അഴകുള്ള ലോകം സൃഷ്ടിക്കാന്‍...

(തൃക്കാക്കര ഭാരതമാതാ കോളേജില്‍ അദ്ധ്യയനവര്‍ഷാരംഭത്തില്‍ ചെയ്ത പ്രഭാഷണത്തില്‍ നിന്ന്)
അഴകുള്ള ലോകം സൃഷ്ടിക്കാന്‍...

എഡ്യുക്കേഷന്‍ എന്ന പദത്തിന്റെ പദോത്പത്തിശാസ്ത്രം പഠിക്കുന്നതു രസകരമാണ്. ലത്തീന്‍ ഭാഷയില്‍ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. അര്‍ത്ഥം ടു ബ്രിംഗ് ഔട്ട് എന്നതാണ്. പുറത്തേയ്ക്കു കൊണ്ടുവരിക. നിങ്ങളിലുള്ള ഏറ്റവും നല്ലത് പുറത്തു കൊണ്ടുവരാന്‍ നിങ്ങളെ സഹായിക്കുന്ന ഇടത്തിന്റെ പേരാണ് വിദ്യാലയം. ഏറ്റവും നല്ലത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രത്യാശയിലാണ് നാം ഇതെല്ലാം ആരംഭിക്കുന്നത്.

കോളേജ് ക്യാംപസുകളെ നാമിപ്പോള്‍ ജൈവക്യാംപസ് എന്നു വിശേഷിപ്പിക്കാറുണ്ട്. ഈയൊരിടത്തില്‍ നിന്നുകൊണ്ടു നിങ്ങള്‍ക്കു കാണാനാകുന്ന ഒരു സ്വപ്നം ജൈവമനുഷ്യരായിരിക്കുക എന്നതാണ്. ആ വാക്ക് ഭാഷയിലാദ്യം പ്രയോഗിച്ചത് ആനന്ദാണ്. ജൈവമനുഷ്യനെന്ന സങ്കല്‍പം ഉള്ളില്‍ പതിഞ്ഞാല്‍ നന്നായിരിക്കും. കുറെക്കൂടി ജൈവമനുഷ്യരായി ജീവിക്കാന്‍ ക്യാംപസുകളെ ഉപയോഗപ്പെടുത്തണം. എഡ്യുക്കേഷനെതിരായ വലിയൊരു ആരോപണം അതു കൃത്രിമ മനുഷ്യരെ സൃഷ്ടിക്കുന്നുവെന്നതാണ്. അത് എഡ്യുക്കേഷന്റെ അപാകതയല്ല. അതില്‍ പെട്ടു പോയ ഒരപൂര്‍ണതയാണ്. ഒരു കാലത്തു ടീ ഷര്‍ട്ടുകളിലൊക്കെ മനുഷ്യരെഴുതി വച്ചിരുന്ന ഒരു വാചകമിതായിരുന്നു, ''ഞാന്‍ ബുദ്ധിമാനായി ജനിച്ചു, വിദ്യാഭ്യാസം എന്നെ നശിപ്പിച്ചു.'' ഇതിലൊരു ആക്ഷേപഹാസ്യമുണ്ട്, ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ ട്രോള്‍. എങ്കിലും അതു മാത്രമല്ല. അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യവും പ്രകാശവും നല്‍കുന്നതു പോലും കലാലയങ്ങള്‍ തന്നെയാണ്.

ഒരു പുഴയുടെ തീരത്ത് എഴുതി വച്ചിട്ടുണ്ട്, 'റിസ്‌ക് എടുക്കരുത്, പുഴയ്ക്ക് ചീത്തപ്പേരുണ്ടാക്കരുത്.'' നമ്മളെടുക്കുന്ന എല്ലാ അപൂര്‍ണതകള്‍ക്കും പുഴയാണ് കാലാകാലങ്ങളായി പേരുദോഷം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അത്ര ജൈവമല്ലാത്ത മനുഷ്യര്‍ ഇതിനകത്തു നിന്നു രൂപപ്പെട്ടുവെന്നതാണ് വിദ്യാഭ്യാസത്തിനു പൊതുവെ കേള്‍ക്കേണ്ടി വന്ന പഴി. വിദ്യാര്‍ത്ഥികള്‍ക്കു ചെയ്യാവുന്ന ഏറ്റവും വലിയ കരുണ, നമ്മെ ഇത്രയും നന്നായി നോക്കുന്ന ഒരിടത്തിന്റെ, വിദ്യാര്‍ത്ഥികളെ സഹായിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസസംവിധാനത്തിന്റെ സത്‌പേര് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയെന്നതാണ്.

