ശിലായുഗത്തിന്റെ സംസ്‌കൃതിയിലേക്കോ?

ശിലായുഗത്തിന്റെ സംസ്‌കൃതിയിലേക്കോ?

മാര്‍ഷല്‍ ഫ്രാങ്ക്

മാര്‍ഷല്‍ ഫ്രാങ്ക്
മാര്‍ഷല്‍ ഫ്രാങ്ക്

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ സമൂഹത്തില്‍ എവിടെയെങ്കിലും മാറ്റിനിര്‍ത്തപ്പെടുന്നുണ്ടെങ്കില്‍ അത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പൊതു, സ്വകാര്യ, മത, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി സമൂഹത്തില്‍ എവിടെയെങ്കിലും ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റിനിറുത്തുന്നതിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ ബോധവല്‍ക്കരണം നടത്തണമെന്നും ഒരു പൊതുതാല്പര്യ ഹര്‍ജിയില്‍ ജസ്റ്റീസുമാരായ ജെ.ബി. പര്‍ദിവാല, ഐ.ജെ. വോറ എന്നിവരുടെ ബഞ്ച് നിര്‍ദ്ദേശിച്ചു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ഒരു ഹോസ്റ്റലിലെ 68 പെണ്‍കുട്ടികളെ പരിശോധിച്ചതു സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടും ഹാജരാക്കി (മലയാള മനോരമ പേജ് 11, 18.3.2021).

1950 കളില്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായുള്ള വെള്ളത്തിന് പുഴകള്‍, തോടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയാണ് മുഖ്യമായും ആശ്രയിച്ചിരുന്നത്. വാട്ടര്‍ അതോറിറ്റിയും, പൈപ്പു വെള്ളവും, ഹൗസ് കണക്ഷനും അന്ന് സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. ചിലയിടങ്ങളിലെ കിണറുകളിലും കുളങ്ങളിലും നിന്നും ലഭിച്ചിരുന്ന വെള്ളത്തിന് കടുപ്പവും ഉപ്പുരസവും കൂടുതലായിരിക്കും. ഈ ജലം കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും അനുയോജ്യമായിരുന്നില്ല. ഈ വക ആവശ്യങ്ങള്‍ക്കായുള്ള വെള്ളത്തിന് ദൂരെയിടങ്ങളിലുള്ള സ്രോതസ്സുകളെ ആശ്രയിക്കാന്‍ ഗ്രാമീണര്‍ നിര്‍ബന്ധിതരായിരുന്നു. കാതങ്ങള്‍ ദൂരെനിന്നും ശുദ്ധജലം ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നത് ഒരു തൊഴിലായി സ്വീകരിച്ചിരുന്നവര്‍ അന്ന് ഏറെയുണ്ടായിരുന്നു. എന്റെ നാട്ടില്‍ തലച്ചുമടായി കുടിവെള്ളം എത്തിക്കുന്ന കിണ്ണന്‍ ചെട്ടിയുടെ ഭാര്യ പഞ്ചമിത്തള്ളയുടെ മുഖം ഇത്തരുണത്തില്‍ എനിക്ക് ഓര്‍മ്മ വരുന്നു. ഒരു കുടത്തിന് ഒരണയായിരുന്നു കൂലി (16 അണ= 1 രൂപ) ചിലപ്പോഴൊക്കെ പഞ്ചമിത്തള്ള കൂലിക്കൂടുതലിനായി സമരം ചെയ്തിരുന്നു. കാരണം ഇത്രമാത്രം, സവര്‍ണ്ണരുടെ വീടുകളിലെ കിണറുകളില്‍ നിന്ന് ദലിത് വംശജയായ പഞ്ചമിക്കു നേരിട്ടു വെള്ളം കോരുവാന്‍ അനുവാദം ഉണ്ടായിരുന്നില്ല. തറവാട്ടിലെ സ്ത്രീകള്‍, അവര്‍ക്ക് ഒഴിവുള്ളപ്പോള്‍ സന്മനസ്സുണ്ടായി കോരിക്കൊടുത്താല്‍ മാത്രമേ വെള്ളം ലഭിക്കുകയുള്ളൂ. മാസത്തില്‍ ചില ദിവസങ്ങളില്‍ ഇതിനു മുടക്കം വരും. സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ചില ശാരീരിക അവസ്ഥയാണ് ഇതിന് കാരണം. മാസമുറക്കാലത്ത് സ്ത്രീകള്‍ അശുദ്ധയാവുകയും, ദൈനംദിനകൃത്യങ്ങളില്‍ നിന്ന് ഒഴിവായി, വീടിന്റെ ഒരു കോണില്‍ മാറിയിരിക്കുകയും ചെയ്യണമത്രേ. അന്നേദിവസം കൂടുതല്‍ ദൂരെ ഈ അവസ്ഥയില്ലാത്ത സ്ത്രീകളുള്ള വീടുകളിലെ കിണര്‍ തിരക്കിപോയി വെള്ളം കൊണ്ടുവരുമ്പോള്‍ ഒന്നിനുപകരം ഒന്നര അണ ആവശ്യപ്പെടും. അതുകൊടുക്കാന്‍ വിസമ്മതിക്കുമ്പോള്‍ അപ്രതീക്ഷിത പണിമുടക്കു ഭീഷണി പഞ്ചമിത്തള്ള പ്രഖ്യാപിക്കാറുണ്ട്.

