യേശുവിനെ ഗൗരവത്തിലെടുക്കുമ്പോൾ...

When taking Jesus seriously...
Published on: 
ഫാസിസ്റ്റ് ശൈലിയുടെ മുഖം പേറുന്ന രാഷ്ട്രീയ നേതൃത്വം ജനാധിപത്യത്തെ യാതൊരു മടിയുമില്ലാതെ കശാപ്പു ചെയ്യുന്ന സാഹചര്യത്തിൽ, ഭരണഘടന ഉറപ്പു നൽകുന്ന മനുഷ്യന്റെ മൗലികാവകാശങ്ങൾക്കുവേണ്ടി വാദിക്കുകയും നിർഭയമായി പ്രതിഷേധിക്കുകയും ചെയ്യുന്ന യുവജനങ്ങളുടെ ധീരവും വ്യക്തവുമായ ശബ്ദത്തിന് യേശുവിന്റെ ശബ്ദത്തോട് വളരെ സാദൃശ്യമുണ്ട്.

യേശുവിന്റെ ദർശനം ഇന്നത്തെ സമൂഹത്തിൽ എങ്ങനെ യാഥാർത്ഥ്യമാക്കാം എന്ന ചോദ്യം യേശുവിനെ ഗൗരവത്തിലെടുക്കുന്നവരെ അലട്ടുന്ന പ്രശ്നമാണ്. വ്യക്തിപരമായ ആത്മീയതയിലൂടെ അത് നടപ്പാക്കാം എന്നത് സമൂഹത്തിലെ പ്രശ്നങ്ങളിൽ ഇടപെടാൻ താൽപര്യമില്ലാത്തവരുടെ സ്ഥിരം മറുപടിയാണ്. ഒരു പുതിയ സമൂഹത്തിന്റെ, ഇന്ന് നിലനില്ക്കുന്ന സമൂഹത്തേക്കാൾ കൂടുതൽ പ്രകാശിതമായ, നന്മയുള്ള, സ്നേഹത്തിന്റെ ശുദ്ധമായ മുഖമുള്ള സമൂഹത്തിന്റെ സ‍ൃഷ്ടിയിലേക്ക് നയിക്കണമെന്നത് വളരെ പ്രധാനമാണെന്ന് യേശുവിന്റെ ദർശനങ്ങളെ ഉൾക്കൊണ്ട് ജീവിക്കാൻ ശ്രമിക്കുന്നവരുടെ ആഗ്രഹമാണ്.

ലോകം വളരെ വികസിതമായി കൊണ്ടിരിക്കുന്നുവെന്ന് പല രാഷ്ട്രീയ നേതാക്കളും ശുദ്ധ മനസ്കരായവരും അവകാശപ്പെടുമ്പോഴും, സാമ്പത്തിക അസമത്വം, ജാതിവിവേചനം, രാഷ്ട്രീയ അടിച്ചമർത്തൽ, മതത്തിന്റെ ദുരുപയോഗം, അക്രമം, മനുഷ്യന്റെ അന്യവൽക്കരണം ഇതൊക്കെ നമ്മുടെ കൺമുമ്പിൽ നടക്കുകയാണ്. ഇങ്ങനെ ജീവിക്കുന്ന, ചൂഷണം ചെയ്യപ്പെടുന്ന മനുഷ്യർക്ക് യേശുവിന്റെ സുവിശേഷം ഒരു ആശ്വാസ വാർത്തയായിട്ടു മാത്രമല്ല, അവതരിപ്പിക്കപ്പെടേണ്ടത്. അത് പരിവർത്തനത്തിനുള്ള ആഹ്വാനം കൂടിയാവണം. യേശു വിഭാവനം ചെയ്ത സമൂഹത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണ് സ്നേഹം, നീതി, സ്വാതന്ത്ര്യം, സാഹോദര്യം. എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനമായി സ്നേഹത്തെ അവതരിപ്പിക്കുമ്പോഴും നീതിയില്ലാത്ത സ്നേഹം ഒരു വികാരം മാത്രമായി ചുരുങ്ങുമെന്ന കാര്യം വിസ്മരിക്കരുത്. ഓരോ മനുഷ്യനും അന്തസ്സോടെയും ഉത്തരവാദിത്വത്തോടെയും ഈ സമൂഹത്തിൽ ജീവിക്കാൻ കഴിയുന്ന സാഹചര്യം രൂപപ്പെടണമെങ്കിൽ എല്ലാവരും ഒരേ ദൈവത്തിന്റെ മക്കളാണെന്ന ബോധം സമൂഹത്തിന്റെ കേന്ദ്രമാകണം.

