കോവിഡ് സ്മൃതികളിലൂടെ…

സി. അലിന്‍ പോള്‍ പാണാട്ട് എസ്.ഡി.
സെന്റ് ജോസഫ് ഹോസ്പിറ്റല്‍, ഗാന്ധിധാം, പി.ഒ. കച്ച്, ഗുജറാത്ത്-370 203

സി. അലിന്‍ പോള്‍
സി. അലിന്‍ പോള്‍

വൃക്ഷങ്ങളില്‍നിന്ന് പഴുത്ത ഇല കൊഴിഞ്ഞുവീഴുന്നത് സ്വാഭാവികമായി നാം കാണുന്നു. എന്നാല്‍ അകാലത്ത് പച്ചിലകള്‍ കൊഴിഞ്ഞുവീഴുന്നത് നമ്മുടെ മനസ്സില്‍ ചോദ്യമുണര്‍ത്തും. അകാലത്തില്‍ കൊഴിയുന്ന പച്ചിലകള്‍പോലെ നമ്മുടെ സൗഹൃദങ്ങളില്‍നിന്ന്, കുടുംബങ്ങളില്‍നിന്ന്, എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ചോരത്തിളപ്പോടെ ഓടിനടന്ന, അനേകം കുടുംബങ്ങളുടെ താങ്ങുംതണലുമായിരുന്ന ഒരുപാടു യുവജനങ്ങള്‍ കോവിഡ് എന്ന മഹാവൈറസിന്റെ ആക്രമണത്തില്‍ കൊഴിഞ്ഞു വീഴുന്നത് ഉലയാത്ത ഹൃദയത്തോടെ കാണുവാന്‍ ദൈവത്തിലുറപ്പിച്ച കണ്ണുകള്‍ക്കേ സാധിക്കൂ. ഈ മഹാരോഗം ലോകത്തെ നിശ്ചലമാക്കി; മാ നവരാശിയുടെ ജീവിതത്തിന്റെ താളംതെറ്റിച്ചു; നിര്‍വികാരജീവിത ക്രമങ്ങളിലേയ്ക്ക് നയിച്ചു. മരണം നമ്മുടെ കാല്‍ച്ചുവട്ടില്‍ എന്ന ഭയം മനുഷ്യകുലത്തെ ആശങ്കാകുലമാക്കി. നമ്മുടെ സൗഹൃദകൂട്ടായ്മകള്‍, ആഘോഷങ്ങള്‍ ഇല്ലാതായി. ആരാധനാലയങ്ങളും വിദ്യാലയങ്ങളും അടഞ്ഞു. വൃദ്ധ ജനങ്ങള്‍ വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി. കോവിഡിന്റെ ആദ്യഘട്ടം വിദേശരാജ്യങ്ങളെ അതികഠിനമായി ആക്രമിച്ചപ്പോള്‍ ഈ അവസ്ഥ ഇന്ത്യയ്ക്കു വന്നാല്‍ അതു താങ്ങാന്‍ ഇന്ത്യയ്ക്കാവില്ല എന്ന് നമുക്കവര്‍ മുന്നറിയപ്പു തന്നിരുന്നു. ആ ഭീകര കടമ്പയും നമ്മള്‍ താങ്ങാനാവാത്ത നൊമ്പരങ്ങളോടെ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു.

