സ്‌നേഹിക്കണമെങ്കില്‍ അറിയണം; അറിയണമെങ്കില്‍ സ്‌നേഹിക്കണം

സ്‌നേഹിക്കണമെങ്കില്‍ അറിയണം; അറിയണമെങ്കില്‍ സ്‌നേഹിക്കണം
Published on

ഫാ. മിഥുന്‍ ജെ. ഫ്രാന്‍സിസ്, എസ്.ജെ.

ഈശോസഭയുടെ പ്രാരംഭദശയില്‍ തന്നെ, ഈശോസഭക്കാര്‍ക്കു ഭാരതത്തിലെ മുസ്ലീങ്ങളുമായി ആഴത്തിലുള്ള ഒരു ബന്ധമുണ്ടായിരുന്നു. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് മുഗള്‍ സാമ്രാജ്യത്തിലെ അവരുടെ വാസവും അക്ബര്‍ ചക്രവര്‍ത്തിയുമായുള്ള അവരുടെ മത സംവാദവും. തീര്‍ച്ചയായിട്ടും ഈ മതസംവാദത്തില്‍, രണ്ടു കൂട്ടരുടെയിടയിലും അവരുടേതായ ചില നിഗൂഢ താല്പര്യങ്ങള്‍ ഉണ്ടായിരുന്നു. കാലം മാറിയിരിക്കുന്നു. സഭ മറ്റു മതങ്ങളെ ദൈവിക വെളിപാടിന്റെ, മറ്റു ചില മുഖങ്ങളായി പ്രഘോഷിക്കുന്നു. മതം അതില്‍ത്തന്നെ പരിശുദ്ധമല്ല, മറിച്ചു ഓരോ മതവിശ്വാസിയും ദൈവഹിതം തന്റെ ജീവിതത്തില്‍ പ്രവൃത്തികമാക്കുമ്പോഴാണ് ഓരോ മനുഷ്യനും ഒരു യഥാര്‍ത്ഥ മതാനുയായിയും ദൈവവിശ്വാസിയുമാകുന്നത്. മുസ്ലീം സഹോദരങ്ങളും ഈ വലിയ തുറവിയെ അംഗീകരിച്ചു എന്നതിനുള്ള ഏറ്റവും നല്ല തെളിവാണ് ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസറിന്റെ ഗ്രാന്‍ഡ് ഇമാം അഹ് മദ് അല്‍തായും ഒരുമിച്ചു ചേര്‍ന്ന് ഒപ്പിട്ട മാനുഷിക സാഹോദര്യം എന്ന പത്രം. അവര്‍ ഒരുമിച്ചു പ്രഖ്യാപിക്കുന്നു, 'ദൈവം തന്റെ ജ്ഞാനത്തില്‍ മതങ്ങള്‍, നിറം, ലിംഗം, വംശം, ഭാഷ എന്നിവയുടെ ബഹുസ്വരതയും വൈവിധ്യവും ഇച്ഛിക്കുന്നു, അതിലൂടെ അവന്‍ മനുഷ്യരെ സൃഷ്ടിച്ചു.' ഇതൊരു തുറവിയുടെ ആഘോഷമാണ്. ദൈവത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിന്റെ പ്രഘോഷണമാണ്.

ഡല്‍ഹിയിലെ വിദ്യാജ്യോതി ദൈവശാസ്ത്ര വിദ്യാപീഠത്തിലെ പ്രൊഫസറും ഇസ്ലാമിക പണ്ഡിതനുമായ വിക്ടര്‍ എഡ്വിന്റെ പുതിയ ബുക്ക്, "A New Spirit in Christian-Muslim Relations in India: Three Jesuit Pioneers,' ഇരുപതും ഇരുപത്തിയൊന്നും നൂറ്റാണ്ടില്‍ മുസ്‌ലീങ്ങളുമായി സൗഹൃദ മതജീവിതം നയിച്ച മൂന്ന് ഈ ശോസഭക്കാരെ പരിചയപ്പെടുത്തുന്നു. അഞ്ചു അദ്ധ്യായങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകം, ക്രിസ്ത്യന്‍ മുസ്‌ലീം ബന്ധത്തിലും മത സംവാദത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സഹോദരങ്ങള്‍ക്കും ഒരു മുതല്‍ക്കൂട്ടാണ്.

