ഹൃദയം കൊണ്ട് സംസാരിക്കുക

ഹൃദയം കൊണ്ട് സംസാരിക്കുക
സഭയുടെ ഇന്നത്തെ ക്രൈസിസ്, ആശയവിനിമയത്തിന്റെ ക്രൈസിസ് കൂടിയാണ്. ഹൃദയം കഠിനമാക്കിയുള്ള ആശയ വിനിമയമാണത്. ഹൃദയം കൊണ്ട് കാണുകയും, ഹൃദയംഗമമായി സംവേദനം നടത്തുകയും ചെയ്യുക മാത്രമാണ് അതിലേക്കുള്ള വഴി.

'ഹൃദയം കൊണ്ട് സംസാരിക്കുക' എന്ന പ്രമേയം സ്വീകരിച്ചിട്ടുള്ള ഈ വര്‍ഷത്തെ കമ്മ്യൂണിക്കേഷന്‍ ദിന സന്ദേശം നമ്മുടെ ഗൗരവമായ ചര്‍ച്ചയ്ക്ക് വിഷയീഭവിപ്പിക്കേണ്ടത് കാലികമായ ഒരു ആവശ്യമാണ്. ആശയ വിനിമയ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കഴിഞ്ഞ 57 വര്‍ഷങ്ങളായിട്ടുള്ള സഭയുടെ പതിവ് ആണ് മാധ്യമ പ്രവര്‍ത്തനത്തെയും, അവയുടെ സാങ്കേതികവിദ്യകളെയും, ആശയ വിനിമയത്തേയും സംബന്ധിച്ച് ഓരോ ലോക മാധ്യമ ദിനത്തിലും ജനങ്ങളെ പ്രചോദിപ്പിക്കുക എന്നത്.

സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍, വ്യക്തിപരവും സാമൂഹ്യവുമായ ആശയ വിനിമയ സിദ്ധികള്‍, എന്നിവയെ വിപ്ലവകരമായ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഗൗരവത്തില്‍ കണ്ടതിന്റെ പരിണത ഫലമാണ് മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പ്രമാണ രേഖ ഏറ്റവും ആദ്യം തന്നെ ചര്‍ച്ചയ്‌ക്കെടുത്തു പാസ്സാക്കി എന്നുള്ളത്. അന്ന് ആരംഭിച്ച് ഇന്നും തുടരുന്ന വലിയൊരു തീരുമാനമാണ് ലോക കമ്മ്യൂണിക്കേഷന്‍ ദിനം ആചരിക്കണം എന്നത്. കര്‍ത്താവിന്റെ സന്ദേശ വാഹകരായ മുഖ്യദൂതന്മാരുടെ തിരുനാള്‍ ദിനമാണ് (സെപ്തം 29) അടുത്ത വര്‍ഷ ത്തേക്കുള്ള സന്ദേശത്തിന്റെ വിഷയം പ്രസിദ്ധീകരിക്കുന്നത്. പത്രപ്രവര്‍ത്തകരുടെ മധ്യസ്ഥനായ ഫ്രാന്‍സിസ് സാലസിന്റെ തിരുനാള്‍ ദിനമായ ജനുവരി 24 നു അതാത് കൊല്ലത്തെ കമ്മ്യൂണിക്കേഷന്‍ ദിന സന്ദേശം പ്രസിദ്ധീകൃതമാവും. നമ്മുടെ കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണം കഴിഞ്ഞു വരുന്ന ഞായറാഴ്ചയാണ് ലോക കമ്മ്യൂണിക്കേഷന്‍ ദിനമായി ആചരിക്കപ്പെടുന്നത്.

