

ഗ്രാമത്തിന്റെ ഓർമ്മയിൽ പൊൻതരിയായി അത് ഇപ്പോഴും തിളങ്ങുന്നു. പണ്ട് പണ്ട് തവിട്ടു വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരൻ ഓരോരോ വീടുകൾ കയറിയിറങ്ങി അതിൽ പാർക്കുന്നവരോട് ഇങ്ങനെ പറഞ്ഞു: “കർത്താവ് നിങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ. കർത്താവ് തിരുമുഖം നിങ്ങളുടെമേൽ പ്രകാശിപ്പിച്ചു നിങ്ങളോടു കരുണ കാണിക്കട്ടെ. കർത്താവ് തിരുമുഖം നിങ്ങളുടെ നേരെ തിരിച്ചു നിങ്ങൾക്കു സമാധാനം നല്കട്ടെ. ”
ഒരു ചർമ്മപടത്തിൽ സംഖ്യയുടെ പുസ്‌തകത്തിൽ നിന്നത് (Numbers 6:24-26) പകർത്തിയെഴുതി ആത്മമിത്രമായ ലിയോയെ ഏൽപ്പിച്ചിട്ടുണ്ട്. ആത്മവിശ്വാസം ഉലയുമ്പോൾ തന്റെ കാതിലതോതണമെന്നും ചട്ടം കെട്ടി. അതിപ്പോഴും അവശേഷിക്കുന്നു.
എന്തോരം ആലോചിച്ചിട്ടും ഇറ്റലിയിലെ ആ ഗ്രാമത്തിന്റെ പേര് തടയുന്നില്ല. അന്തരീക്ഷത്തിൽ നിന്നത് മാഞ്ഞു പോവാതിരിക്കാൻ അവിടെ രൂപപ്പെട്ട ഒരു ആചാരമുണ്ട്.
ഒക്ടോബർ 4 ആണ് പുണ്യാളന്റെ തിരുനാൾ. ആ ദിവസം അവർ പതിമൂന്നാം നൂറ്റാണ്ടിലേക്ക് തിരിച്ചു നടക്കും. വസ്ത്രങ്ങളൊക്കെ ആ കാലത്തിലെന്ന പോലെ അണിഞ്ഞ് ഓരോരോ ഇടങ്ങളിൽ കൊട്ടി വിളിച്ച് ഇങ്ങനെ പറഞ്ഞ് ആലിംഗനം ചെയ്യും: Pax et Bonum, ശാന്തിയും നൻമയും.
ജീവിതം ഏകാഗ്രമാകുമ്പോൾ മനുഷ്യർ ഉച്ചരിക്കുന്ന ചെറുമന്ത്രങ്ങൾക്കു പോലും വല്ലാത്ത മുഴക്കമുണ്ടാകും. മരണാസന്നനായ ആ കുഞ്ഞിന്റെ കാര്യത്തിൽ സംഭവിച്ചത് അതാണ്. ഫ്രാൻസിസ് കുഞ്ഞിനെ തൊട്ടു പ്രാർത്ഥിച്ച് ഇങ്ങനെ പറഞ്ഞു, ‘O Buona Ventura’ - നല്ലതു ഭവിക്കട്ടെ. കുട്ടി സുഖം പ്രാപിച്ചു. ആ ശുഭാശംസ വൈകാതെ കുഞ്ഞിന്റെ പേരുതന്നെയായി. പണ്ഡിതനായ ബൊനവെഞ്ചർ എന്ന പുണ്യവാന്റെ കഥയാണ് പറഞ്ഞുവന്നത്. നമ്മുടെ നിവിൻ പോളിയുടെ വല്യപ്പച്ചന്റെ പേര് ബൊനവെഞ്ചർ ആണെന്ന് അടുത്തയിടെ എങ്ങോ കണ്ടു. ആലുവായിലെ ആദ്യകാല ഫോട്ടോഗ്രാഫർ മാരിൽ ഒരാളായിരുന്നു അദ്ദേഹം. പൊതുവേ നമുക്ക് അപരിചിതമായ ആ പേരിനു പിന്നിലും ഇതുപോലൊരു കഥ ചേർത്തിരുന്നു. ചെറുപ്പത്തിലേ കുഞ്ഞുങ്ങൾ മരിച്ച ഒരമ്മയുടെ ആശങ്കയിൽ, പിന്നെ പിറന്ന കുട്ടിക്ക് ഇടവകവികാരി നിർദേശിച്ച പേരായിരുന്നു അത്. ശുഭാശംസകളിൽ നിന്ന് എന്തത്ഭുതമാണ് സംഭവിക്കാത്തത്!
മനുഷ്യർ ചില നേരങ്ങളിൽ അതു വല്ലാതെ കൊതിക്കുന്നുണ്ടാവും. കല്പറ്റ നാരായണൻ തന്റെയൊരു കഥാപാത്രത്തേക്കുറിച്ച് പറയുന്നതു പോലെ, ഒരു തെരുവുനായ ആലിംഗനം ചെയ്താൽ പ്പോലും എത്ര നന്നായേനെ എന്ന മട്ടിൽ മനസ്സു മടുക്കുന്ന നേരങ്ങളിലാണ് പറഞ്ഞുപതിഞ്ഞ ചെറിയ പദങ്ങൾക്കു വരെ എത്ര അഴകുണ്ടെന്ന് നമുക്ക് വെളിപ്പെടുന്നത്.