കോവിഡിന്റെ ആക്രമണം പ്രത്യേകിച്ച് രണ്ടാം തരംഗം അതിശക്തമായ ഗുജറാത്തില്‍ ഗാന്ധിധാം സെന്റ് ജോസഫ് ഹോസ്പ്പിറ്റല്‍ ഒരു കോവിഡ് ചികിത്സാലയമാക്കിയിരിക്കുകയാണ്. ഇവിടത്തെ 92 കിടക്കകളും കോവിഡ് രോഗികള്‍ക്കായി എടുത്തു. ഗവണ്‍മെന്റിന്റെയും ഉദാരമതികളായ ജനത്തിന്റെയും സഹായത്തോടെ ചികിത്സയ്ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇവിടെ ക്രമീകരിക്കാനായി. അതുകൊണ്ട് വളരെ കുറഞ്ഞ ചെലവിലും അര്‍ദ്ധ സൗജന്യമായും സൗജന്യമായും ചികിത്സ നല്കി ഏറെ സഹോദരങ്ങളെ രക്ഷിക്കാനായി. ഡോക്‌ടേഴ്‌സും മറ്റെല്ലാ സ്റ്റാഫും ഭയം കൂടാതെ പരസ്പരം ശക്തിപ്പെടുത്തി രംഗത്തേയ്ക്കിറങ്ങി. വരുന്ന ഓരോ രോഗിയും ദൈവകരങ്ങളില്‍ വിലപ്പെട്ടവരാണെന്നറിഞ്ഞുതന്നെ ഞങ്ങളോരോരുത്തരും പ്രവര്‍ത്തിച്ചു. ജാതിമതഭേദമെന്യേ ഓരോ രോഗിയുടെ അടുക്കലും പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉയര്‍ന്നു. എല്ലാവരും ആ പ്രാര്‍ത്ഥനകളില്‍ പങ്കു ചേര്‍ന്നു. മുടങ്ങാതെ ഓരോ ദിവസവും ലഭിച്ച വിശുദ്ധ ബലിയനുഭവം അതിരില്ലാത്ത കാരുണ്യവും ശക്തിയും ഞങ്ങളില്‍ നിറച്ചു. ഇങ്ങനെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും അന്തരീക്ഷത്തിലും ഉത്ക്കണ്ഠാകുലവും ഭീതിദവും ഒട്ടൊക്കെ നിസ്സഹായത നിറഞ്ഞതുമായ ശുശ്രൂഷാനുഭവമാണ് ഞാനിവിടെ പങ്കുവയ്ക്കുന്നത്.

കണ്ണില്‍പ്പെടാത്ത ഒരു വൈറസ്സിനു മുന്നില്‍ പിടഞ്ഞു തീരാനുള്ളതേ ഉള്ളൂ മനുഷ്യജീവിതം: കൂട്ടിവച്ചിരിക്കുന്ന പണംകൊണ്ട് ജീവിതം തിരിച്ചുപിടിക്കാനാവില്ല. സ്വന്തബന്ധങ്ങള്‍ അകലങ്ങളിലാകുന്നു; ക്ഷമിച്ചും പൊറുത്തും സഹകരിച്ചു ജീവിച്ചാല്‍ തളരുന്ന സമയത്ത് താങ്ങായി ദൈവത്തിന്റെ കരങ്ങള്‍ പോലെ, മാലാഖമാരെപോലെ ആരെങ്കിലുമൊക്കെ ചുറ്റിലുമുണ്ടാകും. അകലെ എന്നു തോന്നുമ്പോഴും ഏറ്റം അടുത്തായിരിക്കുന്ന ദൈവത്തെ നമുക്ക് ദര്‍ശിക്കാം, സ്പര്‍ശിക്കാം.

കഴിഞ്ഞ ഏഴെട്ടുമാസമായി കൊറോണ രോഗികളോടൊത്തായിരുന്നു എന്റെ ജീവിതം. ആദ്യ ഘട്ടത്തില്‍ അധികം കവര്‍ന്നത് വൃദ്ധജീവിതങ്ങളെ ആയിരുന്നു. പ്രായമായ അച്ഛനമ്മമാര്‍ ഒരുപാട് ആത്മവിശ്വാസത്തോടെ ചിരിക്കുന്ന മുഖവുമായി കടന്നുവരും; വേഗം സുഖമായി കൊച്ചുമക്കളുടെ അടുക്കല്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയോടെ. പള്‍സോക്‌സിമീറ്ററില്‍ ചുവന്ന അക്ഷരങ്ങള്‍ നമ്മളോടു പറയും ഓക്‌സിജന്‍ ലവല്‍ താഴുന്നു, പതുക്കെ നമ്മള്‍ തിരിച്ചറിയും പ്രതീക്ഷയ്ക്കു വകയില്ല എന്ന്. ഓക്‌സിജന്‍ മാസ്‌ക് വയ്ക്കുമ്പോള്‍ അവര്‍ അസ്വസ്ഥരാകും. പിടിവാശികാണിക്കും. കലഹിക്കും. ചികിത്സകളോടു സഹകരിക്കുകയി ല്ല. ചുരുക്കം ചിലര്‍ സഹക രിക്കും, ചിരിച്ചു വന്നവര്‍ പതുക്കെ ഗൗരവത്തിലാകും. മുഖഭാവങ്ങള്‍ മാറിമറിയും. സാവധാനം മരണത്തിനു കീഴടങ്ങും. പ്രിയപ്പെട്ടവരുടെ സാന്നിധ്യമില്ലാത്ത മരണങ്ങള്‍. തങ്ങള്‍ വിശ്വസിച്ച മതത്തിന്റെ അന്ത്യവിധികള്‍ ഏറ്റുവാങ്ങാന്‍ ആകാതെ നിശ്ചലമാകുന്ന ജീവിതങ്ങള്‍. അവസാനം അണു നാശിനിയില്‍ മുക്കിയ വെള്ളത്തുണിയില്‍ പൊതിഞ്ഞ് ഡത്തുബാഗില്‍ കയറ്റി തങ്ങളുടെ ആരുമല്ലാത്തവര്‍ കൊണ്ടുപോയി കത്തിച്ച് ചാരമാകുന്നു.