സഭയ്ക്ക്, ലോക മാധ്യമ സമൂഹത്തോട് എന്തൊക്കെയോ പറയാനുണ്ട് എന്ന മട്ടിലുള്ളതായിരുന്നു ആദ്യകാല മാധ്യമ ദിന സന്ദേശങ്ങള്‍ ഒക്കെയും. അത് കൂടാതെ മാധ്യമ പ്രവര്‍ത്തകരായ കത്തോലിക്കാ വിശ്വാസികള്‍ ധാര്‍മ്മികതയിലും സത്യത്തിലും ഊന്നിയ പത്രപ്രവര്‍ത്തനം നടത്തണം എന്നൊക്കെയുള്ള ഉപദേശങ്ങളും അതിന്റെ ഭാഗമായിരുന്നു. ജനങ്ങളുടെ വൈകാരിക ഭാവങ്ങളെ മുതലെടുത്തുകൊണ്ട് ലാഭം കൊയ്യാന്‍വേണ്ടി ഏതു തരം അധാര്‍മ്മിക മാര്‍ഗങ്ങളും ഉപയോഗിക്കുന്നതിനെതിരെ ഈ സന്ദേശങ്ങളിലൂടെ സഭ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാസി കാലം മുതല്‍ പ്രചരണ ആയുധമായി മാധ്യമങ്ങളെ ഉപയോഗിക്കുന്ന പ്രവണതയെയും സഭ വിമര്‍ശിച്ചിട്ടുണ്ട്. ലൈംഗിക അരാജകത്വം, അക്രമ വാസന, അഡിക്ഷന്‍ എന്നിവയിലേക്ക് യുവ തലമുറയെ തള്ളിവിടുന്ന തരം മാധ്യമ സന്ദേശങ്ങളും, സിനിമകളും പുറപ്പെടുവിക്കുന്നതിനെക്കുറിച്ച് സഭ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. സഭയുടെ അധീശ ഭാവം, ശുദ്ധിവാദം (പ്യൂരിറ്റാനിക്കല്‍ സമീപനം), മാധ്യമങ്ങള്‍ സ്വതേ വിലോമകാരിയാണ് എന്നിങ്ങനെയുള്ള തോന്നലുകള്‍ ആദ്യ കാല സന്ദേശങ്ങളില്‍ പ്രതിധ്വനിച്ചിരുന്നു. എങ്കിലും കഴിഞ്ഞ രണ്ടു ദശകങ്ങളായി മാധ്യമങ്ങളെ കൂടുതല്‍ വിശാലഹൃദയത്തോടെ സ്വാഗതം ചെയ്യാനും, മാധ്യമ ലോകത്തെ ശുദ്ധീകരിക്കുക എന്നതിലുപരി മാധ്യമപ്രവര്‍ത്തനത്തില്‍ സഭയും വിശ്വാസികളും സജീവമായി പങ്കാളികളാകണം എന്ന അവബോധത്തിലേക്കു സഭ വളര്‍ന്നിട്ടുണ്ട്.

വിശേഷിച്ചും ഫ്രാന്‍സിസ് പാപ്പയുടെ കമ്യൂണിക്കേഷന്‍ ദിന സന്ദേശങ്ങളില്‍ മിക്കതിലും സഭയുടെയും, അതിന്റെ അജപാലക നേതൃത്വത്തിന്റെയും, വിശ്വാസികളുടെയും ആന്തരിക ആശയ വിനിമയത്തിലെ നന്മകളെ കണ്ടെടുക്കുന്നതിലും, പോരായ്മകളെ പരിഹരിക്കുന്നതിനുമാണ് ശ്രദ്ധിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ഫ്രാന്‍സിസ് പാപ്പയുടെ സമീപകാല സന്ദേശങ്ങള്‍ ഒക്കെ തന്നെ ബാഹ്യ മാധ്യമ ലോകത്തെ കുറ്റപ്പെടുത്തുക എന്നതിനേക്കാള്‍ കൂടുതല്‍ സഭയുടെ ആന്തരിക കമ്യൂണിക്കേഷന്‍ ശൈലിയെ ആത്മശോധനയ്ക്ക് പ്രേരിപ്പിക്കുന്നത് കൂടിയാണ് എന്ന് കാണാം. ടി വി, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളിലേക്ക് മാധ്യമങ്ങളെ ചുരുക്കാതെ നാം കാണിക്കുന്നതും, പറയുന്നതും, ചെയ്യുന്നതുമെല്ലാം കമ്യൂണിക്കേഷനാണ് എന്നും, അതില്‍ ക്രൈസ്തവമായ ചൈതന്യം സന്നിവേശിപ്പിക്കണമെന്നും പാപ്പ ഉപദേശിക്കുന്നുണ്ട്.

