ഫാ. ടോം ഓലിക്കരോട്ട്
"നട്ടുച്ചനേരത്തു കിണറിന്റെ തീരത്തു
വെള്ളത്തിനായി ഞാന്‍ കാത്തിരിപ്പൂ, നാരീ
ഒരു പാത്രം ദാഹജലം നീ എനിക്ക് നല്കൂ…"
യാക്കോബിന്റെ കിണറ്റിന്‍കരയില്‍നിന്ന് സമരിയാക്കാരി സ്ത്രീയോട് നസറായനായ യേശു നടത്തിയ ദൈവിക വെളിപാടിന്റെ ആഴമോ അര്‍ത്ഥമോ മനസ്സിലാക്കാന്‍ പ്രായമാകുംമുമ്പേ മനസ്സില്‍ പതിഞ്ഞ ഗാനശകലമാണിത്. മലയാള ഭക്തിഗാനങ്ങളില്‍ ചിരപ്രതിഷ്ഠനേടിയ അനശ്വരഗാനങ്ങളിലൊന്ന് എന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. പക്ഷെ, ഗാനത്തേക്കാള്‍ കാലാതിവര്‍ത്തിയായ ഈ സുവിശേഷഭാഗത്തിന്റെ സന്ദേശത്തെ ഇതിനെ ഹൃദയത്തിലേറ്റിയ തലമുറകള്‍ മനസ്സിലാക്കിയോ എന്നത് ആത്മീയമേഖലയില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നുണ്ട്.
നാലു സുവിശേഷകന്മാരിലും വച്ച് ഏറ്റവും സൂക്ഷ്മവും ഉന്നതവുമായ ക്രിസ്തുവിജ്ഞാനീയം (ഒശഴവ ഇവൃശേെീഹീഴ്യ) അവതരിപ്പിക്കുന്നതിനാലാണ് യോഹന്നാന് പരുന്തിന്റെ ചിഹ്നം നല്കിയത്. പക്ഷിവര്‍ഗ്ഗത്തിലേറ്റവും ഉയരത്തില്‍ പറക്കുന്നതും സൂക്ഷ്മമായ കാഴ്ചയുള്ളതും പരുന്തിനാണ് എന്നതാണല്ലോ സങ്കല്‍പം. കോവിഡ് മഹാമാരി നിശ്ചലമാക്കിയ വര്‍ത്തമാനകാല ആത്മീയതയ്ക്ക് നിശ്ചയമായും കൃത്യമായൊരു ദിശാസൂചന നല്‍കുന്നുണ്ട്, സമരിയക്കാരുടെ പട്ടണമായിരുന്ന സിക്കാറില്‍ പൂര്‍വപിതാവായ യാക്കോബിന്റെ പേരിലറിയപ്പെട്ട കിണറ്റിന്‍കരയില്‍ വച്ചു ദൈവപുത്രന്‍ ഒരു മനുഷ്യസ്ത്രീ യോട് നടത്തുന്ന സുദീര്‍ഘമായ സംഭാഷണ ഭാഗം (യോഹ. 4:1-42). ഒരുപക്ഷെ. സമരിയാക്കാരിയുടെ സദാചാരജീവിതത്തിനു ചുറ്റും കറങ്ങിനടക്കുന്നതിനപ്പുറം വേണ്ടവിധം ചര്‍ച്ചചെയ്യാനുള്ള ധൈര്യം ക്രൈസ്തവ സമൂഹം കാണിക്കാത്ത സുവിശേഷഭാഗമെന്നും ഇതിനെ വിശേഷിപ്പിക്കാം. വേണ്ടതിലുമധികം പ്രകടനപരവും, ഉപരിപഌവും അനുഷ്ഠാനബദ്ധവുമായിപ്പോയ നമ്മുടെ ക്രിസ്തീയ ആത്മീയതയെ അതിന്റെ ആഴങ്ങള്‍ വീണ്ടെടുക്കാനും ഇതുവരെ ശീലിച്ചുപോന്ന അനുഷ്ഠാന കേന്ദ്രീകൃതമായ ആത്മീയത നിശ്ചലമായതിനാല്‍, വിശ്വാസം തന്നെ തീര്‍ന്നു എന്ന് ആകുലപ്പെടുന്നവരെ ശക്തിപ്പെടുത്താനും ഈ സുവിശേഷഭാഗത്തിന്റെ സൂക്ഷ്മ വായനയും കൃത്യമായ വ്യാഖ്യാനവും സഹായിക്കുമെന്നതില്‍ സംശയമില്ല.