പരിണാമം ഇപ്പോഴും നടക്കുന്നുണ്ടെന്നാണു ശാസ്ത്രം പറയുന്നത്. ഇരുകാലി മൃഗമായി മനുഷ്യര്‍ രൂപപ്പെട്ടതോടെ പരിണാമം അവസാനിച്ചുവെന്നു പലരും കരുതുന്നുണ്ട്. പക്ഷേ ബുദ്ധിപരമായി പഴയ തലമുറയേക്കാള്‍ സാദ്ധ്യതകളുള്ളവരാണ് പുതിയ തലമുറ. അതുകൊണ്ടു തന്നെ പുതിയ തലമുറയെ അഭിസംബോധന ചെയ്യുമ്പോള്‍ ചില സൂചനകള്‍ നല്‍കിയാല്‍ മതി, അധികം വിശദീകരിക്കേണ്ടതില്ല. ദൈവികമാനങ്ങളുള്ള കഥകളുടെ പേരാണ് ബൈബിള്‍ അനുസരിച്ചു ഉപമ. ജൈവമനുഷ്യനെയും നമുക്ക് ഒരു ഉപമയോ പ്രതീകമോ ആയി കരുതാന്‍ കഴിയും.

എന്താണു ജൈവമനുഷ്യരുടെ പ്രത്യേകതകള്‍? ഒന്ന്, ശിരസ്സില്‍ കവിത കൊണ്ടു നടക്കുന്ന മനുഷ്യരാണ് അവര്‍. കവിതയ്ക്കു നിരക്കാത്ത കുറെ കാര്യങ്ങള്‍ എപ്പോഴും ലോകത്തില്‍ സംഭവിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഗുണമായി പരിഗണിക്കാവുന്നത് സൗന്ദര്യാവബോധമാണ്. ലോകം കുറെക്കൂടി ഭംഗിയുള്ളതാകണം. കുട്ടികള്‍ പഠിക്കാന്‍ വരുന്നതും മുതിര്‍ന്നവര്‍ അതിനു കുട്ടികളെ സഹായിക്കുന്നതും കുറെക്കൂടി ഭംഗിയുള്ള ഒരു ലോകത്തിനു വേണ്ടിയാണ്.

ലോകം ഭംഗിയുള്ളതാകണമെങ്കില്‍ നാം ഈ സംവിധാനത്തില്‍ നിന്ന് അരിച്ചു കളയേണ്ട ഒരു വാക്ക് ലാഭം എന്നതാണ്. കഴിയുന്നിടത്തോളം, ലാഭത്തിന് ഇടം കൊടുക്കാത്ത ഒരു മനോനില ഉണ്ടാക്കിയെടുക്കുക. മനുഷ്യര്‍ ലാഭമുള്ള കാര്യങ്ങളില്‍ മാത്രം ഏര്‍പ്പെട്ടിരുന്നെങ്കില്‍ ഈ ലോകത്തിനു യാതൊരു ഭംഗിയും ഉണ്ടാകുകയില്ലായിരുന്നു. ഏറ്റവും കൂടുതല്‍ മനുഷ്യര്‍ തങ്ങളുടെ ജീവിതങ്ങള്‍ ബലി കൊടുത്തിട്ടുള്ളത് അറിവിന്റെ പരീക്ഷണശാലകളിലാണ്. വിപ്ലവങ്ങള്‍ക്കു വേണ്ടി മരിച്ചിട്ടുള്ളവരേക്കാള്‍ അധികം പേര്‍ ലബോറട്ടറികളില്‍ തങ്ങളുടെ പ്രാണന്‍ കൊടുത്തിട്ടുണ്ട്. എത്രയോ കാലങ്ങള്‍ എത്രയോ മനുഷ്യര്‍ രാത്രിയെണ്ണ കത്തിച്ചു കണ്ടെത്തിയ കാര്യങ്ങളുടെ തണലിലും പ്രകാശത്തിലുമൊക്കെയാണു നാം ജീവിക്കുക. പെരുമയെന്നു പറയുന്ന ലാഭേച്ഛ പോലും ഇവരുടെയൊന്നും മനസ്സിലില്ലായിരുന്നു.

ചെറിയ പ്രായത്തില്‍ ലഭിക്കുന്ന ദിശാബോധങ്ങളാണ് നമ്മുടെ മുമ്പോട്ടുള്ള ദിശ നിര്‍ണയിക്കുക. യൗവനത്തില്‍ തന്നെ ലാഭത്തെ ഏതെങ്കിലുമൊക്കെ വിധത്തില്‍ തള്ളിപ്പറയുന്ന കുലീനമായ ഒരു മനോനില ഉണ്ടാക്കിയെടുക്കുക. ഇപ്പോള്‍ മനുഷ്യര്‍ തങ്ങളേര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും ലാഭത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അപ്പത്തെ പുഴയിലേയ്‌ക്കെറിയുക എന്നൊരു വാക്യം ബൈബിളിലുണ്ട്. പഴയ കാലത്ത് കൊയ്‌തെടുത്ത കതിര്‍ക്കറ്റകളെ പുഴയിലേയ്ക്ക് ഒഴുക്കിവിടാറുണ്ട്. അത് ഒഴുകി, മറ്റേതെങ്കിലും തീരങ്ങളില്‍ അടുത്ത് അവിടെ മുളയ്ക്കുകയും മറ്റൊരു കൊയ്ത്തിന് ഇടയായിത്തീരുകയും ചെയ്യാറുണ്ട്. അതിനെയാണ് അപ്പത്തെ പുഴയിലേക്കെറിയുക എന്നു വിശേഷിപ്പിക്കുന്നത്. ഒരു തരത്തിലും ആരെന്നോ എവിടെയെന്നോ അറിയാത്തവരുടെ ജീവിതങ്ങളില്‍ യാതൊരു ലാഭേച്ഛയും കൂടാതെ നിങ്ങളുണ്ടാക്കിയെടുക്കുന്ന ഭംഗിയുടെ പേരാണ് വിദ്യാഭ്യാസം. അദ്ധ്യാപനം വാസ്തവത്തിലതാണ്.

