കരുണയുടെ പത്ത് വര്‍ഷങ്ങള്‍

കരുണയുടെ പത്ത് വര്‍ഷങ്ങള്‍

മുന്നിലുള്ള പാത എളുപ്പമുള്ളതല്ല എന്നറിയുമ്പോഴും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ പത്തുവര്‍ഷം കത്തോലിക്കാസഭയുടെ നേതൃത്വസ്ഥാനത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍മ്മനിരതനായത് ഇന്നിന്റെയും ഭാവിയുടെയും പ്രത്യാശയാണ്. നീതിക്കും ലോക സമാധാനത്തിനും വേണ്ടി പ്രതികൂല സാഹചര്യങ്ങളില്‍ ഇടറാതെ നിന്ന അദ്ദേഹം ലോകത്തിനു പ്രിയങ്കരനാണ്. പാപ്പ ഏറ്റെടുത്തത് പ്രതിസന്ധികളുടെ നടുവിലായ ഒരു സഭയെ ആയിരുന്നു.

ബ്യൂണസ് ഐറിസിലെ ആര്‍ച്ച്ബിഷപ്പായിരുന്നപ്പോള്‍ അദ്ദേഹം ചേരികളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജീവിതവീക്ഷണ രൂപീകരണത്തില്‍ നിര്‍ണ്ണായകമായിട്ടുണ്ട്. യൂറോ കേന്ദ്രീകൃത റോമന്‍ സഭയില്‍ ലാറ്റിനമേരിക്കന്‍ സഭയുടെ മുദ്ര പാപ്പ പതിപ്പിച്ചു കഴിഞ്ഞു. ജനപക്ഷത്തുനിന്ന് ചിന്തിക്കുന്ന ശൈലി ലാറ്റിനമേരിക്കന്‍ സഭയ്ക്കുണ്ട്. എല്ലാത്തരം മനുഷ്യരുമായി സംവദിക്കുന്ന ഒരു ജനകീയ സഭയാണ് ദൈവജനത്തിന്റെ സഭയെന്ന് അദ്ദേഹം അനുഭവങ്ങളിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. പെസഹാ വ്യാഴാഴ്ച കാല്‍കഴുകല്‍ കര്‍മ്മത്തിന് ജയിലുകളിലും അഗതിമന്ദിരങ്ങളിലും കഴിയുന്നവരെ മത-സ്ത്രീ-പുരുഷഭേദമില്ലാതെ തിരഞ്ഞെടുത്തതും ജനകീയസഭയെക്കുറിച്ച് നല്ല ഉറപ്പുള്ളതുകൊണ്ടാണ്. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട നിമിഷം കാര്‍ഡിനല്‍ ക്‌ളോഡിയോ ഹമ്മസ് അദ്ദേഹത്തിന്റെ ചെവിയില്‍ പറഞ്ഞു: ''പാവങ്ങളെ മറക്കരുത്.'' ഇക്കാര്യം പത്തു വര്‍ഷവും ഫ്രാന്‍സിസ് പാപ്പ മറന്നിട്ടില്ല. അധികാരം കിട്ടിയാല്‍ മൂല്യങ്ങള്‍ ഉപേക്ഷിക്കുക അദേഹത്തിന്റെ രീതിയല്ല. ഫ്രാന്‍സിസ് എന്ന പേര് സ്വീകരിക്കുക വഴി അദ്ദേഹം വ്യക്തമാക്കിയത് പാവങ്ങളുടെ പക്ഷം ചേരുന്ന സഭയെയാണ് തനിക്കിഷ്ടം എന്നാണ്. ആര്‍ച്ചുബിഷപ്പ് ആയിരുന്നപ്പോള്‍ ഔദ്യോഗിക വസതിയില്‍ താമസിക്കാതെ നഗരപ്രാന്തത്തിലുള്ള ചെറിയ വീട്ടില്‍ താമസിക്കുകയും ജനങ്ങള്‍ക്കൊപ്പം ബസ്സിലും ട്രെയിനിലും യാത്ര ചെയ്ത വ്യക്തിയായിരുന്നു. മാര്‍പാപ്പ ആയപ്പോഴും ഈ ചൈതന്യം നിലനിര്‍ത്തി. ജനങ്ങളില്‍നിന്ന് തന്നെ അകറ്റുന്ന ഒന്നും മാര്‍പാപ്പ സ്ഥാനത്തിനും ചുറ്റും രൂപപ്പെടാതിരിക്കാന്‍ ഫ്രാന്‍സിസ് പാപ്പ പുലര്‍ത്തുന്ന ജാഗ്രത മാതൃകാപരമാണ്.