അതുകൊണ്ടു തന്നെ 'ശ്രവിക്കുക,' 'കാണുക' എന്നീ ക്രിയകളെ അധികരിച്ചുള്ള കഴിഞ്ഞ വര്‍ഷങ്ങളിലെ സന്ദേശങ്ങള്‍ക്ക് ശേഷം, 'ഹൃദയം കൊണ്ട് സംസാരിക്കു'ന്നതിനെ കുറിച്ചാണ് പാപ്പ ഇക്കുറി വിശദമാക്കുന്നത്. സിനഡാത്മക സഭ എന്ന പ്രമേയം വഴി സഭയുടെ ചൈതന്യത്തെ നവീകരിച്ചു കൊണ്ടിരിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശങ്ങള്‍ എല്ലാം കൂട്ടായ ആലോചനയിലും പങ്കാളിത്തത്തിലും അടിയുറച്ച ഒരു സഭയെ വളര്‍ത്താന്‍ ആശയവിനിമയത്തില്‍ എന്തൊക്കെ ഘടകങ്ങള്‍ വേണം എന്നും, അതിന്റെ സമീപനങ്ങള്‍ എങ്ങനെ ആയിരിക്കണം എന്നും വ്യക്തമാക്കുന്നുണ്ട്.

ഹൃദയം കൊണ്ട് സംസാരിക്കുക എന്നതുകൊണ്ട് പാപ്പ എന്താണ് അര്‍ത്ഥമാക്കുന്നത്. ഒരാളെ ശ്രവിക്കണം എങ്കില്‍ ക്ഷമയും കാത്തിരിപ്പും ആവശ്യമാണ്. അത് സ്വായത്തമാക്കിക്കഴിഞ്ഞാല്‍ നമ്മുടെ മുന്‍വിധിയോടെയുള്ള വാദങ്ങളെയും കാഴ്ചപ്പാടുകളെയും ഉപേക്ഷിക്കാനും സജ്ജീവമായ പങ്കുവയ്ക്കലിലേക്കും, സംവാദത്തിലേക്കും പ്രവേശിക്കാനും നമുക്ക് സാധിക്കുന്നു. ഇങ്ങനെയുള്ള ആശയവിനിമയത്തെയാണ് സൗഹാര്‍ദ്ദപരമായ കമ്മ്യൂണിക്കേഷന്‍ എന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള ഊഷ്മളവും, സ്വാഗതപൂര്‍വകവുമായ ആശയ വിനിമയം സാധ്യമാക്കുന്നത് ഹൃദയമാണ്. ഒരാളുമായി നിര്‍വ്യാജവും, മുന്‍വിധികളില്ലാത്തതുമായ ആശയ വിനിമയത്തില്‍ ഏര്‍പ്പെട്ടു കഴിയുമ്പോള്‍ മാത്രമേ സ്‌നേഹപൂര്‍വ്വം സത്യം പറയാന്‍ (എഫേ. 4:15) നമുക്ക് സാധിക്കുകയുള്ളൂ. അതേ സമയം, ആര്‍ക്കൊക്കെ എത്രമാത്രം അപ്രിയമായിരുന്നാലും സത്യം പറയാന്‍ നാം ഭയക്കേണ്ടതില്ല. എന്നാല്‍ സ്‌നേഹചൈതന്യത്തിലും, ഹൃദ്യമായും ആണ് നാം അത് ചെയ്യേണ്ടത്.