സ്ഥലബദ്ധമോ അനുഷ്ഠാന കേന്ദ്രീകൃതമോ അല്ലാത്ത ഒരു ആരാധനാകാലത്തിന്റെ ഉണര്‍ത്തുപാട്ടും ആരാധിക്കാന്‍ ഇടം നഷ്ടപ്പെട്ടതിന്റെ തപ്തസ്മരണകളില്‍ നീറുന്നവര്‍ക്കുള്ള സൗഖ്യസ്പര്‍ശവുമായി വേണം ചരിത്രപരമായ ഒരു വീക്ഷണകോണില്‍നിന്നും ഈ ഭാഗത്തെ വ്യാഖ്യാനിക്കുമ്പോള്‍ മനസ്സിലാക്കാന്‍. ദേവാലയങ്ങള്‍ നഷ്ടമായ മൂന്ന് ജനസമൂഹത്തെ യേശുവിന്റെ വാക്കുകള്‍ അഭിസംബോധന ചെയ്യുന്നുണ്ട്. അതിലാദ്യത്തേത്, സമരിയാക്കാരി സ്ത്രീ പ്രതിനിധാനം ചെയ്യുന്ന ബി.സി. 400-ല്‍ യഹൂദരാല്‍ ദൈവാലയം നശിപ്പിക്കപ്പെട്ടതിന്റെ നൊമ്പരം പേറുന്ന സമരിയന്‍ ജനതയാണ്. രണ്ടാമതാകട്ടെ, നസ്രായന്റെ ഓര്‍മകളെ തൂലികയില്‍ പകര്‍ത്തുന്ന യോഹന്നാന്‍ ഉള്‍പ്പെടുന്ന യഹൂദ ലോകത്തിന്റെ ഏക ആരാധനാ കേന്ദ്രമായ ജറുസലേം ദൈവാലയം എ.ഡി. 70-ല്‍ റോമാക്കാര്‍ തകര്‍ത്തതിന്റെ നഷ്ടബോധത്തെയും. മൂന്നാമത്, സിനഗോഗുകളില്‍ നിന്നും സാമൂഹിക ഇടങ്ങളില്‍ നിന്നും നസ്രത്തിലെ യേശു, ക്രിസ്തുവാണെന്നു ഏറ്റുപറഞ്ഞതിന്റെ പേരില്‍ ബഹിഷ്‌കൃതരാകുന്ന ആദിമ സഭയെയുമാണ് സാന്ത്വനപ്പെടുത്തുന്നതും സ്ഥല ബദ്ധമല്ലാത്ത ഒരു ആരാധനയിലേക്കു ക്ഷണിക്കുന്നതും.
