വിശുദ്ധ പദവിയിലേയ്ക്കുള്ള പ്രയാണം

വിശുദ്ധ പദവിയിലേയ്ക്കുള്ള പ്രയാണം

ദേവസഹായം പിള്ളയുടെ മാതാപിതാക്കള്‍ മലയാളികളായിരുന്നു എന്നതു പോലെ അദ്ദേഹത്തിന്റെ വിശുദ്ധപദപ്രഖ്യാപനത്തിനു പിന്നിലും മലയാളികളുടെ സാന്നിദ്ധ്യമുണ്ട്. മരണത്തിനു മുമ്പേതന്നെയുണ്ടായിരുന്ന പ്രസിദ്ധിയും ദിവ്യപരിവേഷവും മൂലം ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ വാസ്തവത്തില്‍ അദ്ദേഹത്തിന്റെ മരണം കഴിഞ്ഞയുടന്‍ തന്നെ ആരംഭിച്ചിരുന്നതാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ദേവസഹായംപിള്ള ജീവിച്ചിരുന്ന പ്രദേശങ്ങളെല്ലാം അന്നത്തെ കൊച്ചി രൂപതയുടെ കീഴിലായിരുന്നു. അന്നത്തെ കൊച്ചി രൂപതാ മെത്രാന്‍ ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തെ കുറിച്ച് അറിയുകയും പ്രത്യേകമായ മരണാനന്തര കര്‍മ്മങ്ങള്‍ നടത്തുകയും ദേവസഹായം പിള്ളയുടെ ജീവിതത്തെ കുറിച്ചു പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. ഡച്ചും ഫ്രഞ്ചും ലത്തീനും ഇറ്റാലിയനും ഉള്‍പ്പെടെയുള്ള ഭാഷകളില്‍ അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളും വിരചിതമായി.

1778-ല്‍ റോമായാത്ര നടത്തിയ ആര്‍ച്ചുബിഷപ് ജോസഫ് കരിയാറ്റിലും പാറേമ്മാക്കല്‍ ഗോവര്‍ണദോരും നിര്‍വഹിച്ച ഒരു ദൗത്യം ദേവസഹായം പിള്ളയുടെ ജീവചരിത്രം റോമില്‍ സമര്‍പ്പിക്കുക എന്നതായിരുന്നു. അതിനായി ലത്തീന്‍ ഭാഷയില്‍ ഈ ജീവചരിത്രം തയ്യാറാക്കിയതും അവരായിരുന്നു. വിശുദ്ധനായി നാമകരണം ചെയ്യുന്നതിനുള്ള ആദ്യചുവടുവയ്പായിരുന്നു അത്.

1986-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍ പാപ്പ ഭാരതം സന്ദര്‍ശിക്കുകയും അല്‍ ഫോന്‍സാമ്മയെയും ചാവറയച്ചനെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുകയും ചെയ്തപ്പോഴാണ് ദേവസഹായം പിള്ളയേയും ഈ പദവിയിലേയ്ക്കുയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ക്കു ഗതിവേഗം വര്‍ദ്ധിച്ചത്. തമിഴ്‌നാട്ടിലെ കോട്ടാര്‍ രൂപതയാണ് ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിക്കേണ്ടിയിരുന്നത്. ശരിയായ വിധത്തിലുള്ള ഒരു അപേക്ഷ റോമിലെ നാമകരണ കാര്യാലയത്തിനു സമര്‍പ്പിക്കപ്പെടുന്നത് 2003-ല്‍ മാത്രമാണ്. റോമില്‍ പ്രവര്‍ത്തിക്കുന്ന മലയാളി വൈദികനായ ഫാ. ജോര്‍ജ് നെടുങ്ങാട്ട് എസ് ജെ തന്നെയാണ് ദേവസഹായത്തിന്റെ നാമകരണനടപടികളുടെ പോസ്റ്റുലേറ്ററായി നിയമിക്കപ്പെട്ടത്. പിന്നീട് നടപടികള്‍ വേഗത്തില്‍ നടന്നു. 2012 ല്‍ ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വം സഭ ഔദ്യോഗികമായി അംഗീകരിച്ചു. രക്തസാക്ഷിത്വം അംഗീകരിക്കുന്നതോടെ ആ വ്യക്തി വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്കു ഉയരുകയാണ്. തുടര്‍ന്ന് മാദ്ധ്യസ്ഥ ശക്തിയാല്‍ ഒരു അത്ഭുതം നടന്നു എന്നു തെളിയിക്കപ്പെടുന്നതിനുള്ള കാത്തിരിപ്പായിരുന്നു. ആ ഘട്ടം കൂടി കടന്നതോടെ ദേവസഹായത്തെ സഭ വിശുദ്ധനായി പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org