ക്രിസ്തുമതത്തോടും ക്രിസ്ത്യാനികളോടുമുള്ള മുസ്‌ലീം മനോഭാവം സഹകരണത്തിന്റെയും സംഘര്‍ഷത്തിന്റെയും സവാദത്തിന്റെയും, അധിക്ഷേപത്തിന്റെയും, സഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും മുഖമണിഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ ക്രിസ്ത്യാനികളെ വേദപുസ്തകത്തിന്റെ ജനമെന്നു നസ്‌റാണികളെന്നു അഭിസംബോധന ചെയ്യുന്നു. മുഹമ്മദ് നബി ഖുര്‍ആനിനെ ബൈബിളുമായി സ്വരച്ചേര്‍ച്ചയുള്ള ഗ്രന്ഥമായി കണക്കാക്കി. മുഹമ്മദു നബി തന്റെ വെളിപാടില്‍ എന്തെകിലും വിയോചിപ്പുണ്ടെങ്കില്‍ വേദപുസ്തകത്തിന്റെ ജനത്തോടുപോയി ചോദിക്കുകയെന്നു മക്കയിലുള്ള തന്റെ വിമര്‍ശകരോട് പറയുന്നുണ്ട് (cf. Q 10:94), (cf. Q 16:43). ക്രിസ്ത്യന്‍ സന്യാസിമാരെ മുസ്‌ലീംകളുടെ സുഹൃത്തുക്കളായി ഖുര്‍ആന്‍ കണക്കാക്കുന്നു. ചിലര്‍ സന്ദര്‍ഭത്തില്‍ സമ്പത്തിന്റെ അധാര്‍മികമായ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നുമുണ്ട്. തീര്‍ച്ചയായിട്ടും കാലത്തിന്റേതായ ചില വിമര്‍ശനങ്ങളും ചിന്താക്കുഴപ്പം വരുത്തുന്ന ചില പ്രമാണപരമായ ആശയക്കുഴപ്പങ്ങളും കാണുവാന്‍ സാധിക്കും. ഈ കാലഘട്ടത്തില്‍ രണ്ടു മത പണ്ഡിതന്മാരില്‍ നിന്നും സാന്ദര്‍ഭികമായ വ്യാഖ്യാനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത അത്യാവശ്യമാണ്. അത്തരത്തില്‍ മുസ്ലീങ്ങളെ ഹൃദയത്തില്‍ സ്‌നേഹിച്ചു ജീവിച്ച മൂന്നു ഈശോസഭക്കാരെയാണ് വിക്ടര്‍ ഈ ബൂക്കിലൂടെ നമ്മെ പരിചയപ്പെടുത്തുന്നത്.

ഡല്‍ഹിയിലെ വിദ്യാജ്യോതി ദൈവശാസ്ത്ര വിദ്യാപീഠത്തിലെ പ്രൊഫസറും ഇസ്ലാമിക പണ്ഡിതനുമായ വിക്ടര്‍ എഡ്വിന്റെ പുതിയ ബുക്ക്, "A New Spirit in Christian-Muslim Relations in India: Three Jesuit Pioneers,' ഇരുപതും ഇരുപത്തിയൊന്നും നൂറ്റാണ്ടില്‍ മുസ്‌ലീങ്ങളുമായി സൗഹൃദ മതജീവിതം നയിച്ച മൂന്ന് ഈശോ സഭക്കാരെ പരിചയപ്പെടുത്തുന്നു. അഞ്ച് അദ്ധ്യാ യങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകം, ക്രിസ്ത്യന്‍ മുസ്‌ലീം ബന്ധത്തിലും മത സംവാദത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ സഹോദരങ്ങള്‍ക്കും ഒരു മുതല്‍ക്കൂട്ടാണ്.