ദാരിദ്ര്യത്തിനും ചൂഷണത്തിനും യുദ്ധ ത്തിനുമെതിരെ ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാട് നീതിയുടെ പ്രവാചകന്‍ എന്ന തലത്തിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയിട്ടുണ്ട്. വ്യക്തിയുടെ അന്തസ്സും ജീവിതവും അദ്ദേഹത്തിന്റെ മാനിഫെസ്‌റ്റോയിലെ മുഖ്യയിനമാണ്.

മാനവികപക്ഷം

ദാരിദ്ര്യത്തിനും ചൂഷണത്തിനും യുദ്ധത്തിനുമെതിരെ ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാട് നീതിയുടെ പ്രവാചകന്‍ എന്ന തലത്തിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയിട്ടുണ്ട്. വ്യക്തിയുടെ അന്തസ്സും ജീവിതവും അദ്ദേഹത്തിന്റെ മാനിഫെസ്‌റ്റോയിലെ മുഖ്യയിനമാണ്. മാന്യമായ ജീവിതം നിഷേധിക്കുന്ന ഒന്നിനോടു ഒത്തുതീര്‍പ്പിനോ വിട്ടുവീഴ്ചയ്‌ക്കോ തയ്യാറുമല്ല. വ്യക്തികളുടെ, പ്രത്യേകിച്ചു ദരിദ്രരുടെ ജീവിതത്തില്‍ മുതലാളിത്തവും ആഗോളവത്കരണവും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ മനുഷ്യാവകാശ വിഷയമായി കണ്ട് അദ്ദേഹം നിലപാടുകള്‍ വ്യക്തമാക്കി. ദാരിദ്ര്യത്തിന്റെയും ചൂഷണത്തിന്റെയും കാരണങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പരിഹാരം കണ്ടെത്തുവാന്‍ സഭയെ മാത്രമല്ല ലോക രാഷ്ട്രങ്ങളെയും പ്രേരിപ്പിക്കുകയും ചെയ്തു. മുതലാളിത്തം വളര്‍ത്തുന്ന കമ്പോള സംസ്‌കാരം പാവപ്പെട്ടവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന അനീതികളെയും അസമത്വത്തെയും കുറിച്ച് മാര്‍പാപ്പ പുലര്‍ത്തുന്ന ഉത്ക്കണ്ഠയും പ്രതികരണങ്ങളുമാണ് അദ്ദേഹത്തെ 'വത്തിക്കാനിലെ കമ്മ്യൂണിസ്റ്റ്' എന്ന വിമര്‍ശനത്തിന് ഇടയാക്കിയത്. ലാഭകേന്ദ്രീകൃതമായ മൂലധന ചിന്തകളെ അദ്ദേഹം വിമര്‍ശിച്ചു. പാശ്ചാത്യ മാധ്യമങ്ങളും വലതു പക്ഷ ചിന്താഗതിക്കാരും തന്നെ ഇടതുപക്ഷക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിച്ചതിനെ പാപ്പ നേരിട്ടത് ഇങ്ങനെയാണ്: 'ഞാന്‍ കമ്മ്യൂണിസ്റ്റ് അല്ല. എന്നാല്‍ അവര്‍ ശരി പറഞ്ഞാല്‍ അത് ശരിയാണെന്ന് ഞാന്‍ പറയും.' മുതലാളിത്ത വ്യവസ്ഥിതിയെയും മാര്‍ക്‌സിസത്തെയും വിമര്‍ശിക്കുന്ന പാപ്പ ഒരു ക്രിസ്ത്യന്‍ ഹ്യൂമനിസ്റ്റാണ്. മാര്‍പാപ്പയായി സ്ഥാനമേറ്റ് രണ്ടു മാസത്തിനുള്ളില്‍ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ ഏകാധിപത്യത്തെ അപലപിച്ചുകൊണ്ട് പ്രസംഗിക്കുകയും നീതിബോധമുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ആഹ്വാനം നടത്തുകയും ചെയ്തു. അസമത്വവും ദാരിദ്ര്യവും തിന്മകളാണ്. ഇവയെ വളര്‍ത്തുകയല്ല സമ്പത്തിന്റെ നീതിപൂര്‍വമായ വിതരണമാണ് ആവശ്യം. കടിഞ്ഞാണില്ലാതെ കുതിക്കുന്ന മുതലാളിത്തം അപകടമാണെന്ന നിലപാടാണ് മാര്‍പാപ്പയ്ക്കുള്ളത്. 2014-ല്‍ ദക്ഷിണ കൊറിയ സന്ദര്‍ശനവേളയില്‍, 'ദാരിദ്ര്യം സൃഷ്ടിക്കുകയും തൊഴിലാളികളെ പാര്‍ശ്വവത്കരിക്കുകയും ചെയ്യുന്ന മനുഷ്യത്വരഹിതമായ സാമ്പത്തിക മാതൃകകള്‍ നിരസിക്കാന്‍' അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