ഹൃദയം കൊണ്ട് സംസാരിക്കേണ്ടതിന്റെ കാരണമായി ഫ്രാന്‍സിസ് പാപ്പ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ഒന്നാമതായി ദേവൂസ് കാരിത്താസ് എസ്ത് എന്ന ചാക്രിക ലേഖനത്തില്‍ തന്റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്റെ ഉദ്‌ബോധനം ഉദ്ധരിച്ചു കൊണ്ട് 'ക്രൈസ്തവികത (ക്രിസ്ത്യന്‍ പ്രോഗ്രാം) എന്നാല്‍ ഹൃദയം കൊണ്ടുള്ള കാഴ്ചയാണ്' എന്ന് പാപ്പ സമര്‍ത്ഥിക്കുന്നു. എല്ലാ കാര്യങ്ങളും കാഴ്ചയും, കേള്‍വിയും, സംസാരവും, പ്രവര്‍ത്തികളും ഹൃദയംഗമമായി ചെയ്താലേ അതൊരു ക്രൈസ്തവ കര്‍മ്മം ആവുകയുള്ളൂ. ആശയവിനിമയത്തിന്റെ കാര്യത്തിലും അത് തന്നെയാണ് സംഗതി. രണ്ടാമതായി, വൈരുദ്ധ്യങ്ങളുടെയും വിഭാഗീയതകളുടെയും കാലത്താണ് നാം ജീവിക്കുന്നത് എന്ന രാഷ്ട്രീയ സാമൂഹിക കാരണം പാപ്പ നിരീക്ഷിക്കുന്നു. സഭാ ഗാത്രത്തിലും ഈ വിഭാഗീയത വര്‍ധമാനമായി ദര്‍ശനീയമാകുന്നുണ്ട്. തുറന്ന ഹൃദയത്തോടും കാര്യങ്ങളോടും കൂടെ ആശയവിനിമയത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന അര്‍പ്പണബോധം പ്രൊഫഷനലുകളുടെയും വിദഗ്ദ്ധന്മാരുടെയും മാത്രം ഉത്തരവാദിത്തം അല്ല. നാമെല്ലാവരുടെയും കടമയാണ്. സത്യം വിളിച്ചു പറയാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു, എന്നാല്‍ അത് ഉപവിയോടു കൂടി ചെയ്യണം എന്ന് മാത്രം.

ഏറ്റവും പ്രധാനമായി, ഹൃദയം കൊണ്ടുള്ള സംസാരം, അഥവാ ക്രൈസ്തവ ആശയവിനിമയം ധാര്‍മ്മിക നന്മയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പാപ്പ സ്ഥാപിക്കുന്നുണ്ട്. ഹൃദയശുദ്ധി ഉള്ളവര്‍ക്ക് മാത്രമേ ഹൃദയം കൊണ്ടുള്ള സംസാരം സാധ്യമാകൂ. ഹൃദയം കൊണ്ട് സംസാരിക്കുന്നവര്‍ അപരന്റെ വേദനയെയും ഉത്ക്കണ്ഠകളെയും സംവേദനക്ഷമതയോടെ സ്വീകരിക്കും. ഗാഗുല്‍ത്തായിലെ ദുരന്തത്തിനുശേഷം എമ്മാവൂസിലേക്ക് നഷ്ടധൈര്യരായി സഞ്ചരിച്ച ശിഷ്യന്മാരോടൊപ്പം സംവദിച്ചുകൊണ്ട് കൂടെക്കൂടിയ ക്രിസ്തുവിനെ പാപ്പ ഉദാഹരിക്കുന്നു. ഈശോയുടെ അവരോടുള്ള സംസാരം അവരുടെ ഹൃദയങ്ങളെ പ്രോജ്വലിപ്പിച്ചു എന്ന് സുവിശേഷകന്‍ നിരീക്ഷിക്കുന്നുണ്ടല്ലോ.

നമ്മുടെ ആശയവിനിമയം സമാധാനം സ്ഥാപിക്കാന്‍ ഉതകുന്നതാകണം എന്നതാണ് പാപ്പയുടെ സന്ദേശത്തിന്റെ ഒരു പ്രധാന പ്രമേയം. സ്വീകാര്യമായ പരിതോവസ്ഥയില്‍ പരസ്പരം മനസ്സിലാക്കിയുള്ള സംവാദങ്ങളില്‍ അര്‍ത്ഥപൂര്‍ണ്ണമായി ഏര്‍പ്പെടുക വഴി സമാധാനം സംസ്ഥാപിക്കാന്‍ എന്തു കൊണ്ടും ഹൃദയം കൊണ്ടുള്ള സംസാരം ആവശ്യമാണ്. പരസ്പര വിശ്വാസം ആര്‍ജിക്കുക വഴിയായിട്ടാണ് യഥാര്‍ത്ഥ സമാധാനം സ്ഥാപിച്ചെടുക്കാന്‍ സാധിക്കൂ എന്ന് 'ഭൂമിയില്‍ സമാധാനം' എന്ന ചാക്രിക ലേഖനത്തെ ഉദ്ധരിച്ചു കൊണ്ട് പാപ്പ പരാമര്‍ശിക്കുന്നു. അക്കാരണത്താല്‍ തന്നെ, ശത്രുതാപരമായ അധികപ്രസംഗങ്ങള്‍ നാം ഉപേക്ഷിക്കേണ്ടതാണ് എന്നും, പ്രചാരണപരമായ (പ്രൊപ്പഗാണ്ട) മാധ്യമ സന്ദേശങ്ങളെ തള്ളിക്കളയേണ്ടതാണ് എന്നും പാപ്പ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. അവ സത്യത്തെ വികലമാക്കുന്നു; പ്രത്യയ ശാസ്ത്ര ലക്ഷ്യങ്ങള്‍ക്കു വേണ്ടി സത്യത്തെ രൂപഭ്രംശം നടത്തുന്നു. വ്യക്തികളും സമൂഹങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന വിവാദങ്ങളും കലഹങ്ങളും അവസാനിപ്പിക്കുവാന്‍ സഹായിക്കുന്ന സകാരാത്മകവും പ്രോത്സാഹന ജനകവുമായ സന്ദേശ വിനിമയങ്ങളുടെ സംസ്‌കാരം നാം സൃഷ്ടിക്കേണ്ടതുണ്ട്.