അപരനെ അറിയുക എന്നതാണ് സൗഹൃദത്തിന്റെ ഏറ്റവും പ്രഥമമായാവശ്യം. 1907 സെപ്റ്റംബര്‍ 18-ന് ബെല്‍ജിയത്തിലെ ലൂവെയ് നില്‍ ജനിച്ച വിക്ടര്‍ കോര്‍ട്ടോയി സ് ഒരു ബെല്‍ജിയന്‍ പുരോഹിതനും ഇന്ത്യയിലെ ബംഗാളിലെ മിഷനറിയും ഇസ്ലാമോളജി സ്റ്റും ക്രിസ്ത്യന്‍-മുസ്‌ലീം സംഭാഷണത്തിന്റെ തുടക്കക്കാരനുമായിരുന്നു. വിക്ടര്‍ കോര്‍ട്ടോയിസിന്റെ മുസ്‌ലീംകളോടുള്ള സമീപനത്തിനു തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ ആഴത്തിലുള്ള ഖുര്‍ആന്‍ പരിജ്ഞാനവും മുസ്‌ലീം സുഹൃത്തുക്കളോടും അയല്‍ക്കാരോടും ഉള്ള സ്‌നേഹവുമായിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മുസ്‌ലീംകളോടുള്ള ആഴമായ സ്‌നേഹവും അവരുടെ വിശുദ്ധ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ തിരുവെഴുത്തിലുള്ള ആഴമായ ആദരവും മുസ്‌ലീംകളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെ കൂടുതല്‍ മെച്ചപ്പെടുത്തി. ദൈവം പിതാവായ ഒരു വലിയ കുടുംബത്തില്‍പ്പെടുന്ന ഒ രു കൂട്ടം വിശ്വാസികളായ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും സഹോദരീസഹോദരന്മാരായി കോര്‍ട്ടോയിസ് വിഭാവനം ചെയ്യുന്നു. ക്രിസ്ത്യാനികളും മുസ്ലീങ്ങളും പരസ്പരം സഹോദരീസഹോദരന്മാരാണെന്ന് കോര്‍ട്ടോയിസ് ഊന്നിപ്പറഞ്ഞു. അദ്ദേഹം ഒരു നിരീക്ഷകന്‍ മാത്രമായിരുന്നില്ല, അവരുടെ ജീവിതത്തിലെ ഒരു പങ്കാളിയുമായിരുന്നു. അദ്ദേഹം അവരുടെ ജീവിതത്തിലേക്ക് ഒരു സഹോദരനെപോലെ പ്രവേശിക്കുകയായിരുന്നു. ക്രിസ്ത്യാനികള്‍ ക്രിസ്തുമതത്തെ അതിന്റെ ലാളിത്യത്തിലും സൗന്ദര്യത്തിലും മുസ്‌ലീംകളോട് സ്പഷ്ടമായി പ്രകടിപ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ക്രൈസ്തവ വിശ്വാസവും മുസ്‌ലീം വിശ്വാസവും തമ്മിലുള്ള പൊതുവായ അടിത്തറയില്‍ നിന്നാണു ആ പ്രഘോഷണമാരംഭിക്കേണ്ടത്. ക്രിസ്തുവിനെക്കുറിച്ചുള്ള മുസ്‌ലീംകളുടെ താല്‍പ്പര്യത്തെ വ്രണപ്പെടുത്താതെ ആവേശം കൊള്ളിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. ക്രിസ്ത്യാനികളും മുസ്ലീങ്ങളും പരസ്പരം തങ്ങളുടെ ഹൃദയത്തിന്റെ ആഴത്തിലേക്ക് തുളച്ചുകയറുകയും അറിയുകയും സ്‌നേഹിക്കുകയും ചെയ്താല്‍ ആത്മീയ പുരോഗതി കൈവരിക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അതായതു കൂടുതല്‍ ആധികാരികമായ ഒരു ജീവിതരീതിയിലേക്കുള്ള ദൈവാത്മാവിന്റെ പ്രേരണകളെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും പരസ്പരം തിരിച്ചറിയണം എന്നര്‍ത്ഥം.