ലോകം ഭംഗിയുള്ളതാകണമെങ്കില്‍ നാം ഈ സംവിധാനത്തില്‍ നിന്ന് അരിച്ചു കളയേണ്ട ഒരു വാക്ക് ലാഭം എന്നതാണ്. കഴിയുന്നിടത്തോളം, ലാഭത്തിന് ഇടം കൊടുക്കാത്ത ഒരു മനോനില ഉണ്ടാക്കിയെടുക്കുക. മനുഷ്യര്‍ ലാഭമുള്ള കാര്യങ്ങളില്‍ മാത്രം ഏര്‍പ്പെട്ടിരുന്നെങ്കില്‍ ഈ ലോകത്തിനു യാതൊരു ഭംഗിയും ഉണ്ടാകുകയില്ലായിരുന്നു.

വിദ്യാഭ്യാസത്തെ അളക്കാന്‍ പരീക്ഷയുടെ മാര്‍ക്ക് ഒരു മാനദണ്ഡമായി ഇന്നാരും കരുതുന്നില്ല. ഇന്റലിജെന്‍സ് എന്ന് ഗൂഗിളില്‍ അടിച്ചു നോക്കിയാല്‍ പലതരം ഇന്റലിജെന്‍സുകളുണ്ടെന്നു കാണാം. അവയുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പഴയ കാലത്ത് ഇന്റലിജെന്‍സെന്നാല്‍ പരീക്ഷയിലെ മാര്‍ക്കു മാത്രമായിരുന്നു. ഈ കാലം കൂറെക്കൂടി ഭേദപ്പെട്ട ഭാവുകത്വങ്ങളുടെ കാലമാണ്. പലതരം ഇന്റലിജെന്‍സുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ന് ഇമോഷണല്‍ ഇന്റലിജെന്‍സ് ആണ്. പഠിച്ച പല ആളുകള്‍ക്കും സാധാരണ കുടുംബജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്തതൊക്കെ ഒരുകാലത്ത് ഈ വൈകാരിക ബുദ്ധിക്ക് യാതൊരു പ്രാധാന്യവും കൊടുക്കാതിരുന്നതുകൊണ്ടാണ്. പുതിയ തലമുറ ഇതിനു പ്രാധാന്യം കൊടുക്കുന്നുണ്ട്.

കാര്യമായ ലാഭമില്ലാത്ത കാര്യങ്ങളില്‍ ഏര്‍പ്പെടുക എന്നതാണ് ഒന്നാമത്തേത്. ലാഭം എന്നതു തലയില്‍ നിന്നു മാറുമ്പോള്‍ മാത്രമേ മത്സരത്തില്‍ നിന്നു മാറാന്‍ കഴിയുകയുള്ളൂ. ലോകത്തിലേറ്റവും കൂടുതല്‍ മത്സരങ്ങള്‍ നടന്നുകൊണ്ടിരുന്നതു കളിക്കളങ്ങളിലല്ല, ക്ലാസ് മുറികളിലാണ്. അത്തരം മത്സരങ്ങളെ വളര്‍ത്തുന്ന രീതിയിലുള്ള ബോധനരീതിയും ഒരുകാലത്തുണ്ടായിരുന്നു. നിങ്ങള്‍ ആരോടും മത്സരിക്കണമെന്നോ, ആരെയെങ്കിലും തോല്‍പിക്കണമെന്നോ ആരെങ്കിലുമായി താരതമ്യം ചെയ്യണമെന്നോ പറയുന്നില്ല. ലോകത്തോട് അനുഭാവമുള്ള, ലോകത്തിന്റെ കാര്യങ്ങളില്‍ കുറെക്കൂടി ശ്രദ്ധയുള്ള ആളുകളാകുക.