യുദ്ധവിരുദ്ധ നിലപാട്

യുദ്ധങ്ങള്‍ക്കും വംശീയ സംഘര്‍ഷങ്ങള്‍ക്കും കലാപങ്ങള്‍ക്കും മുന്നില്‍ ലോകരാഷ്ട്രങ്ങളും മതങ്ങളും പുലര്‍ത്തുന്ന നിശ്ശബ്ദത ശരിയായ നിലപാടല്ലയെന്നതാണ് ഫ്രാന്‍സിസ് പാപ്പയുടെ പക്ഷം. റഷ്യ നടത്തിയ യുക്രൈന്‍ അധിനിവേശത്തിന്റെ തുടക്കത്തില്‍ തന്നെ സമാധാന സംഭാഷണങ്ങളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തുവാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മറ്റൊരു മാര്‍പാപ്പയും ഇതുവരെ ചെയ്തിട്ടില്ലാത്തവിധം റഷ്യന്‍ എംബസിയില്‍ നേരിട്ടുചെന്ന് നടത്തിയ സമാധാന അഭ്യര്‍ത്ഥന ലോകത്തെ അത്ഭുതപ്പെടുത്തിയതാണ്. സാഹോദര്യമാണ് ലോകസമാധാനത്തിന്റെ അടിത്തറ. അതില്ലാതെ നീതിയില്‍ അധിഷ്ഠിതമായ ഒരു ലോകം വളര്‍ത്തിയെടുക്കാനാവില്ല എന്ന് പാപ്പ പറയുന്നു.

അമേരിക്കയും ക്യൂബയും തമ്മിലുള്ള ശീതയുദ്ധത്തില്‍ അയവ് വരുത്തുവാന്‍ മാര്‍പാപ്പയ്ക്ക് സാധിച്ചിട്ടുണ്ട്. സിറിയയിലെ ഭീകരതയും കൊറിയന്‍ മേഖലയിലെ യുദ്ധഭീഷണിയും അവസാനിപ്പിക്കാന്‍ അദ്ദേഹം ഇടപെട്ടിട്ടുണ്ട്. സിറിയയിലെ അലെപ്പോയില്‍ ബോംബ് സ്‌ഫോടനത്തില്‍ ആളുകള്‍ മരിച്ച സംഭവത്തെ അതിശക്തമായി പാപ്പ അപലപിച്ചിരുന്നു.

യുദ്ധത്തിന്റെ കാര്യത്തില്‍ മാത്രമല്ല മതതീവ്രവാദവും ഭീകര പ്രവര്‍ത്തനങ്ങളും വര്‍ധിക്കുമ്പോഴും സമൂഹം പുലര്‍ത്തുന്ന നിര്‍വികാരത മാര്‍പാപ്പ വേദനയോടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ നിരവധി പേരെ അഭയാര്‍ത്ഥികളാക്കുന്നതില്‍ വേദനിച്ചു. യുദ്ധവും രാഷ്ട്രീയ മത പ്രശ്‌നങ്ങളും കാരണം സ്വന്തം ദേശത്തുനിന്ന് ആട്ടിയിറക്കപ്പെടുന്നവര്‍ക്കൊപ്പം ദൈവവും ഇറങ്ങിപ്പോയിയെന്ന് പറഞ്ഞു.