ഈ സന്ദർഭത്തിലാണ് സഭയുടെ ദൗത്യത്തെക്കുറിച്ച് നമ്മൾ ഗൗരവതരമായി ചിന്തിക്കേണ്ടത്. കാലാകാലങ്ങളായി സഭ യേശുവിനെക്കുറിച്ചുള്ള പ്രബോധനങ്ങൾ നല്കുന്നുണ്ട്. സഭയിലെ ശുശ്രൂഷകർ നിരന്തരമായി യേശുവിനെക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്. ചരിത്രത്തിൽ ജീവിച്ച യേശുവിൽ നിന്നും വ്യത്യസ്തമായല്ലേ പലപ്പോഴും ക്രിസ്തുവിനെ അവതരിപ്പിക്കുന്നത് എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. യേശുവിന്റെ ജീവിതവും അവന്റെ സന്ദേശവും മനുഷ്യന് എന്നും പ്രസക്തമായതുകൊണ്ട് യേശുവിന്റെ ജീവിതത്തെയും സന്ദേശത്തെയും സമകാലിക സാഹചര്യത്തിൽ പുനർവായിക്കുകയും അങ്ങനെ യഥാർത്ഥ യേശുവിനെ കണ്ടെത്തുകയും ചെയ്യുക എന്നത് അനിവാര്യമാണ്.

ചരിത്രത്തിൽ ജീവിച്ച യേശു അത്ഭുതങ്ങൾ പ്രവർത്തിച്ച ഒരു വ്യക്തിയായിരുന്നോ അതോ മനുഷ്യന്റെ സമഗ്ര വിമോചനത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്ത പ്രവാചകനായിരുന്നോ? യേശുവിനെ മനസ്സിലാക്കണമെങ്കിൽ സുവിശേഷത്തിൽ വളരെ തെളിമയോടെ കാണുന്ന യേശുവിലേക്കു നോക്കണം. മനുഷ്യരോടൊപ്പം ജീവിച്ച്, സമൂഹത്തിൽ പുറംതള്ളപ്പെട്ടവരെ സ്വീകരിച്ച്, അനീതിയേയും അധികാരത്തേയും ചോദ്യം ചെയ്തു ദരിദ്രരോടും പാപികളോടുമൊപ്പം ഊട്ടുമേശ പങ്കിട്ട് കടന്നു പോകുന്ന കരുണയും ആർദ്രതയും പുലർത്തുന്ന ദൈവത്തിന്റെ മുഖമുള്ള മനുഷ്യൻ. അധികാരദുർവിനിയോഗം ചെയ്യുന്ന മതനേതാക്കളോടും നാട്ടുപ്രമാണിമാരോടും, വിശ്വാസികളെന്ന് നടിച്ച് നടക്കുന്ന കപടനാട്യക്കാരോടും വിധവകളുടെ വിടുകൾ വിഴുങ്ങുന്നവരോടും രാഷ്ട്രീയ നേതൃത്വത്തോടും കലഹി ക്കുകയും അവരെ സത്യ ത്തിന്റെയും നീതിയുടെയും പാതിയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന യേശുവിനെ സുവിശേ ഷത്തിൽ കണ്ടുമുട്ടുന്നു.

ജീവൻ കൊടുത്തും രാജ്യത്തിലെ ജനാധിപത്യം നിലനിർത്തും എന്ന് വ്യക്തമായ സ്വരത്തിൽ വിളിച്ചു പറയുന്ന യുവജനങ്ങൾ പരോക്ഷമായി കുരിശിന്റെ വിപ്ലവാത്മകവും വിമോചനാത്മകവുമായ അർത്ഥം അവരുടെ ജീവിതത്തിലൂടെ വിളിച്ചോതുന്നവരാണ്.