അവസാനമായി, സഭയുടെ സിനഡല്‍ സ്വഭാവം വര്‍ധിപ്പിക്കാനുള്ള തന്റെ ഒരു സ്വപ്‌നത്തെക്കുറിച്ചും പാപ്പ സംസാരിക്കുന്നുണ്ട്. പരിശുദ്ധാത്മാവിനാല്‍ പ്രേരിതവും, ഒരേ സമയം മാന്യവും എന്നാല്‍ പ്രവാചകധീരവുമായ ആശയവിനിമയമാണ് അത്. മൂന്നാം സഹസ്രാബ്ദത്തിനായി നാം പകരേണ്ട അതിശയകരമായ ക്രിസ്തുസാക്ഷ്യം നല്‍കാന്‍ ഉതകുന്ന, പുതിയ മാര്‍ഗങ്ങള്‍ തേടുന്ന, ആശയവിനിമയം ആയിരിക്കണം അത്.

പാപ്പയുടെ മാധ്യമ ദിന സന്ദേശത്തിന്റെ ആനുകാലിക പ്രസക്തിയെ കുറിച്ചുള്ള എന്റെ ചില ചിന്തകളും നിരീക്ഷണങ്ങളും പങ്കുവയ്ക്കട്ടെ. ആശയ വിനിമയം എന്നത് ഒരു ജീവസന്ധാരണത്തിനുള്ള ഒരു ഉദ്യോഗം അല്ല. ക്രൈസ്തവനെ സംബന്ധിച്ച് ക്രൈസ്തവ സാക്ഷ്യം നല്‍കുക എന്നത് തന്നെയാണ് ആശയ വിനിമയം. ക്രൈസ്തവ ആശയ വിനിമയത്തിന്റെ ഉള്ളടക്കവും രൂപവും ക്രൈസ്തവസാക്ഷ്യം തന്നെയാണ്. അത് ഹൃദയത്തില്‍ നിന്ന് ഉയിര്‍കൊള്ളുന്നതാണ്. അത്ഭുതപൂര്‍വമായ വിധത്തില്‍ ക്രൈസ്തവ വിശ്വാസികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞാടുന്ന കാലഘട്ടമാണ് ഇത്. എന്നാല്‍ ഇത്രമാത്രം വിഭാഗീയവും വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ സന്ദേശങ്ങള്‍ ഇതിനു മുമ്പ് ക്രൈസ്തവരില്‍ നിന്ന് ഉണ്ടായി കണ്ടിട്ടില്ല. വിശ്വാസത്തിന്റെ പേരിലും, സാമുദായിക സ്വത്വത്തിന്റെ പേരിലും, രാഷ്ട്രീയത്തിന്റെ പേരിലും, ആരാധനക്രമനിഷ്ഠകള്‍, ദൈവവചന പ്രഘോഷണം, കരിസ്മാറ്റിക് പ്രഘോഷണം തുടങ്ങി എല്ലാ വിഷയങ്ങളുടെ പേരിലും വിഭാഗങ്ങള്‍ പരസ്പരം പക്ഷം ചേര്‍ന്ന് മാധ്യമങ്ങളിലൂടെയും നേരിട്ടും കലഹിക്കുന്ന കാലമാണ്. ഒരുമിച്ചിരുന്നു ചര്‍ച്ച ചെയ്ത് സമവായത്തിലും ധാരണകളിലും എത്താന്‍ ക്രൈസ്തവര്‍ക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? പ്രസംഗങ്ങളിലും ഇടയലേഖനങ്ങളിലും വിഷലിപ്തമായ പരാമര്‍ശങ്ങളും, വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ആഹ്വാനങ്ങളും, ചിലപ്പോഴെങ്കിലും ചരിത്രപരമായ വിഡ്ഢിത്തങ്ങളും വന്നു പോകുന്നത് നമ്മുടെ ആശയവിനിമയം പരിശുദ്ധാത്മാവിനാല്‍ പ്രേരിതമോ ഹൃദയത്തില്‍ നിന്ന് ഉയിര്‍കൊള്ളാത്തതുകൊണ്ടോ അല്ലേ? സമീപകാലത്തു സഭയുടെ ഉയര്‍ന്ന പദവിയിലിരിക്കുന്ന ചിലര്‍ വളരെ പ്രധാന വിഷയങ്ങളില്‍ മറ്റു പത്രങ്ങളില്‍ നിന്ന് പകര്‍ത്തിയെടുത്ത ഭാഗങ്ങള്‍ പത്രക്കുറിപ്പുകളില്‍ പ്രയോഗിച്ചതിനെ ഹൃദയശൂന്യമായ ആശയവിനിമയം എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ.