ആയുധക്കച്ചവടം അവസാനിപ്പിക്കാനും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനും മാര്‍പാപ്പ പലവട്ടം ലോകനേതാക്കളെ നിര്‍ ബന്ധിച്ചിട്ടുണ്ട്. 'ഫ്രത്തെല്ലി തൂത്തി' (സഹോദരീ സഹോദരന്മാരെ) എന്ന ചാക്രിക ലേഖനത്തില്‍ മാനവരാശിയുടെ ഭാവിയെപ്പറ്റിയും ലോകത്തിന്റെ പുരോഗതിയെ ക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകളാണ് പങ്കുവയ്ക്കുന്നത്. ഏതു സാഹചര്യത്തിലും യുദ്ധത്തോട് സന്ധി ചെയ്യാന്‍ സാധ്യമല്ല. അത് അധാര്‍മ്മികവും മനുഷ്യത്വരഹിതവുമാണ്. സാഹോദര്യത്തിന്റെ വാക്കുകളാണ് ചാക്രിക ലേഖനം മുന്നോട്ടുവയ്ക്കുന്നത്. ഇങ്ങനെ സഭയുടെ കാഴ്ചപ്പാടുകള്‍ക്ക് ദിശാബോധം നല്‍കുന്നതിനൊപ്പം ലോക രാഷ്ട്രീയത്തില്‍ സമാധാന ഇടപെടലുകള്‍ നടത്തുന്നുവെന്നതാണ് ഫ്രാന്‍സിസ് പാപ്പയെ വ്യത്യസ്തനാക്കുന്നത്.

ചൂഷണം മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല പ്രകൃതിയോടുള്ള സമീപനത്തിലും വിഭവങ്ങളുടെ ഉപ യോഗത്തിലും ഉണ്ട്. നമ്മുടെ പൊതുഭവനമായി ഭൂമിയെ കണ്ട് സം രക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മാത്രമല്ല 'ലൗദാത്തോ സീ' (അങ്ങേയ്ക്കു സ്തുതി) എന്ന ചാക്രിക ലേഖനത്തിലൂടെ പാപ്പ സമര്‍ത്ഥിക്കുന്നത്. അസമത്വം അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കുന്ന വര്‍ത്തമാനകാലത്ത് പ്രകൃതി വിഭവങ്ങള്‍ സമ്പന്നര്‍ക്കു മാത്രമല്ല മാനവരാശിക്ക് മുഴുവനും അവകാശപ്പെട്ടതാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്നു. ന്യൂനപക്ഷമായ സമ്പന്നര്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ വളരുമ്പോള്‍ മഹാഭൂരിപക്ഷം പാവങ്ങള്‍ അരികുവത്കരിക്കപ്പെടുന്നു എന്ന അനീതി തുറന്നു കാണിക്കാന്‍ അദ്ദേഹം മടിച്ചില്ല. അതിനാല്‍ വിഭവങ്ങള്‍ക്കുമേല്‍ എല്ലാവര്‍ക്കും തുല്യപങ്കാളിത്തം ഉറപ്പാക്കുന്ന സംവിധാനമാണ് ഭരണകൂടങ്ങള്‍ സൃഷ്ടിക്കേണ്ടത്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുളള അകലം ഇല്ലാതാക്കാന്‍ ഇതാവശ്യമാണെന്ന് മാര്‍പാപ്പയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. പൊതുനന്മയ്ക്കുവേണ്ടി സംസാരിക്കുന്നവര്‍ ജനകീയരാകും. ഫ്രാന്‍സിസ് പാപ്പ ഇങ്ങനെയാണ് ജനകീയനായത്.

ചുരുങ്ങിയ കാലംകൊണ്ട് ഫ്രാന്‍സിസ് പാപ്പ ലോകത്തിലെ സ്വാധീനശക്തിയുള്ള വ്യക്തികളില്‍ ഒരാളായിത്തീര്‍ന്നത് വിവാദ ങ്ങള്‍ സൃഷ്ടിച്ചല്ല, സംവാദങ്ങള്‍ നിറഞ്ഞ സര്‍ഗാത്മക പ്രതികരണങ്ങളിലൂടെയാണ്. എതിര്‍പ്പുകള്‍ പാപ്പ ധാരാളം നേരിടുന്നുണ്ട്. പക്ഷേ ക്രിസ്തീയ വിശ്വാസികള്‍ മാത്രമല്ല മറ്റു ള്ളവരും അദ്ദേഹത്തിന്റെ പിന്നിലുണ്ട്.