ജന്തർമന്ദറിൽ പ്രതിഷേധിച്ച യുവജനങ്ങളിൽ യേശുവിന്റെ വിമോചന ദൗത്യശൈലി കാണുന്നില്ലേ? ഫാസിസ്റ്റ് ശൈലിയുടെ മുഖം പേറുന്ന രാഷ്ട്രീയ നേതൃത്വം ജനാധിപത്യത്തെ യാതൊരു മടിയുമില്ലാതെ കശാപ്പു ചെയ്യുന്ന സാഹചര്യത്തിൽ, ഭരണഘടന ഉറപ്പു നൽകുന്ന മനുഷ്യന്റെ മൗലികാവകാശങ്ങൾക്കു വേണ്ടി വാദിക്കുകയും നിർഭയമായി പ്രതിഷേധിക്കുകയും ചെയ്യുന്ന യുവജനങ്ങളുടെ ധീരവും വ്യക്തവുമായ ശബ്ദത്തിന് യേശുവിന്റെ ശബ്ദത്തോട് വളരെ സാദൃശ്യമുണ്ട്. ഒരു രാജ്യത്തിലെ ജനങ്ങളുടെ മൗലികാവകാശത്തിനും മനുഷ്യന്റെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന യുവജനങ്ങളിലൂടെ ദൃശ്യമാകുന്ന നസ്രത്തിലെ പ്രവാചകനായ തച്ചന്റെ മുഖം ആചാരാനുഷ്ഠാനങ്ങളിലൂടെ വ്യക്തമാകുന്ന യേശുവിന്റെ മുഖത്തെക്കാളും തെളിമയാർന്നതല്ലേ?

യേശുവിനെ വിശ്വാസത്തിന്റെ അടയാളമായി മാത്രം രേഖപ്പെടുത്തുകയും പ്രഭ ചൊരിയുന്ന വ്യക്തിയായി അവതരിപ്പിക്കുകയും ചെയ്തു എന്നതാണ് യേശു സമകാലിക ഇന്ത്യയിൽ ശ്രദ്ധിക്കപ്പെടാതെ പോകാൻ കാരണമെന്ന് തോന്നുന്നു. യേശുവിന്റെ സാമൂഹിക സന്ദേശം അവഗണിക്കപ്പെടുകയും കുരിശിനെ സഹനത്തിന്റെ മാത്രം പ്രതീകമാക്കുകയും ഒരു മതത്തിന്റെ ചിഹ്നമാക്കി ചുരുക്കുകയും ചെയ്തതിലൂടെ യഥാർത്ഥ യേശു പൊതുസമൂഹത്തിൽ നിന്നും മറയ്ക്കപ്പെട്ടു. കുരിശ് വിമോചനത്തിന്റെ അടയാളമായി പലരും കാണാതെ പോയി. ജീവൻ കൊടുത്തും രാജ്യത്തിലെ ജനാധിപത്യം നിലനിർത്തും എന്ന് വ്യക്തമായ സ്വരത്തിൽ വിളിച്ചു പറയുന്ന യുവജനങ്ങൾ പരോക്ഷമായി കുരിശിന്റെ വിപ്ലവാത്മകവും വിമോചനാത്മകവുമായ അർത്ഥം അവരുടെ ജീവിതത്തിലൂടെ വിളിച്ചോതുന്നവരാണ്. ആർഭാടങ്ങളിലൂടെയും കപടമായ ഭക്താനുഷ്ഠാനുങ്ങളിലൂടെയും യേശുവിന്റെ മുഖത്തെ വികൃതമാക്കുന്ന കപട ഭക്തരുടെ മുൻപിലാണ് ഈ യുവജനങ്ങൾ വെല്ലുവിളി ഉയർത്തുന്നത്.

