സത്യദീപം എന്ന കെടാവിളക്ക്

The lamp of truth
Published on
സത്യത്തിൽ പരിപാവനദീപം സത്തുമസത്തും വേറാക്കി നിത്യം നീറിദഹിക്കും മർത്യനു നിത്യാനന്ദക്കനിയേകി

കേരളസഭയുടെ തിരുമുറ്റത്തു കൊളുത്തിവച്ച കെടാവിളക്കാണ് സത്യദീപം.

സ്കൂൾ പഠനകാലത്തുതന്നെ എന്റെ പാഠ്യേതര വായനയുടെ തുടക്കം സത്യദീപത്തിലൂടെയായിരുന്നു. അന്നു വീട്ടിൽ വരുത്തിയിരുന്ന ഏക ആനുകാലിക പ്രസിദ്ധീകരണമാണു സത്യദീപം. എന്റെ മാതാപിതാക്കളും പിതൃസഹോദരിമാരും വളരെ താത്പര്യത്തോടെ സത്യദീപം വായിച്ചു പരസ്പരം കൈമാറുന്നത് ഇപ്പോഴും എന്റെ മനസ്സിലുണ്ട്.

പില്ക്കാലത്തു വായനയുടെ ഗൗരവം വർധിച്ചപ്പോൾ സത്യദീപം എനിക്കു കൂടുതൽ പ്രിയങ്കരമായി. വാരികയിൽ വന്നു കൊണ്ടിരുന്ന ചെറുകഥകൾ, നോവൽ, നർമ്മനുറുങ്ങുകൾ, കാർട്ടൂണുകൾ എന്നിവയെക്കാൾ എനിക്കിഷ്ടം മതപരവും സഭാപരവുമായ ലേഖനങ്ങളായിരുന്നു. അവയുടെ വായന എന്റെ ജീവിതവീക്ഷണത്തെ പാകപ്പെടുത്തുകയും വിശ്വാസജീവിതത്തെ പ്രദീപ്തമാക്കുകയും ചെയ്തു.

ഈ അനുഭവം സത്യദീപത്തിൽ, 1969-ൽ പ്രസിദ്ധീകരിച്ച എന്റെ ഒരു കവിതയിൽ ഇങ്ങനെ വെളിപ്പെടുത്തിയിരുന്നു:

“സത്യത്തിൽ പരിപാവനദീപം സത്തുമസത്തും വേറാക്കി

നിത്യം നീറിദഹിക്കും മർത്യനു നിത്യാനന്ദക്കനിയേകി”

സത്യദീപത്തെ ഞാൻ എങ്ങനെ ഉൾക്കൊണ്ടു എന്നതിന്റെ സാക്ഷ്യമാണിത്.

സീറോ മലബാർ സഭയുടെ അനൗദ്യോഗിക ജിഹ്വ എന്ന നിലയിലാണ് അക്കാലത്തു സത്യദീപം പൊതുവെ സ്വീകരിക്കപ്പെട്ടിരുന്നത്. കേരള കത്തോലിക്കർ വായിച്ചു വളരാനും അവരിൽ വിശ്വാസദീപ്തി പകരാനും സത്യദീപം നല്കിയ സംഭാവന ഒട്ടും നിസ്സാരമല്ല. അവൾ അക്ഷരങ്ങളുടെ വെളിച്ചത്തിൽ കേരള കത്തോലിക്കാ സമൂഹത്തെ നിരന്തരം കൈപിടിച്ചു നടത്തി. ഇന്നും കേരള കത്തോലിക്കരുടെ വിശ്വാസജീവിതത്തിന്റെ വിശ്വാസ്ത കാവലാളാണു സത്യദീപം. നൂറ്റാണ്ടു തികയുന്ന മഹത്തായ ഈ സപര്യ ഇനിയും നൂറ്റാണ്ടുകളിലേക്കു നീളട്ടെ എന്നു പ്രാർഥിക്കുന്നു.

logo
Sathyadeepam Online
www.sathyadeepam.org