2021 മാര്‍ച്ച് മാസം പത്താം തീയതിയിലെ പത്രത്തില്‍ വന്ന വാര്‍ത്ത വായിച്ചപ്പോള്‍ 70 വര്‍ഷങ്ങള്‍ക്കപ്പുറം ജീവിച്ചിരുന്ന പഞ്ചമിത്തള്ളയെയും ആര്‍ത്തവത്തെ സംബന്ധിച്ച് അന്ന് നിലനിന്നിരുന്ന ചില ആചാരങ്ങളും ഓര്‍മ്മ വന്നു. "മേലേപ്പറമ്പില്‍ ആണ്‍ വീട്" എന്ന സിനിമയില്‍ നടി മീന വേലക്കാരിയായി വന്ന ശോഭനയോട് "കാര്യമൊക്കെ ശരി, ആഴ്ചയില്‍ ഏഴു ദിവസം പുറത്തായിരിക്കണം." എന്ന ഡയലോഗ് പറയുമ്പോള്‍ തീയേറ്ററില്‍ ഉയര്‍ന്ന ചിരിയും മറക്കാനാവുന്നില്ല.

ഇന്ന് ലോകം വളരെയധികം മാറിയിരിക്കുന്നു. കാളവണ്ടി യുഗത്തില്‍ നിന്നും മുമ്പോട്ടുപോയി ഹൈടെക്കിന്റെ മാസ്മരികതയില്‍ നാം അഭിരമിക്കുകയാണ്. മാസത്തിലെ ഏഴുദിവസത്തെ നിരോധനാജ്ഞയില്‍ നിന്ന് കേരളത്തിലെ സ്ത്രീസമൂഹം മോചിതരായി കഴിഞ്ഞിരിക്കുന്നു. എന്നാല്‍, ഇപ്പോഴും ഇതൊന്നും ബാധകമല്ലാത്ത ഒരു വിഭാഗം ആധുനിക ഇന്ത്യയില്‍ സജീവമായിരിക്കുന്നു എന്നറിയുമ്പോള്‍, ലോകസമൂഹത്തിനു മുമ്പില്‍ നമുക്ക് ലജ്ജിച്ചു തലതാഴ്‌ത്തേണ്ടിവരുന്നു. മാര്‍ച്ച് മാസം 8-ാം തീയതി ലോകവ്യാപകമായി അന്താരാഷ്ട്ര വനിതാദിനം ആചരിക്കുമ്പോള്‍; അന്നേ ദിവസം സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ലഭിക്കേണ്ട ഉന്നതപദവിയെ സംബന്ധിച്ച് സെമിനാറുകളും നെടുങ്കന്‍ പ്രസംഗങ്ങളും അരങ്ങേറുമ്പോള്‍ 2020 ഫെബ്രുവരിയില്‍ ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍ കച്ച് ജില്ലയുടെ ആസ്ഥാനമായ ഭുജ് പട്ടണത്തില്‍ അരങ്ങേറിയ സംഭവം ശിലായുഗത്തിന്റെ പൂര്‍വ്വകാല സംസ്‌കൃതിയിലേക്ക് നമ്മെ തിരിച്ചു കൊണ്ടുപോകുന്നതിന്റെ കേളികൊട്ടായിട്ട് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ നമുക്ക് കുറ്റപ്പെടുത്താനാകുമോ?