മനുഷ്യർ നീതിയോടെയും സ്നേഹത്തോടെയും സമത്വത്തോടെയും ജീവിക്കാൻ തുടങ്ങുന്നിടത്ത് ദൈവരാജ്യം ആരംഭിക്കുന്നു എന്ന് സുവിശേഷം പറയുമ്പോൾ സുവിശേഷത്തിലെ വിമോചന ദൗത്യശൈലി അനുകരിക്കാൻ ശ്രമിക്കുന്നവരുടെ മുഖങ്ങളാണ് ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ജനാധിപത്യ സംരക്ഷണത്തിനായി അരങ്ങേറിയ പോരാട്ടങ്ങളിലൂടെ നാം കണ്ടത്. യഥാർത്ഥ സ്വാതന്ത്ര്യം ഭയത്തിൽ നിന്നും ചുഷണത്തിൽ നിന്നും അനീതിയിൽ നിന്നുമുള്ള മോചനമാണ്. സ്വാതന്ത്ര്യമെന്നത് മനുഷ്യനെ മനുഷ്യനാക്കുന്ന ജീവിതമാണ്. ഇന്ത്യയിലെ ജനങ്ങൾ പലവിധ അടിമത്തങ്ങളിൽ ജീവിക്കുന്നവരാണ്. അവ വെറും രാഷ്ട്രീയമോ സാമ്പത്തികമോ ആയ അടിമത്തങ്ങൾ മാത്രമല്ല; ഭയം, സ്വാർത്ഥത, അന്ധവിശ്വാസം, മതനിയമവാദം, അധികാരമോഹം, പാപം എന്നിവയും മനുഷ്യനെ ബന്ധിച്ചിടുന്നു. രാജ്യത്ത് നടക്കുന്ന ജനകീയ പോരാട്ടങ്ങളിലൂടെ പതുക്കെ പതുക്കെ ഈ ബന്ധനങ്ങളിൽ ചിലതിൽനിന്നെല്ലാമുള്ള മോചനത്തിന്റെ വഴി തുറന്നു വരികയാണെന്ന് വിശ്വസിക്കുന്നത് പ്രത്യാശയുടെ തിരിനാളം തെളിക്കുന്നതിന് സമാനമാണ്. യഥാർത്ഥ സ്വാതന്ത്ര്യം സത്യം തിരഞ്ഞെടുക്കാനുള്ള കഴിവും സത്യം അന്വേഷിക്കാനുള്ള മനസ്സുമാണ്. ഭയമില്ലാതെ സത്യത്തിന് സാക്ഷ്യം വഹിക്കാനുള്ള ധൈര്യവും. മറ്റുള്ളവർക്കുവേണ്ടി ജീവിക്കാനുള്ള മനസ്സുമാണത്.

ക്രൈസ്തവഭാഷയിൽ പറഞ്ഞാൽ ദൈവത്തിന്റെ ഇഷ്ടം സ്വീകരിച്ച് ജീവിക്കുന്ന ജീവിതമാണ്. സ്നേഹിക്കാൻ കഴിയുന്ന ഹൃദയമാണ്. അതുകൊണ്ട് സ്വാതന്ത്ര്യം ഉത്തരവാദിത്തത്തോടുകൂടിയ ജീവിതമാണ്. യേശു പൂർണ്ണമായും സ്വതന്ത്രനായ മനുഷ്യനായിരുന്നു. ജനങ്ങളുടെ താളത്തിനൊത്ത് തുള്ളിയില്ല. അവർ എന്ത് കരുതും എന്നോർത്ത് ഭയപ്പെട്ടില്ല. മതനേതാക്കളുടെ വിമർശനത്തെ ഭയപ്പെട്ടില്ല. രാഷ്ട്രീയ അധികാരത്തിന് കീഴടങ്ങിയില്ല. മരണത്തെ പ്പോലും ഭയപ്പെട്ടില്ല. ഈ ആന്തരിക സ്വാതന്ത്ര്യമാണ് യേശുവിനെ കുരിശിലേക്കു പോലും നയിച്ചത്. ഇതാണ് യേശു പ്രഘോഷിച്ച ദൈവരാജ്യത്തിന്റെ കാതലും. ദൈവരാജ്യത്തിന്റെ ചില പൊടിപ്പുകൾ രാജ്യത്തുടനീളം ചെറിയ പോരാട്ടങ്ങളിലൂടെ പൊട്ടി വിടരുന്നത് ഈ കാലഘട്ടത്തിൽ പ്രതീക്ഷയും സന്തോഷവും നൽകുന്ന കാഴ്ച്ചകളാണ്. അങ്ങനെയുള്ള നല്ല കാഴ്ച്ചകൾ നിലയ്ക്കാതിരി ക്കട്ടെ എന്ന് പ്രതീക്ഷിക്കാം. പരിശുദ്ധ അമ്മ പ്രവചിച്ച പോലെ, ഹൃദയവിചാരത്തിൽ അഹങ്കരി ക്കുന്നവരെ ചിതറിക്കുന്ന, സമ്പന്നരെ വെറും കൈയ്യോടെ പറഞ്ഞയയ്ക്കുന്ന ദൈവം, ശക്തന്മാരെ സിംഹാസനത്തിൽ മറിച്ചിടുന്ന കാലം എത്രയും പെട്ടെന്നു വരട്ടെ എന്ന് ആശംസിക്കാം, പ്രാർത്ഥിക്കാം.