കരുണവൃക്ഷത്തണലില്‍ ലക്ഷങ്ങള്‍

തൃശ്ശൂര്‍ ജൂബിലി മിഷന്‍ സപ്തതിയുടെ നിറവില്‍
കരുണവൃക്ഷത്തണലില്‍ ലക്ഷങ്ങള്‍

എഴുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വൃക്ഷത്തൈ നട്ട് ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യുക എന്നത് കേട്ടുകേള്‍വിയില്ലാത്ത ഒരു പ്രവൃത്തിയാണ്. സാമൂഹിക വനവല്‍ക്കരണമോ വൃക്ഷം നടീല്‍ ഫോട്ടോസെഷനൊ ഒന്നും ഇല്ലാതിരുന്ന കാലത്ത് 1951 ല്‍ തന്റെ പൗരോഹിത്യ രജത ജൂബിലിയോടനുബന്ധിച്ച് രൂപത ആരംഭിക്കുന്ന ആശുപത്രിക്ക് അവിഭക്ത തൃശ്ശൂര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോര്‍ജ് ആലപ്പാട്ട് തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അന്ന് വാച്ച്മാന്‍ ജോലി സ്വീകരിച്ചെത്തിയ കുരിയച്ചിറ നെഹ്‌റു നഗര്‍ സ്വദേശി ചിറയത്ത് വറീത് ജ്യേഷ്ഠനാണ് ഇക്കാര്യങ്ങള്‍ സ്ഥാപനത്തിന്റെ സുവര്‍ണ ജൂബിലി വേളയില്‍ എന്നോട് പറഞ്ഞത്. ബിഷപ്പിന് ആരോ സമ്മാനിച്ച 'കൗറോപീറ്റ' എന്ന (കാനന്‍ ബോള്‍ ട്രീ) സസ്യ നാമമുള്ള 'സര്‍പ്പലിംഗ' മരത്തൈയാണ് നട്ടത്. പ്രഥമ ഡയറക്ടര്‍ മോണ്‍. മാത്യു മുരിങ്ങാത്തേരിയും സെമിനാരി റെക്റ്റര്‍ മോണ്‍. ആന്റണി മാളിയേക്കലും ഈ ചരിത്ര തൈവെപ്പിന് സാക്ഷികളായി അവിടെയുണ്ടായിരുന്നു. ആശുപത്രിയുടെ തെക്ക് പടിഞ്ഞാറായി ഇപ്പോഴും ഈ സ്ഥാപകവൃക്ഷം തറകെട്ടി സംരക്ഷിച്ചിട്ടുണ്ട്. എല്ലാ കാലങ്ങളിലും ഇളംചുവപ്പ് നിറത്തിലുള്ള പൂങ്കുലകളില്‍നിന്ന് ഡെറ്റോളിന് സമമായ സുഗന്ധം ആശുപത്രി പരിസരം ഇപ്പോഴും പരിമളപൂരിതമാക്കുന്നു.