ഈ ആധുനിക യുഗത്തില്‍ നാം എന്തൊക്കെയോ നേടിയെന്ന് തട്ടേല്‍ കേറിനിന്ന് തമ്പേറടിച്ച്  വീമ്പിളക്കുമ്പോഴും, ഇന്ത്യയിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും അമ്മമാരും സഹോദരിമാരും എന്തിനേറെ പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വിധേയരായിക്കൊണ്ടിരിക്കുന്നു.

ഇവിടുത്തെ സ്വാമി നാരായന്‍ ആശ്രമത്തിന്റെ അധീനതയിലുള്ള കോളജിന്റെ ലേഡീസ് ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ അടിവസ്ത്രമഴിച്ച് പരിശോധനയ്ക്കു വിധേയമാക്കിയ വാര്‍ത്തയാണ് ഇതിനു കാരണം. ഇവിടുത്തെ പെണ്‍ കുട്ടികള്‍ക്ക് മാസമുറ സമയത്ത്, ഹോസ്റ്റലിലെ മെസ്സ് ഹാളിലിരുന്നു ഭക്ഷണം കഴിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആയതിനു വിപരീതമായി, ഏതെങ്കിലും പെണ്‍കുട്ടി ഈ വിവരം മറച്ചുവച്ച് ഭക്ഷണശാലയില്‍ കയറുകയുണ്ടായോ എന്നറിയാനായിരുന്നു ഈ വസ്ത്രാക്ഷേപ പരിശോധന. ഈ വാര്‍ത്ത പുറത്തായതിനെ തുടര്‍ന്ന്, ഉല്പതിക്ഷ്ണുക്കളും പുരോഗമനാശയക്കാരുമായ സ്ത്രീകളും, മഹിളാസംഘടനകളും പ്രതിഷേധവുമായി രംഗത്തുവരികയും അതെത്തുടര്‍ന്ന് ആയത് വാര്‍ത്താമാധ്യമങ്ങളില്‍ ഇടംപിടിക്കുകയും ചെയ്തു. 2020 ഫെബ്രുവരി 18-ന് ആശ്രമാധിപന്‍ സ്വാമികൃഷ്ണ സ്വരൂപ് ദാസ്ജിയുടേതായി സോഷ്യല്‍ മീഡിയായില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോ സന്ദേശത്തില്‍ ഇങ്ങനെ പറയുന്നു: "ഏതെങ്കിലും ഒരു സ്ത്രീ ആര്‍ത്തവസമയത്ത് അവളുടെ ഭര്‍ത്താവിനായി ഭക്ഷണം പാകം ചെയ്യുകയാണെങ്കില്‍ അടുത്ത ജന്മത്തില്‍ അവള്‍ "മോശം സ്ത്രീ" ആയി പുനര്‍ജന്മം പ്രാപിക്കും. ഒപ്പം ഈ ഭക്ഷണം കഴിക്കുന്ന പുരുഷന്‍ അടുത്ത ജന്മത്തില്‍ "വണ്ടിക്കാളയായി ഭൂമിയില്‍ ജനിക്കുകയും ചെയ്യും." ഇതെല്ലാം തന്നെ പുരാണ വേദഗ്രന്ഥങ്ങളില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ടെന്നും, ആയതിനാല്‍ ഇത് ലംഘിക്കുന്നത് കൊടിയ അപരാധമാണെന്നും സ്വാമിജി കൂട്ടിച്ചേര്‍ക്കുന്നു.

2020 ഫെബ്രുവരി 16-ന് ആര്‍.എസ്.എസ്.ന്റെ സര്‍ സംഘചാലക് ആദരണീയനായ മോഹന്‍ ഭഗത്ജിയുടെ വിവാദ പ്രസ്താവനയും ഇതോടൊപ്പം ചേര്‍ത്തു വായിക്കപ്പെടേണ്ട ഒന്നാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിവാഹമോചനം നടക്കുന്നത് സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ വിരാജിക്കുന്നവരുടെ കുടുംബങ്ങളിലാണ്. ആയതിനുകാരണം അവര്‍ക്കു ലഭിച്ചിരിക്കുന്ന ആധുനിക ഉന്നതവിദ്യാഭ്യാസം ആണത്രെ! ഈ പ്രസ്താവത്തിന് എതിരെ ശക്തമായ മറുപടിയുമായി വന്നവരില്‍ ബോളിവുഡിലെ ചലച്ചിത്രനടി സോനം കപൂര്‍ തുടങ്ങി വിദ്യാഭ്യാസ കലാസാംസ്‌കാരിക രാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ വനിതകളും സംഘടനകളും ഉണ്ടായിരുന്നു.