2020-ല്‍ കണ്ട കോവിഡല്ല 2021-ല്‍ നമ്മള്‍ കണ്ടത്; അല്ല കാണുന്നത്. മനുഷ്യജീവിതങ്ങളെ ജീവന്മരണസംഘര്‍ഷത്തിന്റെ മുനയില്‍ നിര്‍ത്തി ക്രൂരമായി പിഴു തെടുത്തുകൊണ്ടുപോകുന്നത് നമ്മള്‍ കണ്ടു. തങ്ങള്‍ കോവിഡ് പോസിറ്റീവാണെന്നറിഞ്ഞ് തളര്‍ന്ന മനസ്സും ഭീതിനിറഞ്ഞ കണ്ണുകളുമായി ആശുപത്രിയില്‍ വന്നുനില്ക്കുന്ന ഓരോരുത്തര്‍ക്കും ഒരേ ഒരു ചോദ്യമേ ഉള്ളു ഞാന്‍ രക്ഷപ്പെടുമോ സിസ്റ്റര്‍? തങ്ങളുടെ പ്രിയപ്പെട്ടവരുടെ രോഗസ്ഥിതി അന്വേഷിച്ചെത്തുന്നവരുടെയും അകലെ നിന്ന് ഫോണ്‍ ചെയ്യുന്നവരുടെയും ഭയാകുലമായ ചോദ്യങ്ങള്‍ നമ്മളെയും ചകിതരാക്കും.

ഹോസ്പിറ്റലിലും ഗാന്ധിധാമിലും സേവനമനുഷ്ഠിക്കുന്ന സഹോദരിമാര്‍
ഹോസ്പിറ്റലിലും ഗാന്ധിധാമിലും സേവനമനുഷ്ഠിക്കുന്ന സഹോദരിമാര്‍

രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍, താഴ്ന്ന ഓക്‌സിജന്‍ ലെവലുമായി വന്ന കുറെയേറെ യുവജനങ്ങളെ ശുശ്രൂഷിക്കാനായത് പുണ്യമായി ഇന്നോര്‍ക്കുകയാണ്. ഒരുനാള്‍ ഇവര്‍ കരുതി ഇതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ല എന്ന്. പിന്നീടുള്ള തിരിച്ചറിവ് അവര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നതിലും ഭീതിദമാണ്. ഹൃദയവും മനസ്സും പൂര്‍ണ്ണമായി തന്റെ പ്രിയ രോഗികള്‍ക്കായി സമര്‍പ്പിച്ച ഏതൊരു നേഴ്‌സിന്റെയും ആഗ്രഹം തന്നെ ഏല്പിച്ചവരില്‍ ഒരുവന്‍പോലും നഷ്ടപ്പെടരുത് എന്നാണ്. ഈ ആഗ്രഹം ഒരത്യാഗ്രഹവും ജ്വരവുമായി എനിക്കു മാത്രമല്ല എന്നോടൊപ്പം ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഉണ്ടായിരുന്നു. Oxygen supply യുടെ flow meter അതിന്റെ മാക്‌സിമത്തില്‍ വച്ചിട്ടും ശരീരത്തിനാവശ്യമായ ഓക്‌സിജന്‍ കിട്ടാതെ ഞാന്‍ രക്ഷപ്പെടുമോ എന്ന ചോദ്യവുമായി പിടയുന്ന രോഗികളുടെ പരിഭ്രാന്തി കണ്ടു നില്ക്കാനാവില്ല. തങ്ങളുടെ വിധി മനസ്സിലാക്കി നിശബ്ദമായി മരണത്തെ സ്വീകരിച്ചവരും ധാരാളം. വൈദ്യ ശാസ്ത്രം കൈവിട്ടു എന്നു പറഞ്ഞ് ഡോക്‌ടേഴ്‌സ് ഇറങ്ങിപ്പോകുമ്പോള്‍ രോഗികളുടെ കരം മുറുകെ പിടിച്ച് എല്ലാം ദൈവത്തിനു വിട്ടുകൊടുക്കുക. അവനാണ് അവസാനം അതിലുപരി ഒന്നുമാവില്ലായെന്നു പറഞ്ഞ് ഇറങ്ങേണ്ടി വരുമ്പോള്‍ ഞങ്ങളുടെ കണ്ണുകളും നിറഞ്ഞൊഴുകും. അവരിലെ പരിഭ്രാന്തിയും അസ്വസ്ഥതയും നിസ്സഹായതയും ചില നിമിഷങ്ങളില്‍ ഞങ്ങളെയും ആവരണം ചെയ്തിരുന്നു. അവസാനനിമിഷം വരെ രോഗത്തോട് പടപൊരുതി തങ്ങള്‍ രക്ഷപ്പെടുമെന്നുമാത്രം വിശ്വസിച്ചവര്‍ പിന്നെ വിധിക്ക് കീഴടങ്ങേണ്ടി വരുന്നു.