ഒരു സെന്‍ കഥയുണ്ട്. ഒരു അമ്മയുടെ മകന്‍ വലിയ ബുദ്ധിമാനാണ്. നന്നായി പഠിക്കുക കൂടി ചെയ്തു. അതോടെ അയാളെ ആ ദേശത്തിന്റെ രാജഗുരു ആയി നിയോഗിക്കുകയാണ്. ആ അമ്മ ഒരിക്കല്‍ തന്റെ മകനെ കാണാന്‍ രാജകൊട്ടാരത്തിലേയ്ക്കു പോകുന്നു. പോകുമ്പോള്‍ തെരുവോരങ്ങളിലെ മനുഷ്യരെല്ലാം പണ്ഡിതനായ രാജഗുരുവിനെ കുറിച്ചു പറയുന്നുണ്ട്. അതു തന്റെ മകനെ കുറിച്ചാണെന്നു അമ്മയ്ക്കറിയാം. കൊട്ടാരത്തിലെത്തിയപ്പോള്‍ രാജാവിന്റെ സിംഹാസനത്തിനടുത്തു തന്നെ രാജഗുരു ഇരിക്കുന്നു. വലിയ ആചാര്യന്മാര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊക്കെ അവരെ അതിശയിപ്പിക്കുന്ന ഉത്തരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ് അയാള്‍. അമ്മ ആ പരവതാനിയിലൂടെ നടന്നു മകന്റെ അടുത്തെത്തി അവനെ തലങ്ങും വിലങ്ങും അടിക്കുകയാണ്. ഇതിനു വേണ്ടിയല്ല അമ്മമാര്‍ മക്കളെ പഠിപ്പിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് അടിക്കുന്നത്. എന്നിട്ട്, ഒരു കാറ്റു പോലെ അവര്‍ പുറത്തേയ്ക്കു പോകുകയും ചെയ്തു.

ബുദ്ധിമാനായതുകൊണ്ടു തന്നെ ആ മകന്‍ ആലോചിക്കുന്നുണ്ട്, എന്തിനു വേണ്ടിയാകാം അമ്മമാര്‍ മക്കളെ പഠിപ്പിക്കുന്നത്? പണിയെടുത്തും മുണ്ടു മുറുക്കിയുടുത്തും പഠിപ്പിക്കുന്നത് എന്തിനു വേണ്ടിയാകാം? കൊട്ടാരത്തിന്റെ ഭാഗ്യങ്ങളുടെ ഭാഗമായി മാറാന്‍ വേണ്ടിയല്ല. ആ രാജഗുരു പിന്നീട് കൊട്ടാരം വിട്ടു പോകുകയും പാവപ്പെട്ട മനുഷ്യര്‍ താമസിക്കുന്നയിടത്തു ചെന്ന് അവരുടെ മക്കളെ അക്ഷരം പഠിപ്പിക്കുന്ന ഒരു ആശാനാകുകയും ചെയ്തു. ഒരിക്കല്‍ രാജഗുരു ആയിരുന്നു, ഇപ്പോള്‍ കളരിയാശാനാണ്. അങ്ങനെ അയാള്‍ തന്റെ ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കി.

കാലാകാലങ്ങളായി മുതിര്‍ന്നവര്‍ പറയുന്ന ആശയങ്ങളില്‍ നിന്നു പുതിയ തലമുറ മാറിനടക്കുന്നതു നല്ലതാണ്. കുട്ടികള്‍ എന്തെങ്കിലുമൊക്കെ ആകണമെന്നു പറയുന്നത്, മുതിര്‍ന്നവരുടെ സ്വാര്‍ത്ഥതയുടെ ഭാഗമാണ്. ലോകത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ആകുക എന്നതാണു പ്രധാനം.

ലാഭേച്ഛയില്ലാത്ത, മത്സരമില്ലാത്ത, താരതമ്യമില്ലാത്ത, പരാര്‍ത്ഥമായ മനോനിലയുടെ പേരാണ് ജൈവമനുഷ്യനെന്നത്. സദാ തുറന്നു പിടിച്ച രണ്ടു കണ്ണുകള്‍. അവയെ കൊണ്ട് ലോകത്തെ വീക്ഷിച്ചുകൊണ്ടിരിക്കുക. ഇത്രയും കുനിഞ്ഞിരിക്കാന്‍ പാടില്ല. പരിണാമത്തിന്റെ ഗ്രാഫിക് ചിത്രങ്ങള്‍ കണ്ടിട്ടില്ലേ? ഇഴഞ്ഞു നടന്നിരുന്നയാള്‍ ഉയര്‍ന്നുയര്‍ന്ന് നേരെ നില്‍ക്കുന്നു. നിര്‍ഭാഗ്യവശാല്‍ അവിടെ നിന്നു പിന്നെ കുനിയാന്‍ തുടങ്ങുകയാണ്. ഇപ്പോള്‍ കുനിഞ്ഞു ഫോണിന്റെ വെട്ടത്തില്‍ മാത്രം നോക്കിയിരിക്കുകയാണ്.