ജര്‍മ്മന്‍ ദൈവശാസ്ത്രജ്ഞനും ഇസ്ലാമിക പണ്ഡിതനും ജെസ്യൂട്ട് പുരോഹിതനുമാണ് ക്രിസ്റ്റ്യന്‍ വില്‍ഹെം ട്രോള്‍ എസ്.ജെ. തെക്കു-കിഴക്കന്‍ ഏഷ്യയിലേക്കുള്ള പഠന യാത്രകളിലൂടെ, ഇന്ത്യയിലെ ഇസ്ലാമിക ചിന്തയും ജീവിതവും, അദ്ദേഹം പഠിച്ചു. ഡല്‍ഹിയിലെ വിദ്യജ്യോതി ഇസ്ലാമിക അധ്യാപകനുമായിരുന്നു അദ്ദേഹം. ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരേ ദൈവത്തെയും, ആ ദൈവം ഏകനാണെന്നും മറ്റാരെയും തങ്ങള്‍ ആരാധിക്കുന്നില്ലെന്ന് ആദ്യം തിരിച്ചറിയണമെന്നും, ആ ദൈവിക തിരിച്ചറിവില്‍ വ്യത്യാസങ്ങള്‍ ഉണ്ടങ്കിലും രണ്ടു കൂട്ടരും ദൈവത്തിന്റെ അസാധാരണമായ ഏകത്വത്തെക്കുറിച്ചുള്ള വെളിപാടാണ് പ്രഘോഷിക്കുന്നതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ക്രിസ്ത്യാനികളുടെയും മുസ്‌ലീംകളുടെയും ഏകദൈവത്തിലുള്ള വിശ്വാസവും ദൈവത്തോടുള്ള അവരുടെ പ്രാര്‍ത്ഥനയും വിശ്വാസത്തില്‍ ദൈവവുമായി ഏറ്റുമുട്ടാന്‍ അവരെ അനുവദിക്കുന്നു. ദൈവവുമായുള്ള ഈ കണ്ടുമുട്ടല്‍ ക്രിസ്ത്യാനികളെയും മുസ്‌ലീംകളെയും ആത്മാര്‍ത്ഥമായി തങ്ങളുടെ വ്യത്യാസങ്ങളെ ബഹു മാനിക്കാന്‍ സഹായിക്കുന്നു.

അദ്ദേഹത്തിനു മുസ്ലീങ്ങളെയും അവരുടെ മതം, രാഷ്ട്രീയ ചിന്തകളെക്കുറിച്ചു ഗഹനമായ ഒരു പാണ്ഡിത്യവും ആഴത്തിലുള്ള ധാരണയും ക്രിസ്ത്യന്‍-മുസ്‌ലീം ബന്ധങ്ങളെക്കുറിച്ചുള്ള ചരിത്ര ബോധവും ഉള്‍ക്കാഴ്ചയുള്ള അറിവും ഉണ്ടായിരുന്നു. ഈ അറിവ് അദ്ദേഹത്തെ ക്രിസ്ത്യന്‍-മുസ്ലീം ബന്ധത്തിന്റെ ദൈവശാസ്ത്ര തലങ്ങളിലേക്കു ഇറങ്ങിച്ചെല്ലുവാന്‍ പ്രാപ്തനാക്കി.