സങ്കടം നിറഞ്ഞ മനസ്സുമായി മരണത്തെ മുഖാമുഖം കണ്ട് യാത്ര ചെയ്ത ഒരുപാടു ജീവിതങ്ങളെ ശുശ്രൂഷിക്കുവാന്‍ ഭാഗ്യം കിട്ടി. എങ്ങും എത്താത്ത മക്കളെക്കുറിച്ചുള്ള ഓര്‍മ്മകള്‍, ചെറുപ്പക്കാരായ ജീവിതപങ്കാളിയെക്കുറിച്ചുള്ള സങ്കടം, ചെറുപ്പക്കാരായ മക്കളുടെ മാതാപിതാക്കളുടെ നഷ്ട ദുഃഖം, ഭാര്യാഭര്‍ത്താക്കന്മാരുടെ തീരാത്തവ്യാധി, കുഞ്ഞുങ്ങളുടെ നിസ്സഹായമായ നോട്ടം, എല്ലാറ്റിനുമുപരി രോഗികളുടെ ഹൃദയ നൊമ്പരങ്ങളും തേങ്ങലുകളും ജീവന്‍ പിടിച്ചുനിര്‍ത്താനുള്ള ബദ്ധപ്പാടുകള്‍ ഇവയെല്ലാറ്റിനോടും ചേര്‍ന്ന് ഞങ്ങളും യാത്ര ചെയ്തു. അവരുടെ സങ്കടങ്ങളും നിസ്സഹായതയും ജീവിക്കാനുള്ള ത്വര യും കണ്ടറിഞ്ഞു. ബോധം മറയുംവരെ അവരുടെ കണ്ണുകള്‍ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. തങ്ങള്‍ ഈ ലോകത്തുനിന്ന് വിടവാങ്ങുകയാണ് എന്ന് അവര്‍ തിരിച്ചറിയുന്ന നിമിഷം ഏറെ ദയനീയമാണ്.