ഭൂതകാലത്തില്‍ മാത്രം ഒതുക്കാവുന്നതല്ല സമരിയക്കാരിയുമായുള്ള യേശു നടത്തുന്ന സംഭാഷണത്തിന്റെ സന്ദേശം. അത് നിശ്ചയമായും മത തീവ്രവാദങ്ങളുടെ കടന്നാക്രമണത്തില്‍ ദൈവാലയങ്ങള്‍ നഷ്ടമാകുന്ന വര്‍ത്തമാനകാലത്തെ ക്രൈസ്തവര്‍ക്കുള്ള ശക്തിപ്പെടുത്തല്‍കൂടിയാണ്. 'ജലിീെ മ ഒമഴശമ ടീുവശമ ങ്കു ീെിീ ാീഹീേ മററീഹീൃമീേ' ഞാന്‍ ഹാഗിയ സോഫിയയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതീവദുഃഖിതനാണ്." സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവില്‍നിന്നു ഫ്രാന്‍സിസ് പാപ്പായുടെ ക്ഷീണിച്ച വാക്കുകളില്‍ ലോകമെങ്ങും ഇസ്ലാമിക ഭീകരതമൂലം വേരറ്റുപോകുന്ന ക്രൈസ്തവ സം സ്‌കാരത്തെക്കുറിച്ചും തകര്‍ക്കപ്പെടുന്ന ബഹുശതം ദൈവാലയങ്ങളെക്കുറിച്ചുമുള്ള ആകുലതയും ചെറുക്കാന്‍ കഴിയാത്തവന്റെ നിസ്സഹായതയുമുണ്ട്. ഹാഗിയ സോഫിയ വെറും ഒരു പള്ളി മാത്രമായിരുന്നില്ല; ഇരുപതു നൂറ്റാണ്ടു പഴക്കമുള്ള ക്രൈസ്തവ കലയുടെയും സംസ്‌കാരത്തിന്റെയും സമ്മോഹനമായ അവ ശേഷിപ്പായിരുന്നു. ലോകമെങ്ങുമുള്ള ചരിത്രബോധമുള്ള ക്രൈസ്തവരെ അതിന്റെ അപഹരണം ഇത് തീവ്രമായി വേദനിപ്പിച്ചതിന്റെ കാരണവും മറ്റൊന്നല്ല. അപ്പോള്‍, നമ്മുടെ കാലത്തെയും അഭിസംബോധന ചെയ്യുന്ന കാലാതിവര്‍ത്തിയായ സുവിശേഷ സന്ദേശമാണ് ഇതിലുള്ളത്.
സമാശ്വാസത്തിന്റെ ആ കൃപ കാലത്തെക്കുറിച്ചാണ് അവിടുന്ന് പറയുന്നത്, "സ്ത്രീയെ എന്നെ വിശ്വസിക്കുക. ഈ മലയിലോ (ഗെരിസീം) ജെറുസലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു" (യോഹ. 4:22). ഹൃദയസ്പര്‍ശിയായ ഈ വിവരണത്തിന്റെ മര്‍മ്മഭാഗം എന്ന് വിശേഷിപ്പിക്കാവുന്നത്: "പ്രോസിക്യുനെയ്‌സിന് തോ പാത്രി എന്‍ പെനോവമെത്തി കായ് അലൈത്തിയിയ" എന്ന വരികളാണ് (4:24). ഭൂരിപക്ഷം പരിഭാഷകളിലും, "ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന" എന്നാണ് ഇത് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഗ്രീക്ക് ഭാഷയില്‍ പ്രചാരത്തിലുള്ള നാമം നാമവിശേഷണമായി ഉപയോഗിക്കുന്ന ഒലിറശമറ്യ െഎന്ന ഭാഷാ പ്രയോഗമാണ് (ളശഴൗൃല ീള ുെലമരവ) ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്ന് പണ്ഡിതമതമുണ്ട്. അങ്ങനെ ചിന്തിക്കുമ്പോള്‍ – പ്ന്യൂമാറ്റി – ആത്മാവില്‍, അലെത്തിയിയ- സത്യത്തില്‍, എന്ന വാക്കുകള്‍ ആരാധനയുടെ (ജൃീസ്യൌിലശശെി) വിശേഷങ്ങളായി മനസ്സിലാക്കാം. അപ്പോള്‍ 'സത്യമായും അഥവാ യഥാര്‍ത്ഥമായും ആത്മാവില്‍ ആരാധിക്കുന്ന – ൃtuഹ്യ ുെശൃശൗേമഹ ംീൃവെശു എന്ന് വേണം പരിഭാഷപ്പെടുത്താന്‍.