Bonne Chance എന്ന ഫ്രഞ്ച് ഹ്രസ്വചിത്രം കാണൂ. വല്ലാതെ ഉടഞ്ഞ ഒരു സ്ത്രീ പുലരിയിൽ തെരുവിലൂടെ അലയുകയാണ്. അവൾ അഭിമുഖീ കരിച്ച ആദ്യത്തെ യാൾ നിസ്സംഗമായി അവളെ ഒഴിവാക്കുന്നു. അതുകൊണ്ട് എന്തു മാറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്നാണ് അയാൾ തർക്കിക്കുന്നത്. സന്തുഷ്ടരായി പോകുന്ന ഒരു പുരുഷനോടും സ്ത്രീയോടും അവളതു പിന്നെയും ആവശ്യപ്പെടുന്നുണ്ട്. “എന്തിനാണത്” എന്നായിരുന്നു സ്ത്രീയുടെ മറുചോദ്യം. “എനിക്കതു പറഞ്ഞു തരാനാവുന്നില്ല. എങ്കിലും ഇപ്പോൾ അതെനിക്ക് ആവശ്യമുണ്ട്” എന്ന് അവൾ. “അതു വെളിപ്പെടുത്താനായില്ലെങ്കിൽ എനിക്കു നിന്നോടതു പറയാനും താല്പര്യ മില്ല” എന്നു പറഞ്ഞ് വളരെ വേഗത്തിൽ അവർ വഴുതിപ്പോയി. അങ്ങനെ ഓരോരുത്തർ അവളെ അവഗണിച്ചും മുഖം വെട്ടിച്ചും കടന്നുപോകുന്നു. ഒടുവിൽ പരിക്ഷീണിതയായ അവൾ ഒരിടത്തു വെറുതെയിരിക്കുന്നു. അപ്പോൾ അതുവഴി കടന്നുപോകുന്ന ഒരാൾ അവളെ നോക്കി പുഞ്ചിരിച്ച് അവൾ കെഞ്ചിച്ചോദിച്ചിരുന്ന ആ വാക്ക് പതുക്കെ പറയുന്നു, ബെൻ ഷോസ് - Good luck. അവളുടെ കൈയിൽ ഭാഗ്യനിർഭാഗ്യ ങ്ങളുടെ ഒരു സ്ക്രാച് കാർഡ് അപ്പോൾ ഉണ്ടെന്നുകൂടി നമ്മൾ ശ്രദ്ധിക്കുന്നുണ്ട്.
ആശീർവാദത്തേക്കുറിച്ച് മതിപ്പുള്ള ഏതൊരാളും വായിച്ചിരിക്കേണ്ട ഒന്ന് പിയർ പഡേർവന്റെ The Gentle Art of Blessing എന്ന പുസ്തകമാണ്. സെയിൻ്റ് പോൾസിലുണ്ടാവണം. ഞാനൊരു പുണ്യവാനോ ജ്ഞാനിയോ വയോധി കനോ ഒന്നുമാകേണ്ട ലോകത്തെ ആശീർ വദിക്കുവാൻ. വെറുതേ അപരനോടുള്ള അടിസ്ഥാന മമതയും ഹൃദയാർജ്ജവവും മാത്രം മതി.
ഏതൊക്കെ ജാലകങ്ങളാണ് അതു തുറന്നുതരുന്നത്. കൃതജ്ഞത, പ്രചോദനം, ശുഭപ്രതീക്ഷ, ആനന്ദം, നൈർമല്യം, ഉണർവ്... അങ്ങനെയ ങ്ങനെ. ഒരു കലയാണ് ആശീർവാദമെന്നു തന്നെയാണ് എഴുത്തുകാരൻ പറയാൻ ശ്രമിക്കുന്നത്. ഏതു കലയും നിരന്തര സാധന കൊണ്ടു മാത്രമാണ് ബലപ്പെടു ന്നത്. അയാൾ എല്ലാത്തിനേയും ആശീർവദിക്കുകയാണ്. ഒരു തടവറയ്ക്കു വെളിയിലൂടെ പോകുമ്പോൾ അയാൾ മതിൽക്കെട്ടിനകത്തെ മനുഷ്യർക്ക് നിഷ്കളങ്കതയും സ്വാതന്ത്ര്യവും ആശംസി ക്കുന്നു. ഒരു ആതുരാലയത്തിനരികിലൂടെ പോകുമ്പോൾ സഹനത്തിലും അവർ സമഗ്രത അനുഭവിക്കട്ടെയെന്ന്. ലുത്തിനിയ പോലെ അതു നീളുന്നുണ്ട്.
ഒടുവിലത് ഇങ്ങനെയായിരുന്നു. എപ്പോഴത്തേയും പോലെ. അരനാഴിക യുടെ അവസാന മിടിപ്പാണ്. എന്റെ മൂത്തയാൾ, സഹോദരൻ ബർണാർഡ് അടുത്ത് വാ. ഞാൻ നിന്നെ അനുഗ്രഹിക്കട്ടെ. അയാൾ തന്റെ വിനയത്തിൽ മറ്റൊരാൾക്ക് കൂടുതൽ അതിനർഹതയുണ്ടെന്നു കരുതി വഴുതി മാറി. ഏതാണ്ട് അന്ധതയോളമെത്തിയ ഫ്രാൻസിസ് എന്നിട്ടും അത് മനസ്സിലാക്കി: അല്ല ഇത് ബ്രദർ ബർണാർഡ് അല്ല. പിന്നെ കൈ നീട്ടി അയാളെ തന്നെ ആലിംഗനം ചെയ്തു: May the Father of our Lord Jesus Christ bless thee with all spiritual blessings in heavenly places in Christ!
ഏതിടത്തിൽ ചെന്നാലും അതിനെ ആശിർവദിക്കണമെന്ന് അനുശാസിച്ച ഒരാളുടെ തുടർച്ചയാണിത്.