സഭാനവീകരണം

2013-ല്‍ ഫ്രാന്‍സിസ് പാപ്പ സ്ഥാനമേറ്റശേഷം പ്രസിദ്ധീകരിച്ച 'ഇവാഞ്ചലി ഗൗദിയം' (സുവിശേഷത്തിന്റെ ആനന്ദം) എന്ന അപ്പസ്‌തോലിക ലേഖനത്തില്‍ കത്തോലിക്കാസഭയുടെ സുവിശേഷപ്രഘോഷണം എങ്ങനെയായിരിക്കണമെന്നതിന് ദിശാബോധം നല്‍കുന്നുണ്ട്. സുവിശേഷത്തിന്റെ ആനന്ദം ജീവിതത്തില്‍ അനുഭവിച്ചില്ലാത്തവരെ തേടി അരികുകളിലും പ്രാന്തങ്ങളിലേക്കും കടന്നുചെല്ലുവാന്‍ ആഹ്വാനം ചെയ്യുന്ന ലേഖനം സഭയെ നവീകരിക്കുവാനുള്ള ശ്രമമായിരുന്നു. സുരക്ഷിതത്വത്തില്‍ കഴിയുന്ന സഭയെ അല്ല തെരുവിലേക്ക് ഇറങ്ങി അഴുക്കും മുറിവുമേറ്റ സഭയെയാണ് ഫ്രാന്‍സിസ് പാപ്പ വിഭാവനം ചെയ്തത്.

2022-ല്‍ അര്‍ജന്റീനയിലെ ന്യൂസ് സര്‍വീസായ ടെലാം സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍, ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞോ എന്ന ചോദ്യത്തിന് പാപ്പ നല്‍കിയ മറുപടി ഇതായിരുന്നു: 'ഞാന്‍ ചെയ്തതൊന്നും എന്റെ കണ്ടുപിടിത്തമോ ഒറ്റ രാത്രി കണ്ട സ്വപ്നങ്ങളോ അല്ല. പുതിയ മാര്‍പാപ്പ നടപ്പാക്കണമെന്ന് പ്രീ കോണ്‍ക്ലേവില്‍ കര്‍ദിനാള്‍ മാര്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ ഞാന്‍ നിറവേറ്റുകയായിരുന്നു. അതില്‍ എന്റേതായി ഒന്നുമില്ല. ഉദാഹരണത്തിന് വത്തിക്കാന്‍ കാര്യാലയത്തിന്റെ നവീകരണം. അതിന് എട്ടര വര്‍ഷത്തെ അധ്വാനവും അന്വേഷണങ്ങളും വേണ്ടി വന്നു.' സഭ യഥാര്‍ത്ഥ സഭയാകുന്നത് സ്വയം നിരന്തരം നവീകരിക്കുമ്പോഴാണ് എന്ന ബോധ്യമുള്ള പാപ്പ വത്തിക്കാനിലെ ഭരണവും സാമ്പത്തിക ഇടപാടുകളും സുതാര്യമാക്കുവാനാണ് ആദ്യം ശ്രമിച്ചത്. 'വത്തിലീക്‌സ്' പരസ്യമാക്കിയ വത്തിക്കാനിലെ അധികാര വടംവലികളുടെയും സാമ്പത്തിക ക്രമക്കേടുകളുടെയും വാര്‍ത്തകള്‍ സഭയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബെനഡിക്ട് പാപ്പയുടെ രാജിയും ഫ്രാന്‍സിസ് പാപ്പയുടെ തിരഞ്ഞെടുപ്പും ഉണ്ടായത്. വത്തിക്കാന്‍ കാര്യാലയത്തിന്റെ നവീകരണം സംഭവിച്ചില്ലെങ്കില്‍ സഭയുടെ നവീകരണം അസാധ്യമെന്ന് ഫ്രാന്‍സിസ് പാപ്പ മനസ്സിലാക്കി. സാമ്പത്തികപ്രശ്‌നങ്ങളും ലൈംഗിക അപവാദങ്ങളും കൊണ്ട് വികൃതമായ ഒരു സഭാ സംവിധാനത്തെയാണ് ഫ്രാന്‍സിസ് പാപ്പ ഏറ്റെടുക്കേണ്ടിവന്നത്. ഇവയെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനുകളെ നിയമിക്കുകയും കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. പ്രശ്‌നങ്ങളെ അവഗണിക്കുകയോ തള്ളി നീക്കിക്കൊണ്ടു പോവുകയോ അല്ല അദ്ദേഹം ചെയ്തത്. പ്രതിസന്ധികളിലൂടെ വളര്‍ന്നതാണ് ഫ്രാന്‍സിസ് പാപ്പയുടെ വ്യക്തിത്വം. ആദര്‍ശങ്ങളില്‍ നിന്നു വ്യതിചലിക്കാതെ പറയേണ്ടത് പറയുകയും ചെയ്യേണ്ടത് ചെയ്യുകയും എന്ന ജീവിതശൈലിയാണ് അദ്ദേഹത്തെ അര്‍ജന്റീനയില്‍ നിന്നു വത്തിക്കാനില്‍ എത്തിച്ചത്.