രോഗികളെക്കാള്‍ ദയനീയാവസ്ഥയിലാണ് പുറത്തും അകലെയുമായി അവരെ കാത്തിരിക്കുന്നവര്‍. ഇവരുടെ ഉത്കണ്ഠകളും ഭയവും കലര്‍ന്ന അന്തമില്ലാത്ത ചോദ്യങ്ങള്‍ക്ക് പലപ്പോഴും നമുക്ക് ഉത്തരം ഉണ്ടാവില്ല. ഒരു ഓക്‌സിജന്‍ കിടക്കയ്ക്കു വേണ്ടിയുള്ള അവരുടെ യാചന, പരക്കംപാച്ചില്‍, അഡ്മിഷന്‍ കിട്ടാതെ തിരിച്ചുപോകുന്നവരുടെ നിസ്സഹായാവസ്ഥ, നിരന്തരം വന്നുംപോയുമിരിക്കുന്ന ആംബുലന്‍സിന്റെ ശബ്ദം, ഒരു രോഗി വെന്റിലേറ്ററില്‍ നിന്നിറങ്ങിയിട്ട് തങ്ങളുടെ പ്രിയപ്പെട്ടവരെ കയറ്റാനുള്ള കാത്തിരിപ്പ് എല്ലാം ചിലപ്പോള്‍ നിര്‍വികാരതയോടെ നോക്കി നില്‍ക്കേണ്ടിവന്നിട്ടുണ്ട്. അച്ഛന്‍ മരിച്ചത് വിശ്വസിക്കാനാവാതെ എന്റെ പപ്പയെ വെന്റിലേറ്ററില്‍ ഇടാന്‍ പറഞ്ഞ് കാലില്‍ കെട്ടിപ്പിടിക്കുന്ന 14 വയസ്സുകാരിയോട് എന്ത് പറയാനാണ്? ഇന്നു രാവിലെ വരെ കുഴപ്പമില്ലാതിരുന്നവര്‍ ഇപ്പോള്‍ എങ്ങനെ മരിച്ചു എന്ന അലര്‍ച്ചയുടെ പ്രതിധ്വനി ഹൃദയത്തില്‍ നിന്ന് എന്നു മായാനാണ്? വൈദ്യശാസ്ത്രം കൈവിട്ടിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ജീവിതങ്ങളും ഏറെയുണ്ട്. യാദവ് എന്ന ചെറുപ്പക്കാരന് ICU വില്‍ കിടക്ക കിട്ടിയില്ല; മുറിയില്‍ 15 ലിറ്റര്‍ ഓക്‌സിജനില്‍ 12 ദിവസം കിടത്തി പിന്നെ കുറച്ചും കൂട്ടിയുമൊക്കെയായി ആ മകന്‍ രക്ഷപ്പെട്ടത് വീട്ടുകാര്‍ ആഘോഷമാക്കി. ഡോക്ടര്‍ പ്രതീക്ഷയ്ക്കു വകയില്ലെന്നു തള്ളിയ ശ്രീദേവി ആരോ ചെയ്ത പുണ്യകര്‍മ്മത്തിന്റെ ഫലംപോലെ തിരിച്ചു വന്നു. ദൈവം ഇറങ്ങിവന്ന് തങ്ങളെ സ്പര്‍ശിച്ചു എന്ന് ഇങ്ങനെ രക്ഷപ്പെട്ട അനേകം ജീവിതങ്ങള്‍ തിരിച്ചറിയുകയാണ്.

ഗാന്ധിധാം സെന്റ് ജോസഫ് ഹോസ്പിറ്റല്‍
ഗാന്ധിധാം സെന്റ് ജോസഫ് ഹോസ്പിറ്റല്‍

കോവിഡില്‍ മരിച്ചുവീണ സഹോദരങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ചത് ആശുപത്രി അനുഭവത്തെക്കാള്‍ ഹൃദയഭേദകമായിരുന്നു. ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ട യുവവിധവകള്‍ ആരും കടന്നു ചെല്ലാത്ത വീടുകള്‍ക്കുള്ളില്‍ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും ചേര്‍ത്തുപിടിച്ച് ഇരിക്കുകയാണ്. ഉറക്കമില്ലാത്ത രാത്രികള്‍, രാത്രി ഞെട്ടി ഉണരുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരേ ഒരാവശ്യം എനിക്ക് എന്റെ പപ്പയെ വേണം. അമ്മമാര്‍ക്ക് ഒരുത്തരമേ ഉള്ളൂ, "daddy is always with you." കൊറോണയെ മനുഷ്യരില്ലാത്തിടത്തേയ്ക്ക് ഓടിക്കാന്‍ വഴി തേടുകയാണ് ചിലര്‍. ആ മുഖങ്ങളില്‍ ആരോടൊക്കെയോ ഉള്ള പക തെളിയുന്നതുപോലെ. അവരുടെ ഹൃദയങ്ങളില്‍ പ്രത്യാശയുടെ കിരണം തെളിക്കുക എന്നത് നമ്മുടെ ഒരു വലിയ ഉത്തരവാദിത്വമാണ്, വലിയ തണല്‍മരമായി നിന്നിരുന്നവര്‍ കടപുഴകി കോവിഡ് എന്ന പെരുവെള്ളത്തില്‍ ഒഴുകിപ്പോയത്, മുത്തച്ഛനും മുത്തശ്ശിയും രക്ഷപ്പെട്ടു എന്നാല്‍ ഹര്‍ഷ് എന്ന 27 കാരന്‍ നഷ്ടപ്പെട്ടത്, മാതാപിതാക്കള്‍ വിളികേള്‍ക്കാപ്പുറത്തായത് ഇങ്ങനെ നഷ്ടദുഃഖങ്ങളുടെ പെരുമഴയില്‍ വിറങ്ങലിച്ചു നില്ക്കുമ്പോള്‍, ദൈവമേ നിന്റെ കരുണയല്ലാതെ മറ്റെന്തിവര്‍ക്കാശ്രയം, ഞങ്ങള്‍ക്ക് ആശ്രയം.