അദ്ദേഹം തന്റെ ആദ്യത്തെ ഘടകമായി ഉപയോഗിക്കുന്നത് തന്നെ തന്റെ ആദ്ധ്യാത്മികതയിലെ 'വിവേചനകല' എന്ന പുണ്യമാണ്. ഈ കല ദൈവത്തോടുള്ള സമ്പൂര്‍ണ്ണ തുറന്ന മനസ്സും ഒരാളുടെ ജീവിതത്തില്‍ ദൈവഹിതം ചെയ്യാനുള്ള ആന്തരിക സ്വാതന്ത്ര്യവും ആവശ്യപ്പെടുന്നു. മുസ്ലീം വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും വിവിധ ഘടകങ്ങളില്‍ ദൈവത്തിന്റെ സാന്നിധ്യത്തെ വിലമതിക്കുന്നതിനും മുസ്ലീം മതചിന്തയുടെ മറ്റു പല സവിശേഷതകളിലും ദൈവത്തിന്റെ ആത്മാവിന്റെ അഭാവത്തെ വിമര്‍ശിക്കുന്നതിനും ഈ രീതി ഒരു ക്രിസ്ത്യാനിയെ സഹായിക്കുന്നു. മതപരമായ സംഭാഷണത്തില്‍, തന്റെ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അതേസമയം, 'മുസ്‌ലിംകള്‍ക്കിടയില്‍ അയയ്ക്കപെട്ടുവെന്ന നിലയില്‍' അവരുടെ വിശ്വാസത്തോട് മാന്യമായ മനോഭാവത്തില്‍ തുടരാനുള്ള തുറന്ന മനസ്സ് അദ്ദേഹം കാണിക്കുകയും ചെയ്തിരുന്നു. അദ്ദേഹം വിശ്വസിച്ചിരുന്നത്, മുസ്‌ലീംകളുടെ ലോകത്തേക്ക് പ്രവേശിക്കാന്‍, ക്രിസ്ത്യാനികള്‍ മുസ്ലീങ്ങള്‍ ഖുര്‍ആന്‍ -നിന് കൊടുക്കുന്ന സ്ഥാനവും പ്രതിനിധിത്വവും മനസ്സിലാക്കേണ്ടതുണ്ട്. അതുപോലെ, ദൈവ ശാസ്ത്ര തലത്തില്‍ രണ്ടുകൂട്ടരും തമ്മിലുള്ള അര്‍ത്ഥവത്തായ ഇടപെടലിന്. ക്രിസ്ത്യാനികളുടെ ജീവിതത്തില്‍ ബൈബിളിന്റെ സ്ഥാനം മുസ്‌ലീംകള്‍ തിരിച്ചറിയണം. ഫലപ്രദമായ മത സംഭാഷണത്തിന് പരസ്പര ബഹുമാനവും ധാരണയും ആവശ്യമാണ്. മുസ്‌ലീംകളും ക്രിസ്ത്യാനികളും 'പരസ്പരം അറിയുകയെന്നത് തങ്ങളുടെ ദൈവനിയോഗത്തിന്റെ ഭാഗമാണെന്ന്' ട്രോള്‍ കരുതി. ഒരുമിച്ച് നില്‍ക്കുന്ന ക്രിസ്ത്യാനികളെയും മുസ്‌ലീംകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ദൈവമാണെന്നും അവര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ദൈവത്തിന്റെ ദാനമാണെന്നും നാം മനസ്സിലാക്കണം.