കാരുണ്യമാണ് സഭയുടെ മുഖ മുദ്രയെന്ന് വിശ്വസിച്ച വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ. യുദ്ധക്കളത്തിലെ ആശുപത്രിയോടാണ് സഭയെ അദ്ദേഹം സാദൃശ്യപ്പെടുത്തിയത്. പാവപ്പെട്ടവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന പാപ്പ വത്തിക്കാനില്‍ പാവങ്ങളെ സഹായിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ആംമൊണെര്‍ എന്ന പേരിലുള്ള ഓഫീസിലെ സംവിധാനങ്ങള്‍ അഴിച്ചു പണിതു. സഹായം ആവശ്യപ്പെട്ട് വരുന്നവരെ മാത്രം സഹായിക്കുക എന്ന ശൈലി മാറ്റി സഭയുടെ സഹായം അര്‍ഹിക്കുന്നവരെ തേടിപ്പോവുകയാണ് വേണ്ടതെന്ന് അദ്ദേഹം തീരുമാനിച്ചു. സ്വവര്‍ഗാനുരാഗികളോടും ട്രാന്‍സ്‌ജെന്‍ഡറുകളോടുമുള്ള സഭയുടെ സമീപനത്തില്‍ പാപ്പ പുരോഗമന ചിന്ത കൊണ്ടുവന്നു. റിയോഡി ജനീറോയില്‍ ലോകയുവജന ദിനാഘോഷത്തില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോള്‍ പത്രപ്രവര്‍ത്തക ചോദിച്ചു. ഈ വിഷയത്തില്‍ താങ്കളുടെ നിലപാടെന്താണ്? 'സഭയുടെ നിലപാട് തന്നെയാണ് എന്റെ നിലപാട്. ഞാന്‍ സഭയുടെ മകനാണ്. ഒരു സ്വവര്‍ഗാനുരാഗി നല്ല മനസ്സോടെ ദൈവത്തെ തേടുന്നുവെങ്കില്‍ ആ വ്യക്തിയെ വിധിക്കാന്‍ ഞാനാര്?' ഇങ്ങനെയൊരു മറുചോദ്യം ആരും പ്രതീക്ഷിച്ചില്ല. കല്ലെറിയാന്‍ വന്ന ആള്‍ക്കൂട്ടത്തില്‍ നിന്ന് വ്യഭിചാരിണിയെ രക്ഷപ്പെടുത്തിയ യേശു പറഞ്ഞതും ഞാന്‍ നിന്നെ വിധിക്കുന്നില്ലയെന്നാണ്.

സഭാനിയമം അനുസരിച്ചല്ലാതെ വിവാഹിതരായവരുടെ കാര്യത്തിലും അവിവാഹിതരായ അമ്മമാരോടും മുമ്പൊരു മാര്‍പാപ്പയും കാണിക്കാത്ത സമീപനമാണ് ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചത്. കാരുണ്യത്തിന്റെ വാക്കുകളാണ് ഈ സമീപനത്തിന്റെ അടിത്തറ. സഭ എല്ലാവര്‍ക്കും അഭയവും സമീപസ്ഥവുമാകണമെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ടുവച്ചത്. അഭയാര്‍ത്ഥികളുടെ കാര്യത്തിലും, പലരുടെയും വിമര്‍ശനങ്ങള്‍ അവഗണിച്ചുകൊണ്ട്, അശരണരിലേക്ക് എത്തിച്ചേരാന്‍ സഭയെയും രാഷ്ട്രങ്ങളെയും പാപ്പ നിര്‍ബന്ധിക്കുന്നതിന്റെ പിന്നിലുള്ള വികാരവും ഇതുതന്നെയാണ്. 2014-ല്‍ ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍, യൂറോപ്പിലേക്ക് കടന്നുവരുന്ന കുടിയേറ്റക്കാരെ മാന്യമായി പരിഗണിക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് ആവശ്യപ്പെട്ടിരുന്നു.