ചില കാര്യങ്ങള്‍ നിങ്ങള്‍ ധാര്‍മ്മികതയോടെ മാത്രം ഉപയോഗിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതു നന്നായിരിക്കും. ഫോണ്‍ ഒരു കാലത്ത് സംഭാഷണത്തിനു വേണ്ടി മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് അതെല്ലാം വിനോദവ്യാപാരത്തിന്റെ ഭാഗമാണ്. അതില്‍ നിന്നൊക്കെ മാറി കുട്ടികളെ പോലെ കണ്ണുകള്‍ തുറന്നു പിടിച്ച് പുറംലോകത്തേക്കു വിസ്മയത്തോടെ നോക്കുന്നതു നല്ലതാണ്.

ചെഗുവേരയുടെ ഏറ്റവും വലിയ ശക്തി തുറന്നു പിടിച്ച കണ്ണുകളായിരുന്നു എന്നാണു പറയുക. ബൊളീവിയന്‍ കാടുകളില്‍ ഈ മനുഷ്യന്‍ കൊല്ലപ്പെടുമ്പോഴും ഉണ്ടായിരുന്നു തുറന്നു പിടിച്ച ഒരു കണ്ണ്. സാമൂഹികയാഥാര്‍ത്ഥ്യങ്ങളോട്, ലോകത്തിന്റെ സമതയില്ലായ്മയോട്, ഉച്ചനീചത്വങ്ങളോട് ഒക്കെ തുറന്നു പിടിച്ച കണ്ണ്. കുറെക്കൂടി തുല്യതയും സമതയുമുള്ള ലോകം വരാനായി നിങ്ങള്‍ ചെയ്യേണ്ട കാര്യം കണ്ണിണകള്‍ തുറന്നു പിടിക്കുക എന്നതാണ്.

അടുത്തതായി വേണ്ടത് ശ്രദ്ധയാണ്. ബുദ്ധന്റെ പടം വരയ്ക്കാന്‍ എളുപ്പമാണ്. ഒരു വട്ടം വരയ്ക്കുക, പിന്നെ പടവലങ്ങ പോലെ നീണ്ട രണ്ടു ചെവികളും. ഒരു മനുഷ്യനും അത്തരം ചെവികളുണ്ടാകില്ല എന്നു നമുക്കറിയാം. ബുദ്ധന്‍ വളരെയധികം ശ്രദ്ധയുണ്ടായിരുന്ന ആളായിരുന്നു. അതാണു വലിയ ചെവികള്‍ കൊണ്ടുദ്ദേശിക്കുന്നത്. നമ്മുടെ നാട്ടിലെ ദൈവസങ്കല്‍പങ്ങളില്‍ വളരെ പ്രിയപ്പെട്ട ഒന്നാണു വിഘ്‌നേശ്വരന്‍. വലിയ ചെവികളുണ്ട്. നമുക്ക് പെട്ടെന്ന് ബന്ധം സ്ഥാപിക്കാന്‍ സാധിക്കുന്ന ഒന്നാണത്. കുട്ടികള്‍ക്കു പോലും ഓമനിക്കാന്‍ തോന്നുന്ന ഒരു ദൈവസങ്കല്‍പമാണ് ആനച്ചെവികളുള്ള വിഘ്‌നേശ്വരന്‍. അതുകൊണ്ട് വലിയ ചെവികളുള്ളവരാകുക. വലിയ ചെവികള്‍ ഉണ്ടാകുമ്പോള്‍, പറഞ്ഞ കാര്യങ്ങള്‍ മാത്രമല്ല ബോധപൂര്‍വം പറയാതെ വിട്ട കാര്യങ്ങളും കേള്‍ക്കാന്‍ കഴിയും. എല്ലാവരെയും ശ്രവിക്കുക. വിശേഷിച്ചും നിങ്ങളുടെ മാതാപിതാക്കളെ. മക്കളെ നെഞ്ചിലിട്ടു വളര്‍ത്തണം എന്നു പറയാറുണ്ട്. നെഞ്ചിലെ മിടിപ്പു കേട്ടു വളരാന്‍. നിങ്ങളതു കേള്‍ക്കണം. അവര്‍ ചിലപ്പോള്‍ നിങ്ങളോടു കലഹിക്കുന്നുണ്ടാകും, സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നുണ്ടാകും. അതെല്ലാം ആ മിടിപ്പി ന്റെ ഭാഗങ്ങളായി ശ്രവിക്കാന്‍ കഴിയണം.