വിന്‍സെന്റ് ഡി പോള്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ ചാപ്റ്ററാണ് ഏതാനും മുറികളോടെ ഒരു പാര്‍ട്ട് ടൈം ഡോക്ടറുമായി ഡിസ്‌പെന്‍സറിയുടെ അന്നത്തെ ചെലവുകള്‍ക്ക് സഹായിച്ചത്. ഡോ. മേനോന്‍, ഡോ. ഫ്രാന്‍സിസ് മുനയത്ത് എന്നിവരായിരുന്നു ദിവസവും ഏതാനും സമയം രോഗികള്‍ക്കായി സമയം നീക്കിവച്ച് സൗജന്യസേവനം നല്‍കിയിരുന്നത്. കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ മിഷനാശുപത്രി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയില്‍ നിന്ന് നേഴ്‌സിംഗില്‍ ബിരുദമെടുത്ത രണ്ട് കന്യാസ്ത്രീകളെത്തി. ജി.എന്‍.എം ഡിപ്ലോമയുള്ള വിദ്യാര്‍ത്ഥിനികളെ പ്രഫഷണല്‍ നേഴ്‌സുമാരാക്കി ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി. ആലപ്പാട്ട് പിതാവിന്റെ ഉറ്റസുഹൃത്തായിരുന്ന ബോംബെ കാര്‍ഡിനല്‍ വലേരിയന്‍ ഗ്രേഷ്യസ് വഴി എം.ബി.ബി.എസ് പരീക്ഷ വിജയിച്ചു നിന്നിരുന്ന പാഴ്‌സി വംശജനായ ഡോ. എച്ച്.എസ്. ഏഡന്‍വാലയുടെ സേവനം തൃശ്ശൂര്‍ ജൂബിലി മിഷനാശുപത്രിക്ക് ലഭ്യമായി. ആഫ്രിക്കന്‍ ഗ്രാമങ്ങളില്‍ വൈദ്യ സഹായം നിര്‍വഹിച്ചിരുന്ന ഡോ. ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സര്‍ എന്ന മിഷണറി ഭിഷഗ്വരന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ആഫ്രിക്കയിലേക്കുള്ള യാത്രക്കൊരുങ്ങിയിരിക്കുകയായിരുന്നു ഡോ. ഏഡന്‍വാല. തൃശ്ശൂര്‍ ബിഷപ്പിന്റെ ആവശ്യമറിഞ്ഞപ്പോള്‍ ഡോ. വാലയുടെ അച്ഛന്‍ തൃശ്ശൂരിനാണ് മുന്‍ഗണന വേണ്ടതെന്ന് മകനോട് ഉപദേശിച്ചുവത്രെ. ഇരുണ്ട ഭൂഖണ്ഡത്തിലേക്ക് വിടാനുള്ള വൈമനസ്യം തൃശൂരിന് അനുഗ്രഹമായി. തീവണ്ടിയിലെത്തിയ ഡോ. ഏഡന്‍വാലയെ മോണ്‍. മുരിങ്ങാത്തേരി തന്നെ പോയി നേരിട്ട് സ്വീകരിച്ചു. ഇത് യുവ ഡോക്ടറെ കാര്യമായി സ്വാധീനിച്ചു. അവര്‍ തമ്മിലുള്ള ഗാഢബന്ധം അച്ചന്റെ മരണം വരെ തുടര്‍ന്നു. അപ്പോഴേക്കും ഡോ. വര്‍ഗ്ഗീസ് പോള്‍, ഡോ. സണ്ണി ജോര്‍ജ്, ഡോ. അച്ചപ്പിള്ള, ഡോ. മിസ്റ്റ്രി, ഡോ. ഗൂള്‍ മിസ്റ്റ്രി, ഡോ. രാംകുമാര്‍, ഡോ. ഉണ്ണി എന്നിവരുടെ ഒരു ടീം രൂപീകരിക്കപ്പെട്ടു കഴിഞ്ഞു. അവരാണ് ജൂബിലിയുടെ സ്ഥാപക ഡോക്ടര്‍മാര്‍. ലോക പ്രശസ്ത മുറിച്ചുണ്ട്-മുറി അണ്ണാക്ക് ചികിത്സകനായ ഡോ. ഏഡന്‍വാലയുടെ അന്നത്തെ ശമ്പളം മുന്നൂറ് രൂപ മാത്രമായിരുന്നു. ഇവര്‍ ആരും വേതനത്തിനുവേണ്ടി ജോലിചെയ്തവരായിരുന്നില്ല. മുളകൊണ്ട് നിര്‍മ്മിച്ച ആശുപത്രിയുടെ 24 മണിക്കൂര്‍ ഗേറ്റ് കീപ്പര്‍ മുതല്‍ ഫിസിഷന്‍, സര്‍ജന്‍, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷന്‍, ഓര്‍ത്തോപീഡീഷന്‍, തുടങ്ങിയ എല്ലാ ഡിപ്പാര്‍ട്‌മെന്റിലും ഡോ. ഏഡന്‍വാല ഓടിനടന്ന് ജോലി ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പുറമെ ഒരാശുപത്രിയും ഏറ്റെടുക്കാന്‍ തയ്യാറല്ലാത്ത തീപൊള്ളല്‍ വിഭാഗത്തിനും അദ്ദേഹം