അനുരഞ്ജനപാത

മാനവ സമൂഹത്തോടുള്ള സഹാനുഭൂതിയാണ് ഫ്രാന്‍സിസ് പാപ്പയുടെ സുവിശേഷപ്രഘോഷണം. സഭയുടെ പ്രവര്‍ത്തനങ്ങള്‍ അര്‍ത്ഥവത്താകുന്നത് സാഹോദര്യത്തിന്റെ സുവിശേഷം ലോകം മുഴുവന്‍ സദ്‌വാര്‍ത്ത ആകുമ്പോഴാണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഇടിവ് സംഭവിക്കുന്നത് വലിയ വാര്‍ത്തയായി കാണുന്നവര്‍ എന്തുകൊണ്ട് മനുഷ്യര്‍ ആഹാരമില്ലാതെ മരിച്ചാല്‍ ആശങ്കപ്പെടുന്നില്ല എന്ന് അദ്ദേഹം ചോദിക്കുന്നു. മത വംശീയ രാഷ്ട്രീയ മതിലുകള്‍ പൊളിച്ച് മാനവ സാഹോ ദര്യത്തിനുവേണ്ടി പാലങ്ങള്‍ പണിയണമെന്ന് പറയുക വഴി അനു രഞ്ജനത്തിന്റെ സാധ്യതകളാണ് പാപ്പ തേടുന്നത്. അതിനായി ലോകത്തിന്റെ ഏതറ്റം വരെയും യാത്ര ചെയ്യാനും തയ്യാറാണ്. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമായി ഇതിനകം നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. വ്യത്യസ്ത മതങ്ങളും സഭാവിഭാഗങ്ങളും രാജ്യങ്ങളും തമ്മിലുള്ള ഐക്യവും ബന്ധവും ഊട്ടിയുറപ്പിക്കുന്നതിന് നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമാണ് സന്ദര്‍ശനം.

2014-ല്‍ ഇസ്താംബൂളില്‍ ഓര്‍ത്തഡോക്‌സ് സഭാതലവനായ പാത്രിയാര്‍ക്കീസ് ബാര്‍ത്തലോമിയോയുമായി നടത്തിയ കൂടിക്കാഴ്ച എടുത്തു പറയേണ്ടതാണ്. നൂറ്റാണ്ടുകളായി ഭിന്നിച്ചു നില്‍ക്കുന്ന കത്തോലിക്കാസഭയും ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുള്ള പുനഃരൈക്യ ശ്രമങ്ങള്‍ക്കാണ് പാപ്പ തുടക്കമിട്ടത്. പിന്നീട് ആ വര്‍ഷംതന്നെ തുര്‍ക്കി സന്ദര്‍ശിച്ചപ്പോള്‍ ബാര്‍ത്തലോമിയോടൊപ്പം സെന്റ് ജോര്‍ജ് പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്ന വേളയില്‍ 'എനിക്കും റോമിലെ സഭയ്ക്കും വേണ്ടിയും' എന്നു പറഞ്ഞ് പാത്രിയാര്‍ക്കീസിന്റെ അനുഗ്രഹം തേടിയത് വ്യത്യസ്ത ശൈലിയാണ്.

2017-ല്‍ സമാധാനത്തിന്റെ സന്ദേശവാഹകനായി ഈജിപ്തിലേക്ക് നടത്തിയ യാത്ര മറ്റൊരു സവിശേഷ സംഭവമാണ്. ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ഐ എസ് ഭീകരാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം നടന്നത്. കെയ്‌റോസിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നടന്ന സമാധാന സമ്മേളനത്തില്‍ പാപ്പ സംസാരിച്ചു. ദൈവത്തിന്റെ പേരില്‍ കലാപം നടത്തുകയല്ല ക്രിസ്ത്യന്‍-മുസ്‌ലീം സൗഹൃദം വളര്‍ത്തുകയാണ് വേണ്ടതെന്ന് പറഞ്ഞു. മതതീവ്രവാദത്തിന്റെ ഭീകരതയും അതിനോടു ലോക രാഷ്ട്രങ്ങള്‍ കാണിക്കുന്ന നിസ്സംഗതയിലേക്കും ഇരട്ടത്താപ്പിലേക്കും ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്. സമാധാനം സൃഷ്ടിക്കാന്‍ അബ്രഹാമിക് സമൂഹങ്ങള്‍, ക്രിസ്ത്യാനികള്‍, മുസ്‌ലീം, യഹൂദര്‍ പരസ്പരം സഹകരിക്കേണ്ട പ്രാധാന്യവും അവതരിപ്പിച്ചു.