ആശുപത്രിയില്‍ രോഗികളുടെ എണ്ണം കുറഞ്ഞു, മുറികള്‍ ഓരോന്നായി അടഞ്ഞു തുടങ്ങി, എങ്കിലും ഇതിന്റെ വരാന്തകളിലൂടെ നടക്കുമ്പോള്‍ ജീവിക്കാന്‍ ആഗ്രഹിച്ച, ജീവിതം കൊതിച്ച ഒരുപാടുപേരുടെ മുഖങ്ങള്‍ തെളിഞ്ഞു നില്ക്കുന്നു. മൗനമായി അവര്‍ സംസാരിച്ച കാര്യങ്ങള്‍, അവരുടെ കണ്ണുകളിലെ ദയനീയത, രക്ഷപ്പെടാനും ജീവിക്കാനുമുള്ള ആഗ്രഹം, അവസാനം നിസ്സഹായമായ കീഴടങ്ങല്‍ ഇവയ്‌ക്കൊക്കെ സാക്ഷിയായത് എന്ന് മനസ്സില്‍നിന്നു മറയും. രക്ഷപ്പെടുത്തണം എന്ന് തീവ്രമായി ആഗ്രഹിച്ച്, അല്ല അത്യാഗ്രഹിച്ച് ശുശ്രൂഷിച്ച ജീവിതങ്ങള്‍ കൈവെള്ളയില്‍നിന്ന് വെള്ളം ഒലിച്ചിറങ്ങുന്നതുപോലെ ഒലിച്ചുപോയി. ഇതിനെല്ലാം ദൈവത്തോടല്ലാതെ മറ്റാരോടു കലഹിക്കാന്‍? നമ്മുടെ ഈ തീവ്രാനുഭവത്തിലും അവിടന്ന് വെളിപ്പെടുത്താനിരിക്കുന്ന നന്മയെ പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം. മുന്നറിയിപ്പു നല്കപ്പെട്ടിട്ടുള്ള മൂന്നാംതരംഗത്തെ അവിടത്തെ കരം മുറുകെ പിടിച്ചു തന്നെ നമുക്ക് അഭിമഖീകരിക്കാം.

കോവിഡ് 19 കുറെയേറെ പാഠങ്ങള്‍ നമുക്ക് പകര്‍ന്നുതന്നു. കണ്ണില്‍പ്പെടാത്ത ഒരു വൈറസ്സിനു മുന്നില്‍ പിടഞ്ഞുതീരാനുള്ളതേ ഉള്ളൂ മനുഷ്യജീവിതം: കൂട്ടിവച്ചിരിക്കുന്ന പണംകൊണ്ട് ജീവിതം തിരിച്ചുപിടിക്കാനാവില്ല. സ്വന്തബന്ധങ്ങള്‍ അകലങ്ങളിലാകുന്നു; ക്ഷമിച്ചും പൊറുത്തും സഹകരിച്ചു ജീവിച്ചാല്‍ തളരുന്ന സമയത്ത് താങ്ങായി ദൈവത്തിന്റെ കരങ്ങള്‍ പോലെ, മാലാഖമാരെപോലെ ആരെങ്കിലുമൊക്കെ ചുറ്റിലുമുണ്ടാകും. അകലെ എന്നു തോന്നുമ്പോഴും ഏറ്റം അടുത്തായിരിക്കുന്ന ദൈവത്തെ നമുക്ക് ദര്‍ശിക്കാം, സ്പര്‍ശിക്കാം.