സ്‌നേഹത്തെ പരിഭാഷപ്പെടുത്താന്‍ പറ്റിയ ഒരു ഭാഷ ഇതുവരെയില്ല. ചിലരത് ദുഃഖമായും പൊസെസീവ്‌നെസായും പ്രകടിപ്പിക്കുന്നു. ചിലര്‍ ക്ഷോഭിച്ചുകൊണ്ടിരിക്കുന്നു. ഭാഷയുടെ മേല്‍ വലിയ പ്രശ്‌നമുണ്ടാക്കിയ ഒരു വിഷയത്തിന്റെ പേരാണ് സ്‌നേഹം. എന്തു ഭാഷ സംസാരിക്കുമ്പോഴും ഈ പറയുന്നയാള്‍ക്കു തന്നോടു സ്‌നേഹമുണ്ടെന്നു മനസ്സിലാക്കാന്‍ തുറന്നു പിടിച്ച ചെവിയുണ്ടായാല്‍ മതി. ലോകത്തെ കുറെക്കൂടി ശ്രദ്ധിക്കുക, കുറെക്കൂടി കേള്‍ക്കുക. കേട്ടു തുടങ്ങുമ്പോഴേയ്ക്കും ഒത്തിരി കാര്യങ്ങള്‍ തെളിഞ്ഞു വരും.

ഒരു കഥയുണ്ട്. ഒരു ക്ഷേത്രം കടലില്‍ മുങ്ങിപ്പോയി. എങ്കിലും ആ ക്ഷേത്രത്തില്‍ നിന്നുള്ള മണിനാദങ്ങള്‍ ഇന്നും തീരത്തു നിന്നു കേള്‍ക്കാം. അതു കേള്‍ക്കാനായി ധാരാളം പേര്‍ വരുന്നുണ്ട്. ഒരിക്കല്‍ ഒരു ചെറുപ്പക്കാരന്‍ വന്നു. മണിനാദം കേള്‍ക്കാനായി അയാള്‍ വളരെ ശ്രദ്ധിച്ചു നില്‍ക്കുകയാണ്. പക്ഷേ ഒരു ശബ്ദവും അയാളെ തേടി എത്തുന്നില്ല. ഒടുവില്‍ അയാള്‍ കടലില്‍ നിന്നുള്ള മണിനാദത്തെ വിട്ട്, പരിസരത്തുള്ള മറ്റു ശബ്ദങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. തെങ്ങോലകളുടെ ശബ്ദവും കടല്‍കൊക്കുകളുടെ ചിറകടിയും എന്തിന്, മണലിലൂടെ പോകുന്ന ഞണ്ടുകളുടെ പാദപതനശബ്ദം കൂടിയും അയാള്‍ക്കു കേള്‍ക്കാന്‍ കഴിഞ്ഞു. ഇങ്ങനെ തന്റെ ചുറ്റുമുളള പരിസരങ്ങളിലെ ശബ്ദങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്നൊരു ദിവസം കടലിന്നടിയില്‍ നിന്നുള്ള മണിനാദവും അയാള്‍ കേള്‍ക്കാന്‍ തുടങ്ങി.

നിങ്ങള്‍ ഒരു ഈശ്വരനാദത്തെയാണു തിരയാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ചുറ്റിനുമുള്ള ശബ്ദങ്ങളാണ്. തെരുവിലെ ശബ്ദങ്ങളാണ്. എല്ലായിടത്തെയും ശബ്ദങ്ങളെ കേള്‍ക്കണം. കൂട്ടുകാരുടെ ശബ്ദങ്ങള്‍ കേള്‍ക്കുക. അദ്ധ്യാപകരുടെ ആകുലതകള്‍ക്കു കാതോര്‍ക്കുക. അനുകമ്പയുള്ളവരായിരിക്കുക. യേശുവിന്റെ ചിത്രങ്ങളില്‍ പിളര്‍ന്ന നെഞ്ചു നിങ്ങള്‍ക്കു കാണാനാകും. അനുകമ്പയാണത്. വിദ്യാഭ്യാസവും ഈ അനുകമ്പ സൃഷ്ടിക്കാന്‍ വേണ്ടിയാണ്. വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷ്യമതാണ്. അതു മറന്നുപോകുമ്പോഴാണ് വിദ്യാഭ്യാസസമ്പ്രദായത്തിനെതിരെ ഇത്രയും ആരോപണങ്ങളുണ്ടാകുന്നത്. കരുണയുള്ള മനുഷ്യരുണ്ടാകുക. അതു വളരെ പ്രധാനപ്പെട്ടതാണ്.

ബോഡി ഷെയിമിംഗിന് ആളുകളെ വിളിച്ചിരുന്ന പദങ്ങളെല്ലാം ശബ്ദതാരാവലിയില്‍ മാത്രമായി ഒതുങ്ങുന്ന ഒരു കാലം വരും. കാരണം, പുതിയ തലമുറ അതുപയോഗിക്കുന്നില്ല. അവര്‍ക്ക് അത്രയും ആദരവുണ്ടു മനുഷ്യരോട്.