ഈ ആധുനിക യുഗത്തില്‍ നാം എന്തൊക്കെയോ നേടിയെന്ന് തട്ടേല്‍ കേറിനിന്ന് തമ്പേറടിച്ച് വീമ്പിളക്കുമ്പോഴും, ഇന്ത്യയിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും അമ്മമാരും സഹോദരിമാരും എന്തിനേറെ പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വിധേയരായിക്കൊണ്ടിരിക്കുന്നു. നാഷണല്‍ ക്രൈം റെക്കാര്‍ഡ്‌സ് ബ്യൂറോ 2019-ല്‍ പുറത്തിറക്കിയ കുറിപ്പില്‍, ഇന്ത്യയില്‍ പീഡനത്തിന് ഇരയാകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 2016, 2017, 2018 വര്‍ഷങ്ങളില്‍ ക്രമാതീതമായ രീതിയില്‍ വന്‍വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഒട്ടേറെ ആശങ്കയും ഭയവും ജനിപ്പിക്കുന്നു.

രചിക്കപ്പെട്ട കാലത്തെ സംബന്ധിച്ച്, ഇനിയും വ്യക്തമായ ഒരു രൂപം നമുക്ക് ലഭിക്കുവാന്‍ കഴിയാത്ത, മനുസ്മൃതിയിലെ തീട്ടൂരങ്ങള്‍ക്കനുസൃതമായിട്ടാണ്, ആധുനിക ഇന്ത്യയിലെ ചില നിയമങ്ങളും ആചാരങ്ങളും രൂപപ്പെടുന്നത് എന്ന് കാണുമ്പോഴും കേള്‍ക്കുമ്പോഴും വര്‍ത്തമാനകാല ഇന്ത്യയുടെ മുമ്പോട്ടുള്ള പ്രയാണത്തെ സംബന്ധിച്ച് ഒട്ടേറെ ഭീതിജനകമായ സംശയങ്ങള്‍ ഉടലെടുക്കുന്നു. മാനവധര്‍മ്മശാസ്ത്രം, ഭൃഗുസംഹിത, മാനവസംഹിത എന്നീ അപരനാമങ്ങളാല്‍ വിശേഷിപ്പിക്കപ്പെടുന്ന മനുസ്മൃതി അനുസ്മൃതമായി ശീലങ്ങളും ചട്ടങ്ങളും നിയമങ്ങളും രൂപപ്പെടുത്തുന്നത് ഭാവിയില്‍ വരാന്‍ പോകുന്ന വലിയ അപകടത്തിന്റെ സൂചനയാണെന്ന് ബുദ്ധിജീവികളും പുരോഗമനാശയക്കാരും, വിദ്യാഭ്യാസ വിചക്ഷണരും സാഹിത്യ, കല, സാംസ്‌കാരിക നായകരും അടങ്ങുന്ന സമൂഹം മുന്നറിയിപ്പു നല്‍കുന്നു. ഇവരോടൊപ്പം നിഷ്‌കളങ്കരും, നിഷ്‌കാമകര്‍മ്മികളും, പക്ഷപാതബോധമില്ലാത്തവരുമായ സുമനസ്സുകളെയും ആദ്ധ്യാത്മിക ആചാര്യശ്രേഷ്ഠന്മാരെയും നമുക്ക് കാണുവാന്‍ കഴിയുന്നു.

സ്ത്രീകള്‍ക്ക് ഒരിക്കലും സമൂഹത്തില്‍ തനതായ വ്യക്തി സ്വാതന്ത്ര്യം നല്കരുതെന്ന് മനുസ്മൃതിയില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു (മനുസ്മൃതി കത 17 വോള്യം 47, 147) യുവതിയായിരിക്കുമ്പോള്‍ പിതാവിന്റെ ചൊല്പടിയിലും, വിവാഹിതയാകുന്നതോടുകൂടി ഭര്‍ത്താവിന്റെ അധീനതയിലും, വിധവയാകുമ്പോള്‍ മുതിര്‍ന്ന മകന്റെ പൂര്‍ണ്ണനിയന്ത്രണത്തിലുമായിരിക്കണം സ്ത്രീയെന്നു വിശദമായി സ്മൃതിയില്‍ പറഞ്ഞിരിക്കുന്നു. അല്ലാതുള്ള ഒരു സ്വാതന്ത്ര്യവും അവര്‍ക്ക് അവകാശപ്പെട്ടതല്ലെന്ന് അടിവരയിട്ടു സൂചിപ്പിച്ചിരിക്കുന്നു (5/151).