ഈ പരിഭാഷ ഈ വാക്യത്തിന് തൊട്ടുമുന്‍പുള്ള വാക്യവുമായി സമരസപ്പെടുന്നുമുണ്ട്. 'ദൈവം ആത്മാവാണ്, അവിടുത്തെ ആരാധിക്കുന്നവര്‍ സത്യമായും ആത്മാവിലാണ് ആരാധിക്കേണ്ടത്.' നസ്രായന്റെ ഹിതം ഇവിടെ സുവ്യക്തമാണ്, അത് ആരാധന സ്ഥലത്തെക്കുറിച്ചുള്ള അപ്രമാദിത്വ തര്‍ക്കങ്ങളിലും അവയുടെ തകര്‍ച്ചയെക്കുറിച്ചുള്ള നഷ്ടബോധത്തിലും ആത്മീയാനുഭവങ്ങള്‍ നഷ്ടമാകുന്ന മനുഷ്യരെ, ആര്‍ക്കും തകര്‍ക്കാനോ പിടിച്ചെടുക്കാനോ കഴിയാത്ത അവന്റെ ഉത്ഥിതഗാത്രമാകുന്ന യഥാര്‍ത്ഥ ദൈവാലയത്തെക്കുറിച്ചു ഓര്‍മ്മിപ്പിക്കലാണ്. നമ്മുടെ സമകാലിക സമൂഹത്തോടും നസ്രായന് ഓര്‍മ്മിപ്പിക്കാനുള്ളത് ഇത് തന്നെയാണ്. ആരാധനയ്ക്ക് സ്ഥലമല്ല പ്രധാനം. നസ്രായനായ യേശു എന്ന യുഗാന്ത്യോന്മുഖ ദൈവാലയമാണ് അതിന്റെ കേന്ദ്രം. അതിനാല്‍ ആരാധനയുടെ ആത്മാവിനേക്കാള്‍ അതിന്റെ ബാഹ്യചമത്കാരങ്ങള്‍ക്കു മുന്‍ തൂക്കം നല്‍കുന്ന ഈ തലമുറയിലെ ആരാധകര്‍ വീണ്ടുവിചാരപ്പെടേണ്ടതുണ്ട്.
ഇനി പ്രതിപാദിക്കുന്നത് ആരാധനയെ സ്ഥലബദ്ധമാക്കുന്ന – ഗരിസീം കുന്നും സീയോന്‍ മലയും – പുനര്‍നിര്‍മിക്കുന്ന വര്‍ത്തമാനകാല വക്രതയെകുറിച്ചാണ്. യഥാര്‍ത്ഥ ആരാധന ആത്മാവിലാണെന്നും, അങ്ങനെയുള്ള ആരാധകരെയാണ് പിതാവ് അന്വേഷിക്കുന്നതെന്നും ദൈവപുത്രന്‍ തന്നെ വെളിപ്പെടുത്തിയിട്ടും, പഴയ നിയമ ജനതയുടെ അതെ ദുരവസ്ഥയിലേക്കു സ്ഥലബദ്ധമായി മാത്രം ആരാധനയെ കാണുന്ന അപകടത്തിലേക്കാണ് വര്‍ത്തമാനകാല കത്തോലിക്കാ സമൂഹം എത്തിനില്ക്കുന്നത്. ഈ പറയുന്നത് നമ്മുടെ ദൈവാലയങ്ങള്‍ക്കെതിരായാണെന്നു തെറ്റി വായിക്കരുത്. ഇത് വര്‍ദ്ധിതമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ അത്ഭുതകേന്ദ്രങ്ങളിലും ആള്‍ദൈവങ്ങളിലും അധിഷ്ടിതമായ ആത്മീയതയുടെ വാണിജ്യവത്കരണത്തിനെതിരെയാണ്. സ്ഥായിയായ ഒരു വിശ്വാസ അനുഭവമോ, പരിശീലനമോ നല്‍കുന്നതിന് പകരം, ലാട വൈദ്യന്മാരുടെ ഒറ്റമൂലി പ്രയോഗം പോലെ ഏതു പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരം കിട്ടുന്ന ചില ഒറ്റമൂലികളിലൂടെ (അരമണിക്കൂര്‍ ബൈബിള്‍ വായിക്കുക, ആയിരത്തൊന്നു തവണ വചനം എഴുതുക, മുപ്പത്തിമൂന്നു തവണ വിശ്വാസപ്രമാണം ചൊല്ലുക, ഇത്ര തവണ അതെ സ്ഥലത്തു ധ്യാനം കൂടുക, അവരുടെ മാസികകള്‍ പ്രചരിപ്പിക്കുക തുടങ്ങി നിരവധി. ഇതൊന്നും അതിനാല്‍ തന്നെ മോശമാണെന്നല്ല മറിച്ചു ഇങ്ങനെയൊക്കെ ചെയ്താല്‍ എന്തു കാര്യവും സാധിക്കുമെന്ന കപട വാഗ്ദാനം ആണ് തെറ്റ്. ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കാന്‍ വീശ്വാസിയെ ഒരുക്കുന്നതല്ലേ യഥാര്‍ത്ഥ ആത്മീയത?) നശ്വരമായ അപ്പം ഭക്ഷിക്കുന്നതിനുവേണ്ടി മാത്രം ദൈവത്തെ തേടുന്ന ഒരു സമൂഹമാക്കി നമ്മുടെ ജനത്തെ മാറ്റിയതിനു എന്ത് സമാധാനം പറയും.