പുറത്തു മനുഷ്യര്‍ വല്ലാത്ത രോഷവും വിദ്വേഷവുമൊക്കെ വച്ചുപൊറുപ്പിക്കുന്നുണ്ട്. ചിലര്‍ അതിനു മുകളിലടയിരുന്ന് അതിനെ വളര്‍ത്തിയെടുക്കുന്നുണ്ട്. ലോകം ശത്രുതയുടെ ലോകമായി മാറുന്നു എന്ന തെറ്റിദ്ധാരണ തിരുത്തേണ്ട ബാദ്ധ്യത പുതിയ തലമുറയ്ക്കാണ്. കരുണയുടെയും അനുഭാവത്തിന്റെയും പരിഗണനയുടെയും ഒക്കെ ഒരു കാലമാണു വരേണ്ടത്. അമ്പതു വയസ്സിനു മുകളിലുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോഴത്തെ തലമുറയുടെ ഏറ്റവും വലിയ ഒരു മേന്മ അവര്‍ ആരെയും കളിയാക്കുന്നില്ലെന്നതാണ്. ബോഡി ഷെയിമിംഗ് ഒക്കെ മുതിര്‍ന്നവരുടെ തലമുറയില്‍ വളരെ സാധാരണമായിരുന്നു. ആകാരം വച്ചുകൊണ്ട് ആളുകളെ എന്തുമാത്രം പരിഹസിച്ചിരുന്ന ഒരു നാടാണെന്നറിയാമോ ഇത്? എനിക്കൊരു കാര്യമുറപ്പാണ്. ബോഡി ഷെയിമിംഗിന് ആളുകളെ വിളിച്ചിരുന്ന പദങ്ങളെല്ലാം ശബ്ദതാരാവലിയില്‍ മാത്രമായി ഒതുങ്ങുന്ന ഒരു കാലംവരും. കാരണം, പുതിയ തലമുറ അതുപയോഗിക്കുന്നില്ല. അവര്‍ക്ക് അത്രയും ആദരവുണ്ടു മനുഷ്യരോട്. ചെറിയൊരു സംഭാഷണത്തിനിടയില്‍, ഒരാളെ പിടികിട്ടാതെ പോയപ്പോള്‍ കോങ്കണ്ണുള്ള ഒരാള്‍ എന്നു ഞാന്‍ വിശദീകരിച്ചു. ചേട്ടന്റ മകളിതു കേട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്താണ് ഈ കോങ്കണ്ണ് എന്നവള്‍ ചോദിച്ചു. കുട്ടിക്കാലമെല്ലാം വിദേശരാജ്യങ്ങളിലായിരുന്നതുകൊണ്ട് ഈ മലയാളവാക്ക് അവള്‍ക്കറിയില്ലായിരിക്കും എന്നു മാത്രമേ ഞാന്‍ വിചാരിച്ചുള്ളൂ. കണ്ണിന്റെ ഒരു പ്രശ്‌നമാണതെന്നു ഞാന്‍ വിശദീകരിച്ചു. അവള്‍ വളരെ കരുണയോടെ എന്നെ നോക്കിയിട്ടു ചോദിച്ചു, സോ വാട്ട്? അതുകൊണ്ടെന്താ? മനുഷ്യരുടെ കണ്ണുകളെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പങ്ങളാണു മാറേണ്ടത്. വൈവിധ്യങ്ങളെ അംഗീകരിക്കുക, വൈകല്യങ്ങളെ സവിശേഷതകളായി കാണുക എന്നൊക്കെ പറയുന്നത് എത്രയോ ഭംഗിയായിട്ടാണു പുതിയ തലമുറ സ്വാശീകരിച്ചിരിക്കുന്നത്? സ്വാഭാവികമായും ഞാന്‍ വിചാരിക്കുന്നു, ഞങ്ങളേക്കാള്‍ കരുണയുള്ള ഒരു കാലമാണ് പുതിയ തലമുറയിലൂടെ വരാന്‍ പോകുന്നത്. പഠനത്തിലൂടെയോ എത്തിച്ചേരാന്‍ പോകുന്ന തിരക്കുകളിലൂടെയോ ഒന്നും ഇതു കൈമോശം വരാതെ നോക്കുക, സദാ പിളര്‍ന്ന ഒരു നെഞ്ച് സൂക്ഷിക്കുക.

അടുത്തത് കോര്‍ത്തു പിടിച്ച കരങ്ങളാണ്. കരങ്ങള്‍ കോര്‍ത്തു പിടിക്കാന്‍ കഴിയണം. ഈ കാലം മോശമാണെന്നു ചിലര്‍ പറയുന്നുണ്ട്. വ്യക്തിപരമായ വലിയ നഷ്ടങ്ങള്‍ സംഭവിച്ചിട്ടു പോലും ഈ കാലം മോശമാണെന്നു പറയാന്‍ കഴിയുന്നില്ല. ഭേദപ്പെട്ട ഒരു കാലം തന്നെയാണിത്. പക്ഷേ ഈ കാലത്തിന്റെ സന്ദിഗ്ധതകളെ കുറുകെ കടക്കണമെങ്കില്‍ നാം കൈ കോര്‍ത്തു പിടിക്കുക തന്നെ വേണം.