സമാധാന പത്ര പ്രവര്‍ത്തനം എന്നൊരു ശാഖ ഉണ്ടെന്ന് എത്ര ക്രൈസ്തവ ആശയവിനിമയക്കാര്‍ക്ക് അറിയാം! സമാധാന പത്രപ്രവര്‍ത്തനം എന്നത് എങ്ങുംമെങ്ങും തൊടാത്ത സോഫ്റ്റ് സ്റ്റോറി സൃഷ്ടിക്കുന്നതോ, മറ്റാരെയെങ്കിലും വേദനിപ്പിക്കും എന്ന് കരുതി പ്രധാന സംഗതികള്‍ പൊതുബോധ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കി ഉപരിപ്ലവമായ ആശയസംവേദനത്തില്‍ മുഴുകുന്നതോ അല്ല. പാപ്പ പറയുന്നത് സത്യം പറയണം എന്നാല്‍ സ്‌നേഹബഹുമാനങ്ങളോടെ ചെയ്യണം എന്ന് ആണ്. സമീപകാലത്ത് പ്രൊപ്പഗാണ്ടപരമായ ചില സിനിമകള്‍ പ്രചരിപ്പിക്കുന്നതിനും, ഇതര മതങ്ങളെ കുറ്റപ്പെടുത്തി ഒറ്റപ്പെടുത്താനും ക്രൈസ്തവര്‍ ഉത്സാഹത്തോടെ മുന്നിട്ടിറങ്ങിയിരുന്നു. എന്നാല്‍ സമാധാനപൂര്‍വമായ സാഹചര്യം സൃഷ്ടിച്ചു പ്രതിസന്ധികളെ പരിഹരിക്കാനുള്ള ആശയവിനിമയ സിദ്ധികള്‍ നമുക്ക് അന്യമായിരിക്കുന്നു. ക്രൈസ്തവ മാര്‍ഗത്തില്‍ നിന്ന് നാം അകലുന്നു എന്നും, പരിശുദ്ധാത്മാവിന്റെ പ്രേരണകളില്‍ നിന്ന് നാം ദൂരെ മാറിയിരിക്കുന്നു എന്നും അര്‍ത്ഥമുണ്ട്. സമാധാനം സംജാതമാകുന്ന രീതിയിലുള്ള ആശയവിനിമയങ്ങളും, പത്രപ്രവര്‍ത്തനവും, മാധ്യമ വേലയും നാം ചെയ്യേണ്ടതുണ്ട്. സഭയുടെ ഇന്നത്തെ ക്രൈസിസ്, ആശയവിനിമയത്തിന്റെ ക്രൈസിസ് കൂടിയാണ്. ഹൃദയം കഠിനമാക്കിയുള്ള ആശയവിനിമയമാണത്. ഹൃദയംകൊണ്ട് കാണുകയും, ഹൃദയംഗമമായി സംവേദനം നടത്തുകയും ചെയ്യുക മാത്രമാണ് അതിലേക്കുള്ള വഴി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org