കാര്യസാധ്യത്തിനും പ്രശ്‌ന പരിഹാരത്തിനും രോഗസൗഖ്യത്തിനും സാമ്പത്തിക പുരോഗതിക്കും മാത്രം ദൈവത്തെ കൂട്ടുപിടിക്കുന്നതും, ഏതെങ്കിലും ചില കേന്ദ്രങ്ങള്‍ക്ക് അത്ഭുതസിദ്ധിയുണ്ടെന്നു പ്രചരിപ്പിക്കുന്നതും, അവ കേന്ദ്രീകരിച്ചു അക്രൈസ്തവ മതങ്ങളിലേതു പോലെ സാധാരണ മനുഷ്യര്‍ക്ക് സംലഭ്യര്‍ അല്ലാത്ത ആള്‍ദൈവങ്ങളെ വളര്‍ത്തുന്നതും, (ചില അത്ഭുത മനുഷ്യരെ വരേണ്യവര്‍ഗത്തിന് മാത്രമേ അടുത്ത് കാണാനാകൂ എന്ന് അസൂയാലുക്കളുടെ അടക്കം പറച്ചിലുമുണ്ട്) മനുഷ്യന്റെ സാമാന്യ ബുദ്ധിയെ പരിഹസിക്കുന്ന അത്ഭുതസാക്ഷ്യങ്ങളുടെ വീഡിയോകള്‍ ഇറക്കി ആളെ കൂട്ടുന്നതും കത്തോലിക്കാ സഭയുടെ സത്യവിശ്വാസത്തോട് ചേര്‍ന്ന് പോ കുന്നുണ്ടോ? ഇത്തരം ഇന്‍സ്റ്റന്റ് പരിഹാരങ്ങളില്‍ ആശ്രയിച്ചതു വഴിയല്ലേ കോവിഡ് മഹാമാരിയുടേയും പ്രളയങ്ങളുടെയും പ്രകൃതിദുരന്തങ്ങളുടേയും പശ്ചാത്തലത്തിലുള്ള യുക്തിവാദികളുടേയും അരാജകത്വവാദികളുടേയും ദുരുപധിഷ്ഠിതമായ ചോദ്യങ്ങള്‍ക്കു നമ്മുടെ വിശ്വാസത്തിനു കൃത്യമായ ഉത്തരം ഇല്ലാതെ പോയത്. അനുദിനം, 'കാതോലികം' എന്ന വിശേഷണത്തിന്റെ സാന്ദ്രത നഷ്ടപ്പെട്ടു പെന്തകോസ്റ്റല്‍ പ്ര സ്ഥാനങ്ങളുടെ ഇരുളുകളിലേക്കു വഴുതിവീഴുന്ന കേരള സഭ ആകുലപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്.