ദക്ഷിണേഷ്യന്‍ അസിസ്റ്റന്‍സിയിലെ മുസ്ലീം-ക്രിസ്ത്യന്‍ സം ഭാഷണത്തിന് നേതൃത്വം നല്‍കിയ ജെസ്യൂട്ട് മിഷനറിയും ഇസ്ലാമിക പണ്ഡിതനുമാണ് പോള്‍ ജാക്‌സണ്‍. ഇന്ത്യയിലെ ബീഹാറില്‍ നിന്നുള്ള സൂഫി സന്യാസിയാ ഷെയ്ക്ക് ഷറഫുദ്ദീന്‍ മനേരിയു ടെ നൂറുകണക്കിന് കത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയില്‍നിന്നു ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്താണ് അദ്ദേഹം തന്റെ ഇന്ത്യന്‍ മുസ്‌ലീം മതസാംസ്‌കാരിക പരിത സ്ഥിതിയില്‍ പ്രവേശിച്ചത്. ഈ മൂലഗ്രന്ധവും ജനങ്ങളുമായുള്ള ഈ ഇടപഴകല്‍ ബീഹാറിലെയും മറ്റിടങ്ങളിലെയും നിരവധി മുസ്‌ലീംകളുടെ ഹൃദയത്തില്‍ അദ്ദേഹം ഇടം നേടി. ജാക്‌സണ്‍ വിശ്വസിച്ചിരുന്നത് പൂര്‍ണ്ണമായും തുറന്ന പ്രതിബദ്ധതയുള്ള ക്രിസ്ത്യാനി, പ്രതിജ്ഞാബദ്ധനായ മറ്റൊരു മുസ്‌ലീമുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവിടെ അവര്‍ തങ്ങളെത്തന്നെ ദൈവത്തിനു മുന്‍പില്‍ തുറക്കുന്നു. മുസ്ലീമും ക്രിസ്ത്യാനിയും തമ്മിലുള്ള ഈ ഐക്യം പരിശുദ്ധാത്മാവ് നില നിര്‍ത്തുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിക്കുന്നു.

ഈ മൂന്ന് ഈശോ സഭ മിഷനറിമാരും കേരളത്തിലെ മുസ്ലീങ്ങള്‍ക്കും ക്രിസ്താനികള്‍ക്കും മുന്‍പില്‍ ഉയര്‍ന്നു നില്‍ക്കുന്ന മൂന്ന് വെല്ലുവിളികളും ചൂണ്ടു പലകകളുമാണ്. മത സൗഹാര്‍ദ്ദത്തിന് പേരുകേട്ട നമ്മുടെ ഈ കൊച്ചു കേരളം ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് കിട്ടുന്ന രാഷ്ട്രവത്കരിച്ച ലേഖനങ്ങളുടെയും വാര്‍ത്തകളുടെയും പുറകെപോയി അപരനെ ശത്രുവായി കാണുന്ന തലത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. വേദപുസ്തകങ്ങളെ കുറിച്ച് അറിയാത്തവര്‍ അതിനു തീവ്രമനോഭാവമുള്ള വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളും നല്‍കുന്നു. അതിന്റെ ഫലമായി പരസ്പരമുള്ള അകല്‍ച്ച കൂടുന്നു. അപരനെ അറിയാതെ പോകുന്നു. 'എല്ലാ മനുഷ്യരെയും, ദൈവം അവകാശങ്ങളിലും കടമകളിലും അന്തസ്സിലും തുല്യരായി സൃഷ്ടിച്ചു, സഹോദരീസഹോദരന്മാരായി ഒരുമിച്ച് ജീവിക്കാനും ഭൂമി നിറയ്ക്കാനും നന്മ, സ്‌നേഹം, സമാധാനം എന്നിവയുടെ മൂല്യങ്ങള്‍ അറിയിക്കാനും വിളിച്ച ദൈവത്തിന്റെ നാമത്തില്‍' എന്ന് ആരഭിക്കുന്ന ഹ്യൂമന്‍ ഫ്രറ്റേര്‍ണിറ്റി ഡോക്യുമെന്റ് ഈ മിഷനറിമാര്‍ തുടങ്ങിവച്ച ആ വലിയ ദൗത്യം തുടരുവാന്‍ നമുക്ക് പ്രചോദനം നല്‍കട്ടെ. സ്‌നേഹിക്കണമെകില്‍ അറിയണം. അറിയണമെകില്‍ സ്‌നേഹിക്കണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org