തന്നെയാണ് സ്‌പെഷല്‍ വിഭാഗം ആരംഭിച്ചത്. ഇത്തരത്തിലൊരു വിഭാഗം സംസ്ഥാനത്ത് തന്നെ ആദ്യമായിരുന്നു. പുഴുങ്ങിയ ഉരുളക്കിഴങ്ങിന്റെ തൊലി ഉപയോഗപ്പെടുത്തി ഡോക്ടറുടെ ഭാര്യ മിസ്സിസ് ഗുള്‍നാള്‍ തയ്യാറാക്കിയ ഇത്തരം രോഗികള്‍ക്കുള്ള ബാന്‍ഡേജ് പ്ലാസ്റ്റിക് സര്‍ജറി ലോകം രാജ്യാന്തര തലത്തില്‍ ചര്‍ച്ച ചെയ്തു. അതിവേഗസൗഖ്യവും ചുരുങ്ങിയ ചെലവുമായിരുന്നു ഇതിന്റെ സവിശേഷത. ഇതിന്നിടെ അന്താരാഷ്ട്ര പ്ലാസ്റ്റിക് സര്‍ജറി കോണ്‍ഫ്രന്‍സിന്റെ ഏഷ്യാ പെസിഫിക് ചീഫ് ആയും അദ്ദേഹം സേവനം ചെയ്തു. 90 വയസ് വരെയും രാവിലെ ഏഴ് മണി മുതല്‍ വാര്‍ഡിലും ശസ്ത്രക്രിയ തിയറ്ററിലും അദ്ദേഹം സജീവമായിരുന്നു. തീ പൊള്ളല്‍ ചികിത്സ തീര്‍ത്തും സൗജന്യവുമായിരുന്നു. സാധാരണ ആശുപത്രികള്‍ പ്രവേശനം നല്‍കാത്ത പാമ്പുവിഷചികിത്സ ഇതേസമയം ഡോ. വര്‍ഗീസ് പോളിന്റെ നേതൃത്വത്തില്‍ അതിപ്രശസ്തമായ നിലയില്‍ നടക്കുന്നുണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന 'പെരിട്ടോണിയല്‍ ഡയാലിസിസ്' വരെ ചെയ്ത് രോഗികളെ അദ്ദേഹം രക്ഷിക്കുമായിരുന്നു.

പ്രാരംഭവര്‍ഷങ്ങളില്‍ ജൂബിലി മിഷന് ജനം സമ്മാനിച്ച പേരാണ്, 'നമ്മുടെ മിഷനാശുപത്രി' എന്ന പേര്. പണമില്ലാത്തതിന്റെ പേരില്‍ ഇവിടെ ആര്‍ക്കും ചികിത്സ ലഭിക്കാതിരിക്കാന്‍ പാടില്ല എന്ന് സ്ഥാപക ഡയറക്ടര്‍ മോണ്‍. മുരിങ്ങാത്തേരിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആ നല്ല സമറിയക്കാരന്‍ ഒരിക്കലും ഡയറക്ടറുടെ കസേരയിലിരുന്നല്ല ഭരിച്ചിരുന്നത്. വാര്‍ഡുകളില്‍ ചുറ്റിക്കറങ്ങി പാവപ്പെട്ടവര്‍ക്ക് പണം, ഭക്ഷണം എന്നിവ വിതരണം ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ ഭരണം. ഈ ശാസ്ത്രശാഖ ആധുനിക മാനേജ്‌മെന്റ് ബിരുദപാഠപുസ്തകത്തില്‍ ഇല്ലെന്ന് തോന്നുന്നു. പാവപ്പെട്ടവരുടെ ആശുപത്രി എന്ന പേര് പഴയ തലമുറ ഒരിക്കലും മറക്കില്ല. ഡോക്ടര്‍മാര്‍ക്ക് ശമ്പളം കൊടുക്കാന്‍ മറ്റ് ചില സ്ഥാപനങ്ങളില്‍പോയി വായ്പ വാങ്ങിയാണ് അച്ചന്‍ കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. അന്നത്തെ ഡോക്ടര്‍മാര്‍ കൂടുതല്‍ പണം ഒരിക്കലും ചോദിച്ചിരുന്നില്ല, കാരണം അച്ചനിലൂടെ അവരും പാവങ്ങളുടെ പക്ഷം ചേര്‍ന്നു. കന്യാസ്ത്രി നേഴ്‌സുമാര്‍ കഞ്ഞിയും മുളകുപൊടി ചമ്മന്തിയും കൊണ്ട് തൃപ്തിയടഞ്ഞു. രോഗീശുശ്രൂഷക്കായി ഓടിനടക്കുന്നതിനിടയില്‍ മരണപ്പെട്ട സിസ്റ്റര്‍ നേഴ്‌സുമാരെ അനുസ്മരിക്കാതെ സപ്തതിചരിത്രം പൂര്‍ണ്ണമാകുകയില്ല. സിസ്റ്റര്‍ പ്രീമ, സിസ്റ്റര്‍ മത്തിയാസ് എന്നിവര്‍ രോഗികളെ പരിചരിക്കുന്നതിനിടയിലുണ്ടായ ചില സാഹചര്യങ്ങളില്‍ ജീവന്‍ സമര്‍പ്പിച്ചവരാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് കഴിഞ്ഞാല്‍ 1950 കളില്‍ ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടന്നിട്ടുള്ളത് ജൂബിലി മിഷനാശുപത്രിയിലാണ്.