നിശ്ചയമായും ഒരു തിരുത്തല്‍ ആവശ്യമുള്ള കാലത്താണ് നാം ജീവിക്കുന്നത്. വിവേകത്തിന്റെ തിരുത്തല്‍ സ്വരങ്ങളെ സംഘടിതശേഷിയുടെ പേരില്‍ പരിഹസിച്ചു അവസാനിപ്പിക്കുകയോ, നിശബ്ദമാക്കുകയോ അല്ല കാമ്യമായത്. ആരാധനയും ദൈവാന്വേഷണവും സ്ഥലബദ്ധമാണെന്നു തെറ്റിദ്ധരിച്ചു സീയോന്‍ കുന്നും ഗെരിസീം മലയും പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങളാണ് തിരിച്ചറിയപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതും. അത്ഭുതസി ദ്ധിയുള്ള, ആള്‍ദൈവങ്ങളെയും അവര്‍ വളര്‍ത്തുന്ന ആത്മീയകേന്ദ്രങ്ങളെയും തേടിപ്പായുന്ന ഉത്തരാധുനിക കത്തോലിക്ക ആത്മീയശൈലി വിശ്വാസത്തിന്റെ ഏറ്റവും ദുര്‍ബലവും വികൃതവുമായ മുഖമാണെന്നു തിരിച്ചറിയണം. ഇരുപതില്‍പ്പരം നൂറ്റാണ്ടുകള്‍ സകല വൈതരണികളെയും അതി ജീവിച്ച് ഇവിടെ കത്തോലിക്കാ വിശ്വാസം വളര്‍ന്നത് ഇത്തരം വിദ്യകളുടെയോ, സമൃദ്ധിയുടെ പ്രഘോഷണങ്ങളുടെയോ പിന്‍ബലത്തിലായിരുന്നില്ലല്ലോ. അതുകൊണ്ട് എല്ലാ ദൈവാലയങ്ങളുടെയും ബലിപീഠങ്ങളില്‍ അര്‍പ്പിക്കപ്പെടുന്നവനും സക്രാരികളില്‍ ഓര്‍മയുടെ നിത്യവസന്തമായി വസിക്കുന്നതും ഒരേ നസ്രായനായ യേശു തന്നെയാണെങ്കില്‍ അത്ഭുത കേന്ദ്രങ്ങളെയും അതിമാനുഷരെയും തേടി നടക്കുന്ന അബദ്ധം എന്തിന് ആവര്‍ത്തിക്കണമെന്ന് ഓരോ വിശ്വാസിയും സ്വയം ചോദിക്കേണ്ടതുണ്ട്. ഒപ്പം ഇടവക കേന്ദ്രികൃതവും കൂദാശാധിഷ്ഠിതവുമായ ഒരാത്മീയത വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇടവകയെന്നാല്‍ ഇകാലത്തെ പല അജപാലകരുടെയും വ്യഗ്രതപോലെ നിര്‍മിച്ചു കൂട്ടേണ്ട കെട്ടിട ശ്രേണികളും അനുബന്ധ സ്ഥാപനങ്ങളുമല്ല മറിച്ച്, അതീവ ജാഗ്രതയോടെ വളര്‍ത്തിയെടുക്കേണ്ട വിശ്വാസികളുടെ കൂട്ടായ്മയും സാഹോദര്യത്തിന്റെ ഊഷ്മളതയുമാണ്. ആ കൂട്ടായ്മയിലാണ് ഉത്ഥിതന്‍ സ്വയം സംലഭ്യനാക്കുന്നതും വസിക്കുന്നതും. അതുകൊണ്ടു കോവിഡാനന്തര ആത്മീയത ഇടവക കേന്ദ്രീകൃതമായ കൂട്ടായ്മയുടേതാകട്ടെ. ആള്‍ക്കൂട്ടത്തിന്റെയും ആരവത്തിന്റെയും ആത്മീയത നശിപ്പിക്കപ്പെടാവുന്ന സീയോന്‍ കുന്നും ഗരിസീം മലയും പുനര്‍ നിര്‍മിക്കലാണെന്നു തിരിച്ചറിയാനാകട്ടെ.