സാറാ ജോസഫിന്റെ എസ്‌തേര്‍ എന്ന നോവലുണ്ട്. ജറുസലെം ദേവാലയം തകര്‍ക്കപ്പെട്ടപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരമ്മയുടെ മകളാണ് എസ്‌തേര്‍. ഓടിപ്പോകുന്ന വഴിക്ക് ഒരു കല്ലില്‍ തട്ടി അമ്മ വീഴുകയാണ്. മകള്‍ക്കു പരിക്കേല്‍ക്കാതിരിക്കാന്‍ അമ്മ ശ്രമിക്കുന്നു. എസ്‌തേര്‍ പിന്നീട് ഓര്‍മ്മിക്കുന്നു, ആ കല്ല് ഇപ്പോഴും അവിടെയുണ്ട്. അതില്‍ തട്ടി മനുഷ്യര്‍ പിന്നെയും വീഴുന്നുണ്ട്. ആ കല്ല് എടുത്തു മാറ്റാന്‍ ആരും ശ്രമിക്കുന്നില്ല. ചിലര്‍ ആ കല്ലില്‍ നോക്കി ഉറഞ്ഞു പോകുകയാണ്. വേറെ ചിലര്‍ ആ കല്ലില്‍ തങ്ങളുടെ ആയുധങ്ങള്‍ രാകി മിനുക്കുന്നു. ഖേദവും ക്ഷോഭവുമില്ലാതെ ചില കല്ലുകളെ കുറുകെ കടക്കണമെങ്കില്‍ കൈ കോര്‍ത്തു പിടിച്ചാലേ കഴിയൂ. അതിരപ്പള്ളിയുടെ പേരു കേട്ടു തുടങ്ങുന്ന കാലത്തു തന്നെ അവിടെ പോകാന്‍ അവസരം കിട്ടിയിരുന്നു. അവിടെ നടക്കുമ്പോള്‍ ഒരു അദ്ധ്യാപകന്‍ പറഞ്ഞു തന്നത് ഓര്‍മ്മയുണ്ട്. വഴുതുന്ന പാറയാണ്, കുറുകെ കടക്കണമെങ്കില്‍ കൈ കോര്‍ത്തു പിടിച്ചേ പറ്റൂ. ഈ കാലത്തെ, അതിന്റെ നിരാശാബോധത്തെ കുറുകെ കടക്കുവാന്‍ കൈ കോര്‍ത്തു പിടിക്കുക.

മാക്‌സിം ഗോര്‍ക്കി തന്റെ ആത്മകഥയ്ക്കിട്ട പേര് എന്റെ സര്‍വ്വകലാശാല എന്നാണ്. ആ പുസ്തകത്തില്‍ ഏറ്റവും കുറച്ചു പരാമര്‍ശിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ഔപചാരിക വിദ്യാഭ്യാസമാണ്. ബാക്കിയെല്ലാത്തിനെയുമാണ് അദ്ദേഹം സര്‍വ്വകലാശാല എന്നു വിശേഷിപ്പിക്കുന്നത്. ഔട്ട് ഓഫ് സിലബസിലേയ്ക്കു കടന്നു പോകാന്‍ പറ്റുന്ന ഒരു കാല്‍പാദം വേണം. മനസ്സുകൊണ്ടും ശരീരം കൊണ്ടുമുള്ള യാത്രകളെ സ്‌നേഹിക്കുക. യാത്രകള്‍ കൊണ്ടു മാത്രമേ ലോകത്തിനു മുന്നോട്ടു പോകാന്‍ കഴിയുകയുള്ളൂ. ആണ്‍കുട്ടികള്‍ യാത്ര ചെയ്യുന്ന പോലെ തന്നെ പെണ്‍കുട്ടികളെയും യാത്ര ചെയ്യാന്‍ സഹായിക്കണം.

ഔപചാരിക വിദ്യാഭ്യാസത്തിനെതിരായ ധാരാളം ആരോപണങ്ങളുണ്ട്. അതിന്റെ സത്ത മനസ്സിലാക്കാതെ പോയ ഗുണഭോക്താക്കളുടെ പ്രശ്‌നമാണത്. പുഴയിലേയ്ക്കു ചാടി പുഴയ്ക്കു ചീത്തപ്പേരുണ്ടാക്കരുത്. ജൈവമനുഷ്യരാകുക. കുറെ കൂടി കവിതയുള്ള, ലാഭേച്ഛയില്ലാത്ത, പരാര്‍ത്ഥതയില്‍ ജീവിക്കുന്ന മനുഷ്യരാകുക. തുറന്നു പിടിച്ച കണ്ണുകളുണ്ടാകുക, നല്ല കേള്‍വിയുണ്ടാകുക, പിളര്‍ന്ന നെഞ്ചുണ്ടാകുക. നിങ്ങളുടെ ലോകം കുറെക്കൂടി അഴകുള്ളതാകട്ടെ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org