അവസാനമായി എന്റെ ദൈവത്തോട് ക്ഷമാപണം. നിശബ്ദമായി ഞാന്‍ നിന്നോട് എറെ കലഹിച്ചിട്ടുണ്ട്. ഞാന്‍ ശുശ്രൂഷിച്ച എന്റെ പ്രിയപ്പട്ടവര്‍ക്കുവേണ്ടി അവര്‍ രക്ഷപ്പെടണം എന്ന അത്യാര്‍ത്തി കൊണ്ട്. കാരണം അവരുടെ കണ്ണുകളിലെ നിസ്സഹായതകളും പ്രിയപ്പെട്ടവരുടെ രോദനങ്ങളും പലപ്പോഴും താങ്ങാവുന്നതിലധികമായിരുന്നു. പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടെന്ന പോലെ ഞാനങ്ങയോട് ന്യായവാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്, ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്, വെല്ലുവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്. നീയാണ് അവരുടെ പിതാവ് എന്നും സ്രഷ്ടാവ് എന്നും മറന്നുപോയ നിമിഷങ്ങളുണ്ട്. നീ അവരെ സ്‌നേഹിക്കുന്നതിലധികമായി ഞാന്‍ അവരെ സ്‌നേഹിച്ചിട്ടില്ലെന്ന് ഞാന്‍ അറിയുന്നു. ആത്മാക്കളുടെ യഥാര്‍ത്ഥ കാവല്‍ക്കാരന്‍ നീ തന്നെ; കാരണം, ഓരോ ആത്മാവിനും വേണ്ടി നീ കൊടുത്ത വില പുത്രന്റെ തിരുച്ചോരയുടെ വിലയല്ലേ. ഭൂമിയിലെ ഒരാത്മാവിനു വേണ്ടി ഈജിപ്തും എത്യോപ്യയും സേബായും മോചനദ്രവ്യമായി കൊടുക്കുന്നവന്‍; (ഏശയ്യ 43:3) നിന്നോടു കലഹിച്ചും പിറു പിറുത്തും ദേഷ്യപ്പെട്ടും അഹങ്കാരിയായി വെല്ലുവിളികള്‍ ഉയര്‍ത്തി നടന്നപ്പോഴും മറന്നു പോയ ഒരു സത്യമുണ്ട്. നിന്റെ പ്രിയപ്പെട്ട മക്കളുടെ ജീവന്‍ സം രക്ഷിക്കുവാന്‍ എന്നെ ഉപകരണമാക്കിയപ്പോള്‍ നിരന്തരം ഈ വയറസ്സു നിറഞ്ഞ അന്തരീക്ഷത്തില്‍ ജീവിച്ചപ്പോഴും നിന്റെ നെഞ്ചോട് ചേര്‍ത്ത് പൊതിഞ്ഞുപിടിച്ചത് ഞാന്‍ മറന്നുപോയി. ജീവന്റെ വിലയെത്ര അമൂല്യമാണെന്ന് തിരിച്ചറിഞ്ഞ നാളില്‍ എന്റെ ജീവന്‍ നിന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചതിന് എന്തുവാക്കില്‍ ഞാന്‍ നന്ദി പറയും?