2003-ല്‍ ഒരു മെഡിക്കല്‍ കോളേജായി രൂപാന്തരം പ്രാപിച്ച സ്ഥാപനത്തില്‍ വൈദ്യശാസ്ത്രത്തിലെ എല്ലാ വിഭാഗങ്ങളും ഉപ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരത്തിമുന്നൂറോളം രോഗികളെ കിടത്തി ചികിത്സിക്കാനുള്ള ഭൗതിക സാഹചര്യവുമുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് ബിരുദമെടുത്ത ലേഖകന്‍ മാതൃ മെഡിക്കല്‍ കോളേജിന്റെ മാതൃകയാണ് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലും നടപ്പിലാക്കിയത്. ജീവന്റെ സംരക്ഷകരായ പ്രോലൈഫ് ഡോക്ടര്‍മാരുടെ ഗര്‍ഭഗൃഹമാണ് ജൂബിലി മിഷന്‍. മെഡിക്കല്‍ കോളേജിന്റെ വളര്‍ച്ചയില്‍ രണ്ടാം ഘട്ടത്തില്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ച ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്തിന്റെ സേവനം ശ്രദ്ധേയമായിരുന്നു. പ്രഥമ രക്ഷാധികാരി ബിഷപ്പ് ആലപ്പാട്ട് നല്‍കിയ നാലര ഏക്കര്‍ സ്ഥലവും പ്രാരംഭധനമായി മുരിങ്ങാത്തേരിയച്ചന് സമ്മാനിച്ച അറുന്നൂറ് രൂപയും ഇന്ന് നൂറുമേനി വിളവ് നല്‍കിയിരിക്കുന്നു. തുടര്‍ന്നു സ്ഥാനമേറ്റ രക്ഷാധികാരികള്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ് കുണ്ടുകുളം, ആര്‍ച്ച്ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി, ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ബിഷപ്പ് മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയങ്ങളാണ്. ശൈശവദശയില്‍ ഈ മഹാ സേവന വൃക്ഷത്തെ സംരക്ഷിച്ചു മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ സ്വയം വ്യയം ചെയ്ത മോണ്‍. ജോസഫ് മുരിങ്ങാത്തേരിയേയും ഡോക്ടര്‍മാര്‍ക്ക് മാതൃകയായി സേവനമനുഷ്ഠിച്ച ഡോ. എച്ച്.എസ് ഏഡന്‍വാലയേയും നമസ്‌ക്കരിച്ച്, 'സ്‌നേഹത്തോടെയുള്ള സേവനം' എന്ന ആപ്തവാക്യം സ്വീകരിച്ച 'നമ്മുടെ മിഷനാശുപത്രി' പാവങ്ങളുടെ പക്ഷംചേര്‍ന്ന് മുന്നേറട്ടെ എന്ന് ആശംസിക്കുന്നു.

(ലേഖകന്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിന്റെ സ്ഥാപക ഡയറക്റ്ററാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org