2019-ല്‍ അബുദാബിയില്‍ നടന്ന 'മനുഷ്യ സാഹോദര്യം' എന്ന അന്തര്‍ദേശീയ സര്‍വമത സമ്മേളനത്തിലും പാപ്പ പങ്കെടുത്തു. ലോകസമാധാനത്തിനും ഒരുമിച്ചു ജീവിക്കുന്നതിനുള്ള മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള രേഖയില്‍ അദ്ദേഹം ഒപ്പുവയ്ക്കുകയും ചെയ്തു. ദൈവനാമത്തില്‍ നടക്കുന്ന കലാപങ്ങളും കൊലപാതകങ്ങളുമൂലം മാനവകുലത്തിലെ വലിയൊരു ഭാഗം ലോകത്തുനിന്നും തുടച്ചു മാറ്റപ്പെടുന്നതില്‍ പാപ്പയ്ക്ക് ആശങ്കയുണ്ട്.

വത്തിക്കാനില്‍ നടന്ന വിശുദ്ധ നാടിനുവേണ്ടിയുള്ള പ്രാര്‍ത്ഥന സമ്മേളനത്തില്‍ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിനെയും ഇസ്രയേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരെസിനെയും ഒരുമിച്ചു കൊണ്ടുവരുവാന്‍ കഴിഞ്ഞതും പാപ്പയുടെ നയതന്ത്ര വിജയമാണ്. ക്യൂബയോടുള്ള അമേരിക്കയുടെ സമീപനത്തില്‍ മാറ്റം കൊണ്ടുവരുവാന്‍ മുന്‍കൈയെടുത്ത ഫ്രാന്‍സിസ് പാപ്പയെ വത്തിക്കാനിലെത്തി റൗള്‍ കാസ്‌ട്രോ നന്ദി അറിയിച്ചുകൊണ്ട് പറഞ്ഞു: പാപ്പ ഇങ്ങനെ തുടര്‍ന്നാല്‍ ഞാന്‍ പ്രാര്‍ത്ഥനയിലേക്കും പള്ളിയിലേക്കും മടങ്ങും. വ്യത്യസ്ത ആശയങ്ങളും കാഴ്ചപ്പാടുകളും ഉള്ള മറ്റുള്ളവരുടെ അവകാശങ്ങളെ ആദരിക്കേണ്ടതിന്റെ പ്രാധാന്യമാണ് പാപ്പ നമ്മെ പഠിപ്പിക്കുന്നത്.

ഫ്രാന്‍സിസ് പാപ്പ പത്തു വര്‍ഷംകൊണ്ട് ലോകത്ത് സൃഷ്ടിച്ച 'ഫ്രാന്‍സിസ് ഇഫക്ട്' നിരീശ്വരവാദികളും മാര്‍ക്‌സിസ്റ്റുകളും ഉള്‍പ്പെടെയുള്ളവര്‍ ഏറ്റെടുത്തു കഴിഞ്ഞു. അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ഹ്യൂമനിസമാണ് ലോകത്തെ ആകര്‍ഷിക്കുന്നത്. അധികാരത്തിന്റെ ഭാഷയല്ല സ്‌നേഹവും സഹാനുഭൂതിയുമാണ് വാക്കിലും പ്രവൃത്തിയിലും നിറഞ്ഞു നില്‍ക്കുന്നത്. ആത്മീയബോധ്യങ്ങളെ നീതിബോധത്തിന്റെ അഗാധമായ അനുഭവമായി മാറ്റുന്നതില്‍ അദ്ദേഹം നടത്തുന്ന പരിശ്രമങ്ങള്‍ മത ജീവിതത്തിന്റെ നൈതികതലത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഈ ആത്മീയാനുഭവം ഉയര്‍ന്ന നിലവാരത്തിലുള്ള മതത്തെയും രാഷ്ട്രീയത്തെയും സാമൂഹിക ക്രമത്തെയും രൂപപ്പെടുത്തുവാനുള്ള വഴിയാണ്. ചുരുങ്ങിയ കാലംകൊണ്ട് ഫ്രാന്‍സിസ് പാപ്പ ലോകത്തിലെ സ്വാധീനശക്തിയുള്ള വ്യക്തികളില്‍ ഒരാളായിത്തീര്‍ന്നത് വിവാദങ്ങള്‍ സൃഷ്ടിച്ചല്ല, സംവാദങ്ങള്‍ നിറഞ്ഞ സര്‍ഗാത്മക പ്രതികരണങ്ങളിലൂടെയാണ്. എതിര്‍പ്പുകള്‍ പാപ്പ ധാരാളം നേരിടുന്നുണ്ട്. പക്ഷേ ക്രിസ്തീയ വിശ്വാസികള്‍ മാത്രമല്ല മറ്റുള്ളവരും അദ്ദേഹത്തിന്റെ പിന്നിലുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org