ഇത്തരത്തില്‍ പറഞ്ഞുപോകാന്‍ പാകത്തിലുള്ള ഒരു നൂറു നിയമങ്ങള്‍ അടങ്ങുന്നതാണ് മനുസ്മൃതി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് രചിക്കപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ ഗ്രന്ഥത്തിലെ വരികള്‍ക്കനുസൃതമായി വള്ളിപുള്ളി വിസ്സര്‍ഗ്ഗലേശമെന്യേ നിയമങ്ങള്‍ പാലിച്ച് ആധുനിക ഡിജിറ്റല്‍ ഹൈടെക് യുഗത്തില്‍ മഹിളകള്‍ ജീവിക്കണമെന്ന് ഇന്നും ശഠിക്കുന്ന ഒരുപറ്റം അധികാരികള്‍ ഇന്ത്യയില്‍ താക്കോല്‍ സ്ഥാനങ്ങളില്‍ ആസനസ്ഥരായിരിക്കുന്നു. ശൂന്യാകാശപേടകത്തില്‍ പോയി, ചന്ദ്രനിലും ചൊവ്വയിലും മറ്റു ഗ്രഹങ്ങളിലും മാസങ്ങളും വര്‍ഷങ്ങളും നീണ്ടുനില്ക്കുന്ന പഠനപര്യവേക്ഷണപ്രക്രിയകളില്‍ സ്ത്രീകള്‍ സജീവമാകുന്ന ഈ കാലഘട്ടത്തില്‍ മാസത്തില്‍ ഏഴു ദിവസം വീട്ടിലെ ഒഴിഞ്ഞമൂലയിലെ ഇരുട്ടുമുറിയില്‍ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ ഒറ്റപ്പെട്ട ജീവിതം നയിക്കണമെന്ന തീട്ടൂരം, ഏതു മതസംഹിതയുടെ പേരിലായാലും പരിഷ്‌കൃത ഇന്ത്യയിലെ സ്ത്രീ സമൂഹത്തിന് എത്രത്തോളം ഉള്‍ക്കൊള്ളു വാനാകും. നാട്ടിലെ ക്രമസമാധാന ചുമതലയിലുള്ള പോലീസിലും, ഇന്ത്യയുടെ അതിര്‍ത്തിസുരക്ഷ കാക്കുന്ന കര, നാവിക, വ്യോമസേനകളില്‍ വരെ നിര്‍ണ്ണായപദവികളില്‍ പെണ്‍കുട്ടികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന, ഉത്തരവാദിത്വപ്പെട്ട മേഖലകളില്‍ ഉപവിഷ്ടരായി ധീരമായി പോരാടുന്ന, ഇന്നത്തെ ഇന്ത്യയില്‍, ഏതു വേദപുരാണത്തിലെ അനുശാസനത്തിന്റെ ആധാരത്തിലായാലും, ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഭൂജ് പട്ടണത്തിലെ ലേഡീസ് ഹോസ്റ്റലില്‍ നടപ്പിലാക്കിയ നിയമങ്ങളോട് നമുക്ക് എങ്ങനെ പൊരുത്തപ്പെടാനാകും. പക്ഷിമൃഗാദികളെ വേട്ടയാടിയും കാട്ടുതേനും കായ്കനികളും കിഴങ്ങുകളും ഭക്ഷിച്ച് വിവസ്ത്രരായി ഒരു കാലത്ത് മനുഷ്യന്‍ ജീവിച്ചിരുന്ന ശിലായുഗത്തിന്റെ സംസ്‌കൃതിയിലേക്കുള്ള തിരിച്ചുപോക്കാണിതെന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ എത്രത്തോളം നമുക്കതിനെ എതിര്‍ത്തുപറയാനാകും.

Related Stories

No stories found.