നമ്മുടെ ആഗോള കത്തോലിക്കാസഭയില്‍നിന്ന് കോവിഡ് തുടങ്ങിയകാലം മുതല്‍ മരണമടഞ്ഞ പുരോഹിതരെ വേദനയോടെതന്നെ നമ്മുടെ ഓര്‍മ്മയില്‍ വയ്‌ക്കേണ്ടതാണ്. പരിശുദ്ധ പിതാവും മെത്രാന്മാരും മൃതശരീരങ്ങളുടെ അരികിലിരുന്ന് വിതുമ്പുന്ന ചിത്രങ്ങള്‍ നാം നിസ്സാരമായി കാണരുത്. വൈദിക-സന്ന്യാസ ദൈവവിളികള്‍ അന്യംനിന്നു പോകുന്ന അല്ലെങ്കില്‍ വെല്ലുവിളികള്‍ ഏല്ക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇന്നു സഭ നില്ക്കുന്നത്. ഒരു ശിശു അമ്മയുടെ ഉദരത്തില്‍ പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുന്നത് ഒമ്പതു മാസംകൊണ്ടാണ്. അതുപോലെ തിരുസഭയാകുന്ന അമ്മയുടെ പരിശീലനക്കളരിയില്‍ ഒരു വൈദികന്‍ രൂപപ്പെടുന്നതിന് ഏറ്റവും കുറഞ്ഞത് 12- 15 കൊല്ലങ്ങളെങ്കിലുമെടുക്കും. അതിനുശേഷം തിരുസഭയുടെ വിവധങ്ങളായ കര്‍മ്മരംഗങ്ങളില്‍ സേവനം അനുഷ്ഠിച്ച് സ്വസ്ഥജീവിതത്തിലേയ്ക്ക് പ്രവേശിച്ചവര്‍, കര്‍മ്മനിരതരായിരുന്നവര്‍, ശുശ്രൂഷാരംഗങ്ങളില്‍ പ്ര ശോഭിച്ചു തുടങ്ങിയ ചുറുചുറുക്കുള്ള യുവവൈദികര്‍ ഒക്കെ കോവിഡ് രോഗം കവര്‍ന്നെടുത്തവരുടെ ലിസ്റ്റില്‍പ്പെടുന്നു. ഇത് തിരുസഭയ്ക്ക് തീരാനഷ്ടമാണ്. മാമ്മോദീസാ മുതല്‍ നമ്മുടെ ആത്മീയ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും നമുക്ക് പുരോഹിതന്റെ സാന്നിധ്യം വേണം. അവസാനം നിത്യഗേഹത്തിലേയ്ക്കുള്ള യാത്രയ്ക്കും പരോഹിതന്‍ വേണം. അതു കൊണ്ട് നമ്മുടെ ഓര്‍മ്മകളില്‍ നിന്ന് പ്രാത്ഥനകളില്‍ നിന്ന് അവരെ മാറ്റി നിര്‍ത്താതിരിക്കാം. രക്തസാക്ഷികളുടെ ചുടുനിണം വീണുവളര്‍ന്ന സഭയില്‍ ഈ വൈദികരുടെ മരണത്തിന് രക്ത സാക്ഷിത്വത്തിന്റെ വിലയുണ്ടെന്നു പറയാം. ഈ രോഗത്തിലൂടെ നേരിടേണ്ടി വരുന്ന അന്തിമ നിമിഷങ്ങളുടെ കാഠിന്യത്തില്‍ ബോധപൂര്‍വ്വം അവര്‍ ചെയ്യുന്ന സമര്‍പ്പണം അത്രമാത്രം ശുദ്ധവും രക്തസാക്ഷിത്വ തുല്യവുമായിരുന്നിരിക്കണം. സഭ കര്‍ത്താവിന്റേതാണ്. അത് യുഗാന്ത്യംവരെ ഈ ഭൂമിയിലുണ്ടാകും. എങ്കിലും ജനനം മുതല്‍ മരണംവരെ നമ്മുടെ ജീവിതത്തെ അനുധാവനം ചെയ്യുന്ന ആത്മീയപാലകരെ ഈ മഹാമാരിയുടെ കാലത്ത് നമുക്ക് പ്രത്യകം ഓര്‍ക്കാം, തിരുസഭയ്ക്കായി പ്രാര്‍ത്ഥിക്കാം. "ബലിപീഠത്തില്‍ കൂടു ചമയ്ക്കും. പ്രാവുകണക്കെ തിരുസഭ നില്‍പൂ. കൂടുതകര്‍ത്താ പ്രാക്കളെയല്ലാം കുരുതി കഴിക്കാന്‍ സര്‍പ്പമണഞ്ഞു. കര്‍ത്താവേ നിന്‍ ദിവ്യനിണത്താല്‍ നേടിയ സഭയെ കൈവെടിയല്ലേ." കര്‍ത്താവേ, അങ്ങയുടെ അജപാലകരെ ഈ മഹാമാരിയുടെ കാലത്ത് പൊതിഞ്ഞു സൂക്ഷിക്കണമേ. ആമ്മേന്‍.

(സമാനതകളില്ലാത്ത അതിതീവ്ര അനുഭവങ്ങളുമായി വളരെയേറെ ശുശ്രൂഷകര്‍ നാട്ടിലും ലോകത്തെമ്പാടും ഉണ്ട് എന്ന അവബോധത്തോടെയാണ് ഞാനീ അനുഭവസാക്ഷ്യം കുറിക്കുന്നത്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org