന്യൂനപക്ഷമാണ്, സീറോ മലബാര്‍ ക്രൈസ്തവരുമതെ. എന്നിരുന്നാലും, ഒരു അപ്പസ്‌തോലിക പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരാണു നമ്മള്‍. ദൈവശാസ്ത്ര, ആരാധനാക്രമ, ആത്മീയ, ശിക്ഷണ ജീവിതത്തില്‍ ആ പാരമ്പര്യം പ്രകടമാക്കപ്പെടേണ്ടതുണ്ട്. സഭ സഭകളുടെ കൂട്ടായ്മയാണെന്ന കൗണ്‍സില്‍ സഭാവിജ്ഞാനീയത്തിന്റെ വെളിച്ചത്തില്‍, ഓരോ സ്വയാധികാരസഭയും അതിന്റെ അപ്പസ്‌തോലിക, ലിറ്റര്‍ജിക്കല്‍ പൈതൃകവും വളരെ പ്രസക്തമാണ്. അഖിലേന്ത്യാ അജപാലനാധികാരം നമുക്കു പുതിയ സാദ്ധ്യതകളും അവയുടേതായ പ്രശ്‌നങ്ങളും സമ്മാനിക്കുന്നു. പ്രശ്‌നങ്ങള്‍ വാഗ്ദാനങ്ങള്‍ കൂടിയാണ്. അതുകൊണ്ട്, ശുഭാപ്തിവിശ്വാസത്തോടെ അതിനെ സമീപിക്കേണ്ടതുണ്ട്.
പുതിയ ഹിന്ദുത്വ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും വരുന്നതോടെ സമ്പന്നമായ സാംസ്‌കാരികവൈവിദ്ധ്യവും മതബഹുസ്വരതയുമുള്ള ഇന്ത്യ തീര്‍ച്ചയായും ഒരു പ്രശ്‌നവും വെല്ലുവിളിയുമാകുന്നുണ്ട്. അതിനാല്‍ ഇക്കാര്യങ്ങളില്‍ നാം വലിയ ജാഗ്രതയും ബുദ്ധിയും പാലിക്കേണ്ടതുണ്ട്. ഉത്തരേന്ത്യന്‍ ജീവിതവും സംസ്‌കാരവും എനിക്കു പുതിയതാണ്. അതിനാല്‍ ഉത്തരേന്ത്യയുടെ സാമൂഹ്യഭാവനയും സഭാത്മകചക്രവാളങ്ങളും ഞാന്‍ പഠിച്ചെടുക്കേണ്ടതുണ്ട്.
അങ്ങെന്തുകൊണ്ടാണ് പ്രാര്‍ത്ഥിക്കുന്നത്, എപ്രകാരമാണു പ്രാര്‍ത്ഥിക്കുന്നത്?
ദൈവത്തെയും ദൈവികരഹസ്യങ്ങളെയും ഒരാള്‍ കണ്ടെത്തുന്നതു പ്രാര്‍ത്ഥനയിലാണ്. സ്വയം കണ്ടെത്താന്‍, സ്വന്തം സാദ്ധ്യതകളും അസാദ്ധ്യതകളും തിരിച്ചറിയാനുള്ള അവസരം കൂടിയാണ് അത്. സ്വന്തം ജീവിതത്തെയും കര്‍മ്മങ്ങളെയും ഒരാള്‍ പരിശോധിക്കുന്നതും പ്രാര്‍ത്ഥനയിലാണ്, അനുദിനജീവിതത്തിനാവശ്യമായ ആത്മീയശക്തി ലഭിക്കുന്നതും അനുദിനപ്രാര്‍ത്ഥനയില്‍ നിന്നാണ്. കത്തോലിക്കാവിശ്വാസിയെന്ന നിലയില്‍ നാം സഭയോടൊത്തു പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. വി. ഇഗ്നേഷ്യസ് ലൊയോളാ പറഞ്ഞു: ''സഭയോടൊത്ത് ചിന്തിക്കുക, അനുഭവിച്ചറിയുക.'' മഹാനായ തത്വചിന്തകന്‍ സോക്രട്ടീസ് പറഞ്ഞല്ലോ: ''പരിശോധിക്കപ്പെടാത്ത ഒരു ജീവിതം ജീവിതയോഗ്യമല്ല!'' ഒരിടയന്റെ ജീവിതത്തില്‍ അതു വളരെയധികം ശരിയാകുന്നു. ദൈവസാന്നിദ്ധ്യത്തിന്റെ ആഴമേറിയ അവബോധത്തില്‍ ജീവിക്കുന്നതും ആത്മാവിനാല്‍ നയിക്കപ്പെടേണ്ടതുമായ ഒരു ജീവിതമാണത്.